Wednesday, July 2, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാരാന്ത്യ വിചാരങ്ങൾ

യാദൃച്ഛികത എന്ന കഥാപാത്രം

കല്ലറ അജയന്‍

Print Edition: 13 June 2025

ആധുനിക റഷ്യന്‍ സാഹിത്യത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്ന കവിയാണ് അലക്‌സാണ്ടര്‍ പുഷ്‌കിന്‍. (Alexander Sergeyevich Pushkin) അദ്ദേഹം കവിയും നാടകകൃത്തും നോവലിസ്റ്റും ഷോര്‍ട്ട് സ്റ്റോറി രചയിതാവുമായിരുന്നു. 37 വയസ്സുവരെ മാത്രം ജീവിച്ചിരുന്ന പുഷ്‌കിന്‍ നമ്മുടെ ചങ്ങമ്പുഴയെപ്പോലെ തന്നെ ഒരു വിസ്മയ പ്രതിഭയായിരുന്നുവെന്നു പറയാം. റഷ്യ കണ്ട ഏറ്റവും വലിയ കവിയായി 1837ല്‍ അന്തരിച്ച പുഷ്‌കിനെ കണക്കാക്കുന്നു. ഒരു ദ്വന്ദ്വയുദ്ധത്തില്‍ വെടിയേറ്റു കൊല്ലപ്പെട്ട അദ്ദേഹം സാഹിത്യലോകത്തിലെ ദുരന്തകഥാപാത്രങ്ങളില്‍ ഒരാളായിരുന്നുവെന്നു പറയാം. കവിയുടെ ഏറ്റവും പ്രശസ്തമായ കൃതി യൂജിന്‍ ഓനെഗിന്‍ (Eugene onegin) ഒരു കഥാകാവ്യമാണ്. ഒരു നോവലിനു വേണ്ട ഉള്ളടക്കമുള്ള ഈ കൃതിയെ പൊതുവെ പദ്യത്തിലുള്ള നോവല്‍ (a novel in verse) എന്നു പറഞ്ഞുവരാറുണ്ട്. പുഷ്‌കിന്റെ ജീവിതത്തില്‍ സംഭവിച്ചതുപോലെ ദ്വന്ദ്വയുദ്ധവും അതിനെ തുടര്‍ന്നുള്ള കൊലപാതകവുമൊക്കെ ഈ കൃതിയിലുണ്ട്. നമ്മുടെ രീതിയില്‍ പറഞ്ഞാല്‍ പുഷ്‌കിനു അറംപറ്റി എന്നുവേണമെങ്കില്‍ പറയാം.

“”By my bedside, a candle my sad guard
Burns and my poems ripple and merge in flood
And run the streams of love, run full of you alone” ‘ പുഷ്‌കിന്റെ മനോഹരമായ പ്രണയ കവിതകളിലെ The Night നിന്നെടുത്തതാണ് ഈ വരികള്‍. ഇക്കാലത്ത് ഈ കവിതകള്‍ മഹത്തായി വായനക്കാരനു തോന്നാനിടയില്ല. എന്നാല്‍ രണ്ടു നൂറ്റാണ്ടു മുന്‍പ് ഇങ്ങനെയൊരു പ്രണയ കവിത സങ്കല്പിക്കുക പ്രയാസം. കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍ ജനിക്കുന്നതിനും എട്ട് വര്‍ഷം മുന്‍പ് പുഷ്‌കിന്‍ ഈ മണ്ണില്‍ നിന്നു പോയിക്കഴിഞ്ഞിരുന്നു. 1845ലാണ് തമ്പുരാന്റെ ജനനം.

