സ്വാതന്ത്ര്യ വീര വിനായക ദാമോദര സാവര്‍ക്കറെ ബ്രിട്ടീഷ് ഭരണകൂടം ഭയപ്പെട്ടത് പോലെ ഇന്നോളം ലോകചരിത്രത്തില്‍ ഒരു തടവുകാരനെയും ഭരണകൂടം ഭയപ്പെട്ടിട്ടുണ്ടാവുകയില്ല. അന്തമാനില്‍ സാവര്‍ക്കറുടെ ജീവിതം പോരാട്ടങ്ങളുടെ ആലയായിരുന്നു. ക്രൂരതകളുടെ… അതിജീവനത്തിന്റെ… വിജയഭേരിയുടെ എഴുത്ത്പ്രതിയാണ് 1927-ല്‍ പുറത്തിറങ്ങിയ മറാഠ ഭാഷയില്‍ മൂലകൃതിയുള്ള ‘എന്റെ ജയില്‍ ജീവിത ചരിതം’ മാഝിജന്മഠേപ് എന്നതാണ് മൂലകൃതിയുടെ പേര്. രണ്ട് ഭാഗമായിട്ടാണ് ഗ്രന്ഥരചന. ഒന്നാം ഭാഗത്തില്‍ രാഷ്ട്രീയത്തടവുകാരെപ്പറ്റിയാണ് മുഖ്യമായും പറയുന്നത്. രണ്ടാം ഭാഗത്തില്‍ ശുദ്ധിപ്രസ്ഥാനം എന്ന തലക്കെട്ടില്‍ ഹിന്ദു തടവുകാരെ ഇസ്ലാമിലേയ്ക്ക് മതപരിവര്‍ത്തനം ചെയ്യിപ്പിക്കുന്ന ഇസ്ലാംമതവിശ്വാസികളായ ജയിലധികൃതരെപ്പറ്റിയും മതപരിവര്‍ത്തനത്തിന് വിധേയമാക്കപ്പെട്ടവരെ ഘര്‍വാപസിയിലൂടെ തിരികെ ഹിന്ദുവാക്കുന്നതും, ഗ്രന്ഥശാലയുടെ നിര്‍മ്മാണം, പന്തിഭോജനം, സാവര്‍ക്കറുടെ അനാരോഗ്യം, രത്‌നഗിരി, യാര്‍വാദ ജയിലേയ്ക്കുള്ള മാറ്റം, മോചനം എന്നിവയും വിവരിക്കുന്ന ഗ്രന്ഥം മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത് പണ്ഡിതശ്രേഷ്ഠനായ പി. നാരായണ്‍ജിയാണ്. ‘എന്റെ ജയില്‍ ജീവിത ചരിതം’ യഥാര്‍ത്ഥത്തില്‍ ഒരു ചരിത്ര രചനയാണ്.
അന്തമാനിലെ ഏറ്റവും ക്രൂരമായ ശിക്ഷയായിരുന്നു എണ്ണച്ചക്കില്‍ കെട്ടുന്നത്. ഒരു ദിവസം വിശ്രമമില്ലാതെ കൊലുവില്‍ പണിയെടുക്കുന്നയാള്‍ 30 പൗണ്ട് എണ്ണ വീതം തികയ്ക്കണം. സാവര്‍ക്കര്‍ കൊലുവില്‍ ബന്ധിക്കപ്പെട്ടപ്പോള്‍ ആശ്വാസത്തിനായി അടുത്തെത്തിയ രാഷ്ട്രീയത്തടവുകാര്‍ക്ക് നിരാശകൂപത്തില്‍ നിന്ന് പുനര്‍ജനിക്കാന്‍ ലോകചരിത്രം പഠിപ്പിച്ച് അവരെ കര്‍മ്മോന്മുഖരാക്കി.
സ്വാതന്ത്ര്യം നേടുന്നത് വിഷമമാണെങ്കില്‍ നേടിയ സ്വാതന്ത്ര്യം നിലനിര്‍ത്തുന്നത് അതിലും വിഷമമാണ്. സാവര്‍ക്കര്‍ എന്ന രാഷ്ട്രീയ സന്ന്യാസിവര്യന്‍ സഹതടവുകാര്‍ക്ക് നല്‍കിയ ഉപദേശം ഇപ്രകാരമായിരുന്നു. ഒരു സ്വതന്ത്രരാഷ്ട്രത്തില്‍ രാജനീതി, ചരിത്രം, ഭരണഘടന, സാമ്പത്തികശാസ്ത്രം, എന്നിവയില്‍ അജ്ഞരായവരെക്കൊണ്ട് ഭാവാത്മകമായി ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല. 1914 ആകുമ്പോഴ്ക്കും പകുതിയിലധികം രാഷ്ട്രീ യത്തടവുകാര്‍ പോയ്ക്കഴിഞ്ഞിരുന്നു. സാവര്‍ക്കര്‍ ഉള്‍പ്പെടെ ഏതാനും ജീവപര്യന്തത്തടവുകാര്‍ മാത്രമായി പിന്നീട്. യാതൊരു വിധത്തിലും സാവര്‍ക്കര്‍ക്ക് ദയാദാക്ഷിണ്യം നല്‍കരുത് എന്ന ബ്രിട്ടന്റെ ഓര്‍മ്മപ്പെടുത്തലോടെ ഒന്നാം ഭാഗം അവസാനിക്കുന്നു.
രണ്ടാം ഭാഗം ഏറെയും ജയിലിലെ ശുദ്ധിപ്രസ്ഥാനത്തെപ്പറ്റി പറയുന്നു. രാഷ്ട്രീയത്തടവുകാരില്‍ ഏറെയും ഹിന്ദുക്കളായിരുന്നു. ജയിലധികൃതര്‍ ഏറെയും മുസ്ലീങ്ങളും. ഇതിനാല്‍ ത്തന്നെ ഹിന്ദുവിന്റെ ഒരാഘോഷവും ജയിലിനുള്ളില്‍ നടന്നിരുന്നില്ല. എ ന്നാല്‍ മുസ്ലീം മതാചാരപ്രകാരമുള്ള എല്ലാവിധ ആഘോഷങ്ങളും നടന്നിരുന്നു. മാത്രമല്ല ഈ അധികാരികളാല്‍ നിരവധി ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്യാനും സാധിച്ചു. ഹിന്ദുവിന്റെ ആ ചാരങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നവരെ കൊലുവില്‍ കെട്ടി ക്രൂരമായി ശിക്ഷിക്കുമായിരുന്നു. സാവര്‍ക്കര്‍ അറിഞ്ഞതോടെ ജയിലില്‍ മതംമാറ്റം നിരോധിക്കുവാന്‍ കഴിഞ്ഞു. മതമാറ്റത്തെചൊല്ലി നിരവധി തവണ ജയിലില്‍ കലാപങ്ങള്‍ നടന്നുവെന്ന് ഗ്രന്ഥകാരന്‍ പറയുന്നു. ഈയവസരത്തില്‍ വളരെ തെറ്റിദ്ധരിക്കപ്പെട്ട മലബാര്‍ കലാപം സാവര്‍ക്കര്‍ പരാമര്‍ശിക്കുന്നുണ്ട്. അവ നാം വിചിന്തനം ചെയ്യേണ്ടുന്നത് വരുന്ന ഹിന്ദു തലമുറയ്ക്ക് ആവശ്യമാണ്.
തുടര്‍ച്ചയായ കഠിനശിക്ഷാമുറകളാലും ശിക്ഷാകാലത്തിലെ ആദ്യഘട്ടത്തില്‍ ശരിയായ സമയത്ത് മരുന്നോ ആശുപത്രി സേവനമോ ലഭ്യമാകാത്തതിനാലും പോഷകാഹാരക്കുറവിനാലും ആരോഗ്യം മോശമായി സാവര്‍ക്കര്‍ എട്ടാം വര്‍ഷം ആശുപത്രിയിലാകുകയാണ്. മലമ്പനിയും വയറിളക്കവും രക്തംപോക്കും ശരീരത്തിന് തൊട്ടരികില്‍ മരണത്തെ ഇരുത്തി. ജയില്‍ കമ്മീഷന്‍ അന്തമാന്‍ സന്ദര്‍ശിക്കുന്നു. എല്ലാ രാഷ്ട്രീയത്തടവുകാരും വിടുതല്‍ ന്യായങ്ങള്‍ നിരത്തി നിവേദനം അയക്കുന്നു. ഒപ്പം സാവര്‍ക്കറും അയച്ചു. ഈ കത്ത് നിലവില്‍ ലണ്ടനിലെ ആര്‍ക്കൈവ്‌സില്‍ കാണാം. ഇതിനെയാണ് ചിലര്‍ സാവര്‍ക്കര്‍ മാപ്പെഴുതി നല്‍കിയെന്ന് കവലപ്രസംഗം നടത്തുന്നത്. 1921 – ല്‍ അന്തമാനില്‍ നിന്നും രത്‌നഗിരിയിലേക്ക് മാറ്റുന്നു. ഇവിടത്തെ സംഭവങ്ങള്‍ ഗ്രന്ഥകര്‍ത്താവ് എഴുതുന്നില്ല. രത്‌നഗിരി ജയിലിലും ഹിന്ദു-മുസ്ലിം കലാപം നടന്നു. അവിടെ നിന്ന് യാര്‍വാദ ജയിലേയ്ക്ക് മാറ്റപ്പെടുന്നു. യാര്‍വാദയില്‍ നിന്ന് 1924 മെയ് 6 ന് സാവര്‍ക്കര്‍ സ്വതന്ത്രനാകുന്നു. 1910-ല്‍ ദോംഗ്രി ജയിലില്‍ വച്ച് അഴിച്ചെടുത്ത സാവര്‍ക്കറുടെ സ്വന്തം വസ്ത്രങ്ങള്‍ 1924 മെയ് 6 ന് അണിയാനായി നല്‍കി. മോചിക്കപ്പെട്ട സാവര്‍ക്കര്‍ തുറന്ന വാതിലുടെ അന്‍പത് വര്‍ഷത്തെ ജയിച്ച് പുറത്തേക്ക്.
നിരവധി ചരിത്ര രചനകള്‍ മലയാളത്തിന് സംഭാവന ചെയ്തിട്ടുള്ള കോഴിക്കോട് ഇന്തോളജിക്കല്‍ ട്രസ്റ്റാണ് ഗ്രന്ഥം മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നത്. ഇനിയും കേരളം ചര്‍ച്ചചെയ്തിട്ടില്ലാത്ത വീരസവര്‍ക്കറെ കേരളത്തിന്റെ രാഷ്ട്രീയത്തില്‍ ചര്‍ച്ചചെയ്യുവാന്‍ മറ്റൊരു കാല്‍വയ്പ്പാണ് ഈ ഗ്രന്ഥം എന്നതില്‍ സംശയമില്ല. കറുപ്പ് കലരാത്ത ചരിത്രം പഠിക്കുന്നവര്‍ക്ക് ഈ ഗ്രന്ഥം അവശ്യകഥയാണ്. അഴികളില്‍ കുരുവികളിരുന്ന് ദേശഭക്തിഗീതം പാടുന്ന സെല്ലാണ് വിപ്ലവകാരി സാവര്‍ക്കറുടേത്.
വീരസാവര്‍ക്കര്‍
എന്റെ ജയില്‍ ജീവിത ചരിതം
വിവര്‍ത്തനം : പി.നാരായണ്‍
ഇന്ത്യാ ബുക്‌സ്, പാളയം
കോഴിക്കോട്
പേജ് : 520 വില : 400