മെക്കാളെയുടെ സ്വാധീനത്തിനും നിര്‍ബന്ധത്തിനും വഴങ്ങി വേലുത്തമ്പി മുന്‍കൈ എടുത്ത് തിരുവിതാംകൂര്‍ രാജാവിനെ കൊണ്ട് ഒപ്പ് ഇടുവിച്ച സൈനിക സഹായകരാര്‍ തിരുവിതാംകൂറിന്റെ രാഷ്ട്രീയ സ്വത്വത്തെ പിടിച്ചുലച്ചു. ബ്രിട്ടീഷ് സായിപ്പിന്റെ ആസൂത്രണ പാടവവും നാട്ടുരാജ്യങ്ങളുടെ ലാഘവബുദ്ധിയും പരിചയക്കുറവും ഒത്തുചേര്‍ന്നതാണ് തിരുവിതാംകൂറിനെ കിണറ്റില്‍ ഇറക്കിയ ഈ കരാര്‍. ഇത്തരമൊരു ചതി കരാറിന് താന്‍ കാരണക്കാരനായതില്‍ വേലുത്തമ്പി തീര്‍ച്ചയായും ദു:ഖിച്ചിട്ടുണ്ടാകണം.
ബ്രിട്ടിഷ് – പ്രൊട്ടസ്റ്റന്റ് സഭ ചരിത്രകാരന്മാരും ഇവരെ ആശ്രയിച്ച് ചരിത്രം എഴുതിയവരും വേലുത്തമ്പിയെ ഒരു കളങ്കിത വ്യക്തിത്വമായി ചിത്രീകരിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഈ കാര്യത്തില്‍ ചരിത്രത്തോട് കുറെക്കൂടി അടുത്തുനില്‍ക്കുന്നത് പി. ശങ്കുണ്ണി മേനോന്റെ തിരുവിതാംകൂര്‍ ചരിത്രമാണ്.
1798 ഫെബ്രുവരി 18 അഥവാ കൊല്ലവര്‍ഷം 973 കുഭം 7 നാണ് തിരുവിതാംകൂറിന്റെ രാജാവായി 16 വയസ്സുകാരനായ ബാലരാമവര്‍മ ചുമതലയേല്‍ക്കുന്നത്. 2 വര്‍ഷം കഴിഞ്ഞാണ് കേണല്‍ മെക്കാളെ റസിഡന്റായി തിരുവിതാംകൂറില്‍ വരുന്നത്. ഈ സമയത്ത് തിരുവിതാംകൂറിന്റെ ഭരണം സംശുദ്ധമായിരുന്നില്ല. അഴിമതിക്കാരെന്ന് പേരുകേട്ട ജയന്തന്‍ ശങ്കരന്‍ നമ്പൂതിരി ദിവാന്‍ (പ്രധാനമന്ത്രി), തക്കല ശങ്കരനാരായണന്‍ ചെട്ടി (ധനമന്ത്രി), മാത്തു തരകന്‍ ധന ഉപദേഷ്ടാവ് എന്നിവരായിരുന്നു തിരുവിതാംകൂറിന്റെ ഭരണചക്രം തിരിച്ചിരുന്നത്. മാത്തു തരകനാകട്ടെ ഉപ്പ്, പുകയില തുടങ്ങിയവയുടെ വന്‍കിട കരാറുകള്‍ എടുത്തിരുന്ന ഒരു കത്തോലിക്കനായ കച്ചവടക്കാരനായിരുന്നു. രാജ്യത്തെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കുവാന്‍ ഇവര്‍ ജനങ്ങളില്‍ നിന്ന് ഒരു നിര്‍ബന്ധിത കരം പിരിവ് ഏര്‍പ്പെടുത്തുകയും അത് തരാത്തവരെ രാജകീയമായി തന്നെ ശിക്ഷിക്കുകയും ചെയ്തു. രണ്ടാഴ്ചയോളം ഇത് നീണ്ടുനിന്നു. ഈ ഭീഷണി പിരിവ് രാജാവിനെതിരെ വന്‍ ജനരോഷം ക്ഷണിച്ചുവരുത്തി. ഈ നികുതി പിരിവിനെക്കുറിച്ച് തിരുവിതാംകൂര്‍ ചരിത്രത്തില്‍ പി.