ഫേസ്ബുക്കില്‍ ജോലിക്ക് അപേക്ഷിച്ച് നിരാകരിക്കപ്പെട്ട ബ്രിയാന്‍ അക്റ്റണ്‍ (Brian Acton), ജാ കൗ (Jan Koum) എന്നിവരാണ് വാട്‌സാപ്പ് സ്ഥാപിച്ചത്. 2009 ഫെബ്രുവരി 24 ന് വാട്‌സാപ്പിനു തുടക്കമിടുമ്പോള്‍ ഈ ലോകത്ത് ഇതുപോലെ സ്വന്തം പേരിന്റെ പ്രത്യേക ഫോള്‍ഡറില്‍ സന്ദേശവും ശബ്ദവും ഫോട്ടോയും സമയവും വ്യക്തമാക്കുന്ന തരത്തില്‍ കൈമാറാവുന്ന ഒരു ആപ്ലിക്കേഷന്‍ ഇല്ലായിരുന്നു. വാട്‌സാപ്പ് പതിനൊന്ന് വര്‍ഷങ്ങള്‍ കൊണ്ട് സൗഹൃദത്തിന്റെ പ്രതീതി ലോകം സൃഷ്ടിച്ചിരിക്കുന്നു.
എസ്.എം.എസിന്റെ അപര്യാപ്തതയില്‍ നിന്നാണ് വാട്‌സാപ്പ് പോലെ ഒരു ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍മാര്‍ക്കറ്റ് ഉണ്ടായത്. 21-ാം നൂറ്റാണ്ട് മൊബൈല്‍ ഫോണിന്റേതാണ്. അതിന്റെ മായാജാലവും വിപ്ലവവും തുടങ്ങിയിട്ടേയുള്ളു. ഫോണില്‍ നമ്മള്‍ സംസാരിക്കുന്ന വ്യക്തിയെ തത്സമയം പുറത്തുള്ള ഒരു ചുവരിലോ പ്രതലത്തിലോ നേരില്‍ കാണാമെന്ന അത്ഭുതം സംഭവിക്കാന്‍ പോകുന്നു. അതായത് ഫോണിലെ ദൃശ്യങ്ങള്‍, പുറത്ത് നമ്മള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് വലിയ സ്‌ക്രീന്‍ സ്‌പെയ്‌സില്‍ കാണാന്‍ സാധിക്കും.
ഈ വിപ്ലവം മുന്നില്‍ കണ്ടിട്ടാകാം വാട്‌സാപ്പ് ആരംഭിച്ചത്. ഇന്ന് വാട്‌സാപ്പ് മനുഷ്യന്റെ വേഗത്തിന്റെയും അറിവിന്റെയും അതിജീവനത്തിന്റെയും പ്രണയത്തിന്റെയും കലയുടെയും പ്ലാറ്റ്‌ഫോമാണ്.സമീപകാലത്ത് വാട്‌സാപ്പില്‍ ഒരു മനോഹരമായ വീഡിയോ കണ്ടു. പ്രമുഖ ഡച്ച് പെയിന്ററായ വിന്‍സന്റ് വാന്‍ഗോഗ് വരച്ച ചിത്രങ്ങള്‍ ഇലക്ട്രോണിക് സംവിധാനത്തിലൂടെ വലുതാക്കി ഒരു വിര്‍ച്വല്‍ മ്യൂസിയമായി അവതരിപ്പിക്കുന്ന ആനന്ദകരമായ അനുഭവമായിരുന്നു അത്. വാന്‍ഗോഗിന്റെ The starry night തുടങ്ങിയ ചിത്രങ്ങള്‍ പ്രകാശ വര്‍ണങ്ങളില്‍ തിളങ്ങി. വാട്‌സാപ്പ് അത് കാണാന്‍ മാത്രമല്ല ഉപകരിക്കുന്നത്; സമാനമനസ്‌കര്‍ക്കായി ഫോര്‍വേഡ് ചെയ്യാനുമാണ്.
