ഈഥര്‍ എന്ന സങ്കല്പം സത്യമെന്ന് വിശ്വസിച്ച് നൂറുകണക്കിന് ശാസ്ത്രജ്ഞരുടെ ധിഷണയും സമയവും രണ്ട് നൂറ്റാണ്ടോളം പാഴാക്കിക്കളഞ്ഞ, ശാസ്ത്രചരിത്രത്തിലെ ഏറ്റവും വലിയ ഒരു ഭൂലോകമണ്ടത്തരത്തെക്കുറിച്ച് കഴിഞ്ഞ തവണ പറഞ്ഞു. അതെങ്ങനെയാണ് പിന്നീട് ന്യൂട്ടോണിയന്‍ ഫിസിക്‌സിന്റെ കടപുഴക്കുന്നതിലേക്ക് നയിച്ചത് എന്ന് നമുക്കിപ്പോള്‍ സംസാരിക്കാം.
ക്ലര്‍ക്ക് മാക്‌സ്‌വെല്ലിന്റെ വൈദ്യുത കാന്തിക സിദ്ധാന്തം ഈഥറിനെ ഒഴിവാക്കാന്‍ സഹായിച്ചു എങ്കിലും, അതും കൃത്യമായ ക്‌ളാസിക്കല്‍ നിര്‍വ്വചനങ്ങള്‍ക്ക് അനുസരിച്ച് തന്നെയായിരുന്നു. ഒരു ന്യൂട്ടോണിയന്‍ സങ്കല്പങ്ങളെയും സിദ്ധാന്തങ്ങളെയും മാക്‌സ്‌വെല്ലും നിഷേധിച്ചിരുന്നില്ല.
എന്നാല്‍ മാക്‌സ് പ്ലാങ്കിന്റെ ക്വാണ്ടം സിദ്ധാന്തം അങ്ങനെയായിരുന്നില്ല. പ്രകാശമെന്നാല്‍ ഒരേ സമയം തരംഗവുമാണ് കണവുമാണ്. അത് തരംഗത്തിന്റെയും കണത്തിന്റെയും സ്വഭാവം തരാതരം പോലെ കാണിക്കും. അതായത്, തരംഗങ്ങളുടെ എല്ലാ സ്വഭാവങ്ങളും കാണിക്കുന്ന പ്രകാശം പക്ഷേ ഊര്‍ജ്ജത്തിന്റെ പാക്കറ്റുകള്‍ അഥവാ ക്വാണ്ടങ്ങളാണ് എന്നായിരുന്നു പ്ലാങ്കിന്റെ തിയറി.
ഇത് അന്നുവരെയുണ്ടായിരുന്ന സര്‍വ്വ സിദ്ധാന്തങ്ങളെയും സങ്കല്പങ്ങളെയും കീഴ്‌മേല്‍ മറിക്കുന്നതായിരുന്നു. ന്യൂട്ടന്‍ സൃഷ്ടിച്ച എല്ലാ ക്ലാസ്സിക് തിയറികളും, പ്രപഞ്ചമെന്നാല്‍, കൃത്യമായ ചലനനിയമങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഒരു അതിഭീമന്‍ യന്ത്രമാണ് എന്ന കാഴ്ചപ്പാടുകളെയും തകര്‍ത്തെറിയുന്ന ഒരു കൊടുങ്കാറ്റിന്റെ പ്രഭവകേന്ദ്രം ആയിരുന്നു മാക്‌സ് പ്ലാങ്ക്. താന്‍ പഠിച്ചുവളര്‍ന്ന ക്ലാസ്സിക്കല്‍ ഫിസിക്‌സിന്റെ അടിവേര് മാന്തുന്ന ഈ സിദ്ധാന്തം. അതുകൊണ്ടുതന്നെ അദ്ദേഹം ആദ്യം പുറത്തുവിട്ടില്ല. പ്രകാശം ഉണ്ടാകുന്നത് ക്വാണ്ടങ്ങള്‍ ആയാണെങ്കിലും പ്രവഹിക്കുന്നത് തരംഗങ്ങള്‍ ആയിട്ടാണെന്നു വിശ്വസിച്ച് അദ്ദേഹവും ആശ്വസിച്ചു. ന്യൂട്ടണെ സംരക്ഷിക്കാന്‍ ശ്രമിച്ചു.
