സാഹോദര്യ ബന്ധത്തിന്റെ ആഴം വര്‍ണ്ണിക്കുന്ന രാമായണ ശീലുകള്‍ നാടെങ്ങുമുയരവേ, സാഹോദര്യവും ഐക്യവും ഊട്ടിയുറപ്പിക്കുന്ന രക്ഷാബന്ധന മഹോത്സവവും കൂടി വന്നണഞ്ഞിരിക്കുകയാണല്ലോ. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ശക്തിയിലൂടെ മാത്രമേ സംഘടിപ്പിക്കാനും സാധിക്കൂ. ഇവ രണ്ടുമില്ലാതെ സംഘടനയ്ക്ക് നിലനില്പില്ല. അതിനാല്‍ ആദ്യം ഐക്യബോധം വളര്‍ത്താന്‍ അനൈക്യത്തിന് കാരണമായ അര്‍ബുദകോശങ്ങളെ നീക്കേണ്ടതുണ്ട്. ശാഖയില്‍ മതിമറന്ന് ലയിച്ച് ചേര്‍ന്നപ്പോള്‍ പലതും മറന്നു പോയതിനെ കുറിച്ച് മുന്‍പൊരു ലക്കത്തില്‍ എഴുതിയിരുന്നല്ലോ. ഇത്തവണ സംഘസ്ഥാനിലെ നിത്യസാധനയിലൂടെ ജീവിതത്തില്‍ സംഭവിച്ച മുറിഞ്ഞുപോകലിന്റെ ഓര്‍മ്മകളാണ് പങ്കുവക്കാന്‍ ആഗ്രഹിക്കുന്നത്.
കുറച്ചുനാളുകള്‍ക്ക് മുന്‍പ് ജ്യേഷ്ഠസഹോദരന്‍ പങ്കുവച്ച ഒരനുഭവമാണ് ഈയെഴുത്തിന്റെ തലക്കെട്ടായി മാറിയത്. അതിനെക്കുറിച്ചാദ്യം പറയാം. മുന്‍പൊരിക്കല്‍ കേരളത്തിലെ തലമുതിര്‍ന്ന പ്രചാരകന്‍മാരില്‍ ഒരാളായിരുന്ന സ്വര്‍ഗ്ഗീയ പി.രാമചന്ദ്രേട്ടന്‍ പങ്കെടുത്ത ഒരു ബൈഠക്കിന്റെ ഓര്‍മ്മകളാണ് അദ്ദേഹം പങ്കുവച്ചത്. ബൈഠക്കില്‍ ആദ്യമദ്ദേഹം ഉപസ്ഥിതരായവരോട് സ്വയം പരിചയപ്പെടാനാവശ്യപ്പെട്ടു. ഓരോരുത്തരായി എണീറ്റ് പരിചയപ്പെടാന്‍ തുടങ്ങി. അക്കൂട്ടത്തിലെ ഒരു കിശോര സ്വയംസേവകന്‍ പരിചയപ്പെട്ടപ്പോള്‍ പേരിന്റെ അവസാനമുള്ള ജാതിനാമം കൂടി പറഞ്ഞാണ് പരിചയപ്പെട്ടത്. അതു ശ്രദ്ധിച്ച ചന്ദ്രേട്ടന്‍ ശാഖയില്‍ പോവാന്‍ തുടങ്ങിയിട്ട് എത്രനാളായെന്ന് ആ സ്വയംസേവകനോട് ചോദിച്ചു. സംഘത്തില്‍ എത്തിപ്പെട്ടാല്‍ കുറച്ചു നാളുകള്‍ കഴിയുമ്പോള്‍ ഗൗളിയെപ്പോലെ നമ്മളും സ്വയം വാല്‍ മുറിച്ചുകളയും. ഇദ്ദേഹത്തിന്റെ വാലിതുവരെ മുറിഞ്ഞു പോവാത്തതിനാലാണ് ഈ ചോദ്യം ചോദിക്കുന്നതെന്ന് അര്‍ത്ഥഗര്‍ഭമായി പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും കാര്യം മനസ്സിലായി.
ഒരു ഹിന്ദു സംഘടനക്ക് തുടക്കമിട്ട പരംപൂജനീയ ഡോക്ടര്‍ജി നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ഹിന്ദു സമാജത്തിന്റെ അനൈക്യത്തിന് കാരണമായി നിലനിന്നിരുന്ന ദുഷിച്ച ജാതിവ്യവസ്ഥയായിരുന്നു. വൈദേശിക അക്രമണകാരികളും ഇസ്ലാമിക ഭരണകൂടങ്ങളും മതപ്രചാരകരുമൊക്കെ സമര്‍ത്ഥമായി ചൂഷണം ചെയ്തത് ജാതിയുടെ പേരിലുള്ള ഈ ഭിന്നതയേയും, അനൈക്യത്തേയുമായിരുന്നല്ലോ. കോടിക്കണക്കിന് ഭാരതീയര്‍ ഒത്തൊരുമിച്ചു നിന്നാല്‍ ഓടിയൊളിക്കുമായിരുന്ന ദുഷ്ടശക്തികള്‍ക്കാണ് ഈ ഭിന്നത വലിയ അനുഗ്രഹമായത്. അത് നന്നായി മുതലെടുത്തവര്‍ അനായാസം ഈ ഭൂമിയെ തങ്ങളുടെ കൈപ്പിടിയിലൊതുക്കി. ശേഷം തുടര്‍ന്നും തങ്ങളുടെ അധീശത്വം നിലനിര്‍ത്താനായി വളരെ സമര്‍ത്ഥമായി ജാതീയവും, മതപരവുമായ ഭിന്നതകളെയവര്‍ സമൂഹത്തില്‍ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. ഭിന്നിപ്പിച്ചു ഭരിക്കുക എന്നപേരില്‍ ഈ തന്ത്രം പില്ക്കാലത്ത് ഏറെ കുപ്രസിദ്ധമായി. ഇത്തരത്തില്‍ ജാതീയമായ ഉച്ചനീചത്വങ്ങള്‍ നാടിന്റെ അധ:പതനത്തിന് ആഴം കൂട്ടി.
ബ്രിട്ടീഷുകാര്‍ക്കെതിരെ വന്‍ പ്രക്ഷോഭങ്ങള്‍ നടക്കുന്ന അതേ സമയത്ത് തന്നെ ജാതിവിവേചനങ്ങള്‍ക്കെതിരെയും മഹാന്‍മാരുടെ നേതൃത്വത്തില്‍ വലിയ പോരാട്ടങ്ങള്‍ ഇവിടെ നടന്നു. അതിലേക്കായി നിരവധി സംഘടനകള്‍ ഇക്കാലഘട്ടത്തില്‍ നമ്മുടെ നാട്ടില്‍ രൂപംകൊണ്ടു. അവയുടെയെല്ലാം നേതൃത്വത്തില്‍ ബോധനങ്ങളിലൂടെയും പ്രത്യക്ഷ സമരങ്ങളിലൂടെയും സംഘടിത മുന്നേറ്റങ്ങളിലൂടെയുമെല്ലാം ജാതി വിവേചനങ്ങള്‍ക്കെതിരെ അതിശക്തമായ ചെറുത്തുനില്പുകളുണ്ടായി. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയുമുള്‍പ്പെടെ ഏറ്റവും പ്രാകൃതമായ ജാതിവിവേചനങ്ങളാല്‍ ഭ്രാന്താലയമെന്ന മഹാകളങ്കം കേരളത്തിന് മേലും ചാര്‍ത്തപ്പെട്ടിരുന്നല്ലോ. നാരായണ ഗുരുദേവനും മഹാത്മാ അയ്യങ്കാളിയും ചട്ടമ്പി സ്വാമിയുമുള്‍പ്പെടെ നിരവധി മഹത്തുക്കള്‍ കേരളത്തില്‍ നവോത്ഥാന പരിശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ആ മുന്നേറ്റത്തിന് പിന്തുണ നല്‍കി. അനാചാരങ്ങള്‍ക്കും ജാതിപരമായ വിവേചനങ്ങള്‍ക്കും ഒരുപരിധി വരെ അങ്ങനെയാണ് പില്ക്കാലത്ത് അന്ത്യം കുറിക്കപ്പെട്ടത്.
പുറമേയുള്ള പല അനാചാരങ്ങള്‍ക്കും അന്ത്യമായെങ്കിലും അകമേ ജാതിഭേദവും ജാതിചിന്തയും അതേ തീവ്രതയോടെ നിലനിന്നുവെന്നതാണ് സത്യം. അത് നീക്കാന്‍ ആരാലുമായിരുന്നില്ല. സ്വതന്ത്ര ഭാരതത്തിന്റെ നാളിതു വരെയുള്ള ചരിത്രം നോക്കിയാല്‍ വൈദേശിക ശക്തികള്‍ നാടുവിട്ടെങ്കിലും ജനതയുടെയുള്ളില്‍ ജാത്യഭിമാനം സജീവമായി നിലനിര്‍ത്താന്‍ പകരം പുതിയ പല അവതാരങ്ങളുമുണ്ടായി. ഭിന്നിപ്പിച്ച് ഭരണം നിലനിര്‍ത്തിയ ബ്രിട്ടീഷുകാരുടെ തന്ത്രം അവര്‍ പോയശേഷം അതേ കുടിലതയോടെ നിര്‍ഭാഗ്യവശാല്‍ ഇവിടുത്തെ അധികാരമോഹികളായ രാഷ്ട്രീയനേതൃത്വം പ്രയോഗിക്കാന്‍ തുടങ്ങി. സ്ഥാനമാനങ്ങളും പദവികളും ജാതിയനുസരിച്ച് വീതിച്ച് നല്കി. ജാതി നോക്കി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. തങ്ങളുടെ നേട്ടത്തിനായി ജാതിചിന്തയെയവര്‍ പരമാവധി പോഷിപ്പിച്ചു. അതിന്റെ ഫലമായി ജാതിവച്ച് വിലപേശുന്ന ഒരു സമൂഹം നമ്മുടെ നാട്ടില്‍ രൂപപ്പെട്ടു. ജാതിഭേദത്തിനെതിരെ പോരാടാന്‍ മഹാത്മാക്കള്‍ രൂപം കൊടുത്ത സംഘടനകള്‍ പോലും ജാതി പറയുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി. സ്വാതന്ത്ര്യം നേടിയതിനു ശേഷവും ആയിരത്തിലധികം വര്‍ഷത്തെ അധിനിവേശത്തില്‍ നിന്നും ഒരു പാഠവും പഠിക്കാതെ ജാതിയുടെ പേരില്‍ അനൈക്യം തുടര്‍ന്ന ജനത ഭാരതത്തിനൊരു വെല്ലുവിളിയായി മാറി.
സംഘത്തിനാവട്ടെ സമാജ സംഘാടനമെന്ന സ്വദൗത്യം നിറവേറ്റാന്‍ സമൂഹത്തെ പലതട്ടായി ഭിന്നിപ്പിച്ച് നിര്‍ത്തിയിരുന്ന കടുത്ത ജാതിമതിലിനെ മറികടക്കേണ്ടതുണ്ടായിരുന്നു. പൂജനീയ ഡോക്ടര്‍ജിയുടെ സംഘടനാ കുശലത അത്തരം തടസ്സങ്ങളെ തരണം ചെയ്ത് മുന്നേറാന്‍ സംഘത്തെ സഹായിച്ചു. എല്ലാക്കാര്യത്തിലേയും പോലെ ജാതിചിന്തയെ ദൂരെയകറ്റാനും വ്യത്യസ്തമായ മാര്‍ഗ്ഗം അദ്ദേഹം അവലംബിച്ചു. മറ്റാരും ചിന്തിക്കാത്ത മാര്‍ഗ്ഗം, സരളമായ മാര്‍ഗ്ഗം എന്നൊക്കെയതിനെ നമുക്ക് വിശേഷിപ്പിക്കാം. ജാതിഭേദത്തെ ചെറുക്കാന്‍ ജാതിയെ കുറിച്ച് പറയാതിരിക്കുകയെന്ന തന്ത്രമാണദ്ദേഹം സ്വീകരിച്ചത്. അങ്ങനെ സംഘത്തില്‍ ആര്‍ക്കും ഒരവസരത്തിലും സ്വന്തം ജാതി പറയേണ്ടി വന്നില്ല, മറ്റൊരാളുടെ ജാതിയൊട്ടാരും അന്വേഷിച്ചുമില്ല. ആരുമത് ചിന്തിച്ചൊട്ട് വേവലാതിപ്പെട്ടുമില്ല. ഭേദചിന്തകളുടെ നടുവില്‍ നിന്നും സംഘത്തിലെത്തിപ്പെട്ട സമാജാംഗങ്ങള്‍ക്ക് ശാഖയിലെ അത്യുത്സാഹപൂര്‍ണമായ അന്തരീക്ഷത്തില്‍ ജാതിയെന്തെന്ന് ചിന്തിക്കാനുള്ള സമയം ലഭിച്ചില്ല എന്നതാണ് സത്യം. ശാഖയില്‍ ഒന്നിനുപിറകേ ഒന്നായുള്ള കാര്യക്രമങ്ങളുടെ ഘോഷയാത്രയില്‍ പെട്ട് സംഘസ്ഥാനിന്റെ പുറത്ത് സമൂഹത്തില്‍ തങ്ങളെ പരസ്പരം അകറ്റി നിര്‍ത്തിയിരുന്ന ചിന്തകളെ കുറിച്ചുള്ള ബോധം തന്നെ മറഞ്ഞു. അങ്ങനെ സമൂഹം പലതട്ടായി തിരിച്ചവര്‍ അതെല്ലാം മറന്ന് സംഘസ്ഥാനില്‍ ഒരുമിച്ചെത്തി ഒന്നായി ലയിച്ചു ചേര്‍ന്നു.
