ഭാരതം സ്വാതന്ത്ര്യം നേടി 25 വര്‍ഷം പിന്നിടുമ്പോഴേക്കും പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥയിലൂടെ ഭരണഘടനയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയും നിയമവാഴ്ച തടയുകയും കോടതികളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ അനുകൂല സംവിധാനം മാത്രമാക്കി മാറ്റുകയും ചെയ്തു. ജനാധിപത്യ സംവിധാനത്തിലെ ഏറ്റവും കരാളമായ ആ ദിനങ്ങളെ എങ്ങനെയാണ് 50 വര്‍ഷത്തിനുശേഷം കേരളത്തിലെ സിപിഎം ഇന്ന് വിലയിരുത്തുന്നത് എന്നതാണ് അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും തമ്മില്‍ നടന്ന വാക് പോരിന്റെ അന്തസത്ത. അടിയന്തരാവസ്ഥ ആയിരുന്നോ, അതോ അടിയന്തരാവസ്ഥയെ നേരിടാന്‍ ആര്‍എസ്എസ് പരിവാര്‍ പ്രസ്ഥാനമായ ജനസംഘം കൂടി ഉള്‍പ്പെട്ട ജനതാ പാര്‍ട്ടിയുമായി സഖ്യം ചേര്‍ന്നതായിരുന്നോ ഏറ്റവും വലിയ അപകടം എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ളത്.
ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അടിയന്തരാവസ്ഥക്കെതിരെ സിപിഎം ആര്‍എസ്എസ്സുമായി സഹകരിച്ചിട്ടുണ്ടെന്നും സത്യം പറയുമ്പോള്‍ വിവാദം ഉണ്ടാക്കേണ്ട കാര്യമില്ലെന്നുമായിരുന്നു എം വി.ഗോവിന്ദന്‍ പറഞ്ഞത്. എം.വി. ഗോവിന്ദന്‍ പറഞ്ഞ സത്യം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കും എന്ന ആശങ്കയാണ് സിപിഎം നേതൃത്വത്തിനും സ്ഥാനാര്‍ത്ഥിക്കും, ഇടതുമുന്നണി ഘടകകക്ഷിയായ സിപിഐക്കും ഉണ്ടായത്. ഇസ്ലാമിക വോട്ടുബാങ്കിന് പ്രാമുഖ്യമുള്ള നിലമ്പൂരില്‍ ആര്‍എസ്എസുമായി അടിയന്തരാവസ്ഥക്കെതിരെ സിപിഎം സഹകരിച്ചു എന്നുപറഞ്ഞാല്‍ മുസ്ലിം വോട്ടുകള്‍ സിപിഎമ്മിന് എതിരാകും എന്ന പ്രചാരണമാണ് ഒരുപറ്റം ഇടതുനേതാക്കള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചത്. എം.വി.ഗോവിന്ദന്റെ വാക്കുകളെ വളച്ചൊടിച്ച യുഡിഎഫ് നേതാക്കളും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും സിപിഎം-ആര്‍എസ്എസ് ബന്ധം ഊന്നിപ്പറഞ്ഞ് ഇടതുമുന്നണിക്കെതിരെ രംഗത്ത് വരികയും ചെയ്തു. നിശ്ശബ്ദപ്രചാരണത്തിന്റെ ദിവസം ഏറ്റവും കൂടുതല്‍ ചര്‍ച്ചാവിഷയമായതും ഇക്കാര്യം തന്നെയായിരുന്നു. ഇടയ്ക്ക് വേര്‍പിരിഞ്ഞെങ്കിലും തങ്ങള്‍ വലിയ കൂട്ടുകാരായിരുന്നുവെന്ന് ഓര്‍മ്മിപ്പിക്കാനാണ് എം.വി.ഗോവിന്ദന്‍ ഈ പരാമര്‍ശം നടത്തിയത് എന്നായിരുന്നു സതീശന്റെ പ്രസ്താവന. വിഷയം സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുക്കുകയും എം.വി. ഗോവിന്ദന്റെ പ്രസ്താവന ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുടെ സാധ്യത അടയ്ക്കാനുള്ള പഴയ ഇ.പി.ജയരാജന്‍ മോഡല്‍ പ്രസ്താവനയാണെന്ന ആരോപണം കൂടി ഉയരുകയും ചെയ്തതോടെ വീണ്ടും തിരുത്തല്‍ പ്രസ്താവനയുമായി എം.വി. ഗോവിന്ദന്‍ രംഗത്ത് വന്നു.
അടിയന്തരാവസ്ഥയിലെ അര്‍ദ്ധ ഫാസിസ്റ്റ് ഭരണത്തിനെതിരെ രൂപപ്പെട്ട ജനതാ പാര്‍ട്ടിയുമായാണ് സിപിഎം സഹകരിച്ചത് എന്നായിരുന്നു എം.വി. ഗോവിന്ദന്റെ തിരുത്ത്. രാജാവിനെക്കാള്‍ രാജഭക്തിയുമായി നടക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇക്കാര്യത്തില്‍ ഉടന്‍ തന്നെ പ്രതികരണവുമായി രംഗത്ത് വന്നു. എന്ത് എപ്പോള്‍ പറയണമെന്നത് പ്രധാന കാര്യമാണ്, വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് പോകാന്‍ ഇരിക്കെ 50 വര്‍ഷം പഴക്കമുള്ള രാഷ്ട്രീയം പറഞ്ഞ് തിരയാന്‍ സിപിഐ ഇല്ലെന്നും എല്‍ഡിഎഫ് ആ വഴിക്ക് പോകാന്‍ പാടില്ലെന്നും ആയിരുന്നു ബിനോയ് വിശ്വത്തിന്റെ പരാമര്‍ശം. വര്‍ത്തമാനകാല രാഷ്ട്രീയവും പ്രശ്നവുമാണ് എല്‍ഡിഎഫ് ഉയര്‍ത്തുന്നത്. വര്‍ത്തമാനകാല രാഷ്ട്രീയം പറഞ്ഞ് ഭാവിയിലേക്കാണ് എല്‍ഡിഎഫ് പോകുന്നത്. ആ ഭാവിയെപ്പറ്റി ഒന്നും പറയാത്തവര്‍ക്കും സ്വന്തം വര്‍ത്തമാനം അപഹാസ്യമാണെന്ന് ബോധ്യമുള്ളവര്‍ക്കുമാണ് 50 വര്‍ഷം പഴക്കമുള്ള ഒരു രാഷ്ട്രീയത്തെക്കുറിച്ച് പറയേണ്ട അവസ്ഥയുള്ളത്. ആ അവസ്ഥ എല്‍ഡിഎഫിന് ഇല്ല. ബിനോയ് വിശ്വം ഒളിച്ചും പതുങ്ങിയും എം.വി. ഗോവിന്ദനെതിരെ കിട്ടിയ സന്ദര്‍ഭത്തില്‍ പിടച്ചു.
ഇതിനിടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം. സ്വരാജ് ആര്‍എസ്എസ് പിടിമുറുക്കാത്ത ജനതാപാര്‍ട്ടിയുമായാണ് 1977 ല്‍ ഇടതുപക്ഷം സഹകരിച്ചതെന്ന് വ്യക്തമാക്കി. പാര്‍ട്ടി സമ്മര്‍ദ്ദം ശക്തമായതോടെ സത്യം പറഞ്ഞ ഗോവിന്ദന്‍ കളവ് പറയാന്‍ നിര്‍ബന്ധിതനായി. ആര്‍എസ്എസുമായി ഒരുകാലത്തും സഹകരണം ഉണ്ടായിട്ടില്ലെന്നും അടിയന്തരാവസ്ഥക്കാലത്ത് ജനതാ പാര്‍ട്ടിയുമായുള്ള സഹകരണത്തെ കുറിച്ചാണ് പറഞ്ഞതെന്നുമായിരുന്നു തിരുത്തല്‍. 50 വര്‍ഷം മുന്‍പത്തെ കാര്യം ഇന്ന് വിവാദമാക്കേണ്ട കാര്യം എന്താണെന്നും ഗോവിന്ദന്‍ ചോദിച്ചു. വിവാദമുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നതെന്നും ജമാഅത്തെ ഇസ്ലാമി വക്താക്കള്‍ ആളെ പറ്റിക്കാനുള്ള കള്ളപ്രചാരണമാണ് നടത്തുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു. അടിയന്തരാവസ്ഥക്കെതിരെ രൂപപ്പെട്ട ജനതാ പാര്‍ട്ടിയുമായാണ് സിപിഎം സഹകരിച്ചത്. അത് പ്രതിപക്ഷ മുന്നേറ്റത്തിന്റെ ഭാഗമായിരുന്നു. ജനസംഘത്തിന്റെ തുടര്‍ച്ചയായിരുന്നില്ല. സോഷ്യലിസ്റ്റുകള്‍ അടക്കമുള്ള കൂട്ടായ്മയിലെ ഒരു ഘടകം മാത്രമായിരുന്നു ജനസംഘം. ഈ സാഹചര്യത്തെക്കുറിച്ചാണ് താന്‍ പറഞ്ഞതെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. ആര്‍എസ്എസുമായി ഒരു രാഷ്ട്രീയ കൂട്ടുകെട്ടും സിപിഎം ഒരിക്കലും ഉണ്ടാക്കിയിട്ടില്ല. ആര്‍എസ്എസുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചത് കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം തിരുത്തലില്‍ പറഞ്ഞു.
പാര്‍ട്ടി സെക്രട്ടറിയാണോ മുഖ്യമന്ത്രിയാണോ ഒന്നാമന്‍ എന്ന സിപിഎമ്മിലെ തര്‍ക്കം ഈ സംഭവത്തിലൂടെ വീണ്ടും തെളിഞ്ഞ് വരികയായിരുന്നു. എം.വി. ഗോവിന്ദന്‍ തിരുത്തല്‍ പ്രസ്താവന നടത്തിയിട്ടും മന്ത്രിസഭായോഗത്തിന്റെ വിശദീകരണത്തിനിടെ ഗോവിന്ദനെ തള്ളിപ്പറയാനും താന്‍ തന്നെയാണ് പാര്‍ട്ടിയിലെ അധികാരകേന്ദ്രം എന്ന് വ്യക്തമാക്കാനും ഈ പ്രശ്നത്തില്‍ പുതിയ നിലപാടുമായി പിണറായി വിജയന്‍ രംഗത്ത് വന്നു. ‘സിപിഎം എല്ലായ്പ്പോഴും രാഷ്ട്രീയം തുറന്നുപറയാറുണ്ട്. ഞങ്ങളില്‍ ആരും ആര്‍എസ്എസിനെ പ്രീണിപ്പിക്കുന്ന നിലപാട് ഒരു ഘട്ടത്തിലും സ്വീകരിച്ചിട്ടില്ല. തെറ്റിദ്ധാരണ ഉണ്ടാക്കുന്നവിധം വാര്‍ത്ത വന്നപ്പോള്‍ അദ്ദേഹം വിശദീകരിച്ചതാണ്. അതില്‍ സംശയം തീരേണ്ടതാണ്. അതിനപ്പുറം പറയേണ്ടതില്ല. നേരത്തെ അത് പറയാനുണ്ടായ സാഹചര്യം എന്താണെന്ന് വ്യക്തമായി അറിയില്ല. പാര്‍ട്ടിയുടെ കാര്യമാണ് ഞാന്‍ വ്യക്തമാക്കുന്നത്. സുന്ദരയ്യ പറഞ്ഞതൊന്നും ഇതുമായി ബന്ധിപ്പിക്കേണ്ടതില്ല, വളച്ചൊടിക്കേണ്ടതുമില്ല. ആര്‍എസ്എസുമായി ഒരു സഖ്യവും ഒരുകാലത്തും സിപിഎം ഉണ്ടാക്കിയിട്ടില്ല. 1925 ല്‍ ആര്‍എസ്എസ് രൂപംകൊണ്ടത് മുതല്‍ അവരോട് ഐക്യപ്പെടാന്‍ ഒരിക്കലും കമ്മ്യൂണിസ്റ്റുകാര്‍ പോയിട്ടില്ല. 1977ല്‍ സോഷ്യലിസ്റ്റ് ഗ്രൂപ്പുകള്‍ ചേര്‍ന്ന് ജനതാ പാര്‍ട്ടി രൂപംകൊണ്ടപ്പോള്‍ ജനസംഘം അതില്‍ ലയിച്ചു. സിപിഎം അതിലേക്ക് ചേര്‍ന്നില്ല. സ്വന്തം നിലയില്‍ സമരം ചെയ്യുകയാണ് ചെയ്തത്. അടിയന്തരാവസ്ഥ കാലത്തും സിപിഎം ആര്‍എസ്എസുമായി സഹകരിച്ചിട്ടില്ല. ജനതാ പാര്‍ട്ടിയുമായി തിരഞ്ഞെടുപ്പ് സഹകരണം ഉണ്ടായിട്ടുണ്ട്.’ പിണറായി വിശദീകരിച്ചു.
അടിയന്തരാവസ്ഥയ്ക്ക് 50 വര്‍ഷം തികയുന്ന ഈ കാലഘട്ടത്തില്‍ അന്നത്തെ ജനാധിപത്യധ്വംസനവും നിയമവാഴ്ച ഇല്ലാതാക്കിയതും ജനാധിപത്യ മൂല്യങ്ങള്‍ കവര്‍ന്നെടുത്തതും കോടതികളെപ്പോലും പ്രവര്‍ത്തനരഹിതമാക്കിയതും ചര്‍ച്ച ചെയ്യപ്പെടേണ്ടതല്ലേ. 50 വര്‍ഷം പഴക്കമുണ്ട് എന്നതുകൊണ്ട് മാത്രം ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ടതില്ല എന്ന നിലപാട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്വീകരിച്ചതിന് പിന്നില്‍ സത്യത്തില്‍ ജാള്യതയും ഉളുപ്പില്ലായ്മയും മാത്രമല്ലേ ഉള്ളത്. അടിയന്തരാവസ്ഥക്കാലത്ത് ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നടന്ന ഒരു സംസ്ഥാനം കേരളമാണ്. അന്ന് കേരളം ഭരിച്ചത് സിപിഐ നേതാവായിരുന്ന സി. അച്യുതമേനോനാണ്. അടിയന്തരാവസ്ഥയില്‍ കരുണാകരന്റെ പോലീസ് അതിക്രമങ്ങളും തേര്‍വാഴ്ചയും നടത്തിയിട്ടുണ്ടെങ്കില്‍, പോലീസ് സ്റ്റേഷനുകളെ പീഡനകേന്ദ്രങ്ങളും ഉരുട്ടല്‍ കേന്ദ്രങ്ങളുമാക്കി മാറ്റിയിട്ടുണ്ടെങ്കില്‍ അതിനെല്ലാം കുടപിടിച്ചതും ഉരുട്ടാന്‍ സംവിധാനം ഒരുക്കിയതും സിപിഐ ആണ് എന്നകാര്യം മറക്കാന്‍ കഴിയുമോ? കക്കയം പോലീസ് ക്യാമ്പിലേക്ക് അറസ്റ്റ് ചെയ്തു കൊണ്ടുപോയ തന്റെ മകന്‍ പി. രാജനെ തേടിവന്ന പഴയ സുഹൃത്തും അധ്യാപകനുമായ ഈച്ചരവാര്യരോട് തന്റെ മകനെ തിരഞ്ഞ് ഞാന്‍ പോലീസ് സ്റ്റേഷനില്‍ പോണോ എന്ന് ചോദിച്ച അച്യുതമേനോന്റെ വാക്കുകള്‍ കേരള രാഷ്ട്രീയത്തിലെ ഏറ്റവും സംശുദ്ധിയും കുലീനതയുമുള്ള നേതാവിന്റെ ചരിത്രത്തില്‍ കളങ്കം ചാര്‍ത്തുന്നതാണ്.
പോലീസ് ചെയ്ത ക്രൂരകൃത്യങ്ങളുടെ ചുമതല ഏറ്റുവാങ്ങാന്‍ പ്രേരിതനായ കെ.കരുണാകരന്‍ അച്യുതമേനോനെക്കാള്‍ ഭേദമായിരുന്നു. താന്‍ അറിയാതെയാണ് രാജന്റെ സംഭവം ഉണ്ടായതെന്ന് കെ. കരുണാകരന്‍ ഈ ലേഖകനോട് തന്നെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ലക്ഷ്മണയും പടിക്കലും ചേര്‍ന്നാണ് രാജനെ വകവരുത്തിയത് എന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ, ഈച്ചരവാര്യരോട് ചെയ്ത അനീതിക്ക് മാപ്പ് പറയാത്ത അച്യുതമേനോനെക്കാള്‍ ഭേദമായിരുന്നു കരുണാകരന്‍. ഇക്കാര്യങ്ങള്‍ ഇന്ന് സമൂഹത്തില്‍ ചര്‍ച്ചയാകുന്നതും വിശകലനം ചെയ്യപ്പെടുന്നതും ബിനോയ് വിശ്വത്തെ പോലെയുള്ള പ്രതിച്ഛായയുടെ തടവുകാരന് ഒരുപക്ഷേ, സഹിക്കുന്നുണ്ടാവില്ല. ഭാരതം കണ്ട ഏറ്റവും വലിയ ജനാധിപത്യ ധ്വംസനത്തിനെതിരെ സിപിഐ എന്ത് ചെയ്തു? അടിയന്തരാവസ്ഥക്കെതിരെ നിലപാടെടുത്ത എ.കെ. ആന്റണിയെ പോലെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അന്നും ഭാരതത്തില്‍ ഉണ്ടായിരുന്നു. അടിയന്തരാവസ്ഥ എല്ലാ അര്‍ത്ഥത്തിലും നല്ലതാണ് എന്ന് പറയുകയും ഇന്ദിരാഗാന്ധിയുടെ വസതിയില്‍ മിക്കദിവസവും ഉച്ചഭക്ഷണത്തിനോ അത്താഴവിരുന്നിനോ എത്തിയിരുന്ന എസ്.എ. ഡാങ്കെയെ പോലുള്ള സ്വന്തം നേതാക്കളെ ഈ 50 വര്‍ഷത്തിനുശേഷമെങ്കിലും തള്ളിപ്പറയാന്‍ ബിനോയ് വിശ്വത്തിന് കഴിയുമോ? അതുകൊണ്ടുതന്നെയാണ് ഇക്കാര്യത്തില്‍ പരസ്യമായ ചര്‍ച്ചയ്ക്കും വിശകലനത്തിനും സിപിഐ തയ്യാറാകാത്തതെന്ന് സാധാരണക്കാര്‍ക്ക് മനസ്സിലാകും.
അമ്പതാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അടിയന്തരാവസ്ഥ എന്ന കൊടിയ പീഡനം ഭാരതത്തിന് ഒരു ഓര്‍മ്മപ്പെടുത്തലാണ്. ഭാരതത്തിന്റെ ജനാധിപത്യ സംവിധാനത്തില്‍ ഒരിക്കലും ഇനി ഉണ്ടാകാത്ത, ഉണ്ടാവരുതാത്ത ആ കരാളദിനങ്ങള്‍ ഓര്‍മിപ്പിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും വേണം. സിപിഐയുടെ ചരിത്രത്തിലെ ഒരുപക്ഷേ, ഏറ്റവും അനാശാസ്യമായ ഏടാണ് അടിയന്തരാവസ്ഥ. ഇവിടെയാണ് ആര്‍എസ്എസുമായി സിപിഐയുടെയും സിപിഎമ്മിന്റെയും ചരിത്രം താരതമ്യം ചെയ്യേണ്ടത്. ഭാരതം അഭിമുഖീകരിച്ച എല്ലാ പ്രതിസന്ധികളിലും അപകടങ്ങളിലും പ്രശ്നങ്ങളിലും രാഷ്ട്രത്തിനൊപ്പം ആര്‍എസ്എസുണ്ടായിരുന്നു. സ്വാതന്ത്ര്യസമരത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം സംഘടനയില്‍ നേതൃനിരയില്‍ സജീവമായി ആര്‍എസ്എസുണ്ടായിരുന്നു. മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസിന്റെ സെക്രട്ടറി ആയിരുന്നു ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. കേശവബലറാം ഹെഡ്‌ഗേവാര്‍. സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ സ്വതന്ത്ര ഭാരതം എങ്ങനെയായിരിക്കണം എന്ന കാര്യത്തില്‍ വ്യക്തമായ ദിശാബോധം വേണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടപ്പോള്‍ അതിനെ നിരാകരിച്ചതാണ് റിപ്പബ്ലിക് ആകാനും സ്വാതന്ത്ര്യത്തിനുശേഷം നിയതമായ ഭരണക്രമം രൂപപ്പെടുത്തുന്നതിലും കാലതാമസം ഉണ്ടാവാന്‍ കാരണം എന്നകാര്യം ഓര്‍മ്മിക്കണം. സ്വാതന്ത്ര്യം ലഭിച്ച മറ്റു രാഷ്ട്രങ്ങള്‍ സ്വത്വത്തിലേക്ക് മടങ്ങുകയും സ്വന്തം സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും അടിത്തറയില്‍ രാഷ്ട്രം കെട്ടിപ്പടുക്കുകയും ചെയ്തപ്പോള്‍ ഭാരതം പിന്നോട്ടുപോയി എന്ന കാര്യം ആര്‍എസ്എസ് ആണ് ചൂണ്ടിക്കാട്ടിയത്. ഭാരതത്തെപ്പോലുള്ള രാഷ്ട്രത്തിന് സൈന്യം ആവശ്യമില്ലെന്ന നിലപാടിനെതിരെ സര്‍ദാര്‍ പട്ടേല്‍ രംഗത്ത് വന്നപ്പോള്‍ അതിനെ പിന്തുണച്ചതും ആര്‍എസ്എസും പരിവാര്‍ സംഘടനയായ ജനസംഘവും ആയിരുന്നു. നെഹ്റു സ്വന്തം പിഴവിന് ഇന്ത്യാ-ചൈന യുദ്ധത്തിലൂടെ കാലത്തിന്റെ തിരിച്ചടി ഏറ്റുവാങ്ങിയപ്പോഴും സൈന്യത്തിന്റെ രണ്ടാംനിരയില്‍ സഹായിക്കാനും മറ്റു സൗകര്യങ്ങള്‍ ഒരുക്കാനും ആര്‍എസ്എസ് ഉണ്ടായിരുന്നു. ആ യുദ്ധത്തില്‍ മാത്രമല്ല, ഇതുവരെ നടന്ന എല്ലാ യുദ്ധങ്ങളിലും സൈന്യത്തിന് രക്തം നല്‍കാനും രണ്ടാംനിരയായി പ്രവര്‍ത്തിക്കാനും ആര്‍എസ്എസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിലും ആര്‍എസ്എസ് തന്നെയാണ് മുന്നിട്ടുനിന്നത്. ആര്‍എസ്എസിന്റെ എല്ലാ പ്രമുഖനേതാക്കളും മിസ്സ അനുസരിച്ചും ഡിഐആര്‍ അനുസരിച്ചും അറസ്റ്റിലായി. ജനാധിപത്യം വീണ്ടെടുക്കാനും ഈ രാഷ്ട്രത്തിന്റെ ഭരണഘടനയെ നിലനിര്‍ത്താനും ഒളിവില്‍ പ്രവര്‍ത്തിച്ചതും ആര്‍എസ്എസ് മാത്രമാണ്. ആര്‍എസ്എസ് നേതാവായ നാനാജി ദേശ്മുഖും അടല്‍ ബിഹാരി വാജ്പേയിയും എല്‍.കെ. അദ്വാനിയും ഒക്കെ മുന്‍കൈയെടുത്ത് തന്നെയാണ് പ്രതിപക്ഷ ഐക്യനിരയായ ജനതാപാര്‍ട്ടി രൂപമെടുത്തതും ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തിയതും. അക്കാലത്ത് ജനാധിപത്യത്തിന്റെ പുന:സ്ഥാപനത്തിനായി സിപിഎമ്മുമായും സഹകരിച്ചിട്ടുണ്ട്. അന്ന് ഇന്ദിരാഗാന്ധിയെയും അടിയന്തരാവസ്ഥയെയും നേരിടാന്‍ എല്ലാവരുമായും ഒത്തുചേര്‍ന്നു. അതില്‍ എന്താണ് തെറ്റ്. അടിയന്തരാവസ്ഥയിലെ കോണ്‍ഗ്രസിന്റെ ചെയ്തികളും ജനാധിപത്യ ധ്വംസനവും പ്രതിപക്ഷ നേതാക്കള്‍ പീഡിപ്പിക്കപ്പെട്ടതുമല്ലേ ഏറ്റവും വലിയ വിഷയം. ഈ രാഷ്ട്രത്തിനുവേണ്ടി സ്വന്തം ജീവിതം സമര്‍പ്പിക്കുന്ന ആര്‍എസ്എസിന്റെ പ്രവര്‍ത്തനത്തെക്കാള്‍ വലുതായി ഏത് പ്രസ്ഥാനത്തിന് സ്വന്തം ആദര്‍ശം ചൂണ്ടിക്കാട്ടാന്‍ കഴിയും. ഇക്കാര്യമാണ് ചര്‍ച്ച ചെയ്യേണ്ടത്, വിലയിരുത്തപ്പെടേണ്ടത്. മോര്‍വിയിലെ അണക്കെട്ട് പൊട്ടിയത് മുതല്‍ ചൂരല്‍മലയിലും അഹമ്മദാബാദിലെ വിമാനാപകടങ്ങളിലും വരെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ആര്‍എസ്എസ് എന്ന പ്രസ്ഥാനത്തിനോട് താരതമ്യം ചെയ്യാന്‍ കഴിയുന്ന ഏത് പ്രസ്ഥാനമാണ് ഇന്ന് ഭാരതത്തിലുള്ളത്. അടിയന്തരാവസ്ഥയില്‍ ഉരുട്ടാന്‍ കമ്പും കോലുമായി നടന്ന സിപിഐക്ക് ഇത് മനസ്സിലാവില്ല. പിണറായിക്കും ബിനോയ് വിശ്വത്തിനും പഴിചാരാനുള്ള പ്രസ്ഥാനമല്ല ആര്‍എസ്എസ്. അത് ഭാരതത്തിന്റെ സ്വത്താണ്. സ്വന്തം ജീവിതം രാഷ്ട്രത്തിനുവേണ്ടി അടിയറവെക്കാന്‍ തയ്യാറായി നില്‍ക്കുന്ന സേവന വ്രതധാരികളായ നിസ്വാര്‍ത്ഥ സ്വയംസേവകരെ മാസപ്പടിയുടെ കണക്കില്‍ അളക്കാന്‍ പിണറായി ശ്രമിക്കരുത്.