എഴുത്തുകാരും ചലച്ചിത്രകാരന്മാരും ഏറ്റവുമധികം കഷ്ടപ്പെടുന്ന ഒരു കാര്യമാണ് കാലത്തിനെ ചിത്രീകരിക്കുക എന്നത്. രണ്ടരമണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള ഒരു സിനിമയില്‍ അല്ലങ്കില്‍ ഇരുനൂറു പേജുള്ള നോവലില്‍,അമ്പത് വരിയുള്ള കവിതയില്‍ പലപ്പോഴും വളരെ വിശാലമായ കാലത്തെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നത് കണ്ടിട്ടില്ലേ. നമ്മള്‍ സ്വപ്‌നംകാണുമ്പോള്‍ കണ്ണിന്റെ കൃഷ്ണമണി അതിവേഗം ചലിക്കുന്നുണ്ട്. Rapid eye movement (REM)- എന്നാണതിന്റെ പേര്. അങ്ങനെ ചലിക്കുമ്പോള്‍ കണ്ണിന്റെ റെറ്റിനയില്‍ ഉണ്ടാകുന്ന മര്‍ദ്ദത്തെ ദൃശ്യാനുഭവങ്ങളാക്കി തലച്ചോര്‍ മാറ്റുന്നതാണ് സ്വപ്‌നമായി അനുഭവപ്പെടുന്നത്. ഒരു സെക്കന്റിന്റെ നൂറിലൊരംശം സമയത്തേക്ക് മാത്രം നീണ്ടുനില്‍ക്കുന്ന കൃഷ്ണമണിയുടെ ചലനമാണ് വര്‍ഷങ്ങള്‍ നീളുന്ന സ്വപ്ങ്ങളായി നാം കാണുന്നത്. ഇതൊരു വല്ലാത്ത ആശയക്കുഴപ്പമാണ്. സമയത്തെപ്പറ്റി നാം സ്വയം അടിച്ചേല്‍പ്പിച്ചിരിക്കുന്ന ചില രൂഢമൂലമായ ധാരണകളാണ് നമ്മെ ആശയക്കുഴപ്പത്തിലാക്കുന്നത്. സമയം എന്നാല്‍ നമ്മളുമായി ഒരു ബന്ധവുമില്ലാതെ അനുസ്യൂതം ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണ് എന്നാണാ ധാരണ.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആപേക്ഷികത സിദ്ധാന്തം അവതരിപ്പിക്കുന്നതുവരെ സമയമെന്നാല്‍ ഇങ്ങനെ മാത്രമായിരുന്നു. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിലെ വിജ്ഞാന വിസ്‌ഫോടനത്തില്‍ തകര്‍ന്നുപോയത് നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ട സിദ്ധാന്തങ്ങള്‍ ആണ്. സമയം എന്നതിന് നമ്മില്‍ നിന്നു വേറിട്ട് ഒരു അസ്തിത്വമില്ല എന്ന കണ്ടെത്തല്‍ ആണ് ഐന്‍സ്റ്റീന്‍ നടത്തിയത്. നീളം, വീതി, ഉയരം എന്നിവ പോലെ ഏതൊന്നിന്റെയും അസ്തിത്വം നിര്‍ണ്ണയിക്കുന്ന പ്രധാന മാനമാണ് സമയവും. എന്നുവെച്ചാല്‍, സമയം എന്നത് പൂര്‍ണ്ണമായും വ്യക്തിനിഷ്ടമാണ് എന്നര്‍ത്ഥം.
നമ്മള്‍ എപ്പോഴും കാലത്തെ മനസ്സിലാക്കുന്നത് ചലനത്തെ അടിസ്ഥാനമാക്കിയാണ്. ക്ലോക്കിലെ സൂചികളുടെ ചലനം, സൂര്യചന്ദ്രന്മാരുടെ ചലനം. അങ്ങനെയങ്ങനെ. അതൊക്കെ നമ്മുടെ ദൈനംദിന സൗകര്യങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിയതാണ്. ആരോ പണ്ട് പറഞ്ഞു വെച്ചു. അതങ്ങ് തുടരുന്നു.അന്ന് ദിവസത്തെ ഇരുപതു മണിക്കൂറായി വിഭജിച്ചിരുന്നെങ്കില്‍ നാമൊക്കെ അത് പിന്തുടരുമായിരുന്നു. സൂര്യന്‍ കിഴക്കുദിക്കുന്നു. പടിഞ്ഞാറ് അസ്തമിക്കുന്നു എന്ന് പറയും പോലെ. സത്യത്തില്‍ സൂര്യന്‍ ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യുന്നില്ലല്ലോ. ഭൂമിയിലെ സാധാരണ അവസ്ഥയില്‍ ഇതൊക്കെ ധാരാളം മതി. എന്നാല്‍ വേഗത അതി തീവ്രമാകുന്ന സബാറ്റൊമിക് തലങ്ങളിലും അതിസ്തൂലമായ പ്രാപഞ്ചിക പ്രതിഭാസങ്ങളുടെ തലങ്ങളിലും ഇതെല്ലാം നമ്മുടെ സാമാന്യ ബോധത്തിനും അകലയാണ്. അപ്പോഴാണ് വേഗതയെന്ന പോലെ സമയവും ഒരു സ്ഥിരാങ്കമല്ല അത് ആപേക്ഷികമാണ് എന്നറിയുന്നത്. അതായത്, വേഗത കൂടിക്കൊണ്ടിരിക്കുമ്പോള്‍ സമയത്തിന്റെ ഒഴുക്ക് മന്ദഗതിയിലാകും. അങ്ങനെ കൂടിക്കൂടി പ്രകാശവേഗത എത്തുമ്പോള്‍ സമയം ചലിക്കുകയെ ഇല്ല.
