ഒരു നല്ല ശാഖയുടെ ലക്ഷണം ചോദിച്ചാല്‍ നമ്മളെന്തു മറുപടിയാകും നല്‍കുക? നല്ല സംഖ്യ, ശാഖാ കാര്യകാരി, ഗണ-ഗട വ്യവസ്ഥ, സമ്പര്‍ക്കം, മറ്റ് ശാഖാ യോജനകള്‍ എന്നിങ്ങനെ ഒരുപാട് സാങ്കേതികമായ മറുപടികള്‍ നമുക്കെല്ലാവര്‍ക്കും നല്‍കാനുണ്ടാവും. എന്നാല്‍ അനുഭവം കൊണ്ട് മറുപടി നല്‍കാനാവശ്യപ്പെട്ടാല്‍ നാളിതുവരെ ലഭിച്ച അനുഭൂതിയില്‍ നിന്നുള്ള എന്റെ ഉത്തരം ”എല്ലാം മറന്ന്. ഒരു മണിക്കൂര്‍ സമയം, എങ്ങനെ കടന്നുപോയെന്നു പോലുമറിയാതെ, സ്വയംസേവകര്‍ ലയിച്ച് പങ്കെടുക്കുന്ന ശാഖയാണ് നല്ല ശാഖ” എന്നായിരിക്കും. ശാഖയില്‍ മതിമറന്ന് പങ്കെടുക്കവേ, മണ്ഡലയില്‍ ഇരിക്കാനുളള ആജ്ഞ കിട്ടുമ്പോള്‍ ഇത്ര പെട്ടെന്ന് സമയം തീര്‍ന്നോയെന്ന് സങ്കടത്തോടെ ചോദിക്കുന്ന സ്വയംസേവകരെ ഒരുപാട് തവണ കണ്ടിട്ടുണ്ട്. എന്റെ അഭിപ്രായത്തില്‍ ഏതെങ്കിലും ശാഖയില്‍ ഈ ചോദ്യം ഉയരുന്നുണ്ടെങ്കില്‍ അതൊരു നല്ല ലക്ഷണമാണ്. കാരണം, ഉറപ്പിച്ച് പറയാം അതൊരു നല്ല ശാഖയാണെന്ന്… ഭാഗ്യവശാല്‍ സംഘജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ അത്തരമൊരു നല്ല ശാഖയുടെ ഭാഗമാവാന്‍ എനിക്കും സൗഭാഗ്യം ലഭിച്ചു.. ഇതു പറയുമ്പോള്‍ അന്ന് ശാഖയുടെ നിയന്ത്രണം കൈയാളിയിരുന്ന മുഖ്യശിക്ഷകനെ മറക്കാനാവില്ലല്ലോ.. വലിയ സംഖ്യയൊന്നും പങ്കെടുക്കുന്ന ശാഖയല്ലാതിരുന്നിട്ടും ഉഷാറായി കാര്യക്രമങ്ങള്‍ എടുക്കാനുളള അദ്ദേഹത്തിന്റെ മിടുക്കാണ് ഞങ്ങളെ അത്ഭുതപ്പെടുത്തിയത്.. ആ മിടുക്കില്‍ ആകൃഷ്ടരായി അദ്ദേഹത്തെ പോലെ ആജ്ഞ പറയാനും, ശാരീരിക് ചെയ്യാനും കളികളെടുക്കാനുമൊക്കെ ഞങ്ങളും അന്നൊരുപാട് കൊതിച്ചിട്ടുമുണ്ട്.. പതുക്കെ പതുക്കെ ഉഷാറായി ശാഖയെടുക്കുന്നതിന് പിന്നിലൊരു രസതന്ത്രം ഉണ്ടെന്ന് മനസ്സിലായി. നന്നായി ശാഖയെടുക്കുന്നത് കണ്ടുകണ്ട് ഞങ്ങളും ആ സൂത്രം വശമാക്കി.. സത്യത്തില്‍ അപ്പോഴാണതില്‍ രസതന്ത്രം (Chemistry) മാത്രമല്ല രസമുള്ള തന്ത്രവും (Interesting strategy) കൂടി ഒളിഞ്ഞിരിപ്പുണ്ടെന്ന് തിരിച്ചറിഞ്ഞത്… ശാഖയില്‍ നിന്നും ഗ്രഹിക്കാനായ ഈ രണ്ട് തന്ത്രങ്ങളെയും കുറിച്ചുള്ള അനുഭവങ്ങളാണ് ഇത്തവണത്തെ എഴുത്തിലൂടെ പങ്കുെവക്കുന്നത്… കാര്യക്രമങ്ങളാണ് ശാഖയുടെ നട്ടെല്ലെന്ന് നമുക്കറിയാമല്ലോ.. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വ്യക്തിനിര്‍മ്മാണം ലക്ഷ്യമിട്ട് ഒരു മണിക്കൂര്‍ സമയ പരിധിക്കുള്ളില്‍ ഭംഗിയായി ചിട്ടപ്പെടുത്തിയിരിക്കുന്ന വിവിധതരം കാര്യക്രമങ്ങളുടെ സഞ്ചയമാണ് ശാഖ.. ഈ കാര്യക്രമങ്ങളെ ഏതൊരാള്‍ക്കും പ്രയോഗിക്കാനാവുമെങ്കിലും ഉദ്ദേശിക്കുന്ന ഫലം ലഭിക്കണമെങ്കില്‍ എടുക്കുന്നയാളിന് നൈപുണ്യം (Skill) അനിവാര്യമാണ്… ഉദാഹരണത്തിന് ഒരു ശില്പിയുടെ കൈവശം പലതരത്തിലുള്ള പണിയായുധങ്ങള്‍ ഉണ്ടാവുമല്ലോ.. ആര്‍ക്കും അതെടുത്ത് പ്രയോഗിക്കാനുമാവും.. പക്ഷേ ആ പ്രയോഗത്തിലൂടെ ഒരു ശില്പം ഉണ്ടാവുകയില്ലെന്ന് മാത്രം.. എന്തെന്നാല്‍ ശില്പമുണ്ടാവാന്‍ ആയുധം പ്രയോഗിക്കുന്ന കൈകള്‍ക്ക് നൈപുണ്യം കൂടിയേ തീരൂ… ശില്പിക്കതുണ്ട്.. ശാഖയുടെ കാര്യവും അങ്ങനെ തന്നെ… മേല്‍പറഞ്ഞ രണ്ടു തന്ത്രങ്ങളെയും വശമാക്കുമ്പോഴാണ് ഒരാള്‍ ശാഖ കൈകാര്യം ചെയ്യാന്‍ നിപുണനാവുന്നത്….
ഇനി ഒന്നാമത് പറഞ്ഞ രസതന്ത്രത്തെ (chemistry) കുറിച്ച് ചിന്തിക്കാം. രാഷ്ട്രശരീരത്തെ ബാധിച്ച അസുഖത്തിന് ഡോക്ടര്‍ജി കണ്ടെത്തിയ മരുന്നാണല്ലോ ശാഖ.. മരുന്നുകള്‍ പലതുണ്ട്.. എല്ലാ മരുന്നുകള്‍ക്കും ഒരു കൂട്ടുമുണ്ട്.. വിവിധ പദാര്‍ത്ഥങ്ങള്‍ വ്യത്യസ്തമായ അളവില്‍ ചേര്‍ത്താണല്ലോ ഓരോ മരുന്നിന്റെയും കൂട്ട് തയ്യാറാക്കുന്നത്. അതിനെയാണ് മരുന്നിന്റെ രസതന്ത്രം എന്ന് വിളിക്കുന്നതും. ആളിനും അസുഖത്തിനും പ്രായത്തിനും രോഗതീവ്രതക്കുമൊക്കെ അനുസരിച്ച് നല്‍കുന്ന മരുന്നിന്റെ രസതന്ത്രവും വ്യത്യാസപ്പെടും.. നല്ലൊരു വൈദ്യന്റെയുള്ളില്‍ രോഗിയെ കാണുമ്പോള്‍ തന്നെ നല്‍കേണ്ട മരുന്നിന്റെ കൂട്ടും തെളിയും.. ഇതുപോലെ ഓരോ ദിവസവും ശാഖയില്‍ എടുക്കുന്ന കാര്യക്രമങ്ങളുടെ രസതന്ത്രവും സാഹചര്യമനുസരിച്ച് വ്യത്യസ്തമായിരിക്കും. അതായത് ശാഖയില്‍ പങ്കെടുക്കുന്നവരുടെ പ്രായം, ശാരീരിക സ്ഥിതി, സംഘസ്ഥാനിലെ സംഖ്യ, സംഘസ്ഥാന്റെ വലുപ്പം, കാലാവസ്ഥ എന്നിവയൊക്കെ കണ്ടറിഞ്ഞ് ശിക്ഷകന് കാര്യക്രമങ്ങളുടെ രസതന്ത്രം തീരുമാനിക്കേണ്ടി വരും… കണ്‍മുന്നിലുള്ള സാഹചര്യങ്ങളുടെ നിരീക്ഷണത്തിലൂടെ (Physical observation) തീരുമാനമെടുക്കാന്‍ പറ്റുമെന്നതിനാല്‍ പരിശീലനത്തിലൂടെ (Training) ഈ രസതന്ത്രം വശമാക്കാന്‍ പൊതുവേ എളുപ്പമാണ്.. ഈ കൂട്ട് ശരിയായാലേ ശാഖ ഉഷാറാവൂ.. ആദ്യം പറഞ്ഞ രസതന്ത്രം (Chemistry) കൊണ്ട് അര്‍ത്ഥമാക്കിയത് ഇതാണ്..