പുഷ്‌കിനെക്കുറിച്ചെഴുതാന്‍ കാരണം മാധ്യമം വാരികയില്‍ പി. സീമ എന്ന കഥാകാരി (മെയ് 26-ജൂണ്‍ 2) ‘ശവപ്പെട്ടിക്കാരന്‍’ എന്നൊരു കഥ എഴുതിയിരിക്കുന്നത് വായിച്ചതുകൊണ്ടാണ്. കവിയായി മാത്രമാണ് നമ്മള്‍ പുഷ്‌കിനെ അറിയുന്നതെങ്കിലും അദ്ദേഹം സാഹിത്യത്തിന്റെ എല്ലാ മേഖലയിലും പ്രവര്‍ത്തിക്കുകയും വിജയം വരിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു. പുഷ്‌ക്കിന്റെ ‘ശവപ്പെട്ടിയുണ്ടാക്കുന്നവന്‍’ (The coffin-maker) എന്നൊരു കഥയുണ്ട്. അതിമനോഹരവും അസാധാരണത്വമുള്ളതുമായ ഈ കഥ ലോകത്തിലെ മികച്ച ചെറുകഥകളിലൊന്നായി കണക്കാക്കപ്പെടാവുന്നതാണ്. എന്നാല്‍ എവിടെയും അങ്ങനെയെഴുതി കണ്ടിട്ടില്ല. ലോകത്തിലെ മികച്ച നോവലുകളും ചെറുകഥകളും പലതും റഷ്യന്‍ ഭാഷയില്‍ നിന്നാണല്ലോ നമുക്കു കിട്ടിയിട്ടുള്ളത്. മഹാപ്രതിഭാശാലികളായ എത്രയെത്ര എഴുത്തുകാരാണവിടെ നിന്നും പിറവികൊണ്ടത്. നിക്കോളായ് ഗോഗോള്‍, ഇവാന്‍ ടര്‍ജനീവ്, ചെക്കോവ്, അലക്‌സാണ്ടര്‍ പുഷ്‌കിന്‍, ലിയോ ടോള്‍സ്റ്റോയി, ഫയദോര്‍ ദസ്തയോവ്‌സ്‌കി, വിസോറിയോണ്‍ ബെലിന്‍സ്‌കി, മാക്‌സിംഗോര്‍ക്കി, ഇവാന്‍ ക്രിലോവ് തുടങ്ങി നമ്മള്‍ അറിയുന്നവരും അറിയാത്തവരുമായ അനേകം സര്‍ഗ്ഗധനന്മാരാല്‍ സമ്പന്നമായിരുന്നു റഷ്യന്‍ സാഹിത്യം. അതില്‍ ആരാണ് കൂടുതല്‍ മെച്ചം എന്നു പറയാനാവില്ല. 20-ാം നൂറ്റാണ്ടിലും റഷ്യയുടെ സാഹിത്യമേധാവിത്വം തുടര്‍ന്നു. എന്നാലിന്ന് ലോകത്തെല്ലായിടത്തും സംഭവിക്കുന്നതു പോലെ റഷ്യയിലും സാഹിത്യം മരിച്ചുകൊണ്ടിരിക്കുന്നു.

അഡ്രിയാന്‍ പ്രോഖോറോവ് (Adrian Prokhorov) എന്ന ശവപ്പെട്ടിക്കാരന്റെ മനോഗതിയിലൂടെയാണ് കഥ പുരോഗമിക്കുന്നത് അദ്ദേഹത്തിന്റെ അയല്‍ക്കാരനായ ഒരു ഷൂ നിര്‍മാണക്കാരന്റെ വീട്ടിലെ വിവാഹവാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനായി ചെരുപ്പുകുത്തി അഡ്രിയാനെ ക്ഷണിക്കാനെത്തുന്നു. കച്ചവടം എങ്ങനെയുണ്ടെന്ന് അഡ്രിയാന്‍ ചോദിക്കുമ്പോള്‍ ചെരുപ്പുകുത്തിയുടെ മറുപടി”The living can do without shoes but the dead cannot do without coffins” എന്നാണ്. ശവപ്പെട്ടിക്കാരന്റെ കച്ചവടം പുരോഗമിക്കുന്നതില്‍ ചെരുപ്പുകുത്തിക്കുള്ള അസൂയയാണ് ആ വാക്യത്തിലുള്ളത്. എന്നാല്‍ വിവാഹാഘോഷ ചടങ്ങില്‍ വച്ച് ബേ ക്കറിക്കാരനായ യൂര്‍ക്കോ(Yourko) “”Come, little father, Drink to the health of your corpses” എന്നിങ്ങനെ ശവങ്ങളുടെ ആയുരാരോഗ്യത്തിനുവേണ്ടി കുടിക്കാനായി പാനോപചാരവാക്യം പറയുന്നത് അഡ്രിയാന് അപമാനമായി തോന്നുന്നു. മൂക്കറ്റം കുടിച്ച് മുറിവേറ്റ മനസ്സുമായി വീട്ടിലെത്തുന്ന അഡ്രിയാന് ആ രാത്രിത്തന്നെ മറ്റൊരു മരണത്തിനും സാക്ഷ്യം വഹിക്കേണ്ടിവരുന്നു. തുടര്‍ന്ന് വീട്ടിലെത്തുന്ന ശവപ്പെട്ടിക്കാരന്‍ താന്‍ പെട്ടിയിലുറക്കിയ ശവങ്ങളെ മുഴുവന്‍ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തുന്നതായി സ്വപ്‌നം കാണുന്നു. മൊത്തത്തില്‍ അത്ഭുതപ്പെടുത്തുന്ന വായനാനുഭവം തരുന്ന പുഷ്‌കിന്റെ കഥയോടു താരതമ്യം ചെയ്യാനൊന്നും പി. സീമയുടെ കഥയില്‍ ഇല്ല.

പി. സീമയും പറയുന്നത് ഒരു പാവം ദരിദ്രനായ ശവപ്പെട്ടി കച്ചവടക്കാരന്റെ കഥതന്നെ. യാദൃച്ഛികത (രീശിരശറലിരല) ആണ് സീമയുടെ കഥയുടെ പ്രത്യേകത. ശവപ്പെട്ടിക്കച്ചവടക്കാരന് ഒരു വലിയ ദുര്യോഗമുണ്ട്. കാരണം അയാള്‍ മറ്റുള്ളവര്‍ മരിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണം. അതൊരു കൊടിയപാപമായി ഏവരും കണക്കാക്കുന്നു. രോഗികള്‍ കൂടുതലുണ്ടാവാന്‍ ഡോക്ടര്‍ പ്രാര്‍ത്ഥിക്കുന്നു. രോഗം വരാതിരിക്കാന്‍ സാധാരണ മനുഷ്യന്‍ പ്രാര്‍ത്ഥിക്കുന്നു. രോഗികള്‍ മരിക്കാന്‍ ശവപ്പെട്ടിക്കാരനും. ഇതില്‍ ആരുടെ പ്രാര്‍ത്ഥനയാവും ദൈവം ചെവിക്കൊള്ളുക എന്നത് വലിയ ഒരു നൈതികവും ദൈവികവുമായ പ്രശ്‌നമാണ്. പ്രപഞ്ചത്തിലെ മറ്റുള്ള കാര്യങ്ങളൊക്കെ മനുഷ്യന് അജ്ഞാതമായിരിക്കുന്നതു പോലെ ഈ പ്രാര്‍ത്ഥനാപ്രശ്‌നവും നമുക്ക് ദുരൂഹമായിത്തന്നെ തുടരുന്നു. കഥയിലെ ശവപ്പെട്ടിക്കാരന്‍ റപ്പായിച്ചന്‍ ഇന്നൊരു കച്ചവടം ഉറപ്പാക്കിത്തരണേ എന്നു പ്രാര്‍ത്ഥിച്ചെങ്കിലും ഉള്ളു പിടിയുന്നുണ്ടായിരുന്നു.
കടുത്ത ദാരിദ്ര്യത്തിലും രോഗത്തിലും പെട്ടു നട്ടം തിരിയുന്ന റപ്പായിച്ചന്റെ ഭാര്യ ഏലിയാമ്മയുടെ അവസ്ഥയെക്കുറിച്ച് അയാള്‍ക്ക് ആശങ്കയുണ്ടായിരുന്നു. എന്തോ അത്യാവശ്യത്തിനായി റപ്പായിച്ചനെ അയല്‍പക്കക്കാരനായ ജോയി വീട്ടിലേയ്ക്കു നിര്‍ബന്ധിച്ചു വിളിച്ചപ്പോള്‍ തന്നെ അയാള്‍ക്കു ഭാര്യയുടെ മരണവാര്‍ത്ത ആണോ എന്നു സംശം തോന്നിയിരുന്നു. പക്ഷേ സംഭവിച്ചത് വലിയ യാദൃച്ഛികത ആയിരുന്നു. മറ്റാരുടേയോ ശവപ്പെട്ടിയില്‍ മലര്‍ന്നു കിടന്നത് സ്വന്തം മകന്‍ സണ്ണിയായിരുന്നു. അവിചാരിതയെ ഒരു കഥാപാത്രമെന്ന വണ്ണം ഇണക്കിച്ചേര്‍ക്കാന്‍ സീമയ്ക്കു കഴിഞ്ഞിരിക്കുന്നു. പുഷ്‌കിന്റെ കഥ വായിക്കുമ്പോഴുള്ള വിഹ്വലതയൊന്നും ഇല്ലെങ്കിലും നമ്മളില്‍ ചില വ്യാകുലതകള്‍ ഉണര്‍ത്താന്‍ കഥാകാരിക്കു കഴിയുന്നുണ്ട്. കൂടുതല്‍ കൗതുകമായിത്തോന്നിയത് കഥയില്‍ കാലന്‍കോഴി, നാരായണക്കിളി, വശകന്‍ എന്നിങ്ങനെ മൂന്നു പക്ഷികളെ സാന്ദര്‍ഭികമായി ഉപയോഗിക്കുന്നതാണ്. കഥാകാരിക്ക് അഭിനന്ദനങ്ങള്‍.

രണ്ടു ലക്കങ്ങളിലായി ഡോക്ടര്‍ സി. ഗോപിനാഥന്‍പിള്ള ‘ഉത്തരാധുനിക സംസ്‌കാരത്തിന്റെ അടയാളങ്ങള്‍’ എന്ന പേരില്‍ നടത്തിയ പഠനം (മാധ്യമം) അതിന്റെ തലക്കെട്ടിന്റെ സന്ദേഹം ഒഴിച്ചു നിര്‍ത്തിയാല്‍ ഉപയോഗപ്രദം തന്നെ എന്നു പറയാം. ഉത്തരാധുനികത ഒരു സംസ്‌കാരമാണോ? ആണെങ്കില്‍ ലോകത്തെല്ലായിടത്തും ഒരേ രീതിയിലുള്ള ഒരു സാംസ്‌കാരികാവസ്ഥ ഒരുമിച്ചു രൂപപ്പെടുമോ? ഉത്തരാധുനികതാപ്രവണതകള്‍ എന്നല്ലേ പറയാവൂ. കൃത്യമായി നിര്‍വ്വചിക്കാനാവാത്ത സാഹിത്യത്തിലെ പുതിയ കാലത്തുള്ള അപചയങ്ങള്‍ക്കെല്ലാം ചേര്‍ത്ത് ഉത്തരാധുനികത എന്നു വിളിക്കാം എന്നതാണു സത്യം. ആധുനികതയ്ക്കും അടുത്ത ഘട്ടത്തിനും ഇടയിലുള്ള അന്തരാളഘട്ടമാണ് സത്യത്തില്‍ ഉത്തരാധുനികത. കൃത്യമായി നിര്‍വ്വചിക്കാന്‍ തക്ക സവിശേഷതകളൊന്നും കാണാനില്ല. ആ സവിശേഷതാരാഹിത്യത്തെ ചിലര്‍ ചേര്‍ന്ന് പല രീതിയില്‍ നിര്‍വ്വചിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടതാണ് ഈ പേരില്‍ അറിയപ്പെടുന്നത്. ഫെര്‍ഡിനാന്റ് ഡീസൊസൂറു മുതല്‍ ഉമ്പര്‍ട്ടോ എക്കോവരെ ഒരു നീണ്ട നിര ഇതുമായി ചേര്‍ത്ത് പറഞ്ഞു പോകുന്നുണ്ട്. കഴിഞ്ഞ ചില പംക്തികളില്‍ വിശദമായിത്തന്നെ ഇവരുടെ സംഭാവനകളെക്കുറിച്ചു ചര്‍ച്ച ചെയ്തിട്ടുള്ളതിനാല്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല.

