- ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
- ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
- രുചിയുള്ള വീട് (ഹാറ്റാചുപ്പായുടെ മായാലോകം 3)
- നെഞ്ചില്‍ തറച്ച വെടിയുണ്ട (ഹാറ്റാചുപ്പായുടെ മായാലോകം 16)
- എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
- മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
- പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
ചെമ്പൂവട്ടം എന്ന കൊച്ചു നാട്ടിന്‍പുറത്തെ ചെറിയ റോഡുകളിലൂടെ വലിയ ട്രക്കുകളും ടിപ്പറുകളും മലയിടിച്ചു നിരത്താനും മണ്ണു കുഴിക്കാനും മറ്റുമുള്ള എസ്‌കവേറ്ററുകളുമൊക്കെ വന്നു തുടങ്ങി. കിളികളുടേയും അരുവികളുടേയും കാറ്റിന്റേയും മാത്രം ശബ്ദമായിരുന്നു ആ നാട്ടിന്‍പുറത്ത് എപ്പോഴുമുണ്ടായിരുന്നതെങ്കില്‍, ഇപ്പോഴിതാ വണ്ടികളുടെ ഹോണടിയും യന്ത്രശബ്ദങ്ങളും ഇവിടെയെത്തിരിക്കുന്നു! ദേവേശിയും കൂട്ടുകാരും റോഡരികി ലെ മരച്ചുവട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അന്നുച്ചയ്ക്ക്. അവര്‍ക്കു കാവലെന്നോണം കുരങ്ങന്മാര്‍ മരച്ചില്ലകളിലും നിലത്തുമൊക്കെയായി നിരന്നിരിപ്പുണ്ട്. പെരുമ്പാമ്പില്‍ നിന്നു തങ്ങളെ രക്ഷപ്പെടുത്തിയതിനുശേഷം കുട്ടി സംഘത്തിന് കുരങ്ങന്മാരോട് വലിയ സ്‌നേഹമാണ്. പോരെങ്കില്‍ ചുവന്നുതുടുത്ത മാമ്പഴങ്ങളും തേന്‍വരിക്കയും മധുരപ്പഴവുമൊക്കെ ചില്ലക്കൊമ്പുകളില്‍ നിന്ന് ഇഷ്ടംപോലെ താഴെയ്ക്കു പറിച്ചിട്ടു കൊടുക്കുകയും ചെയ്യാറുണ്ട് വാനരസേന!
മിനിഞ്ഞാന്നാണ് ചെമ്പരുന്ത് കാലിലൊരു കടലാസ് ചുരുളുമായി വന്നത്. അതിനെക്കുറിച്ചായിരുന്നു കുട്ടികള്‍ മരച്ചുവട്ടിലിരുന്നു സംസാരിച്ചത്. പാണ്ഡവന്‍ കാട് വെട്ടിത്തെളിച്ച് കെട്ടിടങ്ങള്‍ പണിയാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന കാര്യം മമ്മ തന്നോട്ടു പറഞ്ഞതായി ദേവേശി കൂട്ടുകാരെ അറിയിച്ചു. ജാന്‍വി അതുകേട്ടപാടേ സങ്കടപ്പെട്ടു.
”യ്യോ, അപ്പോ ആ കാട്ടിലൊള്ള പഞ്ചവര്‍ണ്ണക്കിളിയൊക്കെ എന്തു ചെയ്യും?” ആരവ് പെട്ടെന്നു പറഞ്ഞു: ”പഞ്ചവര്‍ണ്ണക്കിളി മാത്രല്ലല്ലോ…. എല്ലാ കിളികളും മൃഗങ്ങളുമൊക്കെ ചത്തു പോകില്ലേ?
ദല്‍ബീറിന്റെ വിഷമം മറ്റൊന്നായിരുന്നു ”കാടില്ലാതായാല്‍ അപ്പോ മഴയില്ലാതാവ്വോ? നമ്മടെയീ പൊഴ വറ്റ്വോ?”
കൂടുതല്‍ സംശയങ്ങളും സങ്കടങ്ങളുമൊക്കെയുണ്ടാകുന്നതിനു മുന്‍പായി മറ്റൊന്നു സംഭവിച്ചു; ആരും പ്രതീക്ഷിക്കാത്ത ഒന്ന്.
”ഠേ…. ഠേ…”
എന്നു രണ്ടു വെടിപൊട്ടി. പാവം കുട്ടികള്‍! അവര്‍ വല്ലാതെ പേടിച്ചു ചാടിയെഴുന്നേറ്റു. തങ്ങളെയാരോ വെടിവെച്ചു കൊല്ലാന്‍ പോവുകയാണെന്ന പേടിയോടെ, എങ്ങോട്ടെന്നില്ലാതെ അവര്‍ ഓടി. അപ്പോഴാണ് ഫര്‍ഹാന്‍ ആ കാഴ്ച കണ്ടത്.
”ദേ….! എന്നു മാത്രം പറയാനേ അവനു കഴിഞ്ഞുള്ളൂ. അവന്‍ വിരല്‍ ചൂണ്ടിയിടത്തേക്ക് എല്ലാ കുട്ടികളുടേയും നോട്ടമെത്തി. ഒരു കുട്ടിക്കുരങ്ങന്‍ വെടിയേറ്റു ചത്തുകിടക്കുന്നു! അതിന്റെ നെഞ്ചില്‍ നിന്ന് ചോരയൊഴുകി ചുറ്റും നില്‍ക്കുന്ന ചെടികള്‍ ചുവന്നിട്ടുണ്ട്.
ദേവേശി ഉറക്കെ നിലവിളിച്ചു ”മമ്മാ… മമ്മാ….” റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു മൂന്നു ടിപ്പറുകള്‍ അപ്പോഴാണ് കുട്ടികളുടെ ശ്രദ്ധയില്‍പ്പെട്ടത്. കുട്ടികള്‍ നിലവിളിക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്തതോടെ ആ ടിപ്പര്‍ ഡ്രൈവര്‍മാര്‍ വണ്ടികള്‍ സ്റ്റാര്‍ട്ട് ചെയ്തു, സ്ഥലം കാലിയാക്കി.
”എന്റെയീശ്വരാ! എന്നു കരഞ്ഞുകൊണ്ട് മമ്മ കുട്ടിക്കുരങ്ങനെ വാരിയെടുത്തു. അപ്പോഴേയ്ക്കും വാനരപ്പട മുഴുവനുമവിടെയെത്തിയിരുന്നു. അമ്മക്കുരങ്ങ് തന്റെ കുട്ടിയെ തൊട്ടുതഴുകിയും ഉമ്മവെച്ചും കരയാന്‍ തുടങ്ങി.
മമ്മ കുട്ടിക്കുരങ്ങനെ വാരിയെടുത്തുകൊണ്ട് ഒരു വലിയ ടര്‍ക്കി ടവ്വലില്‍ പൊതിഞ്ഞു പിടിച്ചു. അവനെ ജീപ്പിന്റെ സീറ്റില്‍ കിടത്തിയിട്ട് ജീപ്പ് സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ മമ്മ കുട്ടികളോടായി പറഞ്ഞു:
”മക്കളേ, നിങ്ങളാരും എങ്ങോട്ടും പോകരുത്, വീടിനുള്ളില്‍ കയറിയിരുന്നോണം.. ചന്ദ്രപ്പൂപ്പന്‍ ഇപ്പോ വരും… നിങ്ങള്‍ പേടിക്കണ്ടാ ട്ടോ.”
കുരങ്ങന്മാര്‍ നിശ്ശബ്ദരായി ഇരുന്നു. ആരും ചിലയ്ക്കുന്നില്ല. ഒരു കുറ്റവും ചെയ്യാത്ത തങ്ങളുടെ കുഞ്ഞിനെ എന്തിനാണാ മനുഷ്യന്‍ വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ചത്? അവര്‍ക്കാ ചോദ്യത്തിനുത്തരം കിട്ടിയില്ല. അമ്മക്കുരങ്ങ് സങ്കടം കൊണ്ട് അവശയായിരിക്കുകയാണ്. പ്രായമായ ഒരു മുത്തച്ഛന്‍ കുരങ്ങന്‍ ആ പാവം അമ്മയുടെയടുത്തെത്തി അവളുടെ തോളില്‍ തൊട്ടു. ”വെഷമിക്കര്ത്…. അവനൊന്നും പറ്റില്ല.”