മഴവില്‍ പൂക്കള്‍
സുധാകരന്‍ പുഷ്പമംഗലം
ഉണ്‍മ പബ്ലിക്കേഷന്‍സ്
പേജ്: 286 വില: 290
സുധാകരന്‍ പുഷ്പമംഗലത്തിന്റെ ‘മഴവില്‍ പൂക്കള്‍’ എന്ന നോവല്‍ കഴമ്പില്ലാത്ത നീര്‍ക്കുമിളപോലെയുള്ള ആധുനിക പ്രണയത്തിനൊരപവാദമാകുന്നു. ആത്മീയത, പ്രേമം, ഗാര്‍ഹസ്ഥ്യം, രാഷ്ട്രീയം തുടങ്ങിയ മേഖലകളില്‍ കൂടി നോവല്‍ കടന്നുപോകുന്നു. നന്ദനും വിലാസിനിയുമാണ് കേന്ദ്രകഥാപാത്രങ്ങളെങ്കിലും കാലവും ദൈവങ്ങളും കുടുംബപരദേവതമാരുമൊക്കെ നോവലിലെ കഥാപാത്രങ്ങളാകുന്നു എന്ന പ്രത്യേകതയുമുണ്ട്. കാവുകളും പതികളും ക്ഷേത്രചൈതന്യവും മനുഷ്യരും അടങ്ങുന്ന ഒരു ഗ്രാമത്തിലെ സാധാരണ പ്രേമകഥയാണെങ്കിലും യുക്തിക്കതീതമായി ഭക്തിക്കു പ്രധാന്യം നല്‍കിയിരിക്കുന്നു കഥാകൃത്ത്.
സ്വയം എരിഞ്ഞു മറ്റുള്ളവര്‍ക്കായി പ്രകാശം പരത്തുന്ന സ്ത്രീയുടെ മഹാത്മ്യം നോവലില്‍ എടുത്തുകാട്ടുന്നു. ദുരന്തപര്യവസായിയായ നോവല്‍ അവസാനം വരെ വായനക്കാരെ ആകാംക്ഷാഭരിതരാക്കുമെന്നതില്‍ സംശയമില്ല. തേവര്‍പുരമെന്ന ഗ്രാമവും അവിടുത്തെ പട്ടേകാട്ടെ ഭദ്രയും ദുര്‍ഗ്ഗയും കൃഷ്ണനും കാളിയും യക്ഷിയമ്മയും ആചാരാനുഷ്ഠാനങ്ങളും പോയ കാലഘട്ടത്തിലെ വിശ്വാസപ്രമാണങ്ങള്‍ തന്നെയാണ്. ‘നേതാജിയുടെ’ പ്രവര്‍ത്തനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ‘കൃഷ്ണപിള്ള’ എന്ന കഥാപാത്രം മനസ്സില്‍ തങ്ങിനില്‍ക്കും. മറഞ്ഞുപോയ ദിവ്യപ്രേമത്തിന്റെ കഥ പറയുന്ന ഈ നോവല്‍ സാഹിത്യകുതുകികള്‍ വായിക്കേണ്ടത് തന്നെയാണ്.
ഐച്ഛികം
അടുതല ജയപ്രകാശ്
ഉപമാനം ബുക്‌സ്
പേജ്:98 വില:100 രൂപ
അടുതല ജയപ്രകാശിന്റെ ‘ഐച്ഛികം’ എന്ന കവിതാ സമാഹാരത്തില്‍ അമ്പത്തിനാല് വ്യത്യസ്ത കവിതകളടങ്ങിയിരിക്കുന്നു. കാലിക പ്രസക്തിയുള്ള കവിതകളാണ് ഏറെയും. ദാരിദ്ര്യം, ദുരിതം, മരണം, പ്രണയം തുടങ്ങിയ സ്ഥിരം വിഷയങ്ങളില്‍ നിന്ന് വ്യതിചലിച്ച് ഒളിക്യാമറ, ചതിസ്‌നാപ്പ്, സഖാവ്, ബാങ്ക് തുടങ്ങിയ ആധുനിക വാക്കുകളും ആധുനിക സംഭവങ്ങളും ആണ് കവിതയുടെ മുഖമുദ്ര. ‘ഐച്ഛികം’ എന്ന ആരംഭകവിതയില്‍ ഗണിതം, രാഷ്ട്ര മീമാംസ, ഉണ്ണിയച്ചീചരിതം (മലയാളം), ശാസ്ത്രം, സമ്പത്ത് എന്നീ പ്രധാന പഠനവിഷയങ്ങളും തുഞ്ചന്‍, കുഞ്ചന്‍, ചങ്ങമ്പുഴ, വൈലോപ്പിള്ളി, ഇടശ്ശേരി, കുഞ്ഞിരാമന്‍ നായര്‍, ഇടപ്പള്ളി എന്നിവരെയും പ്രതിപാദിച്ചിരിക്കുന്നു.
