കേരളത്തില്‍ ജനസംഘത്തിന്റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നോ ദീനദയാല്‍ജിയുടെ യാത്ര നിശ്ചയിക്കപ്പെട്ടത്?
♠കേരളത്തില്‍ ജനസംഘത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ വേണ്ടി ദീനദയാല്‍ജി ഇവിടേക്ക് വരാന്‍ ഇരിക്കുന്ന സന്ദര്‍ഭത്തില്‍ തന്നെയാണ് മണ്ടക്കാട്ടെ ഹിന്ദുമത കണ്‍വെന്‍ഷനിലേക്ക് അദ്ദേഹത്തിന് ക്ഷണം കിട്ടിയത്. രണ്ട് പരിപാടികളും കൂടി യോജിപ്പിച്ചു. അങ്ങനെ കേരളത്തില്‍ ഏതാണ്ട് ഒരാഴ്ചത്തെ പരിപാടി ഏര്‍പ്പാട് ചെയ്തു. ആദ്യം അദ്ദേഹം മലബാര്‍ ഭാഗത്ത് പോയി. അവിടെ, പാലക്കാടും കോഴിക്കോടുമൊക്കെ സമ്മേളനങ്ങളും കമ്മറ്റികളും സംഘടിപ്പിച്ചു. ടി.എന്‍. ഭരതേട്ടന്‍ കണ്‍വീനറായി ഒരു കമ്മറ്റി ഉണ്ടാക്കി. അത് കഴിഞ്ഞു കൊച്ചിന്‍ സ്റ്റേറ്റില്‍ വന്നു. തൃശ്ശൂരിലും എറണാകുളത്തും കമ്മിറ്റികള്‍ ഉണ്ടാക്കി. പിന്നെ തിരുവിതാംകൂറിലേയ്ക്ക് വരണം. ഇവിടേക്ക് വരാന്‍ ആലോചിക്കുന്ന സമയത്താണ് ഈ നിര്‍ദ്ദേശം വന്നത്. അപ്പോള്‍ അതും ഇതും കൂടി യോജിച്ച് പോകുവാനായിട്ടുള്ള പരിപാടി ആസൂത്രണം ചെയ്തു. ആലപ്പുഴ, കോട്ടയം, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കമ്മിറ്റികള്‍ കൂടാന്‍ തീരുമാനിച്ചു. തിരുവനന്തപുരത്ത് ദീനദയാല്‍ജി എത്തി. തിരുവനന്തപുരത്ത് അപ്പോള്‍ കമ്മറ്റികള്‍ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ, അവിടെയുള്ള ആളുകളെയെല്ലാം കണ്ടു. തിരുവനന്തപുരത്ത് വന്ന സമയത്ത് രാമന്‍പിള്ള സാറിന്റെ ചേട്ടന്‍ സാധുശീലന്‍ പരമേശ്വരന്‍ പിള്ള ഉണ്ടായിരുന്നു. അദ്ദേഹം പിന്നീട് കേസരിയുടെ പത്രാധിപരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹമാണ് ദീനദയാല്‍ജിയേയും കൊണ്ട് കന്യാകുമാരിയിലേയ്ക്ക് പോയത്. അദ്ദേഹം കേരള ഹിന്ദു മിഷന്റെ പ്രവര്‍ത്തകനായിരുന്നു. ആര്യകുമാര്‍ ആശ്രമത്തിന്റെയും പ്രവര്‍ത്തകനായിരുന്നു. ദീനദയാല്‍ജിയുടെ കൂടെ ദത്താജിയും മണ്ടേക്കാട് ക്ഷേത്രത്തിലേയ്ക്ക് പോയിരുന്നു. അന്ന് ദീനദയാല്‍ജിയുടെ പ്രസംഗം വിവര്‍ത്തനം ചെയ്തത് സാധുശീലന്‍ സാറാണ്. കന്യാകുമാരിയില്‍ പോയി പരിപാടിയില്‍ പങ്കെടുത്ത് ദീനദയാല്‍ജി തിരിച്ചുവന്നു. തിരുവനന്തപുരത്ത് ശാഖയില്‍ പങ്കെടുത്തു. ആ ശാഖയില്‍ സ്വയംസേവകര്‍ കുറവായിരുന്നെങ്കിലും അവരെല്ലാവരും അന്ന് ശാഖയില്‍ വന്നു. വിശ്വഹിന്ദു പരിഷത്തിന്റെ സ്ഥാപകനായിട്ടുള്ള എസ്.എസ്. ആപ്‌തെയും അന്ന് കൂടെ ഉണ്ടായിരുന്നു. അതുകൊണ്ട് ആ കാലത്ത് തന്നെ ദീനദയാല്‍ജിയെ പരിചയപ്പെടാന്‍ സാധിച്ചു.

കേരളത്തില്‍ ജനസംഘത്തെ വ്യാപിപ്പിക്കാനുള്ള എന്തെങ്കിലും പദ്ധതി അന്ന് ആസൂത്രണം ചെയ്തിരുന്നോ?
♠ആ സമയത്ത് തിരുകൊച്ചിയില്‍ മന്ത്രിസഭ താഴെ വീണു. പുതിയ തിരഞ്ഞെടുപ്പ് വേണം. തിരഞ്ഞെടുപ്പ് വരുമ്പോള്‍ സംസ്ഥാനത്ത് ഒരു സ്ഥാനാര്‍ത്ഥിയെ എങ്കിലും നിര്‍ത്തണം എന്ന് തീരുമാനിച്ചു. അങ്ങനെയൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ അതിന്റെ പേരില്‍ ആ പ്രദേശത്ത് പ്രചാരണം നടത്താനുള്ള എല്ലാ സാധ്യതകളും ഉണ്ടാവും. പോസ്റ്റര്‍ ഒട്ടിക്കാം, നോട്ടീസ് വിതരണം ചെയ്യാം. യോഗം നടത്താം. അപ്പോള്‍ എവിടെ വേണമെന്ന് ആലോചിച്ചു. ദീനദയാല്‍ജി ആലോചിച്ചത് പൂഞ്ഞാറില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താനായിരുന്നു. കാരണം മുഖ്യമന്ത്രിയായിരുന്ന എ.ജെ. ജോണിന്റെ മണ്ഡലം അതായിരുന്നു. ആ നിലയ്ക്ക് ജനശ്രദ്ധ കിട്ടും. പൂഞ്ഞാറില്‍ നമുക്ക് ഒരു പ്രവര്‍ത്തകന്‍ പോലുമില്ല എന്ന് മാധവ്ജി പറഞ്ഞു. നമുക്ക് അവിടെ ഇതുവരെ ഒരു അപ്പ്രോച്ച് പോലും കിട്ടിയിട്ടില്ല എന്നും. പൂഞ്ഞാര്‍ അല്ലെങ്കില്‍ തിരുവനന്തപുരം എന്നാണ് ദീനദയാല്‍ജി നിര്‍ദ്ദേശിച്ചത്. തലസ്ഥാനത്താണെങ്കില്‍ എന്തെങ്കിലുമൊക്കെ നടക്കുമല്ലോ എന്ന് വിചാരിച്ച് തിരുവനന്തപുരത്ത് മത്സരിക്കാന്‍ തീരുമാനിച്ചു. അവിടെ നമ്മുടെ ഒരു സ്വയംസേവകനായ രാമചന്ദ്രന്‍ ഉണ്ടായിരുന്നു. രാമചന്ദ്രന്റെ അച്ഛന്‍ അറക്കല്‍ നാരായണപിള്ള എന്ന അഡ്വക്കേറ്റ് സംഘവുമായി നല്ല അടുപ്പമുള്ള ആളായിരുന്നു. അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചു. 850 രൂപ കെട്ടിവെക്കണം. പിന്നെ ബാക്കിയുള്ള ചെലവും. നോട്ടീസ് അടിക്കണം, വോട്ട് ചോദിക്കാന്‍ പോവണം. അതിനൊന്നും ആളുകള്‍ ഇല്ല. ആകെ രണ്ടു ഉപശാഖകള്‍ മാത്രമേ ഉള്ളൂ. പരമാവധി അമ്പതോ അറുപതോ ആളുകളെ കിട്ടും. അന്ന് രാമന്‍ പിള്ള സാറിന്റെ ചേട്ടനും, പിന്നെ അയ്യപ്പ സേവാ സംഘിന്റെ ഒരാളും ഉണ്ടായിരുന്നു. അങ്ങനെ കുറെ ആളുകള്‍ അതിനുവേണ്ടി ഇറങ്ങി. നോട്ടീസ് ഒട്ടിക്കാനും വീടുകള്‍ കയറി സ്ലിപ്പ് കൊടുക്കാനുമെല്ലാം പോകണമല്ലോ. അതിനു ഞങ്ങളും കൂടെ പോയി. ചുമരെഴുത്ത്, പോസ്റ്റര്‍ ഒട്ടിക്കല്‍ എല്ലാം അന്ന് നടത്തി. 1954 -ല്‍ തന്നെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് പോകാന്‍ അവസരമുണ്ടായി. അന്നൊന്നും ഇതിനെകുറിച്ച് ബോധവും വിചാരവും ഇല്ല. ദീനദയാല്‍ജിയുടെ ഒരു പ്രസംഗം അവിടെ റെയില്‍വേ സ്റ്റേഷന്‍ മൈതാനത്ത് ഉണ്ടായിരുന്നു. ആ പ്രസംഗം കേള്‍ക്കാന്‍ പോലും പത്തിരുപതുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശാഖയില്‍ വന്നിരുന്ന ആളുകള്‍. അത് കഴിഞ്ഞ് പിന്നെയും ഒരു ആറു ഏഴുമാസം കഴിഞ്ഞപ്പോള്‍ പൂജനീയ ഗുരുജിയുടെ സന്ദര്‍ശനം ഉണ്ടായി. ആ സന്ദര്‍ഭത്തില്‍ ഹിന്ദുമത ഗ്രന്ഥശാലയുടെ മുറ്റത്തു തന്നെയായിരുന്നു പരിപാടി. ഗണവേഷധാരികളടക്കം നൂറ്റിഅമ്പത് പേര്‍ ഉണ്ടാകുമായിരിക്കും. പത്രക്കാരെയെല്ലാം വിളിച്ചിരുന്നു. പൂര്‍ണ്ണമായും പോലീസ് അകമ്പടിയോടെയായിരുന്നു പരിപാടി. ആ ഗ്രന്ഥശാലയുടെ മുന്‍വശത്തെ റോഡുകളിലെല്ലാം പോലീസ് നിരന്നുനില്‍ക്കുന്നുണ്ടായിരുന്നു. ഗുരുജിയുടെ പ്രസംഗം അന്ന് കേള്‍ക്കാന്‍ സാധിച്ചു. ആ പ്രസംഗത്തില്‍ എന്തൊക്കെയോ മനസ്സിലായി എന്നു പറയാം.
അക്കാലത്ത് സ്വന്തം നാട്ടില്‍ സംഘപ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞിരുന്നോ?
♠1955ല്‍ തിരുവനന്തപുരത്തെ പഠനം കഴിഞ്ഞ് ഞാന്‍ തിരിച്ച് നാട്ടിലേയ്ക്ക് വന്നു. അതിനിടയില്‍ നാഗപ്പൂരില്‍ സംഘത്തിന്റെ പ്രധാന കാര്യകര്‍ത്താക്കളുടെ ഒരു ബൈഠക്ക് ഉണ്ടായിരുന്നു. അതില്‍ കേരളത്തില്‍ നിന്ന് ദത്താജി ഡിഡോല്‍ക്കറും ഭാസ്‌കര്‍റാവുവും പോയിരുന്നു. ആ സമയത്ത് ഞാന്‍ വീട്ടില്‍ താമസിക്കുകയാണ്. ഇടയ്ക്ക് ഞങ്ങള്‍ പരസ്പരം കത്തുകള്‍ അയക്കാറുണ്ടായിരുന്നു. അങ്ങനെ അപ്രതീക്ഷിതമായി, ആ ബൈഠക്ക് കഴിഞ്ഞ് തിരിച്ച് എറണാകുളത്തെത്തിയ ശേഷം അവര്‍ നേരെ തൊടുപുഴയിലേക്ക് വന്നു. അവിടെ എന്റെ ഒരു പരിചയക്കാരന്‍ അന്ന് ടൂട്ടോറിയല്‍ കോളേജ് നടത്തിയിരുന്നു. മൂസ എ. ബേക്കര്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്. പിന്നീട് കാലിക്കറ്റ് സര്‍വകലാശാലയില്‍ ഉന്നതസ്ഥാനം വഹിച്ചയാളാണ് ഡോ. മൂസ എ. ബേക്കര്‍. ഞാന്‍ മൂസയുടെ ടൂട്ടോറിയല്‍ കോളേജില്‍ പഠിപ്പിക്കാന്‍ പോകാറുണ്ടായിരുന്നു. ദത്താജിയും ഭാസ്‌കര്‍റാവുവും മണക്കാട്ടെ വീട്ടില്‍ വന്നപ്പോള്‍ ഞാന്‍ കോളേജില്‍ ആയിരുന്നു. അവര്‍ അവിടേയ്ക്ക് കയറി വന്നു. അവരുടെ കൂടെ ഞാന്‍ മണക്കാട്ടേക്ക് വന്നു. അന്ന് തൊടുപുഴയില്‍ നിന്നും മണക്കാട്ടേയ്ക്ക് ബസ്സില്ല, നടക്കണം. മഴക്കാലമായതുകൊണ്ട് റോഡുമുഴുവന്‍ ചെളിക്കുണ്ടായിരുന്നു. അതിലൂടെ നടന്ന് വീട്ടില്‍ വന്നു. അവിടെ നിന്ന് ആഹാരമെല്ലാം കഴിച്ചു. മാമ്പഴക്കാലമായതിനാല്‍ മാങ്ങയും കഴിച്ചു.
ഞാന്‍ ശാഖയില്‍ പോകുന്ന കാര്യം വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. അന്ന് തന്നെ എന്റെ അച്ഛന് സംഘത്തെക്കുറിച്ച് നല്ല ധാരണയുണ്ടായിരുന്നു എന്നാണ് എന്റെ ഊഹം. കാരണം 1940 -ല്‍ എന്‍എസ്എസിന്റെ രജതജൂബിലി ആഘോഷങ്ങള്‍ നടന്നിരുന്നു. ആ രജത ജൂബിലി ആഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തത് വി.ഡി. സാവര്‍ക്കറായിരുന്നു. ആ രജത ജൂബിലി ആഘോഷ പരിപാടിയില്‍ പങ്കെടുക്കുവാന്‍ അച്ഛനും കുറച്ചു പേരും അന്ന് പോയിരുന്നു. അവിടെ സാവര്‍ക്കറുടെ പ്രസംഗം കേട്ടതിനെകുറിച്ച് വളരെ ആവേശത്തോടെയാണ് അവരെല്ലാം പറഞ്ഞിരുന്നത്. ഇതുപോലെ ഒരു പ്രസംഗം മുന്‍പെങ്ങും കേട്ടിട്ടേ ഇല്ല എന്നൊക്കെ അവര്‍ പറയുമായിരുന്നു. അതുകൊണ്ട് തന്നെ സംഘത്തെക്കുറിച്ച് പൊതുവെ ഒരു ഹിന്ദു സംഘടന എന്ന നിലയ്ക്ക് അവര്‍ക്ക് താല്പര്യം കാണാതിരിക്കില്ല. എന്തായാലും ദത്താജിയും ഭാസ്‌കര്‍റാവുവും കുറെ നേരം അവിടെ ഇരുന്നു സംസാരിച്ചു. അവരെ മൂവാറ്റുപുഴവരെ എത്തിച്ച് എറണാകുളം ബസ് കയറ്റി വിട്ട ശേഷമാണ് ഞാന്‍ തിരിച്ചുവന്നത്. ആദ്യമായി ഒരു സംഘത്തിന്റെ അധികാരി, പ്രചാരക് തൊടുപുഴ വന്നത് എന്റെ വീട്ടിലേക്കാണ്.

പഠിപ്പ് കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ എനിക്ക് ഒരു ലീവ് വേക്കന്‍സിയില്‍ മണക്കാട്ടെ എന്‍എസ്എസ് ഹൈസ്‌കൂളില്‍ അധ്യാപകനായി ജോലികിട്ടി. അന്ന് എന്റെ സംഘബന്ധം നാട്ടുകാര്‍ക്കൊക്കെ അറിയാം. അക്കാലത്ത് മണക്കാട് വലിയൊരു കമ്മ്യൂണിസ്റ്റ് കേന്ദ്രമായിരുന്നു. ഇത്രയും വലിയ കമ്മ്യൂണിസ്റ്റ് കേന്ദ്രത്തില്‍ നിന്ന് ഒരാള്‍ വിദ്യാര്‍ത്ഥിയായി പോയി ആര്‍എസ്എസുകാരനായി മാറി എന്ന സങ്കടം പലര്‍ക്കും ഉണ്ടായിരുന്നു. അവര്‍ പലരും വീട്ടില്‍ വന്ന് ആര്‍എസ്എസിനെ കുറിച്ച് പാര്‍ട്ടിക്കാര്‍ക്ക് കൊടുക്കുന്ന സ്റ്റഡി ക്ലാസ് എനിക്കും തന്നു. അതിലൊരാള്‍ എന്റെ അധ്യാപകനായിരുന്നു. അദ്ദേഹം പിന്നീട് എറണാകുളം കൂടി ഉള്‍പ്പെടുന്ന ജില്ലയുടെ സംഘചാലകനായി മാറി. അങ്ങനെ എനിക്ക് സ്‌കൂളില്‍ ജോലി കിട്ടി. രണ്ടു മാസക്കാലം അവിടെ ഉണ്ടായിരുന്നു. ആ സമയത്ത് ചില വിദ്യാര്‍ഥികള്‍ സംഘത്തെ കുറിച്ച് ചോദിക്കാറുണ്ടായിരുന്നു. തൊടുപുഴയില്‍ തന്നെയുള്ള പല ആളുകള്‍ക്കും അക്കാലത്ത് സംഘപ്രവര്‍ത്തനം ആരംഭിക്കണം എന്നുള്ള താല്പര്യം ഉണ്ടായി. അതിന് അവര്‍ കണ്ടെത്തിയത് സംസ്‌കൃതം പഠിപ്പിക്കുന്ന ഒരു മാരാര്‍ സാറിനെയാണ്. അദ്ദേഹം സംസ്‌കൃതം പഠിപ്പിക്കണം. അവിടുത്തെ ഒരു ഡ്രില്‍ മാഷ് ഉണ്ട് അദ്ദേഹം കായികകാര്യങ്ങള്‍ പഠിപ്പിക്കണം. അങ്ങനെ ഇവര്‍ രണ്ടു പേരും ചേര്‍ന്നാണ് ഇവിടെ ശാഖ തുടങ്ങാന്‍ ആലോചിച്ചത്. ഞാന്‍ സുഹൃത്തുക്കളുമായെല്ലാം സംസാരിച്ചു. അവരെല്ലാവരും സഹകരണം വാഗ്ദാനം ചെയ്തു. കുറേക്കാലം ബോംബെയില്‍ പോയി ജോലിചെയ്ത ഒരു ഗോപിച്ചേട്ടന്‍ ഉണ്ടായിരുന്നു. അദ്ദേഹം അവിടെ ശാഖയില്‍ പങ്കെടുത്തിട്ടുണ്ട്. അതുപോലെ തൈക്കാട്ട് മൈതാനത്തിലെ പരിപാടിയും അവിടെ നടന്ന സംഘട്ടനവുമെല്ലാം നേരില്‍ കണ്ട മറ്റൊരാളുണ്ടായിരുന്നു അവിടെ. അയാളും ഒപ്പം കൂടി. ഞാന്‍ സ്വയംസേവകനാണെന്ന് കൂടി അറിഞ്ഞപ്പോള്‍ എല്ലാവരും ഒരുമിച്ചുകൂടി ശാഖ തുടങ്ങാന്‍ തീരുമാനിച്ചു. കൊട്ടരയ്ക്കടുത്ത് മങ്കുഴി എന്നൊരു സ്ഥലമുണ്ട്. അവിടെയുള്ള ഒരാള്‍ ഇവിടെ ടെയ്‌ലറായി ജോലി ചെയ്തിരുന്നു. അദ്ദേഹം കൊല്ലത്തോ മറ്റോ ശാഖയില്‍ പോയിട്ടുണ്ട്. ആലപ്പുഴയിലെ ഒരാള്‍ ഇവിടെ ഒരു സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തിരുന്നു. അദ്ദേഹവും വന്നു. അങ്ങനെ പ്രതീക്ഷിക്കാത്ത കുറെ പേര്‍ ശാഖയില്‍ വന്നു. എല്ലാവരും കൂടി അമ്പലത്തിന്റെ ഉള്ളില്‍ തന്നെ ശാഖ തുടങ്ങി. ഇക്കാര്യങ്ങളെല്ലാം സൂചിപ്പിച്ചുകൊണ്ട് ഞാന്‍ ഭാസ്‌കര്‍റാവുജിയ്ക്ക് കത്തെഴുതി. ഞാനൊരാളെ അയക്കാം എന്ന് മറുപടി കിട്ടി. അങ്ങനെ ആര്‍.ഹരിയേട്ടന്റെ ജ്യേഷ്ഠന്‍ പുരുഷോത്തമന്‍ ശാഖയില്‍ വന്നു. ആ ശാഖ പ്രതീക്ഷിക്കാത്ത രീതിയില്‍ വളര്‍ന്നു എന്ന് പറയാം. ആ സമയത്ത് എം.എ സാര്‍ വാഴൂരില്‍ പ്രചാരകനായിരുന്നു. അതുപോലെ എറണാകുളത്ത് പ്രചാരകനായിട്ടുള്ള രാമകൃഷ്ണന്‍ അദ്ദേഹം ഇവിടെ പത്തിരുപത് ദിവസം വിസ്താരകനായി വന്ന് പ്രവര്‍ത്തിച്ചു.

സംഘപ്രചാരകനാവാനുള്ള തീരുമാനത്തിലെത്തിയത് എപ്പോഴാണ്?
♠ഈ സമയത്ത് തന്നെ പ്രചാരകനായി പോകുവാനുള്ള ആഗ്രഹം ഞാന്‍ ഭാസ്‌കര്‍റാവുവിനെയും ദത്താജിയേയും അറിയിച്ചിരുന്നു. അന്ന് വാഴൂര്‍ ഹൈസ്‌കൂളില്‍ സംഘത്തിന്റെ ക്യാമ്പ് ഉണ്ടായിരുന്നു. ഡിസംബര്‍ മാസത്തില്‍ നടത്താറുള്ള ഹേമന്ത ശിബിരം. അതില്‍ പങ്കെടുത്തു. തൊടുപുഴയില്‍ നിന്ന് പത്തോളംപേര്‍ ഉണ്ടായിരുന്നു. അവിടെ ചെന്ന് ദത്താജിയോട് പ്രചാരകനാവാനുള്ള താല്പര്യം നേരിട്ട് അറിയിച്ചു. അത് കഴിഞ്ഞു കോയമ്പത്തൂരില്‍ ഒരു ശിബിരം ഉണ്ടായിരുന്നു. തമിഴ്‌നാടും കേരളവും ചേര്‍ന്ന്. ശ്രീഗുരുജി ആ ശിബിരത്തില്‍ ഉണ്ടായിരുന്നു. ആ ശിബിരത്തില്‍ വെച്ചും കാര്യങ്ങള്‍ സംസാരിച്ചു. ശിബിരം കഴിഞ്ഞ് വിവരം അറിയിക്കാമെന്നു പറഞ്ഞു. എവിടെ പോകണമെന്നെല്ലാം അറിയിക്കാം എന്നുള്ള മറുപടി കിട്ടി. ആ സമയത്ത് ഇവിടുത്തെ കാര്യങ്ങള്‍ നോക്കാന്‍ ആരെയെങ്കിലും ചുമതലപ്പെടുത്താമെന്നും പറഞ്ഞു. അങ്ങനെ ഒരു ദിവസം മദ്രാസില്‍ നിന്ന് ദത്താജിയുടെ കത്ത് വന്നു. ഗുരുവായൂരാണ് പോകേണ്ടത് എന്ന് അറിയിച്ചു. ഭാസ്‌കര്‍റാവുവും കത്തയച്ചു. അദ്ദേഹം അന്ന് കോട്ടയത്തായിരുന്നു. വളരെ മനോഹരമായാണ് ഭാസ്‌കര്‍റാവുജി കത്തയച്ചത്. ഞാന്‍ എഴുതിയ ഭാസ്‌കര്‍റാവുജിയുടെ ജീവചരിത്രഗ്രന്ഥത്തില്‍ ഈ കത്തുകള്‍ കൊടുത്തിട്ടുണ്ട്. ഗുരുവായൂരിലേക്കാണ് പോകേണ്ടതെന്നുള്ള വിവരം ലഭിച്ചപ്പോള്‍ തന്നെ നേരെ എറണാകുളത്ത് പോയി. അവിടെ അന്ന് പരമേശ്വര്‍ജിയായിരുന്നു പ്രചാരക്. പരമേശ്വര്‍ജിയെ കണ്ടു. ഒരാഴ്ച ഇവിടെ നിന്നിട്ട് പോയാല്‍മതി എന്ന് അദ്ദേഹം പറഞ്ഞു. അതുപ്രകാരം ഒരാഴ്ചയോളം എറണാകുളത്തുള്ള ശാഖകളില്‍ പോയി. അന്ന് ചിന്മയാനന്ദ സ്വാമിജിയുടെ യജ്ഞം നടക്കുന്നുണ്ടായിരുന്നു അവിടെ. അതിലും പങ്കെടുത്തു. ബോട്ടില്‍ മട്ടാഞ്ചേരിയിലേയ്ക്കും പോയി. അതെല്ലാം പുതിയ അനുഭവങ്ങളായിരുന്നു. അവിടെ നിന്ന് ഗുരുവായൂരിലേക്ക് പോയി. 1957 ലായിരുന്നു അത്.
ഗുരുവായൂരിലെ സംഘപ്രവര്‍ത്തനം എങ്ങനെയായിരുന്നു?
♠ആദ്യകാലത്ത് ഗുരുവായൂരിലെ സംഘപ്രവര്‍ത്തനം വളരെ ശക്തമായിരുന്നു. എന്നാല്‍ ഞാന്‍ അവിടെ എത്തുമ്പോള്‍ ശാഖകള്‍ നിര്‍ജ്ജീവാവസ്ഥയിലായിരുന്നു. പരമേശ്വര്‍ജി എന്നെ അവിടെ കൊണ്ടുപോയി. അവിടുത്തെ സ്വയംസേവകരെ വിളിച്ചുകൂട്ടി. അങ്ങനെ ശാഖകള്‍ ഓരോന്നായി തുടങ്ങാന്‍ തീരുമാനിച്ചു. അവിടെ മുന്‍പ് പത്തുപന്ത്രണ്ടു ശാഖകള്‍ നടന്നിരുന്നു. അവയെല്ലാം പുനരാരംഭിക്കാന്‍ സാധിച്ചില്ലെങ്കിലും നാലഞ്ചെണ്ണം തുടങ്ങാന്‍ സാധിച്ചു. അതില്‍ പല സ്ഥലങ്ങളില്‍ നിന്നുള്ള ആളുകളും വരുമായിരുന്നു. അവിടെ കടപ്പുറത്ത് വേലു എന്നൊരു സ്വയംസേവകന്‍ ഉണ്ടായിരുന്നു. 1947 -ല്‍ രണ്ടാംവര്‍ഷ പരിശീലനം കഴിഞ്ഞ ആളാണ്. പിന്നെ ഒരു ബാലചന്ദ്രന്‍ നായര്‍ ഉണ്ടായിരുന്നു. പ്രചാരകനായി പൊന്നാനിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. ഇവരെയൊക്കെ പരിചയപ്പെട്ടു. ആ വേലുവിനു പെട്ടെന്ന് ശരീരം മുഴുവന്‍ തളര്‍ന്നു പോകുന്ന ഒരസുഖം വന്നു. രണ്ടു മാസം അങ്ങനെ മലര്‍ന്ന് കിടക്കേണ്ടി വന്നു. ആയുര്‍വേദ ചികിത്സ കൊണ്ട് അത് ഭേദമായി എങ്കിലും അതിനുശേഷം വേലു ഗുരുവായൂരില്‍ സ്ഥലം വാടകയ്‌ക്കെടുത്ത് താമസമാക്കി. എല്ലാ ദിവസവും രാവിലെ ഗുരുവായൂര്‍ അമ്പലത്തില്‍ വരും, രാത്രി അവിടുത്തെ തൃപ്പുക എന്ന ചടങ്ങ്, അതായത് അത്താഴ പൂജയും കഴിഞ്ഞുള്ളത്, എല്ലാം കഴിഞ്ഞു തിരിച്ചുപോകും. മരിക്കുന്നതു വരെ ഗുരുവായൂരിലായിരുന്നു അദ്ദേഹം. ബാലകൃഷ്ണന്‍ നായര്‍ പിന്നെ തിരിച്ചു വന്നു എങ്കിലും പ്രവര്‍ത്തനത്തില്‍ അത്ര സജീവമായില്ല. അങ്ങനെ എനിക്ക് ഈ രണ്ടു പേരുടെയും സഹായം കിട്ടിയില്ല. ഈയിടെ അന്തരിച്ച നാരായണന്‍ നമ്പൂതിരി അന്ന് അവിടെ ഉണ്ടായിരുന്നു. കോഴിക്കോടാണ് അദ്ദേഹത്തിന്റെ വീട്. അദ്ദേഹവും, അദ്ദേഹത്തിന്റെ അനുജനും, അച്ഛനും അവിടെ താമസിച്ചിരുന്നു. ശാന്തിയായിരുന്നു ജോലി. ഞാന്‍ അവരുടെ കൂടെ താമസിക്കും. പിന്നെ ഏതെങ്കിലും പ്രവര്‍ത്തകരുടെ വീടുകളിലും. അങ്ങനെ ഒന്നരവര്‍ഷക്കാലം അവിടെ പ്രവര്‍ത്തിച്ചു.
തിരുവെങ്കിടം എന്ന സ്ഥലത്ത് പുതിയ ശാഖ തുടങ്ങി. ഗുരുവായൂരിലെ ശാഖാ പ്രവര്‍ത്തനത്തില്‍ വലിയ മുന്നേറ്റം വരുത്തുവാന്‍ എനിക്ക് സാധിച്ചു എന്ന് പറയാന്‍ പറ്റില്ല. ഒരു കാര്യമുള്ളത്, ആ സമയത്താണ് അവിടെ പ്രസിദ്ധമായ മണത്തല സമരം നടന്നത്. അവിടെയെല്ലാം സ്വയംസേവകര്‍ ഉണ്ട്. പക്ഷേ ശാഖ ഉണ്ടായിരുന്നില്ല. മണത്തല ക്ഷേത്രത്തിലെ ഉത്സവത്തെ കുറിച്ചാണ് ഞാന്‍ ആദ്യമായി കേസരിയിലേയ്ക്ക് റിപ്പോര്‍ട്ട് അയച്ചത്. അതിനുമുന്‍പ് ഞാന്‍ ഒന്നും എഴുതിയിട്ടില്ല. ഞാന്‍ ഗുരുവായൂര്‍ വരുന്ന സമയത്താണ് ഇഎംഎസിന്റെ ഭരണം നിലവില്‍ വരുന്നത്. സകല സ്ഥലത്തും കമ്മ്യൂണിസ്റ്റുകാരുടെ അഴിഞ്ഞാട്ടമായിരുന്നു. അതുകൊണ്ടാണോ സംഘപ്രവര്‍ത്തകര്‍ക്ക് ഒരു മൗഢ്യം വന്നത് എന്നറിയില്ല. എല്ലാവരും നല്ല സ്വയംസേവകരായിരുന്നു. പക്ഷെ, ദൈനംദിന ശാഖയില്‍ വരുക, അതു നടത്തുക എന്നുള്ളതില്‍ വിഷമമായിരുന്നു അവര്‍ക്ക്. രണ്ടുമൂന്നു സ്ഥലങ്ങളില്‍ പേരിനു ശാഖകള്‍ നടന്നിരുന്നു എന്നേയുള്ളൂ. പരിപാടികളില്‍ ധാരാളം പേര്‍ വരുമായിരുന്നു.

ഗുരുവായൂരിലെ പ്രചാരകജീവിതം വ്യക്തിപരമായി വലിയ സ്വാധീനം സൃഷ്ടിച്ചിരുന്നോ?
♠ഗുരുവായൂരിലെ ജീവിതം പുതിയ കാഴ്ചപ്പാട് തന്ന ജീവിതമായിരുന്നു. അവിടെ ഒരുമനയൂര്‍ സൗത്ത് എന്ന സ്ഥലമുണ്ട്. വള്ളം തുഴയല്‍ ആയിരുന്നു അവിടെയുള്ളവരുടെ ജോലി. അതില്‍ കേശവന്‍ എന്ന സ്വയംസേവകന്‍ ഉണ്ടായിരുന്നു. അയാള്‍ പൊന്നാനി മുതല്‍ തിരുവനന്തപുരം വരെ വള്ളം തുഴഞ്ഞു പോകുമായിരുന്നു. രണ്ടുമൂന്നു പേര് ഉണ്ട് അങ്ങനെ. അവര്‍ തിരുവനന്തപുരത്ത് വന്നാല്‍ അവരുടെ കച്ചവടം തീര്‍ത്ത് അടുത്ത മാസത്തേക്കുള്ള സാധനസാമഗ്രികള്‍ വാങ്ങി തിരിച്ചു പോകുമ്പോഴേയ്ക്കും മൂന്നുനാലു ദിവസം എടുക്കും. ആ സമയത്ത് പുത്തന്‍ചന്ത ശാഖയില്‍ വരുമായിരുന്നു. അങ്ങനെ വന്നു ഗുരുവായൂരിലെ പഴയ കഥകളെല്ലാം പറയും. അത് നമുക്കൊരു പ്രചോദനമായിരുന്നു. വര്‍ക്കലയില്‍ ഒരു തുരങ്കം ഉണ്ടാക്കിയ ശേഷം വലിയ ബുദ്ധിമുട്ടില്ലാതെ വള്ളത്തില്‍ എത്തുവാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നു. എന്നാലും അത്രയും ദൂരം തുഴഞ്ഞു വരുക എന്നുള്ളത് വലിയ സാഹസം തന്നെയായിരുന്നു. കേശവന് അവസാനം ക്ഷയ രോഗം പിടിപെട്ടു. വള്ളം തുഴയുന്നവര്‍ക്കൊക്കെ അവസാനം ക്ഷയ രോഗമാണ് വന്നിട്ടുള്ളത്. അയാള്‍ പുലയനാര്‍ കോട്ടയിലെ ക്ഷയരോഗാശുപത്രിയില്‍ അഡ്മിറ്റായി. അയാളുടെ നാട്ടില്‍ നിന്നും പലരും അവിടെ കാണാന്‍ പോകും. തിരുവനന്തപുരത്തെ സ്വയംസേവകരും പോകും. ഹരിയേട്ടന്‍ തിരുവനന്തപുരത്ത് പ്രചാരകനായിരുന്ന സമയത്താണ് അയാള്‍ അവസാനം അവിടെ ഉണ്ടായിരുന്നത്. ഒരു ദിവസം ഹരിയേട്ടന്‍ അയാളെ കാണാന്‍ പോയ സമയത്ത് അദ്ദേഹം കിടക്കയിലെ തലയിണക്കടിയില്‍ നിന്ന് ഒരു പൊതി എടുത്ത് ഏല്പിച്ചു. എന്റെ ഗുരുദക്ഷിണയാണിത് എന്ന് പറഞ്ഞു. ഹരിയേട്ടന്‍ തന്നെ ഈ സംഭവം പല സ്ഥലങ്ങളിലും എഴുതിയിട്ടുണ്ട്. ഗുരുവായൂര്‍ കേശവന്‍ എന്ന് പറഞ്ഞാല്‍ ഏറ്റവും വലിയ ആന എന്നാണ് നമുക്ക് ഓര്‍മ്മ വരുക. പക്ഷെ, നമുക്ക് വേറൊരു ഗുരുവായൂര്‍ കേശവനും കൂടി ഉണ്ടായിരുന്നു.
മണത്തല സംഭവത്തിന്റെ ഓര്‍മ്മകള്‍ എന്തൊക്കെയാണ്?
♠മറ്റൊരു കേശവന്‍ കൂടി ഗുരുവായൂരില്‍ ഉണ്ട്. അയാളൊരു ചായക്കടക്കാരനായിരുന്നു. ആ കേശവന്‍ സെക്കന്റ് ഇയര്‍ ഓടിസി കഴിഞ്ഞ ആളാണ്. എന്തു കാര്യം ചെയ്യാനും ഏറ്റവും ധൈര്യപൂര്‍വ്വം മുന്നോട്ടുവരുന്ന ആളായിരുന്നു. മണത്തല സംഭവത്തില്‍ ഹിന്ദുക്കള്‍ പരാജയപ്പെട്ടു പോകുമെന്ന മട്ട് വന്നപ്പോള്‍ ഇദ്ദേഹം ചന്ദ്രക്കല എഴുന്നെള്ളിക്കാനുള്ള നേര്‍ച്ച ചെയ്തു. ഒരു ചന്ദ്രക്കല ഉണ്ടാക്കി. മമ്മിയൂര്‍ ശിവക്ഷേത്രത്തില്‍ നിന്ന് ചന്ദ്രക്കല കൊണ്ടുപോകുന്ന ഒരു വഴിപാട്. ആ വഴിപാടാണ് പിന്നീട് മൗലികാവകാശ കേസായത്. അത് മുസ്ലിങ്ങള്‍ തടഞ്ഞു. അവിടെ ഒരു മൂപ്പന്റെ പള്ളിയുണ്ട്. അവിടെയാണ് തടഞ്ഞത്. വലിയ പ്രക്ഷോഭമായി. 18 അംശങ്ങള്‍ ഉള്ള ഒരു ഗ്രാമമാണ് ചാവക്കാട് ഫര്‍ക്ക. പതിനെട്ട് സ്ഥലങ്ങളില്‍ നിന്നും സത്യഗ്രഹികളെ കൊണ്ടുവന്ന് ഇതില്‍ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞു. അങ്ങനെ അതൊരു മൗലികാവകാശ കേസായി മാറി. ഈ പറയുന്ന റോഡ് പൊതുനിരത്താണ്. പൊതുനിരത്തില്‍ കൂടി സഞ്ചരിക്കാനുള്ള അവകാശം മൗലികാവകാശമാണ് എന്നുള്ളതായിരുന്നു വാദം. അതില്‍ ഏറ്റവും തലതിരിഞ്ഞ ഒരു നിര്‍ദ്ദേശം കൊടുത്തത് വി.ആര്‍. കൃഷ്ണയ്യരാണ്. അന്ന് അയാളാണ് ആഭ്യന്തര മന്ത്രി. അയാള്‍ പറഞ്ഞത്. ഘോഷയാത്ര പോകാം, പക്ഷെ ചെണ്ടകൊട്ടി പോകാന്‍ പാടില്ല എന്നാണ്. പകര രണ്ടു ചെണ്ട ഏര്‍പ്പാട് ചെയ്യുക. ഒരു ചെണ്ട ഘോഷയാത്രയുടെ മുന്‍പില്‍ പോവുക, പള്ളിയുടെ അടുത്ത് എത്തുമ്പോള്‍ അത് നിര്‍ത്തുക. ആ സമയത്ത് വേറെ ചെണ്ട ഘോഷയാത്രയിലുള്ളവര്‍ കൊട്ടുക. ഇങ്ങനെ ഒരു നിര്‍ദ്ദേശം വെച്ചു. അത് സ്വീകാര്യമായില്ല. തുടര്‍ന്ന് വൈദിരീശ്വരയ്യര്‍ എന്ന സ്വയംസേവകന്‍ ഹൈക്കോടതിയില്‍ കേസ് കൊടുത്തു. ഇത് ഞങ്ങളുടെ മൗലികാവകാശമാണ് എന്ന് പറഞ്ഞുകൊണ്ട്. ജസ്റ്റിസ് പി.ടി.രാമന്‍ നായര്‍ ആയിരുന്നു അന്ന് ജഡ്ജി. റായ് ഷേണായ് എന്നുള്ള വക്കീലാണ് കേസ് വാദിച്ചത്. ആ റോഡ് പൊതുനിരത്താണെന്നും, ആ പൊതുനിരത്തിലൂടെ യാത്രചെയ്യുന്നത് തടയാന്‍ ആര്‍ക്കും അധികാരമില്ലെന്നും പി.ടി.രാമന്‍ നായര്‍ വിധിച്ചു. അങ്ങനെയാണ് ആ കേസ് തീര്‍ന്നത്.
അതുപോലെ മുസ്ലിങ്ങള്‍ വേറൊരു പ്രശ്‌നം ഉയര്‍ത്തി. ഗുരുവായൂരിന് ചുറ്റുമുള്ള റോഡുകള്‍, അതിലൂടെ ചന്ദനക്കുടം പോകുവാനുള്ള അധികാരം വേണം. ഇതിനുവേണ്ടി അവര്‍ ശ്രമിച്ചു. പക്ഷെ, പ്രശ്‌നമെന്താണെന്നു വെച്ചാല്‍ ഗുരുവായൂരിന് ചുറ്റുമുള്ള റോഡുകള്‍ മുഴുവനും ദേവസ്വം വകയാണ്. അത് പൊതുനിരത്തല്ല. പടിഞ്ഞാറേക്കുളം മുതല്‍ കിഴക്കേ ബസ്സ്റ്റാന്‍ഡ് വരെയുള്ള സ്ഥലം. മഞ്ജുളാല്‍ വരെയുള്ള സ്ഥലം മുഴുവനും ഉള്ള റോഡുകള്‍ ഗുരുവായൂര്‍ ദേവസ്വത്തിന്റെ വകയാണ്. അതുകൊണ്ട് മൗലികാവകാശമില്ല എന്ന് പറഞ്ഞ് ആ ആവശ്യം അനുവദിച്ചില്ല. ഈ സംഭവങ്ങള്‍ നടക്കുന്ന കാലത്ത്, തുടക്ക കാലത്ത് ഞാന്‍ ഉണ്ടെങ്കിലും, അവിടുത്തെ പ്രക്ഷോഭണം മൂത്തുവരുമ്പോഴേക്കും എന്നെ തലശ്ശേരിയിലേയ്ക്ക് മാറ്റി. അങ്ങനെയാണ് ഗുരുവായൂരില്‍ നിന്ന് പോകുന്നത്.
(തുടരും)