ലോകം കോവിഡ് എന്ന മഹാമാരിക്ക് മുന്നില്‍ വിറങ്ങലിച്ചു നിന്നപ്പോള്‍; ഒട്ടേറെ പ്രതിസന്ധികള്‍ക്ക് കാരണാകുമെന്ന വിലയിരുത്തലുകള്‍ ഉള്ള ”ലോക്ക് ഡൗണ്‍” എന്ന ധീരമായ നിലപാടെടുത്ത് നമ്മുടെ പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങള്‍ക്കുവേണ്ടി നിലകൊണ്ടു.
തങ്ങളുടെ രാജ്യത്തെ ബിസിനസ്സുകള്‍ തകരുമെന്നും ഭീകരമായ സാമ്പത്തിക പ്രതിസന്ധി വരുമെന്നും ഉള്ള ഭയത്തിന്റെ പേരില്‍ എല്ലാ രാഷ്ട്രത്തലവന്മാരും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ മടിച്ചു നിന്നപ്പോള്‍ ജനസംഖ്യകൊണ്ട് ലോകത്തിലെ തന്നെ ഭീമന്‍ രാജ്യമായ ഈ ഭാരതത്തില്‍ അദ്ദേഹം അത് നടപ്പിലാക്കിയതിന് പിന്നില്‍ ഒറ്റ കാരണമേയുള്ളൂ: ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കണം. സാമ്പത്തിക പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ നമുക്ക് ആവോളം സമയമുണ്ട്; പക്ഷേ പൗരന്മാരുടെ ജീവന് ആപത്ത് സംഭവിച്ചു കൂടാ. എങ്കിലും ഇത് എത്രത്തോളം വിജയിക്കുമെന്ന ആശങ്ക അധികൃതരില്‍ അവശേഷിച്ചിരുന്നു. പക്ഷേ മോദിജി ആത്മവിശ്വാസത്തിലായിരുന്നു. കാരണം ഇന്ത്യന്‍ ജനതയുടെ മനഃശാസ്ത്രവും വിശ്വാസവും അത്രമേല്‍ ആ നേതാവ് ആര്‍ജ്ജിച്ചിരുന്നു. കൈകൊട്ടിയും വിളക്ക് തെളിയിച്ചും ജനങ്ങള്‍ അദ്ദേഹത്തിന്റെ ആഹ്വാനം അനുസരിച്ചു. രാഷ്ട്രീയമായ വിയോജിപ്പുകളുടെ മഞ്ഞുരുക്കി ജനങ്ങളെ ഒറ്റക്കെട്ടാക്കി നിര്‍ത്താന്‍ ആ ദൃഢവ്രതന് സാധിച്ചു. എന്താണീ നിശ്ചയദാര്‍ഢ്യത്തിന് പിന്നിലെ രഹസ്യം?
താന്‍ നേടിയെടുത്ത ജനങ്ങളുടെ വിശ്വാസ്യത തന്നെയാണ് കാരണം.
”മനയേവ മനുഷ്യാണാം
കാരണം ബന്ധമോക്ഷയോ:” എന്ന പൗരാണിക മനഃശാസ്ത്രതത്വവും ‘മനസ്സല്ല പ്രശ്‌നം മനഃസ്ഥിതിയാണ്’ എന്ന ആധുനിക മനഃശാസ്ത്രസിദ്ധാന്തവും മനോഹരമായി മനസ്സിലാക്കി പ്രയോഗത്തില്‍ വരുത്തിയ വ്യക്തിയാണ് നരേന്ദ്രമോദി. ഈ നിലയ്ക്ക് ഇദ്ദേഹത്തെ വളര്‍ത്തിയെടുത്തത് ജീവിതാനുഭവങ്ങളാണ്.
ജീവിത ആരംഭദശ
ബാല്യകാലത്തെ ദാരിദ്ര്യത്തിനും കയ്‌പ്പേറിയ ജീവിതപാഠങ്ങള്‍ക്കും മുന്നില്‍ അടിയറവ് പറയാന്‍ ആ ബാലന്‍ തയ്യാറായിരുന്നില്ല. 13-ാം വയസ്സു മുതല്‍ ‘വിവേകാനന്ദനെ’ വായിച്ചു തുടങ്ങിയ നരേന്ദ്രമോദി 17-ാം വയസ്സില്‍ വീട് വിട്ടിറങ്ങി പരിവ്രാജകനായി അലഞ്ഞു ജീവിതവും വേദാന്തവും കണ്ടും കേട്ടും പഠിച്ച അദ്ദേഹത്തെ തികഞ്ഞ രാജ്യസ്‌നേഹിയും അതിലുപരി രാഷ്‌ട്രോന്മുഖ വ്യക്തിത്വവുമാക്കി മാറ്റുന്നതില്‍ രാഷ്ട്രീയ സ്വയംസേവക സംഘം എന്ന സംഘടന വലിയ പങ്ക് വഹിച്ചു. ബാലന്മാര്‍ക്കിടയില്‍ നിന്ന്, അഗ്നിസ്ഫുലിംഗം ആത്മാവിലൊളിപ്പിച്ചിരുന്ന നരേന്ദ്രനെ കണ്ടെത്തി ഉയര്‍ന്ന ഉത്തരവാദിത്തങ്ങളിലേക്ക് നയിച്ച വക്കീല്‍ സാഹിബിനോട് നമ്മള്‍ കടപ്പെട്ടിരിക്കുന്നു. സാഹസികതയും വിജ്ഞാനദാഹവും ചടുലമായ മനോവ്യാപാരങ്ങളുമായി നടന്ന ആ ബാലന്‍ സംഘസ്ഥാനുകളിലൂടെ രാഷ്ട്രത്തെ മനസ്സിലാക്കി. ചരിത്രം പഠിച്ചു, കവിതകളും സുഭാഷിതങ്ങളും ഹൃദിസ്ഥമാക്കി.
23-ാം വയസ്സില്‍ ആര്‍.എസ്.എസ്. പ്രചാരകനായി തുടങ്ങിയ യാത്ര ഗുജറാത്ത് മുഖ്യമന്ത്രി പദത്തിലെത്തുമ്പോഴേക്കും രാജ്യത്തെ 400 ജില്ലകളില്‍ സംഘടനാപ്രവര്‍ത്തനം നടത്തിക്കഴിഞ്ഞിരുന്നു. സഞ്ചരിക്കുകയും ജനഹൃദയമറിയുകയും ചെയ്തിരുന്നു; അവര്‍ക്കിടയില്‍ അന്തിയുറങ്ങുകയും ചെയ്തു.
കണ്‍വെര്‍ജന്‍സ് തീയതി
ഒരു കൂട്ടം ജനങ്ങളുടെ പ്രവൃത്തി അവരുടെ ഉള്ളിലെ ചിന്തകളുടെ ആകെ തുകയാണ്. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ക്ലാര്‍ക്ക് കെര്‍ എന്ന ചിന്തകന്‍ മുന്നോട്ട് വച്ച ഈ തിയറി പ്രകാരം ജനങ്ങള്‍ ചിന്തിക്കുന്നത് സ്വതന്ത്രമായല്ല മറിച്ച് അവരുടെ ഇടയിലേക്ക് കടത്തിവിടുന്ന ചില വ്യക്തികളുടെ ചിന്താധാരയെ ആശ്രയിച്ചാണ്. (തങ്ങളുടെ വരുതിയിലുള്ള പത്രമാധ്യമങ്ങളെ ഉപയോഗിച്ച് ഏറെക്കാലം കോണ്‍ഗ്രസ് ഇതിന്റെ ഗുണഭോക്താവായി)
ഗുജറാത്ത് മുഖ്യമന്ത്രിയായി ഇരിക്കെ മോദി ചെയ്ത വികസനപ്രവര്‍ത്തനങ്ങള്‍ മൂലം ആ സംസ്ഥാനം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഒന്നാമതായി തുടര്‍ന്നുവന്നു. അശ്രാന്തപരിശ്രമം മൂലം മോദി ഗുജറാത്തിലെ ജനങ്ങളുടെ വിശ്വാസ്യത സമ്പൂര്‍ണ്ണമായി നേടിയെടുത്തു. തങ്ങളുടെ അഭിമാനഭാജനമായി ജനങ്ങള്‍ മോദിയെ ഉയര്‍ത്തിക്കാട്ടി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മോദിയെ പ്രഖ്യാപിക്കുന്നതില്‍ ഗുജറാത്ത് വികസനമോഡല്‍ ഒരു സുപ്രധാന കാരണമായി.
മോദി ഗുജറാത്ത് മുഖ്യമന്ത്രി ആകുന്നതിന് പിന്നില്‍ ചില രസകരമായ സംഭവങ്ങളുണ്ട്. പാര്‍ട്ടിയുടെ അഖിലേന്ത്യാ ചുമതല വഹിച്ച് ചില സംസ്ഥാനങ്ങളുടെ സംഘടനാകാര്യങ്ങള്‍ നോക്കി ദില്ലിയില്‍ വസിക്കുമ്പോഴാണ് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി അദ്ദേഹത്തെ ഓഫീസിലേക്ക് വിളിപ്പിക്കുന്നത്. ”പഞ്ചാബി ഭക്ഷണം കഴിച്ച് നിങ്ങളുടെ തടി വല്ലാതെ കൂടിയിരിക്കുന്നു; തടി അല്‍പ്പം കുറയ്ക്കണം, ദല്‍ഹിയില്‍ നിന്നും വണ്ടി വിട്ടോളൂ; ഗുജറാത്തിലാണ് ഇനി നിങ്ങളുടെ പ്രവര്‍ത്തനം” എന്ന മുഖവുരയോടെ അടല്‍ജി മോദിജിയോട് പുതിയ ദൗത്യത്തെപ്പറ്റി സംസാരിച്ചു. ആദ്യം ഉപമുഖ്യമന്ത്രി ആക്കാനായിരുന്നു പദ്ധതി. അധികാര രാഷ്ട്രീയത്തോട് ചെറിയ വിമുഖത പ്രകടിപ്പിച്ചിരുന്ന മോദി അന്നത്തെ ഗുജറാത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഒരു പൊളിച്ചെഴുത്ത് ആഗ്രഹിച്ചിരുന്നു. ഒന്നുകില്‍ ദൗത്യം നിര്‍വ്വഹിക്കൂ; അല്ലെങ്കില്‍ തിരിച്ചു പോവൂ (Either you go big or you go home) എന്ന തത്വത്തെ മുന്‍നിറുത്തി മോദി അടല്‍ജിയെ കാര്യങ്ങളുടെ നിജസ്ഥിതി ബോദ്ധ്യപ്പെടുത്തി. അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കുന്നതാണ് ഗുജറാത്തിന് നന്മ വരുത്തുകയെന്ന് അടല്‍ജിക്ക് മനസ്സിലായി. ഭാരതചരിത്രത്തിലെ ഒരു സുവര്‍ണ്ണ കാലഘട്ടത്തിലേക്കായിരുന്നു അടല്‍ജി അന്ന് വാതായനം തുറന്ന് വച്ചത്.
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാജ്യം മുഴുവന്‍ പര്യടനം നടത്തുന്ന വേളയില്‍ അദ്ദേഹം തന്റെ ഗുജറാത്ത് വികസന മോഡല്‍ ജനങ്ങള്‍ക്ക് മുന്നില്‍ പലതവണ അവതരിപ്പിച്ചു. (അദ്ദേഹത്തിന്റെ 68 പൊതുജനറാലികളിലായി 1335 തവണ ഗുജറാത്ത് എന്ന പദമുപയോഗിച്ചു.)
പ്രധാനമന്ത്രിയുടെ മനഃശാസ്ത്രം
1952ല്‍ അമേരിക്കന്‍ മനഃശാസ്ത്രജ്ഞന്‍ ലിയോണ്‍ ഫെസ്റ്റിംഗര്‍ മുന്നോട്ട് വച്ച ഒരു ക്രൗഡ് സൈക്കോളജി തിയറിയാണ് ”De individuation theory” അതിര്‍വരമ്പുകള്‍ നശിപ്പിച്ച് ജനങ്ങളില്‍ നാം ഒന്നാണെന്ന ബോധം സൃഷ്ടിക്കുക എന്നതാണ് അതിന്റെ സാരാംശം. കുട്ടിക്കാലത്തേ ”കൂരിരുള്‍ നീങ്ങും പ്രഭാതമാകും; വീണ്ടും ഭാരതമൊന്നാകും” എന്ന് പാടിപ്പഠിച്ച മോദിജിക്ക് താന്‍ പ്രധാനമന്ത്രി ആയപ്പോള്‍ ഇത് നടപ്പില്‍ വരുത്താന്‍ നിഷ്പ്രയാസം സാധിച്ചു.ഭാരതീയരില്‍ ഉറങ്ങിക്കിടന്ന ആത്മാഭിമാനബോധത്തെ തൊട്ടുണര്‍ത്തുകയായിരുന്നു അദ്ദേഹം ആദ്യം ചെയ്തത്. കുട്ടിക്കാലത്ത് വളരെ കുറച്ച് വസ്ത്രങ്ങള്‍ മാത്രമുണ്ടായിരുന്നപ്പോള്‍ പോലും അവ വൃത്തിയായി തേച്ച് മാത്രം ഉപയോഗിച്ച് ശീലമുള്ള മോദിജി; പ്രധാനമന്ത്രി എന്ന നിലയില്‍ തന്റെ വസ്ത്രധാരണവും ശരീരഭാഷയും സംസാരശൈലിയും ആത്മവിശ്വാസവുമൊക്കെ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഭാരതത്തെ പ്രതിനിധാനം ചെയ്യുകയാണെന്ന ബോദ്ധ്യം വന്നു. ഒരു ചെറുപിഴവ് പോലും വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.
ജനഹൃദയത്തില്‍ ചിരപ്രതിഷ്ഠ
ദിവസവും 18 മണിക്കൂര്‍ ജോലി ചെയ്ത് ശീലമുള്ള മോദിജി പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിര്‍വ്വഹിച്ചു. അദ്ദേഹം തന്റെ പ്രവൃത്തികള്‍ കൊണ്ട് നിമിഷം പ്രതി ജനങ്ങളുടെ മനസ്സ് കീഴടക്കി. ചുറ്റിലും ഉത്സാഹം പടര്‍ത്തിക്കൊണ്ട് അദ്ദേഹം സഞ്ചരിച്ചു. അതിന് വേണ്ടി അദ്ദേഹം തന്റെ ശരീരത്തിനെയും മനസ്സിനെയും പരിപക്വമാക്കി. ”ഹൃദയം ജയിച്ചാല്‍ ഇലക്ഷന്‍ ജയിക്കും” എന്നാണ് അദ്ദേഹം പറയാറ്.സാധാരണ ജനങ്ങളുമായി സംവദിക്കുമ്പോള്‍ പോലും അവര്‍ പറയുന്നതിലെ പോയിന്റുകള്‍ നോട്ട്പാഡില്‍ കുറിച്ചെടുക്കുന്നു. അവരോട് സംവദിക്കുമ്പോള്‍ അദ്ദേഹം വികാരവിക്ഷോഭങ്ങള്‍ മറച്ച് വയ്ക്കില്ല. മാറോടണച്ചും കളിതമാശ പറഞ്ഞും ദുരിതാനുഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ കണ്ണ് നിറഞ്ഞും കുഞ്ഞുങ്ങളോട് കുസൃതി കാട്ടിയും അദ്ദേഹം അവരില്‍ അലിഞ്ഞു; അല്ല അവരെ തന്നില്‍ ലയിപ്പിച്ചു.
മോദിജി അനുവര്‍ത്തിക്കുന്ന ചില മനഃശാസ്ത്രതത്വങ്ങള്‍
നിരീക്ഷണം എന്നത് അദ്ദേഹത്തിന്റെ ഒരു ശീലമാണ്. ചുറ്റിനും നടക്കുന്നതെന്തും അദ്ദേഹം ഡയറിയില്‍ രേഖപ്പെടുത്തും. അതില്‍ നിന്നും സ്വീകരിക്കേണ്ട പാഠങ്ങള്‍ മനസ്സില്‍ കുറിക്കും. തെറ്റുകുറ്റങ്ങള്‍ വിലയിരുത്തും. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള പ്രവൃത്തിപഥം രൂപീകരിക്കുന്നതിലാണ് കൂടുതല്‍ ശ്രദ്ധ.
രാജ്യത്തെ യുവജനതയോട് അദ്ദേഹത്തിന് പ്രത്യേക മമതയാണ്. അവരോട് സംവദിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. സോഷ്യല്‍ മീഡിയയിലെ അദ്ദേഹത്തിന്റെ ഇടപെടല്‍ ശ്രദ്ധേയമാണ്. ആശയങ്ങളുടെ കലവറയായി സ്വയം മാറണം എന്ന ചിന്താഗതി പുലര്‍ത്തുന്നയാളാണ് അദ്ദേഹം. അതിനായി വായനയും സമ്പര്‍ക്കവും ഉപയുക്തമാക്കുന്നു. അദ്ദേഹത്തിന്റെ ഡിക്ഷ്ണറിയില്‍ മോണിട്ടറിംഗ് എന്നത് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പദമാണ്. ബഞ്ച്മാര്‍ക്ക് നിശ്ചയിക്കുകയും ലക്ഷ്യത്തിലേക്കുള്ള യാത്രാമദ്ധ്യേ വിലയിരുത്തലുകളും താരതമ്യപഠനങ്ങളും നടത്തുക എന്നതും ശീലമാണ്.
താനുമായി സംവദിക്കാനാഗ്രഹിക്കുന്ന ജനങ്ങള്‍ക്ക് അതിന് അവസരമൊരുക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. വീഡിയോ കോണ്‍ഫറന്‍സും ഇ-മെയിലുകളും ട്വിറ്ററും അതിനാല്‍ ഉപയോഗിച്ചു. മന്‍കീബാത്ത് വഴി മുഴുവന്‍ ജനങ്ങളുമായി അദ്ദേഹം ഹൃദയത്തിന്റെ ഭാഷയില്‍ സംവദിച്ചു.
ഭാരതത്തിലെ ജനങ്ങള്‍ കുശാഗ്രബുദ്ധിയുള്ളവരാണ്. കപട പ്രതിച്ഛായകളെ എളുപ്പം തിരിച്ചറിഞ്ഞ് മുഖംമൂടി പിച്ചിച്ചീന്തും. സത്യസന്ധരെ അല്‍പ്പം വൈകിയാണെങ്കിലും തിരിച്ചറിയും. ജനതയുടെ ഈ ശീലത്തില്‍ അദ്ദേഹം വിശ്വാസമര്‍പ്പിച്ചു.
ഏത് പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലും; ഗൗരവമേറിയ ചര്‍ച്ചകളിലും അദ്ദേഹം തന്റെ സ്വതഃസിദ്ധമായ നര്‍മ്മബോധം ഉപയോഗിക്കാറുണ്ട്. (ഉദാ: മൈക്ക് പ്രവര്‍ത്തനരഹിതമായപ്പോള്‍ അതില്‍ വിരലുകള്‍ കൊണ്ട് താളം പിടിച്ചു; ഒന്നിലും പരാതിയില്ല)
പ്രശസ്ത മനഃശാസ്ത്രജ്ഞന്‍ ഡേല്‍ കാര്‍ണിജ് എഴുതിയ ‘How to win friends and influence people’ എന്ന ഗ്രന്ഥത്തില്‍ മറ്റുള്ളവരെ അധികം വിമര്‍ശിക്കുന്നതും എപ്പോഴും പരാതി പറയുന്നതും ഒക്കെ നല്ല നേതാവിന്റെ ലക്ഷണമല്ല എന്ന് പറയുന്നു. മോദിജിയുടെ ഇന്നേവരെയുള്ള പ്രസംഗങ്ങള്‍ ശ്രദ്ധിച്ചുനോക്കൂ. ആരോപണങ്ങള്‍ക്ക് മറുപടി പറയലല്ലാതെ രാഷ്ട്രീയ ലാക്കോടെ അദ്ദേഹം എതിരാളികളെ മുനവയ്ക്കാറില്ല. അപ്പോഴും നര്‍മ്മത്തിന്റെ മേമ്പൊടി ചേര്‍ത്തേ സംസാരിക്കാറുള്ളൂ.
നമ്മുടെ ഉള്ളിലെ അവസ്ഥകള്‍, ചിന്താഗതികള്‍ ഇവയൊക്കെ നാം ചുറ്റിനും പടര്‍ത്താറുണ്ട്. ഇക്കാര്യത്തിലും മോദിജി കടുത്ത നിഷ്‌കര്‍ഷ പുലര്‍ത്തുന്നുണ്ട്. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ എന്ന് വിശ്വസിക്കുന്നയാളാണ് അദ്ദേഹം.
നല്ലകാര്യം ചെയ്താല്‍ നിര്‍ലോഭം അഭിനന്ദിക്കുന്ന ശീലവും അദ്ദേഹത്തിനുണ്ട്. സുദൃഢമായ സ്വന്തം ആത്മവിശ്വാസത്തില്‍ അടിസ്ഥാനശില പാകിയാണ് അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയത്. ഒട്ടേറെ കാര്യകര്‍ത്താക്കള്‍ക്ക് മാതൃക ആകത്തക്കവണ്ണം സ്വന്തം വ്യക്തിത്വം രൂപീകൃതമാക്കുന്നതില്‍ അദ്ദേഹം ബദ്ധശ്രദ്ധ പുലര്‍ത്തി. അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന്റെ അതിര് ആകാശത്തോളമായിരുന്നു.
അദ്ദേഹം കണ്ടത് മുഴുവന്‍ മഹാനുഭാവന്മാരെ ആയിരുന്നു. സംഘപ്രചാരകന്‍ എന്ന നിലയിലും ബിജെപി നേതാവ് എന്ന നിലയിലും അദ്ദേഹം സുശിക്ഷിതനായിരുന്നു. ഒട്ടേറെ ആരാധ്യ പുരുഷന്മാരെ മനസ്സില്‍ താലോലിച്ച അദ്ദേഹം അവരില്‍ നിന്നെല്ലാം വെള്ളവും വളവും സ്വീകരിച്ച് സ്വയം ഒരു വടവൃക്ഷമായി തീര്‍ന്നു.
കുട്ടിക്കാലത്തേ സംഘടനാപ്രവര്‍ത്തനവും പൊതുജന സമ്പര്‍ക്കവും ശീലിച്ച അദ്ദേഹത്തിന് ജനങ്ങളുടെ പള്‍സ് മനസ്സിലാക്കാന്‍ നിമിഷനേരം മതിയാകും.
