1599 ജൂണ്‍ 20 ഞായറാഴ്ച മുതല്‍ 26 വെള്ളി വരെയായിരുന്നു ഉദയംപേരൂര്‍ സുന്നഹദോസ് എന്ന് അറിയപ്പെട്ട മത സമ്മേളനം. മാര്‍ത്തോമ നസ്രാണി സഭയുടെ പാരമ്പര്യം അനുസരിച്ച് ഏത് കാര്യവും തീരുമാനിക്കേണ്ടത് പള്ളി പ്രതിപുരുഷ (പള്ളി പ്രതിനിധികള്‍) യോഗമാണ്. കേരളത്തിലെ നസ്രാണി സഭയെ മൊത്തമായി റോമന്‍ കത്തോലിക്ക സഭയിലേക്ക് മറയ്ക്കുക എന്നതായിരുന്ന ലക്ഷ്യം. 660 വിശ്വാസികളും 153 പുരോഹിതന്മാരും ഇതില്‍ പങ്കെടുത്തു. ഓരോ പള്ളിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളല്ല പകരം കേട്ടറിഞ്ഞ് വന്നവരൊക്കെ പ്രതിനിധികളാവുകയായിരുന്നു. തിരുവിതാംകൂറില്‍ നിന്നോ കുന്നംകുളത്തുനിന്നോ ആരും എത്തിയില്ല. വ്യാജ സുന്നഹദോസ് എന്ന് മാര്‍ത്തോമ സഭക്കാര്‍ മാത്രമല്ല ലോകത്തിലെമ്പാടുമുള്ള പൗരസ്ത്യ സഭക്കാര്‍ ഇന്നും വിളിക്കുന്ന ഈ മതസമ്മേളനത്തില്‍ പങ്കെടുക്കുവാനായി പറങ്കി മെത്രാന്‍ മെനസിസ് തന്റെ ആജ്ഞാനുവര്‍ത്തികളായി നില്‍ക്കുന്ന നിരവധി പേര്‍ക്ക് വൈദിക പട്ടം നല്‍കി യോഗത്തിലേക്ക് കൊണ്ടുവന്നു. മെനസിസ് മുന്‍കൂട്ടി നിശ്ചയിച്ചവര്‍ക്ക് മാത്രമേ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടായിരുന്നുള്ളു. ബാക്കിയുള്ളവര്‍ കേള്‍വിക്കാര്‍ മാത്രം.
ആരൊക്കെ വന്നു, ആരൊക്കെ പോയി എന്നതിന് ഉദയംപേരുര്‍ സുന്നഹദോസില്‍ ഒരു പ്രസക്തിയുമില്ല.
ആരൊക്കെ വന്നാലും വന്നില്ലെങ്കിലും മെനസിസിന് അതൊന്നും പ്രശ്‌നമായിരുന്നില്ല. മുന്‍ തീരുമാനിച്ച പ്രകാരം മാര്‍ത്തോമാസഭയുടെ കഥ കഴിച്ച് റോമിലെ സഭയുടെ തലവനായ മാര്‍പാപ്പയെ ഇവിടത്തെയും സഭാ തലവനായി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രഖ്യാപനം മെനസിസ് നടത്തി. മെനസിസിന്റെ സമ്പൂര്‍ണ വിജയമായിരുന്നു ഈ മത സമ്മേളനം. മെനസിസ് മാത്രമായിരുന്നു ഉദയംപേരുര്‍ സുന്നഹദോസിലെ നായകനും പ്രതിനായകനും വില്ലനും എല്ലാം.
മുഷ്‌ക്ക് ആയിരുന്നു പോര്‍ച്ചുഗീസ് മിഷനറി പ്രവര്‍ത്തനത്തിന്റെ മുഖമുദ്ര. എന്നാല്‍ തോമാസഭയുടെ മുഖമുദ്ര മിതത്വവും സമന്വയവും സങ്കലിച്ച വിശ്വാസമായിരുന്നു. ഹിന്ദു സമൂഹവുമായി ബന്ധപ്പെട്ട സംസ്‌കാരവും ആചാരങ്ങളും തോമസഭയില്‍ ഉണ്ടായിരുന്നു. ഈ സുന്നഹദോസ് അതെല്ലാം നിരോധിച്ചു. മറ്റ് എല്ലാ സംസ്‌കാരങ്ങളെയും നിരാകരിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന രീതിയിലേക്കുള്ള പ്രഖ്യാപനം വന്നു.’ ചില പ്രധാന തീരുമാനങ്ങള്‍ ഇവയായിരുന്നു.
1) ഉദയംപേരൂര്‍ സുന്നഹദോസിന്റെ എല്ലാ തീരുമാനങ്ങളും അംഗീകരിക്കുകയും അതനുസരിച്ച് വിശ്വസിക്കുകയും ചെയ്യുന്നു. ഇതനുസരിച്ച് ഈ നിമിഷം വരെ തങ്ങള്‍ വിശ്വസിച്ചിരുന്ന ബാഗ്ദാദിലെ പൗരസ്ത്യ സഭ പാത്രിയാര്‍ക്കിസിന്റെ നേതൃത്വത്തെ തള്ളിപ്പറഞ്ഞ് റോമിലെ മാര്‍പാപ്പയുടെ നേതൃത്വത്തെ അംഗീകരിക്കുന്നു.
2) മാര്‍ത്തോമസഭയുടെ സുറിയാനി പുസ്തകങ്ങള്‍ തെറ്റുകള്‍ തിരുത്തി നവീകരിക്കും.
3) തോമാസഭയുടെ അടിസ്ഥാന മതഗ്രന്ഥങ്ങളായ അന്ധവിശ്വാസ നിബിഡമായ സുറിയാനി പുസ്തകങ്ങള്‍ സൂക്ഷിക്കുന്നതും വായിക്കുന്നതും പ്രചരിപ്പിക്കുന്നതും നിരോധിക്കുകയും ആ ഗ്രന്ഥങ്ങള്‍ നശിപ്പിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തിരിക്കുന്നു. ഇതനുസരിച്ച് 12 തരം പുസ്തകങ്ങളാണ് കത്തിച്ച് നശിപ്പിച്ചത്.
മാര്‍ത്തോമ സഭയുടെ ഓര്‍മകള്‍ പോലും അവശേഷിക്കാത്ത രീതിയില്‍ ഈ മണ്ണില്‍ നിന്നും തുടച്ചു നീക്കുക എന്നതായിരുന്നു പദ്ധതി. ഒരു മനുഷ്യന്റെയോ കുടുംബത്തിന്റെയോ എല്ലാ കാര്യങ്ങളെയും പുരോഹിതനും പള്ളിയുമായി ബന്ധിച്ചുകൊണ്ട് പള്ളി മേധാവിത്വം സകലമേഖലകളിലും കൊണ്ടുവന്നു.
പതിനാറാം നൂറ്റാണ്ട് വരെ അല്ലെങ്കില്‍ ഉദയംപേരുര്‍ സുന്നഹദോസ് വരെ മാര്‍ത്തോമ ക്രിസ്ത്യാനികള്‍ അവരുടെ മൃതദേഹങ്ങള്‍ വീട്ടുവളപ്പില്‍ തന്നെ സംസ്‌ക്കരിക്കുകയായിരുന്നു പതിവ്. ഇത് നമ്മുടെ സംസ്‌കാരത്തിന്റെ രീതിയായിരുന്നു. സുന്നഹദോസ് ഇത് നിരോധിച്ചു. പകരം പുരോഹിത സാന്നിദ്ധ്യത്തില്‍ പ്രാര്‍ത്ഥനയോടെ മൃതദേഹം പള്ളി ശ്മശാനത്തില്‍ അടക്കം ചെയ്യണമെന്നായി. ഇതിലൂടെ റോമാ സഭയിലെ കര്‍ശനമായ പൗരോഹിത്യ വാഴ്ചയ്ക്ക് അരങ്ങൊരുങ്ങുകയായിരുന്നു. ഒരു വിശ്വാസിയുടെ ഭവനത്തില്‍ എന്ത് ചടങ്ങ് നടന്നാലും അതില്‍ പൗരോഹിത്യ സാന്നിദ്ധ്യം അനിവാര്യമാക്കി. ഇങ്ങനെ ഭവനങ്ങളുടെ നിയന്ത്രണം പള്ളിയുമായി കൂട്ടിക്കെട്ടി. തങ്ങളില്‍ നിന്ന് വ്യത്യസ്തമായ ലോകത്തിലെ എല്ലാ ആത്മീയ ചിന്താധാരകളെയും അവസാനിപ്പിക്കാന്‍ ഭീഷണിയും ഗുണ്ടായിസവുമായി നടക്കുന്ന സഭ, ഹിന്ദുമതത്തിലെ അയിത്തത്തിനെതിരെ പ്രമേയം പാസ്സാക്കി. ഈ നാട്ടില്‍ പ്രാബല്യത്തിലുണ്ടായിരുന്ന ജ്യോതിഷം-മന്ത്രവാദം എന്നിവ നിരോധിച്ചു. പകരം കൈമുത്തല്‍, കാണുമ്പോള്‍ സ്തുതി പറഞ്ഞ് ശരീരം തൊട്ട് കുരിശ് വരക്കല്‍. അള്‍ത്താരയിലെ ബലിപൂജയില്‍ പുളിപ്പുള്ള അപ്പത്തിന് പകരം പുളിപ്പില്ലാത്ത അപ്പം ഉപയോഗിക്കല്‍ എന്നിവ പ്രചരിപ്പിച്ചു. ഇതൊന്നും അവരുടെ കാഴ്ചപ്പാടില്‍ അന്ധവിശ്വാസം അല്ലായിരുന്നു. രാജ്യത്തെ കോടതികളെ ഒഴിവാക്കി മെത്രാന്‍ കോടതികള്‍ സ്ഥാപിച്ചു. വീര്യം കൂടിയ മദ്യം വില്‍ക്കരുതെന്ന് നിര്‍ദ്ദേശിച്ചു. ലോകം ഉണ്ടായ കാലം മുതല്‍ ഇന്ന് വരെ സമൂഹത്തിലുള്ള കള്ള തൂക്കം, കള്ള അളവ് എന്നിവക്കെതിരെ നിലപാട് എടുക്കുന്നുവെന്ന പേരില്‍ സുന്നഹദോസില്‍ ഒരു തീരുമാനം വന്നു. ഈ തീരുമാനം അനുസരിച്ച് കച്ചവടക്കാര്‍ അളവ് തൂക്ക സാമാഗ്രികള്‍ പള്ളിയില്‍ നിന്ന് മുദ്രവെച്ച് വാങ്ങണമെന്ന നിയമം വന്നു. ഇത് കച്ചവടക്കാരെ പള്ളിക്ക് കീഴില്‍ കൊണ്ടുവരാനുള്ള മറ്റൊരു തന്ത്രമായിരുന്നു. അമിത പലിശക്ക് പകരം മര്യാദ പലിശക്ക് അനുവാദം നല്‍കി. മരണപത്രങ്ങള്‍ മെത്രാന്റെ സാന്നിദ്ധ്യത്തില്‍ എഴുതിയാല്‍ മാത്രമേ നിയമസാധുത ഉണ്ടാകുകയുള്ളുവെന്ന നിയമം കൊണ്ടുവന്നു. ഇതോടെ മരണപത്രമില്ലാത്തവരും മെത്രാന്റെ വരുതിയിലായി.
അക്കാലത്തെ തോമാസഭക്കാരന്റെ വസ്ത്രധാരണ രീതിയേയും സുന്നഹദോസ് വെറുതെ വിട്ടില്ല. തലമുടി കൂട്ടിക്കെട്ടി കുടുമയുണ്ടാക്കുക, കാതില്‍ കമ്മല്‍ (കടുക്കന്‍) അണിയുക, ക്ഷേത്രോത്സവങ്ങളിലും കമ്മറ്റികളിലും പോകുക, തിരി കത്തിച്ച് വിളക്ക് വെക്കുക, ജാതകം നോക്കുക, പുല കുളിക്കുക, തീണ്ടാരിക്കുളി, ആളുകള്‍ക്ക് ഹിന്ദു പേരുകള്‍ നല്‍കുക, കുറി തൊടുക എന്നിവയെല്ലാം ക്രൈസ്തവ വിരുദ്ധമായി പ്രഖ്യാപിച്ച് നിരോധിച്ചു. അതു വരെ മാര്‍ത്തോമാസഭയുടെ ആഗോള തലവനായിരുന്ന പേര്‍ഷ്യന്‍ പാത്രിയാര്‍ക്കിസുമാരെ കൊള്ളക്കാര്‍ എന്നാണ് ഈ സുന്നഹദോസ് വിളിച്ചത്. ഒരേ ക്രിസ്തുവില്‍ അല്പം ഭേദചിന്തകളോടെ വിശ്വസിക്കുന്ന ഇതര സഭകളെയും മുസ്ലിം, ഹിന്ദു, ബുദ്ധ, ജൈന തുടങ്ങി വിശ്വാസിലോകത്തെ കത്തോലിക്കരല്ലാത്ത സകല മതങ്ങളെയും ഉന്‍മൂലനാശനം ചെയ്യാന്‍ പരക്കം പാഞ്ഞ് നടക്കുന്നവരാണ് അയിത്തത്തിനും തൊട്ടുകൂടായ്മക്കുമെതിരെ പ്രഖ്യാപനങ്ങള്‍ നടത്തിയത് എന്നത് ദൈവത്തിന്റെ ഒരു തമാശയായി കണ്ടാല്‍ മതി. റോമന്‍ കത്തോലിക്ക സഭയുടെ ശത്രുവിനെ ഇല്ലായ്മ ചെയ്യുന്നതടക്കമുള്ള ആക്രമണോത്സുകമായ നിഗൂഢ ലക്ഷ്യങ്ങളെല്ലാം മറച്ചുവെച്ച ഈ സുന്നഹദോസ് ഭാരതത്തില്‍ അന്നേവരെ ജനിച്ച് ജീവിച്ച എല്ലാവര്‍ക്കും നേരെയുള്ള വെല്ലുവിളിയായിരുന്നു.
ലിംഗവ്യത്യാസമില്ലാതെ കുടുംബസ്വത്തില്‍ എല്ലാവര്‍ക്കും തുല്യാവകാശം, അനാഥ കുഞ്ഞുങ്ങളുടെ സംരക്ഷണം, ബഹു ഭാര്യത്വ നിരോധനം എന്നി പരിഷ്‌ക്കരണങ്ങള്‍ക്കും ഇവിടെ തുടക്കം കുറിച്ചു.
ഇവിടെ നൂറ്റാണ്ടുകളും തലമുറകളുമായി ക്രിസ്തുവിനെ പ്രാര്‍ത്ഥിച്ച് ഒപ്പം തന്നെ അയല്‍പക്കത്തുള്ള ക്ഷേത്രങ്ങളുമൊക്കെയായി സഹകരിച്ച് അയല്‍ വീടുകളിലെ ചടങ്ങുകളില്‍ പങ്കെടുത്ത്, ഇവിടത്തെ സംസ്‌കാരത്തെ ഉള്‍ക്കൊണ്ട് സന്തോഷത്തോടെയും സമാധാനത്തോടെയും തങ്ങളുടെ ഇഷ്ടദൈവത്തെ പ്രാര്‍ത്ഥിച്ച് ജീവിച്ചിരുന്ന സുറിയാനി മാര്‍ത്തോമാ സഭ ക്രിസ്ത്യാനികളോട് ഈ സുന്നഹദോസിന്റെ നാമത്തില്‍ പോര്‍ച്ചുഗീസ് പറങ്കികള്‍ അഥവാ കത്തോലിക്ക സഭ പറഞ്ഞതിതാണ്:
1) നിങ്ങള്‍ യഥാര്‍ത്ഥ ക്രിസ്ത്യാനികളല്ല.
2) നിങ്ങളുടെ ക്രിസ്തു യഥാര്‍ത്ഥ ക്രിസ്തുവല്ല.
3 ) നിങ്ങളുടെ വിശ്വാസമൊന്നും യഥാര്‍ത്ഥ വിശ്വാസമല്ല.
4) യഥാര്‍ത്ഥ ക്രിസ്തുവിന്റെ അവകാശികള്‍ ഞങ്ങള്‍ കത്തോലിക്കരാണ്. ഞങ്ങള്‍ പറയുന്ന പോലെ നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുക: നിങ്ങള്‍ ഞങ്ങളാകുക.
ഇത് കൂടാതെ ഇന്നത്തെ പോലെ റോമന്‍ ക്രൈസ്തവ സമൂഹത്തെ ക്രമീകരിച്ചത് ഈ സുന്നഹദോസാണ്. ഓരോ പ്രദേശങ്ങളെയും തിരിച്ച് തിരിച്ച് ഇടവകകളാക്കി. ഇതിന്റെ ആത്മീയ കര്‍മ്മങ്ങള്‍ക്കും സ്വത്തുക്കളുടെ പരിപാലനത്തിനുമായി ഇതിന് മുകളില്‍ ഒരു വികാരിയെ നിശ്ചയിച്ചു. വികാരിക്ക് താഴെയായിരുന്നു ബാക്കി എല്ലാം. വികാരിയെ സഹായിക്കാനായി കപ്യാരെ നിശ്ചയിച്ചു. കത്തോലിക്കര്‍ ആചരിക്കേണ്ട വിശേഷ ദിവസങ്ങള്‍ നിശ്ചയിച്ചു. നൊയമ്പുകള്‍ നിശ്ചയിച്ചു. ദേവാലയങ്ങളില്‍ യേശുവും കുരിശും കുടാതെ മാര്‍പാപ്പ നിശ്ചയിച്ചിട്ടുള്ള വിശുദ്ധന്മാരുടെ രൂപം മാത്രമേ പ്രതിഷ്ഠിക്കാവൂ എന്ന് നിശ്ചയിച്ചു. ഈ തീരുമാനം പേര്‍ഷ്യന്‍ സഭക്കാരുടെ പുണ്യാളന്മാരെ പള്ളികളില്‍ പ്രതിഷ്ഠിക്കാതിരിക്കുവാനും പ്രതിഷ്ഠിച്ചവ എടുത്തുകളയുവാനും വേണ്ടിയായിരുന്നു, ദൈവത്തോട് നേരിട്ട് പ്രാര്‍ത്ഥിക്കുന്ന രീതിയായിരുന്നു അതുവരെ മാര്‍ത്തോമ സഭക്ക് ഉണ്ടായിരുന്നത്. പള്ളികളില്‍ കുരിശ് ഒഴികെ മറ്റുരൂപങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ സമ്പ്രദായവും പോര്‍ച്ചുഗീസുകാര്‍ മാറ്റി. യൂറോപ്പില്‍ നിന്ന് ആളുകളെ മതംമാറ്റാന്‍ വേണ്ടി ലോകം ചുറ്റിയവരെയൊക്കെയും മാര്‍പാപ്പമാരെയും അവര്‍ പുണ്യാവാളന്മാരായി പ്രഖ്യാപിച്ച് വിശുദ്ധന്മാരാക്കി പ്രാര്‍ത്ഥന മദ്ധ്യസ്ഥന്മാരാക്കി. ഇവരെല്ലാം തന്നെ കടുത്ത പേര്‍ഷ്യന്‍ സുറിയാനി സഭ വിരുദ്ധരായിരുന്നു.
അള്‍ത്താരയുടെ ആകൃതിയും പുരോഹിതന്മാരുടെ വസ്ത്രധാരണ രീതിയും മാറ്റി. കുര്‍ബ്ബാനയില്‍ പുളിപ്പുള്ള അപ്പത്തിന് പകരം പുളിപ്പില്ലാത്ത അപ്പം ഉപയോഗിക്കുവാനും ബുധനാഴ്ചയിലെ ഉപവാസം ശനിയാഴ്ചകളിലും ഉപവാസം ആരംഭിക്കുന്നത് സന്ധ്യയില്‍ നിന്ന് പാതിരാത്രിയിലേക്കും മാറ്റി. നിലവിലുണ്ടായിരുന്ന എല്ലാ സുറിയാനി രീതികളും മാറ്റുക എന്ന മുന്‍ തീരുമാനത്തിന്റെ ഫലമായിരുന്നു ചെറിയ ചെറിയ വ്യത്യാസം വരുത്തല്‍.
ഒരു ക്രൈസ്തവ വിശ്വാസിയുടെ ജീവിതത്തിലെ എല്ലാ കര്‍മങ്ങളെയും പുരോഹിതനും പള്ളിയുമായും കൂട്ടിക്കെട്ടി. ദൈവത്തിനും വിശ്വാസിക്കും ഇടയില്‍ പുരോഹിതന്‍ അനിവാര്യ ഘടകമായി. ഇതിലൂടെ വിശ്വാസി സമൂഹം മാര്‍പാപ്പയുടെ പരിധിയിലായി. പറങ്കികളെ സംബന്ധിച്ചിടത്തോളം പുതിയതായി ഭരിക്കുവാന്‍ കിട്ടുന്ന ഒരു പ്രദേശമായിരുന്നു ലക്ഷ്യമെങ്കില്‍ മാര്‍പാപ്പക്ക് മറ്റൊന്നായിരുന്നു. പാശ്ചാത്യ ദേശത്തെ റോമാ സിംഹാസനത്തിന് ബദലും വെല്ലുവിളിയുമായി പൗരസ്ത്യ ദേശത്ത് തലയുയര്‍ത്തി നില്‍ക്കുന്ന പത്രോസിന്റ പ്രതാപം പറയുന്ന അപ്പോസ്തലിക സിംഹാസനമായ അന്ത്യോഖ്യയുമായി ബന്ധമുള്ള മാര്‍ത്തോമ സഭയെ പൗരസ്ത്യ അന്ത്യോഖ്യ സുറിയാനി സഭയില്‍ നിന്ന് അടര്‍ത്തി തന്റെ കീഴിലാക്കുകയെന്നതായിരുന്നു. ഈ സഭകള്‍ തമ്മിലുള്ള പോര്‍വിളി ലോകത്തില്‍ നിരവധി ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.
(തുടരും)