കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആയുഷ് മന്ത്രാലയം പ്രതിരോധ നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. മഞ്ഞള്‍, ചുക്ക് തുടങ്ങിയവ ശീലങ്ങളാക്കുക, അവ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും എന്നതാണ് അതില്‍ പ്രധാനം. അതുപോലെ, ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ചില മരുന്നുകള്‍ ഹോമിയോ ഡോക്ടര്‍മാരും പ്രചരിപ്പിക്കുന്നുണ്ട്. അതിന് സര്‍ക്കാരിന്റെ പിന്തുണയുമുണ്ട്.
എന്നാല്‍ ഇതെല്ലാം അശാസ്ത്രീയവും പ്രാകൃതവുമാണ്, ഇവയുടെ ഫലശേഷി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല എന്ന മറുവാദവുമായി മോഡേണ്‍ മെഡിസിന്‍ ആരാധകരും രംഗത്തുണ്ട്. ഇത് ഓണ്‍ലൈനില്‍ ഒരു തെരുവുയുദ്ധത്തിന്റെ വക്കിലാണ്. സത്യത്തില്‍ എന്താണ് ഈ ശാസ്ത്രീയമായി തെളിയിക്കപ്പെടേണ്ടതിന്റെ മാനദണ്ഡം.
ഈ മാനദണ്ഡത്തിന്റെ അടിസ്ഥാനം തെളിവുകളാണ്. കണ്‍മുമ്പില്‍ കണ്ടു, പരീക്ഷിച്ച്, കൃത്യമായി നിര്‍വ്വചിക്കപ്പെട്ട രീതികളും മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് തെളിയിക്കപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് ശാസ്ത്രീയം. അല്ലാത്തവയെല്ലാം അശാസ്ത്രീയമാണ് എന്നാണ് ഈ ശാസ്ത്രമൗലികവാദികളുടെ വാദം. ഈ നിര്‍വ്വചനങ്ങള്‍ക്കും പ്രക്രിയകള്‍ക്കുമൊക്കെ ഏതാണ്ട് പത്തുമുന്നൂറു വര്‍ഷത്തെ പഴക്കമേയുള്ളു. കൃത്യമായി പറഞ്ഞാല്‍, യൂറോപ്പിലെ നവോത്ഥാനത്തിനും വ്യവസായ വിപ്ലവത്തിനും ശേഷം. യൂറോപ്പില്‍ നിലനിന്നിരുന്ന എന്തിലുമേതിലും ഇടപെട്ട് മനുഷ്യജീവിതത്തെ മലീമസമാക്കിക്കൊണ്ടിരുന്ന കത്തോലിക്കാ സഭയുടെ അപ്രമാദിത്വത്തെ വെല്ലുവിളിച്ചാണ് ഈ നിയമങ്ങളും നിര്‍വ്വചനങ്ങളും ഉണ്ടായത്. സത്യത്തില്‍ അത് മറ്റൊരു മൗലികവാദമായി മാറുകയായിരുന്നു. ഞങ്ങള്‍ പറയുന്നത് മാത്രമാണ് സത്യം, ശാസ്ത്രം, അല്ലാത്തവയൊന്നും സ്വീകാര്യമല്ല എന്ന തികച്ചും പ്രതിലോമകരമായ സമീപനമാണ് ന്യൂട്ടോണിയന്‍ ശാസ്ത്രവാദികള്‍ സ്വീകരിച്ചത്.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അതുവരെ നിലനിന്നിരുന്ന ക്ലാസ്സിക്കല്‍ ചിന്താഗതിയെ മുഴുവന്‍ വെല്ലുവിളിച്ചുകൊണ്ടാണ് മാക്‌സ് പഌങ്കും ആല്‍ബര്‍ട്ട് ഐന്‍സ്റ്റിനും വെര്‍ണര്‍ ഹൈസന്‍ബെര്‍ഗ്ഗുമൊക്കെ ശാസ്ത്രലോകത്തെ ഉഴുതുമറിച്ചത്. ന്യൂട്ടന്റെ ക്ലാസ്സിക്കല്‍ നിയമങ്ങള്‍ നമ്മുടെ ദൃശ്യലോകത്തിനും സാധാരണ ജീവിതത്തിലും മാത്രമേ ബാധകമാകുന്നുള്ളു, എന്നാല്‍ അതിസൂക്ഷ്മതലങ്ങളിലും അതിസ്ഥൂല മേഖലകളിലും ന്യൂട്ടന്‍ പൂര്‍ണ്ണ പരാജയമാണ് എന്നാണ് ഈ പ്രതിഭകള്‍ തെളിയിച്ചത്.
ഓര്‍ക്കുക, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന് നൊബേല്‍ സമ്മാനം കിട്ടിയത് വിഖ്യാതമായ ആപേക്ഷികതാ സിദ്ധാന്തത്തിനല്ല. ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തെ വിശദീകരിച്ചതിനാണ്. എന്തെന്നാല്‍ ആപേക്ഷിക സിദ്ധാന്തം ന്യൂട്ടോണിയന്‍ സിസ്റ്റത്തിലൂടെ സംശയാതീതമായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല, കഴിയുകയുമില്ല. ന്യൂട്ടോണിയന്‍ സിദ്ധാന്തങ്ങളെ വെല്ലുവിളിക്കുന്ന ഒരു ശാസ്ത്രമേഖല, ന്യൂട്ടോണിയന്‍ സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഉപകരണങ്ങള്‍ കൊണ്ട് സാധിക്കണം എന്ന വിചിത്രമായ വാശി കൊണ്ടാണ് ആപേക്ഷിക സിദ്ധാന്തത്തിനു നൊബേല്‍ ലഭിക്കാതെ പോയത്.
അടുത്തകാലത്തു അന്തരിച്ച വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റിഫന്‍ ഹോക്കിങ്ങിനും നൊബേല്‍ ലഭിക്കാതെ പോയതിന്റെ കാരണവും ഇതാണ്. തമോദ്വാരങ്ങളുടെ അസ്തിത്വത്തെപ്പറ്റി ഏറ്റവും ആധികാരികമായ ഗവേഷണ പേപ്പറുകള്‍ അദ്ദേഹത്തിന്റെയാണ്. തമോദ്വാരങ്ങളുടെ സാന്നിധ്യം പരോക്ഷമായി തെളിയിക്കപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ ഉപകരണങ്ങളും പരീക്ഷണങ്ങളും ഉപയോഗിച്ച് തമോദ്വാരങ്ങളെ ഒരിക്കലും പ്രത്യക്ഷമായി കണ്ടെത്തി സ്ഥിരീകരിക്കാനാവില്ല. അതായത്, നിര്‍വ്വചിക്കാനും, ന്യൂട്ടോണിയന്‍ പ്രക്രിയകളിലൂടെ തെളിയിച്ചു ബോധ്യപ്പെടുത്താനും കഴിയാത്ത ഒരുപാടൊരുപാട് മേഖലകള്‍ ശാസ്ത്രത്തില്‍ ഉണ്ട്. ശാസ്ത്രം എന്നാല്‍ കണ്‍മുമ്പിലുള്ള, പഞ്ചാരമിഠായി പോലെ അലിയുന്ന തെളിവുകള്‍ എന്ന ചിന്താഗതിയുടെ കുരുക്കില്‍ തന്നെയാണ് ഇപ്പോഴും ബഹുഭൂരിപക്ഷവും.
ഭാരതത്തിന്റെ ശാസ്ത്രവിജ്ഞാനങ്ങള്‍ ഏറെയും ആത്മനിഷ്ഠമാണ്. മഹാജ്ഞാനികളുടെ തപോനിഷ്ഠയില്‍ നിന്ന് ഉരുത്തിരിഞ്ഞ മഹാവിജ്ഞാനങ്ങളെ നിര്‍വ്വചനങ്ങളുടെയും വൈദേശിക പ്രക്രിയകളുടെയും കെട്ടുപാടുകളില്‍ തളച്ചിടുന്നത് കൊണ്ടാണ് ആദ്യം പറഞ്ഞ വിവാദങ്ങള്‍ ഉണ്ടാകുന്നത്. ആയുര്‍വേദത്തിലെ ത്രിദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവയെ ഒരിക്കലും മോഡേണ്‍ മെഡിക്കല്‍ സയന്‍സിന്റെ സങ്കേതങ്ങള്‍ വെച്ച് കണ്ടെത്താനാകില്ല. മനസ് എന്നൊരു സാധനത്തെ ഇന്നുവരെ കണ്ടെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഒരു മനഃശാസ്ത്രജ്ഞനും ഇന്നുവരെ മെഡിക്കല്‍ സയന്‍സിനുള്ള നൊബേല്‍ കിട്ടിയിട്ടുമില്ല. കാര്യം ലളിതമാണ്. മോഡേണ്‍ മെഡിസിന്‍ മനുഷ്യന് അത്യാവശ്യമാണ്. പക്ഷേ അതുമാത്രമാണ് എല്ലാം എന്നുള്ള പിടിവാശി അപകടമാണ്. നിങ്ങളുടെ വിജ്ഞാനങ്ങള്‍ക്കും നിര്‍വ്വചനങ്ങള്‍ക്കും പുറത്തും അറിവുകളുടെ മഹാസാഗരങ്ങള്‍ ഉണ്ട്. അവിടെ വ്യാപരിക്കുന്ന മഹാപ്രതിഭകളുമുണ്ട്. സാമുവല്‍ ഹാനിമാനും, പതഞ്ജലി മഹര്‍ഷിയും സുശ്രുതനുമെല്ലാം അങ്ങനെയുള്ളവരാണ്.
വാല്‍ക്കഷണം – എന്തായാലും, ശസ്ത്രക്രിയയുടെ പിതാവായി മോഡേണ്‍ മെഡിക്കല്‍ സയന്‍സ് സുശ്രുതനെ അംഗീകരിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കയറുമ്പോള്‍ സ്ഥാപിച്ചിരിക്കുന്ന, സുശ്രുതന്‍ ഓപ്പറേഷന്‍ നടത്തുന്ന പടുകൂറ്റന്‍ പെയിന്റിംഗ് നല്‍കുന്ന ഒരു വികാരമുണ്ട്. ഭാരതീയനായി ജനിച്ചതിലുള്ള അഭിമാനമാണത.്