മലങ്കര സഭയെ സ്‌നേഹിച്ച് സ്‌നേഹിച്ച് നക്കി നക്കി ഇല്ലാതാക്കുവാന്‍ സായിപ്പിന്‍ സഭ ഒരു ഭാഗത്ത് ശ്രമിക്കുമ്പോള്‍ തന്നെ മറുഭാഗത്ത് തിരുവിതാംകൂറിലെ ഹിന്ദു സമൂഹവും ബ്രിട്ടീഷുകാരാല്‍ മതപരിവര്‍ത്തന വേട്ടക്ക് ഇരയായിക്കഴിഞ്ഞിരുന്നു. ആഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി കീഴടക്കി യൂറോപ്പിലെയും അമേരിക്കയിലെയും അടിമച്ചന്തകളിലേക്ക് കൊണ്ടുപോയ ക്രൈസ്തവ പുരോഹിതവൃന്ദം ഇന്ത്യയിലെത്തിയപ്പോള്‍ മാനവിക സ്‌നേഹത്തിന്റെ വക്താക്കളായി മാറി. അവര്‍ എവിടെയും എക്കാലത്തും പ്രായോഗിക നേട്ടത്തിന്റെ ആളുകളായിരുന്നു.
മനുഷ്യര്‍ തമ്മിലുള്ള തരംതിരിവ് ഈ ലോകത്ത് എക്കാലവും ഉണ്ടായിരുന്നു. ഇന്നുമുണ്ട്. ലോകത്തില്‍ ഓരോ സ്ഥലത്തും ഓരോ രീതിയിലാണ് ഇവ പ്രവര്‍ത്തിച്ചിരുന്നത്. യൂറോപ്പില്‍ ഇത് കറുത്തവനും വെളുത്തവനും തമ്മിലും പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള വിവേചനമായിരുന്നെങ്കില്‍ ഏഷ്യയിലിത് ജാതിപരമായിരുന്നു. ജാതി ഒരു നഗ്‌ന യാഥാര്‍ത്ഥ്യമായിരുന്നു. യൂറോപ്പിനെപ്പോലെ ഇന്ത്യയിലും രാജാവിനും പ്രജകള്‍ക്കും ഇടയില്‍ അധികാരത്തോട് ഒട്ടി പുരോഹിതവൃന്ദം ഉണ്ടായിരുന്നു. അവര്‍ അവര്‍ക്ക് അനുകൂലമാകുന്ന രീതിയില്‍ നിയമങ്ങള്‍ സൃഷ്ടിച്ചു.
18-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ തിരുവിതാംകൂര്‍ രാജ്യം ബ്രിട്ടന്റെ പരിപൂര്‍ണ നിയന്ത്രണത്തിലായിരുന്നു. മറ്റു പ്രദേശങ്ങളിലെന്നപോലെ തിരുവിതാംകൂറിലും സമൂഹത്തിലും ജാതിപരവും സാമ്പത്തികവുമായ അസമത്വം നിലനിന്നിരുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ലോകത്തിലെല്ലായിടത്തെന്ന പോലെ ഇവിടെയും അന്നുമുണ്ടായിരുന്നു. ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും വിളവെടുപ്പ് ആഘോഷിക്കുന്ന മിഷണറിമാര്‍ക്ക് തിരുവിതാംകൂറില്‍ ഇതെല്ലാം ഉണ്ടെന്നറിഞ്ഞതോടെ പ്രവര്‍ത്തന മേഖലയായി. മനുഷ്യന്റെ വിഷമാവസ്ഥകളെ മുതലെടുത്തുകൊണ്ട് വേണം മതം മാറ്റുവാന്‍. മതംമാറൂ കണ്ണീരൊപ്പാം എന്നതായിരുന്നുവല്ലോ എക്കാലത്തെയും മുദ്രാവാക്യം
അരിയും തുണിയും പണവും മതംമാറ്റത്തിനുള്ള ഒരു ഉപാധിയായിരുന്നെങ്കില്‍ മറ്റൊന്ന് നിലവിലുള്ള ആത്മീയതയെ, സംസ്‌കാരത്തെ തകര്‍ക്കുകയെന്നതായിരുന്നു. ഇക്കാര്യത്തില്‍ ബ്രിട്ടീഷ് ഭരണകൂടവും പ്രൊട്ടസ്റ്റന്റ് പാതിരിമാരും വലിയ മുന്നേറ്റം തന്നെ നടത്തി. യൂറോപ്പില്‍ നിന്ന് പൊറോട്ട അടിക്കുവാന്‍ വന്നവനും പായ വഞ്ചി തുഴയുവാന്‍ കൂലിക്ക് വന്നവനും കഞ്ഞി വെക്കാന്‍ വന്നവനും കുതിരയെ കുളിപ്പിക്കുവാന്‍ വന്നവനുമൊക്കെ ഭാരതത്തിലെ വിശ്വോത്തര ചരിത്രകാരന്മാരായി. അവര്‍ എഴുതിയതൊക്കെ ഇവിടത്തെ വയറ്റിപ്പിഴപ്പ് ചരിത്രകാരന്മാര്‍ക്ക് ഉദ്ധരണികളായി. മിഷണറിമാരെ സന്തോഷിപ്പിക്കുന്ന രചനകള്‍ക്ക് പാഠപുസ്തക വിപണിയില്‍ മേല്‍ക്കൈ കിട്ടിയതോടെ അവരുടെ ഭാവന വിലാസങ്ങളും ഭാരതത്തോടുള്ള പുച്ഛവും വരെ ചരിത്ര ലിഖിതങ്ങളായി. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തുടങ്ങിയ ആ പ്രവൃത്തി 300 വര്‍ഷം കഴിഞ്ഞും ചരിത്രത്തിന്റെ നാമത്തില്‍ അവര്‍ ഇന്നും തുടരുന്നു.
കേരളവും ഭാരതവും പ്രാകൃതമായിരുന്നുവെന്ന് കാണിക്കുവാന്‍ വൈദേശിക മതങ്ങള്‍ ഒരുപാട് പണിയെടുത്തിട്ടുണ്ട്. നിരവധി കഥകള്‍ ചരിത്രമെന്ന വ്യാജേന രചിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ഇതിലൊന്നാണ് മുലക്കരത്തിന്റെ കഥ. ഡോ. റോബിന്‍ ജെഫ്‌റി എന്ന ഒരു പാശ്ചാത്യന്‍ അക്കാലത്തെ നികുതികളെക്കുറിച്ച് എഴുതിയ കൂട്ടത്തില്‍ പറയുന്ന ഒന്നാണ് മുലക്കരം. മനുഷ്യ ശരീരത്തിലെ അവയവങ്ങള്‍ക്ക് പോലും അക്കാലത്ത് കരം ഉണ്ടായിരുന്നുവെന്നും അത്രയും പ്രാകൃതമായിരുന്നു ഈ രാജ്യമെന്ന് സ്ഥാപിക്കാനാണ് ഇദ്ദേഹം ഇത് എഴുതുന്നത്. കരം ഉണ്ടായിരുന്നോ ഇല്ലയോ എന്നുള്ളതല്ല മറിച്ച് മുലക്കരത്തിന് മികവേകുവാന്‍ ഇത്തരം ചരിത്ര ജീവികള്‍ സൃഷ്ടിച്ച കഥകളാണ് നമ്മളില്‍ കൂടുതല്‍ ഞെട്ടലുളവാക്കൂന്നത്. ഈ രാജ്യത്തിന്റെ ശത്രുക്കള്‍ ഇന്നും തികച്ചും അസംഭാവ്യമായതും യുക്തിക്ക് നിരക്കാത്തതുമായ മുലക്കര കഥകള്‍ പ്രചരിപ്പിച്ചു കൊണ്ടേയിരിക്കുന്നു.