ഇപ്പോള്‍ വാട്‌സാപ്പിന്റെ ഉടമസ്ഥര്‍ ഫേസ്ബുക്കാണ്. മൊബൈല്‍ ആപ്പെന്ന നിലയില്‍ വാട്‌സാപ്പ് അത് ഉപയോഗിക്കുന്ന വ്യക്തിയെ പ്രതിനിധീകരിക്കുകയാണ്. വ്യക്തിയുടെ ഏകാന്തവും രഹസ്യാത്മകവുമായ ജീവിതമാണ് ഒരു പ്രത്യേക തുരങ്കത്തില്‍ എന്ന പോലെ ആവിഷ്‌കൃതമാവുന്നത്. രണ്ട് ബില്യണ്‍ ഉപഭോക്താക്കളുള്ള വാട്‌സാപ്പ് ഏതൊരാള്‍ക്കും ഒരു സാമൂഹികജീവി എന്ന നിലയ്ക്കപ്പുറം ഒരു സാംസ്‌കാരിക ജീവി എന്ന പരിഗണന കൂടി നല്കുകയാണ്. പ്രൊഫൈല്‍ ഫോട്ടോ ഒരു കലാമുദ്രയാണ്, കലാവബോധമാണ്, സാംസ്‌കാരിക ചിഹ്നമാണ്. എന്താണ് നമ്മുടെ ഉള്ളിലെ സന്ദേശമെന്നോ, തൊഴിലെന്നോ, പ്രതിനിധാനമെന്നോ അതില്‍ നിന്ന് വ്യക്തമല്ല. അതിന്റെ ആവശ്യവുമില്ല. ഒരു പ്രൊഫൈല്‍ ഫോട്ടോയുടെ ഉടമസ്ഥനായാല്‍ മതി, നാം വലിയൊരു സാമൂഹിക കണ്ണിയും സാംസ്‌കാരിക ജീവിയുമാകുകയാണ്. നമ്മെ ഒരിക്കല്‍ പോലും ഗൗനിച്ചിട്ടില്ലാത്തവര്‍ പോലും ഒരു പ്രൊഫൈല്‍ ഉടമ എന്ന നിലയില്‍ നമ്മെ മാനിക്കും. നാം ഒരു അഭിപ്രായസമ്പത്തിന്റെ സര്‍വ്വസൈന്യാധിപനെന്ന നിലയില്‍, അവിടെ ആദരിക്കപ്പെടുകയാണ്.
ഇമോജികള്‍ തീരുമാനിക്കും
നമുക്ക് ഉറക്കമോ വിശ്രമമോ ഇല്ല. കാരണം ഓഫ് ലൈനിലായിരിക്കുമ്പോഴും നമുക്കുള്ള സന്ദേശങ്ങള്‍ വാട്‌സാപ്പ് ശേഖരിച്ചു വയ്ക്കുകയാണ്. പിന്നീട് ഓണ്‍ലൈനിലെത്തുമ്പോള്‍ അത് തുറന്നു നോക്കിയാല്‍ മതി. നമുക്ക് വേണ്ടി സംസാരിക്കാന്‍ നാം മാത്രമല്ല ഉള്ളത്; ഇമോജികളുണ്ട്. പ്രേമിക്കാന്‍ വളരെ എളുപ്പമാണ്. മാനസികമായി ഒരു സമ്മര്‍ദ്ദവും ഏറ്റെടുക്കേണ്ട; ഇമോജികള്‍ അതേറ്റെടുത്തു കൊള്ളും. വാക്കുകള്‍ പോലും ആവശ്യമില്ല. വാക്കുകള്‍ക്ക് പകരം ചിത്രങ്ങള്‍ അയച്ചാല്‍ മതി.
ഒരു വാട്‌സാപ്പ് പ്രൊഫൈല്‍ ഉടമ ഒന്ന് ചിരിക്കുന്നതിനും സംസാരിക്കുന്നതിനും വലിയ അര്‍ത്ഥമുണ്ട്. അതുകൊണ്ട് ചിലര്‍ മൗനമാചരിക്കും. ചിലര്‍ സുഹൃത്താണെന്ന് പറയുമ്പോഴും നമ്മുടെ സന്ദേശങ്ങള്‍ കിട്ടിയെന്ന് അറിയിക്കുകയില്ല; പ്രതികരണമുണ്ടായിരിക്കില്ല. അവര്‍ വാട്‌സാപ്പിനെ ഒരു വിവരശേഖരണ യന്ത്രമായാണ് കാണുന്നത്.
ഒരു ഗ്രൂപ്പില്‍ പ്രവേശനം കിട്ടുന്നത് ഇന്ന് താരതമ്യേന എളുപ്പമാണ്. ഇരുന്നൂറിനു മുകളില്‍ അംഗങ്ങള്‍ വരെ അനുവദനീയമാണ്. എന്നാല്‍ ഗ്രൂപ്പ് അംഗങ്ങള്‍ പരസ്പരം സംസാരിക്കുന്നത് അപൂര്‍വ്വമാണ്. ചില ഗ്രൂപ്പില്‍ നിന്ന് അംഗങ്ങളെ പുറത്താക്കാറുണ്ട്. ഇന്ന് മിക്കവാറും എല്ലാ സ്‌കൂളുകളിലും ഓരോ വര്‍ഷവും പടിയിറങ്ങുന്നവരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളുണ്ട്.ഒരു ആപ്പുണ്ടായതുകൊണ്ട് നമുക്ക് നിബന്ധനകളോടെയാണെങ്കിലും സ്‌നേഹത്തോടെയിരിക്കാനാവുന്നു.
വാട്‌സാപ്പ് നമ്മുടെ ആശയ വിനിമയ, വാര്‍ത്താവിതരണ, സംവേദന രംഗത്ത് ചരിത്രത്തെ രണ്ടായി പിളര്‍ത്തിയ അനുഭവമാണ് തരുന്നത്. എഴുപതുകളിലെയും എണ്‍പതുകളിലെയും സിനിമകളിലെ പ്രേമരംഗങ്ങള്‍ ഉണ്ടായത് ഈ ആപ്പ് ഇല്ലാതിരുന്നതുകൊണ്ടാണ്. ആപ്പ് വന്ന ശേഷം, പഴയ പ്രണയലോല ഭാവങ്ങള്‍, നോട്ടങ്ങളിലെയും ചലനങ്ങളിലെയും, വീണ്ടെടുക്കാനാവാത്ത വിധം തിരോധാനം ചെയ്തു. പരസ്പര ബഹുമാനത്തിന്റെയും പരസ്പര സ്പര്‍ശത്തിന്റെയും ആര്‍ദ്രമായ ഭൂഖണ്ഡങ്ങള്‍ തന്നെ ഇല്ലാതായിരിക്കുന്നു. ബൃഹത്തായ നമ്മുടെ ആന്തരിക ലോകങ്ങളും ഓര്‍മ്മകളും ഒരു മിഥ്യാലോകത്ത് സ്റ്റഫ് ചെയ്ത് വച്ചിരിക്കുന്ന പോലെയുള്ള അനുഭവമാണ് ഇപ്പോഴുള്ളത്. ഇന്ന് വാട്‌സാപ്പില്‍ എഴുതുന്നവര്‍ക്ക് വായനക്കാരെ വേണ്ട; പ്രൊഫൈല്‍ ഉടമകളെ മതി. അവര്‍ അയയ്ക്കുന്ന ഇമോജികള്‍ മതി.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഒരു യുവാവ് തന്റെ ‘ടെക്കി’ ജീവിതത്തിന്റെ വലിയ ഒരു ഉള്‍നാടന്‍ ചിന്ത് ഒരു ഗ്രൂപ്പിലിട്ടത് അതിശയിപ്പിച്ചു. പൂന്താനത്തിന്റെ’ജ്ഞാനപ്പാന’പൂര്‍ണമായി വായിക്കാവുന്ന ഒരു സൈറ്റ് ലിങ്ക് അവിടെ പോസ്റ്റ് ചെയ്തതിനു പുറമേ അദ്ദേഹം ജ്ഞാനപ്പാനയെക്കുറിച്ച് ഒരു ലഘു ഇംഗ്ലീഷ് പ്രസംഗവും നടത്തി.
