രാഷ്ട്രീയ സ്വയംസേവകസംഘം ഒരു സംഘടനഎന്നതിലുപരി ഒരു ജീവിതാദര്‍ശവും സമീപനവുമാണ്. അവസ്ഥകളെയും വ്യവസ്ഥകളെയും ആദര്‍ശ വിശ്വാസങ്ങളുടെ സൂക്ഷ്മദര്‍ശനിയിലൂടെ സ്വതന്ത്രമായി നോക്കിക്കാണുന്ന സംഘവിചാരം എന്ന പുതിയ പരമ്പര ആരംഭിക്കുന്നു.
കേട്ടറിവിനാണോ, കണ്ടറിവിനാണോ പ്രാധാന്യം എന്ന് ചോദിച്ചാല്‍ ആരും പറയും കണ്ടറിവിനാണെന്ന്. എന്തെന്നാല്‍ കണ്ടറിഞ്ഞ കാര്യങ്ങളില്‍ അനുഭവത്തിന്റെ സാക്ഷ്യവും അനുഭൂതിയുടെ സ്പര്‍ശവുമുണ്ട്. സംഘം അനുഭവിച്ചറിയേണ്ട സംഘടനയാണ്. വായിച്ചും കേട്ടും പൂര്‍ണ അര്‍ത്ഥത്തില്‍ സംഘത്തെ അറിയുക പ്രയാസമാണ്. പെറ്റമ്മയുടെ സ്‌നേഹം പോലെ ആഴമുള്ള അനുഭൂതിയാണ് സംഘവും. തത്വബോധനങ്ങള്‍ നല്‍കാനശക്തനാണെങ്കിലും ഞാന്‍ കണ്ടറിഞ്ഞ സംഘത്തെ കുറിച്ചുള്ള ഈ കുഞ്ഞെഴുത്തുകള്‍ നാളിതുവരെ നുകരാന്‍ ഭാഗ്യം കിട്ടിയ സംഘാമൃതത്തിന്റെ ഊര്‍ജ്ജപ്രദായകമായ സ്മരണകള്‍ അയവിറക്കാന്‍ മാത്രമാണ്. നുകരാനിനിയും ഒരുപാടുണ്ടെന്ന് വിസ്മരിക്കാതെ.
First impression is the best impression എന്നാണല്ലോ പറയാറ്. ഒരുപക്ഷേ കേള്‍ക്കുന്നവര്‍ അത്ഭുതപ്പെട്ടേക്കാം, സംഘത്തെ കുറിച്ച് ആദ്യ സമാഗമത്തില്‍ തന്നെ മികച്ച അനുഭവം എനിക്ക് പകര്‍ന്നത് നാല് ചുവരുകളായിരുന്നു. ഇതു പറയുമ്പോള്‍ ഓര്‍മ്മ വരുന്നത് തൂണിലും തുരുമ്പിലുമുണ്ടെന്റെ നാരായണന്‍ എന്ന് പ്രസന്നവദനനായി ദൃഢസ്വരത്തില്‍ അരുളിയ പ്രഹ്ലാദനെയാണ്. ആ നാല് ചുവരുകള്‍ എന്നെ ബോധിപ്പിച്ചതും സമാനമായൊരു സത്യത്തെയായിരുന്നു. സചേതനമോ, അചേതനമോ ആകട്ടെ സംഘവുമായി ചേര്‍ന്ന് നില്‍ക്കുന്ന എല്ലാത്തിനുള്ളിലും സംഘം കുടികൊള്ളുന്നുണ്ടെന്ന സത്യത്തെ. എന്നെ സ്വാധീനിച്ച ആ നാല് ചുവരുകള്‍ സംഘ കാര്യാലയത്തിന്റേതായിരുന്നു. ആ അനുഭവം പങ്കുവയ്ക്കാം..
വിദ്യാഭ്യാസ കാലഘട്ടം. അത്യാവശ്യം പത്രവായനയൊക്കെ ഉണ്ടായിരുന്നതിനാല്‍ ഉള്ളില്‍ പൊതുവേ സംഘടനകളോടെല്ലാം കടുത്ത വിയോജിപ്പ് രൂപപ്പെട്ടിരുന്നു. അതുകൊണ്ട് ജീവിതത്തില്‍ ഒരു സംഘടനയേയും പ്രവേശിപ്പിക്കില്ല എന്ന് ശപഥമെടുത്ത് മുന്നോട്ട് പോകുന്ന കാലം. പക്ഷേ സുഹൃത്തിന്റെ നിരുപദ്രവകരമായ ഒരു ചോദ്യത്തിന് സമ്മതം മൂളിയപ്പോള്‍ സംഭവിച്ചത് മറിച്ചായിരുന്നു. എന്റെ ഹൃദയത്തില്‍ ഒരു സംഘടന സ്ഥാനം പിടിച്ചു. അതും വളരെ അപ്രതീക്ഷിതമായി. അന്ന് കോളേജിലെയൊരു സമര ദിനം. ക്ലാസിലുള്ള സഹപാഠി നിരുപദ്രവകരമായൊരു സഹായമഭ്യര്‍ത്ഥിച്ച് വന്നു. അദ്ദേഹത്തിന് ടൗണില്‍ നിന്ന് കുറച്ച് സാമഗ്രികള്‍ കൊണ്ടുവരേണ്ടതുണ്ട്. ഒറ്റക്ക് സാധിക്കില്ലെന്നതിനാല്‍ ഞാനും കൂടി ഒപ്പം ചെന്ന് സഹായിക്കണം. സമരദിനമായതിനാലും പ്രത്യേകിച്ച് വീട്ടിലെത്തിയിട്ട് തിരക്കൊന്നുമില്ലാത്തതിനാലും ചേതമില്ലാത്ത ഒരുപകാരമല്ലേയെന്ന് കരുതിയും ഞാന്‍ സമ്മതിച്ചു. അങ്ങനെ ഞങ്ങള്‍ ടൗണിലേക്ക്. ബസിറങ്ങി നടന്ന് വീടെന്ന് തോന്നിക്കുന്ന ഒരു പഴയ കെട്ടിടത്തിന്റെ മുന്നിലെത്തി. ഞാന്‍ സ്ഥലമേതെന്ന് അന്വേഷിച്ചപ്പോഴാണ് എത്തിയിരിക്കുന്നത് സംഘ കാര്യാലയത്തിലാണെന്ന് സുഹൃത്ത് പറയുന്നത്.. ക്ലാസിലെ ഞാനുള്‍പ്പെടെയുള്ള ഒട്ടുമിക്ക കുട്ടികളും ആര്‍.എസ്.എസ്സിനെ അല്പം ഭയത്തോടെയാണന്ന് കണ്ടിരുന്നത്. ആ സംഘടനയുടെ കേന്ദ്രത്തിലാണ് അബദ്ധം പിണഞ്ഞ് ഞാനെത്തിയിരിക്കുന്നത്. ആശങ്കയോടെ ഒരു നിവൃത്തിയുമില്ലാതെ മനസ്സില്ലാ മനസ്സോടെ ആ പഴയ കെട്ടിട വളപ്പിലേക്ക് സുഹൃത്തിന്റെയൊപ്പം പ്രവേശിച്ചു.
പാദരക്ഷകള്‍ വരിവരിയായി വച്ചിരുന്ന ഭാഗത്ത് പോയി ഞങ്ങളുടെ ചെരുപ്പുകളും അഴിച്ചുവച്ചു. അത്ര ശ്രദ്ധയില്ലാതെ അഴിച്ചുവച്ച എന്റെ ചെരുപ്പ് സ്ഥാനമല്പം തെറ്റിയത് കണ്ട് മടിയില്ലാതെ സ്വന്തം കൈകൊണ്ടെടുത്തത് യഥാസ്ഥാനത്ത് വരി തെറ്റാതെ വൃത്തിയായി സുഹൃത്ത് വക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. വൃത്തിയുള്ള പരിസരം, കുറച്ചു പേര്‍ തിണ്ണയിലുണ്ടെങ്കിലും അന്തരീക്ഷം ശബ്ദ കോലാഹലമൊട്ടുമില്ലാതെ തീര്‍ത്തും ശാന്തമായിരുന്നു. താമസിയാതെ അവിടുത്തെ അന്തരീക്ഷം എന്നെ വല്ലാതെ ആകര്‍ഷിച്ചു തുടങ്ങി. സുഹൃത്ത് ബാലഗോകുലത്തിന്റെ പ്രവര്‍ത്തകന്‍ ആയിരുന്നു. ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട അച്ചടി സാമഗ്രികള്‍ എടുക്കാനാണദ്ദേഹം എന്നെയും കൂട്ടി വന്നത്. സുഹൃത്തും മറ്റ് രണ്ടുപേരും ചേര്‍ന്ന് അവയൊക്കെ തരം തിരിച്ച് തയ്യാറാക്കുമ്പോള്‍, എന്റെ കണ്ണ് കാര്യാലയത്തിന്റെ ഉള്‍ക്കാഴ്ചകളിലായിരുന്നു. വൃത്തിയുള്ള നിലം, നന്നായി സൂക്ഷിച്ചിരിക്കുന്ന ചുവരുകള്‍, പരിചയമില്ലാത്ത പലരുടേയും ചിത്രങ്ങള്‍ ഭംഗിയായി ആ ചുവരുകളെ അലങ്കരിച്ചിരിക്കുന്നു. ചുവരില്‍ അധികം ഉയരത്തിലല്ലാതെ പല ഭാഗത്തായി ചെറിയ ചെറിയ ബോര്‍ഡുകളില്‍ മഹാന്‍മാരുടെ വചനങ്ങള്‍ എഴുതി വച്ചിരിക്കുന്നു. ഞാന്‍ ഓരോന്നും വായിച്ചു നോക്കി. വിവേകാനന്ദന്റെയും ഗാന്ധിജിയുടേയും വിടി.ഭട്ടതിരിപ്പാടിന്റെയും അംബേദ്ക്കറുടേയും പിന്നെ എനിക്ക് കണ്ടു പരിചയമില്ലാത്ത പലരുടേയും ചിത്രത്തിന് ചുവട്ടിലാണ് ആ വചനങ്ങള്‍ എഴുതിയിട്ടുണ്ടായിരുന്നത്. നല്ല നല്ല സന്ദേശങ്ങളാണെല്ലാം. അതെല്ലാം വായിച്ചപ്പോള്‍ എന്റെ മനസ്സിന്റെ പകുതി ഭാരമൊഴിഞ്ഞു. ഞാന്‍ വിചാരിച്ചത്ര ഭീകരമൊന്നുമല്ല ആര്‍.എസ്.എസ് എന്ന് മനസ്സെന്നോട് തന്നെ മന്ത്രിച്ചു.
ഞാന്‍ സുഹൃത്തിന്നരികില്‍ ചെന്നു. അവര്‍ തരംതിരിക്കല്‍ തുടരുകയാണ്. പെട്ടെന്നാണ് എല്ലാവരും ആദരവോടെ എണീറ്റത്. മുറിയിലേക്ക് വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച്, ചന്ദനക്കുറിയണിഞ്ഞ മധ്യവയസ്സുള്ള ഒരാള്‍ കടന്നുവന്നു. ഏതോ വലിയ നേതാവാണെന്ന് എനിക്ക് മനസ്സിലായി. സുഹൃത്തിനോട് ചിരിച്ച് കുശലം പറഞ്ഞ ശേഷമാണദ്ദേഹം എന്നെ ശ്രദ്ധിച്ചത്. സഹപാഠിയാണെന്നും, ആദ്യമായി കാര്യാലയത്തില്‍ വരികയാണെന്നും പറഞ്ഞ് സുഹൃത്ത് എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തി.. എന്തു പറയണം എന്നറിയാതെ ചെറു ചിരി മുഖത്ത് വരുത്തി നിന്ന എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് തോളത്ത് കൂടി കൈയ്യിട്ട് തന്റെ ശരീരത്തോട് അദ്ദേഹമെന്നെ ചേര്‍ത്തുപിടിച്ചു. ഒപ്പം വരൂവെന്ന് പറഞ്ഞ് അങ്ങനെ തന്നെ എന്നെ കാര്യാലയത്തിലെ മറ്റൊരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി കട്ടിലില്‍ ഒപ്പമിരുത്തി. അടുക്കും ചിട്ടയുമുള്ള ചെറിയ മുറിയാണ്. കട്ടിലിലെ വിരിപ്പുകള്‍ പോലും വൃത്തിയായി ചുളിവുകളില്ലാതെ വിരിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ മുറിയാണതെന്ന് മനസ്സിലായി. പിന്നെ എന്നെ കുറിച്ചായി ചോദ്യങ്ങള്‍. പേരെന്താണ്, വീടെവിടെയാണ്, വീടിനടുത്തുള്ള ചിലരുടെ പേര് പറഞ്ഞ് അവരെ അറിയുമോ എന്നൊക്കെ ചോദിച്ചു. ഒപ്പം വീട്ടുവിശേഷങ്ങള്‍, അച്ഛന്‍, അമ്മ, സഹോദരന്‍ എല്ലാവരെയും കുറിച്ച് തിരക്കി. സ്വന്തം പേര് പറഞ്ഞ് പരിചയപ്പെടുത്തി. ചേട്ടന്റെ വീടെവിടെയാണെന്നു ചോദിച്ചപ്പോള്‍ ചിരിച്ചു കൊണ്ട് ഇത് തന്നെയാണ് എന്റെ വീടെന്ന് പറഞ്ഞു. അപ്പോഴേക്കും സുഹൃത്ത് മടങ്ങാന്‍ തയ്യാറായി വിളിച്ചു. അതുകേട്ടദ്ദേഹം എന്റെ ചെവിയില്‍ പിടിച്ചു വലിച്ചുകൊണ്ട് സ്‌നേഹത്തോടെ ഇനിയും വരില്ലേയെന്ന് ചോദിച്ചു.. ഒറ്റക്കാണെങ്കിലും വരണം എന്നു പറഞ്ഞു… ഞാന്‍ തലയാട്ടി.. വീണ്ടും കാണണമെന്ന് പറഞ്ഞ് കൈകൂപ്പി നമസ്‌കാരം പറഞ്ഞപ്പോള്‍ അറിയാതെ ഞാനും ആദ്യമായി കൈകൂപ്പി തിരിച്ചും നമസ്‌കാരം പറഞ്ഞു..
അകത്തേക്ക് കയറിയ ഞാനല്ല, കാര്യാലയത്തില്‍ നിന്ന് പുറത്തേക്ക് വന്നതെന്ന് അപ്പോള്‍ തന്നെയെനിക്ക് അനുഭവപ്പെട്ടു. അകത്തേക്ക് ഒരുപാട് ശങ്കയും ഭയവും നിറഞ്ഞ മനസ്സുമായാണ് പോയതെങ്കിലും, മടങ്ങിയത് കാര്യാലയ അന്തരീക്ഷം തന്ന ശാന്തിയും, അവിടെ എഴുതി പ്രദര്‍ശിപ്പിച്ചിരുന്ന മഹത് വചനങ്ങള്‍ നല്‍കിയ പ്രേരണയും, പ്രസന്ന ഭാവത്തോടെ ചേര്‍ത്ത് പിടിച്ച് സംസാരിച്ച ജ്യേഷ്ഠന്‍ തന്ന സ്‌നേഹവാത്സല്യങ്ങളുമായിട്ടായിരുന്നു. കയറണോ എന്ന് ശങ്കിച്ച മനസ്സാവട്ടെ വീണ്ടുമിവിടെ വരണമെന്ന ആഗ്രഹത്തോടെയാണ് യാത്ര പറഞ്ഞത്. അത്രമേല്‍ ചെല്ലുന്നവരെ ആകര്‍ഷിക്കുന്ന എന്തോ ഒരു കാന്തിക ശക്തി ആ കെട്ടിടത്തിന് ഉണ്ടെന്നെനിക്ക് തോന്നി. പിന്നീട് ഉള്ളില്‍ വന്ന ആഗ്രഹത്താല്‍ ഒന്നുരണ്ട് തവണ കൂടി കാര്യാലയത്തില്‍ ഒറ്റക്ക് പോയി. എന്നെ ചേര്‍ത്തിരുത്തിയ ചേട്ടനെ കാണുകയായിരുന്നു ലക്ഷ്യം. സംഘാനുകൂലമായി എന്റെ മനസ്സ് ഞാനറിയാതെ തന്നെ പാകപ്പെട്ടു തുടങ്ങി. ഒടുവില്‍ ആ പ്രയാണം പതുക്കെ സംഘ ശാഖയിലേക്കുമെത്തിച്ചു.