ഡോ:റോബിന്‍ ജെഫ്രിയെ ഉദ്ധരിച്ചു കൊണ്ട് നാടന്‍ ചരിത്രകാരനായ സി.വാസവപ്പണിക്കര്‍ എഴുതിയ ഒരു ഖണ്ഡിക ‘നാടുണര്‍ത്തിയ നാടാര്‍ പോരാട്ടങ്ങള്‍’ എന്ന പുസ്തകത്തില്‍ കൊടുത്തിട്ടുണ്ട്. ഹിന്ദു സമൂഹത്തെ പരമാവധി താറടിക്കുക എന്ന ലക്ഷ്യത്തോടെ, പ്രൊട്ടസ്റ്റന്റ് സഭക്കാരാനായ പ്രൊ.ജെ. ഡാര്‍വിന്‍ എഴുതിയതാണ് ഈ പുസ്തകം. അക്കാലം ഈഴവ സ്ത്രീകള്‍ മുലക്കരവും തലക്കരവും കൊടുക്കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നുപോല്‍ (പോല്‍ – ശ്രദ്ധിക്കുക). കരം പിരിക്കുന്ന ഉദ്യോഗസ്ഥന്മാരുടെ ഉപദ്രവം സഹിക്കവയ്യാതായപ്പോള്‍ ചേര്‍ത്തല താലൂക്കിലെ ഒരു ഈഴവ ധീരവനിത (ധീരവനിതക്ക് മേല്‍വിലാസമില്ലാ) അവളുടെ മുല രണ്ടും ഛേദിച്ച് ഉദ്യോഗസ്ഥന്മാരുടെ മുമ്പില്‍ വച്ചു കൊടുത്തിട്ട് ഇനി ആ കരത്തില്‍ നിന്ന് എന്നെ ഒഴിവാക്കി കൂടെ എന്നു ചോദിച്ചുവത്രേ (അത്രേ). ആ സ്ത്രീയുടെ വീടിന് അന്ന് മുതല്‍ മുലച്ചിപ്പറമ്പ് എന്നാണ് പറഞ്ഞു വന്നത്.
സ്വന്തം മുല മുറിച്ച് പ്രതിഷേധിച്ചത് ഒരു സത്യമായിരുന്നെങ്കില്‍ അത് ലോകം കണ്ട ഏറ്റവും വലിയ പ്രതിഷേധ സമരമായി വാഴ്ത്തപ്പെട്ടേനെ. അത് ഉണ്ടായില്ല. സ്വബോധമുള്ളവരാരും വിശ്വസിക്കില്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെ കഞ്ഞിവെപ്പ് ചരിത്രകാരന്മാര്‍ എഴുതിയ കഥകള്‍ ഇന്ത്യയിലെ നാടന്‍ മുറിമൂക്കന്‍ ചരിത്രകാരന്മാര്‍ എന്തോ വലിയൊരു സംഭവം പോലെ ഉദ്ധരിച്ച് എഴുതി ചരിത്രമാക്കുവാന്‍ ശ്രമിക്കുന്നു. നമ്മുടെ പല ചരിത്രകാരന്മാരുടെയും സകല കാല അജ്ഞതയാണ് ഇത് കാണിക്കുന്നത്. ഒരാള്‍ക്ക് രണ്ട് മുല പോയിട്ട് അര മുല പോലും സ്വയം മുറിക്കുവാന്‍ കഴിയുകയില്ലെന്നിരിക്കേ രണ്ട് മുല മുറിക്കുക മാത്രമല്ല അത് ഉദ്യോഗസ്ഥന്മാരുടെ മുമ്പില്‍ വെച്ച് കൊടുത്തിട്ട് കരം ഒഴിവാക്കി കൊടുക്കുവാനും പറഞ്ഞുവത്രെ. വ്യവസ്ഥ ഉണ്ടായിരുന്നു പോല്‍. ചോദിച്ചുവത്രെ എന്ന് തുടങ്ങിയ പ്രയോഗങ്ങളിലൂടെ ചരിത്രകാരന് തന്നെ ഉറപ്പില്ലാത്തൊരു കാര്യം ചരിത്രമായി നമ്മുടെ നാട്ടില്‍ പ്രചരിപ്പിക്കപ്പെടുന്നു. ചക്ക ചുള പറിക്കുന്ന ലാഘവത്തോടെ ഒരു സ്ത്രീ തന്റെ രണ്ട് മുലകളും മുറിച്ചുവെന്ന് ചരിത്രമെഴുതിയ സായിപ്പിനെക്കാള്‍ ഈ നാടിന് ദോഷം ചെയ്യുന്നത് അത് പ്രചരിപ്പിച്ച് സമൂഹത്തില്‍ ജാതി സ്പര്‍ദ്ധ ഉണ്ടാക്കുവാന്‍ നടക്കുന്ന മുറിമൂക്കന്മാരായ ഇത്തരം നാടന്‍ ചരിത്രകാരന്മാരാണ്.മുലക്ക് കരം വരുവാനുള്ള കാരണമായി ഇദ്ദേഹം തുടര്‍ന്നെഴുതുന്നതിങ്ങനെയാണ്. താണ ജാതിയില്‍പ്പെട്ട ആരും തന്നെ പാലു കുടിക്കുവാന്‍ പാടില്ല എന്ന നിരോധനവും ഉണ്ടായിരുന്നു അക്കാലങ്ങളില്‍. താഴ്ത്തപ്പെട്ടവരുടെ കുഞ്ഞുങ്ങള്‍ക്ക് പോലും പാല്‍ നിരോധിത വസ്തുവായിരുന്നതുകൊണ്ടാണ് അതിന്റെ ഉല്‍പ്പാദനോപകരണമെന്ന നിലയില്‍ മുലക്ക് കരം ഏര്‍പ്പെടുത്തിയിരുന്നത്. ഇത് വായിക്കുന്ന ഒരാള്‍ക്ക് ആ കാലഘട്ടത്തെക്കുറിച്ച് എത്ര അവാസ്തവികമായ ധാരണയാണ് ഉണ്ടാകുക. ഇത് തന്നെയാണ് സഭകളും ഉദ്ദേശിക്കൂന്നത്.
ഇനി അക്കാലത്തെ ഒരു ശിക്ഷാരീതിയെപ്പറ്റി ഒരു ചരിത്ര വിദ്വാന്‍ എഴുതിയിരിക്കുന്നത് നോക്കൂ. (താഴ്ന്ന ജാതിക്കാര്‍ക്കുള്ള)ശിക്ഷാവിധികളുടെ കൂട്ടത്തില്‍ ചിത്രവധമെന്നൊരു ഏര്‍പ്പാടുള്ളതാണ് ഏറ്റവും നിഷ്ഠൂരം. കുറ്റവാളിയുടെ മലദ്വാരത്തില്‍ കൂടി തൊണ്ടയുടെ താഴ്‌വാരം വരെ ഒരു നീണ്ട ഇരുമ്പുപാര ചുട്ടുപഴുപ്പിച്ച് അടിച്ചു കയറ്റി ഒരു മരക്കൊമ്പില്‍ കെട്ടി തൂക്കുക. മൂന്ന് ദിവസം തീവ്രമായ മരണവേദന അനുഭവിച്ചതിന് ശേഷമേ അയാള്‍ മരിക്കൂ എന്നാണ് നിയമം (ഡോ:വിജയാലയം ജയകുമാര്‍).