പൂന്താനത്തിനാണ് വാട്‌സാപ്പ് വേണ്ടത്; നമുക്കാണ് അതുകൊണ്ടുള്ള പ്രയോജനം. ലൈബ്രറികളും പുത്തന്‍കൂറ്റ് വായനക്കാരും ഉപേക്ഷിച്ച ‘ജ്ഞാനപ്പാന’ വാട്‌സാപ്പില്‍ വായിക്കപ്പെടുന്നു. കാരണം ഒരു ആപ്പും ജീവിതത്തിനു പകരമാവുന്നില്ല. പൂന്താനം ഇങ്ങനെ പാടി:
‘ഒന്നിലുമറിയാത്ത
ജനങ്ങള്‍ക്ക്
ഒന്നുകൊണ്ടും
തിരിയാത്ത വസ്തുവായ്
ഒന്നുപോലെയൊന്നില്ലാ
തെയുള്ളതി-
ന്നൊന്നായുള്ളൊരു
ജീവസ്വരൂപമായ്
ഒന്നിലുമൊരു
ബന്ധവുമില്ലാതെയായ്
നിന്നവന്‍ തന്നെ വിശ്വം
ചമച്ചുപോല്‍.’
ഉമ്പര്‍ട്ടോ എക്കോ
പ്രമുഖ ഇറ്റാലിയന്‍ നോവലിസ്റ്റ് ഉമ്പര്‍ട്ടോ എക്കോ (Umberto Eco,1932-2016) സമീപഭൂതകാലത്തിലെ അര്‍ത്ഥവത്തായ, കാതലുള്ള ഒരു സാഹിത്യശബ്ദമായിരുന്നു. 1980 ല്‍ പുറത്തുവന്ന The Name of the Rose എന്ന നോവല്‍ വളരെ പ്രശസ്തമാണ്. നവരചനയുടെ വ്യാകരണം നന്നായി ഉള്‍ക്കൊണ്ട എക്കോയെ സ്വാധീനിച്ചത് ജയിംസ് ജോയ്‌സ്, ബോര്‍ഹസ് എന്നീ എഴുത്തുകാരാണ്. എക്കോയുടെ ചില ചിന്തകള്‍ ചുവടെ:
1) ഞാന്‍ ധരിച്ചുവച്ചിരുന്നത് പുസ്തകങ്ങള്‍ അവയ്ക്ക് വെളിയിലുള്ള വസ്തുക്കളെക്കുറിച്ചോ,മനുഷ്യരെക്കുറിച്ചോ ആണ് സംസാരിക്കുന്നതെന്നാണ്. ഇപ്പോള്‍ എനിക്ക് മനസ്സിലായി, പുസ്തകങ്ങള്‍ പരസ്പരം സംസാരിക്കുകയാണ് ചെയ്യുന്നതെന്ന്. അതോടെ ലൈബ്രറികള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുസ്തകങ്ങളുടെ മര്‍മ്മരങ്ങളായി അനുഭവപ്പെട്ടു. മരണത്തെ അതിജീവിച്ചവരുടെ സംഭാഷണങ്ങള്‍.
2) ഒരു പോസ്റ്റ് മോഡേണ്‍ വ്യക്തിക്ക് സുന്ദരിയായ ഒരു സ്ത്രീയോട് ‘ഭ്രാന്തമായി ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു’ എന്ന് പറയാനാവില്ല. കാരണം ഈ വാക്കുകള്‍ നേരത്തേ തന്നെ ഇംഗ്ലീഷ് നോവലിസ്റ്റ് ബാര്‍ബറ കാര്‍ട്ട്‌ലാന്‍ഡ് (Barbara Cartland) തന്റെ കൃതിയില്‍ പറഞ്ഞിട്ടുള്ളതാണെന്ന് അവള്‍ വളരെ മുമ്പേ മനസ്സിലാക്കിയിട്ടുള്ളതാണ്.
3) അലക്കാനിട്ട തുണികളുടെ ലിസ്റ്റിനെ ഒരു കവിതയാക്കി മാറ്റാനുള്ള കഴിവൊക്കെ നമ്മള്‍ നേടിയിട്ടുള്ളതാണ്.
4) അതിജീവിക്കണമെങ്കില്‍,കഥകളെഴുതണം.
5) ഈ ലോകം പിടികിട്ടാത്ത ഒരു കാര്യമാണെന്ന് ഞാനും വിശ്വസിക്കയാണ്; ഒരു ഉപദ്രവവുമില്ലാത്ത സമസ്യ. എന്തോ വലിയ അര്‍ത്ഥമുണ്ടെന്ന മട്ടില്‍ നമ്മള്‍ തന്നെ ഭ്രാന്തമായി വ്യാഖ്യാനിക്കാന്‍ ശ്രമിച്ചതിന്റെ പേടിപ്പിക്കുന്ന അനുഭവമാണിത്.
വായന
പ്രൊഫസര്‍ പി.മീരാക്കുട്ടി തത്ത്വചിന്തയിലും സൗന്ദര്യശാസ്ത്രത്തിലും ഒരുപോലെ തത്പരനായ ഒരു വിമര്‍ശകനായിരുന്നു. മീരാക്കുട്ടിയുടെ ‘ഇസങ്ങള്‍ സാഹിത്യത്തില്‍’ എന്ന പുസ്തകം (തായാട്ട് പബഌക്കേഷന്‍സ്) ഇപ്പോള്‍ പുറത്തിറക്കിയിട്ടുണ്ട്.
കഥാകൃത്ത് ടി.ആറുമായി വേണു വി.ദേശം നേരത്തേ നടത്തിയ അഭിമുഖം (എഴുത്ത്, ജൂലായ്) വായിച്ചു. ടി.ആര്‍ ഇങ്ങനെ പറഞ്ഞു: ‘ഈ യുഗത്തിലെ വിമോചന പ്രസ്ഥാനത്തിനു കലയിലും ശാസ്ത്രത്തിലുമാണ് വേരുകളുള്ളത്.’
പക്ഷേ, കലയും ശാസ്ത്രവുമൊന്നും ഇപ്പോള്‍ ആളുകള്‍ വിമോചനമായി കാണുന്നില്ല. അതൊക്കെ വളരെ പരിചിതമാണിന്ന്. ശാസ്ത്രം ഇന്ന് ഉപഭോഗമാണ്; കലയും അങ്ങനെ തന്നെ. എന്നാല്‍ സാങ്കേതികത ഒരു സംസ്‌കാരമായി രൂപാന്തരപ്പെടുകയാണ്. ഒരു പക്ഷേ അത് മോചനമായേക്കാം.
മൂര്‍ച്ചയേറിയ ശൈലിയാണ് യമയുടെ കഥയുടെ പ്രത്യേകത. ‘മലിന’ ( മലയാളം, ജൂലായ് 9 ) എന്ന് കഥയ്ക്ക് പേരിട്ടത് ദ്വയാര്‍ത്ഥത്തിലായിരിക്കാം. ഭയത്തിനും കൊലയ്ക്കുമിടയിലൂടെ ഒരു പ്രണയം കടന്നു പോകുന്നു. ഈ വരികള്‍ക്ക് പ്രത്യേകതകള്‍ ഉള്ളതായി തോന്നി: ‘ഓരോ മനുഷ്യനു പകരവും ഓരോ മെഴുതിരി കത്തുന്നു. ഒരേ സമയം അവനത് ഒരോര്‍മ്മ പുതുക്കല്‍ ചടങ്ങു പോലെയും പ്രാചീന അനുഷ്ഠാനം പോലെയും തോന്നിച്ചു.’
പി.കെ.ഗോപിയുമായി കൂടല്‍ ശോഭന്‍ നടത്തിയ അഭിമുഖത്തില്‍ (കലാകൗമുദി, ജൂലായ് 19) ഇങ്ങനെ വായിക്കാം: ‘മുഖംമൂടിയിട്ട മനുഷ്യരെ കാണുമ്പോള്‍, ഭാവ രഹിതമായ വരണ്ട രൂപങ്ങള്‍ക്ക് മുമ്പില്‍ കവിത നിശ്ചലമായ ഹൃദയത്തോടെ ഞാനിപ്പോള്‍ മരവിച്ചു നില്ക്കുന്നു.’
നോവലിന്റെ ഭാഷ
വി.ജെ. ജെയിംസുമായുള്ള അഭിമുഖത്തില്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജൂലായ് 12), നോവലില്‍ പിന്നീട് പലരും ഉദ്ധരിക്കണം എന്ന ലക്ഷ്യം വച്ച് വാചകങ്ങള്‍ കരുതിക്കൂട്ടി എഴുതിച്ചേര്‍ക്കാറുണ്ടോ എന്ന് ചോദിച്ചതായി കണ്ടു. ഈ ചോദ്യത്തില്‍ നിറയെ പിശകുകളാണ്. സാഹിത്യ സംസ്‌കാരമുള്ള ഒരാള്‍ ഇങ്ങനെയൊരു അസംബന്ധം ചോദിക്കില്ല. ദസ്തയെവ്‌സ്‌കിയുടെ ‘കരമസോവ് സഹോദരന്മാര്‍’ എന്ന നോവലില്‍ ചിന്തയുടെ കനമുള്ള വാക്യങ്ങളുണ്ട്. എന്നാല്‍ അതൊന്നും ആരെങ്കിലും പിന്നീട് ഉദ്ധരിക്കാന്‍ വേണ്ടി എഴുതി വയ്ക്കുന്നതല്ല; ദസ്തയെവ്‌സ്‌കിക്ക് വിവരമുള്ളതുകൊണ്ട് എഴുതുന്നതാണ്. അത് മനസ്സിലാക്കാന്‍ കഴിയാത്തവരാണ് ഇന്ന് നോവലിസ്റ്റുകളായി നമ്മുടെ നാട്ടില്‍ അവതരിപ്പിക്കപ്പെടുന്നത്. സ്‌പോണ്‍സേര്‍ഡ് കഥാകൃത്തുകളും നോവലിസ്റ്റുകളുമാണ് ഇന്ന് കൂടുതലും.
കവിതയുടെ ജ്വരം
കവിതയുള്ളവള്‍ ഉള്ളില്‍ മരിക്കുകയാണോ, അതോ കവിത ഉള്ളില്‍ മരിക്കുകയാണോ എന്ന് ചിന്തിപ്പിച്ച കവിതയാണ് കെ.വി.സുമിത്രയുടെ ‘ചത്ത മീനിന്റെ കണ്ണുള്ളവളെ, നക്ഷത്രക്കണ്ണുള്ളവള്‍ എന്ന് വിളിക്കുന്നവരോട്..'(ഗ്രന്ഥാലോകം, ജൂണ്‍).
ഒരു പെണ്‍കവിയുടെ, പെണ്ണിന്റെ, ഒറ്റപ്പെട്ടവളുടെ ഉള്ളില്‍ എന്താണ് നടക്കുന്നതെന്ന് ആത്മാര്‍ത്ഥമായി ഈ കവിതയില്‍ വിചാരണ ചെയ്യുന്നുണ്ട്. ആത്മാവിന്റെ അടിത്തട്ടില്‍ നിന്നുള്ള ദീന സ്വരമാണിത്. ചില വരികള്‍ ഇവിടെ കുറിക്കാം:
‘കിടപ്പുമുറിയിലും
തീന്‍മേശയിലും
വച്ചുവിളമ്പിയൂട്ടിയത്
അവളുടെ തന്നെ പാതിവെന്ത
ശരീരമെന്ന് ആരറിഞ്ഞു ?
വര്‍ഷങ്ങള്‍ക്ക് മുന്നേ
മരിച്ചു കഴിഞ്ഞതാണവള്‍….’
നുറുങ്ങുകള്‍
-
പത്തൊന്‍പതാം നൂറ്റാണ്ടിലെ ഫ്രഞ്ച് എഴുത്തുകാരന്‍ വിക്ടര്‍ യൂഗോയുടെ ‘പാവങ്ങള്‍’ വളരെ പ്രസിദ്ധമാണല്ലോ. അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തില്‍ അവിടുത്തെ പട്ടാളക്കാര്‍ താത്പര്യത്തോടെ വായിച്ച കൃതിയാണിത്.
-
”തെറ്റ് മാനുഷികമാണ്, ക്ഷമിക്കുന്നതാകട്ടെ ദൈവികവും”എന്ന് പറഞ്ഞത് പതിനെട്ടാം നൂറ്റാണ്ടിലെ പ്രമുഖ കവി അലക്‌സാണ്ടര്‍ പോപ്പ് ആണ്. ഈ വാക്യം 14.8 ദശലക്ഷം തവണയാണ് ഗൂഗൂളില്‍ ആളുകള്‍ പരതിയത്.
-
ചാക്യാര്‍കൂത്ത്, കൂടിയാട്ട കലകളുടെ ആചാര്യന്‍ മാണി മാധവചാക്യാരുടെ ആത്മകഥ ‘മാണിമാധവീയം’ നമ്മുടെ കാലത്ത് ഒരു കലാകരന്‍ നിസ്തന്ദ്രമായ തപസ്സിലൂടെയും ആത്മാര്‍ത്ഥമായ പരിശ്രമത്തിലൂടെയും എങ്ങനെ ആരാധ്യനായിത്തീര്‍ന്നുവെന്ന് തെളിയിക്കുന്നുണ്ട്.
-
ഒരു വ്യക്തി ചിലപ്പോള്‍ ദൈവ വിശ്വാസിയല്ലായിരിക്കാം. എന്നാല്‍ അയാള്‍ ഏതെങ്കിലും ഒരു ധര്‍മ്മത്തില്‍ വിശ്വസിക്കുന്നുണ്ടാവും. നല്ല പൂക്കള്‍ കണ്ടാല്‍ ആസ്വദിക്കാനും നല്ല പാട്ടുകേട്ടാല്‍ തലയാട്ടാനും അയാള്‍ക്ക് കഴിയും. സങ്കടം വന്നാല്‍ കരഞ്ഞെന്നുമിരിക്കും. അതാണ് അമേരിക്കന്‍ ചിന്തകന്‍ എമേഴ്‌സണ്‍ പറഞ്ഞത്, ദൈവം ഒരാളിലേക്ക് പ്രവേശിക്കുന്നത് ഒരു സ്വകാര്യ വാതിലിലൂടെയാണെന്ന്.
-
റോബര്‍ട്ട് പിര്‍സിഗ് രചിച്ച ദen and the Art of Motorcycle Maintenance (1974) ആത്മകഥാപരമായ ഒരു നോവലാണ്. ജീവിതത്തെ കാല്പനികമായോ യുക്തിപരമായോ വേര്‍തിരിച്ചു നോക്കുകയല്ല വേണ്ടത്; ജീവിതസൗന്ദര്യം അറിയണമെങ്കില്‍ യുക്തിക്കും ഭാവനയ്ക്കും ഇടയിലുള്ള ഒരു പാത തിരഞ്ഞെടുക്കണം. ഒരു മോട്ടോര്‍ സൈക്കിള്‍ പരിപാലിക്കുന്നതില്‍ പോലും ഒരു സെന്‍ അനുഭവമുണ്ടത്രേ. സെന്‍ ബുദ്ധമതത്തിലെ ഒരു സ്‌കൂളാണ്. ആന്തരദര്‍ശനത്തിനു അത് ഊന്നല്‍ നല്കുന്നു.