ബറോഡാ സന്ദര്‍ശനം സത്യത്തില്‍ ഞങ്ങളുടെ അജണ്ടയില്‍ ഉണ്ടായിരുന്നില്ല. നിയതിയുടെ നിശ്ചയം അങ്ങനെ ആയതുകൊണ്ടാവാം ചരിത്രത്തിന്റെയാ ഇടനാഴികളില്‍ അല്പസമയം ചിലവഴിക്കാനായത്.
ഇസ്ലാമിക അധിനിവേശകാലത്താണ് കര്‍ണ്ണാവതി എന്ന മനോഹരമായ സ്ഥലനാമം അഹമ്മദാബാദ് എന്നാക്കി മാറ്റിയത്. സ്വതന്ത്ര ഭാരതം ഈ അടുത്ത കാലത്താണ് പൗരാണികമായ അതിന്റെ സ്ഥലനാമങ്ങളെ വീണ്ടെടുക്കാന്‍ ആരംഭിച്ചത്. സ്വത്വബോധത്തിലേയ്ക്കുള്ള ഒരു ജനതയുടെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് സ്ഥലനാമങ്ങളുടെ വീണ്ടെടുപ്പ് അടയാളപ്പെടുത്തുന്നത്. ആരാവലി പര്‍വ്വതനിരകളില്‍ നിന്ന് ഉത്ഭവിച്ച് പടിഞ്ഞാറോട്ടൊഴുകുന്ന പുണ്യ നദിയായ സബര്‍മതിയുടെ തീരത്താണ് കര്‍ണ്ണാവതി നഗരം സ്ഥിതി ചെയ്യുന്നത്. ഭാരതത്തിലെ ഏഴ് പുണ്യപര്‍വ്വതങ്ങളില്‍ ഒന്നായ ആരാവലിയില്‍ നിന്ന് ഉത്ഭവിക്കുന്ന സബര്‍മതി 373 കിലോമീറ്റര്‍ സഞ്ചരിച്ച് സിന്ധു സാഗരം അഥവാ അറബിക്കടലില്‍ ചേരുന്നു. അടുത്തകാലം വരെ വ്യവസായ മാലിന്യങ്ങള്‍ കൊണ്ട് അഴുക്കുചാലായി മാറിയിരുന്ന ഈ നദി വിശ്വസിക്കാന്‍ ആവാത്തവിധം സ്വച്ഛവും ശുദ്ധവുമായി മാറിയിരിക്കുന്നു. നദീതീരത്തുള്ള ചേരികളിലെ മാലിന്യങ്ങള്‍ മുഴുവന്‍ ഒഴുകിചേര്‍ന്നിരുന്ന ഈ നദിയെ ഇനി വീണ്ടെടുക്കുക അസാദ്ധ്യമാണെന്ന് കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഏത് അസാദ്ധ്യ കാര്യത്തെയും സുസാദ്ധ്യമാക്കുന്ന നരേന്ദ്രദാമോദര്‍ദാസ് മോദി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായതോടുകൂടിയാണ് സബര്‍മതിയുടെ മുഖഛായ മാറിയത്.
2005-ല്‍ നദീതീരം കെട്ടിസംരക്ഷിക്കാന്‍ 900 കോടിരൂപയാണ് മോദി സര്‍ക്കാര്‍ വകയിരുത്തിയത്. പതിനൊന്നര കിലോമീറ്റര്‍ നഗര പരിസരത്ത് തീരം കെട്ടുക മാത്രമല്ല പൊതുജനങ്ങള്‍ക്ക് സഞ്ചരിക്കുവാനും വിനോദങ്ങളില്‍ ഏര്‍പ്പെടുവാനും വിശ്രമിക്കുവാനുമുള്ള നിര്‍മ്മിതികളും നദീതീരത്ത് നടത്തി. 2005-ല്‍ ആരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2012 ആഗസ്റ്റ് 15ന് പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. നദീതീരത്ത് കൂടിയുള്ള നടപ്പാതകള്‍, സൈക്കിള്‍ ട്രാക്കുകള്‍, ഉദ്യാനങ്ങള്‍ എന്നിവയെല്ലാം നിര്‍മ്മിച്ചപ്പോഴേക്കും ഏതാണ്ട് 1152 കോടി ചെലവായി കഴിഞ്ഞിരുന്നു. നഗരങ്ങളിലെ പ്രാണവായു ലഭ്യത ഉറപ്പാക്കുവാന്‍ ചെറിയ ചെറിയ നഗരവനങ്ങള്‍ ഉണ്ടാക്കുക എന്ന പദ്ധതിയുടെ പരീക്ഷണവും ഇവിടെ നടത്തിയിരിക്കുന്നു. സബര്‍മതിയുടെ തീരത്ത് 15000ത്തില്‍ പരം വൃക്ഷങ്ങളാണ് ഇങ്ങനെ വച്ചുപിടിപ്പിച്ചിരിക്കുന്നത്. സബര്‍മതിയുടെ കിഴക്കേ കരയില്‍ സ്ഥിതിചെയ്യുന്ന കര്‍ണ്ണാവതിയില്‍ എത്തുന്ന ഏതൊരു സഞ്ചാരിയും സബര്‍മതി ദര്‍ശനത്തിനായി സമയം ചെലവഴിക്കുന്നു. അഴുക്കുചാലായിരുന്ന സബര്‍മതി ഇപ്പോള്‍ സിനിമാ ഷൂട്ടിങ്ങുകാരുടെ ഇഷ്ട ലൊക്കേഷനാണ്. അന്തര്‍ദേശീയ പട്ടം പറത്തല്‍ മത്സരം വരെ നടത്തുന്നത് ഈ നദീ തീരത്താണ്. മൂന്നു തവണ കര്‍ണ്ണാവതി സന്ദര്‍ശിച്ചപ്പോഴും ഈ നദീ തീരത്ത് സമയം ചെലവഴിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അപ്പോഴെല്ലാം എന്നും നിറഞ്ഞൊഴുകുന്ന സബര്‍മതി എന്നില്‍ വിസ്മയം ജനിപ്പിച്ചിരുന്നു. നര്‍മ്മദാ നദിയിലെ വെള്ളം കനാലിലുടെ സബര്‍മതിയിലേക്ക് എത്തിക്കുന്നത് കൊണ്ടാണ് ഈ ജല സമൃദ്ധി എന്ന് അടുത്ത കാലത്താണ് എനിക്ക് മനസ്സിലായത്. സബര്‍മതി തീരത്തുള്ള ഗാന്ധിജിയുടെ ആശ്രമത്തിലേക്കാണ് ഞങ്ങള്‍ അടുത്തതായി പോയത്.
സബര്‍മതി നദിയുടെ തീരത്ത് 1917ലാണ് മഹാത്മാഗാന്ധി സത്യഗ്രഹാശ്രമം സ്ഥാപിച്ചത്. പുരാണ പ്രസിദ്ധനായ ദധീചി മഹര്‍ഷി ഇവിടെ തന്റെ ആശ്രമം കെട്ടിവസിച്ചിരുന്നു എന്ന വിശ്വാസം ജനങ്ങള്‍ക്ക് ഇടയില്‍ ഉണ്ട്. 36 ഏക്കറിലായി പടര്‍ന്നു കിടക്കുന്ന ഗാന്ധിജിയുടെ സബര്‍മതി ആശ്രമം ഇന്ന് ഗുജറാത്തില്‍ എത്തുന്ന ഏതൊരു വ്യക്തിയുടെയും തീര്‍ത്ഥ സങ്കേതമാണ്. 1930 വരെയാണ് ഗാന്ധിജിയും പത്‌നി കസ്തൂര്‍ബയും ഇവിടം വാസഗൃഹമാക്കിയത്. സ്വാതന്ത്ര്യസമരത്തിന്റെ മുന്നണി പോരാളിയായി ഭാരതത്തിലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ സഞ്ചരിക്കുമ്പോഴോ വെള്ളക്കാരന്റെ കാരാഗൃഹത്തില്‍ അടയ്ക്കപ്പെടുമ്പോഴോ അല്ലാതുള്ള സമയങ്ങളിലെല്ലാം ഗാന്ധിജി താമസിച്ചത് സബര്‍മതി ആശ്രമത്തിലായിരുന്നു. ചിലപ്പോള്‍ മഹാരാഷ്ട്രയിലെ വാര്‍ദ്ധയിലും അദ്ദേഹം കഴിഞ്ഞിട്ടുണ്ട്. ഒരു ജയിലിനും ശ്മശാനത്തിനും ഇടയിലായിരുന്നു സബര്‍മതി ആശ്രമം സ്ഥിതി ചെയ്തിരുന്നത്. ഗാന്ധിജി ഇതിനെക്കുറിച്ച് പറയാറുണ്ടായിരുന്നത് ഒരു സത്യഗ്രഹിയുടെ ജീവിതത്തിന്റെ രണ്ടു സാദ്ധ്യതകളാണ് ജയിലും ശ്മശാനവും എന്നായിരുന്നു.
വിശ്വപ്രസിദ്ധമായ ഗാന്ധിജിയുടെ ദണ്ഡിയാത്ര ആരംഭിച്ചത് സബര്‍മതി ആശ്രമത്തില്‍ നിന്നായിരുന്നു. ആശ്രമത്തിലെ 78 തിരഞ്ഞെടുക്കപ്പെട്ട അന്തേവാസികളുമായി അഹിംസയുടെ ആ പരമാചാര്യന്‍ 1930 മാര്‍ച്ച് 12നാണ് യാത്രതിരിച്ചത്. ദക്ഷിണ ഗുജറാത്തിലെ കടല്‍ത്തീര ഗ്രാമമായ ദണ്ഡിയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. 24 ദിവസം നീണ്ടു നിന്നയാത്ര ഭാരതത്തിന്റെ ഹൃദയധമനികളില്‍ ദേശീയ സ്വാതന്ത്ര്യബോധത്തിന്റെ തീതൈലമായി പതഞ്ഞൊഴുകി. സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിത്തറ ഇളക്കുവാന്‍ പോന്നതായിരുന്നു ആ യാത്ര. ഉപ്പിനുമേല്‍ ഭീമമായ നികുതി ചുമത്തി 1882ല്‍ ബ്രിട്ടീഷ് ഭരണകൂടം പാസ്സാക്കിയ നിയമം ഭാരതമഹാരാജ്യത്തിലെ ജനകോടികളെ ബാധിക്കുന്നതായിരുന്നു. ഭാരതീയര്‍ക്ക് ഉപ്പ് ഉണ്ടാക്കുവാനോ ശേഖരിക്കാനോ വില്‍ക്കാനോ അനുമതി നിഷേധിക്കുന്ന ഈ കരിനിയമം കാറ്റില്‍പറത്തും എന്ന് പ്രഖ്യാപിച്ചുകൊണ്ട് സബര്‍മതിയില്‍ നിന്നും 384 കിലോമീറ്റര്‍ പിന്നിട്ട് ദണ്ഡിയിലെത്തുമ്പോള്‍ പതിനായിരങ്ങള്‍ അവിടെ തടിച്ചുകൂടിയിരുന്നു. 1930 മാര്‍ച്ച് 12 ന് രാവിലെ 6.30ന് സബര്‍മതിയിലെ ഗാന്ധിജിയുടെയും കസ്തൂര്‍ബയുടെയും നിവാസഗേഹമായ ഹൃദയകുഞ്ചില്‍ നിന്നും ആരംഭിച്ച ദണ്ഡിയാത്ര കൊടുങ്കാറ്റായി മാറുമെന്ന് ബ്രിട്ടീഷ് ഭരണകൂടം മുന്‍കൂട്ടി കണ്ടില്ല. സബര്‍മതിയിലെ കാഴ്ചകളില്‍ പ്രധാനമായിട്ടുള്ളത് ഗാന്ധിജി താമസിച്ചിരുന്ന ഹൃദയകുഞ്ച് എന്ന ചെറിയ വീടാണ്. ഗുജറാത്ത് ഗ്രാമങ്ങളിലെ സാധാരണക്കാരന്റെ വീടിനെ അനുസ്മരിപ്പിക്കുന്നതാണ് ഇവിടെയുള്ള നിര്‍മ്മിതികള്‍. ചെറിയ അടുക്കളയും അതിഥി മുറിയും സ്വീകരണമുറിയും എല്ലാം ചേര്‍ന്ന ഹൃദയകുഞ്ച് ഇപ്പോഴും ഗാന്ധിജിയുടെ ആത്മാവ് സ്പന്ദിക്കുന്ന പവിത്ര സങ്കേതമാണ്. ഹൃദയ കുഞ്ചിലെ സന്ദര്‍ശന മുറിയില്‍ ഗാന്ധിജി ഉപയോഗിച്ചിരുന്ന ചര്‍ക്കയും അദ്ദേഹത്തിന്റെ കണ്ണടയും ഊന്നുവടിയും മെതിയടിയുമെല്ലാം സൂക്ഷിച്ചിട്ടുണ്ട്. സാധാരണ സന്ദര്‍ശകര്‍ക്ക് അകത്ത് കടക്കാന്‍ അനുമതിയില്ലെങ്കിലും ഭാഗ്യംകൊണ്ട് എനിക്ക് അകത്തു കടക്കുവാനും ഫോട്ടോ എടുക്കാനും സാധിച്ചു. ഹൃദയ കുഞ്ചിനോട് ചേര്‍ന്നുള്ള വിനോബ കുടീരത്തിലാണ് ഗാന്ധി ശിഷ്യനായിരുന്ന ആചാര്യാ വിനോബാ ഭാവേ താമസിച്ചിരുന്നത്. ഇതിനുള്ളിലുള്ള ഗാന്ധിസ്മാരക മ്യൂസിയം 1963 മെയ് 10ന് ജവഹര്‍ലാല്‍ നെഹ്‌റു രാഷ്ട്രത്തിന് സമര്‍പ്പിച്ചു. മഹാത്മാഗാന്ധിയുടെ ജീവിതത്തിലെ അത്യപൂര്‍വ്വ നിമിഷങ്ങള്‍ രേഖപ്പെടുത്തിയ 280ല്‍ പരം ചിത്രങ്ങള്‍ എന്‍ലാര്‍ജ് ചെയ്ത് ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ എട്ടോളം എണ്ണഛായാചിത്രങ്ങളും ഈ മ്യൂസിയത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഇവയില്‍ പ്രധാനപ്പെട്ട ചിത്രങ്ങള്‍ ഐപാഡിലും ക്യാമറയിലും ആക്കി സൂക്ഷിക്കാന്‍ കഴിഞ്ഞത് സൗഭാഗ്യമായി കരുതുന്നു.
തിരക്കിട്ട സമരജീവിതത്തിനിടയിലും മഹാത്മജി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കത്തുകള്‍ അയച്ചുകൊണ്ടിരുന്നു. അതുപോലെ ആയിരക്കണക്കിന് കത്തുകളാണ് അദ്ദേഹത്തെ തേടി സബര്‍മതിയിലേക്ക് എത്തിക്കൊണ്ടിരുന്നത്. കൊച്ചുകുട്ടികള്‍ മുതല്‍ രാഷ്ട്രത്തലവന്മാര്‍ വരെ എഴുതിയ കത്തുകള്‍ ഇവിടെ ശേഖരിച്ച് വച്ചിട്ടുണ്ട്. ‘മഹാത്മാ ഗാന്ധി, ഇന്ത്യ’ എന്ന മേല്‍വിലാസം പോലും പര്യാപ്തമായിരുന്നു ഒരു കത്ത് ഗാന്ധിജിയുടെ പക്കലേക്ക് എത്തുവാന്‍. 34117 കത്തുകളുടെ ശേഖരമാണ് ഈ മ്യൂസിയത്തിലുള്ളത്. വര്‍ഷത്തില്‍ ശരാശരി 7 ലക്ഷം സന്ദര്‍ശകരാണ് ഇവിടെ എത്തിച്ചേരാറുള്ളത്. ഗുജറാത്തില്‍ എത്തുന്ന ഏതൊരു രാഷ്ട്രത്തലവനും സബര്‍മതി ആശ്രമം സന്ദര്‍ശിക്കാതെ മടങ്ങാറില്ല. ‘നമസ്‌തെ ട്രംപ്’ പരിപാടിയുടെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ സന്ദര്‍ശനത്തിന്റെ തലേദിവസമാണ് ഇത്തവണ ഞാന്‍ സബര്‍മതി ആശ്രമം സന്ദര്‍ശിച്ചത്. 35000ത്തില്‍ പരം പുസ്തകങ്ങളുടെ ശേഖരങ്ങളുള്ള ഒരു ഗ്രന്ഥപ്പുര സബര്‍മതി ആശ്രമത്തിന്റെ സവിശേഷതയാണ്. സബര്‍മതി ആശ്രമം കണ്ടിറങ്ങുമ്പോഴേക്കും നേരം ഏറെ വൈകിയിരുന്നു. ആശ്രമത്തിന്റെ എതിര്‍വശത്തുള്ള ഗുജറാത്ത് ടൂറിസം ഡിപ്പാര്‍ട്ടുമെന്റിന്റെ വൃത്തിയും വെടിപ്പും ഉള്ള ഹോട്ടലില്‍ നിന്ന് ആഹാരം കഴിച്ച് ഞങ്ങള്‍ മടങ്ങി.
(തുടരും)