അങ്ങനെ നമ്മെ ലയിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് കളികളാണ്. മധ്യവയസ്‌കനായ ഡോക്ടര്‍ജി കുറച്ച് കുട്ടികളെ സംഘടിപ്പിച്ച് കബഡി ഉള്‍പ്പെടെയുള്ള കളികളിലേര്‍പ്പെടുന്നത് കണ്ടവര്‍ ആശ്ചര്യപ്പെട്ടു. ആദ്യമൊക്കെ അവര്‍ പല സംശയങ്ങളും പ്രകടിപ്പിച്ചിരുന്നു. ചിലര്‍ പറഞ്ഞു ഡോക്ടര്‍ജിക്ക് ഭ്രാന്താണെന്ന്. ചിലര്‍ ചോദിച്ചു കുറച്ചുപേര്‍ ഒന്നിച്ചു കൂടി കളിച്ചതു കൊണ്ട് എങ്ങനെ ഹിന്ദു സമാജത്തെ സംഘടിപ്പിക്കാനാവുമെന്ന്. മറ്റു ചിലരാവട്ടെ രാജ്യം ഇന്ന് നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് കളിയെങ്ങനെയാണൊരു പരിഹാരമാവുക എന്ന് ചിന്തിച്ചു. പക്ഷേ കളികളിലൂടെ ഡോക്ടര്‍ജി അത്ഭുതങ്ങള്‍ സൃഷ്ടിച്ചു. ഞാനോര്‍ക്കുന്നു, ആദ്യമായി ശാഖയില്‍ ചെന്നപ്പോള്‍ എല്ലാവരുമെനിക്ക് അപരിചിതരായിരുന്നു. മനസ്സുകള്‍ തമ്മില്‍ വലിയ അകലമുണ്ടായിരുന്നു. പക്ഷേ ഒറ്റ ദിവസം ശാഖയില്‍ ഒരുമിച്ച് തോള് ചേര്‍ന്ന് കളിച്ചപ്പോള്‍, കളിയുടെ ആവേശത്തില്‍ പരസ്പരം കെട്ടിപ്പിടിച്ച് വീണുരുണ്ടപ്പോള്‍ അകലമെല്ലാം നിമിഷനേരം കൊണ്ട് പഴങ്കഥയായി. ശാഖ കഴിഞ്ഞപ്പോഴേക്കും ഒറ്റ ദിവസം കൊണ്ട് ഒരു കുടുംബത്തില്‍ പെട്ടവരെപ്പോലെ ഇടപഴകാനാവും വിധം കളികളിലൂടെ ഹൃദയങ്ങളൊന്നായി തീര്‍ന്നിരുന്നു.
