ഇടത് സര്‍ക്കാരിന്റെ ഭരണം പത്താം വര്‍ഷത്തിലേക്ക് കുതിക്കുന്നതിന്റെ ലഹരിയില്‍ കേരളം ഇന്ത്യയില്‍ മാത്രമല്ല ലോകത്തില്‍ തന്നെ നമ്പര്‍ വണ്‍ ആവുകയാണ്. ഈ മുന്നേറ്റത്തിന്റെ ക്രഡിറ്റ് മുഖ്യന്‍ വിജയന്‍ സഖാവിനും കായിക മന്ത്രി അബ്ദുള്‍ റഹ്മാനും അവകാശപ്പെട്ടതാണ്. നടക്കാത്ത കാര്യം പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ച് പണം പിരിക്കുക എന്ന വെട്ടിപ്പ് വഴിയാണ് കേരളം നമ്പര്‍ വണ്‍ ആകുന്നതില്‍ ലോക റിക്കാര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്.
2025 ഒക്ടോബറില്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കാന്‍ വരുന്നു എന്ന് പ്രഖ്യാപിച്ചത് കായിക മന്ത്രിയാണ്. ഇത് ഇടത് സര്‍ക്കാറിന്റെ നേട്ടമായി മുഖ്യന്‍ സഖാവും വിളംബരം ചെയ്തു. പിന്നാലെ പണപ്പിരിവ് തുടങ്ങി. സ്വര്‍ണം, വെള്ളി കച്ചവടക്കാരില്‍ ഓരോരുത്തരില്‍നിന്നും പതിനായിരം രൂപ വെച്ച് പിരിച്ചു എന്നാണ് അവരുടെ സംഘടനയിലെ ഒരു വിഭാഗം പറഞ്ഞത്. ഇതുപോലെ ആരില്‍ നിന്നൊക്കെ പണം പിരിച്ചു എന്നത് പുറത്തു വരാനിരിക്കുന്നതേയുള്ളു. ഇതൊക്കെ തകൃതിയായി നടക്കുമ്പോഴും മെസിയെ കൊണ്ടുവരാന്‍ വേണ്ട അടിസ്ഥാന നടപടി ഒന്നും നടന്നില്ല അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ സംഘടനക്ക് അടക്കേണ്ട പണം അടച്ചില്ല. അത് ഏല്പിച്ചവര്‍ ചെയ്യുന്നുണ്ടോ എന്ന് കായിക മന്ത്രി അന്വേഷിച്ചതേയില്ല. പകരം പണി പൂര്‍ത്തിയാകാത്ത മഞ്ചേരി സ്റ്റേഡിയത്തില്‍ മെസി കളിക്കും എന്ന് പ്രചാരണമിറക്കി ഫുട്‌ബോള്‍ ഭ്രാന്തരായ മലപ്പുറത്തുകാരെ നടക്കാത്ത സ്വപ്‌ന ലോകത്തില്‍ എത്തിക്കുകയും ചെയ്തു. ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 2 വരെ മെസി കേരളത്തില്‍ ഉണ്ടെന്നും അദ്ദേഹത്തെ അടുത്തു കാണാന്‍ അവസരമുണ്ടെന്നും മന്ത്രി പറഞ്ഞപ്പോള്‍ ജനം വിശ്വസിച്ചു.
മെസിയും കൂട്ടരും കേരളത്തില്‍ വരുമെന്നു പറഞ്ഞ ഒക്ടോബറില്‍ അദ്ദേഹം ചൈനയിലേക്കാണ് കളിക്കാന്‍ പോകുന്നത് എന്ന വാര്‍ത്ത വന്നപ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടുവെന്ന് ജനം തിരിച്ചറിഞ്ഞത്. പത്രക്കാര്‍ക്കു മുമ്പില്‍ മന്ത്രി കൈമലര്‍ത്തി.’സര്‍ക്കാരിന്റെ കയ്യില്‍ കാശില്ലാത്തതിനാല്‍ അത് സ്‌പോണ്‍സര്‍മാരെ ഏല്പിച്ചു എന്നാണ് അദ്ദേഹത്തിന്റെ ന്യായം. അവരാണ് പണി പറ്റിച്ചതെന്നു പറഞ്ഞ് അദ്ദേഹം തടി രക്ഷിക്കാന്‍ ശ്രമിച്ചു. തന്റെ പേരില്‍ കേരളത്തില്‍ സര്‍ക്കാര്‍ പിന്തുണയോടെ നടക്കുന്ന തരികിടകളും പണം പിരിക്കലും വെട്ടിപ്പും മെസിയുടെ ചെവിയില്‍ എത്തിയോ എന്നറിയില്ല. മെസിയും ടീമും വന്നാലും ഇല്ലെങ്കിലും ശരി, വിജയന്‍ സഖാവ് ക്യാപ്റ്റനും പെയ്ഡ് സീറ്റ് ഫെയിം അബ്ദുല്‍ റഹ്മാന്‍ ഗോളിയും ശിവന്‍കുട്ടിയെ പോലുള്ള ഷൂട്ടര്‍മാരും ജഴ്‌സി ഇട്ട് ഗോദയില്‍ ഇറങ്ങിയ സ്ഥിതിക്ക് കപ്പ് സഖാക്കള്‍ക്ക് തന്നെ!