ഇനി രണ്ടാമത് പറഞ്ഞ രസമുള്ള തന്ത്രത്തെ (Interesting strategy) കുറിച്ച് പറയാം.. ഇത് വശമാക്കാന്‍ അല്പം പ്രയാസമാണ്. ശിക്ഷാ വര്‍ഗുകളിലെ പരിശീലനത്തിലൂടെ രസതന്ത്രം വശമാക്കാനാവും. എന്നാല്‍ രസമുള്ള തന്ത്രം വശമാക്കാന്‍ അനുഭവത്തിലൂടെയേ (Experience) സാധിക്കൂ.. കാരണം ആദ്യത്തെ രസതന്ത്രം കണ്ടെത്താന്‍ പുറമറിഞ്ഞാല്‍ മാത്രം മതിയാവും.. എന്നാല്‍ രസമുള്ള തന്ത്രത്തിന് അകമറിയണം.. അര്‍ത്ഥം രസമുള്ള തന്ത്രം സ്വായത്തമാക്കാന്‍ ശിക്ഷകന് മുന്നിലുള്ളവരുടെ മനസ്സ് വായിക്കാനാവണം, അതറിഞ്ഞ് പെരുമാറാനുമാവണം. ശിക്ഷകന്‍ ചെറിയൊരു മനഃശാസ്ത്രജ്ഞനാവണമെന്ന് ചുരുക്കം.
മനഃശാസ്ത്രത്തിന്റെ ചെറിയൊരു ഉദാഹരണം പറയാം.. ശാഖയില്‍ പോവുന്നതെന്തിനാണ് എന്നൊരു ചോദ്യം ചോദിച്ചാല്‍ നല്ല വ്യക്തിത്വം ലഭിക്കാനെന്നും, നല്ല സ്വഭാവങ്ങള്‍ കിട്ടാനെന്നും, രാഷ്ട്രവൈഭവത്തിനെന്നും, സമാജത്തെ സേവിക്കാനെന്നുമൊക്കെയുള്ള മറുപടികളാവും കുടുതലായും കിട്ടുക.. എല്ലാം ശരിയാണു താനും. എന്നാല്‍ ഇതേ ചോദ്യം രസമുള്ള തന്ത്രം വശമാക്കിയ, മനസ്സ് വായിക്കാനറിയാവുന്ന ഒരു ശിക്ഷകനോട് ചോദിച്ചാല്‍ സംശയലേശമെന്യേ ലഭിക്കുന്ന ഉത്തരം കളിക്കാന്‍ എന്നായിരിക്കും. ഇതാണ് വ്യത്യാസം..
സത്യത്തില്‍ കുഞ്ഞുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ശാഖയില്‍ വരുന്നത് കളിക്കാനാണ്, സന്തോഷം കിട്ടാനാണ്. ഡോക്ടര്‍ജിയുടെ സംഘാടന മികവിന്റെ ഉദാഹരണം കൂടിയാണിത്. ഏതൊരു കാര്യവും നന്നാവണമെങ്കില്‍ മനസ്സര്‍പ്പിച്ച് ചെയ്യണം എന്നു പറയാറില്ലേ. നമ്മുടെ പൂര്‍വ്വികര്‍ ആഴമുള്ള വേദാന്ത ദര്‍ശനങ്ങളെ ഏതൊരാള്‍ക്കും പ്രാപ്യമാവും വിധം സരളമാക്കി എല്ലാവരിലേക്കും എത്തിച്ചതെങ്ങനെയായിരുന്നു.
