പശുവിനെ ഓര്‍മിപ്പിക്കുന്ന ആസനമാണിത്.
ഗാവസ്‌തേജ: പരം പ്രോക്തം
ഇഹലോകേ പരത്ര ച
ന ഗോഭ്യ: പരമം കിഞ്ചിത്
പവിത്രം ഭരതര്‍ഷഭ
(മഹാഭാരതം അനുശാസന പര്‍വം 83 – 5 )
ശരശയ്യയില്‍ കിടന്നു കൊണ്ട് ഭീഷ്മപിതാമഹന്‍ യുധിഷ്ഠിരന് നല്കുന്ന ഉപദേശമാണ് സന്ദര്‍ഭം.
ഹേ, ഭരത ശ്രേഷ്ഠ, പശുക്കള്‍ (ഗാവ:) ഈ ലോകത്തും പരലോകത്തും തേജസ്സു നല്കുന്നു. പശുക്കളെക്കാളും പവിത്രമായി ഈ ലോകത്തില്‍ മറ്റൊന്നുമില്ല.
ചെയ്യുന്ന വിധം
ഘേരണ്ഡ സംഹിതയില്‍ (217) പറയുന്നത് :-
പാദൗ ച ഭൂമൗ സംസ്ഥാപ്യ
പൃഷ്ഠപാര്‍ശ്വേ നിവേശയേത്
സ്ഥിരം കായം സമാസാദ്യ
ഗോമുഖം ഗോമുഖാകൃതി:
പാദങ്ങള്‍ പൃഷ്ഠത്തിന്റെ വശങ്ങളില്‍ നിലത്തു പതിച്ചു വെക്കുക. നിവര്‍ന്നിരിക്കുക.
( ഹഠയോഗ പ്രദീപികയിലും ( 120) അല്പ വ്യത്യാസത്തോടെ ഇതേ ലക്ഷണം കൊടുത്തിട്ടുണ്ട്.)
കാലു നീട്ടിയിരിക്കുക. ഇടതുകാല്‍ മടക്കി കാല്‍പ്പടം വലതുപൃഷ്ഠത്തിന്റെ വശത്ത് മലര്‍ത്തി പതിച്ചു വെക്കുക. വലതുകാല്‍ ഇടതു വശത്തും.കാല്‍മുട്ടുകള്‍ മേലെമേലെ വരും. ശ്വാസമെടുത്തു കൊണ്ട് വലതുകൈ (മേലെ വരുന്ന കാലിന്റെ ഭാഗത്തെ കൈ) ഉയര്‍ത്തി മുട്ടില്‍ മടക്കുക. ഇടതു കൈ പിന്നിലൂടെ മടക്കി കൈപ്പത്തി മേലോട്ടു കൊണ്ടുവന്ന് വലതു കൈവിരലില്‍ കൊളുത്തി തൂക്കിയിടുക. കൈ വലിച്ചു മുറുക്കുക. (കാലിന്റെ മുട്ടുകള്‍ പശുവിന്റെ തല (ഗോമുഖം)യുടെ ആകൃതിയാണ്.). മനസ്സ് ഭ്രൂ മധ്യത്തില്‍ കേന്ദ്രീകരിക്കുക.
നട്ടെല്ലു നിവര്‍ന്നിരിക്കും. തല പിന്നോട്ടു നിവര്‍ന്നിരിക്കും; കണ്ണടഞ്ഞും. സാധാരണ ശ്വാസത്തില്‍ 2-3 മിനിട്ട് ആ സ്ഥിതിയില്‍ തുടര്‍ന്നശേഷം തിരിച്ചു വന്ന് മറുകാലില്‍ ആവര്‍ത്തിക്കുക.
ഗുണങ്ങള്‍
ശരീരത്തിനും മനസ്സിനും വിശ്രമം നല്കുന്ന ആസനമാണിത്. പിരിമുറുക്കവും ആകാംക്ഷയും കുറക്കും. ചുമലിലും കഴുത്തിലും അയവുണ്ടാക്കും. കാലിനും വഴക്കം നല്കും.