ഭാരതത്തിന്റെ ദേശീയ നവോത്ഥാനത്തിന്റെ കിരണങ്ങള്‍ ലോകമാന്യ തിലകനിലൂടെയാണ് ആദ്യം പ്രത്യക്ഷപ്പെട്ടതെങ്കില്‍ മതപരവും സാംസ്‌കാരികവുമായ തലം പൂര്‍ണ്ണമായി ശുദ്ധീകരിക്കാന്‍ ആദ്യം ഇറങ്ങി പുറപ്പെട്ടത് മഹര്‍ഷി ദയാനന്ദനായിരുന്നു. അദ്ദേഹം തന്റെ ശക്തിയും കഴിവുകളും കൂടുതലായി വിനിയോഗിച്ചത് പ്രധാനമായും ഹിന്ദുത്വത്തിന്റെ ഉത്കര്‍ഷത്തിനുവേണ്ടിയായിരുന്നു.
ജീവനരേഖ
ഗുജറാത്തില്‍ മുമ്പുണ്ടായിരുന്ന മോര്‍വ്വീ രാജ്യത്തിലെ ടങ്കാര എന്ന സ്ഥലത്ത് ക്രിസ്തുവര്‍ഷം 1825 ഫെബ്രുവരി 12ന് ആയിരുന്നു ദയാനന്ദ സരസ്വതിയുടെ ജനനം. അദ്ദേഹം ജനിച്ചത് മൂലം നാളില്‍ ആയിരുന്നു. അതുകൂടി സൂചിപ്പിച്ചുകൊണ്ട് മൂലശങ്കര്‍ എന്ന പേരാണ് അദ്ദേഹത്തിന് നല്‍കിയിരുന്നത്. ബാല്യത്തില്‍ അദ്ദേഹത്തെ ദയാല്‍ജി എന്നും വിളിച്ചിരുന്നു. (അതാണ് ഭാവിയില്‍ സന്ന്യാസം സ്വീകരിച്ച സമയത്ത് ദയാനന്ദന്‍ എന്ന പേര്‍ നല്‍കപ്പെടാന്‍ കാരണമായത്)
ഉപനയനം കഴിച്ച് സ്വഗൃഹത്തില്‍ കഴിഞ്ഞിരുന്ന കാലത്തു തന്നെ സംസ്‌കൃത ഭാഷയിലും വേദങ്ങളിലും വ്യാപകമായ അറിവ് അദ്ദേഹം നേടിക്കഴിഞ്ഞിരുന്നു. പിന്നീട് പ്രത്യക്ഷാനുഭവങ്ങളില്‍ കൂടിയും ഗഹനമായ ചിന്തയില്‍ കൂടിയും അദ്ദേഹം സ്വന്തം വഴി തിരഞ്ഞെടുത്തു. സ്വതവേ തര്‍ക്കയുക്തികളില്‍ വിശ്വസിച്ചിരുന്ന അദ്ദേഹം ഹിന്ദു സമൂഹത്തില്‍ കാലങ്ങളായി തന്നെ അടിഞ്ഞുകൂടിയിരുന്ന മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ആവശ്യമായ പണ്ഡിത്യവും കരുത്തും സംഭരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. വേദങ്ങള്‍ക്ക് തന്റേതായ വ്യാഖ്യാനങ്ങള്‍ നല്‍കുന്നതിനുള്ള തീരുമാനത്തോടെ അദ്ദേഹം പരമാനന്ദ പരമഹംസനില്‍ നിന്ന് വേദാന്തം പഠിച്ചു. അതോടെ ആത്മാവിന്റെയും പരമാത്മാവിന്റെയും ഏകത്വബോധവും അദ്ദേഹത്തിനുണ്ടായി. തന്റെ ലക്ഷ്യസാദ്ധ്യത്തിനായി അദ്ദേഹം സഞ്ചാരം തുടര്‍ന്നുകൊണ്ടേയിരുന്നു. ചന്ദോദയില്‍ നിന്ന് വ്യാസാശ്രമത്തിലേക്കും അവിടെ നിന്നും അഹമ്മദാബാദിലെ ദുഗ്‌ദ്ധേശ്വരം ക്ഷേത്രത്തിലേക്കും പിന്നെ മൗണ്ട് അബുവിലേക്കും മറ്റുമായി എട്ടുവര്‍ഷം പശ്ചിമഭാരതത്തിലെ അനേകം കേന്ദ്രങ്ങളിലായി സഞ്ചരിച്ചു കഴിച്ചുകൂട്ടി. ആ സമയങ്ങളില്‍ പല നിലകളിലും തരങ്ങളിലും ഉള്ള യോഗികളേയും സന്ന്യാസികളേയും കാണുകയുണ്ടായെങ്കിലും അവരില്‍ ആരും