സ്വഗുരുനാഥനായ ശ്രീരാമകൃഷ്ണപരമഹംസരുടെ മഹാസമാധിക്കു ശേഷം സ്വാമി വിവേകാനന്ദന്‍ ഭാരതം മുഴുവനും പരിവ്രാജകനായി സഞ്ചരിച്ചു. അതിനുശേഷം സ്വാമി പ്രഖ്യാപിച്ചു, ‘ഭാരതം മതത്തിന്റെ നാടാണ്: അധ്യാത്മികതയുടെ നാടാണ്.’എന്നാല്‍ ‘സ്വാതന്ത്ര്യാനന്തര ഇന്ത്യ’യിലെ ഏറ്റവും വലിയ വെല്ലുവിളി എന്തായിരുന്നു എന്ന ചോദ്യത്തിന് നെഹ്‌റു പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നുവെന്ന് അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് എഴുതുന്നു. ”മതപരമായ ഒരു രാഷ്ട്രത്തില്‍ ഒരു മതനിരപേക്ഷ രാഷ്ട്രം സൃഷ്ടിക്കുകയായിരുന്നു ഞാന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി”. നെഹ്‌റു അക്കാര്യം സാധിച്ചെടുത്തതില്‍ അതിരറ്റ് ആഹ്ലാദിക്കുന്നത് ഇന്നാട്ടിലെ കോണ്‍ഗ്രസ്സുകാരേക്കാള്‍ കമ്മ്യൂണിസ്റ്റുകളാണ് .
‘അലഹബാദില്‍ ആനന്ദഭവനും നെഹ്‌റു പാര്‍ക്കിനുമിടയിലുള്ള റോഡിലെ നാല്‍ക്കവലയില്‍ സ്ഥാപിച്ചിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രതിമ നീക്കിയ കാഴ്ച ദേശാഭിമാനികളുടെയാകെ കരള്‍ പിളര്‍ക്കുന്നതായി’. ‘ഗാന്ധിസവും നെഹ്‌റുവിയന്‍ നയങ്ങളും ഇന്നും ദരിദ്രനാരായണന്മാരുടെ ഇന്ത്യയില്‍ നിലനില്‍ക്കുന്നത് പ്രതിമകളുടെ സാന്നിദ്ധ്യം കൊണ്ടല്ല’ എന്നും ‘നെഹ്‌റുവിനെ പിഴുതെറിയുമ്പോള്‍’ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ (മാതൃഭൂമി പത്രം 20-9-18) കുറിച്ചിരിക്കുന്നു. അതെ, ആരാണ് ഭാരതത്തിലെ പ്രഥമ പ്രധാനമന്ത്രിയായ നെഹ്‌റുവിനെ പിഴുതെറിഞ്ഞത്?
പല തവണ നടത്തിയ പദയാത്രകളിലൂടെ ഭാരതത്തെ കണ്ടെത്താന്‍ ശ്രമിച്ച മഹാത്മാവാണ് ഗാന്ധിജി. അദ്ദേഹത്തിന്റെ ശിഷ്യനെന്ന് അവകാശപ്പെടുന്ന നെഹ്‌റു ‘ഇന്ത്യയെ കണ്ടെത്തിയത്’ ജയിലില്‍ കിടന്നായിരുന്നുവല്ലൊ. ബ്രിട്ടീഷ് ലൈബ്രറിയിലിരുന്ന് ‘ഇന്ത്യയെ കണ്ടെത്താന്‍’ ശ്രമിച്ചവരുമുണ്ട്. മാര്‍ക്‌സിന്റെയും മെക്കാളെയുടെയും മാനസപുത്രന്മാര്‍ക്ക് എന്നെങ്കിലും ഭാരതത്തെ കണ്ടെത്താന്‍ കഴിയുമോ?
സ്വാമി വിവേകാനന്ദന്റെ പരിവ്രാജക പാത സ്വീകരിച്ച് കാല്‍നടയായും കാളവണ്ടിയിലും ബ്രിട്ടീഷ് റെയില്‍വെയുടെ ഏറ്റവും താഴ്ന്ന മൂന്നാംക്ലാസ്സ് കംപാര്‍ട്ടുമെന്റുകളിലും സഞ്ചരിച്ചാണ് ഗാന്ധിജി ഭാരതത്തെ കണ്ടെത്താന്‍ ശ്രമിച്ചത്. ഗ്രാമങ്ങളിലാണ് ഭാരതം കുടികൊള്ളുന്നതെന്നായിരുന്നു മഹാത്മജിയുടെ നിഗമനം. എന്നാല്‍ നഗരവല്‍ക്കരണത്തിന്റെ വക്താവായിരുന്നു നെഹ്‌റു. ഗാന്ധിജിയില്‍ നിന്നും നെഹ്‌റുവിലേക്കുള്ള ദൂരം ഭാരതത്തില്‍ നിന്നും ഇന്ത്യയിലേക്കുള്ളതായിരുന്നു. സ്വാതന്ത്ര്യാനന്തരഭാരതം സപ്തതി പിന്നിട്ടപ്പോള്‍, പ്രഥമ പ്രധാനമന്ത്രിയുടെ പ്രതിമ പിഴുതെറിയപ്പെട്ടുവെന്ന വിലാപം ഉയരുന്നു. ‘ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമ സര്‍ദാര്‍ പട്ടേലിനു വേണ്ടി പണിതുയര്‍ത്തുന്നവരാണ് നെഹ്‌റുവിന്റെ പ്രതിമ ഇവ്വിധം മ്ലേച്ഛമായി കൈകാര്യം ചെയ്യുന്നത്’, എന്നുള്ള വള്ളിക്കുന്നിന്റെ വിലാപം നമ്മുടെ നാടിന്റെ സമകാലീന രാജനൈതിക രംഗത്തിന്റെ വിശ്വരൂപത്തിലേക്കാണ് വെളിച്ചം വീശുന്നത്. ഭാരതം മുഴുവനും വീശുന്ന രാഷ്ട്രീയ കൊടുങ്കാറ്റ് എന്തുതന്നെയായാലും കേരളരാഷ്ട്രീയത്തിലെ കള്ളനാണയങ്ങളുടെ ഇരുവശവും ഒരുപോലെ തന്നെയാണെന്ന നഗ്നസത്യം ഈ വിലാപത്തിലൂടെ പുറത്തുവരുന്നു.
‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റുപദം മകനു കൈമാറിയ അച്ഛന്റെയും അച്ഛനില്‍ നിന്നും അതേറ്റുവാങ്ങിയ മകന്റെയും വീട് എന്ന അത്യപൂര്‍വചരിത്രവും ആനന്ദഭവനുണ്ട്’ എന്ന് വള്ളിക്കുന്ന് എഴുതുമ്പോള്‍ അദ്ദേഹം പറയാതെ പറയുന്നത്, ‘ഇന്ത്യയെ കണ്ടെത്തിയ വ്യക്തി നാടിനെ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി’ ആക്കാന്‍ ശ്രമിച്ചുവെന്ന പരമമായ സത്യമാണ്. ഒരു വിദേശി തുടങ്ങിയ സംഘടനയുടെ ഉദകക്രിയക്ക് മറ്റൊരു വിദേശി തന്നെ വേണ്ടിവരുമെന്ന് ഇന്നാട്ടിലെ കമ്മ്യൂണിസ്റ്റുകള്‍ പോലും സ്വപ്‌നേപി വിചാരിച്ചുകാണുകയില്ല.
ഈ സന്ദര്‍ഭത്തില്‍ സ്മരിക്കേണ്ട ഒരു ചരിത്ര സംഭവമുണ്ട്. ബംഗാള്‍ വിഭജനം 1905 ലാണ് നടന്നത്. ഏകോദര സഹോദരങ്ങളായി കഴിഞ്ഞിരുന്ന ബംഗാളിലെ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും വിഭജിക്കുന്നതെന്തിനെന്ന ചോദ്യത്തിന്, ‘ബ്രിട്ടീഷ് ഇന്‍ഡ്യയിലെ ഔറംഗസീബ്’ എന്നു വിശേഷിപ്പിക്കപ്പെട്ട ലോര്‍ഡ് കഴ്‌സണ്‍ നല്‍കിയ ഉത്തരം ഇപ്രകാരമായിരുന്നു, ‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സുഖകരവും ശാന്തവുമായ അന്ത്യം ഞാന്‍ ഈ വിഭജനത്തിലൂടെ പ്രതീക്ഷിക്കുന്നു’. കഴ്‌സനുപോലും സാധിക്കാത്തതാണ്് ‘ഇന്ത്യയെ കണ്ടെത്തിയ’ മഹാന്റെ പൗത്രന്റെ പുത്രന്‍ നിറവേറ്റിക്കൊണ്ടിരിക്കുന്നത്. അതിന്റെ കാരണമെന്താണ്? ഈ രാജ്യത്തിന്റെ ചിരപുരാതനമായ സംസ്‌കാരം അറിഞ്ഞാദരിക്കാന്‍ ‘ഇന്ത്യയെ കണ്ടെത്തിയ’ വ്യക്തിക്കോ അദ്ദേഹത്തിന്റെ പിന്‍തലമുറയ്‌ക്കോ സാധിക്കാതെ പോയി.