‘ഗാന്ധി’ കുടുംബം രാജ്യത്ത് തങ്ങളുടെ അധീശത്വം ഉറപ്പാക്കാന്‍ പാടുപൊടുമ്പോള്‍ എന്റെ പാര്‍ട്ടി ഒരു ചായക്കടക്കാരനെയാണ് പ്രധാനമന്ത്രിയാക്കാന്‍ പോകുന്നതെന്ന് അദ്ദേഹം ജനങ്ങളോട് വിളിച്ചു പറഞ്ഞു (ഇത് ജനം ഏറ്റെടുത്തത് പിന്നീടത്തെ ചരിത്രം)
രാജ്യസ്‌നേഹികള്‍ക്ക് വേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്ന് അദ്ദേഹം പലതവണ തെളിയിച്ചു (ജവാന്മാര്‍ ചിന്തിയ രക്തത്തിന് പകരമെന്താണോ വേണ്ടത് അത് ചെയ്തു).
ഗീബല്‍സിനെ ധ്യാനിച്ചിരിക്കുന്ന മോദി വിരോധപ്രചാരകരെ അദ്ദേഹം പരിഗണിക്കാറേയില്ല. ഭാവാത്മകമായി മാത്രം ചിന്തിച്ച് മുന്നോട്ട് ഗമിക്കുന്ന അദ്ദേഹത്തിന് ഇവരുമായുള്ള വാചാടോപത്തിന് സമയമില്ല.
”ഉരുക്കു കൊണ്ടുള്ള സിരകളും ഇരുമ്പ് മാംസപേശികളും മിന്നല്‍പ്പിണറ് പോലുള്ള മനസ്സുമാണ് എന്റെ നാട്ടുകാര്‍ക്ക് വേണ്ടത്” എന്ന വിവേകാനന്ദ വചനം നിത്യവും ധ്യാനിച്ച് അദ്ദേഹം അപ്രകാരമായി തീര്‍ന്നു.
ഇത്തരം മനഃശാസ്ത്രതത്വാധിഷ്ഠിതനായ ഒരു നേതാവിനെ; ആരൊക്കെ എന്ത് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചാലും ജനം തിരിച്ചറിയും; സ്വീകരിക്കും. അതാണ് നാം ലോക്ക് ഡൗണില്‍ കണ്ടത്.
”ന ത്വഹം കാമയേ രാജ്യം
ന സ്വര്‍ഗ്ഗം ന പുനര്‍ഭവം
കാമയേ ദുഃഖതപ്താനാം
പ്രാണിനാം ആര്‍ത്തിനാശനം”
എന്ന് രന്തിദേവ വചനം മനസ്സാല്‍ ഉരുവിട്ട് രാജ്യത്തിന്റെ ദുരിതങ്ങളെ നശിപ്പിച്ച് വൈഭവ മാര്‍ഗ്ഗത്തിലേക്കാനയിക്കാന്‍ അദ്ദേഹം പ്രതിജ്ഞാബദ്ധമാണ്.
വര്‍ഷങ്ങള്‍ കൊണ്ട് ആര്‍ജ്ജിച്ച വിശ്വാസ്യതയേയും രാഷ്ട്രദേവതയോട് ഉള്ളിലുള്ള അചഞ്ചല ഭക്തിയേയും മുറുകെ പിടിച്ചാണ് അദ്ദേഹം ജനങ്ങളെ ലോക്ക് ഡൗണ്‍ വിവരം അറിയിച്ചത്. അദ്ദേഹത്തിന്റെ ഓരോ വാക്കും ജനം സ്വീകരിച്ചു. ജനങ്ങള്‍ക്ക് എതിര്‍പ്പ് ഉണ്ടായിരുന്നുവെങ്കിലത്തെ അവസ്ഥ ഒന്നാലോചിച്ച് നോക്കൂ. രാജ്യത്തിന്റെ നിലനില്‍പ്പ് തന്നെ അവതാളത്തിലായേനെ.
മോദി എന്ന വാക്കിന് ഇന്നീ രാജ്യത്ത് ഒരു മറുപേരുണ്ട് – ‘പ്രത്യാശ’.