വാര്‍ദ്ധക്യം, രോഗം, മറവിയെക്കുറിച്ചുള്ള ഭയങ്ങള്‍ ഇതൊക്കെയിപ്പോള്‍ സച്ചിദാനന്ദന്റെ കവിതയില്‍ സ്ഥിരമായി തലനീട്ടുന്നുണ്ട്. ജീവിതത്തിന്റെ എല്ലാ അവസ്ഥകളെയും തീവ്രമായി അനുഭവിക്കുകയും അതൊക്കെ തീക്ഷ്ണമായിത്തന്നെ അവതരിപ്പിക്കുകയും ചെയ്യുന്നവയാണ് സച്ചിദാനന്ദന്റെ രചനകള്‍. പ്രണയത്തെയും ഒറ്റപ്പെടലിനെയും വിരഹത്തെയും സൗഹൃദത്തെയുമൊക്കെ ഇത്രത്തോളം തീവ്രതയോടെ ആവിഷ്‌ക്കരിച്ച മറ്റൊരു കവി മലയാളത്തിലുണ്ടോ എന്നു സംശയം. എന്നാല്‍ കവിയുടെ വ്യവഹാരം മുഴുവന്‍ ഗദ്യത്തിലാകയാല്‍ കവിതയിലെ സംഗീതത്തെ അളവറ്റു സ്‌നേഹിക്കുന്ന മലയാളി അടുത്ത തലമുറയിലേയ്ക്ക് ഈ കവിയുടെ സൃഷ്ടികളെ കൈമാറാനുള്ള സാധ്യതയില്ലെന്നു തന്നെ പറയാം. ഹൃദയത്തില്‍ ഇത്രമാത്രം കവിതയുമായി നടന്ന ഈ കവി ഇടയ്ക്കു കുറെക്കാലം ഹീനമായ മതതീവ്രവാദ ശക്തികളുടെ പ്രചാരകനായി മാറിയപ്പോള്‍ അത്ഭുതം തോന്നി. കഥയിലൂടെ ഇത്രമാത്രം നന്മ പകരുന്ന ഒരാള്‍ക്കു മതതീവ്രവാദത്തെ, എന്തെങ്കിലും ആനുകൂല്യം ലഭിച്ചിട്ടാണെങ്കിലും എങ്ങനെ പിന്താങ്ങാനാവും?

കഴിഞ്ഞലക്കം മാതൃഭൂമിയില്‍ സച്ചിദാനന്ദനെഴുതിയിരിക്കുന്ന (ജൂണ്‍ 1 – ജൂണ്‍ 7) കവിത ‘ഒരിക്കല്‍കൂടി’ കവിയുടെ വ്യാകുലതകളെല്ലാം വരച്ചു കാണിക്കുന്നു. ‘ഞൊണ്ടുന്നോരോണങ്ങളും’, ‘വിക്കും വിഷുക്കളും’, ‘തെണ്ടുന്നതാരാട്ടും’, ‘ചിതല്‍ തിന്നതൊട്ടിലും’ ഒക്കെ കാണാന്‍ സാധാരണ കവികള്‍ക്കു കഴിയില്ല. ”തൃക്കേട്ടയാണു ഞാന്‍ മാസം ഇടവവും ഓര്‍ക്കുന്നുവോ” എന്നു കവി ചോദിക്കുമ്പോള്‍ നാസ്തികന്റെ പാതയിലൂടെ നടന്ന് ആദ്യം തീവ്ര ഇടതുപക്ഷവും പിന്നെ തീവ്ര ഇസ്ലാമിസ്റ്റും ഒടുവില്‍ ആത്മീയതയുടെ പടിക്കല്‍ വന്നു യാചിക്കുന്ന ഒരാളെയും നമുക്കു കാണാം. ഇതൊക്കെ കാണുമ്പോള്‍ കവിതയും ജീവിതവും തമ്മില്‍ എന്തു ബന്ധം? എന്ന ചോദ്യത്തിന് ഒരു ബന്ധവുമില്ല എന്നു പറയേണ്ടിവരും. ‘സാരേ ജഹാംസെ അച്ഛാ ഹിന്ദുസ്ഥാന്‍ ഹമാര’ എന്നു പാടിയ കവി അല്ലാമാ മുഹമ്മദ് ഇക്ബാല്‍ ആയിരുന്നല്ലോ പാകിസ്ഥാന്‍ എന്ന മതരാഷ്ട്ര സങ്കല്പം ആദ്യം ഉയര്‍ത്തിക്കൊണ്ടുവന്നത്. ഭാവന അതിന്റെ വഴിക്കും യാഥാര്‍ത്ഥ്യം അതിന്റെ വഴിക്കും അത്രതന്നെ! എല്ലാ എഴുത്തുകാര്‍ക്കും ഇത്തരത്തില്‍ ഇരട്ട മുഖമുണ്ട്. എഴുത്തുകാര്‍ക്ക് മാത്രമല്ല സര്‍വ്വ മനുഷ്യര്‍ക്കുമുണ്ട്. രാഷ്ട്രീയക്കാര്‍ക്കും തത്വചിന്തര്‍ക്കും ഒക്കെ ഇങ്ങനെ ഇരട്ട വ്യക്തിത്വം കാണാം.

പണ്ടു മലയാള മനോരമ വാരിക കൈയില്‍ കിട്ടിയാല്‍ പിറകില്‍ നിന്നുമാണു വായിച്ചു തുടങ്ങിയിരുന്നത്. കാരണം ബോബനും മോളിയും വാരികയുടെ അവസാനപുറത്തായിരുന്നു. മിക്കവാറും അതു മാത്രമേ വായിക്കാന്‍ ഉണ്ടാകുമായിരുന്നുള്ളൂ. പിന്നെ ചിലപ്പോള്‍ ഫലിതബിന്ദുക്കളും കൂടി വായിക്കും. പോസുകള്‍ എന്ന പേരില്‍ ഒരു കാരിക്കേച്ചറിങ് വന്നിരുന്നതും മലയാള മനോരമയിലായിരുന്നുവെന്നാണോര്‍മ. പിന്നീടു പിന്നീടു അതൊക്കെ ഇല്ലാതായി പൈങ്കിളി വിദഗ്ദ്ധന്മാരും ബാറ്റണ്‍ ബോസുമാരുമൊക്കെ താളുകള്‍ കീഴടക്കി. അങ്ങനെ വായിക്കാനൊന്നും ഇല്ലാതെയുമായി. ഇപ്പോള്‍ മാതൃഭൂമി കിട്ടിയാലും പിറകില്‍ നിന്നാണു തുടങ്ങുന്നത്. കാരണം കെ.സി. നാരായണന്റെ ‘അക്ഷരം പ്രതി’ എന്ന പംക്തിയാണ്. അതു വായിച്ചിട്ടേ മറ്റെന്തും വായിക്കാറൂള്ളു.

പി.എം. മാത്യു വെല്ലൂരാണ് മനശ്ശാസ്ത്രജ്ഞനോടു ചോദിക്കാം എന്ന പംക്തി ആദ്യമായി പ്രസിദ്ധീകരണങ്ങളില്‍ ആരംഭിക്കുന്നത്. ആദ്യകാലത്ത് മനശ്ശാസ്ത്രജ്ഞനോട് ആരും ചോദ്യങ്ങളൊന്നും ചോദിക്കാതിരുന്നതുകൊണ്ട് കത്തും അദ്ദേഹം തന്നെ എഴുതുമായിരുന്നുവെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. പില്‍ക്കാലത്ത് കുറേശ്ശെ ചോദ്യങ്ങളൊക്കെ ഉണ്ടായിരുന്നുവത്രേ! എന്നാല്‍ പംക്തി അവസാനിക്കുവോളവും മനശ്ശാസ്ത്രജ്ഞനു തന്നെ പലപ്പോഴും തനിക്കു കത്തയക്കേണ്ടി വന്നിരുന്നുവെന്ന് ചിലര്‍ പറഞ്ഞിരുന്നു. മനശ്ശാസ്ത്രജ്ഞനുമായി നല്ല വ്യക്തിബന്ധമുണ്ടായ കാലത്ത് അദ്ദേഹത്തോട് ഇക്കാര്യം ചോദിക്കാന്‍ പലപ്പോഴും തോന്നിയെങ്കിലും ധൈര്യം വന്നില്ല. അതുപോലെയാണോ കെ.സി. നാരായണന്റെ പംക്തിയിലെ കത്തുകളെക്കുറിച്ചുള്ള പരാമര്‍ശങ്ങളും എന്ന് സംശയം തോന്നാറുണ്ട്. ഭാഷയിലെ പിശകുകളെ ചൂണ്ടിക്കാണിച്ചുള്ള സംശയങ്ങള്‍ക്ക് സ്ഥിരമായി കത്തെഴുതുന്ന മലയാളികള്‍ ഉണ്ടോ? ഉണ്ടെങ്കില്‍ അതൊരു നല്ല സൂചന തന്നെ.

Tags: റഷ്യന്‍ സാഹിത്യം
ShareTweetSendShare

Related Posts

ശാസ്ത്രജ്ഞര്‍ രാഷ്ട്രത്തെ സേവിക്കട്ടെ

ചില യുദ്ധങ്ങള്‍ ചെയ്‌തേ മതിയാകൂ

ഒരു മഹാചരിത്രകാരന്റെ വിയോഗം

കഥയും കവിതയുടെ വഴിക്കു നീങ്ങുകയാണോ?

എഴുത്തിന്റെ ശക്തി

ഇന്ത്യന്‍ ദേശീയതയും സംസ്‌കൃത ഭാഷയും

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies