Wednesday, July 9, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home യാത്രാവിവരണം

ബദാമി, അയ്‌ഹോളെ, പട്ടടക്കല്‍- ഭാരതീയ സാംസ്‌കാരിക പൈതൃകം

ജയനാരായണന്‍ ഒറ്റപ്പാലം

Print Edition: 10 April 2020

ബദാമി- അയ്‌ഹോളെ പട്ടടക്കല്‍ എന്നീ ചരിത്രമുറങ്ങുന്ന സ്ഥലങ്ങള്‍ വാസ്തുശില്പകലയുടെ കളിത്തൊട്ടിലായാണ് പുരാവസ്തുഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. അവിടങ്ങളിലെ ക്ഷേത്രസമുച്ചയങ്ങളും തിരുശേഷിപ്പുകളും ഈ യാഥാര്‍ത്ഥ്യം സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതിലുപരി മാനവസംസ്‌കാരത്തിന്റെ ഏറ്റവും പഴക്കംചെന്ന പാരമ്പര്യം, അതായത് ഭാരതീയസംസ്‌കാരം, അഥവാ ഹൈന്ദവവിശ്വാസം താണ്ടിയ സുദീര്‍ഘ പന്ഥാവിലെ നാഴികക്കല്ലുകളാണ് ഇന്നും തലയുയര്‍ത്തിനില്‍ക്കുന്ന ഈ തിരുശേഷിപ്പുകള്‍. ബദാമിയിലെ ഗുഹാക്ഷേത്രങ്ങള്‍, കാര്‍ലെ, അജന്താ-എല്ലോറാ എന്നിവിടങ്ങളിലെ നിര്‍മ്മിതികളുടെ തുടര്‍ച്ചയായിവേണം കരുതുവാന്‍. കാര്‍ലെ, അജന്താ-കാഞ്ഞേരിഗുഹകള്‍ ബുദ്ധഭിക്ഷു ക്കളുടെ സൈ്വരവിഹാരത്തിനും, ധ്യാന-പ്രാര്‍ത്ഥന മുതലായ സാധനകള്‍ക്കുമായി ശതവാഹനന്മാരുടെ ആധിപത്യകാലത്ത്, അതായത് ബി.സി. 300നും 400നും ഇടയ്ക്ക്, ഉണ്ടായ നിര്‍മ്മിതികളാണ്. എല്ലോറയിലും എലിഫന്റയിലുമായി അത് തുടര്‍ന്നു. പക്ഷെ ഹൈന്ദവ പ്രതീകങ്ങളാണെന്നു മാത്രം. ബദാമിയില്‍ ഒരുജൈനക്ഷേത്രമൊഴിച്ച് മറ്റുള്ളവയൊക്കെ-പ്രധാനമായും നാലെണ്ണം- വിഗ്രഹാരാധനക്കുവേണ്ടിത്തന്നെ എന്നു വിലയിരുത്തണം.

കാര്‍ലെ ഗുഹകളുടെ കവാടത്തിലെ തടികൊണ്ടുള്ള മുഖപ്പ് സാരാനാഥിലെ കവാടത്തിന്റെ പതിപ്പാണ്. ഡെക്കാണ്‍പീഠഭൂമിയിലെ ഗുഹാക്ഷേത്രങ്ങളില്‍ ഏറ്റവും പഴക്കംചെന്നതും ഇതുതന്നെ. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, അവധ്- മഗധ് അടങ്ങിയ വിശാല ഗംഗാസമതലങ്ങളില്‍നിന്നും ബുദ്ധമതം മാത്രമല്ല വാസ്തുകലയും വടക്കുപടിഞ്ഞാറും തെക്കുപടിഞ്ഞാറും ലക്ഷ്യംവെച്ച് നീങ്ങിയിരുന്നു. ഇന്നത്തെ അഫ്ഗാനിസ്ഥാനില്‍ കാണപ്പെടുന്ന ബുദ്ധ-ബോധിസത്ത്വ പ്രതിമകള്‍ ആ യാഥാര്‍ത്ഥ്യം തെളിയിക്കുന്നു. വൈദിക സംസ്‌കാരത്തിന്റെ ബദല്‍ ഈ ഗംഗാസമതലത്തിന്റെ സംഭാവനയാണ്. മൗര്യസാമ്രാജ്യം നിലനിന്നിരുന്ന കാലഘട്ടത്തില്‍ വൈദികസംസ്‌കാരം ബുദ്ധ-ജൈന വിചാരധാരകള്‍ക്കു വഴിമാറിയിരുന്നു. പക്ഷെ ശ്രീബുദ്ധനോ, ജൈന തീര്‍ത്ഥങ്കരനോ ഒരു സഭ രൂപീകരിക്കുകയോ, ജനങ്ങളെ വിശ്വാസത്തിന്റെപേരില്‍ പ്രത്യേകം വേലിക്കെട്ടുകളില്‍ തളക്കുകയോ ചെയ്തിരുന്നില്ല. അതുകൊണ്ടും, ഈ പ്രവാചകര്‍ വേദങ്ങളുടെ അപ്രമാദിത്വത്തെ അംഗീകരി ച്ചിരുന്നില്ല എങ്കിലും നിരീശ്വരവാദികളല്ലാത്തതുകൊണ്ടും, ബുദ്ധമതവും ജൈനമതവും വിഹാരങ്ങളിലും ജൈനക്ഷേത്രങ്ങളിലുമൊതുങ്ങി. ഗൃഹസ്ഥര്‍ക്ക് അവരുടെ ആചാരാനുഷ്ഠാനങ്ങള്‍ തുടരുവാന്‍ തടസ്സമുണ്ടായിരുന്നില്ല. കാരണം, അതിന് അവര്‍ പൗരോഹിത്യസമുദായത്തെ (ബ്രാഹ്മണരെ) ആശ്രയിച്ചുപോന്നു. അശോകചക്രവര്‍ത്തി ബുദ്ധമതാനുയായി ആയപ്പോള്‍ അതിനു രാജകീയപരിവേഷം സിദ്ധിച്ചു. അതുകൊണ്ട് പൊതുജനം വൈദികകര്‍മ്മങ്ങള്‍ രഹസ്യമായി വീടുകളിലോ വിജനങ്ങളായ ക്ഷേത്രങ്ങളിലോ ചെയ്യുവാന്‍ തുടങ്ങി. അതാണ,് തന്ത്രം എന്ന ആരാധനാസമ്പ്രദായത്തിന്റെ തുടക്കം. ഇതുതന്നെയാണ് ശാക്തേയസമ്പ്രദായവും. എന്തും ഉള്‍ക്കൊള്ളുവാനുള്ള ശേഷി ഹൈന്ദവ വിശ്വാസത്തിനുണ്ടായിരുന്നതുകൊണ്ട് തന്ത്രം ശങ്കരാചാര്യരുടേയും, രാമാനുജാചാര്യരുടേയും ആഗമസിദ്ധാന്തങ്ങളുടെ (പൂജാവിധികളുടെ) ഭാഗമായി ശാക്തേയവും തുടര്‍ന്നു. മൗര്യസാമ്രാജ്യത്തിന്റെ അസ്തമയത്തിനും ഗുപ്തസാമ്രാജ്യത്തിന്റെ ഉദയത്തിനുമിടയിലെ ഇടവേളയില്‍ തന്ത്രം പ്രചാരത്തിലിരുന്നു.

അയ്‌ഹോളില്‍നിന്നും കണ്ടെടുത്ത നിരവധി സപ്തമാതൃക്കളുടെ പ്രതിമകള്‍, ചാലൂക്യ ആധിപത്യത്തിനും മുന്നേ, കദംബരുടേയും കൊങ്കണമൗര്യരുടേയും കാലത്ത് ഈ പ്രദേശം ശാക്തേയരുടെ സ്വാധീനതയിലായിരുന്നു എന്നു സൂചിപ്പിക്കുന്നു. ലജ്ജാഗൗരി (പ്രജനനത്തിന്റെ ദേവി)യുടെ പ്രതിമയും ഈ അനുമാനത്തിനു ശക്തിപകരുന്നുണ്ട്. ഗുപ്തസാമ്രാജ്യത്തിന്റെ സുവര്‍ണ്ണകാലഘട്ടം ഹൈന്ദവവിശ്വാസത്തിന്റെ- ഇന്നുകാണുന്ന പുരാണേതിഹാസങ്ങളുടെ-പാരമ്പര്യത്തിന്റെ തുടക്കമായി. ഈ മൂന്നു ഗതിമാറ്റവും അയ്‌ഹോളിലും പട്ടടക്കലിലും നമുക്ക് കാണാം. അയ്‌ഹോളില്‍ ഇഷ്ടികയും ചുണ്ണാമ്പും ഉപയോഗിച്ച് നിര്‍മ്മിച്ച ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. അതില്‍നിന്നും നമുക്ക,് ഇടതുചരിത്രകാരന്മാര്‍ ചുണ്ണാമ്പ് പടവിനുപയോഗിക്കുവാന്‍ തുടങ്ങിയത് മുസ്ലീംകാലഘട്ടത്തിലാണ് എന്നവാദം എത്ര ബാലിശമാണെന്ന് മനസ്സിലാക്കാം.
ഗുപ്ത സാമ്രാജ്യത്തിനുശേഷം ഉത്തരഭാരതം കീഴടക്കിയ ഹര്‍ഷവര്‍ദ്ധനന്റെ സാമ്രാജ്യം വിന്ധ്യനു തെക്കോട്ടു നീങ്ങാനായില്ല. ബദാമി (അന്നത്തെ വാതാപി) യിലെ ചാലൂക്യന്മാര്‍, അവരുടെ മുന്നേറ്റത്തെ തടഞ്ഞു. ചാലൂക്യന്മാര്‍ ഡെക്കാണ്‍പീഠഭൂമിയിലും തെക്കു കാവേരിവരെയും പൂര്‍ണ്ണപ്രതാപത്തോടെ എ.ഡി.757വരെ നിലനിന്നു. ഈ വംശത്തിലെ ഏറ്റവും പ്രതാപിയായ ചക്രവര്‍ത്തി പുലികേശി രണ്ടാമനായിരുന്നു. ഇദ്ദേഹമാണ് 60000 ആനകളും അതിനൊത്ത കുതിര-കാലാള്‍പ്പടയുമായി ആക്രമിച്ച ഹര്‍ഷവര്‍ദ്ധനനെ പരാജയപ്പെടുത്തിയത്. ഈ വംശം കിഴക്കന്‍ചാലൂക്യര്‍ (വെംഗി), പടിഞ്ഞാറ് ബദാമിയുമായി പിരിഞ്ഞിരുന്നുവെങ്കിലും, ബദാമിയിലെ ചാലൂക്യന്മാര്‍ ഏകദേശം ഒന്നരനൂറ്റാണ്ടോളം തങ്ങളുടെ ആധിപത്യം നിലനിര്‍ത്തി. കിഴക്കന്‍ ചാലൂക്യന്മാര്‍ ചോളരുമായി വൈവാഹികബന്ധം സ്ഥാപിച്ച് ഇന്നത്തെ ഒറീസ്സാ-ആന്ധ്രതീരപ്രദേശത്ത് ചോളമേധാവിത്വം ഉറപ്പുവരുത്തി. ഇവരുടെ രാജ്യം വെംഗി എന്നാണ് അറിയപ്പെട്ടിരുന്നത്. ചാലൂക്യന്മാരുടെ പരമ്പരയിലെ 59 രാജാക്കന്മാരില്‍ 43 പേരും ഭരിച്ചിരുന്നത് അയോദ്ധ്യയിലാണെന്നും ഈ വംശത്തിന്റെ സ്ഥാപകനായ പുലികേശി ഒന്നാമന്‍ തന്റെ എ.ഡി.489ലെ ശിലാശാസനത്തില്‍ പറയുന്നുണ്ട്. ഒരുപക്ഷേ ഭരണം നഷ്ടപ്പെട്ട ഏതെങ്കിലും രാജവംശത്തിന്റെ ശാഖ ഡെക്കാണ്‍ പീഠഭൂമിയിലേക്ക് കുടിയേറിയതായിരിക്കാം. എ.ഡി. ഏഴാം നൂറ്റാണ്ടുവരെ കിഴക്കെ കടല്‍തീരം അടക്കിവാണിരുന്ന പല്ലവരുടേയും പൂര്‍വ്വചരിത്രം ദുരൂഹമാണ്. കാഞ്ചീപുരം കേന്ദ്രമാക്കിയുള്ള ഇവരുടെ ഭരണം വടക്ക് ഗോദാവരിവരെയും തെക്ക് ചോളന്മാരുടെ അതിര്‍ത്തിവരെയും വ്യാപിച്ചുകിടന്നിരുന്നു. ഇവരെ കാഞ്ചീപുരം കോട്ടയുടെ മതിലകത്തൊതുക്കിയത് കിഴക്കന്‍ ചാലൂക്യരാജാവായ കുബ്ജവിഷ്ണുവര്‍ദ്ധനനായിരുന്നു. ഏഴാംനൂറ്റാണ്ടില്‍ പടിഞ്ഞാറന്‍ ചാലൂക്യരാജാവ് പുലികേശി രണ്ടാമന്റെ ശിലാശാസനത്തില്‍ ഈ കാര്യം വ്യക്തമാക്കുന്നുണ്ട്.

ചാലൂക്യരാജവംശത്തിന്റേയും അവരുടെ തിരോധാനത്തിനു ശേഷം പ്രബലരായ ഹോയ്‌സാല- ബെള്ളാള, വിജയനഗരസാമ്രാജ്യങ്ങളുടെയും രാജകീയചിഹ്നം വരാഹമായിരുന്നു. അവധ്-മഗധിലെ വൈഷ്ണവക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളില്‍ വരാഹമുഖം കണ്ടുകിട്ടിയിട്ടുണ്ട്. അത് സൂചിപ്പിക്കുന്നത് ചാലൂക്യരാജവംശത്തിന്റെ വേരുകള്‍ അയോദ്ധ്യയില്‍ ആയിരിക്കാമെന്ന സാധ്യത തള്ളിക്കളയാനാവില്ലാ എന്നുതന്നെ. അതിലുപരി ശതവാഹനന്മാരുടെ തിരോധാനത്തിനുശേഷം കിഴക്കന്‍ ഡെക്കാനില്‍ ഇഷ്വാകു വംശക്കാരുടെ ഭരണം എ.ഡി300നും 400നും ഇടക്കുണ്ടായിരുന്നു. ഇഷ്വാകു വംശം സാക്ഷാല്‍ അയോദ്ധ്യാപതി ശ്രീരാമചന്ദ്രന്റേതുതന്നെ. എന്തുതന്നെയായാലും വലിയൊരു സാമ്രാജ്യത്തിന്റെ അഭാവത്തില്‍ ഭരണതലത്തില്‍ വിഘടിച്ചിരുന്നുവെങ്കിലും ഭാരതം ഒരു രാഷ്ട്രീയ- ദേശീയ ഏകകമായിരുന്നു എന്നുതന്നെ തീര്‍ച്ചപ്പെടുത്തണം. അല്ലാത്തപക്ഷം അയോദ്ധ്യയില്‍നിന്നും ഒരു രാജകുടുംബത്തിന് ഇത്രയുംദൂരം താണ്ടി ഡെക്കാണ്‍ പീഠഭൂമിയില്‍ ഒരു രാജവാഴ്ചയ്ക്കു തറക്കല്ലിടുക അസാധ്യമായിരുന്നുവല്ലോ. കിഴക്കന്‍ ചാലൂക്യരുടേയും ചോളരുടേയും സംബന്ധം കൊണ്ടായിരിക്കണം അയ്‌ഹോളെ- പട്ടടക്കല്‍ നിര്‍മ്മിതികളില്‍ ദ്രാവിഡശൈലിയിലുള്ള വിമാനഗോപുരങ്ങള്‍ കാണപ്പെടുന്നത്.

ചാലൂക്യവംശത്തിലെ ഏറ്റവും പ്രബലനായ ചക്രവര്‍ത്തി പുലികേശി രണ്ടാമനായിരുന്നു. ഇദ്ദേഹത്തിന്റെ ഭരണം എ.ഡി 610മുതല്‍ 642 വരെയായിരുന്നു. അന്ന് സാമ്രാജ്യം വടക്ക് നര്‍മ്മദ മുതല്‍ തെക്ക് കാവേരിവരെ വ്യാപിച്ചു കിടന്നിരുന്നു. സാമ്രാജ്യത്തിന്റെ കേന്ദ്രബിന്ദുവായ ബദാമിയില്‍ ചക്രവര്‍ത്തി കോട്ടകെട്ടി നിലയുറപ്പിച്ചു. വടക്ക് ഗുജറാത്തിലും, കിഴക്ക് വെംഗിയിലും തന്റെ സഹോദരന്മാരെ ഭരണാധികാരികളാക്കി. ഏഴാംനൂറ്റാണ്ടിലെ നിര്‍മ്മിതികളില്‍ അഞ്ചാംനൂറ്റാണ്ടിലെ നിര്‍മ്മിതികളില്‍നിന്ന് വ്യത്യസ്തമായി ഏറെ പരിഷ്‌കരിച്ച രീതികള്‍ കാണാം. അഞ്ചാം നൂറ്റാണ്ടിലെയെന്നു പുരാവസ്തുഗവേഷകര്‍ തിട്ടപ്പെടുത്തിയ ലാഡ്-ഖാന്‍ക്ഷേത്രവും ഗൗഡരു ഗുഡിയും(ദേവീക്ഷേത്രം) ഇതിനുദാഹരണമാണ്. ലാഡ്ഖാന്‍ എന്ന മുസ്ലീം ഫക്കീര്‍ ആ ക്ഷേത്രത്തില്‍ മുസ്ലീംആധിപത്യകാലത്ത് താമസിച്ചിരുന്നു. അതുകൊണ്ടാണ് ക്ഷേത്രം ആ പേരില്‍ അറിയപ്പെടുന്നത്. ലാഡ്-ഖാന്‍ ക്ഷേത്രത്തിന്റെ താഴ്ത്തിയ ഭൂതലത്തില്‍നിന്നും ഏകദേശം അഞ്ച് അടിയോളം വരുന്ന അടിസ്ഥാന(തറ)ത്തിനുമീതെയാണ് കരിങ്കല്‍തൂണുകള്‍. മേല്‍ക്കൂര താങ്ങിനിര്‍ത്തുന്നത് ഈ തൂണുകളാണ്. ശ്രീകോവില്‍, തൂണുകളുടെ ഇടക്ക് കരിങ്കല്‍പാളികള്‍ നാട്ടിയാണ് നിര്‍മ്മിച്ചിരിക്കുന്നത.് കരിങ്കല്‍പാളികള്‍ വിരിച്ച ചെരിഞ്ഞ മേല്‍ക്കൂര. പാളികള്‍ ചേരുന്നിടത്ത് ചോര്‍ച്ച ഒഴിവാക്കാന്‍ മുക്കോടുകണക്കെ നീണ്ട, വീതികുറഞ്ഞ കരിങ്കല്‍പാത്തികള്‍ വിരിച്ചിരിക്കുന്നു. ക്ഷേത്രകവാടം ശില്പചാതുരിയുടെ നല്ല ഉദാഹരണങ്ങളാണ്. അയ്‌ഹോളിലെ ദുര്‍ഗ്ഗ്(കോട്ട)ക്ഷേത്രം എന്നറിയപ്പെടുന്ന സൂര്യക്ഷേത്രം ഈ ശില്പശൈലിയില്‍തന്നെ. നാഗരഗോപുരംകൂടി – ഇന്ന് ജീര്‍ണ്ണാവസ്ഥയിലാണ്. -ഉണ്ട് എന്നുമാത്രം. ദീര്‍ഘവൃത്താകൃതിയില്‍ ശ്രീകോവിലിനെ ചുറ്റുന്നവരാന്തയും സഭാമണ്ഡപവും നമ്മുടെ പാര്‍ലമെന്റ് മന്ദിരത്തെ ഓര്‍മ്മിപ്പിക്കുന്നു. ചിത്രത്തൂണുകള്‍ ശില്പചാതുര്യം വിളിച്ചറിയിക്കുന്നതാണ്. ചക്രഗുഡീക്ഷേത്രത്തിന്റെ നാഗരഗോപുരം ഇന്നും നില്‍ക്കുന്നുണ്ട്. ഇതിന്റെ ആമിലീകി (ശിഖരം)യുടെ ആകൃതികൊണ്ടാണ് ക്ഷേത്രത്തിനു ചക്രഗുഡി എന്ന പേരുകിട്ടിയത്.

വിജയാദിത്യരണ്ടാമന്‍ പല്ലവരെ തോല്പിച്ചതിന്റെ സ്മരണയ്ക്കായി പട്ടടക്കലില്‍ നിര്‍മ്മിച്ച മല്ലികാര്‍ജ്ജുനക്ഷേത്രം, ശിവ-വിഷ്ണുരൂപങ്ങള്‍ കൊത്തിയെടുത്ത കല്ലുകള്‍കൊണ്ടു പടുത്ത ചുവരുകളും മട്ടുപ്പാവില്‍ ചിത്രപ്പണികളുമുള്ള അരമതിലും, രണ്ടുനിലയുള്ള ദ്രാവിഡന്‍ശൈലിയിലുള്ള വിമാനഗോപുരവും മറ്റും കണക്കിലെടുക്കുമ്പോള്‍ കാഞ്ചീപുരത്തെ ഒരു പ്രധാനക്ഷേത്രം ഇവിടേക്ക് അടര്‍ത്തിമാറ്റിയതാണോ എന്നുകൂടി സംശയിക്കാം. ഇതോടെ രേഖാനാഗരഗോപുരങ്ങള്‍ക്കു പകരം ദ്രാവിഡന്‍ വിമാനഗോപുരങ്ങള്‍ക്കു തുടക്കംകുറിക്കുന്നു. തുല്ല്യപ്രതാപത്തോടെതന്നെ ഈ സമുച്ചയത്തില്‍ പാപനാശക്ഷേത്രം, വിരൂപാക്ഷക്ഷേത്രം മുതലായവ കൂടാതെ അനവധി നിര്‍മ്മിതികള്‍ കാണാം. ഇതേ സമുച്ചയത്തില്‍തന്നെ രാഷ്ട്രകൂടരുടെ ആധിപത്യകാലത്തുപണിത ഒരു ജൈനക്ഷേത്രവും കാണാം. പാപനാശ ക്ഷേത്രം (ശിലാലിഖിതത്തില്‍ മുക്തേശ്വരക്ഷേത്രം എന്നാണ്) എ.ഡി.640ല്‍ തുടങ്ങിയ നിര്‍മ്മിതിയാണ്. ഇതിന്റെ ഗോപുരം രേഖാ-നാഗരശൈലിയിലും. അഞ്ച് വര്‍ഷത്തിനുശേഷം പണിത മല്ലികാര്‍ജ്ജുനക്ഷേത്രത്തിന്റെ ഗോപുരം ദ്രാവിഡശൈലിയിലാണ്. അതായത് പുലികേശിരണ്ടാമന്‍ കാഞ്ചീപുരം കീഴടക്കിയതിനുശേഷം അവിടുത്തെ ശൈലി തന്റെ ആസ്ഥാനത്ത് പ്രയോഗത്തിലാക്കിയതാകാം.

ബദാമി ഗുഹാക്ഷേത്രങ്ങള്‍ മുന്‍പു സൂചിപ്പിച്ചതുപോലെ അജന്ത-എല്ലോറയുടെ തുടര്‍ച്ചയായി കണക്കാക്കണം. ചുവന്ന മണല്‍കല്ലിന്റെ (red sand stone )മലനിരകളാണ് ബദാമി, അയ്‌ഹോളെ, പട്ടടക്കല്‍ എന്നീകേന്ദ്രങ്ങള്‍ക്കുചുറ്റും. കരിങ്കല്‍പാളികള്‍ അടുക്കി വച്ചതുപോലെയാണ് മലനിരകളുടെ പ്രകൃതം. കൃഷ്ണശിലയോളം കാഠിന്യമില്ലാത്ത ഈ ശില രൂപപ്പെടുത്തുവാന്‍ വലിയ അദ്ധ്വാനം വേണ്ട. ശില്പിയുടെ കലാവിരുതുംകൂടി സമ്മേളിക്കുമ്പോള്‍ ഒരു അനന്യകലാസൃഷ്ടിതന്നെയാണ് ഫലം. ഈ ഗുഹകളില്‍ തൂണും താങ്ങുകളും ഉത്തരവും രൂപപ്പെടുത്തി, തട്ടുമിനുക്കി, രൂപങ്ങള്‍ കൊത്തിയെടുത്തതു കാണുമ്പോള്‍ ആരും അതിശയപ്പെടും. അത്രയും സൂക്ഷ്മമാണ് ഓരോ കലാരൂപവും. മേല്‍ത്തട്ടുകളില്‍ കൊത്തിയെടുത്ത വ്യാളികള്‍, ഉത്തരത്തിന് തൂണില്‍നിന്നും താങ്ങു കൊടുത്തതാണെന്നേ തോന്നുകയുള്ളൂ. മുന്‍വശത്തെ വരാന്തയില്‍ ചതുരാകൃതിയിലുള്ള തൂണുകളാണെങ്കില്‍ സഭാമണ്ഡപത്തിന്റേയും അന്തരാലയത്തിന്റേയും തൂണുകള്‍ വൃത്താകൃതിയിലാണ്. അതിമനോഹരമായ ഈ കൊത്തുപണികള്‍, ആധുനിക കാലത്തുള്ളതു പോലെ യന്ത്രങ്ങളില്ലാത്ത ആ കാലത്തു തീര്‍ത്തവരുടെ സര്‍ഗ്ഗശക്തി അംഗീകരിച്ചേ മതിയാവൂ.

ഒന്നാംനമ്പര്‍ ഗുഹയില്‍ അര്‍ദ്ധനാരീശ്വര (ശിവപാര്‍വ്വതി) പ്രതിമയാണ് ഒരുചുമരില്‍. എതിര്‍വശത്ത് ഹരി-ഹര. ഇടതുഭാഗം വിഷ്ണുവും വലതുഭാഗം ശിവനും. രണ്ടാമത്തെ ഗുഹയിലെ പ്രധാനരൂപം വിഷ്ണുവിന്റേതാണ്. ചുമരില്‍ ചാലൂക്യരുടെ രാജകീയ ചിഹ്നമായ വരാഹമൂര്‍ത്തിയും വാമനമൂര്‍ത്തിയും കാണാം. മീനുകളുടെ രൂപത്തിലുള്ള കഴകളോടുകൂടിയ ഒരുചക്രവും കാണാം. വിഷ്ണുവിന്റെ ദശാവതാരങ്ങളില്‍ ആദ്യത്തേത് മത്സ്യമാണല്ലോ. ചുരുക്കത്തില്‍, ചാലൂക്യര്‍ വിഷ്ണുഭക്തരായിരുന്നു.

അയ്‌ഹോളിലെ ശിലാശാസനത്തിന്റെ വിവരണമില്ലാതെ ഈ ലേഖനം അപൂര്‍ണമായിരിക്കും. ശിലാശാസനത്തിന്റെ ലിപി പഴയ കന്നഡയാണ്. ഇതിനെയാണ് ഹാളെകന്നഡ എന്നുപറയുന്നത്. ഇത് ദക്ഷിണ ബ്രഹ്മി എന്നറിയപ്പെടുന്ന, അന്ന് ഭാരതത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന, ബ്രഹ്മിലിപിയുടെ പരിഷ്‌കൃതരൂപമാണ്. ഇന്നു നിലവിലുള്ള മലയാളം, തമിഴ് ലിപികളും ഗ്രന്ഥലിപിവഴി ദക്ഷിണബ്രഹ്മിയോടു ബന്ധപ്പെട്ടിരിക്കുന്നു. തെലുഗുഭാഷയ്ക്ക് പ്രത്യേക ലിപിയില്ലാത്തതുകാരണം, ഹാളെകന്നഡതന്നെയാണ് ഉപയോഗിച്ചിരുന്നത്. ചില ലിപികള്‍ പരിശോധിച്ചാല്‍ ദക്ഷിണഭാരതത്തിലെ നാലു സമ്പുഷ്ട ഭാഷകള്‍ക്കും ബ്രഹ്മിയോടുള്ള ബന്ധം വ്യക്തമാകും.ചില ഉദാഹരണങ്ങള്‍ നോക്കാം.

ഓം എന്നു മലയാളത്തിലും ദേവനാഗിരിയിലും പഴയ കന്നഡയിലും എഴുതുമ്പോള്‍ ലിപിവിന്യാസത്തില്‍ ഉത്തര-ദക്ഷിണഭാരതത്തിലെ ഭാഷകള്‍ക്കുള്ള ബന്ധം കുറച്ചുകൂടി തെളിയുന്നു. ശാസനം ഹാളെകന്നഡലിപിയിലാണ് എങ്കിലും ഭാഷസംസ്‌കൃതമാണ്. രവികീര്‍ത്തി എന്ന കൊട്ടാരം കവിയുടെ രചനയാണിത്. മഹാഭാരതയുദ്ധത്തിനുശേഷമുള്ള കാലഗണന കൊടുത്തിരിക്കുന്നത് ആ പുരാണം കേവലം കവിഭാവനയല്ല.; ഇതിഹാസം കൂടിയാണെന്നു വ്യക്തമാവുന്നു. അന്ന് അയ്‌ഹോളെ എന്നവാണിജ്യനഗരത്തില്‍ സംസ്‌കൃതഭാഷയില്‍ വിജ്ഞാപനം രേഖപ്പെടുത്തിയതിന്റെ അര്‍ത്ഥം ആ ഭാഷയ്ക്ക് രാഷ്ട്രതലത്തില്‍ സ്വീകാര്യത ഉണ്ടായിരുന്നു എന്നുതന്നെ. നമ്മുടെ ബുദ്ധിജീവികളുടെ വാദം, അതായത് സംസ്‌കൃതം ഒരിക്കലും വ്യവഹാരഭാഷയായിരുന്നില്ല എന്നത്, എത്രബാലിശമാണെന്ന് ഈ ശിലാശാസനം നമ്മെ ബോധ്യപ്പെടുത്തുന്നു. വേദാന്തത്തിന്റെ സഹായത്തോടെ ഈ ആശയം ഒന്നുകൂടി വ്യക്തമാക്കാം. ലിപികളുടെ സഹായത്തോടെ പ്രകടമാക്കുന്ന ആശയം അഥവാ ചിന്ത അനശ്വരമാണ്. അതുകൊണ്ട് ലിപിയെ അക്ഷരം (ക്ഷരം സംഭവിക്കാത്തത്) എന്നുപറയുന്നു. ഇതേ ആശയം ചിതിയില്‍നിന്ന് ഉത്ഭവിച്ച് വൈഖരിയായി(ഉച്ചാരണമായി) കേള്‍ക്കുന്നവന്റെ ശ്രവണേന്ദ്രിയങ്ങളിലൂടെ ചിതിയില്‍ പ്രവേശിക്കുമ്പോള്‍ ശ്രവിക്കുന്നവനും മനസ്സിലാക്കുന്നു. കാരണം, ഭാഷയും അതിന്റെ വ്യാകരണവും, പറയുന്നവന്റെയും കേള്‍ക്കുന്നവന്റെയും ചിതിയില്‍ അഥവാ മനസ്സിലുണ്ട്. അതുതന്നെയാണ് ബ്രഹ്മം. ഈ പ്രക്രിയയെ വേറൊരുതരത്തില്‍കൂടി വ്യാഖ്യാനിക്കാം. സംസാരഭാഷയില്‍ വ്യാകരണശുദ്ധി കുറഞ്ഞാലും ആശയവിനിമയം നടക്കും. എഴുത്തുരൂപത്തില്‍ ആശയവിനിമയം നടക്കണമെങ്കില്‍ വ്യാകരണശുദ്ധിയും, പദങ്ങളിലൂടെ വ്യക്തമാക്കാനുദ്ദേശിക്കുന്ന ആശയങ്ങള്‍ക്ക് അഥവാ അര്‍ത്ഥത്തിന് പൊതുസ്വീകാര്യതയും വേണം. ഈ രണ്ടു സവിശേഷതകളും ആ കാലത്ത് സംസ്‌കൃതത്തിനുമാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് രാഷ്ട്രതലത്തില്‍ സംസ്‌കൃതം വ്യവഹാരഭാഷ തന്നെയായിരുന്നു എന്നുവ്യക്തം.

ചാലൂക്യന്മാര്‍ ഇന്നത്തെ ആന്ധ്ര-കര്‍ണ്ണാടക മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ അടങ്ങുന്ന ഒരു വലിയ ഭൂവിഭാഗത്തിന്റെ അധിപതികളായിരുന്നു. അവരുടെ ഭരണപ്രദേശങ്ങള്‍ ഉത്തര-ദക്ഷിണഭാരതീയ പൈതൃകങ്ങളുടെ സമ്മേളനകേന്ദ്രങ്ങളാണ്. അവരുടെ ചരിത്രം ഭാരതീയ ഇതിഹാസത്തിലെ ഒരു സുപ്രധാന അദ്ധ്യായമാണ്.

Tags: ബദാമിഅയ്‌ഹോളെപട്ടടക്കല്‍
Share11TweetSendShare

Related Posts

ഓര്‍മ്മകളുണര്‍ത്തുന്ന കാന്തല്ലൂര്‍

ആത്മസുരഭിലങ്ങളായ ശില്പചാരുതയിലേക്ക്‌

സ്വപ്നശലഭങ്ങളുടെ സ്വര്‍ഗ്ഗഭൂമി

ക്ഷേത്രഗോപുരം

മാതൃഭാഷയുടെ ഗുണം (പൂര്‍ബ്ബശ്രീകള്‍ 8)

നേതാജിയും ഐഎന്‍എയും (പൂര്‍ബ്ബശ്രീകള്‍ 7)

മണിപ്പൂര്‍ വിശേഷങ്ങള്‍ (പൂര്‍ബ്ബശ്രീകള്‍ 6)

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

ഗുരുഭക്തി

നവോത്ഥാന പൈതൃകം പ്രോജ്ജ്വലമാക്കിയ വ്യക്തിത്വം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies