2018ലെ ഏഷ്യന്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് നേട്ടങ്ങള്‍ രാജ്യത്തെ കായികരംഗത്തിന് ആഹ്‌ളാദം പകര്‍ന്നു നല്‍കി കടന്നുപോയപ്പോള്‍, ഏറെ പ്രതീക്ഷയോടെയാണ് പുതുവര്‍ഷമികവുകള്‍ക്കായി കായികസ്‌നേഹികള്‍ കാത്തിരുന്നത്. 2019ല്‍ ലോകകായികരംഗത്ത് ഇന്ത്യന്‍ പ്രകടനങ്ങള്‍ നിരാശപ്പെടുത്തിയെന്ന് പറയാനാകില്ലെങ്കിലും തൊട്ടുമുന്‍ വര്‍ഷമുണ്ടായ കുതിപ്പുകള്‍ക്കനുസൃതമായ മുന്നേറ്റം ഉണ്ടാക്കാനായില്ലെന്ന് കണക്കെടുപ്പുകളില്‍ തെളിയുന്നുണ്ട്.
വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ ലോകക്രിക്കറ്റില്‍ ഒരു കാലത്ത് വെസ്റ്റ് ഇന്‍ഡീസിനും ആസ്‌ട്രേലിയ്ക്കും കൈവരിക്കാനായ പ്രകടനസമഗ്രതയിലേക്ക് നീങ്ങുന്നത്, വീണ്ടും വീണ്ടും കാണാനായിയെന്നതായിരുന്നു 2019ലെ ഭാവാത്മകമായ കാഴ്ച. 2021ല്‍ നടക്കേണ്ടുന്ന ചരിത്രത്തിലെ ആദ്യത്തെ ടെസ്റ്റ് ക്രിക്കറ്റ് ലോകചാമ്പ്യന്‍ഷിപ്പിലേക്കുള്ള ആദ്യപാദ മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്ക, വെസ്റ്റ്ഇന്‍ഡീസ്, ബംഗ്‌ളാദേശ് ടീമുകള്‍ക്കെതിരെ നിശിതവും കണിശവുമായ ജയങ്ങള്‍ കൈവരിച്ച് മുന്നേറുന്നതും ഇക്കാലയളവില്‍ എതിരിട്ട ടീമുകളെയെല്ലാം നിലംപരിശാക്കാനായി എന്നതും പോയവര്‍ഷ നേട്ടങ്ങളാണ്. ലോക ടെസ്റ്റ്‌റേറ്റിങ്ങില്‍ ഒന്നാമതും ഏകദിനത്തില്‍ രണ്ടാമതും എത്തിയതും ചെറിയ കാര്യമല്ല. ജസ്പ്രീത്ബുംറയെന്ന ഇന്ത്യന്‍ ഫാസ്റ്റ്ബൗളര്‍ ലോകത്തിലെ ഒന്നാം നമ്പര്‍ അതിവേഗ പന്തേറുകാരനാകുന്നത് വിസ്മയത്തോടെയാണ് ക്രിക്കറ്റ് ലോകം കണ്ടത്. മുഹമ്മദ് ഷാമി ബുംറക്ക് കൂട്ടാകുന്നതും ഏറുകാരുടെയിടയിലെ ഏറ്റവും മാരകമായ കോമ്പിനേഷനുണ്ടാകുന്നതും പിന്നിട്ട കാലാംശത്തിലാണ്. ടെസ്റ്റ് മത്സരങ്ങളില്‍ മായാങ്ക് അഗര്‍വാളും ഏകദിനത്തില്‍ ശ്രേയസ് അയ്യരും വരും കാലത്തേക്കുള്ള സൂക്ഷിപ്പുകളാകുന്നതും കഴിഞ്ഞ വര്‍ഷത്തെ നല്ല കാര്യങ്ങളാണ്.