എല്ലാം മറന്ന് കളിച്ചപ്പോള്‍ ഞാനാരെന്നും എന്റെ കൂടെയുള്ളവര്‍ ആരാണെന്നും അവരേത് തരക്കാരെന്നുമൊന്നും ചിന്തിച്ചില്ല. ചുരുങ്ങിയ നാളുകള്‍ കൊണ്ട് ഞാനെന്ന ചിന്ത തന്നെ അപ്രസക്തമായി, പകരം നമ്മളെന്നു ചിന്തിക്കാന്‍ തുടങ്ങി. ഈ ബോധത്തിന് കൂടുതല്‍ ശക്തി പകര്‍ന്നു കൊണ്ട് കളികള്‍ക്കിടയിലൂടെ ഡോക്ടര്‍ജി സ്വയംസേവകരുടെയുള്ളില്‍ വലിയൊരു സങ്കല്പത്തെ പ്രതിഷ്ഠിച്ചു. അത് നാം പിറന്നുവീണ, നമ്മെ പോറ്റിവളര്‍ത്തുന്ന ഈ നാട് അമ്മയാണെന്ന സങ്കല്പമായിരുന്നു. ഭാരതം നമ്മുടെ മാതൃഭൂമിയാണെന്നും നമ്മളെല്ലാവരും അമ്മയുടെ മക്കളാണെന്നുമുള്ള ഈ ചിന്ത ശാഖയിലൂടെ എപ്പോഴാണുള്ളില്‍ കടന്നുകൂടിയതെന്ന് ഓര്‍മ്മയിലില്ല. ശാഖയുടെ സൗന്ദര്യമിതാണ്. കാരണം നാമറിയാതെ നമ്മെയത് മാറ്റിമറിക്കുന്നു. ഒരു പ്രസംഗവും കൂടാതെ തന്നെ ഈ മണ്ണ് അമ്മയാണെന്ന ചിന്തയും ഈ മണ്ണില്‍ പിറന്ന നമ്മളെല്ലാവരും സോദരന്‍മാരാണെന്ന തിരിച്ചറിവും ശാഖ പകര്‍ന്നു നല്കി. ഒരുപക്ഷേ ശാഖയില്‍ കളികള്‍ക്കിടെ പലവട്ടമാവര്‍ത്തിച്ച് ‘ഭാരതമാതാവ് വിജയിക്കട്ടെ’ എന്ന ജയഘോഷം മുഴക്കിയപ്പോഴോ അല്ലെങ്കില്‍ വട്ടത്തിലിരുന്ന് ആസ്വദിച്ച് പാടിയ ഗീതങ്ങളിലൂടെയോ ആയിരിക്കാം ഈ ചിന്ത മനസ്സിലുറച്ചത്. അമ്മയുടെ മക്കളെന്ന ബോധ്യം കൈവന്നതോടെ സമാജത്തില്‍ നിലനില്ക്കുന്ന ഭേദചിന്തകള്‍ക്ക് സ്വയംസേവകന്റെ മനസ്സില്‍ അല്പം പോലും സ്ഥാനമില്ലാതെയായി. സമൂഹത്തിലതുവരെ മറ്റ് പലരീതിയിലും അറിയപ്പെടാന്‍ ആഗ്രഹിച്ചിരുന്നവര്‍ സ്വയംസേവകരായി തീര്‍ന്നപ്പോളാഗ്രഹിച്ചത് ഭാരത മാതാവിന്റെ മക്കള്‍ എന്ന നിലയില്‍ അറിയപ്പെടാനായിരുന്നു.
ഭാരതത്തിന്റെ മക്കള്‍ എന്ന ചിന്തയെ കൂടുതല്‍ ബലപ്പെടുത്തുന്ന വിധമായിരുന്നു ഡോക്ടര്‍ജി സംഘ ജീവിതത്തെയും ചിട്ടപ്പെടുത്തിയിരുന്നത്. ശാഖക്കുള്ളില്‍ മാത്രമല്ല ശാഖക്ക് പുറമേ സംഘടിപ്പിക്കപ്പെട്ട മറ്റിതര കാര്യക്രമങ്ങളിലൂടെയുമെല്ലാം സ്വയംസേവകരുടെയുള്ളില്‍ നാമൊന്നാണെന്ന ബോധത്തെ അദ്ദേഹം അരക്കിട്ടുറപ്പിച്ചു. അത്തരം കാര്യക്രമങ്ങളിലും ശിബിരങ്ങളിലുമൊക്കെ സ്വയംസേവകര്‍ ഒരുമിച്ച് താമസിച്ചു, ഒരുമിച്ചുണ്ടു, ഒരുമിച്ചുറങ്ങി. സംഘമാരംഭിക്കപ്പെട്ട കാലത്ത് പ്രത്യേകിച്ച് സ്വാത്രന്ത്ര്യ പൂര്‍വ കാലഘട്ടത്തില്‍ വിവിധ ജാതിക്കാര്‍ ഒരുമിച്ചിടപഴകുന്നത് സ്വപ്‌നത്തില്‍ പോലും ചിന്തിക്കാനാവാത്ത കാലമായിരുന്നു. അക്കാലഘട്ടത്തിലാണ് ഡോക്ടര്‍ജി കളിയിലൂടെ അത്ഭുതം സൃഷ്ടിച്ചതെന്നോര്‍ക്കണം. 1934 ല്‍ വാര്‍ധയിലെ സംഘശിബിരം സന്ദര്‍ശിച്ച ഗാന്ധിജി ഈ കാഴ്ച നേരിട്ടുകണ്ടു. ജാതിചിന്ത ലവലേശം സ്പര്‍ശിക്കാത്ത സ്വയംസേവകരെ കണ്ടറിഞ്ഞ അദ്ദേഹം ഡോക്ടര്‍ജിയെ നേരിട്ടഭിനന്ദിച്ചു. അസാധ്യമായ കാര്യമാണ് ഡോ.ഹെഡ്‌ഗേവാര്‍ നിങ്ങള്‍ ചെയ്തിരിക്കുന്നതെന്ന് പറഞ്ഞുകൊണ്ട് ഏറെ സന്തോഷത്തോടെ സംഘസ്ഥാപകനെ ഗാന്ധിജി പ്രശംസിച്ചു.
