കൊച്ചിയില്‍ നിന്നും ഒരു അര്‍ജുനന്‍ വന്നിട്ടുണ്ട്, മണവാളന്‍ ജോസഫ് പറഞ്ഞയച്ച ഹാര്‍മോണിസ്റ്റാണ് – ജോസഫ് തന്നെ പരിചയപ്പെടുത്തി. പുറത്തുനില്‍ക്കുന്ന തന്നെ നോക്കി ദേവരാജന്‍ മാസ്റ്റര്‍ പറഞ്ഞു. ”അര്‍ജുനനായാലും ഭീമനായാലും ശരി, എനിക്ക് പറ്റാത്ത ആളാണെങ്കില്‍ പറഞ്ഞുവിടും. അത് ആദ്യമേ പറഞ്ഞേക്കണം. സൗകര്യമുണ്ടെങ്കില്‍ മാത്രം നിന്നാല്‍ മതി.” താന്‍ കൂടി കേള്‍ക്കുന്നമട്ടിലായിരുന്നു മാഷിന്റെ പ്രതികരണം. 1960ല്‍ ദേവരാജന്‍ മാസ്റ്ററുടെ നേതൃത്വത്തിലുള്ള കാളിദാസകലാ കേന്ദ്രത്തില്‍ ഡോക്ടര്‍ എന്ന നാടകത്തിന് ഹാര്‍മോണിയം വായിക്കാന്‍ ആവശ്യമുണ്ടെന്നറിഞ്ഞ് കൊല്ലത്തെത്തിയ അനുഭവമാണിത്. ഏതാണ്ട് 45 വര്‍ഷം അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചു. പാലരുവിക്കരയില്‍ വിടര്‍ന്ന പഞ്ചമിപോലൊരു പൂനിലാവ്, മല്ലികപ്പൂവിന്റെ മധുരഗന്ധമുള്ള നൂറുസിനിമാ – നാടകഗാനങ്ങളുടെ സ്രഷ്ടാവ്; പൗര്‍ണ്ണമി ചന്ദ്രിക തൊട്ടു തലോടിയ പ്രതിഭ, മാൡയേക്കല്‍ കൊച്ചുകുഞ്ഞ് അര്‍ജുനന്‍ എന്ന എം.കെ. അര്‍ജുനന്‍ മാഞ്ഞു, പാട്ടിന്റെ പൗര്‍ണ്ണമി ചന്ദ്രിക. ആര്‍ദ്രമധുരമായൊരു ഗാനം പോലെ എം.കെ. അര്‍ജുനന്‍ ഓര്‍മ്മയാവുന്നു. എത്രയോ അനശ്വര ഗാനങ്ങള്‍ കൊണ്ട് കാലത്തിന്‍ രാഗമുദ്രകള്‍ ചാര്‍ത്തിയാണ് അദ്ദേഹത്തിന്റെ മടക്കം. അദ്ദേഹം ഈണം പകര്‍ന്ന ഇരുനൂറിലധികം ചിത്രങ്ങളിലെ എത്രയോ ഗാനങ്ങള്‍ മലയാളത്തിലെ ഏറ്റവും നല്ല ചലച്ചിത്രഗാനങ്ങളുടെ പട്ടികയിലുണ്ട്. മലയാളം ഒരിക്കലും മറക്കാത്ത പല നാടകഗാനങ്ങളും അതേ ഹാര്‍മോണിയത്തില്‍ നിന്നു തന്നെയാണ് പിറന്നത്. കറുത്ത പൗര്‍ണ്ണമി (1908)യില്‍ ഈണമിട്ട ആ അനശ്വര ഗാനം പോലെ തന്നെ. ”ഹൃദയമുരുകി നീ കരയില്ലെങ്കില്‍ കദനം നിറയുമൊരു കഥ” തന്നെയാണ് അദ്ദേഹത്തിന്റേത്.