യഥാര്‍ത്ഥ സത്യദൃഷ്ടികളും ജ്ഞാനികളുമായി അദ്ദേഹത്തിന് ബോദ്ധ്യപ്പെട്ടില്ല. 1854ല്‍ ഹരിദ്വാറിലെ കുംഭമേളയിലും അദ്ദേഹം പങ്കെടുക്കുകയുണ്ടായി. അവിടെ വന്നുചേര്‍ന്നിരുന്ന നിരവധി സന്ന്യസിമാരുമായും അനേകം സമ്പ്രദായങ്ങളില്‍പെട്ടവരും വിവിധതരം ആരാധനാ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചിരുന്നവരുമായ ആസ്തികന്മാരുമായും താന്ത്രികന്മാരുമായും അദ്ദേഹം പരിചയപ്പെട്ടു. ചിലരുടെ, വിശേഷിച്ചും വാമമാര്‍ഗ്ഗികളായ താന്ത്രികരുടെ അശ്ലീല വൃത്തികളിലും മാംസാഹാര ശീലങ്ങളിലും മനംമടുത്ത അദ്ദേഹം അവിടെ നിന്നും കേദാരനാഥം, യമുനോത്രി, ഗുപ്തകാശി തുടങ്ങിയ ഹിമാലയത്തിലെ അനേകം പ്രദേശങ്ങളിലും ഏകാകിയായി സത്യാന്വേഷിയായി അലഞ്ഞു നടന്നു. എല്ലായിടത്തും പുരോഹിതരുടെ ചൂഷണങ്ങളും സ്വാര്‍ത്ഥ പ്രവൃത്തികളുമാണ് അദ്ദേഹം കണ്ടത്. പലപ്പോഴും നിരാഹാരനായും ഏകവസ്ത്രധാരിയായി ഘോരമായ തണുപ്പും കഷ്ടപ്പാടുകളും സഹിച്ചും ആയിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം.
ഏതു വിഷയത്തിന്റേയും സാരം ഗ്രഹിക്കുന്നതിനും സത്യസ്ഥിതി മനസ്സിലാക്കുന്നതിനും അദ്ദേഹം കിണഞ്ഞ് ശ്രമിച്ചുകൊണ്ടിരുന്നു. ഒരിക്കല്‍ ഗംഗയിലൂടെ ഒഴുകിവന്ന ഒരു മനുഷ്യന്റെ ശവശരീരം കരയ്ക്കടുപ്പിച്ച് സ്വയം കീറിമുറിച്ച് നോക്കി. യോഗശാസ്ത്രത്തില്‍ പറയപ്പെടുന്ന ഷഡ്ചക്രങ്ങളുടെ രൂപവും സ്ഥാനവും കണ്ടെത്തുന്നതിനുള്ള തീവ്രാഭിനിവേശമാണ് ഇതില്‍കൂടിയെല്ലാം പ്രകടമാവുന്നത്. എന്നാല്‍ എല്ലായിടത്തുനിന്നും കഠിനമായ നിരാശയാണ് അദ്ദേഹത്തിന് ലഭിച്ചത്. അതോടെ പല യോഗ ഗ്രന്ഥങ്ങളും ഭ്രഷ്ടാചാരം പ്രചരിപ്പിക്കുന്നവയാണെന്നും വഴിതെറ്റിക്കുന്നവയാണെന്നും അദ്ദേഹത്തിന് ബോദ്ധ്യപ്പെട്ടു. തികച്ചും സത്യാത്മകങ്ങളും സ്വീകാര്യങ്ങളുമായി വേദങ്ങളും ബ്രാഹ്മണങ്ങളും ദശോപനിഷത്തുക്കളും ഷഡ്ദര്‍ശനങ്ങളും വിശേഷിച്ചും ജൈമിനിയുടെ പൂര്‍വ്വമീംമാസാദര്‍ശനവും പതഞ്ജലിയുടെ യോഗസൂത്രങ്ങളും കപിലന്റെ സംഖ്യാകാരികയും മനുസ്മൃതിയും മഹാഭാരതത്തിലെ ചില ഭാഗങ്ങളും മാത്രമേ വൈദിക ധര്‍മ്മത്തില്‍ സ്വീകാര്യങ്ങളായി അദ്ദേഹത്തിന് അനുഭവപ്പെട്ടുള്ളൂ. ആ കാലഘട്ടത്തില്‍ 1857-ലെ ഭാരതത്തിലെ ഒന്നാമത്തെ സ്വാതന്ത്ര്യസമരത്തിലും അദ്ദേഹം പങ്കെടുത്തിരുന്നതായി ചില ഗ്രന്ഥകാരന്മാര്‍ പ്രസ്താവിച്ചിട്ടുണ്ട്.
