വികസനത്തിന് തുരങ്കം വയ്ക്കുന്ന രാഷ്ട്രീയബോധം പേറിയാണ് ഇടതുപക്ഷം കേരളം ഭരിക്കുന്നത്. കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് വിവിധ മേഖലകളില്‍ സംസ്ഥാനത്തിന്റെ വളര്‍ച്ച പ്രതിസന്ധിയിലാണ്. സാക്ഷരകേരളത്തിന്റെ വിദ്യാഭ്യാസമേഖലയെ പാടെ തകര്‍ത്തുകൊണ്ടാണ് സര്‍ക്കാര്‍ ഭരണം നടത്തിയത്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ദുര്‍ഭരണം കൊണ്ട് നിരവധി വിദ്യാര്‍ത്ഥികള്‍ കേരളം വിട്ട് അന്യനാട്ടിലേക്ക് പോകുന്നത് വര്‍ഷാവര്‍ഷം വര്‍ധിച്ചു വരികയാണ്. പൊതുവിദ്യാഭ്യാസമേഖലയുടെ അവസ്ഥയും ഇതില്‍ നിന്നും വ്യത്യസ്തമല്ല. പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം കുറയുന്നതോടൊപ്പം അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തിലും കാലാനുസൃതമായ പരിവര്‍ത്തനങ്ങളിലും കേരളം വേണ്ട പുരോഗതി കൈവരിക്കാത്ത സാഹചര്യമാണുള്ളത്.
ഉച്ചക്കഞ്ഞി, യൂണിഫോം വിതരണം ഉള്‍പ്പടെയുള്ള അടിസ്ഥാന വിദ്യാഭ്യാസ ആവശ്യങ്ങള്‍ പോലും നിറവേറ്റുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. എന്നാല്‍ ഈ സാഹചര്യത്തിലും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനോ വികസനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനോ സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നുമില്ല. ഈ വേളയിലും കേരളത്തിലെ 336 സ്‌കൂളുകളിലെ അടിസ്ഥാന സാഹചര്യങ്ങള്‍ ലോകോത്തര നിലവാരത്തിലെത്തിക്കുന്ന പിഎം ശ്രീ പദ്ധതി പോലും കേരള സര്‍ക്കാര്‍ രാഷ്ട്രീയ അന്ധത മൂലം നിരാകരിക്കുകയാണ്. രാഷ്ട്രീയത്തിനപ്പുറത്തേക്ക് വികസനമെന്നോ പൊതുജനതാല്പര്യമെന്നോ ജനസേവനമെന്നോ ഒന്നും ചിന്തിക്കാതെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്പെടേണ്ട പദ്ധതിയോടാണ് സര്‍ക്കാര്‍ മുഖം തിരിഞ്ഞു നില്‍ക്കുന്നത്.
സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമാക്കി 2022-23 അധ്യയന വര്‍ഷം മുതല്‍ ആരംഭിച്ച കേന്ദ്ര പദ്ധതിയാണ് ‘പിഎം ശ്രീ’ (പ്രധാന്‍ മന്ത്രി സ്‌കൂള്‍സ് ഫോര്‍ റൈസിങ് ഇന്ത്യ). ഒരു ബ്ലോക്ക് റിസോഴ്‌സ് സെന്ററിനു (ബിആര്‍സി) കീഴില്‍ രണ്ട് സ്‌കൂളുകള്‍ക്കാണ് (ഒരു പ്രൈമറി സ്‌കൂളും ഒരു സെക്കന്ററി സ്‌കൂളും) പിഎം ശ്രീ പദ്ധതിയില്‍ ഇടം ലഭിക്കുക. മൊത്തം 168 ബിആര്‍സികളാണ് കേരളത്തിലുള്ളത്. ഈ പദ്ധതിയില്‍ ഒപ്പുവച്ചാല്‍ അംഗമാകുന്ന ഓരോ സ്‌കൂളിനും വര്‍ഷാവര്‍ഷം 1 കോടിക്കടുത്ത് ഗ്രാന്റ് ലഭിക്കും. പദ്ധതിയില്‍ ഉള്‍പ്പെടുന്ന സ്‌കൂളുകളില്‍ സമഗ്രമായ വികസനം നടക്കും. 2022-23 മുതല്‍ 2026-27 വരെയുള്ള അഞ്ച് വര്‍ഷങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്.
സ്പോര്‍ട്സ്, സയന്‍സ്, ഐടി, ആര്‍ട്സ് എന്നിവയ്ക്ക് ഈ പദ്ധതിയിലൂടെ സൗകര്യമൊരുക്കാന്‍ സാധിക്കും. ശിശുസൗഹൃദ ഫര്‍ണിച്ചറുകള്‍, ഔട്ട്ഡോര്‍ കളി സാമഗ്രികള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍, സയന്‍സ് സര്‍ക്കിളുകള്‍, ഗണിത സര്‍ക്കിളുകള്‍, സംഗീതം, നൃത്ത സര്‍ക്കിളുകള്‍ എന്നിങ്ങനെ വ്യത്യസ്ത സേണുകള്‍ സ്‌കൂളുകള്‍ ഹരിത വിദ്യാലയങ്ങളായി വികസിപ്പിക്കല്‍ എന്നിവയെല്ലാം ഈ പദ്ധതിയുടെ ഭാഗമാണ്.
കേരളത്തിലെ 20 ലക്ഷത്തിലധികം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമാകുന്ന പി.എം. ശ്രീ പദ്ധതിയില്‍ സംസ്ഥാനം ഭാഗമാകണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ഏപ്രില്‍ 18 ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പൊതുവിദ്യാഭാസ മന്ത്രി വി. ശിവന്‍കുട്ടിയെ നേരില്‍ കണ്ട് നിവേദനം നല്‍കുകയും വിശദമായി ഈ വിഷയം സംസാരിക്കുകയും ചെയ്തിരുന്നു. ഉടന്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് വാഗ്ദാനം നല്‍കി രണ്ടു മാസം കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അനുകൂലമായ യാതൊരു നടപടിയും ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് എബിവിപി സംസ്ഥാന സമിതി, ജൂണ്‍ 17 ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്. പി. എം.ശ്രീ പദ്ധതിയില്‍ ഭാഗമാകുന്നതിനു കേരളം ഇനിയും തയ്യാറായില്ലെങ്കില്‍ വിദ്യാഭ്യാസ മന്ത്രിയെ വഴിയില്‍ തടയുന്നതുള്‍പ്പെടെയുള്ള ജനാധിപത്യ സമരമാര്‍ഗ്ഗങ്ങളിലേക്ക് കടക്കുമെന്ന് ആ മാര്‍ച്ചില്‍ എബിവിപി പ്രഖ്യാപിച്ചു. അതിനെ തുടര്‍ന്നാണ് ജൂണ്‍ 20 ന് വഴുതയ്ക്കാടു വച്ചു വാഹനം തടഞ്ഞ് മന്ത്രിയെ, എബിവിപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. ജനാധിപത്യപരമായ ആ സമര മാര്‍ഗത്തെ മന്ത്രി നേരിട്ടത് തന്റെ ഔദ്യോഗിക വാഹനത്തിലെ ത്രിവര്‍ണ്ണ പതാക, എബിവിപിക്കാര്‍ വലിച്ചു കീറിയെന്ന പച്ചക്കള്ളം പറഞ്ഞുകൊണ്ടാണ്. കേരളത്തിലെ എല്ലാ മാധ്യമങ്ങളും ആ അവസരത്തില്‍ സംഭവ സ്ഥലത്തുണ്ടായിരുന്നതാണ്. അവരുടെ ഒരു ദൃശ്യങ്ങളിലും അത്തരത്തില്‍ എബിവിപിക്കാര്‍, ദേശീയ പതാകയെ അപമാനിക്കുന്നതായി കണ്ടില്ല. ഒരു ജനകീയ സമരത്തെ കള്ളം പറഞ്ഞു നേരിടാനാണ് പൊതുവിദ്യാഭ്യാസ മന്ത്രി ആദ്യം തന്നെ ശ്രമിച്ചത്.
പ്രതിഷേധത്തിന്റെ തുടര്‍ച്ചയെന്നോണമാണ് ജൂണ്‍ 21 ന് കോഴിക്കോട് വച്ച് എബിവിപി പ്രവര്‍ത്തകര്‍, മന്ത്രിയെ കരിങ്കൊടി കാണിച്ചത്. പ്രതിഷേധം കനത്തപ്പോള്‍, ഒരു പാര്‍ട്ടി സെക്രട്ടറിയെ പോലെ പെരുമാറിയ മന്ത്രി, പാര്‍ട്ടി ഗുണ്ടകളെ തെരുവിലിറക്കി, എബിവിപി പ്രവര്‍ത്തകരെ നേരിട്ടു. തുടര്‍ന്ന് അന്നേ ദിവസം രാത്രി പ്രതിഷേധിക്കുവാനായി തിരുവനന്തപുരത്തെത്തിയ എബിവിപി സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ, പാര്‍ട്ടി ഗുണ്ടകളെ ഉപയോഗിച്ച് അതിക്രൂരമായി മര്‍ദ്ദിക്കുന്ന അവസ്ഥയുണ്ടായി. എബിവിപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുമ്പോള്‍ കേരളത്തിലെ പോലീസ് സംവിധാനം സക്രിയമായ ഇടപെടല്‍ നടത്താതെ വെറും കാഴ്ചക്കാരായി നോക്കിനില്‍ക്കുകയായിരുന്നു. എബിവിപി പ്രവര്‍ത്തകര്‍ നടത്തിയത് ജനാധിപത്യപരമായ സമരമാണ്. എബിവിപി പ്രതിഷേധിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ (മാര്‍ക്‌സിസ്റ്റ്) സംസ്ഥാന സമിതി അംഗം വി. ശിവന്‍കുട്ടിയ്‌ക്കെതിരെയോ സിഐടിയു സംസ്ഥാന സെക്രട്ടറി ശിവന്‍കുട്ടിയ്‌ക്കെതിരെയോ അല്ല, മറിച്ച് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട്, ഭാരതത്തിന്റെ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയ്‌ക്കെതിരെയാണ്. അത്തരം പ്രതിഷേധങ്ങളെ, ഭരണ സംവിധാനത്തിന്റെ ഭാഗമായ കേരളത്തിലെ പോലീസ് തടയുന്നതിലും നടപടിയെടുക്കുന്നതിലും അസ്വാഭാവികതയില്ല. എന്നാല്‍ ജനകീയ പ്രതിഷേധങ്ങളെ പാര്‍ട്ടി ഗുണ്ടകളെ ഇറക്കി, കായികമായി ആക്രമിച്ചു ഇല്ലാതാക്കാനുള്ള പ്രവണത, ജനാധിപത്യ ധ്വംസനവും ഭരണഘടനാ ലംഘനവുമാണ്. അതിനു മുന്നില്‍ മുട്ടുമടക്കാന്‍ എബിവിപി തയ്യാറല്ല. അത്തരം നീക്കങ്ങളെ സംഘടനാപരമായും നിയമപരമായും നേരിടും.
പി.എം. ശ്രീ പദ്ധതി, കേരളത്തിന് അത്യന്താപേക്ഷിതമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ് കേരളം. നമ്മുടെ വിദ്യാഭ്യാസ മേഖലയും സാമ്പത്തിക പരാധീനതയിലാണ്. സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി, പ്രഥമാദ്ധ്യാപകര്‍ സ്വന്തം കീശ തപ്പേണ്ട അവസ്ഥയിലൂടെയാണ് നാം കടന്നുപോകുന്നത്. ആ പശ്ചാത്തലത്തില്‍ പി.എം. ശ്രീ പദ്ധതി കേരളത്തിന് വലിയൊരു അനുഗ്രഹമാകും. ദുരഭിമാനവും രാഷ്ട്രീയ അന്ധതയും വെടിഞ്ഞു, കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തിനു വേണ്ടി ഈ പദ്ധതിയുടെ ഭാഗമാകുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. അതുവരെ അതിശക്തമായ സമര പോരാട്ടങ്ങളുമായി എബിവിപി മുന്നിലുണ്ടാകും.
എബിവിപി എന്തിനാണ് സമരം ചെയ്യുന്നതെന്ന് അറിയില്ലെന്നാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വി.ശിവന്‍കുട്ടി ആദ്യം പറഞ്ഞത്, ഒരു മാധ്യമ പ്രവര്‍ത്തകന്‍ പി.എം. ശ്രീ പദ്ധതിയാണ് വിഷയമെന്നു ഓര്‍മ്മപ്പെടുത്തിയപ്പോള്‍, എബിവിപി സമരം ചെയ്യേണ്ടത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയ്‌ക്കെതിരെ ആണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. 1500 കോടി അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്രത്തിനെതിരെയാണ് എബിവിപി സമരം ചെയ്യേണ്ടതെന്നും പറഞ്ഞു. ആദ്യം പി.എം. ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച് കേരളത്തെയും അതിന്റെ ഭാഗമാക്കുകയാണ് വേണ്ടത്. എബിവിപി ഇതാവശ്യപ്പെടുന്നത് കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ പ്രതിനിധി ആയിട്ടാണ്, അവര്‍ക്കു മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുവാന്‍ വേണ്ടിയിട്ടാണ്. ആ ആവശ്യം നിറവേറ്റപ്പെടുന്നത് വരെ എബിവിപി സമര മുഖത്തുണ്ടാകും. അതിനെതിരെ എത്ര പാര്‍ട്ടി ഗുണ്ടകള്‍ അണിനിരന്നാലും ഈ നിലപാടില്‍ നിന്നും ഒരിഞ്ചു പോലും എബിവിപി പിന്നോട്ടു പോകില്ല.
(എബിവിപി ദേശീയ നിര്‍വ്വാഹക സമിതി അംഗമാണ് ലേഖകന്‍)