ത്യാഗവും സേവനവുമാണ് ഭാരതത്തിന്റെ ദേശീയാദര്‍ശങ്ങള്‍. ഈ ആദര്‍ശങ്ങളുടെ ആള്‍രൂപമായ സ്വാമി വിവേകാനന്ദന്, ‘ഇന്ത്യ’യെയല്ല ‘ഭാരതത്തെ’ കണ്ടെത്താന്‍ സാധിച്ചു. ഭാരതത്തിന്റെ മഹത്തായ ഗുരുപാരമ്പര്യഗൗരവമാണ് സ്വാമിജിക്ക് അതിന് സഹായകമായത്. അതുകൊണ്ടാണ് പ്രശസ്ത ചരിത്രകാരനായ ആര്‍.സി. മജുംദാര്‍ ഇപ്രകാരം അഭിപ്രായപ്പെട്ടത് ”ഗാന്ധിജി രാഷ്ട്രപിതാവാണെങ്കില്‍ സ്വാമി വിവേകാനന്ദന്‍ രാഷ്ട്രപിതാമഹനാണ്”.
ഭാരതീയസംസ്‌കാരത്തിന്റെ സനാതനസ്വരമാണ് 1893 സപ്തംബര്‍ 11 ന് ലോകത്തിനു മുന്നില്‍ മുഴങ്ങിയത്. ആ പാവന വചനസുധയില്‍ പടിഞ്ഞാറിനെപ്പോലെ പിന്നീട് കിഴക്കും മന്ത്രമുഗ്ധമായിത്തീര്‍ന്നു.
കൊളംബസ് അമേരിക്ക കണ്ടുപിടിച്ചതിന്റെ നാനൂറാം വാര്‍ഷികം അമേരിക്ക ആഘോഷിക്കുകയായിരുന്നു. അതിന്റെ ഭാഗമായി ഒരു മതമഹാസമ്മേളനം ചിക്കാഗോയില്‍ സംഘടിപ്പിക്കപ്പെട്ടു. ഏഴായിരത്തോളം വരുന്ന മഹാസദസ്സ്. ലോകത്തെ പ്രസിദ്ധരായ വാഗ്മികളെല്ലാം വേദിയില്‍. സ്വാമിവിവേകാനന്ദന്റെ പ്രഥമപ്രഭാഷണം. മൂന്ന് നിമിഷം മാത്രം നീണ്ട ആ പ്രസംഗത്തിന്റെ സംബോധന തന്നെ സദസ്സിനെ ഇളക്കിമറിച്ചു. അദ്വൈതചിന്തയുടെ ആശയവിശാലത ആ സദസ്സാകെ ഏറ്റുവാങ്ങി; പില്ക്കാലങ്ങളില്‍ ലോകം മുഴുവനും. അടിമഭാരതത്തെ സംബന്ധിച്ച് സ്വാമിവിവേകാനന്ദന്റെ ചിക്കാഗോ പ്രഭാഷണം സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ പ്രാരംഭമായിരുന്നു.
ചിക്കാഗോ പ്രസംഗത്തിലൂടെ സ്വാമിജി വിശ്വവിശ്രുതനായിത്തീര്‍ന്നു. മതൈക്യത്തിന്റെയും വിശ്വസാഹോദര്യത്തിന്റെയും സന്ദേശം ഉദ്‌ഘോഷിക്കുന്ന ആ പ്രഭാഷണത്തിന്റെ നിത്യസ്മരണയ്ക്കായി എല്ലാ സെപ്തംബര്‍ 11 നും വിശ്വസാഹോദര്യദിനമായി ആചരിച്ചുവരുന്നു.
1893 സപ്തംബര്‍ 11 സംവാദത്തിന്റെ ഒരു നവയുഗമാണ് സൃഷ്ടിച്ചതെങ്കില്‍ 2001 സപ്തംബര്‍ 11 സംഘട്ടനത്തിന്റെ ആസൂരികയുഗമാണ് മലര്‍ക്കെ തുറന്നത്. മതങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദത്തിന്റെയും ജനതകള്‍ തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്റയും ശാന്തി മന്ത്രമാണ് 1893 സപ്തംബര്‍ 11 ന് മുഴങ്ങിയതെങ്കില്‍ വര്‍ഗ്ഗീയവാദത്തിന്റെയും വിധ്വംസകപ്രവര്‍ത്തനങ്ങളുടെയും സ്‌ഫോടനമാണ് 2001 സപ്തംബര്‍ 11 ന് ഉയര്‍ന്നത്. ചിക്കാഗോ മതമഹാസമ്മേളനം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ലോകം എവിടെ എത്തിച്ചേര്‍ന്നിരിക്കുന്നുവെന്ന് വ്യക്തമാക്കിയ ദുര്‍ദിനം. ചരിത്രത്തിലെ ഏറ്റവും ഭീകരമായ തീവ്രവാദി ആക്രമണത്തില്‍ ലോകത്തെ ഏറ്റവും വലിയ വാണിജ്യസ്ഥാപനമായ ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ പൂര്‍ണമായി തകര്‍ന്നടിഞ്ഞു. രണ്ട് വിമാനങ്ങളുപയോഗിച്ച് ഭീകരര്‍ ഈ പടുകൂറ്റന്‍ കെട്ടിടത്തെ ഇടിച്ചു തകര്‍ക്കുകയായിരുന്നു. മിനിറ്റുകള്‍ വ്യത്യാസത്തില്‍ നടന്ന മറ്റൊരാക്രമണത്തില്‍ യു. എസ്. പ്രതിരോധകേന്ദ്രമായ വാഷിംഗ്ടണിലെ പെന്റഗണ്‍ സമുച്ചയം ഭാഗികമായി നിലംപൊത്തി. അവിടെയും ചാവേര്‍ വിമാനാക്രമണത്തിലൂടെ ആയിരങ്ങളാണ് മരിച്ചത്.
സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രഭാഷണത്തില്‍ പ്രതിഫലിക്കുന്നത് സര്‍വ്വധര്‍മ്മ സമഭാവനയുടെ സന്ദേശമാണ്. അനശ്വരതയിലേക്കും അന്തിമ സ്വാതന്ത്ര്യത്തിലേക്കുമുള്ള കവാടമായാണ് സ്വാമിജി മതത്തെ വിഭാവനം ചെയ്തത്. എന്നാല്‍ മതമൗലികവാദികളോ മതനിഷേധികളോ ആയിത്തീരുവാനുള്ള ലാഘവബുദ്ധിയാണ് ലോകത്തെവിടെയും ഇന്ന് പ്രകടമാകുന്നത്. സ്വന്തം മതത്തിലുള്ള അഭിമാനത്തോടൊപ്പം മറ്റ് മതങ്ങളോടുള്ള ആദരവും വളര്‍ത്തിയെടുക്കുന്നതില്‍ സമകാലീനലോകം പരാജയപ്പെടുന്നു. മതസംഘര്‍ഷങ്ങള്‍ക്ക് മതമൗലികവാദമോ മതനിഷേധമോ ഒരു പ്രശ്‌നപരിഹാരമല്ല. സര്‍വ്വധര്‍മ്മ സമഭാവനയില്‍ അധിഷ്ഠിതമായ സാഹോദര്യമാണ് അതിനുള്ള പരിഹാരമാര്‍ഗ്ഗം. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പുതന്നെ അത്തരമൊരു വിശ്വസാഹോദര്യം വേദാന്തം വിഭാവനം ചെയ്തിട്ടുണ്ട്. വേദാന്തത്തിന്റെ വിജയവൈജയന്തിയാണ് മതമഹാസമ്മേളനത്തില്‍ സ്വാമി വിവേകാനന്ദന്‍ പുനഃസ്ഥാപിച്ചത്.
മതസമന്വയമാണ് മതസംഘര്‍ഷങ്ങള്‍ക്കുള്ള പരിഹാരം. ഈ സന്ദേശത്തിന്റെ പ്രചാരകനായിരുന്നു സ്വാമി വിവേകാനന്ദന്‍. ”ഹിന്ദുവിന്റെ ആധ്യാത്മികതയും ബൗദ്ധന്റെ ഭൂതദയയും മുസ്ലീമിന്റെ സാഹോദര്യവും ക്രിസ്ത്യാനിയുടെ കര്‍മ്മകുശലതയും” സമന്വയിച്ച സാര്‍വ്വജനീയ മതത്തിന്റെ പ്രയോക്താവായിരുന്നു സ്വാമി വിവേകാനന്ദന്‍.
മതമഹാസമ്മേളനത്തിലൂടെ സ്വാമി വിവേകാനന്ദന്‍ പ്രോജ്ജലമാക്കിയ സന്ദേശം ഭാരതത്തിന്റെ ഇതരഭാഗങ്ങളിലെന്ന പോലെ കേരളത്തിലും പ്രതിധ്വനിച്ചു. ആ സമ്മേളനത്തില്‍ സ്വാമി വിവേകാനന്ദന്‍ കേരളത്തെ പരോക്ഷമായി പരാമര്‍ശിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞു, ‘റോമന്‍ മര്‍ദ്ദനംമൂലം യഹൂദരുടെ പുണ്യക്ഷേത്രം തകര്‍ന്നുതരിപ്പണമാക്കപ്പെട്ട ആ കൊല്ലം തന്നെ ദക്ഷിണഭാരതത്തില്‍ വന്ന് അഭയം പ്രാപിച്ച ആ ഇസ്രായേല്‍ വര്‍ഗ്ഗത്തിന്റെ അതിപവിത്രാവശിഷ്ടം ഞങ്ങളുടെ അങ്കതലത്തില്‍ സംഭൃതമായുണ്ടെന്നു നിങ്ങളോട് പറയാന്‍ എനിക്കഭിമാനമുണ്ട്’. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചപ്പോള്‍ അന്നത്തെ കേരളത്തെക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടതുമാത്രം ഇന്നത്തെ കേരളത്തിലെ കൊച്ചുകുട്ടികള്‍പോലും ഓര്‍ത്തുവെച്ചിരിക്കുന്നു.
സ്വാമി വിവേകാനന്ദന്റെ വിശ്വവിജയം ഭാരതത്തെ ഉദ്ബുദ്ധമാക്കി. അതിന്റെ അലയൊലി കേരളത്തേയും ഉണര്‍ത്തി. വിവേകാനന്ദസ്വാമികളെ കൂടാതെ അദ്ദേഹത്തിന്റെ സഹോദരസന്ന്യാസിമാരായ രാമകൃഷ്ണാനന്ദസ്വാമി (1904) ബ്രഹ്മാനന്ദസ്വാമി (1916) തുടങ്ങിയവരുടെ സന്ദര്‍ശനവും ദര്‍ശനവും സംസര്‍ഗ്ഗവും ആണ് കേരളത്തെ മുഖ്യമായും സ്വാധീനിച്ചത്. നിര്‍മലാനന്ദസ്വാമികള്‍ ദീര്‍ഘകാലം കേരളത്തില്‍ പ്രവര്‍ത്തിച്ച് നിരവധി ശ്രീരാമകൃഷ്ണമഠങ്ങള്‍ സ്ഥാപിച്ച് ശ്രീരാമകൃഷ്ണപ്രസ്ഥാനത്തിന്റെ അടിത്തറ പാകി.
വിവേകാനന്ദദര്‍ശനത്തെ പ്രായോഗികമാക്കുന്ന ആത്മീയപ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടായ സാമൂഹിക പരിവര്‍ത്തനങ്ങള്‍ സമകാലീന ഭാരതം,വിശിഷ്യ കേരളം ഇനിയും തിരിച്ചറിയേണ്ടിയിരിക്കുന്നു. മതത്തിനെ ശാസ്ത്രത്തോടും ഭൗതികതയെ ആത്മീയതയോടും ഭക്തിയെ യുക്തിയോടും സ്വാമിജി സമന്വയിപ്പിച്ചു. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള അകലം കുറച്ചതോടൊപ്പം സ്വാമിജി ലോകത്തിന്റെ അകവും പുറവും തമ്മിലുള്ള അകലമാണ് കുറയ്ക്കുവാന്‍ ശ്രമിച്ചത്. അതിനായി അന്തരാത്മാവ് വികസിപ്പിക്കുകയെന്ന സന്ദേശമാണ് സ്വാമിജി ചിക്കാഗോ പ്രസംഗത്തിലൂടെ ലോകത്തിന് നല്കിയത്.
ചിക്കാഗോ മതമഹാസമ്മേളനം നടക്കുന്നത് ചരിത്രത്തിന്റെ സംഭവബഹുലമായ ഒരുമുഹൂര്‍ത്തത്തിലാണ്. വിശ്വസാഹോദര്യത്തിന്റെ സന്ദേശം ഉദ്‌ഘോഷിക്കപ്പെട്ട ആ പ്രസംഗത്തിന്റെ പ്രസക്തി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. മതമഹാസമ്മേളനത്തില്‍ സ്വാമി വിവേകാനന്ദന്റെ പ്രസംഗം അവസാനിക്കുന്നതിങ്ങനെയാണ്: ‘ഈ സമ്മേളനത്തിന്റെ ബഹുമാനാര്‍ത്ഥം ഇന്ന് പുലര്‍കാലത്ത് മുഴങ്ങിയ മണി എല്ലാത്തരം മതഭ്രാന്തിന്റെയും വാളുകൊണ്ടോ പേനകൊണ്ടോ ഉള്ള എല്ലാ പീഡനങ്ങളുടെയും, ഒരേ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുന്ന മനുഷ്യരുടെ ഇടയിലെ ദൗര്‍മനസ്യങ്ങളുടെയും മരണമണിയായിരിക്കട്ടെ എന്നു ഞാന്‍ അകമഴിഞ്ഞ് ആശംസിക്കുന്നു’. ഭാരതീയസംസ്‌കാരത്തിന്റെ ചിരന്തന ചിന്താസാരമാണ് സ്വാമിജി വിശ്വത്തിന് മുമ്പാകെ സമര്‍പ്പിച്ചത്. വിശ്വതോമുഖനായ വിവേകാനന്ദസ്വാമികള്‍ വിശ്വസാഹോദര്യത്തിന്റെ നിത്യസുഗന്ധത്തെ പ്രസരിപ്പിച്ച പ്രഭാഷണം നടത്തിയതുകൊണ്ടുമാത്രമാണ് 1893 സപ്തംബര്‍ 11 ലെ മതമഹാസമ്മേളനം ഇന്നും സ്മരിക്കപ്പെടുന്നത്.
ചിക്കാഗോ പ്രഭാഷണത്തിന്റെ 125-ാം വാര്‍ഷികം ലോകമെമ്പാടും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ആചരിച്ചു. ‘ആത്മീയ ദേശീയത’ എന്ന വിവേകാനന്ദ സന്ദേശത്തിന്റെ പ്രയോക്താവായിരുന്നു ഭഗിനി നിവേദിത. ആദര്‍ശത്തിന്റെ പേരില്‍ ആത്മസമര്‍പ്പണം ചെയ്യാനാണ് ആ ധീരവനിത ഭാരതത്തിലെത്തിയത.് 1898 ജനുവരി 28 ന് ഭാരതത്തിലെത്തിയ മിസ്സ് മാര്‍ഗരറ്റ് എലിസബത്ത് നോബിള്‍ എന്ന നിവേദിത, തന്റെ സങ്കല്പത്തിലുള്ള ഉന്നതാദര്‍ശങ്ങള്‍ക്കുവേണ്ടി തന്നെതന്നെ ബലികഴിക്കണമെങ്കില്‍ തന്റെ പാശ്ചാത്യ വീക്ഷണഗതി പാടേ വെടിയേണ്ടതുണ്ടെന്ന് മനസ്സിലാക്കി. മാത്രമല്ല, ഭാരതഹൃദയാരാമം തേടിയലഞ്ഞ നിവേദിത 1998 മെയ് മാസം അവസാനം സ്വാമി വിവേകാനന്ദനോടും അദ്ദേഹത്തിന്റെ പ്രഥമശിഷ്യന്‍ സദാനന്ദസ്വാമികളോടും ഒപ്പം കാശ്മീരിലെത്തുകയുണ്ടായി.
കാശ്മീരിലെ മഹാരാജാവ് ഒരു മഠവും സംസ്‌കൃത കോളേജും തുടങ്ങുന്നതിന് സ്വാമിജിക്ക് കുറച്ചു സ്ഥലം നല്‍കാന്‍ ആഗ്രഹിച്ചു. എന്നാല്‍ അന്നത്തെ റസിഡന്റിന്റെ വിരോധം മൂലം അത് നടപ്പായില്ല. ഇതു കാരണം ആദ്യം സ്വാമിജിക്ക് മനസ്സിന് കുറച്ചു വിഷമം തോന്നി. എന്നാലുടനെ അദ്ദേഹം സ്വസ്ഥചിത്തനായിത്തീര്‍ന്നു. സ്വാമിജി ഇപ്രകാരം ആശ്വസിച്ചു: ‘ജഗത്മാതാവിന് മറ്റു സങ്കല്പങ്ങള്‍ കാണും’. എന്നാല്‍ നിവേദിതയ്ക്കു അങ്ങനെ ആശ്വസിക്കാന്‍ കഴിഞ്ഞില്ല. അവര്‍ നെല്‍ഹാമണ്ടിനെഴുതിയ കത്തില്‍ (1898 സപ്തംബര്‍ 2) പറയുന്നു: ‘ഭാരതത്തിലെ ഒരു മഹാരാജാവിനുപോലും ഒരു ഹിന്ദുവെന്ന നിലയില്‍, സ്വരാജ്യനന്മയ്ക്കായി പ്രവര്‍ത്തിക്കുന്നത് അസാധ്യമാകുന്നു. ബ്രിട്ടീഷ് റസിഡന്റ് സര്‍ ആല്‍ബര്‍ട്ട് ടാല്‍ബോട്ടിന്റെ എതിര്‍പ്പാണ് ഇതിനു കാരണമെന്നു ഞാന്‍ മനസ്സിലാക്കുന്നു. സംസ്‌കൃത ഭാഷ പ്രചാരണത്തിനുവേണ്ടി ഭാരതീയ സംസ്‌കാരകേന്ദ്രങ്ങള്‍ ആരംഭിക്കുന്നത് ക്രിസ്ത്യന്‍ മിഷണറിമാര്‍ എതിര്‍ക്കുന്നു. അവരുടെ നീക്കങ്ങളെപ്പറ്റി സര്‍ക്കാര്‍ പ്രതിനിധിയോടും സംസാരിക്കണം. ഇത്തരം നിലവാരമില്ലാത്ത പ്രവൃത്തികള്‍ ഇംഗ്ലണ്ട് എങ്ങനെ സഹിക്കുമെന്ന്, ഒരു ഇംഗ്ലീഷ് വനിത എന്ന നിലയ്ക്കു ചോദിക്കണം.”
ഹിമാലയസാനുക്കളില്‍ താമസിച്ചിരുന്ന കാലത്ത് നിവേദിത പല പണ്ഡിതരേയും സന്ദര്‍ശിച്ച് വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ആനിബസന്റിനെ കണ്ടും നിവേദിത സംസാരിച്ചിരുന്നു. ഭാരതത്തിന്റെ നന്മയ്ക്കായി ഏതെങ്കിലും വിധത്തില്‍ ഇംഗ്ലീഷുകാരെ സ്വാധീനിക്കാമെന്ന എല്ലാ പ്രതീക്ഷയും ആനിബസന്റിനു നഷ്ടമായിരിക്കുന്നുവെന്നാണ് ആ കൂടിക്കാഴ്ചയില്‍ നിന്ന് നിവേദിത മനസ്സിലാക്കിയത്.
അമരനാഥില്‍ നിന്നും ക്ഷീരഭവാനിയിലെത്തിച്ചേര്‍ന്നു സ്വാമിജിയും സംഘവും. അവിടെവച്ച് ത്രീവ്രമായ മാതൃഭക്തിയില്‍, സ്വാമിജി രചിച്ചതാണ് ‘കാളി മാതാവ്’ എന്ന കവിത. നിവേദിത ഗുരുവിന്റെ പാദപത്മങ്ങളില്‍ ശിരസ്സ് സമര്‍പ്പിച്ചു മൊഴിഞ്ഞു. ‘ഇപ്പോള്‍ ഞാന്‍ ദിവ്യമാതാവിനെ മനസ്സിലാക്കുന്നു’.
കല്‍ഹണന്റെ രാജതരംഗിണിയിലെ ഈരടികളാല്‍ കോള്‍മയിര്‍ കൊണ്ട കാശ്മീരം, ബൗദ്ധധര്‍മ്മാവലംബിയായ അശോകനാല്‍ സൃഷ്ടിക്കപ്പെട്ട ശ്രീനഗരം, എങ്ങനെ ഭീകരവാദികളുടെ കേളീരംഗമായിത്തീര്‍ന്നു? ‘ഇന്ത്യയെ കണ്ടെത്തിയ’ ഭരണാധികാരിയുടെ സംഭാവന ഇക്കാര്യത്തിലൊട്ടും ചെറുതല്ല. ഭാരതത്തിന്റെ സ്വാതന്ത്ര്യാനന്തരചരിത്രം സത്യസന്ധമായി അവലോകനം ചെയ്താല്‍, രസിക്കാത്ത ഇത്തരം സത്യങ്ങള്‍ പുറത്തുവരും. ഭാരതത്തിന്റെ ആത്മാവ് ആത്മീയതയല്ല, മതേതരത്വമാണ് എന്ന് പുലമ്പുന്ന മദാമ്മമാരും അവരുടെ അധികാരമോഹം മാത്രം കൈമുതലായ പുത്രന്മാരും – ഏതു തരത്തിലുള്ള ധൃതരാഷ്ടാലിംഗനത്തിനും തയ്യാറുള്ള – ഇക്കൂട്ടര്‍ തഴച്ചുവളര്‍ന്നത് പാശ്ചാത്യപരിഷ്‌ക്കാരഭ്രമത്തില്‍പ്പെട്ട്, സ്വന്തം അമ്മയെ അറിയാനായി മദാമ്മയുടെ അമ്മയെ കണ്ടെത്താന്‍ ശ്രമിച്ചതിന്റെ ഫലമായാണ്.
നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച് ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിര്‍ത്താന്‍ ശ്രമിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ‘ഇന്ത്യയെ കണ്ടെത്താന്‍’ ശ്രമിച്ച പ്രഥമ പ്രധാനമന്ത്രിയേക്കാള്‍ കേമനാണോ എന്ന ചോദ്യം, ഒരേ നാണയത്തിന്റെ ഇരുവശങ്ങളില്‍ നിന്നും ഉയരുന്ന സന്ദര്‍ഭമാണിത്. പട്ടേല്‍ മാത്രമല്ല, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ യഥാര്‍ത്ഥ ദേശീയ നേതാക്കള്‍ വൈദേശികാശയങ്ങളുടെ കൃത്രിമവെളിച്ചത്തില്‍ വിഗ്രഹവല്‍ക്കരിക്കപ്പെട്ടവരാല്‍, തമസ്‌ക്കരികപ്പെടുകയും തിരസ്‌ക്കരിക്കപ്പെടുകയും ചെയ്തതെന്തുകൊണ്ട് എന്ന വിഷയത്തില്‍ സംവാദം ഈ സന്ദര്‍ഭത്തില്‍ അനിവാര്യമാണ്. ഭാരതത്തെക്കുറിച്ച് ഇനിയും പഠിക്കാനിരിക്കുന്ന ചില രാഷ്ട്രീയ ഭിക്ഷാംദേഹികള്‍ ‘ഇന്ത്യയെ കണ്ടെത്തി’ യെന്ന് അവള്‍ കരുതുന്ന നേതാവിനെക്കുറിച്ച് ആത്മാര്‍ത്ഥമായി അന്വേഷണം നടത്തിയാല്‍ അത് അവര്‍ക്കുമാത്രമല്ല നാടിനും ഗുണകരമാകുമെന്നതില്‍ സംശയമില്ല.