ഫോര്‍ട്ട് കൊച്ചി മാളിയേക്കല്‍ കൊച്ചു കുഞ്ഞിന്റെയും പാര്‍വ്വതിയുടെയും 14-ാമത്തെ കുട്ടിയായി ജനിച്ച അര്‍ജുനന്റെ ബാല്യകാലം ദുരിതപൂര്‍ണ്ണമായിരുന്നു. അര്‍ജുനന് ആറ് മാസം പ്രായമുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. ദാരിദ്ര്യത്തില്‍ നിന്നും രക്ഷകനായി അയല്‍വാസിയായ രാമന്‍ വൈദ്യര്‍ അര്‍ജുനനേയും ജേഷ്ഠന്‍ പ്രഭാകരനേയും പഴനിയിലെ ജീവകാരുണ്യം ആനന്ദാശ്രമത്തില്‍ കൊണ്ടുപോയതാണ് വഴിത്തിരിവായത്. പഴനി അമ്പലത്തില്‍ നിന്ന് അധികം അകലെയല്ലാത്ത ഈ ആശ്രമമാണ് സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ പകര്‍ന്നത്. ഹാര്‍മോണിയം പോലും ഇദ്ദേഹം ആദ്യമായി കാണുന്നതും ഇവിടെ വച്ചുതന്നെ. പത്തില്‍ താഴെ സ്വാമിമാരും ഇരുപത്തഞ്ചോളം കുട്ടികളുമായിരുന്നു ആശ്രമത്തില്‍. ഇവിടെ സായാഹ്നങ്ങളില്‍ എന്നും ഭജനകള്‍ പതിവായിരുന്നു. സന്ധ്യയ്ക്ക് വിളക്കു കൊളുത്തി നാമം ചൊല്ലും, കുട്ടികള്‍ ഏറ്റുപാടും. ഹാര്‍മോണിയവും തബലയും ഗഞ്ചിറയും ദോലക്കുമൊക്കെ അകമ്പടിയാകുന്ന ഭജനകള്‍ ഇരുവരുടെയും ഹൃദയത്തില്‍ കൂടുകൂട്ടി. വളരെ പെട്ടെന്നുതന്നെ ഗായകസംഘത്തിലെ ശ്രദ്ധിക്കപ്പെടുന്ന അംഗങ്ങളായി മാറി. സ്വാമിജി എന്നു വിളിക്കുന്ന നാരായണസ്വാമി ഇവരുടെ സംഗീതവാസന മനസ്സിലാക്കി ഗുരുവിനെ കണ്ടെത്തുകയായിരുന്നു. അണ്ണാമല സര്‍വ്വകലാശാലയിലെ സംഗീതാദ്ധ്യാപകനായിരുന്ന കുമാരപിള്ളയെയാണ് ഏര്‍പ്പെടുത്തിയത്. സംഗീതത്തെ ഗൗരവമായി കാണാന്‍ അര്‍ജുനന് പ്രേരണയൊരുക്കുന്നതും ഇദ്ദേഹത്തില്‍നിന്നും ലഭിച്ച പാഠങ്ങളാണ്. ഏതാണ്ട് ഏഴുവര്‍ഷത്തോളമാണ് ഇവര്‍ ആശ്രമത്തില്‍ കഴിഞ്ഞത്. പിന്നീട് ഗുരുവിന്റെ അനുഗ്രഹത്തോടെ തിരിച്ചുപോരേണ്ടിവന്നു. ഗുരുപറഞ്ഞു ”നിങ്ങള്‍ രണ്ടുപേരില്‍ ഒരാള്‍ മാത്രമാകും സംഗീതം കൊണ്ടു ജീവിക്കുക. അത് അര്‍ജുനനാകും. പ്രഭാകരന്‍ ഇരുമ്പുമായി ബന്ധപ്പെട്ട മേഖലയില്‍ ജോലിചെയ്ത് ജീവിക്കും.”
