ഈ നോമ്പുകാലത്ത് സിറിയയില്‍ സൈനിക ഭരണകൂടം ആയിരക്കണക്കിന് അലവൈറ്റുകളെ വീട്ടില്‍ കയറി പോയന്റ് ബ്ലാങ്കില്‍ വെടിവെച്ചു കൊല്ലുന്നു എന്ന വാര്‍ത്ത കേട്ടിട്ട് കേരളത്തിലെ ഒരു മുസ്ലിം പണ്ഡിതന്റെയും ചോര തിളയ്ക്കുന്നില്ല. ഒരാള്‍ക്കും പ്രസ്താവന ഇറക്കുകയും വേണ്ട. ഇസ്രായേല്‍ സേന പാലസ്തീനില്‍ ഹമാസ് ഭീകരതാവളങ്ങളില്‍ കയറി അക്രമിച്ചപ്പോള്‍ പാലസ്തീന്‍ കുട്ടികളെക്കുറിച്ച് കണ്ണീരൊഴുക്കിയവരാണ് ഈ നേതാക്കള്‍. പാലസ്തീനുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്ന് രോഷം കൊള്ളുകയും ചെയ്തിരുന്നു. നോമ്പുകാലത്ത് യുദ്ധം പാടില്ല എന്നാണ് ഇസ്ലാം നിഷ്‌ക്കര്‍ഷിച്ചിരിക്കുന്നത് എന്ന് ഉപദേശിക്കുന്നവരാണിവര്‍. സിറിയയില്‍ കഴിഞ്ഞ അഞ്ച് പതിറ്റാണ്ട് ഭരണം നടത്തിയ അസദ് കുടുംബത്തെ 2024 ഡിസംബറില്‍ അധികാരത്തില്‍ നിന്നു പുറത്താക്കിയ സൈന്യം അസദ് കുടുംബക്കാരുടെ അലവൈറ്റു വിഭാഗത്തെ ഉന്മൂലനം ചെയ്തുകൊണ്ടിരിക്കയാണ്. വീട്ടില്‍ കയറി സ്ത്രീകളും കുട്ടികളുമടക്കം എല്ലാവരെയും കൊന്നൊടുക്കുന്നു, തെരുവില്‍ ശവശരീരങ്ങള്‍ ചിതറിക്കിടക്കുന്നു. സിറിയയില്‍ മുസ്ലിം രക്തം തെരുവില്‍ ചിന്തുമ്പോഴും കുട്ടികള്‍ വരെ കൊല്ലപ്പെടുമ്പോഴും ഇവിടെ ഇസ്ലാമിന്റെ പേരില്‍ അഭിമാനം കൊള്ളുന്ന ഒരു മുസ്ലിം സംഘടനക്കും വേദന തോന്നാത്തത് എന്തുകൊണ്ട്?
സിറിയയില്‍ കൊല്ലുന്നതും ചാവുന്നതും മുസ്ലിങ്ങളാണ്. കൊല്ലുന്നത് സുന്നികളായ സൈനിക ഭരണകൂടം. ചാവുന്നത് ഷിയാ വിഭാഗക്കാരായ അലവൈറ്റുകള്‍. ഇവിടെ മുസ്ലിം രക്തത്തിന്റെ പേരില്‍ ബഹളം വെക്കുന്ന സംഘടന നേതാക്കളെല്ലാം സുന്നി രക്തത്തില്‍ പെട്ടവര്‍. അതുകൊണ്ടുതന്നെ അലവൈറ്റുകള്‍ കൊല്ലപ്പെടുമ്പോള്‍ അവര്‍ക്ക് വേദനയില്ല. ഇസ്രായേല്‍ – പാലസ്തീന്‍ സംഘര്‍ഷത്തില്‍ ഒരു ഭാഗത്തുള്ളത് ജൂതരാണ് എന്ന വിഷയവുമുണ്ട്. ഇവിടുത്തെ മുസ്ലിം നേതാക്കളെ പ്രേരിപ്പിക്കുന്ന ഘടകം കുട്ടികള്‍ കൊല്ലപ്പെടുന്നു എന്നതോ മനുഷ്യാവകാശം ലംഘിക്കപ്പെടുന്നു എന്നതോ അല്ല. യുദ്ധം നിര്‍ത്താന്‍ യു.എന്‍. ഉന്നയിക്കുന്ന ആവശ്യം ഇസ്രായേല്‍ നിഷേധിച്ചാല്‍ അവര്‍ക്ക് സഹിക്കില്ല. സിറിയയിലെ സുന്നിഭരണകര്‍ത്താക്കള്‍ യു.എന്നിന്റെ ആവശ്യം ചെവിക്കൊണ്ടില്ലെങ്കില്‍ അവര്‍ക്ക് ഒട്ടും മനഃപ്രയാസവുമില്ല. മനുഷ്യത്വ ചിന്തയേക്കാള്‍ സുന്നി എന്ന വിഭാഗീയ ചിന്തയാണ് ഈ നേതാക്കളുടെ മസ്തിഷ്‌ക്കത്തെ ഭരിക്കുന്നത് എന്നല്ലേ കരുതേണ്ടത്.