പക്ഷേ തുടര്‍ന്നുവന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, പ്രകാശം ഉദ്ഭവിക്കുന്നത് മാത്രമല്ല സഞ്ചരിക്കുന്നതും ക്വാണ്ടം പാക്കറ്റുകളായിത്തന്നെയാണ് എന്ന്, അതുവരെ തെളിയാതെ കിടന്ന ഫോട്ടോ ഇലക്ട്രിക്ക് പ്രഭാവം ഈ സിദ്ധാന്തം ഉപയോഗിച്ച് തെളിയിച്ചതിലൂടെ ഐസക് ന്യൂട്ടണ്‍ എന്ന വടവൃക്ഷം ആടിയുലഞ്ഞു കടപുഴകി.
അതിലേറ്റവും പ്രധാനമായിരുന്നു വെര്‍ണര്‍ ഹൈസന്‍ബെര്‍ഗ്ഗിന്റെ അനിശ്ചിതത്വ നിയമം (Uncertainty principle ). ലളിതമായി പറഞ്ഞാല്‍ ഒരേ സമയം ഒരു കണികയുടെ സ്ഥാനവും ഊര്‍ജ്ജവും കണ്ടുപിടിക്കുക അസാധ്യമാണ് എന്നതാണ് ഈ സിദ്ധാന്തം.സ്ഥാനം നിര്‍ണയിക്കുമ്പോള്‍ ഊര്‍ജ്ജം മാറും, ഊര്‍ജ്ജം നിര്‍ണയിക്കുമ്പോള്‍ സ്ഥാനം മാറും. അങ്ങനെയുള്ള ഒരു കള്ളനും പോലീസുകാരനും കളിയാണിത്. കണ്ടത്താനാകാത്തതിനെ കണ്ടെത്തുക, അസാധ്യമായതിനെ സാധ്യമാക്കുക എന്നതാണ് ശാസ്ത്രത്തിന്റെ രീതി എന്ന് വിശ്വസിച്ചിരുന്ന ശാസ്ത്രലോകത്തെ മൗലികവാദികള്‍ക്കേറ്റ കനത്ത ഒരു തിരിച്ചടിയായിരുന്നു ഇത്. നമ്മുടെ രീതികള്‍ക്കും, അന്വേഷണത്തിനും പരിമിതികളുണ്ട്,ആ പരിമിതികള്‍ക്കു പുറത്താണ് മഹാസത്യങ്ങള്‍ പലതും എന്നുള്ള പ്രഖ്യാപനം കൂടിയാണ് അന്ന് ഹൈസന്‍ബെര്‍ഗ്ഗ് നടത്തിയത്.
ന്യൂട്ടണ്‍ പറയുന്നതുപോലെ അത്ര നിസ്സാരമല്ല പ്രപഞ്ചം, നിരീക്ഷകനും നിരീക്ഷിക്കപ്പെടേണ്ടതും തമ്മില്‍ വലിയൊരു ബന്ധമുണ്ട്, തുടങ്ങി വിജ്ഞാനം എന്നത് കൂടുതല്‍ കൂടുതല്‍ ആത്മനിഷ്ഠമായിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇരുപതാം നൂറ്റാണ്ടിലെ ഭൗതികശാസ്ത്രമേഖല കണ്ടത്.
പക്ഷേ, സാധാരണ ജീവിതത്തിനെ സംബന്ധിച്ചിടത്തോളം ന്യൂട്ടോണിയന്‍ സിദ്ധാന്തങ്ങള്‍ ഒഴിച്ചുകൂടാനാവാത്തതാണ്. എന്നാല്‍ അതല്ല സത്യവും.
ഭൗതികവും ആത്മനിഷ്ഠവുമായ ജ്ഞാനങ്ങളെ സമഞ്ജസമായി കോര്‍ത്തിണക്കിക്കൊണ്ടുപോയ ഒരേയൊരു സംസ്‌കാരമേ മാനവചരിത്രത്തിലുള്ളൂ. അത് ഭാരതം മാത്രമാണ്. ഓരോ വ്യക്തിയും പ്രപഞ്ചസ്വരൂപം തന്നെയാണ്. അവനവനിലേക്ക് നോക്കിയാല്‍, പിന്തുടര്‍ന്നാല്‍ നമുക്കെല്ലാറ്റിനും ഉത്തരം ലഭിക്കും എന്ന മഹത്തായ കാഴ്ചപ്പാടിലൂടെയാണ് ഇവിടെ സര്‍വ്വവിജ്ഞാനങ്ങളും വളര്‍ന്നത്.