മഹാഗുരുവിന്റെ സന്നിധിയില്‍
പിന്നെയും മഥുരയിലും കാശിയിലും മറ്റുമായി ദയാനന്ദന്റെ സഞ്ചാര തപസ്സു തുടര്‍ന്നു. സംസ്‌കൃത വ്യാകരണമായ പാണിനിയുടെ അഷ്ടാദ്ധ്യായിയും അതിന് പതഞ്ജലിയുടെ മഹാഭാഷ്യവും യാസ്‌കന്റെ നിരുക്തശാസ്ത്രവും അഗാധമായി തന്നെ പഠിച്ച് അദ്ദേഹം ഉപസ്ഥിതി വരുത്തി. വേദവ്യാഖ്യാനത്തിനും പഠനത്തിനും ഇത് അത്യന്തം സഹായകമായി. ആ കാലത്തുതന്നെയാണ്, തന്റെ മുപ്പത്തി ഏഴാമത്തെ വയസ്സില്‍ ദയാനന്ദന്‍ മറ്റൊരു മഹാഗുരുവിനെക്കൂടി കണ്ടെത്തിയത്. ചെറുപ്പത്തില്‍ തന്നെ മസൂരി രോഗം ബാധിച്ച് അന്ധനായിത്തീര്‍ന്ന വിരജാനന്ദന്‍ ആയിരുന്നു ആ ഗുരുശ്രേഷ്ഠന്‍. വേദസാഹിത്യം മുഴുവന്‍ കണ്ഠസ്ഥമാക്കിയിരുന്ന അദ്ദേഹം വേദങ്ങള്‍ പകര്‍ന്നു നല്‍കിയിട്ടുള്ള കലര്‍പ്പില്ലാത്ത ജ്ഞാനത്തെ ഭാരതീയരില്‍ പുനഃസ്ഥാപിക്കണമെന്ന തീവ്രാഭിലാഷത്തോടെ കഴിഞ്ഞുകൂടുകയായിരുന്നു. പില്‍ക്കാലത്ത് ശ്രീരാമകൃഷ്ണന് വിവേകാനന്ദന്‍ എന്ന പോലെ വിരാജനന്ദന് ദയാനന്ദന്‍ തന്റെ ആഗ്രഹ നിര്‍വ്വഹണത്തിന് ഉതകുന്ന ശിഷ്യനായി. വിരജാനന്ദന്റെ സമീപം ഗുരുകുല വിദ്യാഭ്യാസം നടത്തിക്കൊണ്ട് മൂന്നു വര്‍ഷം വസിച്ചു.
അധൃഷ്യമായ വ്യക്തിത്വം
ശ്രീശങ്കരനുശേഷം മഹര്‍ഷി ദയാനന്ദ സരസ്വതിക്കൊപ്പം സംസ്‌കൃതഭാഷയില്‍ അഗാധമായ പാണ്ഡിത്യവും താര്‍ക്കിക ബുദ്ധിയും സ്വപ്രത്യയസ്ഥൈര്യവുമുള്ള മറ്റൊരു ധര്‍മ്മോദ്ധാരകനേയോ തന്റെ ദൗത്യനിര്‍വ്വഹണത്തില്‍ ഏകതാനമായി അവിശ്രമം അനവരതം പ്രവര്‍ത്തിച്ചുകൊണ്ടും ധാരാവാഹിയായി പ്രഭാഷണം ചെയ്തുകൊണ്ടും സഞ്ചാര തപസ്സ് അനുഷ്ഠിച്ചിരുന്ന മറ്റൊരു സന്ന്യാസിവര്യനേയോ ഭാരതം ഇന്നേവരെ ദര്‍ശിച്ചിട്ടില്ല. മഹര്‍ഷിസഹജമായ പവിത്രതയും ക്രാന്തദര്‍ശിത്വവും കൂടെത്തന്നെ ബ്രഹ്മചര്യം കൊണ്ടും യോഗാഭ്യാസം കൊണ്ടും ദൃഢീഭൂതവും ആകര്‍ഷകവുമായ വപുസ്സും വൈദുഷ്യപുഷ്ടവും സ്വാത്മദര്‍പ്പവും പ്രത്യുത്പന്നമതിത്വവും കൊണ്ട് പരിപൂരിതമായ വചസ്സും നിമിത്തം പ്രതിയോഗികളെ നിഷ്പ്രഭരും നിരായുധരുമാക്കാന്‍ അദ്ദേഹത്തിന് അനായാസമായി കഴിഞ്ഞിരുന്നു. പത്തും മൂന്നൂറും വിദ്വാന്മാര്‍ പ്രതിയോഗികളായി അണിനിരന്ന ശാസ്ത്രാര്‍ത്ഥ സദസ്സുകളില്‍പോലും അവരെയെല്ലാം ഒറ്റയ്ക്ക് വാദിച്ചു ജയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
ആര്യ സമാജത്തിന്റെ സ്ഥാപനം
സ്വാമിജിക്ക് അനേകം ശിഷ്യന്മാരുണ്ടായി. അവരിലൂടെ 1875-ല്‍ ബോംബെയില്‍ വെച്ചാണ് അദ്ദേഹം ആര്യസമാജം എന്ന മഹത്തായ സ്ഥാപനത്തിന് രൂപം നല്‍കിയത്. കൊല്‍ക്കത്തയിലെ ബ്രഹ്മസമാജത്തിന്റേയും അതിന്റെ മഹാരാഷ്ട്രപ്പതിപ്പായ പ്രാര്‍ത്ഥനാസമാജത്തിന്റെയും ശാരദാ സദനത്തിന്റെയും സര്‍വ്വധര്‍മ്മ പ്രാര്‍ത്ഥനയിലും ക്രിസ്തീയമായ അവയുടെ അനുകരണങ്ങളിലും തോന്നിയ അതൃപ്തിയാണ് ആര്യസമാജത്തിന്റെ സ്ഥാപനത്തിന് സ്വാമിജിയെ പ്രേരിപ്പിച്ചത്. വൈദിക മതത്തിന്റെ ആദര്‍ശങ്ങളെ ഹിന്ദുജനതയില്‍ പുനഃസ്ഥാപിക്കാനും മതപരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ക്ക് തിരികെ ഹിന്ദുമതത്തിലേക്ക് വരുവാനുള്ള മാര്‍ഗ്ഗം വ്യവസ്ഥാപിതമാക്കാനും ആര്യസമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സഹായകമായി. അജ്മീറിലും ദല്‍ഹിയിലും മറ്റു സ്ഥലങ്ങളിലും സ്ഥാപിതമായ ശാഖകള്‍ വഴി ഇന്നും സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു, ഈ ധര്‍മ്മസംഘടന.
‘സത്യാര്‍ത്ഥപ്രകാശ’ത്തിന്റെ രചന
സ്വാമിജി ഋഗ്വേദാദിഭാഷ്യഭൂമിക തുടങ്ങിയ ഗ്രന്ഥങ്ങള്‍ രചിച്ചിരുന്നെങ്കിലും സത്യാര്‍ത്ഥ പ്രകാശം എന്ന അത്ഭുത രചനയാണ് അദ്ദേഹത്തിന്റെ ശാശ്വത യശഃസ്തംഭമായി പരിലസിക്കുന്നത്. വിക്രമാബ്ദം 1939 (ക്രി.വ. 1882)ല്‍ ഹിന്ദിയില്‍ രചിക്കപ്പെട്ടിട്ടുള്ള ഈ ബൃഹത് ഗ്രന്ഥത്തിന്റെ സമുല്ലാസങ്ങള്‍ എന്ന് പേരിട്ടിട്ടുള്ള അദ്ധ്യായങ്ങളിലാണ് മഹര്‍ഷിയുടെ ആത്മപ്രകാശം മുഴുവന്‍ മറയില്ലാതെ, സംശയത്തിന്റെ നിഴല്‍പാടുകള്‍ ഇല്ലാതെ പ്രകടമായിട്ടുള്ളത്. വൈദിക ഹിന്ദുത്വത്തിന്റെ യഥാര്‍ത്ഥസ്വരൂപം ഇതില്‍ ദര്‍ശിക്കാവുന്നതാണ്. ഇതില്‍ പ്രപഞ്ചനം ചെയ്തിട്ടുള്ള ധര്‍മ്മവും ധര്‍മ്മാചാരണങ്ങളുമായി അനേകം വിഷയങ്ങളില്‍ പലതും ചോദ്യോത്തര രൂപത്തിലാണ് ചര്‍ച്ച ചെയ്തിട്ടുള്ളത്. ‘എന്നാല്‍’, ‘എങ്കിലും’, ‘പക്ഷേ’ ഇമ്മാതിരി വാക്കുകള്‍ക്കൊന്നും അവിടെ സ്ഥാനമില്ല. അതെ, അല്ല ഈ രണ്ടു വാക്കുകളില്‍ ഉത്തരം പറഞ്ഞ് അവയ്ക്ക് സംശയ ഛേദകങ്ങളും, ഖണ്ഡനാത്മകങ്ങളുമായ വ്യാഖ്യാനങ്ങളിലൂടെ ഉപപത്തി പ്രദര്‍ശിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. അവയ്‌ക്കെല്ലാം വേദങ്ങളില്‍ നിന്നും ബ്രാഹ്മണങ്ങളില്‍ നിന്നും ഉപനിഷത്തുകളില്‍ നിന്നും ദര്‍ശനങ്ങളില്‍ നിന്നും മനുസ്മൃതിയില്‍ നിന്നും സ്വീകരിച്ചിട്ടുള്ള ഉദ്ധരണികളുടെ പിന്‍ബലവും നല്‍കിയിട്ടുണ്ട്.
രക്തസാക്തിത്വം വരിച്ച മഹാമാനവന്‍
അദ്ദേഹത്തിന് അനേകം ശിഷ്യന്മാരും മിത്രങ്ങളുമുണ്ടായിരുന്നതുപോലെ തന്നെ ശത്രുക്കളും കുറവല്ലായിരുന്നു. മിഷണറിമാരും അന്യമതസ്ഥരും മാത്രമല്ല, പരമാര്‍ത്ഥത്തില്‍ അവരെക്കാളും വളരെയധികം യാഥാസ്ഥിതികരായ ഹിന്ദുക്കള്‍ തന്നെയാണ് ശത്രുക്കളായി അണിനിരന്നിരുന്നത്. വിദ്വത്വത്തിലും ബുദ്ധിയിലും എല്ലാം അദ്ദേഹത്തോട് കിടനില്ക്കാനോ നേരിടാനോ ഒരിക്കലും തങ്ങളെക്കൊണ്ടാവില്ല, എന്ന ബോധ്യം വന്നിരുന്ന അവര്‍ ആ മഹാപുരുഷനെ വധിക്കാന്‍ പലപാട് ശ്രമിക്കുകയുണ്ടായി. അവസാനം അദ്ദേഹത്തിന്റെ വിശ്വസ്തനായി കരുതപ്പെട്ടിരുന്ന പാചകക്കാരന്‍ വഴി അദ്ദേഹത്തിന് നല്‍കപ്പെട്ട പാലില്‍ വിഷം കലര്‍ത്തി അദ്ദേഹത്തെ വധിക്കുന്നതില്‍ അവര്‍ വിജയിക്കുക തന്നെ ചെയ്തു. താന്‍ കഴിച്ച പാലില്‍ ഉഗ്രമായ വിഷം കലര്‍ത്തപ്പെട്ടിട്ടുണ്ടെന്ന സത്യം അറിഞ്ഞ അദ്ദേഹം, തന്റെ പാചകക്കാരനോട് ക്ഷോഭിച്ചില്ല. തന്റെ ശിഷ്യന്മാര്‍ എത്തിച്ചേരാനിടയില്ലാത്ത ഏതെങ്കിലും സ്ഥലത്തു പോയി രഹസ്യമായി പാര്‍ത്തുകൊള്ളാന്‍ മാത്രം പറഞ്ഞ് ഒരു പണക്കിഴിയും കൊടുത്ത് യാത്രയാക്കുകയാണ് ആ മഹാത്മാവ് ചെയ്തത്. ഇതില്‍ നിന്നും പ്രതിയോഗിഭയങ്കരന്‍ എന്നറിയപ്പെട്ടിരുന്ന മഹര്‍ഷിയായ ദയാനന്ദന്റെ അന്വര്‍ത്ഥകമായ ദയാലുതയും മഹാമാനവതയും പ്രസ്പഷ്ടമാവുന്നതാണ്. ആ ധന്യ ജീവിതത്തിന്റെ അന്ത്യം കുറിച്ച വിഷപ്രയോഗത്തിന്റെ സംഭവം നടന്നത് 1883ലാണ്. അപ്പോള്‍ അദ്ദേഹത്തിന് 59 വയസ്സായിരുന്നു.
സ്വാമി ദയാനന്ദ സരസ്വതി രക്തസാക്ഷിത്വം വരിച്ചതിനുശേഷം ഒരു നൂറ്റാണ്ട് ,കൃത്യമായി പറഞ്ഞാല്‍ 135 കൊല്ലക്കാലം കഴിഞ്ഞിരിക്കുന്നു.
സര്‍വ്വസംഗ പരിത്യാഗിയും തികച്ചും പരിവ്രാജകനുമായിരുന്ന ആ യോഗീശ്വരന്‍ പരാര്‍ത്ഥമായി നിര്‍വ്വഹിച്ച മിക്ക കാര്യങ്ങളും വിപ്ലവാത്മകങ്ങളായിരുന്നു. പലതും ആ കാലഘട്ടത്തിന് അത്യന്താപേക്ഷിതങ്ങളും ഹൈന്ദവ ജീവിതത്തിന് പരിശുദ്ധിയും കരുത്തും ഏകുന്നതുമായിരുന്നു. അന്യമതക്കാരുടെ അസ്ഥാനത്തുള്ള ആക്രമണങ്ങളെ ശക്തിയുക്തം പ്രതിരോധിക്കുന്നതിനും അവയ്ക്ക് കഴിഞ്ഞു. മാത്രമല്ല, ഹിന്ദുത്വത്തില്‍ തന്നെ നൂറ്റാണ്ടുകള്‍ കൊണ്ട് അടിഞ്ഞുകൂടിയിരുന്ന മാലിന്യങ്ങള്‍ തുടച്ചുനീക്കുന്നതിനും അനാചാരങ്ങളും ദുരാചാരങ്ങളുംകൊണ്ട്, ശതച്ഛിദ്രമായ കനകകലശം പോലെ, അനുപാദേയമായിക്കഴിഞ്ഞിരുന്ന ഹിന്ദുവിന്റെ മതധാരണയെ ആകെത്തന്നെ നവീകരിക്കാനും സ്വാമിജിക്ക് കഴിഞ്ഞു. ജാതിഭേദങ്ങളെല്ലാം അടിസ്ഥാനമില്ലാത്തവയാണെന്ന് വൈദിക സാഹിത്യത്തില്‍ നിന്നുതന്നെയുള്ള ഉദ്ധരണികള്‍ വഴി അദ്ദേഹം സമര്‍ത്ഥിച്ചു. അതേപോലെ വേദാദികള്‍ പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും സ്ത്രീകള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും അവകാശവും അധികാരവുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. മാംസാഹാരശീലങ്ങളോടുള്ള എതിര്‍പ്പും ഗോ സംരക്ഷണത്തോടുള്ള പ്രതിജ്ഞാബദ്ധതയും നിമിത്തം അഹിംസാ ഭാവനയ്ക്ക് വലിയ പ്രചാരം അദ്ദേഹം നല്‍കുകയുണ്ടായി.