മനസ്സുകളെ കീഴടക്കുന്ന ആകര്‍ഷകമായ പുരാണ കഥകളിലൂടെയും ഇതിഹാസ കഥാപാത്രങ്ങളുടെ രൂപത്തിലുമല്ലേ. അതിലൂടെയവര്‍ മഹദ് ദര്‍ശനങ്ങളെ കൊച്ചുകുട്ടികളില്‍ പോലുമെത്തിക്കുന്നതില്‍ നന്നായി വിജയിക്കുകയും ചെയ്തു. സംഘാശയം മികച്ചതാണെങ്കിലും അത് പുസ്തകത്തിന്റെയും പ്രസംഗത്തിന്റെയും മാത്രം രൂപത്തില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ എന്താവുമായിരുന്നു സ്ഥിതി? അതിലൂടെ എത്രപേരുടെ ഹൃദയങ്ങളെ സ്പര്‍ശിക്കാനാവും? ഈ തിരിച്ചറിവ് ഡോക്ടര്‍ജിക്കുണ്ടായിരുന്നു. അതിനാല്‍ സംഘകാര്യത്തിലേക്ക് എല്ലാവരുടേയും മനസ്സുകളെ ആകര്‍ഷിക്കാന്‍, അദ്ദേഹം കണ്ടുപിടിച്ച മാര്‍ഗമായിരുന്നു കളികള്‍. എന്നാല്‍ അതു മാത്രമാവാനും പാടില്ല. അതുകൊണ്ട് കുട്ടികള്‍ക്ക് തേനില്‍ ചേര്‍ത്ത് മരുന്ന് നല്‍കുന്നതു പോലെ ഡോക്ടര്‍ജി കളികള്‍ക്കിടയിലൂടെ നാമറിയാതെ അനവധി ഗുണങ്ങളെയും പകര്‍ന്നു നല്‍കി. അനുഭവ സമ്പന്നനായ ശിക്ഷകന് ഈ തിരിച്ചറിവുണ്ട്. അതുകൊണ്ട് ശാഖ ഏറ്റവും ആകര്‍ഷകമാക്കുകയാണ് തന്റെ ദൗത്യമെന്നവന്‍ തിരിച്ചറിയുന്നു.
ഒരിക്കല്‍ സംഘസ്ഥാനില്‍ വന്നുചേര്‍ന്നവരുടെ മനസ്സുകളെ കീഴടക്കി അവരെ ആജന്മകാലം പിടിച്ചുനിര്‍ത്താനുതകുന്നത്ര ഉത്സാഹവും സന്തോഷവും ആവോളം ലഭിക്കുന്ന വിധത്തില്‍ ശാഖയെടുക്കണമെന്ന ബോധ്യമുള്ള ശിക്ഷകന്‍ അകമറിഞ്ഞ് പ്രവര്‍ത്തിക്കും. അവന്റെ ശ്രദ്ധ ഒരു മണിക്കൂറിനുള്ളില്‍ എന്തൊക്കെ കാര്യക്രമങ്ങളെടുത്തു എന്നതിനപ്പുറം അതിലൂടെ തന്റെ മുന്നിലുള്ളവര്‍ക്ക് എത്രമാത്രം ഉത്സാഹം ലഭിച്ചു എന്നതിലാവും.
എന്റെ മുഖ്യശിക്ഷകന്‍ അങ്ങനെയൊരാളായിരുന്നു. സംഖ്യ എത്രയായാലും ഉത്സാഹം പകരാനുള്ള അനേകം തന്ത്രങ്ങള്‍ അദ്ദേഹത്തിന് വശമുണ്ടായിരുന്നു. ഒരു മണിക്കൂര്‍ കടന്നുപോകുന്നതറിയാതെ അദ്ദേഹമെടുക്കുന്ന ശാഖയില്‍ ഞങ്ങള്‍ ലയിച്ചു ചേരുമായിരുന്നു. പലതരത്തിലുള്ള നിരവധി കളികള്‍ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു. അവ ദിവസവും മാറി മാറി ആവര്‍ത്തന വിരസതയില്ലാതെ അദ്ദേഹം എടുക്കുമായിരുന്നു. കളി എടുക്കുന്നതിന് ഒരു പ്രത്യേക രീതിയും അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു കളി അതിന്റെ ആവേശ പാരമ്യത്തിലെത്തുമ്പോള്‍ അദ്ദേഹം സ്തഭ പറഞ്ഞു കളയും. പാലാഴി മഥനമൊക്കെ കളിക്കുമ്പോള്‍ അങ്ങോട്ടുമിങ്ങോട്ടും തൊടാന്‍ സമ്മതിക്കാതെ നിര്‍ത്താതെ ഘോഷുകളും വിളിച്ചാവേശത്തോടെ വട്ടം കറങ്ങവേ തൊട്ടു തൊട്ടില്ലെന്നാവുമ്പോള്‍ കളിക്ക് സ്തഭ പറയും. ഒരല്പ സമയം കൂടി കിട്ടിയിരുന്നെങ്കില്‍ എന്ന് ഞങ്ങളുമാശിക്കും. അടുത്ത ദിവസം കളിക്കുമ്പോള്‍ തൊടണം എന്ന് മനസ്സിലുറപ്പിക്കും. സത്യത്തില്‍ വീണ്ടും വീണ്ടും കളിക്കാനും, അടുത്ത ദിവസവും ശാഖയിലെത്താനുമുള്ള ആഗ്രഹം നിലനിര്‍ത്താനുമാണ് ആവേശക്കൊടുമുടിയില്‍ സ്തഭ നല്‍കിയിരുന്നതിന് പിന്നിലെ മനഃശാസ്ത്രമെന്ന് പിന്നീടാണ് മനസ്സിലായത്. ശാഖയില്‍ കൂടുതല്‍ സംഖ്യയുള്ളപ്പോഴുള്ള അതേ ഉത്സാഹം തന്നെ ലഭിക്കും വിധം സംഖ്യ കുറവുള്ളപ്പോഴും അദ്ദേഹം കളിയെടുക്കുമായിരുന്നു. ഉദാഹരണത്തിന് പത്ത് പേരുള്ളപ്പോള്‍ സംഘസ്ഥാനില്‍ ആവേശത്തോടെ ഓടി കളിക്കുന്ന തൊടീല്‍ കളികള്‍ നാലുപേരുള്ളപ്പോള്‍ ഒരു മണ്ഡല വരച്ച് സ്ഥലം പരിമിതപ്പെടുത്തി കളി അതിനുള്ളിലാക്കി ആവേശം നിലനിര്‍ത്തുമായിരുന്നു.. അദ്ദേഹം ശാഖയെടുക്കുന്നതിന്റെ മറ്റൊരു പ്രത്യേകത ഒരു മണിക്കൂറിനിടെ സംസാരിക്കാന്‍ അവസരം കിട്ടില്ലെന്നതാണ്. മാലപ്പടക്കത്തിന് തീകൊളുത്തും പോലെ ഒന്നിനു പുറകേ ഒന്നായി ഇടതടവില്ലാതെ കാര്യക്രമങ്ങള്‍ മാറി മാറിയങ്ങനെ ഒഴുകി വരുമായിരുന്നു. കളികള്‍ക്കിടയിലും അച്ചടക്കം നിലനിര്‍ത്താനുള്ള തന്ത്രമായിരുന്നു അത്. മറ്റൊന്ന് ഞങ്ങളുടെ ആവേശം കൂട്ടാന്‍ അദ്ദേഹവും ഇടയ്ക്കിടെ കൂടെ കളിക്കും. കൊച്ചു കുട്ടികള്‍ക്ക് ശാഖയെടുക്കുമ്പോള്‍ അദ്ദേഹവും ഒരു കൊച്ചു കുട്ടിയായി മാറും. മത്സരബുദ്ധി പകര്‍ന്ന് മുന്നില്‍ നിന്ന് നല്ലവണ്ണം ശാരീരിക് ചെയ്യും. ആ തന്ത്രത്തിന്റെ ഫലമായി അദ്ദേഹം ഊര്‍ദ്ധ പാദ് ചെയ്യുന്നത്രയും ഉയരത്തില്‍ കാലുയര്‍ത്തി ചെയ്യാനും, അദ്ദേഹം ചെയ്യുന്നത്രയും ദണ്ഡാളും, പ്രഹാറും ചെയ്യാനുമൊക്കെ ഞങ്ങളും വാശിയോടെ ശ്രമിക്കും. അങ്ങനെ അദ്ദേഹം ഞങ്ങളില്‍ ശാരീരിക വ്യായാമങ്ങളോട് വലിയൊരഭിനിവേശം തന്നെ തീര്‍ത്തു.
ചുരുക്കത്തില്‍ ഞങ്ങളുടെ അകമറിഞ്ഞദ്ദേഹം ശാഖ കൈകാര്യം ചെയ്തപ്പോളാണ് ശാഖ ഉത്സാഹഭരിതമായത്. അങ്ങനെയുളള ഒരു മണിക്കൂര്‍ ശാഖ കഴിയുമ്പോഴുള്ള സുഖം, അത് പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ കൊണ്ടാവില്ല. ഉയര്‍ന്ന ശ്വാസഗതിയും, ദ്രുതവേഗത്തിലുള്ള ചങ്കിടിപ്പും, ഘോഷ് വിളിച്ച് ഇടറിയ കണ്ഠവും, സ്വയംമറന്ന് കളിക്കിടെ വീണുരുണ്ടപ്പോള്‍ മുറിവേറ്റതിന്റെ നീറ്റലും, വിയര്‍ത്തു കുളിച്ച് ആവി പറക്കുന്ന ശരീരവും, നനഞ്ഞവസ്ത്രങ്ങളുമൊക്കെയായി മണ്ഡലയിരുന്ന് ഗണഗീതം പാടുന്ന സുഖം അതനുഭവിച്ച് തന്നെയറിയണം.. ഒടുവില്‍ ശാഖ കഴിഞ്ഞ് മണ്ണ് പുരണ്ട ട്രൗസറുമായി നമസ്‌തേ പറഞ്ഞ് പിരിയുമ്പോള്‍ മനസ്സു നിറയെ അടുത്ത ദിവസത്തെ ശാഖക്കായുള്ള അക്ഷമയോടുള്ള കാത്തിരിപ്പ് മാത്രമായിരുന്നു. പങ്കെടുക്കുന്നവരുടെ മനസ്സറിഞ്ഞ് എപ്പോള്‍, എവിടെ, ഏത് കാര്യക്രമം, ഏതളവില്‍, എങ്ങനെ എടുക്കണമെന്ന് തന്മയത്വത്തോടെ തീരുമാനമെടുക്കുന്ന ഈ കലയെയാണ് ഒറ്റവാക്കില്‍ രസമുള്ള തന്ത്രം എന്നു വിശേഷിപ്പിച്ചത്. അതിനാല്‍ രസതന്ത്രത്തെയും, രസമുള്ള തന്ത്രത്തെയും കുറിച്ചുള്ള ശിക്ഷകന്റെ അറിവിനെയാണ് നൈപുണ്യം (Skill)എന്നു വിളിക്കുന്നത്. ഈ നൈപുണ്യം കൈമുതലായുളളവര്‍ക്കേ ഉഷാറ് ശാഖയുടെ ശില്പികളാവാന്‍ സാധിക്കുകയുള്ളൂ. ഉഷാറ് ശാഖകള്‍ക്ക് സംഘത്തില്‍ വലിയ പ്രാധാന്യമുണ്ട്. പുതിയവരെ ആകര്‍ഷിക്കാനും അവരെ നിലനിര്‍ത്താനും ഇത്തരം ശാഖകള്‍ക്കേ സാധിക്കുകയുള്ളൂ. അവക്ക് മാത്രമേ നാളെയും വരണമെന്ന ചിന്ത സ്വയംസേവകരില്‍ ജനിപ്പിക്കാനാവൂ. ശാഖയില്‍ മുടങ്ങാതെ സ്വയംസേവകര്‍ എത്തുമ്പോഴാണ് വ്യക്തി നിര്‍മ്മാണവും സാധ്യമാവുന്നത്. അതുകൊണ്ടാണ് തുടക്കത്തില്‍ സ്വയംസേവകര്‍ക്ക് ഉത്സാഹം പകര്‍ന്ന് ആരംഭം മുതല്‍ അവസാനം വരെ നേരം പോകുവതറിയാതെ സ്വയം മറന്നെല്ലാവരും പങ്കെടുക്കുന്ന ശാഖകളാണ് നല്ല ശാഖകളെന്ന് പറയാനുള്ള കാരണം. അത്തരമൊരു ശാഖയില്‍ നിന്ന് ലഭിച്ച അനുഭവങ്ങളാണല്ലോ ഈ എഴുത്തിന്റെ കരുത്തും.