ശങ്കുണ്ണി മേനോന്‍ എഴുതുന്നു. ‘മുന്‍കൂട്ടി തയ്യാറാക്കിയ ലിസ്റ്റ് പ്രകാരം ഒരോരുത്തരെയായി കൊട്ടാരത്തില്‍ വിളിച്ചു വരുത്തി അവരുടെ പേരിനെതിരെ അടയാളപ്പെടുത്തിയിരുന്നതുക ഉടനടി അടച്ചു കൊള്ളുവാന്‍ ആവശ്യപ്പെടുകയാണ് ചെയ്തത്. അതിന് വിസമ്മതിക്കുന്നുവെങ്കില്‍ ശാരീരിക ദണ്ഡനം തുടങ്ങിയ ശിക്ഷയ്ക്ക് വിധേയരാകുവാന്‍ തയ്യാറാകുന്നതിനും കല്‍പ്പിച്ചിരുന്നു. ക്രൂരവും മനുഷ്യത്വരഹിതവുമായ ഈ പിഴയീടാക്കല്‍ രണ്ടാഴ്ചയോളം നീണ്ടുനിന്നു. അതിന്റെ ഫലമായി വലിയൊരു തുക പിരിഞ്ഞു കിട്ടി. ബഹുമാന്യരായ പല വ്യക്തികള്‍ക്കും ചാട്ടവാറടിയേറ്റു. ജയിലില്‍ കിടക്കേണ്ടതായും വന്നു. സാധാരണ കുടുംബങ്ങള്‍ പോലും നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടില്ല. ഈ അന്യായത്തിനും ദുര്‍ഭരണത്തിനുമെതിരെയുള്ള ശബ്ദം രാജ്യത്തിന്റെ മുക്കിലും മൂലയിലും മുഴങ്ങിക്കേട്ടു. ഈ ഘട്ടത്തിലാണ് തിരുവിതാംകൂര്‍ ചരിത്രത്തിലേക്ക് വേലുത്തമ്പി കടന്ന് വരുന്നത്. അന്ന് തഹസില്‍ദാര്‍ ആയിരുന്ന ഇദ്ദേഹത്തോട് 3000 രൂപകരം അടക്കുവാന്‍ ആവശ്യപ്പെടുകയും ഇല്ലെങ്കില്‍ ശിക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പണം അടക്കുവാന്‍ 3 ദിവസത്തെ സമയം ചോദിച്ച് മാറിയ ഇദ്ദേഹം ഈ നിര്‍ബന്ധ പിരിവിനെതിരെ ജനങ്ങളെ സംഘടിപ്പിച്ചു. വേലുത്തമ്പിയെ അറസ്റ്റ് ചെയ്യുവാന്‍ രാജ്യ കല്പന ഉണ്ടായെങ്കിലും വിജയിച്ചില്ല. കാരണം അപ്പോഴേക്കും വേലുത്തമ്പിയുടെ നേതൃത്വത്തില്‍ രാജകൊട്ടാരത്തിലേക്ക് ജനകീയ മാര്‍ച്ച് തുടങ്ങിയിരുന്നു. ഈ ലഹളക്കാര്‍ കൊട്ടാരത്തിന് പുറത്ത് താവളമടിച്ചു. ക്ഷേത്രത്തിലെ പ്രധാന പൂജാരിയുടെ മദ്ധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ ജനങ്ങളുടെ നേതാവെന്ന നിലയില്‍ വേലുത്തമ്പിയാണ് സംസാരിച്ചത്. തിരുവിതാംകൂര്‍ ചരിത്രത്തില്‍ പി.ശങ്കുണ്ണി മേനോന്‍ ഇങ്ങനെ എഴുതുന്നു’
1) വലിയ സര്‍വാധികാര്യക്കാരായ ജയന്തന്‍ നമ്പൂതിരിയെ ഉടനടി പിരിച്ചുവിടുകയും നാടുകടത്തുകയും ചെയ്യുക.
2) അദ്ദേഹത്തെ യാതൊരു കാരണവശാലും മഹാരാജാവ് തിരിച്ചുവിളിക്കുകയില്ലെന്നുറപ്പ് വരുത്താനായി ഒരു രാജകീയ നീട്ട് (കല്‍പ്പന) വിളംബരപ്പെടുത്തുക.
3) ശങ്കരനാരായണനെയും മാത്തുതരകനെയും പൊതുനിരത്തില്‍ വച്ച് ചാട്ട കൊണ്ട് അടിക്കുകയും അവരുടെ ചെവികളറത്തു കളയുകയും ചെയ്യുക.
