‘അന്ത്യജനഗ്രജനില്ലിവിടെ, വര്‍ഗ്ഗം വര്‍ണ്ണം അരുതിവിടെ’ – ഈ വരികളുടെ പ്രത്യക്ഷ സാക്ഷാത്കാരമാണ് നമ്മുടെ സംഘസ്ഥാന്‍. സംഘസ്ഥാന്‍ തന്നെയാണ് ഹിന്ദുസ്ഥാനെന്ന് നമ്മള്‍ പറയാറുണ്ടല്ലോ. നാമാഗ്രഹിക്കുന്ന രൂപത്തിലുള്ള ഹിന്ദുസ്ഥാനിന്റെ ഒരു ചെറുപതിപ്പാണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ സംഘസ്ഥാന്‍. ശാഖ അവസാനിക്കുന്നതിന് മുമ്പ് എല്ലാവരും മണ്ഡലയില്‍ വന്ന് ഇരിക്കുന്ന സമയമാണ് സംഘസ്ഥാനില്‍ ഏറ്റവുമധികം ഞാനിഷ്ടപ്പെട്ടിരുന്നത്. അതുകൊണ്ട് ഇത്തവണ ശാഖാദര്‍ശനത്തിന്റെ സ്മരണകളിലൂടെയുള്ള പ്രയാണത്തില്‍ പങ്കുവക്കാനാഗ്രഹിക്കുന്നത് മണ്ഡലയെന്ന വട്ടത്തെക്കുറിച്ചുള്ള ചെറുചിന്തകളാണ്.
ശാഖയില്‍ ആരംഭത്തിലുള്ള വ്യായാമങ്ങളും കളികളുമൊക്കെ കഴിഞ്ഞ് വിയര്‍പ്പില്‍ നനഞ്ഞു കുതിര്‍ന്ന് ഉയര്‍ന്ന ശ്വാസഗതിയും ദ്രുതതാളത്തില്‍ മിടിക്കുന്ന ഹൃദയവും ആവി പൊന്തുന്ന ദേഹവുമായി മണ്ഡലയിലിരിക്കാന്‍ എല്ലാവര്‍ക്കുമിഷ്ടമാണ്. നെറുകയില്‍ നിന്നുമിറ്റുവീഴുന്ന വിയര്‍പ്പുതുള്ളികള്‍ നമ്മുടെ നെറ്റിത്തടങ്ങളെ നനച്ചുകൊണ്ട് താഴേക്കൊഴുകി വന്ന് ചുണ്ടുകളില്‍ ഉപ്പുരസത്തിന്റെ അനുഭൂതി തീര്‍ക്കുന്നത് ആവോളാമാസ്വദിച്ചത് മണ്ഡലയില്‍ ഇരിക്കുമ്പോഴായിരുന്നല്ലോ. മണ്ഡലയെ കുറിച്ച് പറയുമ്പോള്‍ മാതാ പിതാ ഗുരു ദൈവം എന്ന മന്ത്രമാണെന്റെ ഓര്‍മ്മയിലേക്ക് വരുന്നത്. ഒരുവന്റെ വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന മൂന്നുപേരുകളാണ് അച്ഛനും അമ്മയും ഗുരുവും. അച്ഛനില്‍ വീര്യവും പൗരുഷവും ഗുരുവില്‍ നിന്ന് ജ്ഞാനവും അമ്മയില്‍ നിന്ന് സംസ്‌കാരവുമാണല്ലോ മുഖ്യമായും നമുക്ക് ലഭിക്കുന്നത്. ഒരു സ്വയംസേവകന്റെ രൂപപ്പെടലിലും വളര്‍ച്ചയിലും ഈ മൂന്നുപേരുടേയും അതായത് അച്ഛന്റെയും അമ്മയുടെയും ഗുരുവിന്റെയും സാന്നിദ്ധ്യത്തെ പ്രതീകാത്മകമായി നമുക്ക് കാണാനാവും. അറിവ് പകര്‍ന്ന് നേര്‍വഴി കാട്ടുന്ന ഗുരുവിനെ പ്രതീകമായ ഭഗവധ്വജത്തിന്റെ രൂപത്തില്‍ ഡോക്ടര്‍ജി തന്നെ നമുക്ക് മുന്നിലവതരിപ്പിച്ചിട്ടുണ്ട്. അതുപോലെ സ്വയംസേവകരില്‍ സാഹസവും വീര്യവും പൗരുഷവും പകര്‍ന്നുനല്‍കുന്ന സംഘസ്ഥാനെ പിതാവിന്റെ പ്രതീകമായും, സ്വയംസേവക ജീവിതത്തില്‍ അനിവാര്യമായ സംസ്‌കാരങ്ങളെ കഥകളിലൂടെയും പാട്ടുകളിലൂടെയും പകര്‍ന്നു നല്‍കുന്ന മണ്ഡലയെ അമ്മയുടെ പ്രതീകമായും കാണാനാണ് ഞാനാഗ്രഹിക്കുന്നത്.
ഒരു മനുഷ്യന്റെ ജീവിതത്തില്‍ അവനേറ്റവും പ്രിയപ്പെട്ടത് അമ്മ തന്നെ. പത്ത് മാസം ചുമന്ന് നൊന്തു പെറ്റ്, ആവോളം വാത്സല്യവും പകര്‍ന്ന്, പാലൂട്ടി വളര്‍ത്തിയ അമ്മയോടധികം സ്‌നേഹമുണ്ടാവുക സ്വാഭാവികമാണല്ലോ. അതുമാത്രമല്ല അമ്മയാണാദ്യം നമുക്ക് പാട്ടുപാടിത്തന്നതും കഥകള്‍ പറഞ്ഞു കേള്‍പ്പിച്ചതും ചുറ്റുപാടുകളെ പരിചയപ്പെടുത്തിയതും, നിറങ്ങള്‍ കാട്ടിത്തന്നതും നന്മകളോതി തന്നതുമെല്ലാം. മറ്റൊന്ന് മക്കള്‍ തമ്മില്‍ യാതൊരു ഭേദവും അമ്മ കാണില്ല. എല്ലാ മക്കളും അമ്മക്കൊരുപോലെയാണ്. എല്ലാവരേയും തന്റെ ജീവന്റെ ജീവനായിട്ടാണമ്മ കാണുന്നത്. ഇതുവരെ പറഞ്ഞ ഒരമ്മയുടേതായ എല്ലാ സ്വഭാവസവിശേഷതകളും നമുക്ക് ശാഖയിലെ മണ്ഡലയെന്ന പദ്ധതിയിലും ദര്‍ശിക്കാനാവും. വിശദമാക്കാം.
കുട്ടി അമ്മയുടെ മടിയിലിരുന്ന് ലോകത്തെയറിഞ്ഞതു പോലെ മണ്ഡലയിലിരുന്നാണ് സംഘത്തെ ക്കുറിച്ച് നമ്മളും കേട്ടറിഞ്ഞത്. വ്യക്തി ജീവിതത്തിന് അടിത്തറയിട്ട നാമങ്ങളും പുരാണങ്ങളും കഥകളും അമ്മയുടെ മടിയിലിരുന്ന് കേട്ടതുപോലെ സംഘ ജീവിത്തിന് അടിത്തറയിട്ട കാര്യങ്ങള്‍ നാമും കേട്ടറിഞ്ഞത് മണ്ഡലയിലിരുന്നാണ്. അങ്ങനെ വട്ടത്തിലിരുന്ന് നാം കേട്ട കുഞ്ഞ് കുഞ്ഞ് കഥകളും ഉദാഹരണങ്ങളുമാണല്ലോ നമ്മുടെ സംഘ ജീവിതത്തിന് ദിശാഫലകങ്ങളായത്. അമ്മക്ക് മക്കള്‍ തമ്മില്‍ യാതൊരു ഭേദവുമില്ലാത്തതു പോലെ സമാജത്തിലെ പലവിധ ഉച്ചനീചത്വങ്ങള്‍ നിറഞ്ഞ അന്തരീക്ഷത്തില്‍ നിന്നു വരുന്ന സ്വയംസേവകരെ മണ്ഡലയും യാതൊരുവിധ ഭേദവ്യത്യാസവും കൂടാതെ പാലിച്ചു. സൂക്ഷ്മമായി വിലയിരുത്തിയാല്‍ സ്വയംസേവകരുടെ മനസ്സിനെ എല്ലാത്തരം ഭേദവ്യത്യാസങ്ങള്‍ക്കും അതീതമായി മാറ്റിയെടുക്കുന്നതില്‍ അതിശക്തമായ പങ്കുവഹിച്ച ഒരത്യുഗ്രന്‍ പ്രയോഗം തന്നെയാണ് മണ്ഡലയെന്നുറപ്പിച്ച് പറയാനാവും. മനസ്സിരുത്തി ചിന്തിച്ചാല്‍ ഈ പദ്ധതിയുടെ സവിശേഷതകള്‍ മനസ്സിലാക്കാനാവും. അതിനായി പുറത്തുനിന്ന് നാമൊന്നു മണ്ഡലയിലേക്ക് നോക്കൂ. അവിടെ ഒന്നാമനുമില്ല രണ്ടാമനുമില്ലെന്ന് നമുക്ക് കാണാനാകും. മണ്ഡലയില്‍ ആരാണാദ്യത്തെയാള്‍ ആരാണവസാനത്തെയാള്‍ എന്നാര്‍ക്കും പറയാനാവില്ല. എന്നുമാത്രമല്ല മണ്ഡലയില്‍ ആരും ആരുടേയും മുന്നിലുമല്ല, പിന്നിലുമല്ല. ഒരാള്‍ മറ്റൊരാളേക്കാള്‍ താഴ്ന്നുമല്ല, എന്നാലൊട്ട് ഉയരത്തിലുമല്ല. സംഘടനയിലെ ഏതുയര്‍ന്ന ചുമതലക്കാരനും മണ്ഡലയെന്ന പദ്ധതിയില്‍ വരുമ്പോളവിടെ സമനായിത്തീരുന്നു. താന്‍ ഭിന്നനല്ലെന്നും അടിസ്ഥാനപരമായി സ്വയംസേവകനാണെന്നുമുള്ള ബോധം ചുമതലക്കാര്‍ക്കും ‘മണ്ഡല’ നല്‍കുന്നു. അതുകൊണ്ടാണ് അമ്മയുടെ മുമ്പിലെന്ന പോലെ പ്രായഭേദെമന്യേ മണ്ഡലയിലും എല്ലാവരും സമന്‍മാരാണെന്ന് പറഞ്ഞത്. മണ്ഡലയെ അമ്മയോടുപമിക്കാന്‍ പ്രേരണയായത് ഈ സവിശേഷതകളാണ്.
സംഘത്തിന്റെ ആരംഭം മുതല്‍ എല്ലാ സ്വയംസേവകര്‍ക്കും തുല്യസ്ഥാനം ഡോക്ടര്‍ജി നല്‍കിയിരുന്നു. പ്രായം കൊണ്ട് മുതിര്‍ന്നയാളും സംഘസ്ഥാപകനുമായിരുന്നെങ്കിലും സ്വയംസേവകരില്‍ ഒരാളെന്ന നിലയില്‍ മാത്രമേ ഡോക്ടര്‍ജി പെരുമാറിയിരുന്നുള്ളൂ. സ്വയംസേവകരുടെ മനസ്സില്‍ ഈ ബോധ്യമുറപ്പിക്കാന്‍ മണ്ഡല എന്ന പദ്ധതിയിലൂടെയും അതിനുള്ളില്‍ നടന്ന ചര്‍ച്ചകളിലൂടെയും അദ്ദേഹത്തിന് സാധിച്ചു. മാത്രമല്ല സംഘശാഖയില്‍ ആദ്യമായി വരുന്നയാള്‍ക്കും സംഘത്തില്‍ തന്റെ സ്ഥാനം എല്ലാവര്‍ക്കും ഒപ്പമാണെന്ന ബോധ്യം നല്‍കാനും മണ്ഡലക്കാവുന്നുണ്ട്. അതുകൊണ്ടാവാം സംഘം ഇന്ന് പല വലിയ മാനേജ്‌മെന്റ് സ്ഥാപനങ്ങളുടെയും പഠനവിഷയമാണ്. എല്ലാവരേയും ഒരേ മനസ്സോടെ ഒരു കാര്യത്തിന് പരസ്പര മത്സരമൊന്നും കൂടാതെ നിസ്വാര്‍ത്ഥ ബുദ്ധിയോടെ അണിനിരത്തുന്നത് ഇന്നത്തെ കാലത്ത് പഠനവിഷയമായതില്‍ ഒരത്ഭുതവും വേണ്ടതില്ലല്ലോ.
