പി. പരമേശ്വര്‍ജി അന്തരിച്ചു എന്ന വാര്‍ത്തയുമായി ഇനിയും പൂര്‍ണമായും പൊരുത്തപ്പെടാനായിട്ടില്ല.
93 വയസ്സ് വരെ ഋഷിതുല്യമായി ജീവിച്ച് സന്തോഷത്തോടെ സമാധാനത്തോടെ ജീവന്‍ വെടിഞ്ഞു എന്നത് ആശ്വാസകരമാണ്. ദീര്‍ഘനാളായി അദ്ദേഹത്തെ ചികിത്സിക്കുന്ന സേതുമാധവന്‍ ഡോക്ടറുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് വധൂവരന്മാരെ അനുഗ്രഹിച്ച് അവിടെ സന്നിഹിതരായിരുന്ന ബന്ധുമിത്രാദികളോടെല്ലാം കുശലം പറഞ്ഞ് തന്നെ കാണാനെത്തിയവരെയെല്ലാം സന്തോഷത്തോടെ സ്വീകരിച്ച് സമാധാനത്തോടെ യാത്രയാക്കിയാണ് മടക്കയാത്ര പിറ്റേന്നത്തേക്ക് മാറ്റിവച്ച് മായന്നൂരിലെ സ്വയംസേവകന്റെ വീട്ടില്‍ വിശ്രമിച്ചത്. രാത്രി പതിനൊന്നരയ്ക്ക് അല്പം ശ്വാസതടസ്സം ഉണ്ടാവുകയും തുടര്‍ന്ന് അരമണിക്കൂറിനകം ആ ശ്വാസം നിലയ്ക്കുകയുമാണ് ഉണ്ടായത്. അനായാസ മരണം എന്ന് തന്നെ പറയാം. ജീവിതത്തില്‍ നല്ലത് മാത്രം ചെയ്യുകയും എല്ലാവരുടേയും നന്മയ്ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്ത പരമേശ്വര്‍ജി വിഷ്ണുപദം പൂകിയിട്ടുണ്ടാവും. പരമേശ്വര്‍ജി സംഘടനാ വൃത്തത്തിന് പുറത്തും ആരാധ്യനും സ്വീകാര്യനുമായിരുന്നു എന്നാണ് മരണാനന്തര ചടങ്ങുകളിലെ വന്‍ ജനപങ്കാളിത്തം കാണിക്കുന്നത്. കേരളത്തിലെ ലക്ഷക്കണക്കിന് സ്വയംസേവകരുടെ ശ്രദ്ധാഞ്ജലി പരമേശ്വര്‍ജിയുടെ ഛായാ ചിത്രത്തിന് മുന്‍പില്‍ പുഷ്പങ്ങള്‍ സമര്‍പ്പിച്ചുകൊണ്ട് ചെയ്യാവുന്നതല്ല. ജീവിതം മുഴുവന്‍ ഭാരതമാതാവിന്റെ വൈഭവത്തിന് വേണ്ടി സമര്‍പ്പിച്ച പരമേശ്വര്‍ജിയുടെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ നാം ജീവിതപുഷ്പങ്ങള്‍ തന്നെ സമര്‍പ്പിക്കേണ്ടിവരും.
വ്യക്തിപരമായി ഞാന്‍ സംഘത്തില്‍ സജീവമാവുന്നത് 78-79 വര്‍ഷങ്ങളിലാണ്. 1986 വരെ ‘താലൂക്ക് കാര്യവാഹ്’ ചുമതല വഹിച്ചിരുന്നു. ഇതിനിടയിലാണ് എന്റെ മൂന്നു സംഘശിക്ഷാവര്‍ഗുകളും കഴിഞ്ഞത്. അന്നെല്ലാം പരമേശ്വര്‍ജിയെ ആരാധനയോടെ ദൂരെ നിന്ന് കാണാനെ അവസരമുണ്ടായിട്ടുള്ളു. പരമേശ്വര്‍ജിയുടെ പ്രസംഗങ്ങളും ലേഖനങ്ങളും ആവേശത്തോടെ തന്നെ ഏറ്റുവാങ്ങിയിരുന്നു.
1987 ന് ശേഷം 5-6 വര്‍ഷം ഭാരതീയ വിചാരകേന്ദ്രത്തിന്റെ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. വിചാരകേന്ദ്രത്തിന്റെ ചെറിയ സദസ്സുകളില്‍, മീറ്റിങ്ങുകളായാലും വാര്‍ഷിക സമ്മേളനങ്ങളായാലും പഠനശിബിരങ്ങളായാലും പരമേശ്വര്‍ജിയോട് അടുത്ത് ഇടപഴകാന്‍ അവസരങ്ങളുണ്ടായി ഒന്നിച്ച് പ്രവര്‍ത്തിക്കുന്നവരായി മാറി. ആശയവിനിമയം നടത്താനും സംവാദങ്ങളില്‍ ഏര്‍പ്പെടാനും അന്നാണ് കൂടുതല്‍ അവസരങ്ങള്‍ കിട്ടിയത്. തുടര്‍ന്ന് അങ്ങോട്ട് സംഘത്തിന്റെ ഉയര്‍ന്ന ചുമതലകള്‍ കൈവന്നതുകൊണ്ട് പരമേശ്വര്‍ജിയോട് ഒപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. ജോലിയില്‍ ഒരു പ്രമോഷന്‍ കിട്ടി 2005 ല്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആസ്ഥാനമായ സംസ്‌കൃതി ഭവനില്‍ പരമേശ്വര്‍ജിയുടെ മുറിക്കടുത്തുള്ള ഒന്നാം നമ്പര്‍ മുറിയില്‍ ഒരു വര്‍ഷം ഒന്നിച്ച് ജീവിക്കാന്‍ അവസരം കിട്ടി. രാവിലെ 5 മണിയുടെ ചായ മുതല്‍ രാത്രി ഉറങ്ങുന്നതിന് മുന്‍പുള്ള കുശലപ്രശ്‌നം വരെ ഒന്നിച്ചു അനുഭവിക്കാന്‍ അവസരം ഉണ്ടായിട്ടുണ്ട്. പലപ്പോഴും പരമേശ്വര്‍ജിയുടെ മുറിയില്‍ പോയി ഇരുന്നു ഒറ്റക്ക് ചര്‍ച്ചകള്‍ നടത്താനായിട്ടുണ്ട്. ചിലപ്പോള്‍ എന്റെ മുറിയില്‍ വന്നിരുന്നും സംസാരിക്കാറുണ്ട്. കേരളത്തിലെ സംഘപ്രവര്‍ത്തനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഇടയില്‍ പലപ്പോഴും പരമേശ്വര്‍ജി ഗദ്ഗദകണ്ഠനായി മാറാറുണ്ട്. അത്രക്ക് ലോലമായിരുന്നു ആ മനസ്സ്. അന്ന് ഞാന്‍ സംസ്ഥാന ബൗദ്ധിക് പ്രമുഖ് ആണ്. ആ ആദരവോട് കൂടിയാണ് എന്നോട് പെരുമാറിയിരുന്നത്. പരമേശ്വര്‍ജിയുടെ സ്വഭാവം, ഏത് പരിപാടിക്ക് പോകുമ്പോഴും പ്രസംഗം എഴുതി തയ്യാറാക്കി കൊണ്ടുപോകുമായിരുന്നു. ചില പ്രസംഗങ്ങള്‍ ഇങ്ങനെ പോരെ എന്ന് ചോദിച്ച് എനിക്ക് നോക്കാന്‍ തരുമായിരുന്നു. തന്റെ യാത്രക്കിടയില്‍ പരമേശ്വര്‍ജി പലപ്പോഴും എന്റെ വീട്ടില്‍ വന്ന് താമസിച്ചിട്ടുണ്ട്. ഒരിക്കല്‍ രാത്രി ഒരു മണിക്ക് എന്റെ വീട്ടില്‍ വച്ച് ശ്വാസതടസ്സം ഉണ്ടായി. വീട്ടുകാരുടെ പ്രഥമ ശുശ്രൂഷ ഫലം കാണാതെ ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ കൊണ്ടുപോകേണ്ടിവന്നിട്ടുണ്ട്. പിന്നീടുള്ള വിശകലനത്തില്‍ ബോദ്ധ്യമായത് രാത്രി ഭക്ഷണത്തിന് ചപ്പാത്തിയോടൊപ്പം തയ്യാറാക്കിയ ഉരുളക്കിഴങ്ങ് ചേര്‍ത്ത കറി ഇഷ്ടപ്പെട്ട് ഒരു കഷ്ണം കൂടുതല്‍ കഴിച്ചത്, കാരണമായിട്ടുണ്ടാവാം എന്നാണ്. അത്രമാത്രം സെന്‍സറ്റീവ് ആയിരുന്നു പരമേശ്വര്‍ജിയുടെ ഭക്ഷണശീലങ്ങള്‍. മുപ്പതിലേറെ വര്‍ഷം നിഴല്‍പോലെ പരമേശ്വര്‍ജിയെ പിന്‍തുടര്‍ന്ന സുരേന്ദ്രനേ ആ ഭക്ഷണ ശീലങ്ങള്‍ ശരിക്ക് അറിയുമായിരുന്നുള്ളു. എന്റെ ഹൃദയത്തോട് ഏറ്റവും ചേര്‍ന്ന് നിന്ന ഒരു സംഘ അധികാരിയായിരുന്ന മാന്യ പരമേശ്വര്‍ജി. അതുകൊണ്ട് വ്യക്തിപരമായ സ്മരണകള്‍ നിരവധിയാണ്.
പി. പരമേശ്വരന്‍ സംഘത്തിന്റെ മാത്രം നേതാവായിരുന്നില്ല. കേരളത്തിന്റെ മുഴുവന്‍ ഋഷിതുല്യനായ ഗുരുവായിരുന്നു. പരമേശ്വര്‍ജിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത സന്ന്യാസി ശ്രേഷ്ഠന്മാരുടെയും സാമൂഹ്യ രാഷ്ട്രീയ നേതാക്കന്മാരുടെയും സാന്നിദ്ധ്യം അത് വിളിച്ചു പറയുന്നതാണ്. ഈ മാതൃകയില്‍ നിന്ന് കേരളത്തിലെ ഓരോ സ്വയംസേവകനും പഠിക്കേണ്ട ഒരു പാഠമുണ്ട്.
ഏതാനും വര്‍ഷം മുന്‍പ് കേരളത്തിലെ സംഘപ്രവര്‍ത്തനത്തെക്കുറിച്ച് നടന്ന ഒരു ചര്‍ച്ചയില്‍ ഒരു മുതിര്‍ന്ന കാര്യകര്‍ത്താവ് അഭിപ്രായപ്പെടുകയുണ്ടായി. ഇനി നാം കാര്യവികാസത്തെകുറിച്ച് അധികം വേവലാതിപ്പെടേണ്ടതില്ല. ഇപ്പോള്‍ തന്നെ പകുതിയോളം സ്ഥലങ്ങളില്‍ സംഘപ്രവര്‍ത്തനം എത്തിയിട്ടുണ്ട്. കൊല്ലം സാംഘിക്കിന് എടുത്ത കണക്ക് പ്രകാരം 3-4 ലക്ഷം സ്വയംസേവകരുണ്ട്. കേരളത്തിന്റെ സമഗ്രപരിവര്‍ത്തനത്തിന് ഈ വ്യാപ്തിയും ശക്തിയും പര്യാപ്തമാണ്. പക്ഷെ ഒരോ ശാഖയും ഒരോ സ്വയംസേവകനും കൂടുതല്‍ പ്രഭാവശാലിയാവണം. അതായത് നിലവിലുള്ള സ്വയം സേവകര്‍ പരമേശ്വര്‍ജിയെ മാതൃകയാക്കി മുഴുവന്‍ സമൂഹത്തിനും സ്വീകാര്യമാവുന്ന വിധം തന്റെ ചിന്തയും പ്രവൃത്തിയും പെരുമാറ്റവും രൂപപ്പെടുത്തുകയാണെങ്കില്‍ ഈ ശക്തികൊണ്ട് തന്നെ കേരളത്തെ നമുക്ക് മാറ്റിയെടുക്കാനാവും. പരമേശ്വര്‍ജിയുടെ ഇച്ഛാശക്തിയും സങ്കല്പവും സ്വപ്‌നവും നാം സ്വീകരിച്ചാല്‍ കേരളത്തിന്റെ മുഖഛായ മാറ്റാനാവും.
പക്ഷെ പരമേശ്വര്‍ജിയുടെ വ്യക്തിത്വത്തോട് പൊരുത്തപ്പെടുന്ന ഒരു വ്യക്തിത്വം രൂപപ്പെടുത്താന്‍ പരമേശ്വര്‍ജി സഞ്ചരിച്ച മാര്‍ഗ്ഗത്തിലൂടെ നാമും സഞ്ചരിക്കേണ്ടിവരും. ഓരോ മഹാത്മാവും രൂപം പ്രാപിക്കുന്നത് അവരുടെ നൈസര്‍ഗ്ഗികമായ പ്രതിഭകൊണ്ട് മാത്രമല്ല, അവര്‍ ജീവിതത്തില്‍ ആര്‍ജ്ജിച്ച അനുഭവങ്ങള്‍കൊണ്ട് കൂടിയാണ്. പരമേശ്വര്‍ജിയെ രൂപപ്പെടുത്തിയ പശ്ചാത്തലം ബോദ്ധ്യപ്പെടണമെങ്കില്‍ പരമേശ്വര്‍ജിയുടെ സംസ്‌കൃതി ഭവനിലെ മുറിയൊന്ന് സന്ദര്‍ശിച്ചാല്‍ മതി. അവിടെ പരമേശ്വര്‍ജിയുടെ പൂജാമുറിയുടെ സ്ഥാനത്ത് മഹര്‍ഷി അരവിന്ദന്റേയും അരവിന്ദാശ്രമത്തിലെ മദറിന്റേയും ചിത്രങ്ങള്‍ കാണാനാവും. അവിടെ ശ്രീരാമകൃഷ്ണദേവന്റേയും സ്വാമി വിവേകാനന്ദന്റേയും ചിത്രങ്ങള്‍ കാണുന്നുണ്ട്. ചുവരില്‍ ഗുരുജിയുടെയും പണ്ഡിറ്റ് ദിനദയാല്‍ ഉപാദ്ധ്യായയുടേയും ചിത്രങ്ങള്‍ ഉണ്ട്. മേശപ്പുറത്ത് ശ്രീനാരായണ ഗുരുദേവന്റെ പ്രതിമയും പുറകില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ ചിത്രവും ഉണ്ടായിരുന്നു. ഇതല്ലാതെ മറ്റൊരു ദേവിദേവന്മാരുടെയും ചിത്രങ്ങള്‍ ഇല്ലായിരുന്നു. പരമേശ്വര്‍ജി തന്റെ മുറിയില്‍ ചിത്രം വച്ച് പൂജിച്ചിരുന്നവരെയെല്ലാം ആഴത്തില്‍ പഠിക്കുകയും മനസ്സിലാക്കുകയും അവരുടെ ജീവിതവും സന്ദേശവും സ്വന്തം ജീവിതത്തില്‍ ലയിപ്പിക്കുകയും ചെയ്തിരുന്നു. ഇവരെ കുറിച്ചെല്ലാം പരമേശ്വര്‍ജി പുസ്തകങ്ങളും കവിതകളും എഴുതിയിട്ടുണ്ട്. പരമേശ്വര്‍ജി വിവേകാനന്ദനെ കുറിച്ച് സംസാരിക്കുമ്പോള്‍ സ്വയം വിവേകാനന്ദനായി നമുക്ക് അനുഭവപ്പെടും. അത്രയ്ക്ക് അവരെല്ലാമായി താദാത്മ്യം പ്രാപിച്ചിരുന്നു. അതുകൊണ്ട് പരമേശ്വര്‍ജിയുടെ സര്‍വ്വസ്പര്‍ശിയായ വ്യക്തിത്വം നമ്മിലേക്ക് ആവാഹിക്കുന്നുവെങ്കില്‍ ഈ മഹാ പുരുഷന്മാരെകൂടി നാം അനുസന്ധാനം ചെയ്യേണ്ടി വരും. കേരളത്തിലെ ഓരോ സ്വയംസേവകരും പരമേശ്വര്‍ജിയെ പോലെ ചിന്തിക്കുകയും പെരുമാറുകയും ചെയ്താല്‍ നമുക്ക് ഇന്നുള്ള ശക്തികൊണ്ട് തന്നെ കേരളത്തിന്റെ ദേശീയജീവിതത്തെ ദേശീയ ആദര്‍ശവുമായി കൂട്ടിയിണക്കാനാവും.
സംഘം ശാഖയിലൂടെ വളര്‍ത്തിയെടുക്കുന്ന മനുഷ്യശക്തി ദേശീയജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും പരിവര്‍ത്തനം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഓരോ വിവിധ ക്ഷേത്രസംഘടനകളും അതാത് രംഗത്ത് വ്യവസ്ഥാപരിവര്‍ത്തനം വരുത്തിക്കൊണ്ടിരിക്കുന്നു. സ്വയംസേവകര്‍ ഏറ്റെടുത്ത് നടപ്പാക്കുന്ന ഗതിവിധി പ്രവര്‍ത്തനങ്ങളിലൂടെ സമഗ്രമായ സാമൂഹ്യപരിവര്‍ത്തനത്തിന് വേണ്ടിയുള്ള ചെറിയ ചെറിയ പരിശ്രമങ്ങള്‍ ആയിരക്കണക്കിന് സ്ഥലങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം സമാന്തരമായി കേരളത്തിലെ സവിശേഷമായ സാഹചര്യങ്ങളെ മനസ്സിലാക്കിക്കൊണ്ട് പരമേശ്വര്‍ജി തനതായ വഴികള്‍ വെട്ടിത്തുറന്നിട്ടുണ്ട്. അതിലൊന്നാണ് വിവേകാനന്ദസന്ദേശ പ്രചരണം. ഒരു കുട്ടിയുടെ, യുവാവിന്റെ മനസ്സില്‍ സ്വാമി വിവേകാനന്ദനെ ആദര്‍ശമൂര്‍ത്തിയായി പ്രതിഷ്ഠിക്കപ്പെടുന്നതോടെ അവന്റെ കാഴ്ചപ്പാടിലും ചിന്തയിലും മൗലികമായ ഒരു മാറ്റം സംഭവിക്കും. അത് ഭാരതത്തിന്റെ ആത്മാവിന്റെ ആവിഷ്‌കാരമായിരിക്കും. അതുകൊണ്ട് ഓരോ വ്യക്തിയിലേക്കും വിവേകാനന്ദസന്ദേശം എത്തിക്കുക എന്നത് അദ്ദേഹം ഏറ്റെടുത്ത ദൗത്യമായിരുന്നു. കന്യാകുമാരി വിവേകാനന്ദകേന്ദ്രത്തിന്റെ അദ്ധ്യക്ഷനായി ഇരുന്നുകൊണ്ട് അദ്ദേഹം ആ മുന്നേറ്റത്തിന് നേതൃത്വം നല്‍കി.
മറ്റൊരു പ്രവര്‍ത്തനം ഭഗവദ്ഗീതയുടെ പ്രചാരമായിരുന്നു. സ്വാമി ചിന്മയാനന്ദന് ലോകത്തെമ്പാടും ശ്രേഷ്ഠമായ ഒരു ജനവിഭാഗത്തിന് ഇടയില്‍ ഗീതാസന്ദേശം പ്രചരിപ്പിക്കാനും ഭഗവദ്ഗീത ഒരു States Symbol ആയി വികസിപ്പിക്കാനും സാധിച്ചു. എന്നാല്‍ പരമേശ്വര്‍ജി ഭഗവദ്ഗീതയെ സാധാരണക്കാര്‍ക്കിടയില്‍ എത്തിക്കാനാണ് പരിശ്രമിച്ചത്. പരമേശ്വര്‍ജിയുടെ പരിശ്രമം കേരളത്തിലെ ഗ്രാമാന്തരങ്ങളിലും സാധാരണ ജനങ്ങളിലേക്കും ഗീതയെ എത്തിച്ചു. ഗീതയിലേക്ക് ജനങ്ങളുടെ ശ്രദ്ധ തിരിയുന്നത് ഭാരതത്തിന്റെ ആത്മാവിനെ തിരിച്ചറിയാന്‍ സഹായിക്കും.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പരമേശ്വര്‍ജി നമ്മുടെ മുന്നില്‍ വച്ച മറ്റൊരു ആദര്‍ശം ഹൈന്ദവകേരളം എന്നതായിരുന്നു. കേരളം കേരളത്തിന്റെ തനിമ കാത്തുസൂക്ഷിക്കണം. സുന്ദരമായ മലയാളത്തെ സംരക്ഷിക്കണം. നമ്മുടെ ഉത്സവങ്ങളും ആഘോഷങ്ങളും പ്രകൃതിയും ഭക്ഷണശീലങ്ങളും വരെ കേരളത്തനിമ വീണ്ടെടുക്കണം. കേരളത്തനിമ എന്നത് ഹൈന്ദവകേരളം തന്നെയാണ്. ഈ തനിമ പരമേശ്വര്‍ജിയുടെ കവിതകളില്‍ എല്ലാം നിറഞ്ഞ് നില്‍ക്കുന്നതായി കാണാം. പരമേശ്വര്‍ജിയുടെ കവിതകള്‍ നമ്മുടെ ബുദ്ധിയെയല്ല ഹൃദയത്തെയാണ് സ്വാധീനിക്കുന്നത്. കവിഗുരു തുഞ്ചത്ത് ആചാര്യന്‍ പാടിയ പാവന രാമകഥയിലും പറയിപെറ്റ പന്തിരുകുലവും ശങ്കരന്‍ അദ്വൈതാചാര്യന്‍ ശ്രീനാരായണഗുരുദേവന്‍ എല്ലാം കോര്‍ത്തിണക്കുകയാണ്. ഹിന്ദുരാഷ്ട്രജൈത്രരഥംഅരുണവര്‍ണ ധ്വജസഹിതം തുടങ്ങിയ വരികള്‍ പരമേശ്വര്‍ജിയുടെ ഹൃദയത്തില്‍ മാത്രമല്ല ഓരോ സ്വയംസേവകന്റെയും ഹൃദയത്തെയാണ് പ്രകമ്പനം കൊള്ളിച്ചത്.
പരമേശ്വര്‍ജിയുടെ ഓര്‍മ്മകള്‍ നമുക്ക് കെടാതെ കാത്തുസൂക്ഷിക്കാം. നാം നമ്മുടെ ഹൃദയത്തില്‍ കാത്തുസൂക്ഷിച്ചിട്ടുള്ള സംഘം എന്ന ചൂട് സ്വയംസേവകന്‍ എന്ന വെളിച്ചം പരമേശ്വര്‍ജിയുടെ ജീവിതം പോലെ പ്രകാശമാനമാക്കാന്‍ പരിശ്രമിക്കാം.
പരമേശ്വര്‍ജിയെക്കുറിച്ചുള്ള അനുസ്മരണം സുരേന്ദ്രനെ ഒഴിവാക്കിക്കൊണ്ട് പൂര്‍ണ്ണമാവുകയില്ല. മുപ്പതിലേറെ വര്‍ഷമായി പരമേശ്വര്‍ജിയെ ശുശ്രൂഷിച്ചുകൊണ്ടും ചിലപ്പോഴെല്ലാം ശാസിച്ചുകൊണ്ടും നിഴല്‍പോലെ പിന്‍തുടര്‍ന്ന സുരേന്ദ്രന്‍ കൊച്ചിയിലെ സ്വയംസേവകനും സംഘത്തിന്റെ പ്രചാരകനുമാണ്. പരമേശ്വര്‍ജിയുടെ മൃതശരീരത്തിന്റെ മുന്‍പില്‍ നമസ്‌കരിക്കുന്ന സുരേന്ദ്രന്റെ ചിത്രം വാക്കുകള്‍കൊണ്ട് വ്യാഖ്യാനിക്കാനാവുന്നതല്ല. പരമേശ്വര്‍ജിയെ സ്വര്‍ഗ്ഗത്തിലെത്തിച്ച തേരില്‍ സുരേന്ദ്രനും ഒരിടം ഉറപ്പാണ്. ധന്യധന്യമായ ആ ജീവിതത്തിന്റെ മുന്‍പിലും ഞാന്‍ സാഷ്ടാംഗം നമസ്‌കരിക്കുന്നു.
വന്ദേ പരമേശ്വരം.