സംഘത്തിലെത്തുന്നവരുടെ മനസ്സില്‍ നിന്നാണ് ആദ്യം ജാതിചിന്ത പിഴുതെറിയപ്പെടുന്നത്. ഉള്ളില്‍ സംഭവിച്ച ആ മാറ്റമാണ് പേരിലെ മാറ്റത്തിലൂടെ പുറമേക്കും പ്രതിഫലിക്കുന്നത്. സംഘത്തിലെത്തിപ്പെട്ട് കുറച്ചുനാള്‍ പിന്നിടുമ്പോള്‍ പേരില്‍ നിന്നും ജാതിവാല്‍ സ്വയമേവ മുറിഞ്ഞു പോകുമെന്ന് അനുഭവത്തിന്റെ ശക്തിയില്‍ നിന്നുകൊണ്ട് ചന്ദ്രേട്ടന്‍ പറയാനുള്ള കാരണമിതാണ്. ഇതൊന്നും ആരെങ്കിലും വീമ്പിളക്കുന്ന വലിയ തത്വങ്ങളല്ല. ഓരോ സ്വയംസേവകന്റെയും ജീവിതത്തില്‍ വന്ന പരിവര്‍ത്തനം നേരിട്ട് ആര്‍ക്കും ദര്‍ശിക്കാനാവും. ആരുമായും ഇടപഴകാനും ഏത് വീട്ടിലും കയറിച്ചെല്ലാനും ഭക്ഷണം കഴിക്കാനും അവിടെ താമസിക്കാനുമൊന്നും സ്വയംസേവകര്‍ക്ക് യാതൊരു വിമുഖതയുമില്ല. ഇനി സ്വന്തമനുഭവത്തിന്റെ പശ്ചാത്തലത്തില്‍ നോക്കുമ്പോഴും സംഘശാഖയിലൂടെ ലഭിച്ച ദൃഷ്ടിയൊന്നുകൊണ്ട് മാത്രമാണ് ജാതിയെന്തെന്ന് നോക്കാതെ വിവാഹിതനാവാനും മകനെ വിദ്യാലയത്തില്‍ ചേര്‍ത്തപ്പോള്‍ സംശയലേശമെന്യേ ജാതിയില്ലെന്ന് എഴുതി നല്‍കാനുമൊക്കെ സാധിച്ചത്.
ഈ ദിശയില്‍ ഇനിയുമൊട്ടേറെ മുന്നോട്ട് പോവേണ്ടതുണ്ട്. അനൈക്യത്തിന്റെ മൂലകാരണമായ ജാതി ചിന്തയെ ഉള്ളില്‍ നിന്നും വേരോടെ പിഴുതു കളയുവാന്‍ നമ്മുടെ കാര്യപദ്ധതി സക്ഷമമാണെന്ന് തെളിയിച്ചു കഴിഞ്ഞു. അതുകൊണ്ട് ശാഖയുടെ കരവലയത്തിലേക്ക് കൂടുതലാള്‍ക്കാരെ എത്തിക്കാനുള്ള പരിശ്രമം കൂടുതല്‍ ശക്തിയോടെ തുടരേണ്ടതുണ്ട്. ജാതി ഭേദം മറന്ന് ഭാരതം ഒരു കുടുംബമായി മാറുമ്പോഴേ ഈ നാടുദ്‌ഘോഷിച്ച വസുധൈവ കുടുംബകം പോലുള്ള മഹദ്ദര്‍ശനങ്ങളെ ചെവിക്കൊള്ളാന്‍ ലോകവും തയ്യാറാവുകയുള്ളൂവെന്ന് നാം തിരിച്ചറിയണം. വൈര്യനിര്യാതനങ്ങളില്ലാത്ത വൈഭവസമ്പന്നമായ ഭാരതത്തെ പടുത്തുയര്‍ത്താന്‍ സംഘസാധനയെ നമുക്ക് ജീവിതവ്രതമാക്കാം.