ബാഡ്മിന്റണില്‍ സിന്ധുവിന്റെ ലോകകിരീട വിജയമൊഴിച്ചാല്‍ ഓര്‍ത്തുവയ്ക്കാനുള്ളത് സ്വതിക് രാജ് രെങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യത്തിന്റെ കന്നിക്കിരീടനേട്ടവും സൗരഭ് വര്‍മയുടേയും ജൂനിയര്‍ താരം ലക്ഷ്യസെന്നിന്റേയും ശ്രദ്ധേയ വിജയങ്ങളുമായിരുന്നു. കൊറിയന്‍ സൂപ്പര്‍ സീരീസ് വിജയവും ഫ്രഞ്ച് ഓപ്പണ്‍ ഫൈനല്‍ പ്രവേശവും ലോക റാങ്കിങ്ങില്‍ 12-ാം സ്ഥാനത്തേക്കുയരാന്‍ റെഡ്ഡി-ഷെട്ടി കൂട്ടുകെട്ടിന് സഹായകമായി. സീനിയര്‍ തലത്തില്‍ മൂന്ന് അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍ ജയിക്കാനായത് ലക്ഷ്യസെന്നിന്റെ പ്രതിഭത്തിളക്കത്തിന് മാറ്റുകൂട്ടി. സൂപ്പര്‍ സീരിസില്‍ രണ്ടുചാമ്പ്യന്‍ഷിപ്പ് നേട്ടങ്ങള്‍ സൗരഭ് വര്‍മയുടെ ലോകറാങ്കിങ്ങില്‍ കയറ്റമുണ്ടാക്കി. എന്നാല്‍ തുടര്‍ച്ചയായ പരാജയങ്ങളിലൂടെ സൈനാ നേഹ്‌വാള്‍, കിടമ്പിശ്രീകാന്ത് എന്നിവര്‍ 2019ല്‍ നിരാശപ്പെടുത്തി; റാങ്കിങ്ങില്‍ ആദ്യപത്തില്‍ നിന്നും പിന്തള്ളപ്പെടുകയും ചെയ്തു.
ഖസാക്കിസ്ഥാനിലും റഷ്യയിലുമായി നടന്ന ലോക ബോക്‌സിങ് – ഗുസ്തി മത്സരങ്ങളില്‍ 52 കി.ഗ്രാം ഭാരവിഭാഗത്തില്‍ ഫൈനലിലെത്തിയ അമിത് പംഗലും ഗുസ്തിയില്‍ രവിദഹിയയും ടോക്കിയോ ഒളിമ്പിക്‌സ് യോഗ്യതാ മത്സരങ്ങള്‍ക്ക് അര്‍ഹത നേടിയതും മുന്‍വര്‍ഷ വിശേഷമാണ്. രവിക്കൊപ്പം ലോക ഒന്നാംനമ്പര്‍ (65കി.) ബജ്‌റംഗ് പൂനിയയും, വിനേഷ്‌ഫോഗട്ടും ഇതിനകം തന്നെ ടോക്കിയോയിലേക്ക് ചീട്ട് വാങ്ങിയവരാണ്. എം.സി മേരികോം ലോകകപ്പ് സെമിയില്‍ കടന്ന് വെങ്കലം നേടുകയുണ്ടായി. എന്നാല്‍ അവര്‍ക്ക് ഒളിമ്പിക്‌സ് മത്സരം ഉറപ്പാക്കാന്‍ ദേശീയ ട്രയല്‍സില്‍ നികത് സരിനുമായി മത്സരിച്ച് വിജയിക്കേണ്ടതുണ്ട്.
ഹോക്കിയില്‍ നഷ്ടപ്രതാപം തിരിച്ചു പിടിക്കാനുള്ള പോരാട്ടങ്ങളുടെ ആദ്യപടിയായി ഭൂവനേശ്വറില്‍ നടന്ന ഒളിമ്പിക് യോഗ്യതയുടെ അന്തിമ മത്സരങ്ങളില്‍ വിജയിച്ച ഇന്ത്യന്‍ പുരുഷ വനിതാ ടീമുകള്‍ ടോക്കിയോയിലേക്ക് പ്രവേശനം ഉറപ്പിച്ചുവെന്നതാണ് പോയവര്‍ഷത്തെ ഏറെ സന്തോഷം നല്‍കുന്ന കായികവാര്‍ത്ത. പുരുഷന്മാര്‍ റഷ്യയേയും വനിതകള്‍ അമേരിക്കയേയും ഇരുപാദമത്സരങ്ങളില്‍ തോല്‍പ്പിച്ചാണ് കടമ്പ കടന്നത്. നാല്‍പ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി മെഡല്‍ മേഖലയിലെത്താനാകും എന്ന് പ്രതീക്ഷിച്ചാണ് ഗ്രഹാം റീഡ് പരിശീലിപ്പിക്കുന്ന ടീം ഇന്ത്യ തയ്യാറെടുപ്പ് നടത്തിവരുന്നത്.