ഉദാഹരണത്തിന്, പ്രകാശവേഗതയില്‍ പാഞ്ഞുകൊണ്ടിരിക്കുന്ന ഒരു ബഹിരാകാശ പേടകത്തില്‍ സഞ്ചരിക്കുന്ന ഗഗനചാരികളെ സങ്കല്‍പിക്കുക.അവര്‍ക്ക് പ്രായം കൂടുകയേ ഇല്ല. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞാലും അവര്‍ യുവാക്കളായി തന്നെ ഇരിക്കും.
ഇത് കേവല അറിവുകള്‍ കൊണ്ട് മാത്രം മനസ്സിലാക്കാന്‍ കഴിയില്ല. ശാസ്ത്രത്തിന്റെ ദാര്‍ശനിക തലങ്ങളില്‍ കൂടി സഞ്ചരിച്ചാല്‍ മാത്രമേ സമയത്തിന്റെയും കാലത്തിന്റെറയും ഗഹനത നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയൂ. അവിടെയാണ് ഭാരതീയ ചിന്താപദ്ധതികള്‍ നമ്മെ സഹായിക്കുന്നത്.
അതായത് നമ്മുടെ സാമാന്യ രീതികളില്‍ നിന്നും മാറി നിന്ന്, സമയത്തെ സങ്കല്പിക്കുമ്പോള്‍ ആണ് ദാര്‍ശനികതലങ്ങളിലുള്ള അദ്ഭുതകരമായ സാദൃശ്യങ്ങള്‍ അനുഭവപ്പെടുന്നത്.
ആധുനിക നിഗമന പ്രകാരം, പ്രപഞ്ചം ഇന്നത്തെ രൂപത്തിലേക്ക് വന്നിട്ട് 13.78 ബില്യണ്‍ അഥവാ 1378 കോടി വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇവിടെ നമുക്ക് ഭാഗവതത്തിലെ കാലഗണന കൂടി പരിശോധിക്കുന്നത് കൗതുകകരമാണ്.
കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നീ നാല് യുഗങ്ങള്‍ ചേര്‍ന്നതാണ് ഒരു ചതുര്‍യുഗം.അവയുടെ ദൈര്‍ഘ്യം ഇങ്ങനെയാണ്:
കൃതയുഗം- 17,28,000 വര്‍ഷം
ത്രേതായുഗം-12,96,000 വര്‍ഷം
ദ്വാപരയുഗം-8,64,000 വര്‍ഷം
കലിയുഗം-4,32,000 വര്‍ഷം
ഇതെല്ലാം കൂടി കൂട്ടിയാല്‍ 43,20,000 വര്‍ഷം. ഇതാണ് ഒരു ചതുര്‍യുഗം. ഇങ്ങനെ 71 ചതുര്‍യുഗങ്ങള്‍ ചേരുന്നത് ഒരു മന്വന്തരം. അങ്ങനെ പതിന്നാലു മന്വന്തരങ്ങള്‍ ചേരുന്നത് ഒരു കല്പം.ഒരു കല്പം എന്നത് ബ്രഹ്മാവിന്റെ ഒരു പകല്‍. ഒരു കല്പത്തിന് ശേഷം ഇതുപോലെ ബ്രഹ്മാവിന്റെ ഒരു രാത്രി.ഇതിനും ഇത്ര ദൈര്‍ഘ്യം. ഇത് തുടര്‍ന്നുകൊണ്ടേയിരിക്കും. അങ്ങനെ തുടരുന്ന കാലത്തിലെ ഇരുപത്തെട്ടാം ചതുര്‍യുഗത്തിലെ, ഏഴാം മന്വന്തരത്തിലെ, കലിയുഗത്തിലെ 3200 -ാം വര്‍ഷത്തിലാണ് നാമിപ്പോള്‍ ജീവിക്കുന്നത്.ഇതിനു മുമ്പുള്ള കല്പങ്ങളിലെ ഏഴാം മന്വന്തരത്തിലെ, കലിയുഗത്തിലെ 3200-ാമത്തെ വര്‍ഷത്തില്‍ ഇക്കാണുന്നതെല്ലാം സംഭവിച്ചിരുന്നു. ഇനി വരാന്‍ പോകുന്ന ചതുര്‍ യുഗങ്ങളിലും ഇതെല്ലാം സംഭവിക്കും.
തല കറങ്ങുന്നോ? ആധുനിക ശാസ്ത്രം പറയുന്നതും ഏതാണ്ടിതൊക്കയാണ്.