ലാഘവം കര്‍മസാമര്‍ത്ഥ്യം
സ്ഥൈര്യം ക്ലേശസഹിഷ്ണുതാ
ദോഷക്ഷയോfഗ്‌നിവൃദ്ധിശ്ച
വ്യായാമാദുപജായതേ
(ചരകസംഹിത – സൂത്രസ്ഥാനം – 7/33)
ശരീരവഴക്കം, കര്‍മ്മ സാമര്‍ത്ഥ്യം, സ്ഥിരത, ക്ലേശം സഹിക്കാനുള്ള കഴിവ്, ദോഷങ്ങള്‍ കളയല്‍, ദഹനശക്തി വര്‍ദ്ധിപ്പിക്കുക ഇവ വ്യായാമത്തിലൂടെ ലഭിക്കുന്നു.)
ശരീരായാസജനകം
കര്‍മ്മ വ്യായാമ ഉച്യതേ
(അഷ്ടാംഗ സംഗ്രഹം സൂത്ര സ്ഥാനം -3 – 62 )
ശരീരത്തിന് ആയാസം നല്കുന്ന കര്‍മ്മമാണ് വ്യായാമം.
ലാഘവം കര്‍മ സാമര്‍ത്ഥ്യം
ദീപ്‌തോഗ്‌നിര്‍ മേദസ: ക്ഷയ:
വിഭക്ത ഘനഗാത്രത്വം
വ്യായാമാദുപജായതേ
(അഷ്ടാംഗഹൃദയം സൂത്ര സ്ഥാനം -2 – 10)
ശരീരവഴക്കം, കര്‍മ്മ സാമര്‍ത്ഥ്യം, ജഠരാഗ്‌നിയുടെ വൃദ്ധി, കൊഴുപ്പിന്റെ ക്ഷയം, പേശികള്‍ വേര്‍തിരിഞ്ഞു കാണുക (Six Pack അതാണ് വിഭക്ത ഘനഗാത്രത്വം) എന്നിവ വ്യായാമം കൊണ്ട് കിട്ടും.
ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ ഇത്തരം അനേകം പരാമര്‍ശങ്ങള്‍ വ്യായാമത്തെ സംബന്ധിച്ചുണ്ട്. ശരീരത്തിന് ആരോഗ്യം നല്കുകയാണ് അവിടെ പ്രധാന ഉദ്ദേശം.
ആധുനികമായ വ്യായാമമുറകളും ഇന്ന് പ്രചാരത്തിലുണ്ട്. പല തരം ഉപകരണങ്ങളുടെ സഹായത്തോടെയുള്ളതും സംഗീതത്തിന്റെ സഹായത്തോടെയുള്ളതുമായ പദ്ധതിയുണ്ട്. ജിംനേഷ്യം പണ്ടും ഇന്നും നഗരജീവിതത്തിന്റെ ഭാഗമാണ്. നടത്തം. ജോഗിങ്ങ്, ഓട്ടം, സൈക്കിളിങ്, നീന്തല്‍, ഭാരോദ്വഹനം (weight training), എയ്‌റോബിക്‌സ് മുതലായവയാണ് ഇതില്‍ പെടുക. ആയുധാഭ്യാസത്തെയും പ്രതിരോധമുറകളെയുമൊക്കെ ചിലര്‍ ഇതില്‍ പെടുത്തുന്നുണ്ട്. ശരീരത്തിന് ആയാസം നല്കുക, സൗന്ദര്യം നല്കുക, ദഹനശക്തി വര്‍ദ്ധിപ്പിക്കുക, ജോലി ചെയ്യാനുള്ള സാമര്‍ത്ഥ്യമുണ്ടാക്കുക, പേശികളെ പോഷിപ്പിക്കുക, ദൃഢപ്പെടുത്തുക മുതലായവയാണ് ഇവയുടെ ലക്ഷ്യം. ചുരുക്കത്തില്‍ മനസ്സിന്റെ നിയന്ത്രണത്തെപ്പറ്റിയോ ആത്മീയതയെക്കുറിച്ചോ അധികമൊന്നും ശ്രദ്ധ സാധാരണ വ്യായാമ പദ്ധതിക്കില്ല. ചടുലമായ ചലനങ്ങള്‍ കാരണമായി ഹൃദയത്തിനോ സൂക്ഷ്മമായ അവയവങ്ങള്‍ക്കോ സംഭവിച്ചേക്കാവുന്ന വിഷമങ്ങളെക്കുറിച്ചും വേണ്ടത്ര ശ്രദ്ധ ഇതിലില്ല.
യോഗാസന പരിശീലനവും ഒരു പരിധിവരെ വ്യായാമം തന്നെ. എന്നാല്‍ ഉദ്ദേശ്യത്തിലും ലക്ഷ്യത്തിലും പരിശീലന ക്രമത്തിലുമൊക്കെ വ്യത്യാസമുണ്ട്. ആസനങ്ങള്‍ക്കു പുറമെ യൗഗിക സൂക്ഷ്മ വ്യായാമമെന്ന ഒരു പ്രത്യേക വിഭാഗം തന്നെ രൂപപ്പെട്ടിട്ടുണ്ടെന്നുള്ളതും മനസ്സില്‍ വേണം.
യോഗയില്‍ ശരീരത്തെ ധര്‍മ്മം സാധിക്കാനുള്ള ഒരുപകരണമായിട്ടാണ് കാണുന്നത്. ധര്‍മ്മസാധനത്തിന് പാകമാവാന്‍, പക്ഷെ, ശരീരം മാത്രം പോര.പ്രാണന്‍, മനസ്സ്, ബുദ്ധി മുതലായവയും പ്രധാനമാണ്. മാത്രമല്ല മൊത്തം അഷ്ടാംഗ യോഗം തന്നെ അശുദ്ധിക്ഷയത്തിനുള്ളതാണ് താനും.
‘യോഗാംഗാനുഷ്ഠാനത് അശുദ്ധിക്ഷയേ ജ്ഞാനദീപ്തി:…….’ എന്ന് പതഞ്ജലി പറയുന്നുണ്ട്. (യോ. ദ – 2 -18) യമം, നിയമം, ആസനം മുതലായവ അനുഷ്ഠിക്കുന്നതുകൊണ്ട് അശുദ്ധിക്ഷയവും അതിലൂടെ ജ്ഞാനപ്രകാശവും ഉണ്ടാവും.
അപ്പോള്‍ ആസനശീലത്തിന്റെ ഉദ്ദേശ്യം ശരീരത്തിലെ മലങ്ങള്‍ നശിക്കലാണ്; അതിലൂടെ ജ്ഞാനദീപ്തിക്കുള്ള വഴി തുറക്കലാണ്.
(തുടരും)