ടോക്കിയോയില്‍ ഇന്ത്യ അമിത പ്രതീക്ഷ പുലര്‍ത്തുന്ന ഷൂട്ടിങ്ങില്‍ മികച്ച പ്രകടനങ്ങളാണ് 2019 കണ്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന യോഗ്യതാമത്സരങ്ങളില്‍ പങ്കെടുത്ത് പന്ത്രണ്ട് ഒളിമ്പിക് ക്വാട്ടാ സ്ഥാനങ്ങളാണ് ഇന്ത്യന്‍ താരങ്ങള്‍ കരസ്ഥമാക്കിയത്. കൗമാരതാരങ്ങളായ സൗരഭ് വര്‍മയും മനുഭക്കറും അന്‍ജു മുഡുകലുമെല്ലാം മത്സരങ്ങള്‍ക്കിടയില്‍ നിലവിലുള്ള ലോക റെക്കോഡുകള്‍ പുതുക്കിയിരുന്നു.
അത്‌ലറ്റിക്‌സില്‍ ഓര്‍ത്തുവയ്ക്കാന്‍ അധിക നേട്ടങ്ങളൊന്നും പോയവര്‍ഷമുണ്ടായില്ല. ഇന്ത്യയുടെ ഉറച്ച ഒളിമ്പിക് മെഡല്‍ പ്രതീക്ഷയായ ജാവലിന്‍ താരം നീരജ്‌ചോപ്ര പരിക്കിനെത്തുടര്‍ന്ന് ദീര്‍ഘചികിത്സ കഴിഞ്ഞ് വിശ്രുതകോച്ച് ഊവ് ഹോണിനൊപ്പം ജര്‍മ്മനിയില്‍ പരിശീലനം പുനരാരംഭിച്ചിട്ടേയുള്ളൂ. 2019ല്‍ ഒരു മത്സരത്തില്‍പ്പോലും നീരജിന് പങ്കെടുക്കാനായിരുന്നില്ല. ‘ഡിങ് എക്‌സ്പ്രസ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹിമദാസ് പരിക്ക് കാരണം 2018ലെ നിലവാരം സൂക്ഷിക്കാനാകാതെ വലയുന്നതും പിന്നിട്ട വര്‍ഷത്തിന്റെ നിരാശയാണ്. മുന്‍വര്‍ഷം ലോംഗ്ജമ്പില്‍ 8.20 മീറ്ററിന്റെ വിസ്മയക്കുതിപ്പ് നടത്തിയ കേരളത്തിന്റെ ശ്രീശങ്കറിനും 1500 മീറ്ററില്‍ 3 മിനിട്ട് 35 മിനിട്ട്‌സമയത്തില്‍ ഓടി ലോകമുന്‍നിരക്കാര്‍ക്കൊപ്പം സ്ഥാനം അടയാളപ്പെടുത്തിയ ജിന്‍സണ്‍ ജോണ്‍സനും 2019 നന്നായിരുന്നില്ല. പിന്നിട്ട വര്‍ഷം സ്വന്തം പ്രകടനം മെച്ചപ്പെടുത്താനായത് വനിതാ ജാവലിനില്‍ അന്നു റാണിക്കും പുരുഷ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ അവിനാഷ് സാബ്ലേക്കും 4 ഃ 400 മീറ്റര്‍ മിക്‌സസ് റിലേ ടീമിനും മാത്രമാണ്. മൂന്ന് വിഭാഗത്തിലും ഒളിമ്പിക് യോഗ്യത ഉറപ്പാക്കുകയും ചെയ്തു.
ടേബിള്‍ ടെന്നീസില്‍ സമീപകാലത്ത് ഉയര്‍ന്നു വന്ന പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ശരത് കമലും ജി.സത്യനും മണിക്ക ബത്രയുമടങ്ങുന്ന ടീമിനായി. അടുത്ത് നടക്കാനിരിക്കുന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ക്വാര്‍ട്ടര്‍ ഫൈനലിലെത്താന്‍ കഴിഞ്ഞാല്‍ ഒളിമ്പിക് യോഗ്യത തരപ്പെടും. അതിനായുള്ള തീവ്ര പരിശീലനത്തിലാണ് മൂവരും. 2018 ഏഷ്യന്‍ കോമണ്‍ വെല്‍ത്ത് ഗെയിംസ് മത്സരങ്ങളില്‍ നടാടെയുണ്ടായ മെഡല്‍ നേട്ടം ഇവര്‍ക്ക് പ്രചോദനമാകുന്നുണ്ട്.