‘ഈഡിപ്പസ്’ എന്ന കവിതയില്‍, നൂറ്റാണ്ടുകള്‍ക്കിപ്പുറവും തനിയാവര്‍ത്തനം വിധി വെളിപാടുകള്‍ പോലെ നടന്നുകൊണ്ടിരിക്കുന്നു എന്നു കവി പറയുന്നു. കൗമാരകാലത്തിന്റെ വിസ്മയലോകത്ത് കാലടറി വീഴുന്ന ആദര്‍ശമില്ലാത്ത, ഹൃദയം നല്‍കാത്ത നിമിഷ പ്രണയത്തെ ‘ചതിസ്‌നാപ്പ്’ എന്ന കവിതയില്‍ നമുക്ക് ദര്‍ശിക്കാം. വാളയാറിലെ കുരുന്നുകളെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലുള്ള ഒരു കവിതയാണ് ‘നോട്ടുബുക്ക്’. പഠനശാലയിലെ നോട്ടുബുക്കില്‍ തന്നെ പീഡിപ്പിച്ചു രണ്ട് പുരുഷരൂപങ്ങളെ അംഗച്ഛേദം വരുത്തി വരച്ചുവയ്ക്കുന്ന കുട്ടി. അത് തന്റെ അച്ഛനും സഹോദരനും ആകുന്ന മൃഗങ്ങളാണെന്ന് പോലീസ് കണ്ടെത്തുന്നതായി കവി ചിത്രീകരിച്ചിരിക്കുന്നു.
രജനി രാജശേഖരന്‍
കറുത്ത ചന്ദ്രന്‍ വെളുത്ത ചന്ദ്രന്‍
ടി.കെ. ശങ്കരനാരായണന്‍
യെസ് പ്രസ്സ് ബുക്‌സ്, പെരുമ്പാവൂര്‍
പേജ്: 127 വില: 150 രൂപ
മലയാള ചെറുകഥാരചനയില്‍ വ്യത്യസ്തങ്ങളായ വിഷയങ്ങള്‍ പാത്രീഭവിച്ചിട്ടുണ്ടെങ്കിലും ജ്യോതിഷം ഒരു വിഷയമായി അധികം രചനകളില്ല എന്നുതോന്നുന്നു. എന്നാല്‍ ജ്യോതിഷം മുഖ്യപ്രമേയമായിട്ടുള്ള ഏതാനും കഥകളുടെ സമാഹാരമാണ് ടി.കെ. ശങ്കരനാരായണന്‍ എന്ന കഥാകൃത്ത് ‘കറുത്ത ചന്ദ്രന്‍ വെളുത്ത ചന്ദ്രന്‍’ എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്നത്. ഇതിലെ ഇരുപത്തിമൂന്നു കഥകളും ജ്യോതിഷസംബന്ധമായ കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ളതാണ്. ഇന്നത്തെ അത്യാധുനിക കാലത്ത് ജ്യോതിഷത്തിനു പ്രസക്തിയുണ്ടോ എന്ന ചോദ്യം അപ്രസക്തമാകുന്ന സാഹചര്യമില്ലേ എന്നു തോന്നിപ്പോകും കഥകളിലൂടെ കണ്ണോടിക്കുമ്പോള്‍. ജ്യോതിഷത്തില്‍ ബിരുദാനന്തര ബിരുദമെടുത്ത കഥാകൃത്ത് തികഞ്ഞ ആധികാരികതയോടെയാണ് ഇതണിയിച്ചൊരുക്കിയിരിക്കുന്നത്. മലയാളത്തിലെ ഒട്ടുമിക്ക പ്രസിദ്ധീകരണങ്ങളിലും അച്ചടിച്ചു വന്നിട്ടുള്ളതാണ് ഈ സമാഹാരത്തിലെ കഥകള്‍. നിത്യജീവിതത്തില്‍ നമുക്കോരോരുത്തര്‍ക്കും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു കാര്യങ്ങളാണ് കഥകളിലെ വിഷയം. ജ്യോതിഷം ഒരു ശാസ്ത്രമാണ്; ഒപ്പം വിശ്വാസവും.
എം.കെ. സദാനന്ദന്‍