അഥേന്ദ്രോ വജ്രമുദ്യമ്യ
നിര്‍മ്മിതം വിശ്വകര്‍മണാ
മുനേഃ ശുക്തിഭിരുത്സിക്തോ
ഭഗവത്തേജസാന്വിത:
(ഭാഗവതം. 6-10- 13)
പിന്നീട് (ദധീചി ) മുനിയുടെ അസ്ഥി (ശുക്തി)കളില്‍ നിന്നു വിശ്വകര്‍മാവ് ഉണ്ടാക്കിയെടുത്ത വജ്രായുധം ഇന്ദ്രന്‍ ഉയര്‍ത്തിപ്പിടിച്ചു. മുനിയുടെ തേജസ്സും ഇന്ദ്രനില്‍ പ്രവേശിച്ചു.
അഥര്‍വവേദ കര്‍ത്താവായ അഥര്‍വ മുനിയുടെ മകനാണ് ദധീചി മഹര്‍ഷി. ഇന്ദ്രന്റെ ശത്രുവും വരബലമുള്ളവനുമായ വൃത്രാസുരന്‍ ജനങ്ങളെ കഠിനമായി ഉപദ്രവിച്ചപ്പോള്‍ ഇന്ദ്രന് അവനെ കൊല്ലാനുള്ള വഴി ചിന്തിക്കേണ്ടി വന്നു. ദധീചിയുടെ നട്ടെല്ലുകൊണ്ടുണ്ടാക്കിയ വജ്രായുധം കൊണ്ടേ വൃത്രനെ കൊല്ലാനാവൂ. ഇന്ദ്രാദികള്‍ ദധീചിയെ കണ്ടു. രാജ്യത്തിന് വേണ്ടി ജീവന്‍ കൊടുക്കാനാവശ്യപ്പെട്ടു. അദ്ദേഹം ഒരു മടിയും കൂടാതെ ‘ആസ്ഥിത: പരമം യോഗം ന ദേഹം ബുബുധേ ഗതം’ (യോഗാവസ്ഥയില്‍ പ്രവേശിച്ചു. ബോധത്തെ ശരീരത്തില്‍ നിന്നു പിന്‍വലിച്ചു). രാജ്യത്തിനു വേണ്ടിയുള്ള ഈ ത്യാഗം ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. കഠിനമായ സ്ഫടികത്തെപ്പോലും മുറിക്കാന്‍ വജ്രത്തിനു കഴിവുണ്ട്. വജ്രത്തിന് ഇടിമിന്നലെന്നും അര്‍ത്ഥമുണ്ട്. സുഷുമ്‌നയുടെ ഉള്ളിലിരിക്കുന്ന ഒരു നാഡിക്കു വജ്രിണിയെന്നു പേരുണ്ട്.
ചെയ്യുന്ന വിധം
കാലുകള്‍ നീട്ടിയിരിക്കുക. ശ്വാസമെടുത്തുകൊണ്ട് ഇടതുകാല്‍ മടക്കി ഇടതുപൃഷ്ഠത്തിന്റെ അടിയില്‍ ചേര്‍ക്കുക. വലതുകാല്‍ മടക്കി വലതുപൃഷ്ഠത്തിന്റെ അടിയിലും. ശ്വാസം വിട്ടുകൊണ്ട് ബാലന്‍സ് ചെയ്യണം.
കാലിന്റെ പെരുവിരലുകള്‍ തമ്മില്‍ സ്പര്‍ശിക്കും. കാലിന്റെ മടമ്പുകള്‍ പൃഷ്ഠത്തിന്റെ വശങ്ങളില്‍ പതിഞ്ഞുചേരും. ശരീരഭാരം മലര്‍ന്ന കാല്‍പ്പത്തിയിലാണ്. കൈകള്‍ തുടയുടെ മേലെയോ മുട്ടിനു മേലെയോ കമിഴ്ത്തിവെക്കും. ധ്യാനത്തിലാണെങ്കില്‍ ചിന്‍മുദ്രയില്‍ കമിഴ്ത്തിയോ മലര്‍ത്തിയൊ വെക്കും. സാധാരണ ശ്വാസത്തില്‍ ഇഷ്ടമുള്ളത്ര ഇരിക്കാം.
പ്രത്യേകതകളും ഗുണങ്ങളും
ഊണ് കഴിഞ്ഞ ഉടനെയും ചെയ്യാന്‍ പറ്റിയ ആസനമാണിത്. ദഹനത്തെ സഹായിക്കും. കാലിലെ സന്ധികള്‍ക്ക് അയവുണ്ടാക്കും. രക്തസഞ്ചാരം കൂടും. കാലിന്റെ ഞെരിയാണി സന്ധിയിലൂടെ കടന്നുപോകുന്ന വജ്ര എന്ന നാഡിയെ ഉത്തേജിപ്പിക്കുമെന്നും രാമകൃഷ്ണ മീത്തിന്റെ പുസ്തകത്തില്‍ കാണുന്നു. നട്ടെല്ല് സ്വാഭാവികമായും നിവര്‍ന്നു വരുന്ന ആസനമായതിനാല്‍ ധ്യാനാസനവുമാണ്. ശരീരം ഉറപ്പുള്ളതാക്കും. യൗവനം നല്കും.