Sunday, January 29, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

ലെനിന്‍ തോറ്റു (ഒരു റഷ്യന്‍ യക്ഷിക്കഥ – 4)

രാമചന്ദ്രന്‍

Print Edition: 17 April 2020

ലെനിന്റെ രാഷ്ട്രീയവും, യോഗങ്ങളില്‍ പൊട്ടിത്തെറിക്കുന്ന സ്വഭാവവും വച്ച്, അയാള്‍ ഒരു രോഗി ആയിരുന്നു എന്ന നിഗമനത്തില്‍ എത്താം. ആ നിഗമനം തെറ്റല്ലെന്ന് സോവിയറ്റ് യൂണിയന്റെ പതനശേഷം തുറന്നുകിട്ടിയ ആര്‍കൈവ്‌സ് / ചികിത്സാ രേഖകള്‍ വെളിപ്പെടുത്തുന്നു. 1903 ലെ പിരിമുറുക്കം നിറഞ്ഞുനിന്ന രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് ശേഷം തലവേദനയും ഉറക്കമില്ലായ്മയും കലശലായപ്പോള്‍ ജനീവയില്‍ വിദഗ്ദ്ധ ഡോക്ടറെ ലെനിന്‍ കണ്ടു. ഉദര രോഗമാണ് ലെനിന്‍ സംശയിച്ചത്. ഡോക്ടര്‍ പറഞ്ഞു: ‘ഉദരമല്ല, തലച്ചോറാണ് ‘.

രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്‍പ്, ലണ്ടനില്‍ ലെനിന് നെഞ്ചില്‍ കഫക്കെട്ടുണ്ടായി. ഞരമ്പുകള്‍ വലിഞ്ഞു മുറുകും പോലെ തോന്നി. പനി വന്നു. ഭാര്യ നദേഷ്ദ ക്രൂപ് സ്‌കേയ മെഡിക്കല്‍ പുസ്തകങ്ങള്‍ നോക്കി,ഇത് സയാറ്റിക്ക (Sciatica) യാണെന്ന് കണ്ടെത്തി. റഷ്യന്‍ മാര്‍ക്സിസ്റ്റും ഡോക്ടറുമായ കെ എം തായ്‌തൊ റോവ് സ്ഥിരീകരിച്ചു. ഇടുപ്പ്, കൈകാലുകള്‍ എന്നിവിടങ്ങളില്‍ സയാറ്റിക് ഞരമ്പിലെ രോഗം കാരണം വേദന വരുന്നു. ഇടുപ്പില്‍ തുടങ്ങി ശാഖകള്‍ ആകുന്ന ശരീരത്തിലെ ഏറ്റവും വലിയ ഞരമ്പാണ്, സയാറ്റിക്. ക്രൂപ് സ്‌കേയ, ലെനിന്റെ ശരീരമാകെ അയഡിന്‍ പുരട്ടിയിട്ടും ശമനമുണ്ടായില്ല. അങ്ങനെ ഡോക്ടറെ കണ്ട് രോഗം ഹോളി ഫയര്‍ ആണെന്ന് കണ്ടെത്തി. ഇതിന് സെന്റ് ആന്റണീസ് ഫയര്‍, എരിസിപെലസ് ((Erysipelas), എര്‍ഗോട്ടിസം ((Ergotism) എന്നൊക്കെ പറയും. ഭക്ഷ്യവസ്തുക്കളില്‍ നിന്നുള്ള ഫംഗസ് തൊലിയെയും അതിനു കീഴിലെ കോശങ്ങളെയും ബാധിക്കുന്നതാണ് രോഗം. കൈകാലുകളിലും മുഖത്തുമൊക്കെ തിണര്‍പ്പ് വരാം. ക്ഷീണവും തലവേദനയും മാനസിക പ്രശ്‌നങ്ങളും ഉണ്ടാകാം.

ബവേറിയന്‍ പൊലീസിനെ പേടിച്ച് ലെനിനും കൂട്ടരും ഇസ്‌ക്ര പത്രം ഓഫീസ്, മ്യൂണിക്കില്‍ നിന്ന് ലണ്ടനിലേക്ക് മാറ്റാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ്, 1902 ഏപ്രിലില്‍ ലെനിന്‍, ഭാര്യ, പത്രാധിപ സമിതി അംഗങ്ങളായ ജൂലിയസ് മാര്‍ട്ടോവ്, അലക്‌സാണ്ടര്‍ പോട്രേസോവ്, വേറ സസൂലിച് എന്നിവര്‍ ലണ്ടനില്‍ എത്തിയത്. സൈബീരിയയില്‍ നിന്ന് രക്ഷപ്പെട്ട ട്രോട്‌സ്‌കി ഒരു നാള്‍ ലെനിന്റെ വാതിലില്‍ മുട്ടി. അയാള്‍ ഇസ്‌ക്ര പത്രാധിപ സമിതിയില്‍ ഏഴാം അംഗമായി. ലെനിന്റെ ഈ നീക്കം, ജനീവയിലുള്ള കാരണവര്‍ പ്ലഖനോവിന് പിടിച്ചില്ല. അയാള്‍ ഭൂരിപക്ഷമുണ്ടാക്കാന്‍ നോക്കുകയാണെന്ന് കാരണവര്‍ സംശയിച്ചു. ഇതിന് പത്രാധിപ സമിതിയില്‍ ഒരു വോട്ടു കൂടി കിട്ടുകയാണ്. വരുന്ന രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ്, ഇസ്‌ക്രയിലെ ലെനിന്‍ ഗ്രൂപ്പ് പിടിച്ചെടുത്താലോ?

മാര്‍ട്ടോവിന്റെ ഒരു നീക്കം വഴി, ഇസ്‌ക്ര 1903 ഏപ്രിലില്‍ വീണ്ടും ജനീവയ്ക്ക് മാറ്റി. പ്ലഖനോവും ലെനിനും വീണ്ടും കണ്ടുമുട്ടേണ്ട നിലയുണ്ടായി. ലെനിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ്സിന് സംഘാടക സമിതിയുണ്ടായിരുന്നു. ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സില്‍ ജൂലായ് 17 ന് കോണ്‍ഗ്രസ് തുടങ്ങിയെങ്കിലും, പൊലീസ് ശല്യം കാരണം അത് ലണ്ടനിലേക്ക് മാറ്റേണ്ടിവന്നു. ജൂലായ് 29 ന്, സോഷ്യലിസ്റ്റായ ഫാ സ്വാന്‍ സ്ഥാപിച്ച ബ്രദര്‍ഹുഡ് പള്ളിയില്‍ കോണ്‍ഗ്രസ് പുനരാരംഭിച്ചു.

ജനീവയ്ക്ക് ഓഫീസ് മാറ്റും മുന്‍പ്, തങ്ങള്‍ ഇരുവരും ഒന്നിച്ചു നിന്ന് പ്ലഖനോവിനെ ഒറ്റപ്പെടുത്താമെന്ന് ലെനിന്‍ മാര്‍ട്ടോവിനോട് പറഞ്ഞിരുന്നു. കോണ്‍ഗ്രസ്സിനിടയില്‍ ലെനിനെ തള്ളിപ്പറയാന്‍ വഌദിമിര്‍ അകിമോവ്, പ്ലഖനോവിനോട് ആവശ്യപ്പെട്ടു. പ്ലഖനോവ് പറഞ്ഞു: ‘നെപ്പോളിയന്‍ ഭടന്മാരോട് ഭാര്യമാരെ തള്ളിക്കളയാന്‍ ആവശ്യപ്പെട്ടു. ഭാര്യമാരെ വിശ്വസിച്ചു കൊണ്ട് തന്നെ, അവരെ തള്ളിക്കളയാന്‍ പലരും തയ്യാറായി. അകിമോവ് നെപ്പോളിയനെപ്പോലെയാണ്. ഞാന്‍ ലെനിനെ തള്ളിക്കളയാന്‍ വേണ്ടി അയാള്‍ എന്ത് വിലയും തരും’.

കോണ്‍ഗ്രസ്സില്‍ പങ്കെടുത്തത് 50 പേരായിരുന്നു. അതില്‍ അഞ്ചുപേര്‍ ജ്യൂയിഷ് ബണ്ട് എന്ന പാര്‍ട്ടിയിലെ ജൂതരായിരുന്നു. വലിയ സ്വാധീനമുള്ള അവര്‍ കൂടുതല്‍ പ്രാതിനിധ്യം പാര്‍ട്ടിയില്‍ അവകാശപ്പെട്ടുപോന്നു. ഇസ്‌ക്ര ഗ്രൂപ്പിലും ജൂതന്മാരായിരുന്നു കൂടുതല്‍: ആക്‌സല്‍റോഡ്, മാര്‍ട്ടോവ്, ട്രോട്‌സ്‌കി. ലെനിന്റെ മുതു മുത്തച്ഛന്‍ മോഷോ ബ്ലാങ്ക് ജൂതനായിരുന്നു.

ട്രോട്‌സ്‌കിയുടെ ആചാര്യനായിരുന്നു, ജൂലിയസ് മാര്‍ട്ടോവ് (1873 1923). ജനാധിപത്യ സോഷ്യലിസത്തിന്റെ ഹാംലെറ്റ് എന്ന് അദ്ദേഹത്തെ ട്രോട്‌സ്‌കി വിശേഷിപ്പിച്ചു. ( Martov: A Political Biogrophy/Israel Get zler, 2003). ”മാര്‍ട്ടോവ് കൂടെയില്ല എന്നതാണ് ഏറ്റവും വലിയ സങ്കടം” എന്ന് 1921 ല്‍ ലെനിന്‍ വിലപിച്ചു.

കോണ്‍സ്റ്റാന്റിനോപ്പിളില്‍ ആണ് ജനനം. മെന്‍ഷെവിക് നേതാവായ ലിഡിയ ഡാന്‍ സഹോദരി. 1891 ലെ ക്ഷാമമാണ് തന്നെ മാര്‍ക്‌സിസ്റ്റ് ആക്കിയതെന്ന് മാര്‍ട്ടോവ് ഓര്‍മിച്ചു. 1895 ല്‍ ലെനിനൊപ്പം തൊഴിലാളി വര്‍ഗ ഉന്നമനത്തിനുള്ള സെന്റ്പീറ്റേഴ്‌സ് ബര്‍ഗ് ലീഗ് സ്ഥാപകനായിരുന്നു. ഇതിന്റെ നേതൃത്വത്തിലുള്ള പണിമുടക്കിനെ തുടര്‍ന്ന് 1896 ല്‍ റഷ്യയില്‍ നിന്ന് നാട് കടത്തി. ഒരു കാര്‍ട്ടൂണ്‍ വരച്ച് വനിതാ സഖാവിന്റെ ആത്മഹത്യയ്ക്ക് വഴിവച്ച നിക്കോളായ് ബൊമാനെ പുറത്താക്കണമെന്ന് മാര്‍ട്ടോവ് പാര്‍ട്ടിയില്‍ വാദിച്ചു.

ഫെബ്രുവരി വിപ്ലവത്തിന് ശേഷം പാര്‍ട്ടിയില്‍ തിരിച്ചെത്തി. ലെനിനുമായി സഖ്യം സാധ്യമായില്ല. മുഖ്യധാരയില്‍ സ്ഥാനം പോയി. ആഭ്യന്തര യുദ്ധ കാലത്ത്, ജനാധിപത്യ ഐക്യ ഭരണകൂടത്തിന് വാദിച്ചു. നിയമ നിര്‍മാണ സഭയില്‍ മെന്‍ഷെവിക് നേതാവായി ലെനിന്‍ സിംഹാസനമേറി. ചുവപ്പ് ഭീകരത ( Red Terror) നടമാടിയപ്പോള്‍, മാര്‍ട്ടോവ് പറഞ്ഞു: ‘മൃഗം മനുഷ്യന്റെ ചുടുരക്തം നക്കി. മനുഷ്യനെ കൊല്ലുന്ന യന്ത്രം ചലിക്കാന്‍ തുടങ്ങി. എന്നാല്‍, ചോര സൃഷ്ടിക്കുന്നത്, ചോരയെ തന്നെ’.( The Black Book of Communism , Page 736).

പ്ലഖനോവുമായി തര്‍ക്കിച്ച ലെനിന്‍ 1901 ല്‍ തന്നെ,’എന്താണ് ചെയ്യേണ്ടത്’ എന്ന ലഘു ലേഖ പുറത്തിറക്കിയിരുന്നു.കോണ്‍ഗ്രസ്സില്‍, ലെനിന്‍ കരട് പാര്‍ട്ടി പരിപാടി അവതരിപ്പിച്ചു. അതിലാണ്, ‘തൊഴിലാളി വര്‍ഗ സര്‍വാധിപത്യം’ (Dictatorship of the Proletariat) വന്നത്. അത് അംഗീകരിച്ചു. എന്നാല്‍,പാര്‍ട്ടി ചട്ടങ്ങള്‍ അവതരിപ്പിച്ചപ്പോള്‍, മാര്‍ട്ടോവ് എതിര്‍ത്തു. ആര്‍ക്കൊക്കെ പാര്‍ട്ടി അംഗങ്ങളാകാം എന്നതായിരുന്നു പ്രശ്‌നം. ‘പാര്‍ട്ടി പരിപാടി അംഗീകരിക്കുകയും പാര്‍ട്ടിക്ക് ഭൗതിക സഹായം ചെയ്യുകയും പാര്‍ട്ടി സംഘടനയില്‍ ഉണ്ടായിരിക്കുകയും ചെയ്യുന്നയാള്‍ പാര്‍ട്ടി അംഗമായിരിക്കും’ എന്നായിരുന്നു, രേഖയില്‍. ഇതില്‍, മാര്‍ട്ടോവ്,’ ‘സംഘടനാ നിര്‍ദ്ദേശത്തിനു കീഴില്‍’ ( under direction ) എന്ന ഭേദഗതി നിര്‍ദ്ദേശിച്ചു. കേന്ദ്ര നേതൃത്വത്തില്‍ നിന്ന് സ്വതന്ത്രമായി അഭിപ്രായം പറയുന്ന അംഗങ്ങളുടെ പാര്‍ട്ടി എന്നാണ്, മാര്‍ട്ടോവ് ഉദ്ദേശിച്ചത്. ലെനിനാകട്ടെ,’ ‘നേതൃത്വം’ മാത്രമായിരുന്നു, പ്രധാനം. ബാക്കിയെല്ലാം അതിന് കീഴെ. തര്‍ക്കം കോണ്‍ഗ്രസ്സിന്റെ വോട്ടിനിട്ടു; ലെനിന്‍ തോറ്റു -28 -22. മാര്‍ട്ടോവിന്റെ പക്ഷത്തേക്ക് മാറിയ ഒരു സഖാവിന് നേരെ, അലക്‌സാണ്ടര്‍ ഷോട്മാന്‍ കൈയോങ്ങി.

ഇസ്‌ക്ര പത്രാധിപ സമിതി അംഗത്വം മൂന്നായി ചുരുക്കാമെന്നും പ്ലഖ്‌നോവിന് മേല്‍ തനിക്കും മാര്‍ട്ടോവിനും പിടിമുറുക്കാമെന്നും മാര്‍ട്ടോവുമായി കോണ്‍ഗ്രസ്സിന് മുന്‍പ് ലെനിന്‍ ധാരണയില്‍ എത്തിയിരുന്നു. പക്ഷെ, ലെനിന്‍ കോണ്‍ഗ്രസ്സില്‍ ചുവട്മാറ്റിയത് മാര്‍ട്ടോവിന് ദഹിച്ചില്ല. മാര്‍ട്ടോവിനെ ലെനിന്‍ പക്ഷം, കാപട്യക്കാരന്‍ എന്ന് വിളിച്ചു, ജൂത ബണ്ടിലെ അഞ്ചു പേരും ‘ഇക്കണോമിസ്റ്റു’കളും കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചു പുറത്തിറങ്ങിയപ്പോള്‍, മാര്‍ട്ടോവിന് പിന്തുണ നഷ്ടപ്പെട്ടു.

പാര്‍ട്ടിയുടെ ഉന്നത ഘടകം മൂന്നംഗ പാര്‍ട്ടി കൗണ്‍സില്‍ ആയിരിക്കുമെന്ന് തീരുമാനിച്ചു. ഇതിനു കീഴില്‍, മൂന്നംഗ കേന്ദ്ര കമ്മറ്റി. അങ്ങനെ പ്ലഖനോവിനൊപ്പം നിന്ന് ലെനിന്‍ ജയിച്ചു. അവിടെ ഭൂരിപക്ഷം കിട്ടിയ തന്റെ പക്ഷത്തെ ലെനിന്‍, ഭൂരിപക്ഷ (ബോള്‍ഷെവികി) വിഭാഗം എന്ന് വിളിച്ചു. മാര്‍ട്ടോവിന്റെ ഗ്രൂപ്പ്, മെന്‍ഷെവികി (ന്യൂനപക്ഷ) വിഭാഗമായി. മൂന്നംഗ കേന്ദ്ര കമ്മറ്റിയെ തിരഞ്ഞെടുത്തു:വി എ നൊസ്‌കോവ്, ഗ്ലെബ് കിര്‍ഷിഷാനോവ്‌സ്‌കി, എഫ് വി ലെന്‍ഗ്‌നിക്. ഇസ്‌ക്ര പത്രാധിപ സമിതിയില്‍ മൂന്ന് അംഗങ്ങള്‍: ലെനിന്‍, പ്ലഖനോവ്, മാര്‍ട്ടോവ്. അങ്ങനെ, റഷ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് ലേബര്‍ പാര്‍ട്ടി, പരിപാടിയും ചട്ടവുമായി, നിലവില്‍ വന്നു. ലെനിന്റെ ഏകാധിപത്യത്തില്‍ ചുരുങ്ങിപ്പോയ പ്ലഖനോവ് ആത്മഹത്യയെപ്പറ്റി ആലോചിച്ചു.

കോണ്‍ഗ്രസ് കഴിഞ്ഞ്, ജനീവയില്‍ നടന്ന ഫോറിന്‍ ലീഗ് ഓഫ് റഷ്യന്‍ റവലൂഷനറി സോഷ്യല്‍ ഡെമോക്രസി സമ്മേളനത്തില്‍, മാര്‍ട്ടോവ്, ലെനിനെ വ്യക്തിപരമായി ആക്രമിച്ചു. കോണ്‍ ഗ്രസ്സിനു മുന്‍പ്, പ്ലഖ്‌നോവിനെ വെട്ടിനിരത്താന്‍ ഒന്നിച്ചു നില്‍ക്കണമെന്നു പറഞ്ഞ ലെനിന്‍, വാക്ക് പാലിച്ചില്ലെന്ന് മാര്‍ട്ടോവ് കുറ്റപ്പെടുത്തി. ഹാളിന്റെ വാതില്‍ തുറന്ന്, അത് കൊട്ടിയടച്ച് ലെനിന്‍ പുറത്തു പോയി. സംഘര്‍ഷം ഒഴിവാക്കാന്‍ താന്‍ പത്രാധിപ സമിതി വിടാമെന്ന് പ്ലഖനോവ് നിര്‍ദേശം വച്ചു. ഒരു വിപ്ലവ പാര്‍ട്ടി ഉണ്ടായിക്കാണാന്‍ 20 വര്‍ഷം കാത്ത കാരണവര്‍ക്ക്, പാര്‍ട്ടി ആയിരുന്നു, പ്രധാനം. ലെനിന്‍ പാര്‍ട്ടി കൗണ്‍സിലില്‍ നിന്നും ഇസ്‌ക്രയില്‍ നിന്നും രാജി വെച്ചു. ബോള്‍ഷെവിക്കുകള്‍ ന്യൂനപക്ഷമായി. പ്ലഖനോവ്, മാര്‍ട്ടോവിന്റെ ന്യൂനപക്ഷത്തിനൊപ്പം നിന്നു.

ഇങ്ങനെ പുറത്തിറങ്ങിയതിനെ ന്യായീകരിച്ചാണ്, ലെനിന്‍ 1904 ല്‍ ‘ഒരടി മുന്നോട്ട്, രണ്ടടി പിന്നോട്ട്’ (One Step Forward,Two Steps Backward ) എന്ന ലഘുലേഖ എഴുതിയത്. അതിലാണ്, പാര്‍ട്ടി അംഗത്തിന്റെ വ്യക്തി സ്വാതന്ത്ര്യത്തിന് കൂച്ചു വിലങ്ങിടുന്ന ‘ജനാധിപത്യ കേന്ദ്രീകരണം’ (Democratic Centralism )എന്ന ഭ്രാന്തന്‍ ആശയം വന്നത്. ഇതാണ്, ലോകമാകെയുള്ള കമ്മ്യൂണിസ്റ്റുകള്‍, ചൈനയും മാവോയിസ്റ്റുകളും ഉള്‍പ്പെടെ, പിന്തുടരുന്നത്. ഇത് എത്രമാത്രം അപകടകരമാണെന്ന് 1904 ല്‍ തന്നെ, റോസാ ലക്‌സംബര്‍ഗ് ‘റഷ്യന്‍ സോഷ്യല്‍ ഡെമോക്രസിയുടെ സംഘടനാ പ്രശ്‌നങ്ങള്‍’ എന്ന പ്രബന്ധത്തില്‍ നിരീക്ഷിച്ചു. സംഘടനയുടെ ഊന്നല്‍ തൊഴിലാളികളില്‍ ആയിരിക്കണം എന്ന് അവര്‍ പറഞ്ഞു. സോഷ്യലിസത്തിന്റെ പാത തീരുമാനിക്കേണ്ടത്, പാര്‍ട്ടി നേതാക്കള്‍ അല്ല. പാര്‍ട്ടി നേതൃത്വം നോക്കേണ്ടത്, അതിനുള്ളവിശാല മാര്‍ഗ രേഖയാണ്. ലെനിന്റെ അധിക കേന്ദ്രീകരണം ( Ultra Centralism ) അതിന് ഗുണം ചെയ്യില്ല. ആ പ്രബന്ധത്തില്‍ റോസ പറഞ്ഞ കാര്യങ്ങള്‍ ഇവയാണ്:*

കേന്ദ്ര കമ്മറ്റിയില്‍ അധികാരം കേന്ദ്രീകരിച്ചതായി ലെനിന്‍ സിദ്ധാന്തിക്കുന്നു. അതിന്റെ തീരുമാനത്തിന് അപ്പീല്‍ ഇല്ല. എന്നാല്‍, സോഷ്യലിസ്റ്റ് അധികാര കേന്ദ്രീകരണം ഇതല്ല. അത്, തൊഴിലാളി പ്രതിനിധികളുടെ ഇച്ഛ ആയിരിക്കണം. തൊഴിലാളി വര്‍ഗ്ഗത്തില്‍ മുന്നേറിയവരുടെ ‘സ്വയം കേന്ദ്രീകരണം’ ( self -centralism ) ആണ്, അത്.

ലെനിന്‍ പറഞ്ഞ പോലെ, നിഷേധാത്മകമായ അധികാരം, പാര്‍ട്ടിയുടെ ഉന്നത്തില്‍ കേന്ദ്രീകരിച്ചാല്‍, ആ ഘടകത്തിന്റെ യാഥാസ്ഥിതികത്വത്തെ അത്, അപകടകരമാം വിധം ശക്തിപ്പെടുത്തും.
ലെനിന്‍ പറയുന്നത് അവസര വാദമാണ്. അതിന് തത്വമില്ലായ്മ എന്ന തത്വം മാത്രമേയുള്ളു; അത്, ഏകാധിപത്യ കേന്ദ്രീകരണമാണ്. അവസരവാദികളായ ബുദ്ധിജീവികളുടെ ഏകാധിപത്യ കേന്ദ്രീകരണം.
റോസ വ്യക്തി സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി വാദിച്ചത് കൊണ്ട്, അവര്‍, ബോള്‍ഷെവിക്കുകള്‍ക്ക് പഥ്യമല്ലാതായി; കാള്‍ കൗട് സ്‌കിയും ലെനിന്റെ ‘തൊഴിലാളി വര്‍ഗ സര്‍വാധിപത്യ’ത്തെ തിരസ്‌കരിച്ചു.

രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് ശേഷം, ലെനിന് തലവേദനയും ഉറക്കമില്ലായ്മയും കലശലായി. താന്‍ ഒരു ദൗത്യം നടപ്പാക്കാന്‍ പിറന്നവന്‍ ആണെന്ന തോന്നല്‍ ഇല്ലായിരുന്നെങ്കില്‍, ലെനിന്‍ നേരത്തെ തകര്‍ന്നടിഞ്ഞേനെ. പ്ലഖനോവുമായി തര്‍ക്കിച്ച് സ്വന്തം സിദ്ധാന്തം രൂപപ്പെടുത്തിയ ശേഷം, തനിക്ക് തുല്യന്‍ ആരുമില്ലെന്ന വിശ്വാസം,ലെനിനില്‍ വളര്‍ന്നു. അത്, ഒറ്റപ്പെടലും ആയിരുന്നു. കിര്‍ഷിഷാനോവ്‌സ്‌കിയെപ്പോലെ അടുത്ത സുഹൃത്ത് വിട്ടുപോയത്, ലെനിനെ വിഷാദവാനാക്കി. ശാസ്ത്രജ്ഞനായ കിര്‍ഷിഷാനോവ്‌സ്‌കി 1895 ലെ സംഘടനാ സ്ഥാപകനും 1904 -05 ലെ മൂന്നാം കോണ്‍ഗ്രസ് സംഘാടകനും ആയിരുന്നു. 1910 ല്‍ മോസ്‌കോ ഊര്‍ജ നിലയം സ്ഥാപിച്ചു; സാറാറ്റോയില്‍ ജല വൈദ്യുത നിലയവുമുണ്ടാക്കി. റഷ്യന്‍ അക്കാദമി ഓഫ് സയന്‍സസില്‍ ജോലി ചെയ്തു. ഗ്രേറ്റ് സോവിയറ്റ് വിജ്ഞാനകോശം പത്രാധിപസമിതി അംഗം.

ജനാധിപത്യത്തെ തരിമ്പു പോലും വില വയ്ക്കാത്ത ലെനിന്‍, 1903 നവംബറില്‍, കിര്‍ഷിഷാനോവ്‌സ്‌കിയെ കണ്ട്, കേന്ദ്ര കമ്മറ്റിയിലേക്ക് തന്നെ കോ -ഓപ്റ്റ് ചെയ്യണം എന്നപേക്ഷിച്ചു. കൂട്ടുകാരന്‍ വഴങ്ങി. ലെനിന്‍ കേന്ദ്ര കമ്മറ്റിയില്‍ തിരിച്ചെത്തി. സത്യസന്ധത, സ്വഭാവ മഹിമ എന്നിവയുടെ അഭാവത്തില്‍, ലെനിന്‍, ചെറ്റത്തരം രാഷ്ട്രീയ കലയാക്കി വളര്‍ത്തി എടുത്തിരുന്നു. അയാളുടെ രാഷ്ട്രീയവും രോഗവും ഭ്രാന്തമായി.

ലെനിന്‍ ജനീവയില്‍ വിദഗ്ദ്ധ ഡോക്ടറെ കണ്ടതും, ഡോക്ടര്‍ ‘തലച്ചോറിനാണ് കുഴപ്പം ‘ എന്ന് പറഞ്ഞതും, ഇക്കാലത്താണ്. ലെനിന്റെ പിതാവ്, സെറിബ്രല്‍ ആര്‍ട്ടറിയോസ്ലെറോസിസ് വന്ന് ഹൃദയാഘാതം മൂലമാണ് മരിച്ചത്. തലച്ചോറിനാണ് അസുഖം എന്ന് ഡോക്ടര്‍ പറഞ്ഞതിന്,അന്ന് അര്‍ത്ഥം രണ്ടായിരുന്നു. ലെനിനും പിതാവിന്റെ രോഗമാകാം; രോഗം ന്യൂറോസ്തീനിയ (neurosthenia) ആകാം. കേന്ദ്ര നാഡീവ്യൂഹത്തിലെ തകരാര്‍ നിമിത്തം ശരീരം ക്ഷീണിക്കുന്നതാണ്, ന്യൂറോസ്തീനിയ. മാനസിക പ്രവൃത്തികളില്‍ നിന്ന് വിട്ടുനിന്ന് വിശ്രമിക്കാനാണ്, ഡോക്ടര്‍മാര്‍ ഉപദേശിച്ചിരുന്നത്. ഇന്ന് അങ്ങനെ ഒരു രോഗം ഇല്ല. ഇന്നത്തെ നിലയില്‍, ലക്ഷണങ്ങള്‍ വച്ച് ലെനിനുണ്ടായിരുന്നത്, സെറിബ്രോ വാസ്‌കുലാര്‍ രോഗമാണ്. അതായത്, തലച്ചോറിന് രക്തവും പോഷകങ്ങളും എത്തിക്കുന്ന രക്തധമനികളുടെ കേട്.

ലെനിന്‍ ജോലി ചെയ്യുമ്പോള്‍, ചെറിയ അനക്കം പോലും ഉണ്ടാക്കിയിരുന്നില്ല. ആശയങ്ങള്‍ തലയില്‍ കയറി മുറിയില്‍ നടന്നിരുന്നത്, പാദ പതനം ഉണ്ടാക്കാതെ, കാലിന്റെ പെരുവിരലുകള്‍ നിലത്തുറപ്പിച്ചാണ്. ഇന്നത്തെ ഭാഷയില്‍, ഒരു മനുഷ്യ ബോംബ് (a human time bomb).
(തുടരും)

Tags: ലെനിന്‍ഒരു റഷ്യന്‍ യക്ഷിക്കഥ
Share20TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

ഇന്ത്യയ്‌ക്കെതിരെ ബ്രിട്ടനൊപ്പം (മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍ 17)

ചരിത്രം രചിച്ച കാശി-തമിഴ് സംഗമം

രാഹുലിന്റെ അനുകരണയാത്ര

റിപ്പബ്ലിക് ദിനവും ആര്‍.എസ്.എസ്സും

ലഹരിക്കടത്തിന്റെ ആഗോള ഇടനാഴികള്‍

Kesari Shop

  • മൗനതപസ്വി - ടി. വിജയന്‍ ₹180
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

സ്വയം കൊല്ലുന്ന രാഹുല്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies