ഭാരതത്തിന്റെ ബഹിരാകാശചരിത്രത്തില്‍ തന്റെ പേര് എഴുതിച്ചേര്‍ത്ത ശുഭാംശു ശുക്ല പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഫോണില്‍ സംസാരിക്കവെ ‘ഇവിടെ നിന്നു ഭാരതത്തെ കണ്ടപ്പോള്‍ ഭൂപടത്തില്‍ കാണുന്നതിനേക്കാള്‍ എത്രയോ സുന്ദരവും മഹത്തരവുമാണെന്ന തോന്നല്‍ ഉറച്ചു. ഭാരതം യഥാര്‍ത്ഥത്തില്‍ എത്രയോ വലുതാണെന്നു മനസ്സിലാകുന്നു’ എന്നു പറഞ്ഞത് അദ്ദേഹത്തെ കുഴപ്പത്തിലാക്കിയതു തന്നെ. നമ്മുടെ വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി ഇതുകേട്ടാല്‍ കലിതുള്ളുമെന്നു മാത്രമല്ല ഭാരതത്തില്‍ നിന്നുള്ള ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കടമയും എന്തൊക്കെയാണെന്ന് വിദ്യാര്‍ത്ഥികള്‍ പഠിക്കണം എന്ന് ഉത്തരവിറക്കുകയും ചെയ്യും. ഭാരതത്തെ ഭൂപടത്തില്‍ കാണുന്നതിനേക്കാള്‍ വലുതാക്കി ചിത്രീകരിക്കുന്ന ചിത്രം ഭാരതമാതാവ് എന്ന പേരില്‍ രാജ്ഭവനില്‍ വെച്ച് പുഷ്പാര്‍ച്ചന നടത്തിയ ഗവര്‍ണറുടെ നടപടിയാണല്ലോ ഗവര്‍ണറുടെ അധികാരം പാഠ്യവിഷയമാക്കുമെന്ന് പറയാന്‍ ശിവന്‍കുട്ടി സഖാവിനെ പ്രേരിപ്പിച്ചത്. അതേ ന്യായം ശുഭാംശു ശുക്ലക്കും ബാധകമാണ്. ഗവര്‍ണറുടെ അധികാര പരിധി എന്താണെന്നത് സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും എന്ന് അദ്ദേഹം പ്രഖ്യാപിക്കുക മാത്രമല്ല ഈ തീരുമാനം സംസ്ഥാന സര്‍ക്കാരിന്റെ നേട്ടമായി സര്‍ക്കാര്‍ നല്കിയ പരസ്യങ്ങളില്‍ എണ്ണിപ്പറയുകയും ചെയ്തിട്ടുണ്ട്. ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കടമയും കുട്ടികളെ പഠിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അതും പരസ്യത്തില്‍ ഉള്‍പ്പെടുത്താമല്ലോ.
അന്തരീക്ഷത്തിലെത്തിയ താന്‍ നേരില്‍ കണ്ടത് ഭൂപടത്തില്‍ ഉള്ളതിനേക്കാള്‍ എത്രയോ വലിയ ഭാരതത്തെയാണ് എന്ന് ശുഭാംശു നരേന്ദ്രമോദിയോട് പറഞ്ഞതാണ് നാമെല്ലാം ചാനലുകള്‍ വഴി കേട്ടത്. അന്തരീക്ഷത്തിലിരുന്ന് ചൈനയെയല്ലാതെ ഭാരതത്തെ നോക്കിയത് ബഹിരാകാശ സഞ്ചാരിയുടെ അധികാരത്തില്‍ പെടുന്നതല്ല. ചൈനയെ വലുതായും സുന്ദരമായും മഹത്തായും ഒക്കെ കാണാം. ഭാരതത്തെ അങ്ങനെ കാണരുത്. ഭാരത പ്രധാനമന്ത്രിയുമായി ഫോണില്‍ സംസാരിക്കുമ്പോള്‍ ഈ നാടിനെക്കറിച്ച് മിണ്ടരുത് എന്നുമാത്രമല്ല, ഭാരതത്തെക്കുറിച്ച് പ്രധാനമന്ത്രി പുകഴ്ത്തി പറഞ്ഞാല്‍ ചെവിക്കൊള്ളരുത്. മാത്രമല്ല ഫോണ്‍ബന്ധം വിച്ഛേദിക്കുകയും ചെയ്യണം. ഇതൊക്കെ ഉള്‍പ്പെടുത്തിയാലേ കേരളത്തിന്റെ ചെമ്പന്‍ പാഠ്യപദ്ധതി പൂര്‍ണ്ണമാകൂ. കുട്ടികള്‍ ഇത് മനപ്പാഠമാക്കുകയും വിദ്യാഭ്യാസമന്ത്രി അപ്പൂപ്പനെ ചെല്ലിക്കേള്‍പ്പിച്ച് സുഖിപ്പിക്കുകയും ചെയ്താല്‍ സ്‌കൂളിലെ ഉച്ചഭക്ഷണ സമയത്ത് ഹെഡ്മാസ്റ്ററുടെ ശമ്പളത്തില്‍ നിന്ന് കാശെടുത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ബിരിയാണി നല്‍കാന്‍ മന്ത്രിയുടെ പ്രത്യേക ഉത്തരവുണ്ട്.