ശബരിമലയില്‍ നടതുറന്നിരിക്കുന്ന കാലത്തൊക്കെ രാത്രിയില്‍ അത്താഴപൂജ കഴിഞ്ഞു നിത്യവും ശാസ്താവിനെ പാടിയുറക്കുന്നത് ഹരിവരാസനം കേള്‍പ്പിച്ചാണ്. അങ്ങനെ ഹരിവരാസനം പാടുന്ന പതിവിനു പിന്നിലൊരു കഥയുണ്ട്. ഇന്ന് നിത്യവും യേശുദാസ് പാടിയ ഹരിവരാസനം കേള്‍പ്പിക്കുന്നതില്‍ അതിലും കൗതുകമാര്‍ന്നൊരു ഭക്തികഥയുണ്ട്.
ഇന്ന് കാണുംപോലെ ആളും ആരവവും വെളിച്ചവുമുള്ള ടൗണ്‍ഷിപ്പായിരുന്നില്ല പതിറ്റാണ്ടുകള്‍ക്ക് മുമ്പത്തെ ശബരിമല. കൊടുംകാടിനുള്ളിലെ ചെറിയ ക്ഷേത്രം. മണ്ഡലകാലത്തും എല്ലാ മലയാളമാസം ഒന്നാം തീയതിയും നടതുറക്കാറുണ്ടായിരുന്നെങ്കിലും വിരലിലെണ്ണാവുന്ന ഭക്തര്‍ മാത്രം പുലിവായിലകപ്പെടാതെ സന്നിധാനം പൂകിയിരുന്നു.
മാവേലിക്കര സ്വദേശി ഈശ്വരന്‍ നമ്പൂതിരി മേല്‍ശാന്തിയായിരുന്ന കാലം ആലപ്പുഴയില്‍ നിന്ന് വി.ആര്‍.ഗോപാലമേനോന്‍ എന്നൊരു പരമഭക്തന്‍ അയ്യപ്പനെ ദര്‍ശിക്കുവാന്‍ എത്തുമായിരുന്നു. തൊഴുതിട്ടും തൊഴുതിട്ടും മതിവരാതെ മേനോന്‍ സന്നിധാനത്തില്‍ത്തന്നെ പാര്‍ക്കുമായിരുന്നു.
ഹരിഹരസുതാഷ്ടകത്തില്‍ വ്യുല്‍പ്പത്തിയുണ്ടായിരുന്ന മേനോന്‍ നിത്യവും അത്താഴപൂജ കഴിഞ്ഞ് നട അടയ്ക്കാന്‍ നേരം ഹരിവരാസനം ചൊല്ലുന്നത് ശീലമാക്കി. മേല്‍ശാന്തി ഈശ്വരന്‍ നമ്പൂതിരിക്കും അതിഷ്ടമായി. ഒരിക്കല്‍ മണ്ഡലകാലത്ത് ശബരിമലയിലെത്തിയ മേനോന്‍ മകരവിളക്ക് കഴിഞ്ഞിട്ടും സന്നിധാനം വിട്ടുപോകാന്‍ കൂട്ടാക്കിയില്ല. സ്വാമിയല്ലാതൊരു ശരണമില്ലെന്നു സമര്‍പ്പിച്ച്, കായ്കനികള്‍ ഭക്ഷിച്ച് കാട്ടുമൃഗങ്ങളോട് സമരസപ്പെട്ട്, ക്ഷേത്രം വൃത്തിയോടെ പരിപാലിച്ച് കാനനവാസന്റെ സന്നിധിയില്‍ തുടര്‍ന്നു.
ക്ഷേത്രഭരണം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തപ്പോള്‍ ഭരണപരിഷ്‌ക്കാരങ്ങളുടെ ഭാഗമായി നടയടച്ചുകഴിഞ്ഞാല്‍ പിന്നെയാരും സന്നിധിയില്‍ പാര്‍ക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ചു. നിവൃത്തിയില്ലാതെ കണ്ണീരോടെ മേനോന്‍ പടിയിറങ്ങി. വണ്ടിപ്പെരിയാറിലെ ഒരു തേയിലത്തോട്ടത്തില്‍ വെച്ച് ആരോരുമില്ലാതെ ആ അയ്യപ്പഭക്തന്‍ മോക്ഷം പ്രാപിച്ചു.
വീണ്ടുമൊരു മണ്ഡലകാലത്ത് നടതുറന്നപ്പോള്‍ ഈശ്വരന്‍ നമ്പൂതിരിയെത്തി. മേനോന്റെ വിയോഗമറിഞ്ഞ് വ്യസനിച്ചു. അത്താഴപ്പൂജ കഴിഞ്ഞു നട അടയ്ക്കാന്‍ നേരം ഹരിവരാസനം പാടാന്‍ ആരുമില്ലല്ലോ എന്ന് സങ്കടപ്പെട്ടു. മേനോന്റെ സ്മരണയില്‍ അദ്ദേഹം സ്വയം ശ്രീകോവിലിനുള്ളിലിരുന്ന് ഹരിവരാസനം ആലപിച്ചു. പിന്നെ എല്ലാ ദിവസവും മേല്‍ശാന്തി ഇതാവര്‍ത്തിച്ചു. അതുകണ്ടു സായൂജ്യമടയാന്‍ ഭക്തര്‍ തിക്കിത്തിരക്കി.
തിരിനാളങ്ങളുടെ അലൗകിക പ്രഭയില്‍ മുങ്ങിയ ശ്രീകോവിലില്‍ അയ്യപ്പസ്വാമിയുടെ തങ്കവിഗ്രഹം. ഹരിവരാസനം അവസാന പാദത്തിലെത്തുമ്പോള്‍ത്തന്നെ പുഷ്പങ്ങളാല്‍ തിരിനാളങ്ങള്‍ ഒന്നൊന്നായി തന്ത്രി കെടുത്തുവാന്‍ തുടങ്ങും. ആദ്യം മുന്‍നിരയിലെ ദീപനാളങ്ങള്‍. ഹരിവരാസനത്തിന്റെ താളത്തിനനുസരിച്ച് ഓരോ നാളവും മങ്ങി അണയും. ഒടുവില്‍ ചുറ്റിലും അരണ്ടവെളിച്ചം നിറയുമ്പോഴും ഭഗവാന്റെ പ്രഭ ബാക്കിയാവും.
മേനോന്റെ സ്മരണയ്ക്കായി ഈശ്വരന്‍ നമ്പൂതിരി തുടങ്ങിയ ഹരിവരാസനം പാടുന്ന പതിവ് അത്താഴപൂജ കഴിഞ്ഞു നട അടയ്ക്കുന്നതിന്റെ ഭാഗമായി. പിന്നീടുവന്ന മേല്‍ശാന്തിമാരും അതുപാലിച്ചു. ഇന്നത് ഭക്ത്യാദരപൂര്‍വ്വം ആചാരമാണ്.
രാമനാഥപുരം കമ്പംകുടി കുളത്തൂര്‍ ശ്രീനിവാസ അയ്യര്‍ എന്ന കുളത്തൂര്‍ അയ്യരാണ് സംസ്‌കൃതത്തില്‍ അയ്യപ്പനെ വര്‍ണ്ണിച്ച് ഹരിഹരസുതാഷ്ടകം രചിച്ചത്. 352 അക്ഷരങ്ങള്‍ ഉള്‍ക്കൊള്ളുന്ന 108 വാക്കുകള്‍ ചേര്‍ന്ന് 32 വരികള്‍ എട്ടു ശ്ലോകങ്ങളായി നിറയുന്ന അഷ്ടകമാണിത്. അയ്യപ്പനെ പ്രകീര്‍ത്തിക്കുന്ന ജപമാലകളില്‍ സര്‍വോന്നതം ഹരിഹരാത്മജ ദേവാഷ്ടകം.
അന്നുവരെ അയ്യപ്പനെ ഉറക്കാനൊരു മംഗളശ്ലോകം ഉണ്ടായിരുന്നില്ല. കുളത്തൂര്‍ അയ്യരുടെ അഷ്ടകം കാലം കഴിയവെ അയ്യപ്പന്റെ താരാട്ടുപാട്ടായി മാറിയതിനുകാരണമായ കഥയിലെ കഥാപാത്രങ്ങളാണ് വി.ആര്‍. ഗോപാലമേനോനും മേല്‍ശാന്തി ഈശ്വരന്‍ നമ്പൂതിരിയും.
ഹരിഹര സുതാഷ്ടകം
1. ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാധ്യപാദുകം
അരിവിമര്‍ദ്ദനം നിത്യനര്‍ത്തനം
ഹരിഹരാത്മജം ദേവമാശ്രയേ2. ശരണകീര്‍ത്തനം ശക്തമാനസം
ഭരണലോലുപം നര്‍ത്തനാലസം
അരുണഭാസുരം ഭൂതനായകം
ഹരിഹരാത്മജം ദേവമാശ്രയേ3. പ്രണയസത്യകം പ്രാണനായകം
പ്രണതകല്പകം സുപ്രഭാഞ്ചിതം
പ്രണവമന്ദിരം കീര്‍ത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ4. തുരഗവാഹനം സുന്ദരാനനം
വരഗദായുധം വേദവര്‍ണിതം
ഗുരുകൃപാകരം കീര്‍ത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ5. ത്രിഭുവനാര്‍ച്ചിതം ദേവതാത്മകം
ത്രിനയനം പ്രഭും ദിവ്യദേശികം
ത്രിദശപൂജിതം ചിന്തിതപ്രദം
ഹരിഹരാത്മജം ദേവമാശ്രയേ6. ഭവഭയാപഹം ഭാവുകാവഹം
ഭുവനമോഹനം ഭൂതിഭൂഷണം
ധവളവാഹനം ദിവ്യവാരണം
ഹരിഹരാത്മജം ദേവമാശ്രയേ7. കളമൃദുസ്മിതം സുന്ദരാനനം
കളഭകോമളം ഗാത്രമോഹനം
കളഭകേസരീ വാജിവാഹനം
ഹരിഹരാത്മജം ദേവമാശ്രയേ8. ശ്രിതജനപ്രിയം ചിന്തിതപ്രദം
ശ്രുതിവിഭൂഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം
ഹരിഹരാത്മജം ദേവമാശ്രയേശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമിശരണമയ്യപ്പാ
ഹരിവരാസനം യേശുദാസിന്റെ ദൈവിക കണ്ഠത്തിലൂടെ കേട്ടുതുടങ്ങുന്നതിന് പിന്നിലെ കഥ 1974-ലാണ് തുടങ്ങുന്നത്. മെരിലാന്റ് സുബ്രഹ്മണ്യം തന്റെ അടുത്ത ചിത്രം ‘സ്വാമി അയ്യപ്പന്‍’ എന്നു കുടുംബാംഗങ്ങളുടെ മുന്നില്‍ പ്രഖ്യാപിക്കുന്നതോടെ ആദ്യരംഗമായി.
ശബരിമല ശ്രീ അയ്യപ്പന്റെ കഥയ്ക്ക് സിനിമാക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘യൂണിവേഴ്‌സല്‍ അപ്പീല്‍’ ഉണ്ട്. കാലദേശാതിവര്‍ത്തിയായ നാടകീയതയും വൈകാരികതയും നിറഞ്ഞ സന്ദര്‍ഭങ്ങള്‍ അനേകമുള്ള കഥ. മലയാളത്തില്‍ ആദ്യം ശ്രീധര്‍മ്മശാസ്താ എന്ന പേരിലൊരു പടം വന്നു. സേലം പക്ഷിരാജ സ്റ്റുഡിയോയുടെ ബാനറില്‍ ശ്രീരാമലുനായിഡു കളറില്‍ സംവിധാനം ചെയ്ത ‘ശബരിമല ശ്രീ അയ്യപ്പന്‍’ എന്ന പടമാണ് രണ്ടാമത്തേത്.
സുബ്രഹ്മണ്യത്തിന്റെ മകന്‍ കാര്‍ത്തികേയനും ജ്യേഷ്ഠന്മാരും ബന്ധുമിത്രാദികളും അറുപതുകളുടെ തുടക്കത്തില്‍ വണ്ടിപ്പെരിയാര്‍ എസ്റ്റേറ്റുവഴി ദുര്‍ഘടമായ കാനനപ്പാതകള്‍ താണ്ടി ദര്‍ശനത്തിന് പോയി. നിര്‍മ്മാല്യം മുതല്‍ അത്താഴപൂജ വരെ എല്ലാ പൂജയും കണ്ടുതൊഴുതു. ഒരു ദിവസം അത്താഴപൂജയ്ക്ക് പരിസമാപ്തിയായി നട അടയ്ക്കാനുള്ള നേരം ശ്രീകോവിലിനുള്ളില്‍ നിന്ന് മേല്‍ശാന്തിയുടെ മധുരസ്വരമായി ഹരിവരാസനം ഒഴുകിവന്നു. ഹരിവരാസനത്തിന്റെ മധുരധാരയില്‍ അലിഞ്ഞ് പോലീസുകാരടക്കം എല്ലാവരും സ്വയംമറന്ന് ഏറ്റുചൊല്ലുന്നു. ഈ അപൂര്‍വ്വാനുഭവം കാര്‍ത്തികേയന്റെ മനസ്സില്‍ മായാതെ കിടന്നു. അങ്ങനെയാണ് ഹരിവരാസനം പടത്തില്‍ ഉള്‍പ്പെടുത്തുന്നത്.
ജി. ദേവരാജനായിരുന്നു സംഗീത സംവിധായകന്‍. ശബരിമലയില്‍ തങ്കസൂര്യോദയം ഉള്‍പ്പെടെ വയലാര്‍ രചിച്ച ഗാനങ്ങളെല്ലാം മികച്ചതായിരുന്നു. മേല്‍ശാന്തി പാടുന്ന ഈണത്തില്‍ രാഗം പുനഃസൃഷ്ടിച്ചു. മധ്യമാവതി രാഗത്തില്‍ യേശുദാസും കോറസും ചേര്‍ന്നുപാടി നാം ഇന്നുകേള്‍ക്കുന്ന ഹരിവരാസനം പിറവിയെടുത്തു.
നിരവധി പുരസ്‌കാരങ്ങള്‍ വാങ്ങിക്കൂട്ടിയ പടമാണ് സ്വാമി അയ്യപ്പന്‍. ദേവസ്വം ബോര്‍ഡ് സംഘടിപ്പിച്ച പുരസ്‌ക്കാരദാന ചടങ്ങില്‍ അന്നത്തെ പ്രസിഡന്റ് ജി.പി. മംഗലത്തുമഠം സ്വാമി അയ്യപ്പനിലെ ഹരിവരാസനം അത്താഴപൂജ കഴിഞ്ഞ് നട അടയ്ക്കുമ്പോള്‍ ശബരിമല സന്നിധാനത്തില്‍ കേള്‍പ്പിക്കുമെന്ന് പ്രഖ്യാപിച്ചു. എട്ടു ശ്ലോകങ്ങളുള്ള ഹരിവരാസനം അഷ്ടകം അങ്ങനെ ജനകീയമായി. നിത്യവും രാത്രി അത്താഴപൂജ കഴിഞ്ഞ് യേശുദാസിന്റെ ശബ്ദമാണ് അയ്യപ്പനെ ഉറക്കുന്നത്.
സ്ത്രീപുരുഷ ഭേദമില്ലാതെ എല്ലാവര്‍ക്കും ചൊല്ലാവുന്ന അയ്യപ്പ സ്തുതിയായി ഹരിവരാസനം. സ്വാമി അയ്യപ്പന്‍ പടം പിടിക്കുമ്പോള്‍ യുവാവായിരുന്ന കാര്‍ത്തികേയന്‍ ശബരിമല ശ്രീ ധര്‍മ്മശാസ്താ എന്ന പേരില്‍ ടി.വി. പരമ്പര പിടിച്ചു. ഹരിവരാസനം ഗായിക കെ.എസ്.ചിത്രയെക്കൊണ്ടു പാടിച്ചു. വിമര്‍ശനങ്ങളെക്കാള്‍ കൂടുതല്‍ അഭിനന്ദനങ്ങളായിരുന്നു.
സ്വാമി അയ്യപ്പന്‍ സിനിമയില്‍ നിന്നുനേടിയ ലാഭം കൊണ്ട് പമ്പയില്‍ നിന്നു സന്നിധാനത്തേക്കു നിര്‍മ്മിച്ച റോഡാണ് തീര്‍ത്ഥാടകര്‍ മലയിറങ്ങുന്ന ‘സ്വാമിഅയ്യപ്പന്‍ റോഡ്.’