4) ഉപ്പു നികുതി തുടങ്ങിയ ദ്രോഹകരമായ നികുതികള്‍ നിര്‍ത്തലാക്കുക.
മഹാരാജാവ് ഈ ആവശ്യങ്ങള്‍ അംഗീകരിക്കുകയും നമ്പൂതിരിയേയും അദ്ദേഹത്തിന്റെ മന്ത്രിമാരെയും ഉടനടി പിരിച്ചയക്കുകയും ചെയ്തു.ഇത് 947 മിഥുനം ആറാം തിയ്യതിയാണ് സംഭവിക്കുന്നത്. ശങ്കരനാരായണനെ ചെവികള്‍ അറുത്ത നിലയില്‍ ഉദയഗിരി കോട്ടയിലും മാത്തുതരകനെ അതേ വിധം തിരുവിതാംകൂറിലും ബന്ധനസ്ഥനാക്കുകയും ചെയ്തു.
തിരുവിതാംകൂറിലെ സുറിയാനി കത്തോലിക്കരുടെ മുഖവും ഭാവവും നേതാവുമായ ഇതേ മാത്തു തരകനെപ്പറ്റി ‘ഇന്ത്യയിലെ സുറിയാനി ചരിത്രം’ എന്ന പുസ്തകത്തില്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസ് വളരെ മോശക്കാരനായിട്ടാണ് വിവരിക്കുന്നത്.
‘1790 ല്‍ ടിപ്പു സുല്‍ത്താന്‍ തിരുവിതാംകൂറും കൊച്ചിയും ആക്രമിക്കുകയും തല്‍ഫലമായി സുറിയാനിക്കാര്‍ക്ക് അനേകം കഷ്ടനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. ടിപ്പു കുന്നംകുളം, ആര്‍ത്താറ്റ്, പറവൂര്‍, അങ്കമാലി മുതലായ പള്ളികളുള്‍പ്പടെയുള്ള ദേവാലയങ്ങള്‍ നശിപ്പിക്കുകയും കൊള്ളയടിക്കുകയും ജനങ്ങളെ കൊല്ലുകയും ചെയ്തു. ചില ക്രിസ്ത്യാനികളെ പരിചേ്ഛദന ഏല്‍ക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. എന്നാല്‍ ആരും തന്നെ ഇസ്ലാമിനെ ആശ്ലേഷിച്ചില്ല.ഇംഗ്ലീഷ് കമ്പനി മൈസൂരുമായി യുദ്ധം പ്രഖ്യാപിച്ച് തിരിച്ചടിച്ചു. ടിപ്പു പിന്‍വാങ്ങി.
(യഥാര്‍ത്ഥ സിറിയക്കാരായ) സുറിയാനിക്കാര്‍ക്ക് തങ്ങളുടെ നാട്ടുകാരായ മലബാറി സുറിയാനി കത്തോലിക്കരില്‍ നിന്നും വേറൊരു ദുര്യോഗം നേരിടേണ്ടി വന്നു. പോര്‍ച്ചുഗീസ് അധിനിവേശ കാലം മുതല്‍ റോമന്‍ കത്തോലിക്ക മിഷണറിമാരുടെ പ്രവര്‍ത്തന ഫലമായി സുറിയാനി സഭ വിട്ട് റോമന്‍ കത്തോലിക്ക സഭയില്‍ ചേര്‍ന്നവരെയാണ് പ്രധാനമായും സുറിയാനി കത്തോലിക്കര്‍ എന്ന് വിളിക്കുന്നത്. ഈ കത്തോലിക്കരെ ഉപയോഗിച്ച് ശേഷിക്കുന്ന സുറിയാനിക്കാരെ കൂടി കത്തോലിക്ക സഭയിലെത്തിക്കുവാന്‍ എന്നും ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ഈ കാലഘട്ടത്തില്‍ ഇതിന് നേതൃത്വം നല്‍കിയ ആളാണ് മാത്തുതരകന്‍. അതിന് കാരണമായി ഭവിച്ചത്, അന്നത്തെ തിരുവിതാംകൂര്‍ രാജാവ് ബലഹീനനായിരുന്നതുകൊണ്ടാണ്. സ്വാര്‍ത്ഥ താത്പര്യത്തില്‍ തത്പരനായിരുന്ന മാത്തുതരകനെ രാജാവ് പക്ഷപാതപരമായി അനുകൂലിച്ചിരുന്നു. കായംകുളത്ത് വെച്ച് സുറിയാനിക്കാരുടെയും പാപ്പ മതക്കാരുടെയും (കത്തോലിക്കര്‍) ഒരു യോഗം വിളിച്ചുകൂട്ടുവാന്‍ ഇയാള്‍ തീരുമാനിച്ചു. സുറിയാനിക്കാരെ കത്തോലിക്കരാക്കുകയായിരുന്നു ലക്ഷ്യം. പതിനഞ്ച് ദിവസം ചര്‍ച്ച ചെയ്തിട്ടും ഇരു വിഭാഗത്തിനും ഒരു യോജിപ്പിലെത്തുവാന്‍ കഴിഞ്ഞില്ല. സുറിയാനിക്കാരനായ തോമ ആറാമന്റെ നേതൃത്വത്തില്‍ അവര്‍ ചെറുത്തുനിന്നു. ഒരു യോജിപ്പിന് സാദ്ധ്യതയില്ലെന്ന് മനസ്സിലാക്കിയ തരകന്‍ രാജാവിനെ സമീപിച്ചു ‘സ്വഭാവദൂഷ്യത്തിന് ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട ഒരാളുടെ വസ്തുവഹകള്‍ സുറിയാനി പുരോഹിത ശ്രേഷ്ഠനായ തോമ ആറാമന്‍ (ഇദ്ദേഹത്തിന്റെ സ്ഥാനപ്പേരാണ് മോര്‍ ദിവാന്നിയോസ്) മോഷ്ടിച്ചതായി ആരോപിച്ച് മാത്തുതരകന്‍ രാജാവിന് പരാതി നല്‍കി. രാജാവ് തോമ ആറാമന് 25000 രൂപ പിഴശിക്ഷ വിധിച്ചു. (ഈ തുക 1790 ല്‍ ആണെന്ന് ഓര്‍ക്കണം ) ഇപ്പോഴത്തെ സുറിയാനി വിശ്വാസം വെടിഞ്ഞ് റോമന്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കുകയാണെങ്കില്‍ പിഴ അടക്കാതെ രക്ഷപ്പെടുത്താമെന്ന് മാത്തുതരകന്‍ തോമ ആറാമനോട് പറഞ്ഞെങ്കിലും വിശ്വാസം വെടിയുവാന്‍ ഇദ്ദേഹം കൂട്ടാക്കിയില്ല. പിഴ അടക്കുന്നതിനായി ചെങ്ങന്നൂര്‍, നിരണം പള്ളികളുടെ വസ്തുക്കളും തോമയുടെ കുരിശുമലയും അധികാര അംശവടിയും 5000 രൂപക്ക് വിറ്റു. കൂടാതെ ഇദ്ദേഹത്തിന്റെ സമ്പാദ്യമായ 5000 രൂപയും പോരാത്തതിന് പള്ളികളില്‍ നിന്ന് പിരിവും നടത്തി.
ഇത്രയും കനത്ത ഒരു പിഴ മോഷണക്കുറ്റത്തിന് ഒരാളില്‍ രാജാവ് ചുമത്തണമെങ്കില്‍ പരാതിക്കാരനായ മാത്തുതരകന്റെ സ്വാധീനം എത്ര വലുതായിരിക്കും. ഇതേ മാത്തു തരകനെതിരെയായിരുന്നല്ലോ വേലുത്തമ്പി പട നയിച്ചത്. ഇതിനെക്കുറിച്ച് സുറിയാനി സഭാ ചരിത്രം പറയുന്നത് ഇങ്ങനെയാണ്. ”ഉപ്പിന്റെ വില വര്‍ദ്ധിപ്പിച്ചതിനെതിരെയായി തെക്കന്‍ തിരുവിതാംകൂറിലെ ദരിദ്രരായ ഇന്ത്യക്കാര്‍ തരകനെതിരെ ലഹള കൂട്ടി. ലഹള അമര്‍ച്ച ചെയ്യാനായി തിരുവനന്തപുരത്തേക്ക് പോയ തരകനെ വഴിമദ്ധ്യേ ജനം തടഞ്ഞ് അയാളുടെ ഒരു ചെവി മുറിച്ച് ചില ഇലകള്‍ കൂട്ടി വേവിച്ച് ഉപ്പ് കൂടാതെ അയാളെ തീറ്റി. വിഷമിതനായ രാജാവ് അയാള്‍ക്ക് സ്വര്‍ണം കൊണ്ടൊരു ചെവി നിര്‍മിച്ച് കൊടുത്തു.” റോമന്‍ കത്തോലിക്ക സഭക്കാരനായ ഈ മാത്തു തരകന്‍ പിന്നിട് പ്രൊട്ടസ്റ്റന്റ് പുരോഹിതനും റസിഡന്റുമായ കേണല്‍ മെക്കാളെയുടെയും മണ്‍ട്രോയുടെയും വിശ്വസ്തനാകുന്നതിനും ചരിത്രം സാക്ഷിയായി.
