നെഹ്‌റുവിന്റെ എതിര്‍പ്പിനെ തെല്ലും വകവയ്ക്കാതെ മനോഹരമായ സോമനാഥക്ഷേത്രം പൂര്‍വ്വസ്ഥാനത്ത് പടുത്തുയര്‍ത്തപ്പെടുക തന്നെ ചെയ്തു. ചാലുക്യശില്പ ശൈലിയില്‍ കിഴക്കോട്ട് ദര്‍ശനമായി പടുത്തുയര്‍ത്തിയ പടുകൂറ്റന്‍ സോമനാഥമന്ദിരം സിന്ധു മഹാസാഗരത്തിന്റെ തീരത്തായി തലയെടുപ്പോടെ നില്‍ക്കുന്നത് ഏതൊരു ഭാരതീയനും രോമഞ്ചം ഉണ്ടാക്കുന്ന കാഴ്ചയാണ്. 1951 മെയ് 11ന് രാഷ്ട്രത്തിന്റെ പ്രഥമപൗരനായിരുന്ന ഡോ. രാജേന്ദ്രപ്രസാദ് സോമനാഥ ക്ഷേത്രം രാഷ്ട്രത്തിന് സമര്‍പ്പിച്ചു. സോമനാഥ ട്രസ്റ്റാണ് വളരെ ഭംഗിയായി ക്ഷേത്രകാര്യങ്ങള്‍ നോക്കുന്നത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ബാല്‍ക്കണിയില്‍ ഇരുന്നാല്‍ സോമനാഥക്ഷേത്രത്തിന്റെ ചരിത്രം വൈകുന്നേരങ്ങളില്‍ ലൈറ്റ് ആന്റ് സൗണ്ട് ഷോയിലൂടെ സന്ദര്‍ശകരുടെ മുന്നില്‍ അനാവൃതമാവും. സോമനാഥക്ഷേത്ര ദര്‍ശനം കഴിഞ്ഞ് പുറത്തിറങ്ങിയ ഞങ്ങളുടെ ശ്രദ്ധയില്‍ രണ്ടു പ്രതിമകള്‍ കടന്നു വരിക ഉണ്ടായി. ഒന്ന് ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയാണ്. വൈദേശിക ആക്രമണങ്ങളില്‍ മണ്ണടിഞ്ഞുപോയ ദേശത്തിന്റെ ആത്മാഭിമാനത്തെ സോമനാഥക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിലൂടെ വീണ്ടെടുത്ത പട്ടേലിന് ഉചിതമായ സ്മാരകമായി തോന്നി ആ പ്രതിമ. സോമനാഥന്റെ മുന്നിലുള്ള നഗര ചത്വരത്തില്‍ കുതിരപ്പുറമേറി പടവാളുമായി നില്‍ക്കുന്ന ഒരു പോരാളിയുടെ ശില്പമുണ്ട്. സോമനാഥക്ഷേത്രം സംരക്ഷിക്കുവാന്‍ വേണ്ടി പൊരുതിമരിച്ച ഹമീര്‍ എന്ന ബലിദാനിയുടെ സ്മാരകമാണത്.
സോമനാഥക്ഷേത്രത്തിന്റെ വടക്ക് കിഴക്കായി സോമനാഥന്റെ ശ്രീമൂലസ്ഥാനം എന്ന് കണക്കാക്കാവുന്ന ഒരു ചെറിയ ക്ഷേത്രം ഉണ്ട്. തകര്‍ന്നടിഞ്ഞ സോമനാഥ ക്ഷേത്രം പുനര്‍നിര്‍മ്മിക്കാനാവാത്ത കാലത്ത് നിത്യാരാധനയ്ക്ക് വേണ്ടി ‘റാണി അഹല്ല്യാഭായ് ഹോള്‍ക്കര്‍’ 1882-ല്‍ പണിത ക്ഷേത്രമാണിത്. പഴയ സോമനാഥ ക്ഷേത്രം എന്നാണ് ഇത് അറിയപ്പെടുന്നത്. രണ്ടു നിലകളുള്ള മാര്‍ബിള്‍ നിര്‍മ്മിതമായ ഈ ചെറിയ ക്ഷേത്രത്തില്‍ ഇപ്പോഴും പൂജ നടക്കുന്നുണ്ട്. പുരാതന സോമനാഥക്ഷേത്രം സന്ദര്‍ശിച്ച ഞങ്ങള്‍ തൊട്ടടുത്തു തന്നെ സ്ഥിതിചെയ്യുന്ന പ്രഭാസ പട്ടണം മ്യൂസിയം കാണാനാണ് പിന്നീട് പോയത്. തകര്‍ക്കപ്പെട്ട സോമനാഥ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും വിഗ്രഹങ്ങളും എല്ലാം ഇവിടെ ഭംഗിയായി സൂക്ഷിച്ചു വച്ചിരിക്കുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയാണ് ഈ മ്യൂസിയം സംരക്ഷിക്കുന്നത്. സോമനാഥക്ഷേത്രത്തില്‍ നിന്നും 10 മിനുട്ട് നടന്നാല്‍ എത്തേണ്ട ദൂരമേയുള്ളൂ ഇവിടേയ്‌ക്കെങ്കിലും അധികം സന്ദര്‍ശകര്‍ ഇങ്ങോട്ട് എത്താറില്ല എന്നതാണ് സത്യം. അഞ്ച് രൂപ മാത്രമാണ് ഇവിടുത്തെ പ്രവേശന ഫീസ്. ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് യാതൊരു തടസ്സവും ഇല്ലാതിരുന്നതുകൊണ്ട് ഏറെ സമയം ചിലവിട്ട് ഞാന്‍ ചിത്രങ്ങള്‍ പകര്‍ത്തി.

സൂക്ഷിച്ചിരിക്കുന്ന സൂര്യവിഗ്രഹം
നിരവധിവട്ടം അക്രമികള്‍ തകര്‍ക്കുകയും ഭക്തജനങ്ങള്‍ പുനര്‍നിര്‍മ്മിക്കുകയും ചെയ്ത സോമനാഥ ക്ഷേത്രത്തിന്റെ ശിലാവശിഷ്ടങ്ങള്‍ ഏതൊരു ഭാരതീയന്റെയും കണ്ണുകളെ ഈറന്‍ അണിയിക്കുന്ന ഒന്നാണ്. 12-ാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന ക്ഷേത്രാവശിഷ്ടങ്ങള്‍ ആണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നതിലേറെയും. താമര ഇതളുകള്‍ പോലെ വിരിഞ്ഞു വിലസിയിരുന്ന കുംഭഗോപുരത്തിന്റെ അവശിഷ്ടം മുതല്‍ മുസ്ലിം അക്രമികള്‍ അടിച്ചുടച്ച നിരവധി ശിവലിംഗങ്ങള്‍ വരെ നമുക്കിവിടെ കാണാം. വിഗ്രഹഭഞ്ജനം പുണ്യ പ്രവൃത്തിയായി കണ്ട ഇസ്ലാമിക അക്രമികള്‍ക്ക് മുന്നില്‍ കരിങ്കല്ലില്‍ എഴുതിയ ഇത്തരം എത്ര മഹാകാവ്യങ്ങളാണ് തകര്‍ന്നു വീണിട്ടുണ്ടാവുക. മ്യൂസിയത്തിലെ ക്യൂറേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്ന സ്ത്രീ ഞങ്ങളെ എല്ലാ അവശിഷ്ടങ്ങളും കൊണ്ടു നടന്നു കാണിക്കുകയുണ്ടായി. നഷ്ടാവശിഷ്ടങ്ങളുടെ ചുടുചാമ്പലില്‍ നിന്നും ഓരോ മഹാക്ഷേത്രങ്ങളും ഇന്ന് വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ അത്തരം ഉയിര്‍പ്പിന്റെ ഉദ്ഘാടനമായിരുന്നു സോമനാഥത്തില്‍ നടന്നതെന്ന് നിസ്സംശയം പറയാം.
ഇനിയുള്ള യാത്ര ഒരു റിക്ഷയിലാക്കുവാന്‍ ഞങ്ങള്‍ തീരുമാനിച്ചു. സോമനാഥക്ഷേത്രത്തിന് ചുറ്റും നിരവധി കാഴ്ചകള്‍ ബാക്കിയുണ്ട്. ഏതാണ്ട് 10 കിലോമീറ്റര്‍ ഉള്ളിലുള്ള കാഴ്ചകള്‍ കാണുവാന്‍ 2-3 മണിക്കൂര്‍ ആവശ്യമാണ്. ഇതിനായി ഓട്ടോറിക്ഷക്കാര്‍ 500 രൂപയാണ് സാധാരണ ചോദിക്കുക. ഞങ്ങള്‍ ഒരു റിക്ഷക്കാരനുമായി 300 രൂപയ്ക്ക് ധാരണയായി. അപ്പോഴാണ് ഞങ്ങള്‍ക്ക് പുതിയൊരു ആശയം തോന്നിയത്. സിംഹങ്ങള്‍ ജീവിക്കുന്ന ഭാരതത്തിലെ ഏകസംരക്ഷിതവനമായ ഗീര്‍വനത്തിലേയ്ക്ക് സോമനാഥത്തില്‍ നിന്നും കഷ്ടിച്ച് 50 കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളൂ. ക്ഷേത്രദര്‍ശനങ്ങള്‍ കഴിഞ്ഞാല്‍ ഗീര്‍വനം കൂടി കണ്ടുകളയാം എന്നു തീരുമാനിച്ചു. 1300 രൂപക്ക് എല്ലാ കാഴ്ചകളും കണ്ട് ഞങ്ങളെ വേരാവല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കാമെന്ന് ഓട്ടോറിക്ഷക്കാരന്‍ സമ്മതിച്ചു.

സോമനാഥനില്‍ നിന്നും കാഴ്ചകള്‍ കണ്ട് ഗീര്‍വനത്തില്‍ എത്തി മടങ്ങുമ്പോള്‍ ഏതാണ്ട് 120 കിലോമീറ്റര്‍ സഞ്ചരിക്കണം. ഇത്രയും ദൂരം ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുക എന്നത് ഭ്രാന്തല്ലേ എന്ന് ശരാശരി മലയാളിക്ക് തോന്നിയേക്കാം. കേരളത്തിലെ വഴികളിലൂടെയാണ് സഞ്ചരിക്കുന്നതെങ്കില്‍ ചിന്ത സ്വാഭാവികമാണ്. ഗുജറാത്തില്‍ 50 കിലോമീറ്റര്‍ ഓട്ടോറിക്ഷയില്‍ പിന്നിടാന്‍ 40 മിനിട്ട് പോലും വേണ്ട എന്നതാണ് സത്യം. ഒന്‍പത് മണിക്ക് സോമനാഥ പരിക്രമം ഞങ്ങള്‍ ആരംഭിക്കുമ്പോള്‍ ഏതെങ്കിലും നല്ല ഹോട്ടലില്‍ നിന്നും പ്രഭാതഭക്ഷണം തരപ്പെടുത്തണമെന്ന് ഡ്രൈവറോട് ചട്ടംകെട്ടിയിരുന്നു. ഞങ്ങള്‍ ദക്ഷിണ ഭാരതീയരാണ് എന്ന് മനസ്സിലാക്കിയ അയാള്‍ ഇഡ്ഢലിയും ദോശയും ചമ്മന്തിയും ഒക്കെ കിട്ടുന്ന ഒരു കടയിലേയ്ക്ക് ഞങ്ങളെ നയിച്ചു. കാഴ്ചയില്‍ ഒരു തട്ടുകട പോലെ തോന്നിച്ചുവെങ്കിലും ഭക്ഷണം ഏറെ രുചികരമായിരുന്നു. കേരളത്തിലെ ഹോട്ടലുകളില്‍ പോലും ചമ്മന്തിയില്‍ തേങ്ങാപിണ്ണാക്ക് ചേര്‍ക്കുന്ന ഇക്കാലത്ത് ശുദ്ധമായ നാളികേര ചമ്മന്തിയും തുമ്പപ്പൂപോലെയുള്ള ഇഡ്ഢലിയും ഞങ്ങളെ അത്ഭുതപ്പെടുത്തി. ഗുജറാത്ത് നാളികേര കൃഷിയില്‍ ഏറെ മുന്നിലാണ് എന്ന് ഇതിനോടകം ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടിരുന്നു. പ്രഭാതഭക്ഷണം കഴിഞ്ഞ ഞങ്ങള്‍ രാം മന്ദിര്‍ ദര്‍ശനത്തിനായി യാത്രതിരിച്ചു. സോമനാഥ ക്ഷേത്രത്തില്‍ നിന്നും കഷ്ടിച്ച് ഒരു കിലോമീറ്റര്‍ ദൂരമേ ഉള്ളൂ ഇവിടേയ്ക്ക്. മൂന്നു കടലും മൂന്നു നദിയും ചേര്‍ന്നാല്‍ അവിടമെല്ലാം ഭാരതീയര്‍ക്ക് ത്രിവേണി സംഗമമാണ്. അത്തരം ഒരു ത്രിവേണി സംഗമത്തിന് അടുത്താണ് രാംമന്ദിര്‍ സ്ഥിതി ചെയ്യുന്നത്. രാം മന്ദിര്‍ അത്ര പഴക്കമുള്ള ക്ഷേത്രം ഒന്നും അല്ല. കപില, ഹിരണ്യ, സരസ്വതി എന്നീ നദികള്‍ ചേരുന്നതിന്റെ സമീപത്തായി 2017 വിജയദശമി നാളിലാണ് സോമനാഥട്രസ്റ്റ് രാംമന്ദിര്‍ നിര്‍മ്മിച്ചത്.

ഹമിര്‍
കോണ്‍ക്രീറ്റില്‍ രണ്ടു നിലകളിലായി പടുത്തുയര്‍ത്തിയിരിക്കുന്ന ഈ ക്ഷേത്രത്തിന്റെ നിര്‍മ്മിതിക്ക് മാര്‍ബിളും ഉപയോഗിച്ചിട്ടുണ്ട്. ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ കൈയ്യിലെ കോദണ്ഡം എന്ന വില്ലിന്റെ ആകൃതിയിലാണ് ക്ഷേത്ര കവാടം നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തില്‍ വലിയ തിരക്കൊന്നുമില്ല. പടിക്കെട്ടുകള്‍ കയറി രണ്ടാം നിലയില്‍ എത്തുമ്പോള്‍ ശ്രീരാമ സീതാ ലക്ഷ്മണന്മാരുടെ മാര്‍ബിളില്‍ നിര്‍മ്മിച്ച മനോഹരമായ വിഗ്രഹങ്ങള്‍ കാണാം. പിങ്ക് മാര്‍ബിള്‍ കല്ലുകളാണ് ക്ഷേത്രനിര്‍മ്മാണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ക്ഷേത്രത്തിന് പിന്നിലായി പുരാതനമായ ഒരു പരശുരാമ ക്ഷേത്രമുണ്ട്. ക്ഷേത്രത്തിന്റെ താഴത്തെ നിലയില്‍ 280 ഓളം പേര്‍ക്ക് ഇരിക്കാവുന്ന ഒരു തിയേറ്റര്‍ കൂടി ഉണ്ട് എന്നു പറയുമ്പോള്‍ കേവലം വിശ്വാസത്തിനപ്പുറത്ത് ആശയപ്രചരണത്തിന്റെ സാധ്യതകളും ഇനിയുള്ള കാലത്തെ ക്ഷേത്ര നിര്‍മ്മിതിയില്‍ ഹിന്ദുക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട് എന്ന സന്ദേശമാണ് പകര്‍ന്നു കിട്ടുന്നത്. രാം മന്ദിരത്തിന്റെ മുകളില്‍ നിന്ന് നോക്കുമ്പോള്‍ അധികം അകലെയല്ലാതെ പ്രാചീനമായ ഒരു ക്ഷേത്രത്തിന്റെ കുംഭഗോപുരം കാണാന്‍ കഴിയും. ഇത് സൂര്യക്ഷേത്രമാണ്. ഗുജറാത്തിന് പ്രഭാസതീര്‍ത്ഥം എന്നു പേരുവരാന്‍ കാരണം സൂര്യക്ഷേത്രങ്ങളുടെ സാന്നിദ്ധ്യമായിരുന്നത്രേ. പ്രഭാസ് എന്ന വാക്കിന് വെളിച്ചം പകരുന്നത് എന്ന അര്‍ത്ഥമാണുള്ളത്. പ്രകാശകാരകനായ സൂര്യനെ ആരാധിക്കുന്ന സൗരമതം ഒരു കാലത്ത് ഗുജറാത്തില്‍ ശക്തമായിരുന്നു.
പ്രസിദ്ധങ്ങളായ എട്ടു സൂര്യക്ഷേത്രങ്ങള്‍ ഇവിടെ ഉണ്ടായിരുന്നത്രേ. വിദേശ അക്രമികള്‍ തകര്‍ത്തതിന്റെ ബാക്കിയായി രണ്ടു ക്ഷേത്രങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഉള്ളത്. രാം മന്ദിരത്തിന്റെ പുല്‍ത്തകിടിയില്‍, തകര്‍ക്കപ്പെട്ട ഏതോ സൂര്യക്ഷേത്രത്തിലെ വിഗ്രഹം ഒരു പ്രദര്‍ശന വസ്തുപോലെ വച്ചിരിക്കുന്നതുകാണാം. പാതയുടെ എതിര്‍വശത്തുള്ള കുന്നിന്‍ മുകളില്‍ സ്ഥിതിചെയ്യുന്ന അതിപുരാതനമായ സൂര്യക്ഷേത്രത്തിലേയ്ക്ക് ഞങ്ങള്‍ യാത്രതിരിച്ചു. ഗുജറാത്തില്‍ നിലവിലുള്ള ഏറ്റവും പുരാതനമായ സൂര്യക്ഷേത്രമാണിത്. കാലം ഏല്‍പ്പിച്ച പരിക്കുകള്‍ കൊണ്ട് ഈ ക്ഷേത്രം ഇന്ന് ജീര്‍ണ്ണാവസ്ഥയിലാണ്. സൂര്യദേവന്റെയും ഛായാ ദേവിയുടെയും വിഗ്രഹങ്ങളാണ് ഇവിടെ പ്രതിഷ്ഠ കൊള്ളുന്നത്. ശ്രീലകത്ത് ഒരു സ്ത്രീ ആയിരുന്നു അര്‍ച്ചകയായി നില്‍ക്കുന്നത് എന്നത് ഇവിടുത്തെ ഒരു സവിശേഷതയാണ്. സാധാരണ എല്ലാ ക്ഷേത്രങ്ങളിലും പുരുഷന്മാരാണല്ലോ പൂജാരിമാരായി നില്‍ക്കുക. കേരളത്തിലുള്ള മണ്ണാറശാല നാഗരാജ ക്ഷേത്രത്തില്‍ പൂജാരിണിയായി പ്രവര്‍ത്തിക്കുന്ന അമ്മയെയാണ് ഈ കാഴ്ച കണ്ടപ്പോള്‍ ഞാന്‍ ഓര്‍ത്തത്. 14-20 നൂറ്റാണ്ടില്‍ ഉണ്ടാക്കിയതാണത്രേ ഈ സൂര്യക്ഷേത്രം. അജ്ഞാത വാസകാലത്ത് പാണ്ഡവര്‍ ഇവിടെ വേഷ പ്രച്ഛന്നരായി താമസിച്ചു എന്ന ഒരു വിശ്വാസം ഉണ്ട്. പഞ്ചപാണ്ഡവര്‍ ഒളിവില്‍ താമസിച്ചു എന്ന് കരുതുന്ന ഒരു ഗുഹയും അതില്‍ ഹിങ്കളജാ മാതാവിന്റെ പ്രതിഷ്ഠയും ഉണ്ട്. വിഭജനകാലത്ത് പാകിസ്ഥാനില്‍ പെട്ടുപോയ ശക്തിപീഠമാണ് ഹിങ്കളജാ മാതാക്ഷേത്രം. ഇതൊരു ഗുഹയില്‍ ആണ് സ്ഥിതിചെയ്യുന്നത്. അതിനെ അനുസ്മരിപ്പിക്കും വിധമാണ് ഇവിടെ ഹിങ്കളജാ മാതാവിന്റെ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കഷ്ടിച്ച് ഒരാള്‍ക്ക് കടക്കാവുന്ന പടിക്കെട്ടുകള്‍ ഇറങ്ങി താഴേയ്ക്ക് ചെല്ലുമ്പോള്‍ ഉള്ള ഇടുങ്ങിയ ഒരു ഗുഹയാണ് ഹിങ്കളജാ മാതാക്ഷേത്രമായി ആരാധിക്കപ്പെടുന്നത്. ഈ ഗുഹയില്‍ പഞ്ചപാണ്ഡവര്‍ ദുര്‍ഗ്ഗയെ ഉപാസിച്ചു കഴിഞ്ഞിരുന്നുവത്രേ. ഗുഹയ്ക്കുള്ളില്‍ ഇപ്പോള്‍ മാര്‍ബിള്‍ പതിച്ച് അതിന്റെ നൈസര്‍ഗ്ഗികത നശിപ്പിച്ചിരിക്കുകയാണ്. അഞ്ചിലേറെ ആള്‍ക്കാര്‍ ഗുഹയിലേക്ക് കടന്നാല്‍ ശ്വാസം മുട്ടുതുടങ്ങും എന്നതാണ് അവസ്ഥ. കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയപ്പോള്‍ ഞങ്ങള്‍ ഗുഹയില്‍ നിന്ന് നൂണ്ട് പുറത്ത് കടന്നു. സൂര്യമന്ദിരത്തിന് അടുത്തുള്ള ചെറിയൊരു ജലാശയമുണ്ട്. ഒരു കിണറുപോലെ തോന്നിക്കുന്ന ഇതിനെ സൂര്യകുണ്ഡ് എന്ന പേരില്‍ ഭക്തിഭാവത്തോടുകൂടിയാണ് ജനങ്ങള്‍ കാണുന്നത്. സൂര്യ മന്ദിറില്‍ നിന്ന് മടങ്ങും വഴി ഞങ്ങള്‍ വഴിയോരത്തുള്ള ഒരു കടയില്‍ നിന്നും കരിമ്പിന്‍ നീര് കഴിച്ചു. തുളസിയിലയും പുതിന ഇലയും ഇഞ്ചിയും ചെറുനാരങ്ങയും എല്ലാം ചേര്‍ന്ന ആ കരിമ്പിന്‍ നീരിന് കേവലം 10 രൂപയാണ് ഈടാക്കുന്നത്. ഗ്രാമത്തില്‍ എവിടെയോ കൃഷിചെയ്ത കരിമ്പാണെന്ന് തോന്നുന്നു. പരിസരത്ത് കൂട്ടി ഇട്ടിട്ടുണ്ട്.

അടുത്തതായി ത്രിവേണി സംഗമത്തിലേയ്ക്കായിരുന്നു ഞങ്ങളുടെ യാത്ര. കടല്‍പോലെ പരന്നുകിടക്കുന്ന ജലരാശി മൂന്നു നദികളുടെ സംഗമ സ്ഥാനമാണ്. കപില, ഹിരണ്യ, സരസ്വതി എന്നിവയാണ് ആ നദികള്‍. സരസ്വതി അന്തര്‍വാഹിനിയാണ് എന്ന് നമുക്കറിയാം. സരസ്വതി ഭൂമിക്ക് മേലെ ഒഴുകിയിരുന്ന കാലത്ത് ഗുജറാത്തിലെ കച്ചിലാണത്രേ കടലില്‍ ചേര്‍ന്നിരുന്നത്. നദീ സംഗമസ്ഥാനങ്ങളെ പുണ്യതീര്‍ത്ഥങ്ങളായാണ് ഹിന്ദുക്കള്‍ പരമ്പരാഗതമായി കണ്ടു പോരുന്നത്. മനോഹരമായി പടുത്ത പടിക്കെട്ടുകളും മണ്ഡപങ്ങളും കൊണ്ട് അലംകൃതമാണ് ത്രിവേണി സംഗമം. ആയിരക്കണക്കിന് നീര്‍കിളികള്‍ തീര്‍ത്ഥാടകര്‍ നല്‍കുന്ന ധാന്യത്തിനായി മത്സരിച്ച് പറക്കുന്നുണ്ടായിരുന്നു. കടവിനോട് ചേര്‍ന്ന് പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ ഒരു സ്മാരകം ഉണ്ട്. ത്രിവേണി സംഗമത്തിന്റെ വികാസത്തിനു വേണ്ടി അദ്ദേഹം നല്‍കിയ സംഭാവനകളെ മാനിച്ചാണ് ഈ സ്മാരകം അവിടെ നിര്‍മ്മിച്ചിരിക്കുന്നത്. സോമനാഥക്ഷേത്രട്രസ്റ്റാണ് ഇപ്പോള്‍ ത്രിവേണി സംഗമത്തിന്റെ സംരക്ഷണം നടത്തുന്നത്. ത്രിവേണി സംഗമത്തില്‍ നിന്നും ഏറെ അകലെയല്ലാതെ സ്ഥിതിചെയ്യുന്ന ഗീതാമന്ദിര്‍ കാണാനാണ് ഞങ്ങള്‍ അടുത്തതായി പോയത്. ത്രിവേണി സംഗമത്തിലേക്ക് ഒഴുകി എത്തുന്ന ഹിരണ്യ നദിയുടെ തീരത്താണ് ഗീതാമന്ദിര്‍ സ്ഥിതി ചെയ്യുന്നത്. ജര എന്ന വേടന്റെ അമ്പേറ്റ് സ്വര്‍ഗ്ഗാരോഹണം ചെയ്ത ശ്രീകൃഷ്ണ പരമാത്മാവിന്റെ ഭൗതികദേഹം ദഹിപ്പിച്ചത്. ഇവിടെ ഹിരണ്യയുടെ തീരത്താണ് എന്ന് വിശ്വസിക്കപ്പെടുന്നു. ഭഗവാന്റെ സന്തതസഹചാരിയും സുഹൃത്തുമായിരുന്ന അര്‍ജ്ജുനന്‍ ആയിരുന്നത്രേ അന്ത്യകര്‍മ്മങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്.