കേരളത്തിലെ പത്താം ക്ലാസിലേയും പ്ലസ് ടുവിലെയും കുട്ടികള്‍ എന്തു തെറ്റ് ചെയ്തു നമ്മുടെ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയോട്? ഈ വര്‍ഷം മുതല്‍ പത്താം ക്ലാസിലെ കുട്ടികളും അടുത്ത വര്‍ഷം മുതല്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളും ഗവര്‍ണറുടെ അധികാര പരിധി എന്തൊക്കെയാണെന്ന് പഠിച്ചു കൊള്ളണമെന്ന് വിദ്യാഭ്യാസമന്ത്രി തമ്പുരാന്‍ കല്ലേല്‍ പിളര്‍ക്കുന്ന കല്‍പന പുറപ്പെടുവിച്ചിരിക്കുന്നു..ശിവന്‍കുട്ടിക്ക് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറോടു തോന്നിയ കലിപ്പിന്റെ ശിക്ഷ അനുഭവിക്കേണ്ടി വരുന്നത് ഈ പാവം കുട്ടികളാണ്. പത്താം ക്ലാസിലെ പാഠപുസ്തക ത്തില്‍ സാമൂഹ്യപാഠത്തിന്റെ രണ്ടാം വാള്യത്തിലാണ് ഗവര്‍ണറുടെ അധികാര പരിധി ഉള്‍പ്പെടുത്തുന്നത്. അടുത്ത വര്‍ഷം പ്ലസ് വണ്‍, പ്ലസ് ടു പാഠപുസ്തകം പരിഷ്‌കരിക്കുമ്പോള്‍ ചേര്‍ക്കാവുന്ന ഇടത്തൊക്കെ ഇതു ചേര്‍ക്കും എന്നാണ് മന്ത്രി സഖാവിന്റെ ശാസന. ശിവന്‍കുട്ടി എന്ന പാര്‍ട്ടി ഗുണ്ടയുടെ കല്പന കല്പന തന്നെ!
ഭാരതം എന്ന നാട്ടിലാണ് ഈ കുട്ടികള്‍ ജീവിക്കുന്നത്. നാടിനെ അമ്മയായി കാണുന്നവരാണ് നമ്മള്‍. അതുകൊണ്ട് സ്വാഭാവികമായും ഭാരതാംബയെക്കുറിച്ച് പാഠപുസ്തകത്തില്‍ കുട്ടികള്‍ പഠിക്കണ്ടേ? അങ്ങനെയൊന്ന് കുട്ടികള്‍ പഠിക്കുന്നില്ലെന്നും സിനിമാതാരങ്ങളുടെ പടമല്ലാതെ ഭാരതാംബയുടെ പടം അവര്‍ക്ക് അറിയില്ലെന്നും വിദ്യാഭ്യാസ വകുപ്പിന്റെ തലപ്പത്തിരിക്കുന്ന മന്ത്രി ഒട്ടും ഉളുപ്പില്ലാതെ പറയുന്നത് സ്വന്തം കഴിവുകേടല്ലേ? എന്താണ് ഭാരതാംബ എന്നറിയാത്ത കുട്ടികള്‍ രാജ്ഭവനില്‍ വെച്ചിരിക്കുന്ന ചിത്രത്തിലെ ഭാരതാംബയാണ് ഭാരതമാതാവ് എന്ന് തിരിച്ചറിഞ്ഞുപോയാല്‍ വലിയ അപകടമാണ് എന്നാണ് ശിവന്‍കുട്ടി പറഞ്ഞത്. ഈ ചിത്രത്തെ കുട്ടികള്‍ ആദരിച്ചുപോയാല്‍ ജനാധിപത്യം അസ്ഥിരപ്പെടും എന്ന കണ്ടെത്തലും അദ്ദേഹം നടത്തിയിട്ടുണ്ട്. ഭാരതത്തില്‍ ഒരു സംസ്ഥാനത്തും പാഠ്യപദ്ധതിയില്‍ ഗവര്‍ണറുടെ അധികാരപരിധി പഠിക്കാനില്ല. രാഷ്ട്രീയ പകപോക്കലിനായി കുട്ടികളെ തെരുവിലിറക്കി ചുടുചോറ് വാരിക്കല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സ്ഥിരം തന്ത്രമാണ്. അതും കടന്ന് വിദ്യാഭ്യാസ വകുപ്പിനെ തന്നെ രാഷ്ടീയ പകപോക്കലിന്റെ ആയുധമാക്കു കയാണ് ശിവന്‍കുട്ടി. മന്ത്രി ആദ്യം സ്വന്തം അധികാര പരിധി ഒന്ന് വായിച്ചു പഠിക്കട്ടെ. എന്നിട്ടുപോരെ ഗവര്‍ണറുടെ അധികാര പരിധി കുട്ടികളെ പഠിക്കുന്നതിനുള്ള നീക്കം. കുരങ്ങന്റെ കയ്യില്‍ പൂമാല കിട്ടിയപോലെ എന്ന ഭാഷാശൈലി കുട്ടികളെ പഠിപ്പിക്കാന്‍ മന്ത്രിയുടെ ചെയ്തികള്‍ ഉദാഹരണമായി എടുക്കാം എന്ന് പാഠ്യപദ്ധതിയില്‍ ചേര്‍ത്താല്‍ കുട്ടികള്‍ക്ക് അത് വേഗം മനസ്സിലാകും.