എനിക്കന്ന് കാര്യാലയ അന്തരീക്ഷത്തില്‍ നിന്ന് കിട്ടിയ മാനസിക അനുഭൂതി ഒരു പുസ്തകത്തില്‍ നിന്നും, പ്രസംഗത്തില്‍ നിന്നും ബോധനത്തില്‍ നിന്നും ലഭിക്കുകയില്ല. കാര്യാലയത്തിന്റെ ശാന്തതയും സ്വച്ഛതയും, പത്ര മാസികകളുടെ അടുക്കും ചിട്ടയും, ചുവരിലെ സന്ദേശ ബോര്‍ഡുകളും ആദ്യ ദര്‍ശനത്തിലൂടെത്തന്നെ സംഘത്തെക്കുറിച്ചൊരു നല്ല ചിത്രം മനസ്സില്‍ പകര്‍ന്നുതന്നു. ആര്‍.എസ്.എസ്സുകാരെ കുറിച്ച് അതുവരെ ഞാന്‍ പുലര്‍ത്തിയിരുന്ന എല്ലാ ധാരണയും ഒറ്റയടിക്ക് തിരുത്തുന്നതായിരുന്നു എന്റെ ചെരുപ്പ് സ്വന്തം കൈയ്യാല്‍ ശരിയാക്കി വച്ച സുഹൃത്തിന്റെ പ്രവൃത്തിയും, ഒപ്പം നേതാവെന്നു കരുതിയ മുതിര്‍ന്ന ജ്യേഷ്ഠസഹോദരന്റെ കലര്‍പ്പിലാത്ത സ്‌നേഹവും. ഇതു രണ്ടും കണ്ടനുഭവിച്ചപ്പോള്‍ തന്നെ ഇത്തരമൊരു സംഘടനയുടെ ഭാഗമാകണമെന്ന ആഗ്രഹവുമുള്ളില്‍ നാമ്പിട്ടു. അവിടെ നിന്നായിരുന്നു സംഘഗംഗയിലെ ഒരു ബിന്ദുവായി തീരാനുള്ള എന്റെ യാത്രയുടെ തുടക്കം.
നാല് ചുവരുകളില്‍ നിന്ന് സംഘമെന്നിലാവേശിച്ച ഈ നേരനുഭവത്തില്‍ നിന്നാണ് സംഘവുമായി ചേര്‍ന്ന് നില്‍ക്കുന്ന എല്ലാത്തിലും സംഘം കുടികൊള്ളുന്നുണ്ടെന്ന് ഉറപ്പിച്ച് പറഞ്ഞത്. അതുകൊണ്ടുതന്നെയാണ് സംഘ മന്ദിരമെന്ന പേര് കാര്യാലയങ്ങളെ സംബന്ധിച്ച് അന്വര്‍ത്ഥമാകുന്നത്. അവിടെ എവിടെ വച്ചാവും ഞാന്‍ സംഘത്തെ കണ്ടതെന്ന് ചിന്തിച്ചു നോക്കിയപ്പോള്‍ ഒരു വ്യത്യാസം മാത്രമാണ് അനുഭവപ്പെട്ടത്. ക്ഷേത്രശ്രീകോവില്‍ പോലെ അവിടെ ഏതെങ്കിലും ഒരു പ്രത്യേക സ്ഥാനത്ത് മാത്രമല്ല സംഘം കുടികൊള്ളുന്നത്. അതൊരുപക്ഷേ അവിടെ അടുക്കിവച്ചിരുന്ന ചെരുപ്പുകളിലാവാം, അവിടെ നിറഞ്ഞു നിന്ന ശാന്തതയിലാവാം, അവിടുത്തെ സ്വച്ഛമായ അന്തരീക്ഷത്തിലാവാം, ചുവരുകളില്‍ കുറിച്ചിട്ട വചനങ്ങളിലാവാം, തോളില്‍ കൈയ്യിട്ട് ചേര്‍ത്തു പിടിച്ച് വിശേഷങ്ങള്‍ അന്വേഷിച്ച സ്‌നേഹവാത്സല്യങ്ങളിലാവാം, ചുളിവുകളില്ലാത്ത വിരിപ്പിലാവാം, വീണ്ടും വരില്ലേയെന്ന കരുതലിലാവാം, ഒടുവില്‍ കൈകൂപ്പി പുഞ്ചിരിയോടെ പറഞ്ഞ നമസ്‌കാരത്തിലുമാവാം.. ഇതിലെല്ലാത്തിലുമാവാം. എന്തായാലും ആദ്യ സമാഗമം എനിക്ക് ഹൃദയസ്പര്‍ശിയായ ഒരനുഭവം തന്നെയായിരുന്നു.