”സ്‌നേഹത്തിന്‍ ഗന്ധര്‍വ്വ വിരല്‍ തൊട്ടാല്‍ പാടാത്ത വീണയും പാടുമെന്ന്” മലയാളികള്‍ക്ക് പാടിത്തന്ന സംഗീതജ്ഞന്‍. 1958ല്‍ പള്ളിക്കുറ്റം എന്ന നാടകത്തിന് സംഗീതം പകര്‍ന്ന് നാടകലോകത്തേക്ക് ചുവട് വെച്ചത്. ഡോക്ടര്‍, ജനനീ ജന്മഭൂമി, അള്‍ത്താര, മുത്തുച്ചിപ്പി, കടല്‍പ്പാലം തുടങ്ങിയ കാളിദാസകലാകേന്ദ്രത്തിന് പുറമേ മറ്റു സമതികളിലും പ്രവര്‍ത്തിച്ചു. കായംകുളം പീപ്പിള്‍സ് തിയറ്റേഴ്‌സ്, ചങ്ങനാശേരി ഗീഥ, സൂര്യസോമ, ആലപ്പിതിയറ്റേഴ്‌സ്, കോഴിക്കോട് ചിരന്തന, ദേശാഭിമാനി തുടങ്ങിയവയില്‍ സഹകരിച്ചു. 300 ഓളം നാടകങ്ങളില്‍ പ്രവര്‍ത്തിച്ചു, ഇതുകൂടാതെ കെ.പി.എ.സിയുടെ നീലക്കുയിലിലും പ്രവര്‍ത്തിച്ചു. രണ്ടാമത്തെ ചലച്ചിത്രമായ റസ്റ്റ് ഹൗസിലെ ‘പാടാത്ത വീണയും പാടും’, ‘പൗര്‍ണ്ണമി ചന്ദ്രിക തൊട്ടു വിളിച്ചു.’, ‘യദുകുല രതിദേവനെവിടെ’ തുടങ്ങിയ ഗാനങ്ങള്‍ പ്രശസ്തി നേടിക്കൊടുത്തു. ദേവരാജന്റെ ശിഷ്യനായി സിനിമയില്‍ എത്തിയെങ്കിലും തന്റേതായ വഴിവെട്ടിത്തെളിച്ചു. ശ്രീകുമാരന്‍ തമ്പിയുമായി ചേര്‍ന്നാണ് ഏറ്റവുമധികം ഹിറ്റുകളൊരുക്കിയത്. ‘നിന്‍മണിയറയിലെ’, ‘നീലനിശീഥിനീ'(സി.ഐ.ഡി നസീര്‍), ‘പാലരുവിക്കരയില്‍…’, ‘കുയിലിന്റെ മണിനാദം’ (പത്മവ്യൂഹം), ‘ചെമ്പകത്തൈകള്‍ പൂത്ത’. (കാത്തിരുന്ന നിമിഷം), ‘മല്ലികപ്പൂവിന്‍ മധുരഗന്ധം’ (ഹണിമൂണ്‍), ‘തിരുവോണപ്പുലരിതന്‍…’ (തിരുവോണം), ‘കസ്തൂരിമണക്കുന്നല്ലോ കാറ്റേ’ (പിക്‌നിക്), ‘ചെട്ടികുളങ്ങര ഭരണി നാളില്‍…’ (സിന്ധു), ‘നിലവിളക്കിന്‍ തിരിനാളമായി…’ അങ്ങനെ എത്രയെത്ര ഗാനങ്ങള്‍… മോഹനം, കല്യാണി, സിന്ധുഭൈരവി തുടങ്ങി മലയാളികള്‍ക്ക് പ്രിയമേറിയ രാഗങ്ങളിലൂടെയുള്ള സംഗീതയാത്ര.