ഫുട്‌ബോളില്‍ ഇന്ത്യയുടെ അന്താരാഷ്ട്ര റേറ്റിങ്ങ് 96 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് 2019 ന്റെ വരവ്. ഖത്തറിലെ ഏഷ്യാ കപ്പ് മത്സരങ്ങളില്‍, ആദ്യത്തേതില്‍ തായ്‌ലന്റിനെ 4-1ന് തകര്‍ത്തുകൊണ്ടുള്ള ഉജ്ജ്വലത്തുടക്കം പിന്നീട് നിലനിര്‍ത്താനായില്ല. കളിമെച്ചമാകുന്നുണ്ടെങ്കിലും ഫലം വിപരീതമാകുന്ന ദുരവസ്ഥയില്‍ നിന്നും ടീം മോചിതമാകേണ്ടതുണ്ട്. ഏഷ്യാകപ്പിന് ശേഷം കോണ്ടിനെന്റല്‍ കപ്പില്‍ സിറിയയേയും ലോകകപ്പ് യോഗ്യതാമത്സരങ്ങളില്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറിനേയും സമനിലയില്‍ പിടിക്കാനായി എന്നതല്ലാതെ ഓര്‍ക്കാന്‍ സുഖമുള്ളതൊന്നും ഇന്ത്യന്‍ കാണികള്‍ക്ക് പകരാന്‍, സുനില്‍ ഛേത്രിക്കും കോച്ച് ഇഗോര്‍സ്റ്റിമാച്ചിനും വര്‍ഷം പിന്നിടുമ്പോള്‍, കഴിഞ്ഞിട്ടില്ല.
വെയിറ്റ് ലിഫ്റ്റിങ്ങില്‍ കൗമാരപ്രതിഭയായ ജൂനിയര്‍ ലോകചാമ്പ്യന്‍ ജെറമി ലാല്‍റിനുങ്കയും വനിതാതാരം മീരാഭായ് ചാനുവും മികച്ച നിലവാരം തുടരുന്നുവെന്നത് വരും നാളുകളില്‍ സന്തോഷത്തിനുള്ള വകയാകും. എന്നാല്‍ ടോക്കിയോ പ്രവേശനത്തിനായി ഇരുവര്‍ക്കും ഇനിയും മുന്നേറേണ്ടതുണ്ട്.
പുതുവര്‍ഷം, അന്താരാഷ്ട്ര കായികരംഗത്ത് മുന്നേറുന്നതിനായി ഒട്ടേറെ സാദ്ധ്യതകള്‍ ഇന്ത്യക്ക് തുറന്ന് തരുന്നുണ്ട്. അതിലേറ്റവും മുന്തിയതും രാജ്യം ഉറ്റുനോക്കുന്നതും ടോക്കിയോ ഒളിമ്പിക്‌സാണ്. ദേശത്തിന്റെ വിവിധ മേഖലകളിലായുള്ള കായിക സെന്ററുകളിലും അക്കാദമികളിലുമായി തീവ്രപരിശീലനങ്ങള്‍ അതിനായി നടന്നുവരികയാണ്. ‘ടാര്‍ജറ്റ് ഒളിമ്പിക് പോഡിയം’ (ഠഛജ) പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വിദേശ പരിശീലനസൗകര്യങ്ങള്‍ വളരെ മുന്‍പ് തന്നെ രൂപപ്പെട്ടിട്ടുണ്ട്. ലോകഫുട്‌ബോള്‍ യോഗ്യതാ മത്സരങ്ങളുടെ അവശേഷിച്ച മത്സരങ്ങള്‍ 2020ലാണ് നടക്കുക. പരിഹരിക്കേണ്ടതും പരിഗണിക്കേണ്ടതുമെല്ലാം കായികസംഘാടകരും മത്സരാര്‍ത്ഥികളും കണക്കിലെടുത്ത് പാകം വരുത്തേണ്ട സമയമാണിത്. വരുംവര്‍ഷത്തിലെ ഇന്ത്യന്‍ പ്രകടനങ്ങള്‍, വര്‍ഷാന്ത്യത്തിലെത്തി വിലയിരുത്തല്‍ നടത്തുമ്പോള്‍ ആഹ്ലാദിക്കാന്‍ വകയുണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.