രാജാവ് പിരിച്ചുവിട്ട ജയന്തന്‍ നമ്പൂതിരിയുടെ സ്ഥാനത്തേക്ക് ചെമ്പകരാമന്‍പിള്ളയെ നിയമിച്ചു. വേലുത്തമ്പി ഈ രാജസഭയില്‍ മുളക് മടിശീല സര്‍വാധി കാര്യക്കാര്‍ അഥവാ വാണിജ്യ വ്യവസായ മന്ത്രിയാകുന്നതാണ് ചരിത്രം. ഇതിനെതുടര്‍ന്നുണ്ടായ തിരുവിതാംകൂറിലെ നിരവധി അഭ്യന്തര-അധികാരപ്രശ്‌നങ്ങള്‍ക്കും അധികാര വടംവലികള്‍ക്കും അട്ടിമറി ശ്രമങ്ങള്‍ക്കും ഒടുവില്‍ 1802 ല്‍ വേലുത്തമ്പി തിരുവിതാംകൂറിലെ ദളവ അഥവാ പ്രധാനമന്ത്രിയാകുന്നു. ഈ അധികാരലബ്ധിക്ക് വേലുത്തമ്പിക്ക് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പിന്തുണയുണ്ടായിരുന്നു. ഈ പിന്തുണ പിന്നീട് പല രീതിയിലും ബ്രിട്ടീഷ് – തിരുവിതാംകൂര്‍ സൈനിക സഹായവ്യവസ്ഥകരാറുമായി ബന്ധപ്പെടുത്തി ചര്‍ച്ച ചെയ്യപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും ചെയ്തിട്ടുള്ളതാണ്. തന്നെ ദിവാനാക്കുവാന്‍ സഹായിച്ച ബ്രിട്ടീഷുകാരോടുള്ള നന്ദിസൂചകമായി തിരുവിതാംകൂറിന് താങ്ങുവാന്‍ കഴിയാത്ത വന്‍ തുകക്ക് സഹായ കരാര്‍ ഉറപ്പിച്ച് തിരുവിതാംകൂറിനെ ചതിച്ചുവെന്ന ആരോപണം ബ്രിട്ടീഷ്പക്ഷ ചരിത്രകാരന്മാര്‍ ശക്തമായി ഉയര്‍ത്തിയിട്ടുള്ളതാണ്.
ഇവിടത്തെ ഓരോ നാട്ടുരാജ്യങ്ങളെയും എത്ര ആസൂത്രിതമായിട്ടാണ് ബ്രിട്ടീഷ് മിഷനറി സഖ്യം വരുതിയില്‍ നിര്‍ത്തിയിട്ടുള്ളതെന്നതിനുള്ള ഒരു നല്ല തെളിവാണ് 1805 ജനുവരി 12 ന് തിരുവിതാംകൂര്‍ മഹാരാജാവും റസിഡന്റായ കേണല്‍ മെക്കാളെയും എഴുതിയുണ്ടാക്കിയ സൈനിക സഹായകരാര്‍. 1795 ല്‍ ഇവര്‍ തമ്മിലുണ്ടാക്കിയിട്ടുള്ള കരാറിന്റെ നവീകരിച്ച പതിപ്പായിട്ടാണ് ഇത് അവതരിപ്പിക്കുന്നത്.
ഓരോ കക്ഷികളുടെയും ശത്രുക്കളെയും മിത്രങ്ങളെയും ഇരുകൂട്ടരുടെയും ശത്രുക്കളും മിത്രങ്ങളുമായി കരുതേണ്ടതും തിരുവിതാംകൂറിനെ ഏതൊരു ആക്രമണത്തില്‍ നിന്നും രക്ഷിക്കേണ്ടത് ഇംഗ്ലീഷ് കമ്പനിയുടെ പ്രത്യേക ചുമതലയായിരിക്കുന്നതുമാണ് എന്നു പറഞ്ഞാണ് ഈ കരാര്‍ തുടങ്ങുന്നത് – കമ്പനി യുദ്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ തിരുവിതാംകൂര്‍ രാജാവ് തന്റെ നായര്‍ സേനയിലെ സൈന്യത്തെ കമ്പനി പട്ടാളത്തെ സഹായിക്കുവാന്‍ വിട്ടിരുന്ന 1795 ലെ ഉടമ്പടി 1805 ല്‍ റദ്ദാക്കുന്നു. ഇതോടെ തിരുവിതാംകൂര്‍ രാജാവിന്റെ സൈന്യത്തിന് പണിയും വിലയും ഇല്ലാതായി. ഇതിന് പകരം പുതിയതായി ബ്രിട്ടീഷ് കമ്പനി നിര്‍ത്തുന്ന അധിക സൈന്യത്തിന് തിരുവിതാംകൂര്‍ രാജാവ് അധിക ചിലവ് നല്‍കണമെന്ന വ്യവസ്ഥ വന്നു. ഇത് വര്‍ഷത്തില്‍ 6 ഗഡുക്കളായി നല്‍കണം. സൈന്യം എവിടെ നിലകൊള്ളണമെന്നും കമ്പനി തീരുമാനിക്കും. പണം അടവ് മുടങ്ങിയാല്‍ കമ്പനി നേരിട്ട് നികുതി പിരിക്കും. വേണമെങ്കില്‍ രാജ്യം തന്നെ കമ്പനിയുടേതാക്കും. കമ്പനിയുടെയും അവരുടെ സഖ്യകക്ഷികളുടെയും ആഭ്യന്തര കാര്യങ്ങളില്‍ മഹാരാജാവ് ഇടപെടുവാന്‍ പാടുള്ളതല്ല. കമ്പനിയുടെ ശത്രുക്കളുമായി സൗഹാര്‍ദ്ദം പാടില്ല. വിദേശ രാജ്യങ്ങളുമായി കമ്പനി അറിയാതെ ബന്ധം പാടില്ല. വിദേശ യൂറോപ്യന്‍മാരെ കമ്പനി അറിയാതെ ജോലിക്ക് വെക്കരുത്. ഇത് കൂടാതെ കമ്പനി അധികാരികള്‍ നല്‍കുന്ന എല്ലാ ഉപദേശങ്ങളും രാജാവ് അനുസരിക്കണം.
തിരുവിതാംകൂര്‍ രാജാവിനെ മഹാരാജാവ് എന്നൊക്കെയാണ് സായിപ്പ് അഭിസംബോധനം ചെയ്യുന്നതെങ്കിലും ഒരു ശിപായിയുടെ പരിഗണനപോലും രാജാവിനോട് ഈസ്റ്റിന്ത്യ കമ്പനി ഭരണകൂടം കാണിച്ചില്ല. ഈ ഉടമ്പടിയോടെ രാജാവ് നിഷ്പ്രഭനായി. അതോടെ രാജ്യവും. ഇങ്ങനെ നിഷ്പ്രഭമായ രാജ്യത്തെ ചവിട്ടിമെതിച്ച് ഉള്ളം കൈയ്യിലിട്ട് അമ്മാനമാടാമെന്ന ബ്രിട്ടീഷ് മോഹത്തിന് തടസ്സമായത് വേലുത്തമ്പി തന്നെയാണ്. രാജാവ് ദുര്‍ബലനായപ്പോള്‍ രാജാവിന്റെ പ്രതിനിധിയായ ദളവ ആ സ്ഥാനത്തേക്ക് ഉയര്‍ന്നു. ബ്രിട്ടീഷ് മിഷനറി കൂട്ടുകെട്ടിനെ വിലയിരുത്തുന്നതിലും ഈ സൈനീക സഹായ ഉടമ്പടിയെ തുടര്‍ന്ന് രാജ്യത്തില്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ മുന്‍കൂട്ടിക്കണ്ട് വിലയിരുത്തുന്നതിലും വേലുത്തമ്പി ദളവയ്ക്ക് മന:പൂര്‍വമല്ലെങ്കിലും വലിയ വീഴ്ച പറ്റിയെന്ന് തന്നെ കാണണം.
(തുടരും)
Comments