ജൂലായ് 10 ഗുരുപൂജ
ആഷാഢമാസ പൗര്‍ണമിയിലെ വ്യാസജയന്തിയിലാണ് ഗുരുപൂര്‍ണ്ണിമ ഉത്സവം ആഘോഷിക്കുന്നത് ഗുരുപൂജ ആഘോഷിക്കുന്നതിന് വ്യാസജയന്തി തന്നെ തിരഞ്ഞെടുത്തതിനു പിന്നില്‍ പ്രത്യേകമായ ഒരു കാരണമുണ്ട്. വ്യാസനാല്‍ രചിക്കപ്പെട്ട മഹാഭാരതത്തില്‍ പരാമര്‍ശിക്കാത്ത വ്യക്തിത്വങ്ങളോ സ്വഭാവ വിശേഷങ്ങളോ പ്രതിഭാസങ്ങളോ ഒന്നുംതന്നെ ഈ ലോകത്തിലില്ല അഥവാ ഈ ലോകത്തിലുള്ള എല്ലാം ശ്രീ മഹാഭാരതത്തിലുണ്ട് അതുകൊണ്ട്. മഹാഭാരതം രചിച്ച വേദവ്യാസനെ നാം ലോക ഗുരുവായി കാണുകയും ആ വ്യാസന്റെ ജന്മദിനം ഗുരുപൂജ ആഘോഷിക്കുന്നതിനായി തിരഞ്ഞെടുക്കുകയും ചെയ്തു. പുണ്യപുരാതന കാലം മുതല്‍ക്കേ ഗുരുവിന് പരമപ്രധാനമായ സ്ഥാനമാണ് ഭാരതീയര്‍ കല്‍പ്പിച്ചു പോന്നിരുന്നത്. സാധാരണ മനുഷ്യനില്‍നിന്നുയര്‍ന്നുനില്‍ക്കുന്ന ദൈവിക ശക്തിയായിട്ടാണ് ഗുരുവിനെ നാം കണ്ടുപോന്നത്.
ഗുരുര്‍ ബ്രഹ്മാ: ഗുരുര്‍ വിഷ്ണു:
ഗുരുദേവോ മഹേശ്വര:
ഗുരു സാക്ഷാത് പരബ്രഹ്മ
തസ്‌മൈ ശ്രീ ഗുരവേ നമ:
ഗുരുവിനെ സ്തുതിച്ചുകൊണ്ടുള്ള ഇത്തരം ശ്ലോകങ്ങള്‍ ഭാരതീയരുടെ ഗുരുഭക്തിയുടെ അടയാളങ്ങളാണ്. ഗുരു എന്ന പദത്തിലെ ‘ഗു’ എന്ന ശബ്ദം ഇരുട്ടിനെയും ‘രു’ അതിന്റെ നിരോധനത്തെയുമാണ് സൂചിപ്പിക്കുന്നത്. അതായത് അന്ധകാരമാകുന്ന അജ്ഞതയെ നീക്കി വെളിച്ചമാകുന്ന അറിവ് പകരുന്നതാണ് ഗുരു. അങ്ങനെ വെളിച്ചം പകരുന്ന നമ്മുടെ ആദ്യ ഗുരുവാണ് അമ്മ. ഈ ലോകത്തെ കുറിച്ച് ഈശ്വരനെ കുറിച്ച് അങ്ങനെ സര്‍വ്വതിനെയും കുറിച്ച് അറിവ് പകരുന്ന അമ്മയാണ് ആദ്യ ഗുരു. പിന്നീട് ഭാഷ, ശാസ്ത്രം, ഗണിതം തുടങ്ങി പല അറിവുകളും പകര്‍ന്നുതരുന്ന ഗുരുക്കന്മാര്‍ നമുക്ക് ഉണ്ടായി. പല രീതിയില്‍ അവര്‍ നമുക്ക് ജീവിതത്തില്‍ വഴികാട്ടികളായി. ശരിയായ കാഴ്ചപ്പാടില്‍ ജീവിക്കുകയും പ്രവര്‍ത്തിച്ചു വിജയിക്കുകയും സ്വന്തം സംസ്‌കാരത്തിന് കനപ്പെട്ട സംഭാവനകള്‍ നല്‍കുകയും ചെയ്ത പുരാണ ചരിത്ര പുരുഷന്മാരെ പരിശോധിച്ചാല്‍ ഗുരുവിന്റെ പ്രസക്തി എത്രമാത്രം പ്രധാനമാണെന്നത് ബോധ്യമാവും. ബൃഹസ്പതിയായിരുന്നു ദേവന്മാര്‍ക്ക് ഗുരു. ശ്രീകൃഷ്ണന് സാന്ദീപനി, ശ്രീരാമചന്ദ്രന് വസിഷ്ഠനും വിശ്വാമിത്രനും, ഛത്രപതി ശിവാജിക്ക് സമര്‍ത്ഥരാമദാസ്, സ്വാമി വിവേകാനന്ദന് ശ്രീരാമകൃഷ്ണ പരമഹംസര്‍, ചന്ദ്രഗുപ്ത മൗര്യന് ചാണക്യന്‍ ഇങ്ങനെ പുരാണ ചരിത്ര പുരുഷന്മാരെ എല്ലാം പരിശോധിച്ചാല്‍ അവര്‍ക്ക് വഴികാട്ടിയായി വെളിച്ചമായി ഒരു ഗുരു ഉണ്ടായിരുന്നു എന്ന് കാണാന്‍ സാധിക്കും. ഈ പാരമ്പര്യം പിന്തുടരുന്ന നമ്മള്‍ ഏതൊരു കാര്യത്തിനും കര്‍മ്മത്തിനും വഴികാട്ടിയായി വെളിച്ചമായി ഒരു ഗുരു ഉണ്ടാവണമെന്ന് ഇന്നും ആഗ്രഹിക്കുന്നു.
വ്യക്തികള്‍ക്കു മാത്രമല്ല സമാജത്തിനും രാഷ്ട്രത്തിനുമെല്ലാം മുന്നോട്ടുള്ള പാതയില്‍ കാലിടറാതിരിക്കാന്‍ വഴികാട്ടിയായി വെളിച്ചമായി ഒരു ഗുരു അനിവാര്യമാണ്. ഗുരു എന്നത് ഒരു വ്യക്തിയാകണമെന്നില്ല. തത്വത്തിനും ഗുരുസ്ഥാനമലങ്കരിക്കാം. വ്യക്തിക്ക് മറ്റൊരു വ്യക്തിയെ ഗുരുവാക്കാം. എന്നാല്‍ ഒരു സമാജം എന്ന് പറയുമ്പോള്‍ അനാദികാലം പഴക്കമുള്ളതും ഇനിയും മുന്നോട്ട് സഹസ്രാബ്ദങ്ങള്‍ സഞ്ചരിക്കേണ്ടതുമാണ്. അങ്ങനെയിരിക്കെ ക്ഷണികമായ ആയുര്‍ദൈര്‍ഘ്യമുള്ളതും ഒട്ടനവധി പരിധികളും പരിമിതികളുമുള്ളതുമായ ഒരു മനുഷ്യനെക്കൊണ്ട് ആ പദം അലങ്കരിക്കുക എന്നത് അസാധ്യമാണ്. അതുകൊണ്ട് സമാജത്തെയും രാഷ്ട്രത്തെയും സംബന്ധിച്ച് തത്വത്തെ തന്നെ ഗുരുവായി സ്വീകരിക്കേണ്ടതായി വരും. ഈ കാരണത്താല്‍ തന്നെയാണ് സമാജത്തിന്റെ സംഘടനയായ രാഷ്ട്രീയ സ്വയംസേവക സംഘം തത്വത്തെ ഗുരുവായി സ്വീകരിച്ചിരിക്കുന്നത്. ആ തത്വത്തെ അഥവാ ആദര്‍ശത്തെ പ്രകടിപ്പിക്കുന്നതാണ് പരമപവിത്ര ഭഗവധ്വജം. ഭഗവധ്വജം ഗുരുവാണെന്ന് പറയുന്ന സമയത്ത് അനാദികാലം പഴക്കമുള്ള ഒരു സമാജത്തെ സംബന്ധിച്ച് നിര്‍ജീവമായ ഒരു കൊടിയെ എങ്ങനെയാണ് ഗുരുവായി കണക്കാക്കാന്‍ സാധിക്കുക എന്ന സംശയം സ്വാഭാവികമായും ഉയര്‍ന്നുവരാം. നാം മനസ്സിലാക്കേണ്ടത് നിര്‍ജീവമായ ഒരു കൊടിയെ അല്ല, മറിച്ച് സഹസ്രാബ്ദങ്ങളായി ആ കൊടി പ്രതിനിധാനം ചെയ്യുന്ന ആദര്‍ശത്തെയാണ് സംഘം ഗുരുവായി സ്വീകരിച്ചിരിക്കുന്നത്, അതായത് അതില്‍ സങ്കല്‍പ്പിച്ചിട്ടുള്ള തത്വമാണ് നമ്മുടെ ഗുരു. ഉദാഹരണത്തിന് നാം ക്ഷേത്രാരാധന നടത്തുന്ന വേളയില്‍ ആ ക്ഷേത്ര ശ്രീകോവിലില്‍ കല്ലിലോ മണ്ണിലോ മരത്തിലോ തീര്‍ത്തിട്ടുള്ള വിഗ്രഹങ്ങളെ കാണുന്ന മാത്രയില്‍ അത് കല്ലാണെന്നോ മണ്ണാണെന്നോ മരമാണെന്നോ അല്ല നാം മനസ്സിലാക്കുന്നത്. അത് ശിവനോ സുബ്രഹ്മണ്യനോ ശ്രീകൃഷ്ണനോ ശ്രീരാമനോ ആണ് എന്ന സങ്കല്‍പ്പത്തിലാണ് ഭാവനയിലാണ് നാം ആരാധന നടത്തുന്നത്. സമാനമായ രീതിയില്‍ തന്നെ ഭഗവധ്വജം കാണുന്ന മാത്രയില്‍ അതില്‍ സങ്കല്‍പ്പിച്ചിട്ടുള്ള ആദര്‍ശത്തെയാണ് നമ്മുടെ മനസ്സില്‍ പതിപ്പിക്കേണ്ടത്.
എന്താണ് ഭഗവധ്വജത്തില്‍ സങ്കല്‍പം ചെയ്തിട്ടുള്ള ആദര്‍ശം, അത് ഹിന്ദു സംസ്‌കാരവും വിശ്വാസപ്രമാണങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് നോക്കാം. ഹിന്ദു സമാജത്തെ സംബന്ധിച്ച് അതിനെ ഉണര്‍ത്തുന്ന ദേവതകളാണ് സൂര്യഭഗവാനും സൂര്യന്റെ ഭൂമിയിലെ പ്രതിരൂപമായ അഗ്‌നിയും. ഈ ദേവതകളോടുള്ള ഭക്തിയുടെ സൂചകമായിട്ടാണ് അവരുടെ വര്‍ണ്ണത്തോടെയുള്ള ഭഗവധ്വജത്തെ നാം സൃഷ്ടിച്ചത്. കൊടിയ യുദ്ധകാലത്ത് പോലും പ്രഭാതത്തിലും പ്രദോഷത്തിലും യുദ്ധം നിര്‍ത്തി സൈനികര്‍ സൂര്യനെ വന്ദിക്കാന്‍ ഒത്തുകൂടിയിരുന്നു. ഈ ആധുനിക കാലത്തു പോലും നമ്മുടെ ക്ഷേത്രങ്ങളും വീടുകളും സൂര്യന്റെ ആദ്യകിരണങ്ങള്‍ ഉള്ളില്‍ പ്രവേശിക്കുന്ന തരത്തില്‍ കിഴക്ക് ദര്‍ശനമായാണ് നിര്‍മ്മിക്കുന്നത്. ഇങ്ങനെ ഭാരതീയരുടെ സൂര്യനോടുള്ള നിസ്സീമമായ ഭക്തിയാണ് ഭഗവധ്വജത്തിന് ഉദയസൂര്യന്റെ വര്‍ണ്ണം നല്‍കാന്‍ കാരണമായത്. അഗ്‌നിയുടെ വര്‍ണ്ണവും അതുതന്നെയാണ്, മാത്രവുമല്ല അഗ്‌നിജ്വാലകളുടെ ആകൃതിയുമാണ് ഭഗവധ്വജത്തിന് നല്‍കിയിട്ടുള്ളത്. ലോകത്തിലെ മറ്റെല്ലാ പതാകകളും ചതുരാകൃതിയിലുള്ളതാണ്. ഭഗവധ്വജത്തില്‍ അഗ്‌നിയുടെ രൂപത്തില്‍ നാം കാണുന്ന ഈ രണ്ടു പാളികള്‍ അത് ആദ്ധ്യാത്മികതയുടെയും ഭൗതികതയുടെയും സംയോഗം കൂടിയാണ്.
ഭാരതീയ തത്വശാസ്ത്രമനുസരിച്ച് നാമെല്ലാം ജീവിക്കുന്നത് പരമമായ സുഖമനുഭവിക്കുന്നതിനാണ്, അതായത് മോക്ഷത്തിനു വേണ്ടിയാണ്. എങ്ങനെ മോക്ഷപ്രാപ്തി കൈവരിക്കാം. മനുഷ്യന്‍ ജനിക്കുന്നത് തന്നെ മൂന്ന് ഋണത്തോടെയാണ്. എന്നുവെച്ചാല്‍ ബാധ്യത അല്ലെങ്കില്‍ കടം. ദേവ ഋണം, ഋഷി ഋണം, പിതൃഋണം ഈ മൂന്ന് ഋണം (കടം) തീര്‍ക്കുമ്പോള്‍ മാത്രമാണ് മോക്ഷം ലഭിക്കുന്നത്. എന്താണ് ആ കടം, അതിനെ എങ്ങനെ തീര്‍ക്കാം. ഹൈന്ദവദര്‍ശനമനുസരിച്ച് പരമാത്മാവിന്റെ അംശമായ ഒരു ജീവന്‍ 84 ലക്ഷം ജന്മമെടുക്കും. അതില്‍ ഏറ്റവും ശ്രേഷ്ഠമായ മനുഷ്യജന്മം നമുക്ക് ലഭിച്ചത് ദേവപ്രസാദത്തിലൂടെയാണ്. ദേവന്മാരുടെ കടാക്ഷത്തില്‍ നമുക്ക് മനുഷ്യജന്മം കിട്ടി എന്നതിനാല്‍ നമുക്ക് ദേവന്മാരോട് കടപ്പാടുണ്ട് അതാണ് ദേവഋണം. മറ്റു ജീവജാലങ്ങളില്‍ നിന്ന് മനുഷ്യനെ വേര്‍തിരിച്ചു നിര്‍ത്തുന്നത് അവന്റെ വിവേചന ബുദ്ധിയാണ്, അറിവാണ്. ആ അറിവ് മനുഷ്യന് പ്രദാനം ചെയ്തത് വേദങ്ങളും വേദാന്തങ്ങളും പുരാണേതിഹാസങ്ങളുമാണ്. അതുകൊണ്ട് ഇതിന്റെ എല്ലാം സ്രഷ്ടാക്കളായ ഋഷീശ്വരന്മാരോട് നമുക്ക് കടപ്പാടുണ്ട്. അതിനെയാണ് ഋഷി ഋണം എന്നുപറയുന്നത്. നമ്മുടെ പിറവിക്കു കാരണം നമ്മുടെ പിതാക്കന്മാരും പിതാമഹന്മാരുമായതുകൊണ്ട് പിതൃക്കളോട് നമുക്ക് കടപ്പാടുണ്ട് അതാണ് പിതൃ ഋണം. ഈ മൂന്നു കടങ്ങളും തീര്‍ക്കുന്ന മാത്രയിലാണ് മോക്ഷ പ്രാപ്തി ഉണ്ടാകുന്നത്. എങ്ങനെ അത് തീര്‍ക്കാന്‍ സാധിക്കും. ദേവഋണം തീര്‍ക്കാന്‍ ആവുന്നത്ര സല്‍കര്‍മ്മങ്ങള്‍ ചെയ്താല്‍ മതി. വേദങ്ങളില്‍ നിന്നും വേദാന്തങ്ങളില്‍ നിന്നും പുരാണങ്ങളില്‍ നിന്നുമെല്ലാം പരമാവധി അറിവുകള്‍ നേടുക എന്നതാണ് ഋഷി ഋണം തീര്‍ക്കാനുള്ള മാര്‍ഗ്ഗം. നാമോരോരുത്തരും പിതാക്കന്മാരാവുക എന്നതാണ് പിതൃഋണം തീര്‍ക്കാനുള്ള മാര്‍ഗ്ഗം. ഇതില്‍ പിതൃഋണം മാത്രമാണ് ലൗകികം അതായത് ഭൗതികമായിട്ടുള്ളത്. ഋഷി ഋണവും ദേവഋണവും ആദ്ധ്യാത്മികമാണ്. അദ്ധ്യാത്മികം എന്നുപറയുമ്പോള്‍ ലൗകിക ജീവിതം നിഷിദ്ധമല്ല മറിച്ച് ആദ്ധ്യാത്മികതയില്‍ ഊന്നിട്ടുള്ള ലൗകിക ജീവിതം. ഈ രണ്ടിന്റെയും സമുദ്ക്കര്‍ഷനിശ്രേയസ്സുകളുടെ സംയോഗമാണ് ഭഗവധ്വജത്തിലെ രണ്ട് ശിഖകളില്‍ ദര്‍ശിക്കാന്‍ കഴിയുന്നത്. ഈ നിലക്ക് ഹിന്ദുസംസ്‌കാരം, ഭാരതരാഷ്ട്രം, ഹൈന്ദവ ജീവിത പാരമ്പര്യം, വിശ്വാസപ്രമാണങ്ങള്‍ തുടങ്ങിയവയുമായി വേര്‍പിരിക്കാന്‍ സാധിക്കാത്ത രീതിയില്‍ ഇഴ ചേര്‍ന്നുനില്‍ക്കുന്ന ഒന്നാണ് ഭഗവധ്വജം. അതുകൊണ്ടാണ് നമ്മുടെ പൂര്‍വികര്‍ അതിനെ ആയിരക്കണക്കിന് വര്‍ഷങ്ങളായി ഭക്തിപുരസ്സരം പൂജിച്ചത്. വൈദികകാലം മുതല്‍ ഇംഗ്ലീഷുകാരുടെ കാലം വരെയുള്ള ചക്രവര്‍ത്തിമാര്‍, രാജാക്കന്മാര്‍, സേനാനായകര്‍ എല്ലാം തങ്ങളുടെ രാഷ്ട്രധ്വജമായി ഈ ഭഗവദ് പതാകയെ ഉപയോഗിച്ചു. ശ്രീരാമന്‍, അര്‍ജുനന്‍, ഹര്‍ഷവര്‍ദ്ധന്‍, പൃഥ്വിരാജ് ചൗഹാന്‍, റാണാപ്രതാപ്, ഛത്രപതി ശിവാജി, കൃഷ്ണദേവരായര്‍ തുടങ്ങിയവരെല്ലാം രാഷ്ട്രധ്വജമായി ഈ ഭഗവത് പതാകയാണ് ഉപയോഗിച്ചത്. സ്വന്തം രാഷ്ട്രത്തിനുവേണ്ടി പോരാടാനും ജീവന്‍ ബലിയര്‍പ്പിക്കാനും അവര്‍ക്ക് പ്രേരണയും പ്രചോദനവും ലഭിച്ചത് ഈ ഭഗവദ് പതാകയുടെ സമര്‍പ്പണ പാരമ്പര്യത്തില്‍നിന്നാണ്. ഈ കാര്യത്തില്‍നിന്നെല്ലാം വ്യക്തമാവുന്നത് ഈ ഭഗവധ്വജം രാഷ്ട്രീയ സ്വയംസേവക സംഘം രൂപകല്‍പ്പന ചെയ്തതല്ല മറിച്ച് ഭാരതത്തിന്റെ സംസ്‌കാരവുമായി ഇത്രയധികം ഇഴുകിചേര്‍ന്ന ഭഗവദ് പതാകയെ സംഘം ഗുരുവായി സ്വീകരിക്കുക മാത്രമാണ് ചെയ്തത് എന്നാണ്. ആ ഭഗവധ്വജത്തെ ഗുരുവായി സങ്കല്‍പ്പിച്ച് ഗുരുപൂജ ചെയ്യുകയും അതിനോടൊപ്പം ഗുരുദക്ഷിണ സമര്‍പ്പിക്കുകകൂടി ചെയ്യുന്ന അവസരമാണ് ഗുരുപൂര്‍ണിമ. ഗുരുദക്ഷിണ എന്നത് കേവലം ധനസമര്‍പ്പണം മാത്രമല്ല ഈ രാഷ്ട്രത്തിനുവേണ്ടി സമാജത്തിനുവേണ്ടി ശരീരവും മനസ്സും കൂടി സമര്‍പ്പിക്കുമെന്ന പ്രതിജ്ഞ കൂടിയാണ്. ഈ സങ്കല്പത്തില്‍ സംഘം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് നൂറു വര്‍ഷങ്ങളാവുന്നു. ശതാബ്ദിയിലെത്തി നില്‍ക്കുന്ന സമയത്ത് ഒരു നൂറ്റാണ്ട് കാലത്തെ പ്രവര്‍ത്തനം കൊണ്ട് ഭാരതരാഷ്ട്രത്തിലെ മുക്കിലും മൂലയിലും ഗ്രാമഗ്രാമാന്തരങ്ങളില്‍, നഗരനഗരാന്തരങ്ങളില്‍ സംഘപ്രവര്‍ത്തനമെത്തുകയും ഈ ഭഗവദ് പതാകയുടെ മഹത്വമറിഞ്ഞ് അതിനെ ഗുരുവായി കണ്ട് പ്രണമിക്കുന്ന, പൂജിക്കുന്ന, ദക്ഷിണ സമര്‍പ്പിക്കുന്ന ജനതതികള്‍ അവിടങ്ങളിലെല്ലാം ഉണ്ടാവുകയും ചെയ്തതിലൂടെ ഭഗവയുടെ പ്രഭ ഈ ഭാരതമൊട്ടുക്കും വീണ്ടും പ്രസരിക്കാന്‍ തുടങ്ങി. ദേശത്തിനും ഭാഷയ്ക്കും ജാതിക്കും വര്‍ണ്ണത്തിനും ആചാരാനുഷ്ഠാനങ്ങള്‍ക്കും എല്ലാ വൈവിധ്യങ്ങള്‍ക്കും അതീതമായി ഈ രാഷ്ട്രത്തെ ഒന്നായി നിലനിര്‍ത്തുന്ന ഘടകമായി അതു മാറി. അങ്ങനെ കരുത്തുറ്റ ഒരു സമാജവും കരുത്തുറ്റ ഒരു രാഷ്ട്രവും അതിലൂടെ കരുത്തുറ്റ ഒരു ഭരണകൂടവും ഉണ്ടായി. തത്ഫലമായി ഇന്ന് സാങ്കേതികമായി സാമ്പത്തികമായി സൈനികമായി സാംസ്‌കാരികമായി അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രമായി ഭാരതം മാറി.
സാമ്രാജ്യത്വ താല്പര്യത്തിനും മതമേധാവിത്വത്തിനും സാമ്പത്തിക താല്‍പര്യത്തിനുംവേണ്ടി സങ്കുചിതമായി ചിന്തിച്ച് ലോകത്തെ യുദ്ധത്തിലേക്കും സംഘര്‍ഷത്തിലേക്കും തള്ളിവിടുന്ന ലോക നേതാക്കളെ തിരുത്തി ശാന്തിയുടെയും സമാധാനത്തിന്റെയും പാതയിലേക്ക് ലോകത്തെ നയിക്കാനുള്ള ജഗദ്ഗുരുവായി ഭാരതം മാറിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ ഭഗവദ് പതാകയുടെ നമ്മുടെ, രാഷ്ട്രഗുരുവിന്റെ, പൗരാണികവും ചരിത്രപരവും കാലികവുമായ പ്രസക്തിയെ ഉള്‍ക്കൊണ്ടുകൊണ്ട് ഗുരുപൂജാ ഉത്സവത്തെ സഗൗരവം സമീപിക്കാന്‍ നമുക്ക് സാധിക്കണം.