മണ്ഡലക്കുള്ളില്‍ ചര്‍ച്ചകളെ ഡോക്ടര്‍ജി പ്രോത്സാഹിപ്പിച്ചു. ക്രാന്തദര്‍ശിയായ ഡോക്ടര്‍ജിക്ക് താന്‍ രൂപം കൊടുത്ത സംഘടനക്ക് ഒരു പേര് നല്‍കാന്‍ കഴിവില്ലെന്ന് ആരും പറയില്ല. പക്ഷേ സ്വയമത് ചെയ്യാതെ അദ്ദേഹം ആ ചുമതല എല്ലാവര്‍ക്കുമായി നല്‍കി. ഗംഭീരമായ ചര്‍ച്ചകള്‍ നടന്നു. ചര്‍ച്ചക്കൊടുവില്‍ നല്ലൊരു പേരും കണ്ടെത്തി. പറഞ്ഞുവന്നത് സംഘാരംഭം മുതല്‍ തന്നെ ഒറ്റക്ക് ചെയ്യേണ്ടതല്ല സംഘകാര്യമെന്നും അത് കൂട്ടായ പ്രവര്‍ത്തനമാണെന്നുമുള്ള ഉത്തമ ബോധ്യം ഡോക്ടര്‍ജി സ്വയംസേവകര്‍ക്ക് നല്‍കിയിരുന്നു. സംഘത്തിന്റെ തീരുമാനങ്ങള്‍ ഏകപക്ഷീയമായല്ല കൂട്ടായ ചര്‍ച്ചകളിലൂടെ തന്നെ വരണമെന്നുള്ള കാഴ്ചപ്പാടും സ്വയംസേവകര്‍ക്ക് അദ്ദേഹം നല്‍കി. ഈവിധം നോക്കുമ്പോള്‍ ഡോക്ടര്‍ജി വിഭാവനം ചെയ്ത സംഘശൈലിയുടെ പ്രത്യക്ഷരൂപമാണ് മണ്ഡല. മാത്രമല്ല സംഘപ്രതിജ്ഞയില്‍ ഞാന്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഘടകമാണെന്ന് പറയുന്ന സ്വയംസേവകനെ സംബന്ധിച്ച് ആ വാക്ക് അനുഭവതലത്തില്‍ വരുന്നതും മണ്ഡലയെന്ന പദ്ധതിയിലൂടെയാണ്. കാരണം എപ്പോഴാണ് ഒരാള്‍ക്ക് താനൊന്നിന്റെ ഘടകമാണെന്ന അനുഭൂതി ലഭിക്കുന്നത് ? അക്കാര്യത്തില്‍ അയാള്‍ക്ക് തന്റെ വിചാരങ്ങളും ചിന്തകളും പദ്ധതികളും പങ്കുവക്കാനവസരം കിട്ടുമ്പോഴാണ് താനുമതിന്റെ ഘടകമാണെന്ന അനുഭൂതി ലഭിക്കുന്നത്. ഡോക്ടര്‍ജി സംഘാടകനെന്ന നിലയില്‍ വിജയിച്ചതിവിടെയാണ്. പലതും തനിക്കൊറ്റക്ക് ചെയ്യാനാവുന്ന കാര്യങ്ങളായിട്ടും സംഘത്തിന്റെ പേരുള്‍പ്പെടെ എല്ലാകാര്യങ്ങളിലും ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കാനുള്ള അവസരം സ്വയംസേവകര്‍ക്ക് നല്‍കി. അതിലൂടെ അദ്ദേഹം തങ്ങള്‍ സംഘത്തിന്റെ അവിഭാജ്യഘടകമാണെന്ന പ്രത്യക്ഷ അനുഭൂതിയാണ് സ്വയംസേവകര്‍ക്ക് പകര്‍ന്നുനല്‍കിയത്. സംഘത്തെ ഹൃദയംകൊണ്ട് സ്വയംസേവകര്‍ ഏറ്റെടുത്തതിനു കാരണം മറ്റൊന്നല്ല. ചുരുക്കത്തില്‍ ഒരിക്കലും കൈവിടാന്‍ പാടില്ലാത്ത സംഘത്തിന്റെ ഈ അടിസ്ഥാന ശൈലിയെ കുറിച്ച് സദാ നമ്മെയോര്‍മ്മിപ്പിക്കുന്ന അതിന്റെ പ്രത്യക്ഷ രൂപം കൂടിയാണ് മണ്ഡല.
