പാര്‍ത്ഥസാരഥി തെളിച്ച തേരില്‍ ധര്‍മ്മക്ഷേത്രമായ കുരുക്ഷേത്രത്തിലെത്തിയ പാര്‍ത്ഥന്റെ കൈകള്‍ വിറച്ചതും ശരീരം തളര്‍ന്നതും യുദ്ധത്തിന്റെ മുന്നൊരുക്കങ്ങളില്ലാതിരുന്നതു കൊണ്ടായിരുന്നില്ല. ആള്‍ബലം വേണ്ടത്ര സംഘടിപ്പിക്കാന്‍ കഴിയാതിരുന്നിട്ടായിരുന്നില്ല. ശസ്ത്ര ബലം വേണ്ടത്ര സംഭരിക്കാന്‍ കഴിയാതിരുന്നിട്ടായിരുന്നില്ല, യുദ്ധത്തിന് സ്വയം ഒരുങ്ങേണ്ടിടത്ത് വിഷയാസക്തി പെരുത്ത് പുതിയ പെണ്‍സൗഹൃദങ്ങള്‍ തരപ്പെടുത്തി വഴി വിട്ടു പോയതുകൊണ്ടുമായിരുന്നില്ല. ഒരു ചെറിയ സംശയം! മൗലികമായ സംശയം! ധര്‍മ്മരക്ഷയ്ക്ക് താന്‍ ഗാണ്ഡീവമെടുത്താല്‍ അടര്‍ക്കളത്തില്‍ അരിഞ്ഞു വീഴ്ത്തപ്പെടാന്‍ പോകുന്ന ജന്മങ്ങള്‍ തന്റെ പ്രവര്‍ത്തിയിലെ ധാര്‍മ്മികതയ്ക്ക് ഗ്ലാനി വരുത്തുമോ? അവിടെ ഉത്തരം നല്‍കിയത് ഭഗവാന്‍ കൃഷ്ണന്‍ ഭഗവദ് ഗീതയിലൂടെയായിരുന്നു. ഭഗവദ്ഗീത ഉള്‍ക്കൊണ്ട അര്‍ജ്ജുനന്‍ സ്ഥിതപ്രജ്ഞനായി യുദ്ധക്കളം നിറഞ്ഞു. യുദ്ധത്തിന്റെ ഗതി നിയന്ത്രിച്ചു. ധര്‍മ്മവിജയം നേടിയെടുത്തു. അത് ദ്വാപരയുഗത്തില്‍! കലികാലത്തും ഭാരതഭൂമിയില്‍ വീണ്ടും യുദ്ധകാഹളം മുഴങ്ങി. പ്രതിരോധമൊരുക്കുവാന്‍ ചുമതലപ്പെടുത്തപ്പെട്ട ഭരണാധികാരി ധൃതരാഷ്ട്രരെയാണ് ഓര്‍മ്മപ്പെടുത്തിയത്. എല്ലാ അര്‍ത്ഥത്തിലും അര്‍ജുനന്‍ സഞ്ചരിച്ച വഴികളുടെ എതിര്‍ ദിശയില്‍ സഞ്ചരിച്ച ധൃതരാഷ്ട്രര്‍! പരാജയം ചോദിച്ചു വാങ്ങുകയായിരുന്നു. ഭരണാധികാരിയുടെ വീഴ്ച ജനാധിപത്യ ഭാരതത്തിന്റെ പരാജയവും കമ്മ്യൂണിസ്റ്റ് ഫാസിസ്റ്റ് ചൈനയുടെ സാമ്രാജ്യത്വ ശക്തിയുടെ വിജയവുമാണ് വരുത്തിവെച്ചത്.
മഹര്‍ഷി അരവിന്ദനും വീര സവര്‍ക്കറും ഡോ അംബേദ്കറും സര്‍ദാര്‍ പട്ടേലും എല്ലാം നല്‍കിയ മുന്നറിയിപ്പുകള്‍ ജവഹര്‍ലാല്‍ നെഹ്രു അവഗണിച്ചു. കമ്മ്യൂണിസ്റ്റ് ചൈന ഉയര്‍ത്തുന്ന സാമ്രാജ്യത്വ ഭീഷണിയെ നേരിടുവാന്‍ ഭാരതത്തിന്റെ ഭദ്രതയും സുരക്ഷയും ഉറപ്പുനല്‍കുന്ന നയവും നടപടികളും സ്വീകരിച്ച് രാജ്യത്തെ പ്രതിരോധസജ്ജമാക്കേണ്ടതായിരുന്നു സ്വതന്ത്ര ഭാരത പ്രധാനമന്ത്രിയുടെ പ്രഥമ പരിഗണന. പക്ഷേ ആഭ്യന്തര മേഖലയില്‍ അധികാരം അരക്കിട്ടുറപ്പിക്കുകയും ആഗോളതലത്തില്‍ പ്രശസ്തി ഉറപ്പാക്കുകയുമായിരുന്നു പ്രധാനമന്ത്രി നെഹ്രുവിന്റെ പരിഗണനാ പട്ടികയില്‍ പ്രധാനം. അതിനിടെ, അവസരം നോക്കിയിരുന്ന കമ്മ്യൂണിസ്റ്റ് ഫാസിസ്റ്റ് ചൈനാ ഭരണകൂടം സാമ്രാജ്യത്വ വിപൂലീകരണം ലക്ഷ്യമാക്കി 1962ല്‍ ഭാരതത്തിന്റെ മണ്ണിലേക്കു കടന്നുകയറി. പ്രതിരോധിക്കാനാകാതെ അടിപതറിയ ആദ്യ പ്രധാനമന്ത്രിയോട് ഭാരതം ചോദിച്ച ചോദ്യങ്ങള്‍ക്ക് സത്യസന്ധമായ ഉത്തരങ്ങള്‍ ഇനിയെങ്കിലും കണ്ടെത്തിയേ തീരൂ. നെഹ്രുവിനെ വിചാരണ ചെയ്യുന്നതിലുള്ള മോഹം കൊണ്ടല്ല. ആ ഉത്തരങ്ങള്‍ നാളത്തെ ഭാരതത്തിന്റെ പ്രതിരോധവഴികള്‍ പുനര്‍നിശ്ചയിക്കുവാനുതകുന്ന അനുഭവപാഠങ്ങളായിരിക്കും എന്നുള്ളതുകൊണ്ടാണ് ആ വഴിക്കുള്ള ഏതന്വേഷണവും സകാരാത്മകമാകുന്നത്. ആ ഉത്തരങ്ങളിലേക്കുള്ള അന്വേഷണത്തില്‍ തെറ്റു പറ്റിയ ഭരണസംവിധാനവും വീഴ്ചയ്ക്ക് വഴിവെച്ച ഭരണാധികാരിയുടെ വ്യക്തിത്വ സവിശേഷതകളും പഠനവിധേയമാക്കേണ്ടത് അനിവാര്യവുമാണ്.
‘The Great Indian Novel’ എന്ന ഡോ.ശശി തരൂരിന്റെ ഏറ്റവും ശ്രദ്ധേയമായ സാഹിത്യ സൃഷ്ടിയില്‍ ജവഹര്‍ലാല്‍ നെഹ്രുവിനെ അവതരിപ്പിച്ചിരിക്കുന്നത് അന്ധനായ ധൃതരാഷ്ട്രരായിട്ടാണ്. കലികാല ധൃതരാഷ്ട്രരായിട്ട് നെഹ്രുവിനെ അവതരിപ്പിച്ചിട്ട് തരൂര്‍ ഒരു നിരീക്ഷണം നടത്തി: ‘He had the blind man’s gift of seeing the world not as it was, but as he wanted it to be.. Even better he was able to convince every one around him that his vision was superior to theirs.’ (അദ്ദേഹത്തിന് ലോകം എങ്ങനെയാണോ അങ്ങനെ കാണാതെയിരിക്കുവാനും പകരം താനെങ്ങനെ കാണാനാഗ്രഹിക്കുന്നുവോ അങ്ങനെ കാണാനുമുള്ള അന്ധന്റെ ‘വരദാനം’ ഉണ്ടായിരുന്നു. അതിനപ്പുറം, തന്റെ ലോകവീക്ഷണമാണ് തനിക്കു ചുറ്റുമൂള്ള എല്ലാവരുടെയും വീക്ഷണങ്ങളേക്കാള്‍ കേമം എന്ന് അവരെ സമ്മതിപ്പിക്കുവാനുള്ള കഴിവും അദ്ദേഹത്തിന് ഉണ്ടായിരുന്നു)
ഡോ. തരൂരിന്റെ ഈ നിരീക്ഷണങ്ങള്‍ ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രി ചൈനാ അക്രമണത്തിനു മുന്നില്‍ പ്രതിരോധമില്ലാതെ അടിപതറിയതിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്നവര്‍ക്ക് വളരെ പ്രയോജനപ്പെടുന്നവയാണ്.
ചുറ്റും നടക്കുന്ന കാഴ്ചകള്‍ അദ്ദേഹം കാണാന്‍ ശ്രമിച്ചില്ല. അദ്ദേഹത്തിനു കാണാന്‍ കഴിഞ്ഞതുമില്ല. കണ്ടവര്‍ (അവര്‍ എത്ര മഹാന്മാരായിരുന്നെങ്കിലും) പറഞ്ഞതൊന്നിനും നെഹ്രു ചെവികൊടുത്തതുമില്ല. കാണാതെ, താന്‍ മനസ്സില്‍ സൂക്ഷിച്ച ധാരണകളില്‍ രൂപം കൊടുത്തതൊക്കെയാണ് കേമം എന്ന് ചുറ്റുമുള്ള ഭിക്ഷാംദേഹികളെ പറഞ്ഞ് കേള്‍പ്പിച്ച് അവരുടെ പുകഴ്ത്തുപാട്ടുകള്‍ കേട്ട് സ്വയം ‘അമ്പടാ ഞാനേ’ എന്ന് രോമാഞ്ചം കൊണ്ടുകൊണ്ട് അപകടകരമായ നിസംഗത പാലിക്കുന്നതായി നെഹ്രുവിന്റെ സമ്പ്രദായം. അങ്ങനെയൊരു രീതി അവലംബിച്ച് സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രി കണ്ണടച്ചിരുട്ടാക്കിയതിന്റെ ദുരന്തഫലമാണ് 1962 ല്‍ കമ്മ്യൂണിസ്റ്റു ചൈന സാമ്രാജ്രത്വ ലക്ഷ്യത്തോടെ അതിര്‍ത്തി കടന്ന് ആക്രമിച്ചപ്പോള്‍ ഭാരതത്തിന് അനുഭവിക്കേണ്ടി വന്നത്.
വിദേശ അധിനിവേശ ശക്തികളുടെ കടന്നാക്രമണത്തില്‍ നൂറ്റാണ്ടുകളുടെ പാരതന്ത്ര്യത്തില്‍ നിന്നാണ് ഭാരതം സ്വതന്ത്രമായതെന്നത് അനുഭവപാഠമാകണമായിരുന്നു. രണ്ടാം ലോക മഹായുദ്ധ ശേഷം ലോക രാജ്യങ്ങളുടെ പ്രതിരോധ സാമ്പത്തിക മേഖലകളിലെ ശക്തി ദൗര്‍ബല്യങ്ങള്‍ കണക്കിലെടുത്ത് സ്വതന്ത്ര ഭാരതത്തിനു നേരേ ഉയര്‍ന്നു വരാനിടയുള്ള ചൈന, സോവിയറ്റ് യൂണിയന്‍, യുഎസ്സ്എ, തുടങ്ങിയ സാമ്രാജ്യത്വ ശക്തികളുടെ വെല്ലുവിളികളെ നേരിടുന്നതിനുള്ള നയതന്ത്രവും ഭരണതന്ത്രവും മെനഞ്ഞെടുത്ത് പ്രതിരോധ സജ്ജമാക്കണമായിരുന്നു. ബ്രിട്ടീഷുകാര്‍ കൈമാറിയിട്ടു പോയ പ്രതിരോധ സംവിധാനത്തിലെ ഇന്‍ഡ്യന്‍ മനുഷ്യശക്തിയുടെ പ്രഹര ശേഷി പരമാവധിയിലേക്ക് ഉയര്‍ത്താമായിരുന്നു. പ്രതിരോധ സാമഗ്രികള്‍ നിര്‍മ്മിക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് ഫാക്ടറികളുടെ ഉത്പാദന – സേവനശേഷി കാര്യക്ഷമമായി വര്‍ദ്ധിപ്പിക്കാമായിരുന്നു. നേതാജി സുഭാഷ് ചന്ദ്ര ബോസ് നയിച്ച ഇന്‍ഡ്യന്‍ നാഷണല്‍ ആര്‍മിയില്‍ സേവനം ചെയ്തവര്‍ ഭാരതമാതാവിനു വേണ്ടി ജീവന്‍ കൊടുക്കാനിറങ്ങിത്തിരിച്ചവരായിരുന്നു. അവരെ നന്ദിയോടെ, ആദരപൂര്‍വ്വം ഭാരതീയ പ്രതിരോധരംഗത്തെ മനുഷ്യശേഷിയിലേക്ക് കൂട്ടി ചേര്‍ക്കാമായിരുന്നു. അതിനൊക്കെ പകരം സംഭവിച്ചത് ഓര്‍ഡിനന്‍സ് ഫാക്ടറികളെ അവഗണിച്ചു. ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ വിമുക്ത ഭടന്മാരെ അധിക്ഷേപിച്ച് പുറത്തുനിര്‍ത്തി. ഭാരതത്തിന്റെ പ്രതിരോധസേനയെ ഒരിക്കലും വേണ്ടവിധം ബഹുമാനത്തോടെ പരിഗണിച്ചതുമില്ല. ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരെ സംശയത്തോടെ കണ്ട് അകറ്റിനിര്‍ത്തി. കഴിയുന്നിടത്തോളം പ്രധാനമന്ത്രിയുടെ ബന്ധുക്കളെയും വേണ്ടപ്പെട്ടവരെയും സ്തുതിപാഠകന്മാരെയും പ്രതിരോധമന്തിയുടെ ഇടപെടലുകളിലൂടെ ഒരുക്കിയെടുത്ത സമാന്തര നിയന്ത്രണ സംവിധാനങ്ങളുടെ താക്കോല്‍ സ്ഥാനങ്ങളിലിരുത്തി. മറ്റൊരു വഴിയിലൂടെ വലിയ ഒരു പട്ടാളത്തെ തീറ്റിപ്പോറ്റുന്നത് അനാവശ്യ ഭാരമാണെന്നും യുദ്ധം ഇല്ലാതെ വെറുതെയിരിക്കന്നവരായതുകൊണ്ട് വയലുകളില്‍ കൃഷിപ്പണിക്ക് ഉപയോഗിക്കണമെന്നുവരെ പാര്‍ലമെന്റില്‍ സൂചിപ്പിക്കുന്ന ധിക്കാരവും പൊതു ജനം കണ്ടു. അപകടകരമായ മറ്റൊരു പ്രവണത യുദ്ധതന്ത്രങ്ങളില്‍ മികവും നേര്‍ക്ക് നേര്‍ പോരാട്ടങ്ങളില്‍ ഉശിരും തെളിയിച്ച സേനാ അധികാരികളുടെ നിര്‍ദ്ദേശങ്ങളെ അവഗണിച്ച് (‘കണ്ട നീ അങ്ങോട്ടു മാറി നിക്ക്’, കേട്ട ഞാന്‍ പറയാം’ എന്നു പറയും പോലെ) രാഷ്ട്രീയ അധികാരികളും സിവില്‍ ഉദ്യോഗസ്ഥന്മാരും തന്നിഷ്ടം നടപ്പാക്കുന്നതിനു കാണിച്ച ധിക്കാരപരമായ ഇടപെടലുകളുടേതായിരുന്നു. അക്കാര്യത്തിലേക്ക് വെളിച്ചം വീശുന്ന ഒരു സംഭവം നോക്കാം.
വ്യത്യാസം നെഹ്‌റുവും ശാസ്ത്രിയും തമ്മില്‍
1962ലെ ചൈനീസ് ആക്രമണം. സെപ്റ്റംബര്‍ 8: തര്‍ക്കത്തിലായിരുന്ന തഗ്ലേ പാലത്തിന് വടക്കുഭാഗത്തുള്ള സെന്‍ജാങ്ങിലെ ഇന്‍ഡ്യന്‍ ആര്‍മിയുടെ ഒരു ചെറിയ പോസ്റ്റിനെ ചൈനീസ് കടന്നുകയറ്റ സൈന്യംവളഞ്ഞു കഴിഞ്ഞപ്പോള്‍ കരസേനാ മേധാവി ജനറല്‍ ഥാപ്പറുടെ അഭിപ്രായത്തെ തള്ളിക്കളഞ്ഞ് പ്രതിരോധമന്ത്രി സേനയോട് മുന്നോട്ട് പോകാന്‍ ഉത്തരവിട്ടു. പക്ഷേ മുന്നോട്ടു പോകുന്നതിന്റെ അപകടം മുന്നില്‍ കണ്ട് ഉടന്‍ തന്നെ ഒരു സാഹസത്തിനു സേന തയാറായില്ല. സെപ്റ്റംബര്‍ 30ന് പ്രധാനമന്ത്രി വിദേശത്തുനിന്ന് മടങ്ങി വന്നപ്പോള്‍ സര്‍ക്കാരിന്റെ ആജ്ഞകള്‍ സേന നടപ്പില്‍ വരുത്തിയില്ലായെന്ന് കേട്ട് കോപാകുലനായി. തന്ത്രപരമായ കാരണങ്ങളാല്‍ കരസേനാ മേധാവി ഉയര്‍ത്തിക്കാട്ടിയ വരുംവരാഴികകളുടെ സൂചനകളെ നിര്‍ദ്ദാക്ഷിണ്യം വീണ്ടും തള്ളിക്കളഞ്ഞുകൊണ്ട് ജവഹര്‍ ലാല്‍ നെഹ്രു ശബ്ദമുയര്‍ത്തി: ‘ചൈനക്കാര്‍ ദില്ലി വരെയെത്തിയാലും എനിക്കു പ്രശ്‌നമില്ല. അവരെ തഗ്ലയില്‍ നിന്ന് പുറത്തെറിഞ്ഞേ തീരൂ’. ആ പ്രത്യേക തീരുമാനത്തിന്റെ ശരിതെറ്റുകള്‍ക്കപ്പുറം ഒരു ഭരണാധികാരി തന്റെ പ്രതിരോധസേനയുടെ മേധാവിയോടെടുത്ത അസ്വീകാര്യമായ ഇടപെടല്‍ രീതിയാണിവിടെ പരിഗണനാ വിഷയം.സമാനമായ ഒരു സാഹചര്യത്തില്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി എങ്ങനെ പെരുമാറിയെന്നു നോക്കാം 1965ലെ ഇന്‍ഡോ പാക്ക് യുദ്ധം. യുദ്ധത്തില്‍ അന്തര്‍ദേശീയ അതിര്‍ത്തി കടന്നും ശത്രുവിനെ ആക്രമിക്കാന്‍ ഭാരത സര്‍ക്കാര്‍ തീരുമാനിക്കുന്നതിനു മുമ്പാണ് സംഭവം. ഭാരതത്തിനുള്ളില്‍ ശ്രീനഗറിലേക്കുള്ള വഴി മുറിക്കുവാന്‍ പാകിസ്ഥാന്‍ ആക്രമണകാരികള്‍ പോരൊരുക്കുകയും അവര്‍ അക്കാര്യത്തില്‍ ഏതാണ്ട് വിജയിക്കുകയും ചെയ്തു. ലഫ്റ്റനന്റ് ജനറല്‍ ഹര്‍ബക്‌സ് സിങ്ങായിരുന്നു സിയാല്‍ക്കോട്ട്-ശ്രീനഗര്‍ സെക്ടറിലെ സേനാ കമാന്‍ഡര്‍. പാക് പട്ടാളത്തിന് ഒരേ യുദ്ധമുഖത്ത് ശക്തി കേന്ദ്രീകരിച്ച് പടപൊരുതുന്നതിനുള്ള അവസരം തകര്‍ത്ത് രണ്ടാമതൊരു പോര്‍മുഖം തുറന്ന് അവരുടെ ഉള്ള ശക്തിയെ രണ്ടിടത്തായി വിഭജിച്ചു നല്‍കേണ്ടി വരുന്ന അവസ്ഥയുണ്ടാക്കാനാണ് സേനാനായകന്റെ മനസ്സിലുദിച്ച ആശയം. പക്ഷേ അങ്ങനെ ചെയ്യണമെങ്കില്‍ അന്തരാഷ്ട്ര അതിര്‍ത്തി കടക്കാതെ പറ്റില്ലായിരുന്നൂവെന്നതായിരുന്നു അദ്ദേഹത്തിന്റെ വഴിമുടക്കിയ പ്രശ്‌നം. സര്‍ക്കാരിലാരും അങ്ങനെയൊരു തീരുമാനം എടുക്കാന്‍ തയാറായിരുന്നില്ല. അവസാനം മിലിട്ടറി കമാന്‍ഡര്‍, മറ്റുവഴിയൊന്നുമില്ലാത്തതുകൊണ്ട്, പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയെ തന്നെ കണ്ടു. പാകിസ്ഥാന്‍ ഭാരതത്തിനുമേല്‍ ചെലുത്തുന്ന സമ്മര്‍ദ്ദം കുറയ്ക്കുവാന്‍ രണ്ടാമതൊരു പോര്‍മുഖം തുറക്കേണ്ടതിന്റെ ആവശ്യകത വിവരിച്ചത് കേട്ട്,
ശാസ്ത്രിജി: ‘അങ്ങനെ ചെയ്യുന്നതില്‍ നിന്ന് എന്താണ് നിങ്ങളെ തടസ്സപ്പെടുത്തുന്നത്?’.
ലഫ്റ്റനന്റ് ജനറല്‍: ‘എനിക്ക് അന്തര്‍ദേശീയ അതിര്‍ത്തി കടക്കേണ്ടിവരും. മറ്റൊരു മാര്‍ഗവുമില്ല’
ഒട്ടും വൈകാതെ ഉറച്ച ശബ്ദത്തില്‍ ശാസ്ത്രിജി: “Cross it” (കടന്നുകൊള്ളുക).
പിന്നീട് ലഫ്റ്റനന്റ് ജനറല്‍ ഹര്‍ ബക്‌സ് സിങ്ങ് മാധ്യമ പ്രവര്‍ത്തകന്‍ കുല്‍ദീപ് സിങ്ങുമായുള്ള ഒരു അഭിമുഖത്തില്‍ വിവരിച്ചു: ‘ഒരു കുറിയ മനുഷ്യന്‍ ഇന്ത്യന്‍ സേനയെ സഹായിക്കുവാനുള്ള ഏറ്റവും വലിയ ആ തീരുമാനമെടുക്കുന്നതിന് ഒട്ടും സമയമെടുത്തില്ല’.
പ്രതിരോധ രംഗത്തെ കാര്യപദ്ധതികളിലും കാര്യനിര്‍വഹണത്തിലും കരുതലുകളിലും സംഭവിച്ച വീഴ്ചകളുടെ ആഘാതം വര്‍ദ്ധിപ്പിക്കുന്നതായിരുന്നു ഭാരതത്തിന്റെ ദേശീയ താത്പര്യങ്ങള്‍ കണക്കിലെടുക്കാതെയുള്ള നയതന്ത്രതലത്തിലെ നിലപാടുകളും ഇടപെടലുകളും. പര്യാപ്തമായ പ്രതിരോധ രണതന്ത്രവും അതില്‍ പിഴവു വീഴാതെ സൂക്ഷിക്കാനുതകുന്ന തന്ത്രങ്ങളും കൗശലങ്ങളും വേണ്ടത്ര ഉള്‍ക്കൊള്ളിച്ചിട്ടുള്ള വിദേശനയവും രൂപപ്പെടുത്തി വളര്‍ത്തേണ്ടത് സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ ഭരണാധികാരിയുടെ കടമയായിരുന്നു. രണ്ടു മേഖലകളിലും എട്ടുനിലയില്‍ പൊട്ടുന്നത് കാണുന്നതിനായിരുന്നു ഭാരതീയന്റെ വിധി. പ്രധാനമന്ത്രി നെഹ്രുവിന്റെ പേരും പെരുമയും പരത്തുകയെന്നതു മാത്രമായി അന്നത്തെ നയതന്ത്ര പ്രവര്‍ത്തനങ്ങളുടെ കാതല്‍. ചേരിചേരാനയത്തിലേക്കു നീങ്ങിയതും ഏഷ്യന്‍ സമന്വയത്തിനുള്ള നയതന്ത്രം പയറ്റാന്‍ നോക്കിയതുമൊക്കെ ഭാരതത്തെ എങ്ങനെ ബാധിക്കുമെന്ന് കണക്കിലെടുക്കാതെ ജവഹര്‍ലാല്‍ നെഹ്രുവിനെ ആഗോളതലത്തില്‍ മഹത്വവത്കരിക്കുന്നതിനെ മാത്രം ലക്ഷ്യമാക്കിയുള്ള കര്‍മ്മപരിപാടിയായിരുന്നു. ഫലമോ ഭാരതത്തിന് നേരെയൊരു കടന്നാക്രമണം ഉണ്ടായാല്‍ കൂടെ നില്‍ക്കുവാന്‍ കരുത്തും കടപ്പാടുമുള്ള ഒരു രാജ്യവുമില്ലാത്ത അവസ്ഥയായി. 1951ല്‍ നെഹ്രുമന്ത്രി സഭയില്‍ നിന്നു രാജി വച്ചശേഷം ലോകസഭയില്‍ നടത്തിയ പ്രഭാഷണത്തില്‍ ഡോ. അംബേദ്കര്‍ പറഞ്ഞത് 1947ല്‍ സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ഒരു രാജ്യവും ശത്രു പക്ഷത്തില്ലായിരുന്ന ഭാരതത്തിന് 1950 ആയപ്പഴേക്കും ആരും കൂടെയില്ലാത്ത ഐക്യരാഷ്ട്രസഭയില്‍ ഒരു പ്രമേയം അവതരിപ്പിച്ചാല്‍ പിന്തുണയ്ക്കാന്‍ ഒരു രാജ്യംപോലും ഇല്ലാത്ത അവസ്ഥയായിയെന്നാണ്. അമേരിക്കയും മറ്റും ഭാരതം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിലുണ്ടാകണമെന്ന് നിര്‍ദ്ദേശിച്ചിടത്ത് ആ സ്ഥാനം ചൈനയ്ക്ക് നല്‍ക്കുവാനിറങ്ങിത്തിരിച്ച്, തന്ത്രപരമായ അബദ്ധം കാട്ടുകയും ജനാധിപത്യ ലോകത്തിന്റെ പരിഭവം സമ്പാദിക്കയും ചെയ്ത വിവേകമില്ലാത്ത വിദേശനയമാണ് നെഹ്രു സര്‍ക്കാര്‍ കൈക്കൊണ്ടത്. വിദേശനയത്തിലും പ്രതിരോധത്തിലും ഉണ്ടായ പാളിച്ചകളുടെ ഫലമായി മുഖത്തടിയേറ്റ അനുഭവമാണ് 1962 ലെ ചൈനീസ് ആക്രമണത്തിനിടെ സംഭവിച്ചത്. നിവര്‍ത്തികെട്ട് അമേരിക്കയിലെ കെന്നഡി ഭരണകൂടത്തിനോട് നെഹ്രു സഹായം തേടി അപേക്ഷ അയച്ചുയെന്നാണ് ജസ്വന്ത്‌സിംഗ് അദ്ദേഹത്തിന്റെ A Call to Honour എന്ന ഗ്രന്ഥത്തില്‍ ആധികാരികതയോടെ വെളിച്ചത്തു കൊണ്ടു വന്നത്. 1962 നവംബറില്‍ ജവഹര്‍ലാല്‍ നെഹ്രു ജോണ്‍ എഫ് കെന്നഡിക്ക് സ്വന്തം ക്യാബിനറ്റിനോടു പോലും ആലോചിക്കാതെ രണ്ടു കത്തുകളാണയച്ചത്. ചൈനയ്‌ക്കെതിരെ പടപൊരുതാന്‍ ആള്‍ ശക്തിയും വിമാനങ്ങളും ഇന്ത്യന്‍ സേനയ്ക്ക് പരിശീലനവും ആവശ്യപ്പെട്ടുകൊണ്ട് ടഛട. ആ കത്തുകളും അവയ്ക്ക് അമേരിക്കന്‍ പ്രസിഡന്റ് കൊടുത്ത പരിഗണനയും ദേശാഭിമാനിയായ ഏതൊരു ഭാരതീയനും വേദനയോടെയേ ഓര്‍ക്കാന്‍ കഴിയൂ. പ്രധാനമന്ത്രി നെഹ്രു പ്രസിഡന്റ് കെന്നഡിക്കയച്ച കത്തിലെ ആവശ്യമൊന്നും നടക്കില്ലായെന്ന തീരുമാനം അന്നത്തെ അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഡീന്‍ റസ്‌ക് അമേരിക്കന്‍ അംബാസിഡര്‍ ജോണ്‍ കെ ഗള്‍ബ്‌റൈത്തിനെ രണ്ട് ടെലഗ്രാം സന്ദേശങ്ങള്‍ വഴി അറിയിക്കുകയാണ് ഉണ്ടായത്. വായിച്ചു തന്നെ വിലയിരുത്തേണ്ടതാണ് സന്ദേശങ്ങള്‍:
1. The United States cannot give maximum military support to India while most of India’s forces are engaged against Pakistan over an issue where American interest in self-determination of the people directly concerned had caused us since 1954 to be sympathetic to Pakistan’s claims.
Latest message from Pr Min in effect proposes not only a military alliance between India and United States but complete commitment by us to fighting a war. We recognised this might be immediate reaction of a government in a desperate position but it is a proposal which cannot be reconciled with any further pretence of non-alignment. If this is what Mr Nehru has in mind, he should be entirely clear about it before we even can consider our own decision.
(‘ബന്ധപ്പെട്ട ജനങ്ങളുടെ സ്വയം നിര്‍ണ്ണായകാവകാശത്തിന്റെ കാര്യത്തില്‍ അമേരിക്കയ്ക്ക് പാകിസ്ഥാന്റെ അവകാശവാദങ്ങളോട് 1954 മുതല്‍ അനുഭാവവും താത്പര്യവും ഉണ്ടാകാനിടയായ ഒരു വിഷയത്തില്‍ ഭാരതത്തിന്റെ സൈനിക ശക്തിയുടെ ഭൂരിപക്ഷവും പാകിസ്ഥാനെതിരെ നിയോഗിക്കപ്പെട്ടിരിക്കുമ്പോള്‍ ഭാരതത്തിന് പട്ടാള സഹായം ചെയ്യാന്‍ അമേരിക്കയ്ക്കു കഴിയുകയില്ല.’
‘പ്രധാനമന്ത്രിയുടെ ഏറ്റവും ഒടുവിലത്തെ സന്ദേശം, യഥാര്‍ത്ഥത്തില്‍ ആവശ്യപ്പെടുന്നത് ഭാരതവും യുണൈറ്റഡ് സ്റ്റേറ്റ്‌സും തമ്മില്‍ ഒരു സൈനിക സന്ധി മാത്രമല്ല, നമ്മോട് ഒരു യുദ്ധത്തില്‍ പൂര്‍ണ്ണമായി പങ്കെടുക്കാനുള്ള ഉറപ്പും കൂടിയാണ്. ഇത് നിരാശരായ ഒരു രാജ്യത്തിന്റെ എടുത്തു ചാടിയുള്ള ഒരു പ്രതികരണമാണെന്ന് നമ്മള്‍ തിരിച്ചറിയുന്നു. പക്ഷേ ഈ നിര്‍ദ്ദേശം ഇനിയും (ഭാരതത്തിന്റെ) ചേരിചേരാ നയത്തിനോടൊപ്പമാണെന്ന നിലപാടിനോട് ചേര്‍ന്നുപോകില്ല. അതാണ് മിസ്റ്റര്‍ നെഹ്രുവിന്റെ മനസ്സിലുള്ളതെങ്കില്‍, നമ്മളുടെ അക്കാര്യത്തിലെ തീരുമാനം പരിഗണിക്കുന്നതിനു മുമ്പു തന്നെ, അദ്ദേഹം അതിനെ കുറിച്ച് (ചേരിചേരാനയത്തെ കുറിച്ച്) പരിപൂര്‍ണ്ണ വ്യക്തത വരുത്തട്ടെ.’)
ചൈനീസ് അക്രമണത്തില്‍ ഗത്യന്തരമില്ലാതെ വന്ന ജനാധിപത്യഭാരതത്തിന്റെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയോട് സൈനിക സഹായം തേടി കത്തയച്ചിട്ട് നേരിട്ട് ഒരു മറുപടി പോലും അയച്ചില്ല. അമേരിക്കന്‍ നിലപാട് ആ രാജ്യത്തിന്റെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഭാരതത്തിലെ അമേരിക്കന്‍ അംബാസിഡറെ അറിയിക്കുക മാത്രമാണ് ചെയ്തത്. അന്ന് അന്തരാഷ്ട്ര തലത്തില്‍ ഭാരതത്തിന്റെ സ്വാധീനത്തെ ജവഹര്‍ലാല്‍ നെഹ്രു ഏതവസ്ഥയിലെത്തിച്ചുയെന്നതിന്റെ ചരിത്രപാഠം.
ആഭ്യന്തര മേഖലയില്‍ അധികാരം അരക്കിട്ടുറപ്പിക്കുന്നതിന് ജവഹര്‍ലാല്‍ നെഹ്രു നല്‍കിയ മുന്‍ഗണനയും അതിനൊരുക്കിയ രണതന്ത്രവും കൂടി പഠിച്ചറിയുമ്പഴേ പ്രതിരോധം ഉള്‍പ്പടെയുള്ള മേഖലകളിലുണ്ടായ നോട്ടക്കുറവുകളുടെ വഴി വ്യക്തമാകൂ. പുതിയ ഭാരതത്തിന്റെ ഭരണക്രമത്തിന്റെ കേന്ദ്രബിന്ദുവായി നെഹ്രു സ്വയം പ്രതിഷ്ഠിച്ചു. നെഹ്രുവിന്റെ മുന്‍ഗണനാ പട്ടികയിലെ അടുത്തയിനം തന്റെ മകളും അനന്തര തലമുറകളും ഭാവി ഭാരതത്തിന്റെ ഭരണാധികാരം ഇളക്കമില്ലാത്ത കുടുംബാവകാശം പോലെ അനുഭവിക്കുവാന്‍ ഇടവരുത്തണമെന്നുള്ളതും! അതിനു തടസ്സമെന്നു കരുതിയ വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും വീക്ഷണങ്ങളുടെയും ഉന്മൂലനാശം വരുത്തുന്നതിനുള്ള കുതന്ത്രങ്ങള്‍ക്കായി പ്രധാനമന്ത്രി നെഹ്രുവിന്റെ മുന്‍ഗണന. ആ വക ലക്ഷ്യങ്ങള്‍ക്കുതകും വിധം കോണ്‍ഗ്രസ്സിനുള്ളില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യം തകര്‍ത്ത് അപ്രസക്തമാക്കി. ആ പ്രക്രിയ സ്വാതന്ത്യ സമര കാലത്തു തന്നെ തുടങ്ങിയതാണ്. പൂര്‍ണ്ണസ്വരാജ് പ്രഖ്യാപിച്ച നിര്‍ണായക ചുവടുവെപ്പ് നടത്തിയ ശേഷം 1930ല്‍ അന്നത്തെ കോണ്‍ഗ്രസ്സ് പ്രസിഡന്റ് മോത്തിലാല്‍ നെഹ്രു സ്ഥാനമൊഴിയുമ്പോള്‍ സര്‍ദാര്‍ പട്ടേല്‍ പിന്‍ഗാമിയാകുമെന്നായിരുന്നു പാര്‍ട്ടിക്കുള്ളിലും പൊതു സമൂഹത്തിലും ഉരുത്തിരിഞ്ഞു വന്ന പൊതുധാരണ. പക്ഷേ മോത്തിലാല്‍ നെഹ്രുവിന്റെ പണത്തിന്റെ ബലത്തില്‍ സ്വാധീനിക്കപ്പെട്ട കോണ്‍ഗ്രസ്സ് നേതൃത്വം പട്ടേലിനെ ഒഴിവാക്കി ജവഹര്‍ലാല്‍ നെഹ്രുവിനു പദവിയിലെത്തിച്ചു. 1935ലും അതേ രൂപത്തില്‍ പട്ടേലിനുണ്ടായിരൂന്ന പാര്‍ട്ടിക്കുള്ളിലെ ഭൂരിപക്ഷത്തെ അട്ടിമറിച്ച് നെഹ്‌റുവിന് പ്രസിഡന്റ് പദവി തരപ്പെടുത്തി. 1939ല്‍ ഗാന്ധിജിയുടെയും നെഹ്രുവിന്റെയും സ്ഥാനാര്‍ത്ഥി പട്ടാഭി സീതാരാമയ്യയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സുഭാഷ് ചന്ദ്രബോസിനെ ജനാധിപത്യ വിരുദ്ധ വഴിയിലൂടെ സമ്മര്‍ദ്ദം പ്രയോഗിച്ചു രാജിവെപ്പിച്ചു. 1940 മുതല്‍ 1945 വരെയുള്ള ഏറ്റവും പ്രക്ഷുബ്ധ കാലത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് ഇരുന്ന മൗലാനാ അബ്ദുള്‍ കലാം ആസാദ് ഒരു തവണകൂടി തുടരുകയെന്നതായിരുന്നു സ്വാഭാവികം. പക്ഷേ ക്വിറ്റ് ഇന്‍ഡ്യാ സമരത്തെ ശക്തമായി എതിര്‍ത്ത ജവഹര്‍ലാല്‍ നെഹ്രുവിനെ പാര്‍ട്ടിയോടൊപ്പം നിര്‍ത്തിയതുള്‍പ്പടെയുള്ള മൗലാനയുടെ ഇടപെടലുകള്‍ മറന്നു. മുസ്ലീം ലീഗിന്റെ വിഭജനവാദം അപകടകരമായി വളര്‍ന്ന വെല്ലുവിളിയായി നിലനില്‍ക്കുമ്പോള്‍ മൗലാനാ പ്രസിഡന്റായി തുടരുന്നത് രാജ്യത്തിനുള്ളിലും അന്താരാഷ്ട്രതലത്തിലും ഭാരതത്തിനുയര്‍ത്താന്‍ കഴിയുന്ന മതേതരപ്രതിച്ഛായ പോലും കണക്കിലെടുത്തില്ല. അദ്ദേഹത്തെ തന്ത്രപൂര്‍വ്വം സ്വയം പിന്മാറുകയെന്ന നാടകത്തിനു വിധേയനാക്കി. കാരണം സ്പഷ്ടമായിരുന്നു. പുതിയതായി തിരഞ്ഞെടുക്കപ്പെടുന്ന കോണ്‍ഗ്രസ് പ്രസിഡന്റാകും സ്വാതന്ത്ര്യത്തോടടുക്കുന്ന ഭാരതത്തിന്റെ പ്രധാനമന്ത്രി. (ആ പദവിക്ക് കുപ്പായം അണിയിച്ചൊരുക്കി നിര്‍ത്തിയിരുന്ന ആള് വേറെയായിരുന്നു!) അങ്ങനെ പുതിയൊരു പ്രസിഡന്റാകാം എന്ന ധാരണയിലെത്തിയപ്പോള്‍ സര്‍ദാര്‍ പട്ടേലും ജവഹര്‍ലാല്‍ നെഹ്രുവും തമ്മിലായി മത്സരം. 14ല്‍ 12 പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റികളും പട്ടേലിനെ പിന്തുണച്ചതിനെ അവഗണിച്ചു കൊണ്ട് ഗാന്ധിജിയുടെ ഇടപെടലോടെ, ഭാരതത്തിന്റെ ചരിത്രം മാറ്റിമറിച്ച ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ അട്ടിമറിയിലൂടെ ഭൂരിപക്ഷമുള്ള പട്ടേല്‍ തഴയപ്പെട്ടു. നെഹ്രു പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം കവര്‍ന്നെടുത്ത് ആദ്യ പ്രധാനമന്ത്രി പദത്തിലേക്കുള്ള കുറുക്കുവഴി ചാടിക്കടന്നു. 1950ല്‍ പ്രധാനമന്ത്രി പദവി ഉപയോഗിച്ചുകൊണ്ട് അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്റിനെ പുറത്താക്കുവാനുള്ള പടപ്പുറപ്പാടു നടത്തി. പക്ഷേ സര്‍ദാര്‍ പട്ടേല്‍ ആ നീക്കത്തെ ചെറുത്തു പരാജയപ്പെടുത്തി. പക്ഷേ പട്ടേല്‍ കഥാവശേഷനായതോടെ ഭരണാധികാരവും രാഷ്ട്രീയമേല്‍ക്കോയ്മയും തന്നിലേക്ക് കേന്ദ്രീകരിച്ച് പ്രധാനമന്ത്രി പദവിയിലിരിക്കെത്തന്നെ കോണ്‍ഗ്രസ് പ്രസിഡന്റു സ്ഥാനവും ഏറ്റെടുത്തു. 1957 ആയപ്പോള്‍ മകള്‍ ഇന്ദിരാഗാന്ധിയെ കോണ്‍ഗ്രസ് പ്രസിഡന്റാക്കിക്കൊണ്ട് പാര്‍ട്ടിയില്‍ കുടുംബാധിപത്യം ഉറപ്പിച്ച് ഭരണത്തിലേക്ക് തന്റെ വംശപരമ്പരയുടെ വഴി സരളമാക്കി.
സമാന്തരമായി ഭരണ തലത്തിലെ തനിക്ക് അസൗകര്യം സൃഷ്ടിക്കുകയോ തന്നെ വെല്ലുവിളിക്കുകയോ ചെയ്യുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും, പ്രധാനമന്ത്രി പദം എന്ന അധികാരം ഉപയോഗിച്ചുതന്നെ ഇല്ലായ്മ ചെയ്യുന്നതിനുള്ള കുതന്ത്രങ്ങള്‍ മെനഞ്ഞെടുക്കുകയും ചെയ്തു. സ്വന്തം തന്നിഷ്ടങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ച ഏറ്റവും വലിയ വെല്ലുവിളി മഹാത്മജിയായിരുന്നു. തന്റെ നിലപാടുകളില്‍ വിട്ടുവീഴ്ചയ്ക്ക് ലവലേശം തയ്യാറില്ലാത്ത മഹാത്മജി തന്നിഷ്ടം നടപ്പാക്കുന്നതിന് നെഹ്‌റുവിന് തടസ്സമായി ഉയര്‍ന്നു നിന്നിരുന്നു. വീര സവര്‍ക്കറായിരുന്നു മറ്റൊരു വെല്ലുവിളി. ഭാരതത്തിന്റെ ചരിത്രവും സ്വാതന്ത്ര്യ ലബ്ധിയോടെ എത്തിനില്‍ക്കുന്ന അവസ്ഥയും ഭാവിയുടെ സാദ്ധ്യതകളും വെല്ലുവിളികളും വ്യക്തമായും കൃത്യമായും പഠിച്ചെടുത്ത മഹാപ്രതിഭ. പാര്‍ട്ടിക്കുള്ളില്‍ ഒന്നാമനായിട്ടും കുതന്ത്രങ്ങളിലൂടെ നെഹ്രു പിന്നോട്ടു തള്ളിയ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിനെയും നെഹ്രു വെല്ലുവിളിയായിട്ടാണു കണ്ടത്. ലോകത്തോട് സംവദിക്കുവാനുള്ള ഭാഷാ പ്രാവീണ്യവും, ഭൂഖണ്ഡങ്ങളുടെ അതിരുകള്‍ കടന്നുള്ള വ്യക്തിബന്ധങ്ങളും പ്രതിഭയും പ്രാഗത്ഭ്യവും അധ:സ്ഥിത സാമജത്തിന്റെ ആശയും ആവേശവുമെന്ന നിലയില്‍ ജനാധിപത്യ ഭാരതത്തില്‍ നിര്‍ണായക ജനപിന്തുണയും ഉണ്ടായിരുന്ന ഡോ ഭീം റാവ് റാംജി അംബേദ്കര്‍ ജവഹര്‍ലാലിന് നേര്‍ വഴിയിലൂടെ നേരിടാനാകാത്ത വെല്ലുവിളിയായിരുന്നു. കാഴ്ചപ്പാടിന്റെ കരുത്തുകൊണ്ടും ബൗദ്ധികമികവുകൊണ്ടും ഭരണപ്രാപ്തികൊണ്ടും ഭാരതത്തിന് പ്രതീക്ഷയായി മാറിയ ഡോ ശ്യാം പ്രസാദ് മുഖര്‍ജിയും നെഹ്രുവിന് ഉയര്‍ന്നു വളരുന്നൊരു വെല്ലുവിളിയായിരുന്നു. ആശയപരമായ വെല്ലുവിളികളുയര്‍ന്നത് മൂന്നു തലങ്ങളില്‍ നിന്നായിരുന്നു. 1) ഭാരതത്തിന്റെ അഖണ്ഡതയ്ക്കു തന്നെ ഭീഷണി ഉയര്‍ത്തിക്കൊണ്ട് സോവിയറ്റു യൂണിയനിലെയും ചൈനയിലെയും കമ്മ്യൂണിസ്റ്റ്-ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ സാമ്രാജ്യത്വ മോഹങ്ങുളുടെ ചിറകിനുള്ളിലൊളിച്ച് ഭാരതത്തില്‍ അധികാരം പിടിക്കാന്‍ കരുതിക്കൂട്ടി ഇറങ്ങിയ കമ്മ്യൂണിസ്റ്റു ശക്തികള്‍. 2) ശതാബ്ദങ്ങളായി അടിച്ചമര്‍ത്തപ്പെട്ടിരുന്നവരുടെ വിമോചനത്തിനുവേണ്ടി അംബേദ്കറിലൂടെ ഉയര്‍ന്നുവന്നുകൊണ്ടിരുന്ന അധ:സ്ഥിത വര്‍ഗ്ഗത്തിന്റെ രാഷ്ട്രീയശക്തി. 3) അവഗണിക്കപ്പെടുകയുംഅന്യവത്കരിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യപ്പെട്ടിട്ടും ഭാരതമാതാവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് സ്വയം സമര്‍പ്പിച്ച ഹിന്ദുത്വത്തിലിധിഷ്ഠിതമായ ഭാരതീയ ദേശീയതയുടെ ശക്തികള്‍.
പാര്‍ലമെന്ററി ജനാധിപത്യം ഭരണഘടനയില്‍ സ്വീകരിച്ച സ്വതന്ത്ര ഭാരതത്തില്‍ മേല്‍ പറഞ്ഞ വെല്ലുവിളികളെ അതിജീവിച്ച്, തന്റെ ആയുഷ്‌കാലം മുഴുവന്‍ താനും അതിനുശേഷം തന്റെ കുടുംബവും അധികാര കയ്യടക്കുകയെന്ന പ്രധാന ലക്ഷ്യം ജവഹര്‍ലാല്‍ നെഹ്രുവിന്റെ കൗശലം നേടിയെടുത്തതെങ്ങനെയാണെന്നു കൂടി വായിച്ചു നോക്കാം. അതിന് വിധിയും അദ്ദേഹത്തിനു വഴിയൊരുക്കിയെന്നതിവിടെ എടുത്ത് പറയേണ്ടതുണ്ട്. മഹാത്മജിയെ ഗോഡ്‌സെ ക്രൂരമായി ഇല്ലാതാക്കിയ സംഭവമാണ് നെഹ്രുവിന്റെ കയ്യിലെ പ്രഹരശേഷിയുള്ള വടിയായി മാറിയത്. ഗാന്ധിജിയെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലായെന്ന കുറ്റപ്പെടുത്തലില്‍ ആഭ്യന്തര മന്ത്രി സര്‍ദാര്‍ പട്ടേലിനെ നേരിട്ടും ഉപജാപക വൃന്ദങ്ങളുടെ വിമര്‍ശനങ്ങളിലൂടെയും കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കു വിധേയനാക്കി ഗാന്ധിവധത്തിനുശേഷമുള്ള പലനപടികളിലും നെഹ്രുവിന്റെ സ്ഥാപിത താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള വഴികളൊരുക്കി. സംഭവുമായി ഒരു ബന്ധവുമില്ലാതിരൂന്ന വീര സവര്‍ക്കറെ കള്ളക്കേസില്‍ കൂടുക്കി കാരാഗ്രഹത്തിലടച്ചു. (കാബിനറ്റിനുള്ളിലുണ്ടായിരുന്നതുകൊണ്ട് സത്യാവസ്ഥ തിരിച്ചറിഞ്ഞ നിയമമന്ത്രി ഡോ അംബേദ്കര്‍ അത് സംഭവിച്ചുള്ള വിവരങ്ങള്‍ സര്‍വക്കറുടെ അഭിഭാഷകന്‍ എല്‍ പി ബൊപാത്കറെ അങ്ങോട്ടു ചെന്നുകണ്ട് രഹസ്യമായി ചര്‍ച്ച ചെയ്തത് സ്മരിക്കുക). ഗൂഢാലോചനയുടെ വസ്തുതകളിലേക്ക് എത്തുന്നതിനുള്ള നിര്‍ണായക സൂചനകളുടെ പ്രധാന ശ്രോതസ്സുകളായിരുന്ന പ്രതികളെ സുപ്രീം കോടതിയില്‍ അപ്പീലിനു പോലും അവസരം നല്‍കാതെ തൂക്കിക്കൊന്ന് ഇല്ലാതാക്കി അന്വേഷണത്തിന്റെ വഴി മുടക്കി. സംഭവത്തിനു മുമ്പു തന്നെ ഹിന്ദുത്വത്തിലധിഷ്ഠിതമായ ദേശീയതയുടെ ശബ്ദമായ രാഷ്ട്രീയ സ്വയംസേവക സംഘത്തെ അടിച്ചതൊക്കുമെന്ന് യുദ്ധപ്രഖ്യാപനം നടത്തിയ നെഹ്രു സംഭവശേഷം കേസുമായി ഒരു ബന്ധവുമില്ലാതിരുന്നിട്ടും ബോധപൂര്‍വ്വം കള്ളക്കേസില്‍ കുടുക്കി. (ആരോപണം കോടതിയും അന്വേഷണക്കമ്മീഷനും തള്ളിയിട്ടും കള്ള പ്രചരണം ഇന്നും തുടരുന്നു.) ഗാന്ധിജിയുടെ ഇടപെടലുകള്‍ മൂലം ക്യാബിനറ്റില്‍ ഇടം കൊണ്ടു വന്ന നെഹ്രു ഭയപ്പെട്ട വ്യക്തികളില്‍ സര്‍ദാര്‍ പട്ടേല്‍ അന്തരിച്ചു. ഡോ അംബേദ്കറെയും ശ്യാമപ്രസാദ് മുഖര്‍ജിയെയും ക്യാബിനറ്റില്‍ നിന്ന് പുകച്ചു പുറത്തു ചാടിച്ചു. ഭരണഘടനയ്ക്കു രൂപം നല്‍കിയ ഡോ അംബേദ്കറെ അതേ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ആദ്യം നടന്ന തിരഞ്ഞെടുപ്പില്‍ (1952) പരാജയപ്പെടുത്തി ലോക് സഭയുടെ പുറത്തു നിര്‍ത്തി. നെഹ്രുവും ഷേക് അബ്ദുള്ളയും ചേര്‍ന്നൊരുക്കിയ കുരുതിക്കളത്തില്‍ ശ്യാമ പ്രസാദ് മുഖര്‍ജി രക്തസാക്ഷിയായി. ആ സന്ദര്‍ഭങ്ങളിലൊക്കെ ഒളിഞ്ഞും തെളിഞ്ഞും ഗൂഢലക്ഷ്യങ്ങളോടെ നെഹ്രുവിനു കൂട്ടു നിന്ന കമ്മ്യൂണിസ്റ്റുകള്‍ പിന്നീട് കമ്മ്യൂണിസ്റ്റ് ചൈനയുടെ കടന്നാക്രമണത്തോടെ ചീനച്ചാരന്മാരാണെന്ന സത്യം മറച്ചുവെക്കാനാകാതെ ഭാരത രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ നിന്നു മാറി സ്വയം കുഴിച്ച തെമ്മാടിക്കുഴിയില്‍ വീഴുകയും ചെയ്തു.
അതിനിടെ ചുമരില്ലെങ്കില്‍ എവിടെ ചിത്രമെഴുതുമെന്നു ജവഹര്‍ലാല്‍ നെഹ്‌റു ചിന്തിച്ചില്ല. എഴുതുന്ന ചിത്രം തന്റേതാകണം! തന്റെ കുടുംബത്തിന്റേതാകണം! അത്രമാത്രം. ചൈന ആ ചുമരുകളില്‍ വിള്ളല്‍ വീഴ്ത്തിയിട്ടും തെറ്റു തിരിച്ചറിഞ്ഞ് തിരുത്തുവാന്‍ തയാറായില്ല. കാലോടിഞ്ഞിട്ടും കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടില്‍ തന്നെയെന്നു പറയും പോലെ, അധികാരത്തില്‍ തന്നെ നെഹ്രുവിന്റെ കണ്ണുകള്‍ ഉടക്കിക്കിടന്നു. യുദ്ധപരാജയത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് പ്രധാനമന്ത്രി പദം രാജിവെച്ചില്ല. ആ കുറ്റം ചുമത്തി പ്രതിരോധമന്ത്രി വികെ കൃഷ്ണമേനോനെ രാജിവെപ്പിച്ച് മറ്റൊരു ഗൂഢതന്ത്രം നടപ്പാക്കി. നഷ്ടപ്പെട്ട ആരോഗ്യം പോലും രാജിവെച്ചേക്കാം എന്ന് കരതുവാനിടയാക്കിയില്ല. ‘തലയൊന്നു ചായ്ക്കാം’ എന്നു ‘നിനയ്ക്കുന്നതിനു’ മുമ്പ് ഇന്ദിരയിലേക്ക് ചെങ്കോലും കിരീടവും മാറുകയെന്ന ലക്ഷ്യത്തിലെത്താന്‍ ‘അനല്പമാം ദൂരം’ സഞ്ചരിക്കാന്‍ ബാക്കിയുണ്ടായിരുന്നു. കിട്ടിയ സമയം കൊണ്ട് കാമരാജ് പ്ലാന്‍ നടപ്പിലാക്കി ഇന്ദിരയുടെ മുന്നിലെ ചില തടസ്സങ്ങള്‍ കൂടി ഒഴിവാക്കിയെടുത്തു. അത്രയൊക്കെ ചെയ്യാനേ വിധി അനുവദിച്ചുള്ളു. മകളുടെ പട്ടാഭിഷേകം നടത്തുവാനുള്ള ദൗത്യം ഉപജാപകവൃന്ദങ്ങള്‍ക്ക് കൈമാറി 1964 മേയ് 27ന് നെഹ്രുവിന് കാലയവനികയുടെ പിന്നിലേക്ക് മാറേണ്ടി വന്നു.
അതിനു ശേഷം ലാല്‍ ബഹദൂര്‍ ശാസ്ത്രിയിലാരംഭിച്ച് നരേന്ദ്ര മോദിയിലെത്തി നില്‍ക്കുന്ന ഭാരതത്തിന്റെ പ്രതിരോധ സന്നദ്ധതയുടെ ബലം അറിയാതെയാണ് കമ്മ്യൂണിസ്റ്റ് ഫാസിസ്റ്റ് ചൈന സാമ്രാജ്യത്വ അജണ്ടയുമായി വീണ്ടും ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
(ലേഖകന്‍ ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷനാണ്.)