കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ തീരുമാനിക്കേണ്ട കാലമായാല്‍, പാര്‍ട്ടി പത്രത്തിലൂടെ മാത്രം ലോകം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന പരമശുദ്ധനായ അതിന്റെ സെക്രട്ടറി സി.പി. അബൂബക്കര്‍ മാര്‍ക്‌സിസ്റ്റ് മന്ത്രങ്ങള്‍ ഉച്ചരിക്കുകയും മാര്‍ക്‌സ് മുതല്‍ മുഖ്യന്‍ വിജയന്‍ സഖാവ് വരെയുള്ള ചെമ്പന്‍ സാഹിത്യ സ്തംഭങ്ങളെ ധ്യാനിക്കുകയും ചെയ്തുകൊണ്ട് അക്കാദമി ലൈബ്രറിയിലൂടെ പത്തുവട്ടം നടക്കും. നടത്തം പൂര്‍ത്തിയാകുന്നതിനിടയ്ക്ക് ചില പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ കയ്യില്‍ തട്ടും. അതില്‍നിന്ന് അവാര്‍ഡ് കമ്മറ്റിക്കാര്‍ അവാര്‍ഡിനുള്ള പുസ്തകം തിരഞ്ഞെടുക്കും. വളരെ നിഷ്പക്ഷവും സുതാര്യവും പ്രോളിറ്റേറിയനുമായ രീതിയാണിത് എന്നതില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. എന്നിട്ടും ചില കുബുദ്ധികള്‍ സാഹിത്യ അക്കാദമി ഈ രീതിയില്‍ എം. സ്വരാജിന്റെ ‘പൂക്കളുടെ പുസ്തക’ത്തിന് സി.ബി.കുമാര്‍ അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിച്ചത് കണ്ണില്‍ ചോരയില്ലാത്ത നടപടിയല്ലേ? സ്വരാജ് അവാര്‍ഡിന് അപേക്ഷിച്ചതല്ല അക്കാദമി ലൈബ്രറിയില്‍ നിന്ന് സ്വരാജിന്റെ പുസ്തകം താന്‍ കണ്ടെത്തുകയായിരുന്നു എന്ന് സെക്രട്ടറി ശുദ്ധമനസ്സോടെ പത്രക്കാരോട് പറഞ്ഞിട്ടുണ്ട്. ഇത്തവണ നല്‍കിയ 16 അവാര്‍ഡുകളില്‍ 11 എണ്ണവും അപേക്ഷിച്ചവര്‍ക്കല്ല നല്‍കിയതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
സാധാരണ പുരസ്‌കാരത്തിന് അപേക്ഷ നല്‍കിയവരുടെ പുസ്തകത്തില്‍ നിന്ന് യോഗ്യതയുള്ളത് തിരഞ്ഞെടുക്കുന്നതാണ് രീതി. ഗ്രന്ഥകാരനോ മറ്റാര്‍ക്കോ അപേക്ഷിക്കാം. അതാണ് ചട്ടം. ശുദ്ധ സഖാക്കളായ സച്ചിദാനന്ദന്‍ പ്രസിഡന്റും ഇടതുപക്ഷത്തേക്കുള്ള ചരിവു മാത്രം യോഗ്യതയുള്ള പു.ക.സക്കാരന്‍ അശോകന്‍ വൈസ് പ്രസിഡന്റും പാര്‍ട്ടി പത്രത്തിലെ തൊഴില്‍ യോഗ്യതയായുള്ള അബൂബക്കര്‍ സെക്രട്ടറിയുമായതോടെ ഇത്തരം ഫ്യൂഡല്‍ പിന്തിരിപ്പന്‍ രീതിയൊക്കെ ചവറ്റുകുട്ടയിലായി. പകരം മാര്‍ക്‌സിസം മണക്കുന്ന കൃതിക്കുമാത്രം പുരസ്‌കാരം എന്നത് മാനദണ്ഡമായി. മുഖ്യന്‍ സഖാവിന്റെ സ്തുതിപാഠകരാണെങ്കില്‍ ഗ്രന്ഥകാരന്‍ അപേക്ഷ പോലും നല്‍കേണ്ട. പുരസ്‌കാരം വീട്ടിലെത്തും. ഭാഗ്യം വിജയന്‍ സഖാവിന്റെ മകള്‍ വീണക്കും ഭാര്യ കമലക്കും അവാര്‍ഡിലൊന്നും വലിയ താല്പര്യമില്ലെന്നതിനാലാകാം അവരെ പരിഗണിക്കാതിരുന്നത്. വിമര്‍ശിച്ചവരെ നിഷ്പ്രഭരാക്കി സ്വരാജ് പുരസ്‌കാരം തിരസ്‌കരിച്ച് ചര്‍ച്ചയുടെ വാതില്‍ കൊട്ടിയടച്ചു. പകരം ആര്‍ക്കും അവാര്‍ഡ് നല്‍കേണ്ട എന്ന് അക്കാദമിയും തീരുമാനിച്ചു. ഇതോടെ വിവാദം തല്‍ക്കാലം അടങ്ങി. ഇതാണ് സഖാക്കളേ, പാര്‍ട്ടിയുടെ ദ്വന്ദ്വാത്മക ഭൗതികവാദത്തിന്റെ രചനാശൈലി.