മമതബാനര്‍ജിയുടെ ബംഗാളില്‍ എല്ലാം തലകുത്തനെയാണ്. നമ്മുടെ നാട്ടിലൊക്കെ സര്‍വ്വകലാശാല പരീക്ഷ നടത്തും; വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതും. മമതയുടെ നാട്ടില്‍ നേരെമറിച്ചാണ്. വിദ്യാര്‍ത്ഥികള്‍ പരീക്ഷ നടത്തും; സര്‍വ്വകലാശാല ചാന്‍സലര്‍ പരീക്ഷയെഴുതും. നമ്മുടെ നാട്ടില്‍ തോറ്റവന് പിന്നെയും എഴുതാന്‍ അവസരമുണ്ട്. എന്നാല്‍ മമതയുടെ നാട്ടിലെ വിചിത്ര പരീക്ഷ എഴുതി തോറ്റാല്‍ പിന്നെയവന് സര്‍വ്വകലാശാല കണികാണാനാകില്ല. തമാശപറയുകയല്ല. ബംഗാളിലെ ജാദവ്പൂര്‍ സര്‍വ്വകലാശാലയില്‍ ഇയ്യിടെ നടന്ന സംഭവമാണ്. അവിടുത്തെ ആര്‍ട്‌സ് ഫേക്കല്‍ട്ടി സ്റ്റുഡന്‍സ് യൂനിയനും ഫാക്കല്‍ടി ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി സ്റ്റുഡന്‍സ് യൂനിയനും ചേര്‍ന്ന് ഒരു പരീക്ഷ നടത്തി. പരീക്ഷാര്‍ത്ഥിയായി അവര്‍ പ്രഖ്യാപിച്ചത് സംസ്ഥാന ഗവര്‍ണര്‍ കൂടിയായ ചാന്‍സലര്‍ ജഗ്ദീഷ് ധന്‍ക്കറിനെ. പരീക്ഷയിലെ ചോദ്യങ്ങള്‍ എന്‍.ആര്‍.സി., ദേശീയ ജനസംഖ്യപട്ടിക, പൗരത്വഭേദഗതി നിയമം, വിദ്യാര്‍ത്ഥികള്‍ക്ക്, പ്രത്യേകിച്ച് മുസ്ലീങ്ങള്‍ക്ക്, നേരെ ഉണ്ടായ അക്രമം എന്നിവയെക്കുറിച്ചായിരുന്നു. പരീക്ഷാ പ്രഹസനം കഴിഞ്ഞ് അവര്‍ തന്നെ മാര്‍ക്കിടുകയും ചെയ്തു. ഗവര്‍ണര്‍ക്ക് കിട്ടിയത് പൂജ്യം മാര്‍ക്ക്. തോറ്റതിനുപുറമെ അക്രമത്തിനു പ്രേരണ നല്‍കി, ബി.ജെ.പിക്കൊപ്പംനിന്നു എന്നീ ഗുരുതരമായ കുറ്റം ചെയ്തു ഗവര്‍ണര്‍ എന്നു കൂടി അവര്‍ ‘അന്വേഷണം’ നടത്തി കണ്ടെത്തി. വൈകാതെ അദ്ദേഹത്തെ ചാന്‍സലര്‍ പദവിയില്‍ നിന്നും അവര്‍ ‘പുറത്താക്കി’.
ഇത്തരം തോന്നിവാസങ്ങള്‍ കാണിക്കുന്നവരെ മുക്കാലിയില്‍ കെട്ടി ചന്തിക്ക് നല്ല ചാട്ടവാറടി കൊടുക്കണ്ടതല്ലേ. എന്നാല്‍ അവര്‍ക്ക് വെള്ളവും വളവും നല്‍കുകയാണ് മമത എന്ന ഭ്രാന്തുപിടിച്ച മുഖ്യമന്ത്രി. ഗവര്‍ണര്‍ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിയ അവര്‍ കുട്ടിക്കുരങ്ങുകളെക്കൊണ്ട് ചുടുചോറു വാരിക്കുകയാണ്. ചാന്‍സലറെ സര്‍വ്വകലാശാലയില്‍ കടക്കാന്‍ ഈ കുട്ടിക്കുരങ്ങന്മാര്‍ സമ്മതിച്ചില്ല. കലാപകാരികളായ വിദ്യാര്‍ത്ഥികളെ അക്രമത്തിനു പ്രേരിപ്പിക്കുന്ന മമതയെ ഇരുത്തേണ്ടത് എവിടെയാണ്? നിയമസഭയിലോ ജയിലിലോ?