ഒറ്റനോട്ടത്തില്‍ എന്തൊരു ക്രൂരമെന്ന് തോന്നാമെങ്കിലും സാമാന്യബുദ്ധിയുള്ളവര്‍ ഒന്നുകൂടി ആലോചിച്ചാല്‍ ഇയാള്‍ എഴുതിപ്പിടിപ്പിച്ചതിന്റെ വിഡ്ഢിത്തം മനസ്സിലാകും. മലദ്വാരം മുതല്‍ കഴുത്ത് വരെ ശരീരത്തിനുള്ളില്‍ ഒരു കുഴലിന്റെ ആകൃതിയിലാണ് എന്ന ധാരണയില്‍ നിന്നാണ് ഈ കഞ്ഞിവെപ്പ് ചരിത്രകാരന്‍ ചിത്രവധം എന്ന നുണ വധക്കഥ ഉണ്ടാക്കിയതെന്ന് മനസ്സിലാക്കാം. മലദ്വാരത്തിനും കഴുത്തിനും ഇടയിലുള്ള ശരീര ഭാഗങ്ങളെക്കുറിച്ചുള്ള അജ്ഞത കൊണ്ടു തന്നെയാണ്. മരക്കൊമ്പില്‍ കെട്ടി തൂക്കുന്നതും മൂന്ന് ദിവസം മരിക്കാനായി അനുവദിക്കുന്നതുമെല്ലാം.ഒരാളെ ആസനത്തിലൂടെ കമ്പി പഴുപ്പിച്ച് വായില്‍ കയറ്റി കൊന്നാല്‍ പോരാ അതിന് മുമ്പ് മൂന്ന് ദിവസം കെട്ടി തൂക്കിയിടണമെന്ന് കൂടി വ്യാജ ചരിത്ര രചന നടത്തുന്നവന്‍ തന്നെയാണ് മുലക്കര കഥക്ക് മികവേകുവാനും നാടകീയത കിട്ടുവാനും വേണ്ടി രണ്ട് മുലകളും സ്വമേധയാ മുറിപ്പിക്കുന്നതും കുട്ടികളുടെ പാലുകുടി ഇല്ലാതാക്കുന്നതും – ഇവര്‍ക്ക് ഈ രാജ്യത്തോടുള്ള പക എത്രയെന്ന് കൂടി ആലോചിക്കേണ്ടതുണ്ട്.
ക്രൂരതയുടെ കഥകള്‍ ഇങ്ങനെയായിരുന്നെങ്കില്‍ രാജ്യത്തെയും ജനങ്ങളെയും അപമാനിക്കുവാനുള്ള ശ്രമങ്ങളും ചരിത്രത്തിന്റെ പേരില്‍ നടന്നു. ബ്രിട്ടീഷ് സായിപ്പിന് മസ്തിഷ്‌ക്കം പണയം വെച്ച് ചരിത്രരചന നടത്തിയിട്ടുള്ള നാടന്‍ കഞ്ഞിവെപ്പ് ചരിത്രകാരന്മാര്‍ സായിപ്പ് പറഞ്ഞതിനപ്പുറവും കടത്തി പറഞ്ഞ്തങ്ങളുടെ വിധേയത്വവും പാണ്ഡിത്യവും തെളിയിച്ചു. പതിനാറാം നൂറ്റാണ്ടിന്റെ കേരള ചരിത്രം പറയുന്ന ഒരു പുസ്തകത്തിന്റെ മുഖചിത്രം ആനപ്പുറത്ത് കോണകം ഉടുത്തിരിക്കുന്ന രാജാവിന്റെതാണ്. ഇത് ആരോ വരച്ച വെറുമൊരു പെയിന്റിംഗാണ്. പക്ഷെ ഇതിനെയൊരു പെയിന്റിംഗായി കാണാതെ പതിനാറാം നൂറ്റാണ്ടിലും കൊച്ചിയിലെ രാജാക്കന്മാര്‍ക്ക് കോണകമായിരുന്നു രാജകീയ വസ്ത്രം എന്ന് പ്രഖ്യാപിക്കുകയാണ് സഭകളുടെ കഞ്ഞിവെപ്പ് ചരിത്രകാരന്മാര്‍. തങ്ങളാണ് കൊച്ചിക്കാരെ തുണിയുടുപ്പിച്ചതെന്ന് ഭാഷ്യം.
ഇത്തരത്തിലുള്ള നിരവധി പുസ്തങ്ങള്‍ ചരിത്രരചനകള്‍ എന്ന പേരില്‍ കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ ഇന്ത്യയിലിറങ്ങി. കേരളം ആയിരുന്നു ഇത്തരം പ്രസാധകരുടെ തലസ്ഥാനം. കേരളത്തിലെ പ്രബലമായ രണ്ട് സെമറ്റിക് മതങ്ങളും മതപരിവര്‍ത്തനം ലക്ഷ്യം വെച്ച് ഇത്തരം ചരിത്രത്തെ നന്നായി പ്രചരിപ്പിച്ചു. ഇങ്ങനെയുള്ള നുണക്കഥകളുടെയും ഭാവനകളുടെയും അടിസ്ഥാനത്തില്‍ അര്‍ദ്ധസത്യങ്ങളുടെ അടിസ്ഥാനത്തില്‍ ചരിത്ര നിര്‍മിതി നടത്തിയവരില്‍ കേമനാണ് മാര്‍ക്‌സ് വെബ്ബര്‍. ഇന്ത്യന്‍ മതം എന്ന പേരില്‍ ഒരു പുസ്തകം ഇദ്ദേഹവും ഇന്ത്യന്‍ ജാതിവ്യവസ്ഥ എന്ന പേരില്‍ ഡോ: ജോണ്‍ വില്‍സണ്‍ എന്ന സ്‌കോട്ടിഷ് മിഷണറി മറ്റൊരു പുസ്തകവും എഴുതിയിട്ടുണ്ട്. ഇത് പോലെയുള്ള നിരവധി പുസ്തകങ്ങള്‍ ലഭ്യമാണ്. ഇതിലെല്ലാം ഇവര്‍ പറയുവാന്‍ ശ്രമിക്കുന്ന ഒരു പ്രധാന കാര്യം ആര്യന്‍ ആകമണത്തെക്കുറിച്ചാണ്. ഇന്ത്യയിലുള്ള മേല്‍ജാതി വര്‍ഗ്ഗം ഇവിടത്തുകാരല്ലെന്നും അവര്‍ വിവിധ സഹചര്യങ്ങളില്‍ ഇവിടെ കുടിയേറിയവരാണെന്നും അവര്‍ ഇവിടത്തെ യഥാര്‍ത്ഥ ജനതയായ ഇപ്പോഴത്തെ പിന്നോക്ക ജാതിക്കാരെന്ന് അറിയപ്പെടുന്നവരെ ആക്രമിച്ച് കീഴടക്കി ഭരിക്കുന്നുവെന്നുമൊക്കെയാണ് – സത്യത്തില്‍ ഭാരതത്തില്‍ മതംമാറ്റത്തിനെത്തിയ ക്രിസ്ത്യന്‍ മിഷണറിമാര്‍ വളരെ ബുദ്ധിപൂര്‍വം വികസിപ്പിച്ചെടുത്ത ഒരു കെട്ടുകഥയാണ് ആര്യന്‍. ഭാരതത്തിന്റെ സാംസ്‌ക്കാരിക അടിത്തറയായ വേദോപനിഷത്തുകളും മഹാഭാരതം രാമായണം അടക്കമുള്ള പുരാണങ്ങളുമെല്ലാം ഭാരതീയമല്ലെന്നും വൈദേശികമാണെന്നും പ്രചരിപ്പിച്ച് കുരിശ് മതം പ്രചരിപ്പിക്കുവാന്‍ വേണ്ടി തട്ടിക്കൂട്ടിയതായിരുന്നു ഈ ആക്രമണ കഥ.18-ാം നൂറ്റാണ്ടില്‍ വളരുകയും പിന്നത്തെ 2 നൂറ്റാണ്ടുകളിലായി വികസിച്ച് ഭാരത ചരിത്രത്തെ വികലമാക്കുകയും ചെയ്ത ആര്യന്‍ കഥ ഇന്ന് കാറ്റുപോയ അവസ്ഥയിലാണ്.
(തുടരും)