വ്യാസമഹാഭാരതമെന്ന ഇതിഹാസത്തില്‍ അധികമൊന്നും ചര്‍ച്ച ചെയ്യപ്പെടാത്ത ഒരാളുണ്ട്. കൗരവര്‍ക്കും പാണ്ഡവര്‍ക്കും കുലഗുരുവായ കൃപാചാര്യര്‍.
ഗൗതമ മഹര്‍ഷിയ്ക്ക് ശാരദ്വാന്‍ എന്ന പുത്രനുണ്ടായി. ധനുര്‍വ്വേദം പഠിക്കുന്നതില്‍ അതീവ തല്‍പ്പരനായ ശാരദ്വാന് ജാനപദി എന്ന ദേവ കന്യകയില്‍ ഒരു പുത്രനും ഒരു പുത്രിയും ജനിക്കുന്നു. അച്ഛനും അമ്മയും ഉപേക്ഷിച്ച ആ കുട്ടികളെ നായാട്ടിനുപോയ ശാന്തനു മഹാരാജാവ് കാണുകയും കൃപയോടെ എടുത്ത് വളര്‍ത്തുകയും ചെയ്തു. കൃപയോടെ വളര്‍ത്തിയ കാരണത്താല്‍ സന്തതികളില്‍ ആണ്‍കുഞ്ഞിന് കൃപനെന്നും പെണ്‍കുഞ്ഞിന് കൃപിയെന്നും നാമകരണം ചെയ്യപ്പെട്ടു. തപോധ്യാനത്താല്‍ തന്റെ കുട്ടികള്‍ എവിടെയാണെന്ന് തിരിച്ചറിഞ്ഞ ഗൗതമ മഹര്‍ഷി ശാന്തനുവിന്റെ രാജധാനിയിലെത്തി തന്റെ മകന്റെ കുട്ടികളാണ് ഇവരെന്ന് രാജാവിനെ അറിയിക്കുന്നു. കൃപനെ ഗൗതമ മഹര്‍ഷി നാനാശാസ്ത്രങ്ങളും ധനുര്‍വ്വേദവും പഠിപ്പിക്കുന്നു. ധര്‍മ്മ തത്വങ്ങള്‍ മുഴുവന്‍ പഠിച്ച കൃപര്‍ വൈകാതെ ശ്രേഷ്ഠനായ ആചാര്യനായി മാറി കൗരവര്‍ക്കും പാണ്ഡവര്‍ക്കും കുലഗുരുവായി. ഈ കൃപരില്‍ നിന്നാണ് ധാര്‍ത്തരാഷ്ട്രന്മാരും പാണ്ഡവരും യാദവന്മാരും വൃഷ്ണി പുംഗവന്മാരും നാനാദിക്കില്‍ നിന്നും വന്ന അന്യരാജാക്കന്മാരും ധനുര്‍വ്വേദത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്.
കൃപരുടെ സഹോദരി കൃപിയെ ദ്രോണര്‍ വിവാഹം കഴിച്ചു. അവര്‍ക്കുണ്ടായ മകനാണ് അശ്വത്ഥാമാവ്. എന്നാല്‍ വേദതത്വങ്ങള്‍ മുഴുവന്‍ പഠിച്ച കൃപര്‍ കുലഗുരു എന്ന സ്ഥാനത്തിനൊത്ത കര്‍മ്മങ്ങള്‍ ആചരിച്ചില്ല എന്നുമാത്രമല്ല, ആ കുലത്തിന്റെ തന്നെ സര്‍വ്വനാശത്തിന് കാരണമായ അധര്‍മ്മങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയും ചെയ്തു. ഭീഷ്മര്‍ക്കും ദ്രോണര്‍ക്കുമൊപ്പം ആയുധമേന്തി യുദ്ധഭൂമിയിലെത്തി കുലഗുരു.
ഹസ്തിനപുരമെന്ന തന്റെ കൂടി രാജ്യത്തിന് എതിരെ വരുന്ന ഏത് ആക്രമണത്തെയും നേരിടുക എന്നത് ഭീഷ്മര്‍ക്ക് വ്രതമാണ്. ധര്‍മ്മാധര്‍മ്മ ചിന്തകളോ ആക്രമിക്കുന്നത് ആരെന്ന ചിന്തയോ ഭീഷ്മരെ യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നില്ല. അതുകൊണ്ടുതന്നെ അധര്‍മ്മത്തിന്റെ പക്ഷത്താണ് താനെന്നതിനെക്കാള്‍ ഹസ്തിനപുരത്തിന്റെ രക്ഷയാണ് ഭീഷ്മര്‍ക്ക് പ്രധാനം. അതാണ് ഭീഷ്മരെ ദുര്യോധനപക്ഷത്ത് നിന്ന് യുദ്ധം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്.
ദ്രോണര്‍ക്കാവട്ടെ കൗരവ പാണ്ഡവന്മാരുടെ ധനുര്‍വ്വേദാചര്യന്‍ എന്ന സ്ഥാനമേ ഉള്ളൂ. അത് ഭീഷ്മര്‍ നല്‍കിയ സ്ഥാനവുമാണ്. ഉണ്ട ചോറിന് കൂറ് കാണിക്കാന്‍ ഹസ്തിനപുരത്തിന് ഒപ്പം നിന്ന് പൊരുതുക എന്നതില്‍ കവിഞ്ഞ ധര്‍മ്മ ചിന്ത അദ്ദേഹത്തിന് വേണ്ടതില്ല. രാജാവിന് കുലധര്‍മ്മം ഉപദേശിക്കേണ്ട ബാധ്യതയും അദ്ദേഹത്തിനില്ല.
പക്ഷെ കുലഗുരുവായ കൃപര്‍ക്ക് അങ്ങനെയല്ല. സ്ഥാനം കുലഗുരുവിന്റേതാണ്. രാജാവിന് ധര്‍മ്മബോധം നഷ്ടപ്പെടുമ്പോള്‍ ഉപദേശങ്ങള്‍ നല്‍കി രാഷ്ട്രത്തെ ധര്‍മ്മത്തിന്റെ പാതയില്‍ ചലിപ്പിക്കുക എന്നതാണ് കുലഗുരുവിന്റെ കര്‍ത്തവ്യം. ഇത് കൃപര്‍ മറന്നു.
രാജാവിന് സല്‍ബുദ്ധി, ധാര്‍മ്മിക ബുദ്ധി ഉപദേശിക്കുക- രാജാവ് അനുസരിക്കുന്നില്ലെങ്കില്‍ രാജ്യത്ത് നിന്ന് മാറി നില്‍ക്കുക, അതാണ് കുലഗുരു ചെയ്യേണ്ടത്. രഘുവംശ രാജാക്കന്മാര്‍ക്ക് യഥാസമയം ഉപദേശങ്ങള്‍ നല്‍കിയ കുലഗുരുവായ വസിഷ്ഠനെ നമുക്ക് വാല്മീകി രാമായണത്തില്‍ കാണാം. എന്നാല്‍ വ്യാസഭാരതത്തിലെ കൃപാചാര്യരെന്ന കുലഗുരു അത്യപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ ധൃതരാഷ്ട്രര്‍ക്കും ദുര്യോധനനും ഉപദേശങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും വിദുരരെ പോലെ കര്‍ശനമായി ധാര്‍മ്മിക ചിന്ത രാജാവിലേയ്ക്ക് പ്രവഹിപ്പിക്കുന്നതില്‍ പരാജപ്പെട്ടു. കുലത്തിനെ രക്ഷിച്ചെടുക്കുന്നതില്‍ ആ ഉപദേശങ്ങള്‍ ഉപകരിക്കാതെ വന്നു. ദുര്യോധനന്റെ ദുഷ്ടപ്രവൃത്തികള്‍ ബലാല്‍ തടയണമെന്നും അല്ലെങ്കില്‍ സര്‍വ്വനാശമാണ് ഫലമെന്നും വിദുരരെപ്പോലെ ധൃതരാഷ്ട്രരോട് പറയാന്‍ കുലഗുരുവായ കൃപര്‍ക്ക് സാധിക്കുന്നില്ല എന്നു മാത്രമല്ല ദുരോധനന് ഒപ്പം യുദ്ധഭൂമിയിലേയ്ക്ക് പടച്ചട്ടയണിഞ്ഞ് ആയുധമേന്തി വരേണ്ടിയും വന്നു കുലഗുരുവിന്.
ശാന്തനു മഹാരാജാവിന്റെ കൃപകൊണ്ട് മാത്രം വളര്‍ന്ന് കുലഗുരുസ്ഥാനത്ത് എത്തിയതിനാലാവണം കൃപര്‍ക്ക് ഇത് സാധിക്കാതെ പോയത്. ധര്‍മ്മപക്ഷത്തേയ്ക്ക് ചേര്‍ന്നു നില്‍ക്കാന്‍ സാധിക്കില്ലെങ്കിലും അധര്‍മ്മത്തിന്റെ ഭാഗത്ത് നിന്ന് വിട്ടുനില്‍ക്കാനെങ്കിലും വിദുരരെപോലെ സാധിക്കേണ്ടിയിരുന്നു കൃപാചാര്യര്‍ക്ക്. അത് സാധിച്ചില്ല.
രാജ്യം ഭരിക്കുന്നവരുടെ കൃപയാല്‍ അധികാരസ്ഥാനത്ത് എത്തുന്നവര്‍ക്ക് രാജ്യം ഭരിക്കുന്നവര്‍ അധര്‍മ്മം കാട്ടുമ്പോള്‍ ധാര്‍മ്മിക ബുദ്ധി ഉപദേശിക്കാന്‍ സാധിക്കില്ല എന്ന പാഠമാണ് വ്യാസന്‍ കൃപരിലൂടെ കാണിച്ചു തരുന്നത്. അങ്ങനെ വരുമ്പോള്‍ രാജ്യം സര്‍വ്വനാശത്തിലേയ്ക്ക് കൂപ്പുകുത്തുമെന്നും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. അയോദ്ധ്യയിലെ കുലുഗുരുവായ വസിഷ്ഠനൊപ്പം കൃപാചാര്യരെ ചേര്‍ത്തുനിര്‍ത്താന്‍ സാധിക്കാത്തത് ഇതുകൊണ്ടാണ്.
ബ്രാഹ്മണകര്‍മ്മമായ അദ്ധ്യാപനം വിട്ട് അധര്‍മ്മപക്ഷത്ത് ചേര്‍ന്ന് പാണ്ഡവര്‍ക്ക് എതിരെ ആയുധമെടുത്ത ഈ ആചാര്യന്‍ കുരുക്ഷേത്ര ഭൂമിയില്‍ യുദ്ധത്തിന് മുന്‍പായി തന്നെ വന്നുകണ്ട് നമസ്‌ക്കരിച്ച യുധിഷ്ഠിരനോട് മനുഷ്യന്‍ പണത്തിന്റെ ദാസനാണെന്നും ഞാന്‍ രാജാവിന്റെ കയ്യിലെ പിണ്ഡമാണെന്നും പറയേണ്ടിവന്നത് സ്വന്തം കര്‍മ്മം ശരിയായി അനുഷ്ഠിക്കാന്‍ സാധിക്കാതെ വന്നതുകൊണ്ടാണ്. അധികാര സ്ഥാനത്തോട് ഒട്ടി നില്‍ക്കുമ്പോള്‍ കര്‍മ്മ മണ്ഡലത്തില്‍ ശ്രദ്ധവേണമെന്ന് നമ്മള്‍ അറിയേണ്ടതാണ്. മഹായുദ്ധത്തിനൊടുവില്‍ രാത്രിയുടെ മറവില്‍ പാണ്ഡവരുടെ കുടീരത്തില്‍ കയറി ഭീകരമായ കൂട്ടക്കുരുതി നടത്തിയ സ്വന്തം മരുമകനായ അശ്വത്ഥാമാവിനെ തടയാനും ധര്‍മ്മബോധം നഷ്ടപ്പെട്ട കൃപരെന്ന ഈ അമ്മാവനായില്ല. അശ്വത്ഥാമാവിനൊപ്പം അതിനീചമായ ആ കൂട്ടക്കുരുതികൂടി ചെയ്തു തീര്‍ത്ത് ശ്രീകൃഷ്ണനെയും പാണ്ഡവരെയും ഒപ്പം ധര്‍മ്മത്തെയും ഭയന്ന് ഹസ്തിനപുരത്തേയ്ക്ക് ഓടിപ്പോകേണ്ടി വന്നു ഈ കുലഗുരുവിന്.
വ്യാസ മഹാഭാരതം അറിവിന്റെ ഒരു മഹാഭണ്ഡാരമാണ്. ഭരണാധികാരികളുടെ കൃപയാല്‍ അധികാരസ്ഥാനത്തെത്തുന്ന ഏതൊരാള്‍ക്കും പാഠമാവേണ്ട, ധര്‍മ്മലോപം വന്ന ഒരു ആചാര്യനാണ് ഹസ്തിനപുരിയിലെ കുലഗുരുവായ കൃപര്‍. അധികാരസ്ഥാനത്തിരിക്കുമ്പോള്‍ ഭരണാധികാരികളുടെ അധര്‍മ്മത്തെ കണ്ടില്ലെന്ന് നടിക്കുന്നത് നാടിന്റെ നാശത്തിന് കാരണമാവുമെന്ന് കുലുഗുരുവായ ഈ ആചാര്യന്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. ഒപ്പം അധര്‍മ്മത്തെ കണ്ടില്ലെന്ന് നടിക്കുന്ന കുലഗുരുക്കന്മാര്‍ കുല നാശകരാണെന്നും നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ് ഭഗവാന്‍ വേദവ്യാസ മഹര്‍ഷി കൃപാചാര്യരിലൂടെ.