ഇസ്ലാമിക തീവ്രവാദം മാത്രമല്ല, ഇസ്ലാമിക വോട്ടുബാങ്ക് രാഷ്ട്രീയവും കേരളത്തെ എങ്ങനെയാണ് ബാധിച്ചിരിക്കുന്നതെന്നും കേരളത്തിലെ മുന്നണി രാഷ്ട്രീയത്തില്‍ തീവ്രവാദത്തിന്റെ സ്വാധീനം എത്രയാണെന്നും വ്യക്തമാക്കുന്നതാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ വര്‍ഗീയ സംഘടനകളുടെ മുന്നണിബന്ധം. ഇത്തവണ തീവ്രവാദ വര്‍ഗീയ കക്ഷികളോട് കൂട്ടുചേരാന്‍ വളരെ വിചിത്രമായ ന്യായവാദങ്ങളും വെള്ളപൂശല്‍ തന്ത്രങ്ങളുമായാണ് യുഡിഎഫും എല്‍ഡിഎഫും രംഗത്ത് വന്നിരിക്കുന്നത്.
ഭീകരാക്രമണ കേസില്‍ പ്രതിയായി ബംഗളൂരു പരപ്പനഅഗ്രഹാര ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുല്‍നാസര്‍ മദനിയെ വിശുദ്ധനാക്കാനും വെളുപ്പിക്കാനും ഇടതുമുന്നണി സ്ഥാനാര്‍ഥി എം.സ്വരാജ് അടക്കമുള്ള നേതാക്കള്‍ നടത്തിയ ശ്രമങ്ങള്‍ നിലമ്പൂരില്‍ കണ്ടു. പിഡിപിയുടെ പിന്തുണ നേടിയ ഇടതുമുന്നണി, ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ വിഭാഗമായ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ നേടിയ യുഡിഎഫിനെതിരെ രംഗത്തുവന്നു. പിഡിപിയെ പോലെയല്ല ജമാഅത്തെ ഇസ്ലാമിയും വെല്‍ഫെയര്‍ പാര്‍ട്ടിയും എന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പരസ്യമായി പ്രകടിപ്പിച്ചത്. പിഡിപി പീഡിപ്പിക്കപ്പെട്ട പാര്‍ട്ടിയാണെന്ന ഒരു പുതിയ വിശദീകരണവും വ്യാഖ്യാനവും നല്‍കി വര്‍ഗീയ കൂട്ടുകെട്ടിന് പുതിയ ഭാഷ്യം നല്‍കാനും ആ അപ്പം പരമാവധി ചൂടോടെ വിറ്റഴിക്കാനും എം.വി.ഗോവിന്ദന്‍ ശ്രമം നടത്തി.
ഇരുമുന്നണികളും കാലാകാലങ്ങളായി രഹസ്യമായും പരസ്യമായും സംബന്ധവും ബാന്ധവവുമായി കൂട്ടുചേര്‍ന്ന ജമാഅത്തെ ഇസ്ലാമിയും പിഡിപിയും ഇക്കുറി പരസ്യമായിത്തന്നെ രണ്ടു മുന്നണികളുടെയും ഭാഗമായി എന്നതാണ് ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. 1987ലെ തിരഞ്ഞെടുപ്പില്‍ ഇസ്ലാമിക ഭീകരരുടെ വോട്ട് വേണ്ട എന്ന് പരസ്യമായി പ്രഖ്യാപിച്ച ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നയത്തെയും വര്‍ഗീയവിരുദ്ധ സമീപനത്തെയും പരസ്യമായി തള്ളിപ്പറഞ്ഞുകൊണ്ടാണ് പിണറായി വിജയനും എം.വി.ഗോവിന്ദനും അബ്ദുള്‍നാസര്‍ മദനിയുടെ പിഡിപിയുമായി കൂട്ടുചേര്‍ന്നത്. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ കരുണാനിധിയുടെ സഹായത്തോടെ രക്ഷപ്പെട്ട അബ്ദുള്‍നാസര്‍ മദനി പിന്നീട് ബാംഗ്ലൂര്‍ സ്‌ഫോടനത്തില്‍ അറസ്റ്റിലാവുകയായിരുന്നു. ആ മദനിയെ വെള്ളപൂശാനും സമാധാനത്തിന്റെ വെള്ളരിപ്രാവാക്കാനും ഇടതുപക്ഷവും സ്ഥാനാര്‍ത്ഥി എം.സ്വരാജും നടത്തിയ ശ്രമങ്ങള്‍ ചിന്തിപ്പിക്കുന്നതും ചിരിപ്പിക്കുന്നതുമാണ്.
ഇടതുപക്ഷ ആഭിമുഖ്യമുള്ള അരവിന്ദാക്ഷമേനോന്‍ കമ്മീഷന്‍ പൂന്തുറ കലാപത്തെക്കുറിച്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ കേരളത്തെ, പ്രത്യേകിച്ച് മുസ്ലിം ജനവിഭാഗത്തെ തീവ്രവാദത്തിലേക്ക് നയിക്കുകയും യുവാക്കളെ ആയുധമണിയിക്കുകയും ചെയ്തതിന്റെ ഉത്തരവാദിത്തം അബ്ദുള്‍നാസര്‍ മദനിക്കും അദ്ദേഹത്തിന്റെ അന്നത്തെ സംഘടനയായ ഐ എസ്എസ്സിനും ഉള്ളതാണെന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാതെ അടിവരയിട്ട് പറഞ്ഞിരുന്നു. മദനിയുടെ പ്രസംഗം മതസ്പര്‍ദ്ധയുണ്ടാക്കുന്നതും ഇസ്ലാംമതക്കാരുടെ ഇടയില്‍ വര്‍ഗീയവിദ്വേഷം വളര്‍ത്തുന്നതുമായിരുന്നു എന്ന് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍, മുന്‍ ജില്ലാ ജഡ്ജിയായ മേനോന്‍ ചൂണ്ടിക്കാട്ടിയത് പൊതുസമൂഹത്തിന്റെ മുന്നിലുണ്ട്. പൂന്തുറ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനുമേല്‍ അടയിരിക്കുകയും ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കാതിരുന്നതിന് കെ.കരുണാകരനും കുഞ്ഞാലിക്കുട്ടിയും അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ രംഗത്ത് വന്നതും ഇടതുപക്ഷമായിരുന്നു. തല്‍ക്കാലം വെറും എട്ടുമാസത്തേക്കോ, ഒന്‍പതു മാസത്തേക്കോ മാത്രം ആയുസ്സുള്ള ഒരു നിയമസഭാംഗത്വത്തിന് വേണ്ടി ഈ കാര്യങ്ങളെല്ലാം ഒട്ടകപ്പക്ഷിയെപ്പോലെ പൂഴ്ത്തിവെച്ച് മദനിയെ വിശുദ്ധനാക്കാന്‍ ശ്രമിക്കുമ്പോള്‍ എങ്ങനെ ചിരിക്കാതിരിക്കും.
ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ക്കെതിരെ മാത്രമല്ല, മുസ്ലിംലീഗിന്റെ പോലും രാജ്യവിരുദ്ധ, ഹിന്ദുവിരുദ്ധ നിലപാട് തുറന്നുകാണിക്കുകയും എതിര്‍ക്കുകയും ചെയ്ത ആര്യാടന്‍ മുഹമ്മദ് എല്ലാകാലത്തും ലീഗിന്റെ കണ്ണില്‍ കരടായിരുന്നു. ആര്യാടനെ നിലമ്പൂരില്‍ നിലംപരിശാക്കാന്‍ മുസ്ലിംലീഗ് നടത്തിയ ശ്രമങ്ങള്‍ കേരളരാഷ്ട്രീയത്തില്‍ സജീവ ചര്‍ച്ചാവിഷയമായിരുന്നു. ജമഅത്തെ ഇസ്ലാമിയുടെ ഭാരതവിരുദ്ധത മാത്രമല്ല, ഏതുതരത്തിലും ഭാരതത്തെ ഇസ്ലാമികവല്‍ക്കരിക്കാനുള്ള അവരുടെ ശ്രമങ്ങളും പ്രവണതയും ഗൂഢലക്ഷ്യങ്ങളും പൊതുസമൂഹത്തിലും ടെലിവിഷന്‍ ഇന്റര്‍വ്യൂകളിലും തുറന്നടിച്ചിട്ടുള്ള ആര്യാടന്‍ മുഹമ്മദിനെ ഒറ്റിക്കൊടുത്തത് യുഡിഎഫ് മാത്രമല്ല, അദ്ദേഹത്തിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്ത് കൂടിയാണ്. ഇസ്ലാമിക ഭീകരസംഘടനകളെ തള്ളിപ്പറഞ്ഞ, പൊതുസമൂഹത്തിന്റെ അംഗീകാരത്തോടെ എല്ലാക്കാലത്തും വിജയം കൈവരിച്ച ആര്യാടന്‍ മുഹമ്മദിന്റെ പാരമ്പര്യം തള്ളിക്കളഞ്ഞുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ ആര്യാടന്‍ ഷൗക്കത്ത് നേടിയത്. പണ്ട് ഭാരതത്തിന്റെ ഒറ്റുകാരായ ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കണമെന്നും അവരുടെ പ്രസിദ്ധീകരണശാല പൂട്ടി മുദ്രവെക്കണം എന്നും ആവശ്യപ്പെട്ടിരുന്ന ആര്യാടന്‍ ഷൗക്കത്ത് അക്കാര്യമൊക്കെ മറന്ന് വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും നേതാവ് റസാക്ക് പാലേരിയുടെയും മുന്നില്‍ മുട്ടുകുത്തി കിടന്നത് ഇന്ന് നിലമ്പൂരില്‍ മാത്രമല്ല, കേരളത്തിലെ രാഷ്ട്രീയ പൊതുരംഗങ്ങളിലും സജീവ ചര്‍ച്ചയാണ്.
അതുപോലെതന്നെ കഴിഞ്ഞ 20 വര്‍ഷവും ഇടതുമുന്നണിയെ പിന്തുണച്ചിരുന്ന വെല്‍ഫെയര്‍ പാര്‍ട്ടി ഇപ്പോള്‍ യുഡിഎഫിനെ പിന്തുണച്ചപ്പോള്‍ അവര്‍ വര്‍ഗീയകക്ഷിയാണെന്ന നിലപാടുമായി ഇടതുമുന്നണി രംഗത്ത്‌വന്നതും രാഷ്ട്രീയ നിരീക്ഷകരിലും പൊതുസമൂഹത്തിലും കാര്യമായ ചര്‍ച്ചയ്ക്കും പരിഹാസത്തിനുമാണ് ഇടയാക്കിയത്. ജമാഅത്തെ ഇസ്ലാമി 20 വര്‍ഷം സിപിഎമ്മിനെ പിന്തുണച്ചു എന്ന്ഇടതുപക്ഷത്തുനിന്ന് യു.ഡി.എഫിലേക്ക് മടങ്ങി വന്ന ചെറിയാന്‍ ഫിലിപ്പ് തന്നെ അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്ലാമി 1996 മുതല്‍ 2016 വരെ 20 വര്‍ഷം എല്ലാ തിരഞ്ഞെടുപ്പിലും സിപിഎമ്മിനെയും എല്‍ഡിഎഫിനെയും പരസ്യമായി പിന്തുണച്ചിരുന്നു. അതിനുമുമ്പ് ജമാഅത്തെ ഇസ്ലാമി വ്യക്തികളെയാണ് പിന്തുണച്ചിരുന്നത്. പിന്തുണ ആവശ്യപ്പെടുന്നവരില്‍നിന്നും ജമാഅത്തെ ഇസ്ലാമിയുടെ മൂല്യങ്ങളോട് യോജിപ്പുണ്ടെന്ന് എഴുതിവാങ്ങിച്ചശേഷമാണ് പിന്തുണ പ്രഖ്യാപിച്ചിരുന്നത്. പല സിപിഎം നേതാക്കളും സ്വന്തം കൈപ്പടയില്‍ തന്നെ എഴുതി ഒപ്പിട്ടു കൊടുത്തുവെന്ന് അദ്ദേഹം പറഞ്ഞു.
1991 ല്‍ താന്‍ കോട്ടയത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ എതിരാളിയായിരുന്ന മന്ത്രി ടി. കെ.രാമകൃഷ്ണനെയാണ് ജമാഅത്തെ ഇസ്ലാമി പരസ്യമായി പിന്തുണച്ചത്. രണ്ടായിരം വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിലാണ് അന്ന് ടി.കെ.ജയിച്ചത്. 1996 ല്‍ ജമാഅത്തെ ഇസ്ലാമി എല്ലാ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കും പിന്തുണ പ്രഖ്യാപിച്ചു. ഈ നിലപാടിനെ പ്രകീര്‍ത്തിച്ചുകൊണ്ട് ദേശാഭിമാനി മുഖപ്രസംഗം എഴുതിയെന്നും ചെറിയാന്‍ ഫിലിപ് പറഞ്ഞു. 2001 ല്‍ ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി സംഘടനയായ സിമിയെ നിരോധിച്ചപ്പോഴും സിപിഎം ബന്ധം തുടര്‍ന്നു. ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്ന രാജ്യവിരുദ്ധ മുദ്രാവാക്യമാണ് സിമി ഉയര്‍ത്തിയിരുന്നത്. അതിനെ സിപിഎം ഇന്നുവരെ തള്ളിപ്പറഞ്ഞില്ല. 2006 ല്‍ സിമിയുടെ സംസ്ഥാന നേതാവായിരുന്ന കെ.ടി.ജലീലിനെ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കിയാണ് കുറ്റിപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തിയത്. അന്ന് ജമാഅത്തെ ഇസ്ലാമിയുടെയും പിഡിപിയുടെയും പരസ്യപിന്തുണ ജലീലിനുണ്ടായിരുന്നു. വര്‍ഗീയ പ്രീണന അടവുനയത്തിന്റെ ഭാഗമായാണ് ജലീലിനെ നാലുതവണ എം.എല്‍.എയാക്കാനും വിദ്യാഭ്യാസമന്ത്രിയാക്കാനും സിപിഎം തയ്യാറായത്. പിണറായി വിജയന്‍ നയിച്ച രണ്ടു കേരളയാത്രയിലും സ്വതന്ത്രനായ ജലീലിനെ ജാഥാംഗമാക്കി.
2005 ലെ മലപ്പുറം സമ്മേളനം മുതല്‍ ജമാഅത്തെ ഇസ്ലാമിയുടെ ഉടമസ്ഥതയിലുള്ള മാധ്യമം ദിനപത്രവും മീഡിയവണ്‍ ചാനലും വി.എസ്.അച്യുതാനന്ദനെ പിന്തുണച്ചതോടെയാണ് പിണറായി വിജയനും ജമാഅത്ത് ഇസ്ലാമിയും തമ്മിലുള്ള ബന്ധം ശിഥിലമായത്. 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ പിഡിപിയും മദനിയുമായും ബന്ധമുണ്ടാക്കിയപ്പോള്‍ അച്യുതാനന്ദന്‍ അതിനെ പരസ്യമായി എതിര്‍ത്തു. എന്നാല്‍, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സിപിഎം അപ്പോഴും ജമാഅത്തെ ഇസ്ലാമിയെ അകറ്റിയില്ല. 1996 മുതല്‍ ജമാഅത്തെ ഇസ്ലാമി നടത്തിയ ഇഫ്ത്താര്‍ വിരുന്നുകളില്‍ പ്രമുഖ സിപിഎം നേതാക്കള്‍ പതിവായി പങ്കെടുത്തിരുന്നു. ജമാഅത്തെ ഇസ്ലാമി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചശേഷമാണ് അതിനെ വര്‍ഗ്ഗീയസംഘടനയായി സിപിഎം ചിത്രീകരിച്ചു തുടങ്ങിയത്. തങ്ങളെ പിന്തുണക്കുന്നവരെ വിശുദ്ധരാക്കുകയും എതിര്‍ക്കുന്നവരെ തൊട്ടുകൂടാത്തവരാക്കുകയും ചെയ്യുന്ന അവസരവാദ നിലപാടാണ് സിപിഎം എക്കാലവും സ്വീകരിച്ചിട്ടുള്ളത്. മുസ്ലിംലീഗിന്റെ കാര്യത്തിലും ഇഎംഎസ് അടക്കമുള്ള നേതാക്കള്‍ ഈ അടവുനയം സ്വീകരിച്ചിരുന്നു എന്ന കാര്യം ശ്രദ്ധേയമാണ്. ഇടതുമുന്നണിക്കൊപ്പം നില്‍ക്കുമ്പോള്‍ മുസ്ലിം ലീഗ് മതേതര ജനാധിപത്യകക്ഷിയും അവരെ എതിര്‍ക്കുമ്പോള്‍ വര്‍ഗീയകക്ഷിയും എന്ന നിലപാടാണ് എല്ലാകാലത്തും സിപിഎം സ്വീകരിച്ചിട്ടുള്ളത്. സിപിഎം പയറ്റുന്ന വോട്ടുബാങ്കിന്റെ രാഷ്ട്രീയം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പോടെ മറനീക്കി പുറത്തുവന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം.
ജമാഅത്തെ ഇസ്ലാമി മുസ്ലിം സംഘടനകളില്‍ വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള സംഘടനയാണെന്നും അവരുടെ പിന്തുണയെ സ്വാഗതം ചെയ്യുന്നു എന്നുമാണ് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ അഭിപ്രായപ്പെട്ടത്. സിപിഎമ്മിന് പിന്തുണ നല്‍കിയപ്പോള്‍ മതേതരവാദികളായി വിശേഷിപ്പിക്കപ്പെട്ട വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിനെ പിന്തുണയ്ക്കുമ്പോള്‍ വര്‍ഗീയവാദികളാകുന്നത് എങ്ങനെയാണെന്നും സതീശന്‍ ചോദിച്ചു. ഇത് വ്യക്തമാക്കുന്നത് സിപിഎമ്മിന്റെ ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറയുന്നു. യുഡിഎഫ്-എല്‍ഡിഎഫ് നേതാക്കള്‍ നടത്തിയ പരസ്പരമുള്ള വിഴുപ്പലക്കലിലൂടെ ഇരുഭാഗത്തെ നേതാക്കളുടെ പരസ്യപ്രസ്താവനകള്‍ പലതും പുറത്തുവന്നു. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയില്‍ പരിഭവിക്കുന്ന ഇടതുമുന്നണിക്ക് പിഡിപി പിന്തുണയെ കുറിച്ച് മിണ്ടാട്ടമില്ലെന്ന് സതീശന്‍ പരിഹസിച്ചു. ജമാഅത്തെ ഇസ്ലാമി പിന്തുണ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ സഹായിച്ചെന്നാണ് പി.ശ്രീരാമകൃഷ്ണന്‍ നേരത്തെ പറഞ്ഞതെന്ന് അദ്ദേഹം സിപിഎമ്മിനെ ഓര്‍മിപ്പിച്ചു. മാത്രമല്ല, ജമാഅത്തെ ഇസ്ലാമിയുമായി മുന്‍പും ചര്‍ച്ചകള്‍ നടത്താറുണ്ടെന്നും തന്നെ കാണാന്‍ അവര്‍ തലയില്‍ മുണ്ടിട്ടല്ല വന്നതെന്നും പിണറായി വിജയന്‍ 2011 ല്‍ വടക്കാഞ്ചേരിയില്‍ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പറഞ്ഞ കാര്യവും ഓര്‍മിപ്പിച്ചു.
ജമാഅത്തെ ഇസ്ലാമി-യുഡിഎഫ് ബന്ധം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഇടതുമുന്നണിയെ അവര്‍ ഒരുതരത്തിലും സഹായിച്ചിട്ടില്ലെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നിലപാട്. ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങി എല്ലാ തീവ്രവാദി ശക്തികളുമായും ബന്ധപ്പെട്ടാണ് യുഡിഎഫ് നിലകൊള്ളുന്നത് എന്ന് ഗോവിന്ദന്‍ പറഞ്ഞു. അതുകൊണ്ടാണ് അതിനെ മഴവില്‍ സഖ്യം എന്ന് വിളിക്കുന്നത്. ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്ട്രവാദം ഇല്ലെന്ന സതീശന്റെ പരാമര്‍ശം വര്‍ഗീയവാദ നിലപാടിനെ വെള്ളപൂശുന്നതാണ്. ഇടതുമുന്നണിക്ക് ജമാഅത്തെ ഇസ്ലാമിയുമായി ഒരുതരത്തിലുള്ള ബന്ധവുമില്ല. ഇനി ഉണ്ടാവുകയുമില്ല. ജമാഅത്തെ ഇസ്ലാമിയും പിഡിപിയും ഒരുപോലെയല്ല. പിഡിപി ജമാഅത്തെ ഇസ്ലാമിയെ പോലെ സാര്‍വദേശീയതലത്തില്‍ വര്‍ഗീയരാഷ്ട്രീയം ഉണ്ടാകണമെന്ന് പറയുന്നില്ല. പിഡിപി പീഡിപ്പിക്കപ്പെട്ട വിഭാഗമാണ്. പിഡിപി അവരുടെ നിലപാടാണ് പറഞ്ഞത്. പിഡിപിയുടെ പിന്തുണ വലിയ കുറ്റവും ജമാഅത്തെ ഇസ്ലാമികബന്ധം ഒരു കുഴപ്പവുമില്ല എന്നതാണ് വി.ഡി.സതീശന്‍ അവതരിപ്പിക്കുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു. ഇതിനിടെ ഇടതുമുന്നണിയെ പിന്തുണച്ച പഴയ സോമനാഥ് ചാറ്റര്‍ജിയുടെ പിതാവ് നിര്‍മ്മല്‍ചന്ദ്ര ചാറ്റര്‍ജിയുടെ ഹിന്ദുമഹാസഭയുടെ പിന്തുണ ആരാണെന്ന് അറിയില്ലെന്ന് പറഞ്ഞ് എം.വി.ഗോവിന്ദന്‍ തള്ളി.
പണ്ട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വേളയില്‍ ഹജ്ജ് സമിതിയിലേക്കുള്ള നിയമനം പിഎസ്‌സിക്ക് വിട്ടത് പിന്‍വലിപ്പിച്ച അതേ സമ്മര്‍ദ്ദതന്ത്രവുമായി സ്‌കൂള്‍ സമയമാറ്റം പിന്‍വലിപ്പിക്കാന്‍ സമസ്ത രംഗത്തുവന്നതും നിലമ്പൂര്‍ തിരഞ്ഞെടുപ്പിലെ രസകരമായ സംഭവമായിരുന്നു. സ്‌കൂള്‍ സമയമാറ്റം മതവിദ്യാഭ്യാസത്തെ ബാധിക്കും എന്നാണ് സമസ്തയുടെ കാഴ്ചപ്പാട്. പൊതുവിദ്യാഭ്യാസത്തിന് വിടാതെ മതവിദ്യാഭ്യാസം മാത്രം നല്‍കി യുവാക്കളെ വഴിതെറ്റിക്കുന്ന നിലപാടാണ് സമസ്ത സ്വീകരിച്ചിട്ടുള്ളത്. സമസ്തയുടെ നിലപാടിനോട് എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും തയ്യാറായില്ല എന്നതുകൂടി കാണുമ്പോഴാണ് വര്‍ഗീയശക്തികളുടെ കുത്തിത്തിരിപ്പും ശക്തിയും വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ പ്രസക്തിയും മനസ്സിലാവുക. ഇതിനിടെ യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ചതും അവരെ വെള്ളപൂശുന്ന രീതിയില്‍ അനുകൂല പരാമര്‍ശം നടത്തിയതും കോണ്‍ഗ്രസിലെയും മുസ്ലിംലീഗിലെയും ഒരുവിഭാഗം പ്രവര്‍ത്തകര്‍ക്കിടയില്‍ അതിശക്തമായ എതിര്‍പ്പും ഉയര്‍ത്തിയിട്ടുണ്ട്. വെറും ഒന്‍പതുമാസം മാത്രമുള്ള ഒരു എംഎല്‍എ സ്ഥാനത്തിനുവേണ്ടി വര്‍ഗീയശക്തികള്‍ക്ക് അടിമപ്പെടുന്നത് ഹിന്ദു ധ്രുവീകരണത്തിന് ഇടയാക്കും എന്നാണ് അവര്‍ ഉയര്‍ത്തിയിട്ടുള്ള പ്രതിരോധം.
രാഷ്ട്രീയരംഗത്ത് ഈ വാദകോലാഹലം നടക്കുന്നതിനിടെ അവാര്‍ഡ് മോഹികളായ സാഹിത്യകാരന്മാരുടെ ചേരിപ്പോരിനും നിലമ്പൂര്‍ സാക്ഷ്യം വഹിച്ചു. സ്വരാജിന് വോട്ട് ചെയ്യാന്‍ വേണ്ടി മുഴുവന്‍ സാഹിത്യകാരന്മാരുടെയും പേരില്‍ അഭ്യര്‍ത്ഥന പുറപ്പെടുവിച്ച വൈശാഖന് എതിരെ കല്‍പ്പറ്റ നാരായണന്‍ പരസ്യമായി രംഗത്തുവന്നു. ഇതുവരെ ഒളിച്ചും മറഞ്ഞും നിന്നിരുന്ന പല അവാര്‍ഡ് മോഹികളും പരസ്യപ്രസ്താവനകളും സാമൂഹ്യ മാധ്യമ പോസ്റ്റുകളും ഒക്കെയായി രംഗത്തുവന്നതും ശ്രദ്ധേയമായി. പൊതുജനം കഴുതയല്ലെന്നും അവരിതൊക്കെ കാണുന്നുണ്ടെന്നുമുള്ള സൂചന കൂടി സാമൂഹ്യമാധ്യമങ്ങളില്‍ വളരെ ശക്തമായി വരികയും ചെയ്തു. ഇടതുമുന്നണി ജയിച്ചാലും വലതുമുന്നണി ജയിച്ചാലും പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് പോലെ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പും ഇസ്ലാമിക ഭീകരവാദത്തിന്റെ വിജയമായി മാത്രമേ കാണാന്‍ കഴിയൂ.