മറ്റ് പല സംഘടനകളുടേയും ഒന്നുചേരലുകളില്‍ നേതാവെന്നും, പ്രവര്‍ത്തകനെന്നുമുള്ള വേര്‍തിരിവ് പ്രത്യക്ഷമായി തന്നെ അനുഭവത്തില്‍ വരും. പല സംഘടനകളിലും പ്രവര്‍ത്തകര്‍ ഒരുമിച്ചു ചേരുന്ന പരിപാടികളില്‍ താമസ വ്യവസ്ഥകള്‍ മുതല്‍ ഇരിപ്പിടം വരെ ചുമതലകളുടെ പൊക്കമനുസരിച്ച് പ്രത്യേകമായി ക്രമീകരിക്കുന്നത് കാണാനാവും. സംഘത്തിലാവട്ടെ ചുമതലാ ഭേദമില്ലാതെ ഭാരത മാതാവിന്റെ സേവകരെന്ന നിലയില്‍ വലുപ്പചെറുപ്പമില്ലാതെ ഒരു മണ്ഡലയില്‍ ഒരുമിച്ചിരിക്കുന്ന ശീലം നമ്മുക്കുണ്ട്. ആ ശീലം നമ്മുടെ സംസ്‌കാരമായി പരിണമിച്ചതിനാല്‍ മറ്റ് സംഘടനകളിലേതു പോലെ പ്രവര്‍ത്തകരെ പരസ്പരം വേര്‍തിരിക്കുന്ന യാതൊന്നും ശാഖക്ക് പുറമേയുള്ള സംഘത്തിന്റെ ഒന്നുചേരലുകളിലും നമുക്ക് കാണാന്‍ സാധിക്കില്ല. മണ്ഡലയെന്ന പ്രയോഗത്തിന്റെ ശക്തിയാണിവിടെയും പ്രതിഫലിക്കുന്നത്.
മറ്റൊന്ന് നമ്മളൊരു ‘സംഘ’ മാണെന്ന ബോധ്യവും ‘മണ്ഡല’ പകരുന്നു. ചര്‍ച്ചകള്‍ മാത്രമല്ല കളിയും ചിരിയും തമാശയുമെല്ലാം മണ്ഡലക്കുള്ളില്‍ നടക്കുന്നു. ഈ ഒന്നുചേരലുകള്‍ പരസ്പരമുള്ള ഹൃദയബന്ധത്തെ അരക്കിട്ടുറപ്പിക്കുന്നു. മണ്ഡലയില്‍ ഒന്നു ചേര്‍ന്നിരുന്നവര്‍ സംഘസ്ഥാന്റെ പുറത്ത് സമാജത്തിലും ഒന്നുചേരുകയും ആ ഇഴയടുപ്പത്തിന്റെ കരുത്തില്‍ സമാജത്തെ ഈശ്വരനായി കണ്ട് സേവിക്കുകയും ചെയ്യുന്നു.
ചിലകാര്യങ്ങള്‍ മനസ്സിലാവര്‍ത്തിച്ചുറപ്പിക്കാനും മണ്ഡല വഴിതെളിച്ചിട്ടുണ്ട്. ഇതുപറയുമ്പോള്‍ മാസത്തില്‍ കുറഞ്ഞത് ഒരുവട്ടമെങ്കിലും മണ്ഡലയിരിക്കുമ്പോള്‍ ശാഖാകാര്യവാഹ് ഞങ്ങളോടാവര്‍ത്തിച്ച് ഉന്നയിക്കാറുള്ള ഒരു ചോദ്യമാണ് മനസിലോര്‍മ്മ വരുന്നത്. ആ ചോദ്യമിതാണ്. ‘നമ്മള്‍ എത്ര നാള്‍ സംഘത്തില്‍ പ്രവര്‍ത്തിക്കും?’ ഇളമുറക്കാരായ ഞങ്ങള്‍ മരണം വരെയെന്ന് ഉറച്ചുപറയും. തുടര്‍ന്നങ്ങനെ പ്രവര്‍ത്തിച്ച നിരവധി സ്വയംസേവകരുടെ ഉദാഹരണങ്ങള്‍ കാര്യവാഹ് ഞങ്ങള്‍ക്ക് പറഞ്ഞുതരും. അങ്ങനെ മണ്ഡലയില്‍ പലവുരു ആവര്‍ത്തിച്ച് പറഞ്ഞ് ആജന്മം സംഘകാര്യത്തിലേര്‍പ്പെടണമെന്ന ബോധം മനസ്സിലുറച്ചു. അതിനായിരുന്നല്ലോ ആ ചോദ്യം കൃത്യമായ ഇടവേളകളില്‍ മണ്ഡലയിരിക്കുമ്പോള്‍ ചോദിച്ചിരുന്നതും. ഇങ്ങനെയെന്തെല്ലാം കാര്യങ്ങള്‍. അതുകൊണ്ട് ഒറ്റവാക്കില്‍ പറഞ്ഞാല്‍ കുട്ടി അമ്മയിലൂടെ ലോകത്തെയറിഞ്ഞതു പോലെ സ്വയംസേവകരായ നമ്മള്‍ സംഘത്തെയറിഞ്ഞത് മണ്ഡലയിലൂടെയാണ്.