വയലാറിനൊപ്പം അധികം സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞില്ല, അര്‍ജുനന്. എങ്കിലും ഒരുമിച്ച് അമ്പതോളം ഗാനങ്ങളില്‍ ജീവിതത്തിന്റെ സമസ്തഭാവതലങ്ങളും അനുഭവിച്ചറിയുന്നു നമ്മള്‍. അനുരാഗമേ…, തളിര്‍വലയോ…. താമരവലയോ…, മല്ലീസായകാ…, ഭാമിനീ…. എന്നീ പാട്ടുകള്‍ ഓര്‍ക്കുക. ഭാസ്‌കരന്‍ മാഷിനൊടൊപ്പം ചേര്‍ന്ന് സൃഷ്ടിച്ച ഗാനങ്ങള്‍ ഓരോന്നും അനുപമം. ‘അനുവാദമില്ലാതെ അകത്തുവന്നു…’, ‘മാനസതീരത്തെ ചുംബിച്ചുണര്‍ത്തിയ’ എന്നീ പാട്ടുകള്‍. പൂവച്ചല്‍ ഖാദറിനോടൊപ്പം ഒരുക്കിയ ഗാനമാണ് എസ്. ജാനകി പാടിയ ‘കായല്‍ക്കരയില്‍… തനിച്ചുവന്നതുകാണാന്‍’ എന്നത്. ഓഎന്‍വി. (സരോവരം ചൂടി.., കാണാനഴകുള്ള മാണിക്യകുയിലേ…), ആര്‍.കെ. ദാമോദരന്‍ (രവിവര്‍മ്മ ചിത്രത്തിന്‍…., ചന്ദ്രകിരണത്തിന്‍….), മങ്കൊമ്പ്… (അഷ്ടമംഗല്യസുപ്രഭാതത്തില്‍), ഭരണിക്കാവ് ശിവകുമാര്‍ (സീമന്തരേഖയില്‍….), ദേവദാസ് (മാന്‍മിഴിയാല്‍ മനം കവര്‍ന്നു….), തിക്കുറിശ്ശി (പൂമെത്തപ്പുറത്ത് ഞാന്‍ നിന്നെ…), ഷിബു ചക്രവര്‍ത്തി (ചെല്ലച്ചറു വീടുതരാം….) ഏതു ഗാനരചയിതാവിന്റെ വരികളില്‍ നിന്നും സൂപ്പര്‍ ഹിറ്റുകള്‍ മെനെഞ്ഞെടുക്കാനുള്ള മാന്ത്രിക സിദ്ധി അര്‍ജുനന്‍ മാഷിന് മാത്രം.
എത്രയോ നവഗായകര്‍ക്കും ഗാനരചയിതാക്കള്‍ക്കും സംഗീതകാരന്മാര്‍ക്കും അദ്ദേഹം വാതില്‍ തുറന്നുകൊടുത്തു. എ.ആര്‍.റഹ്മാനെ ആദ്യമായി ഒരു സ്റ്റുഡിയോവില്‍ കൊണ്ടുപോകുന്നതും ആദ്യമായി കീബോര്‍ഡ് വായിപ്പിക്കുന്നതുമൊക്കെ എം.കെ.യാണ്. അതിന് മുമ്പേ മറ്റൊരു കഥകൂടി ചരിത്രം ഓര്‍ത്തുവയ്ക്കുന്നു. ഒരു കൗമാരക്കാരനെക്കൊണ്ട് ഒരു കവിതപാടിച്ച് റിക്കാര്‍ഡ് ചെയ്ത കഥ. അന്നാണ് യേശുദാസ് സ്വന്തം ശബ്ദം ആദ്യമായി റിക്കോര്‍ഡ് ചെയ്തു കേള്‍ക്കുന്നത്. 1977ല്‍ ഇറങ്ങിയ ഹര്‍ഷബാഷ്പം എന്ന ചിത്രത്തില്‍ രണ്ട് പാട്ടുകള്‍ കെ.എച്ച്.ഖാന്‍ സാഹിബ് എഴുതിയിരുന്നു. അതില്‍ ദാസ് പാടിയ ‘ആയിരം കാതമകലെയാണെങ്കിലും…. മായാതെ മക്ക മനസ്സില്‍ നില്‍ക്കും’ കാലത്തിന്റെ കാതത്തിനപ്പുറവും ഇന്നും ഒരു വികാരമാണ്. മാഷ് ഈണമിട്ട ഏറ്റവും ശ്രദ്ധേയമായ മുസ്ലിം ഭക്തിഗാനവും ഇതുതന്നെ!.
ജയചന്ദ്രന്‍ എന്ന ഗായകന്, ദേവരാജന്‍ മാസ്റ്റര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ നല്‍കിയത് എം.കെ. അര്‍ജുനനാണ്. ഇവര്‍ ആദ്യമായി ഒന്നിക്കുന്നത് മലയാള സിനിമാ സംഗീതചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നായ റസ്റ്റ് ഹൗസ് എന്ന ചിത്രമായിരുന്നു. ‘താരണിമധുമഞ്ചം… നീ വിരിച്ചീടുകില്‍… പോരാതിരിക്കുമോ കണ്ണന്‍’ മലയാളികള്‍ എന്നും നെഞ്ചേറ്റിയ ഒരു ഗാനം ജാനകിയോടൊപ്പം പാടി. നന്ത്യാര്‍വട്ടപ്പൂ ചിരിപ്പൂ… മല്ലികപ്പൂവിന്‍ മധുരഗന്ധം, ചന്ദ്രോദയം കണ്ടു കൈകൂപ്പി നില്‍ക്കും…, മലരമ്പനറിഞ്ഞില്ല… മധുമാസമറിഞ്ഞില്ല… ശൃംഗാരമധുവൂറുന്ന വരികളെ ജയചന്ദ്രന്റെ സ്വരപാന പാത്രത്തില്‍ ശ്രോതാക്കള്‍ക്ക് വിളമ്പിത്തന്നു. മലയാളത്തിന് പ്രിയഗായികമാര്‍ സമ്മാനിച്ച ഒട്ടേറെ ഹിറ്റുകളും അര്‍ജുനന്‍മാഷിന്റെ ഈണത്തില്‍ പിറന്നവയാണ്. വാണിജയറാമിനാണ് ഇക്കൂട്ടത്തില്‍ ഒന്നാം സ്ഥാനം. അവര്‍ ഏകയായി പാടിയ അമ്പതോളം ഗാനങ്ങളുണ്ട്. പിക്‌നിക്കിലെ ശശികുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി എന്ന ഗാനം യേശുദാസിന്റെയും വാണിജയറാമിന്റെയും സര്‍വ്വകാല ഹിറ്റാണ്. സിന്ധു എന്ന ചിത്രത്തിലെ തേടിതേടിഞാനലഞ്ഞു…, കിഴക്കൊന്നു തുടുത്താല്‍ ചിരിക്കാന്‍ തുടങ്ങും കുരുകുത്തി കുടമുല്ലേ…, കണ്ണാ… കരിമുകില്‍ വര്‍ണ്ണാ…., തിരയും തീരവും ചുംബിച്ചുറങ്ങി…, തരിവളകള്‍… തുടങ്ങിയ അര്‍ജുന ഗാനങ്ങളും വാണിജയറാമിന്റെ സംഭാവനകളാണ്. ‘ചന്ദ്രരശ്മിതന്‍ ചന്ദന നദിയില്‍…’, ‘ജീവനില്‍ ദുഖത്തിനാറാട്ട്’, ‘ദ്വാരകേ… ദ്വാപരയുഗത്തിലെ പ്രേമസ്വരൂപന്റെ…’ എന്നിവ സുശീലാമ്മയുടെ ശബ്ദത്തില്‍ കേട്ടു.
മികച്ച സംഗീതസംവിധായകനുള്ള പുരസ്‌കാരം 2017ല്‍ ലഭിച്ചപ്പോള്‍ അരനൂറ്റാണ്ട് പിന്നിട്ട സംഗീത ജീവിതത്തില്‍ അദ്ദേഹത്തിന് ആദ്യമായി ലഭിച്ച സംസ്ഥാന ചലച്ചിത്ര അവാര്‍ഡായി അത്; നാടക ഗാനങ്ങള്‍ക്ക് ഏറെ അവാര്‍ഡുകള്‍ ലഭിച്ചിരുന്നെങ്കിലും. മലയാളിയുടെ മനസ്സില്‍ വസന്തവും വിഷാദവും വിരഹവും വിരിയിച്ച സംഗീതജ്ഞന്‍ പാട്ടിന്റെ പൗര്‍ണ്ണമി ചന്ദ്രിക, മാഞ്ഞു. അര്‍ജുനന്‍ മാസ്റ്ററുടെ ഗാനങ്ങളിലൂറിയ മല്ലികപ്പൂവിന്റെ മധുകണം ഇറ്റിറ്റുവീണത് മലയാളിയുടെ മനസ്സിലേയ്ക്കാണ്. അതിന്റെ മധുരം, കാലത്തെ അതിജീവിച്ച് തലമുറകളിലേയ്ക്ക് കസ്തൂരി മണക്കുന്ന കാറ്റുപോലെ ഒഴുകിക്കൊണ്ടേയിരിക്കും.