ആശാവര്‍ക്കര്‍മാര്‍ വെയിലും മഴയും കൊണ്ട് സെക്രട്ടറിയേറ്റ് നടയിലിരുന്ന് പട്ടിണി സമരം നടത്തുമ്പോള്‍ പത്തരമാറ്റ് മാര്‍ക്‌സിസ്റ്റായ വിജയന്‍ സഖാവിന് ക്ലിഫ്ഹൗസില്‍ എങ്ങനെ സുഖമായി ഉറങ്ങാന്‍ കഴിയുന്നു എന്ന് ചോദിക്കുന്ന ചില ബുദ്ധിജീവികളും സാമൂഹ്യനായകന്മാരും ഉണ്ട്. അവര്‍ക്ക് സാക്ഷാല്‍ കാറല്‍ മാര്‍ക്‌സ് സ്പഷ്ടമായി എഴുതിവെച്ചത് എന്താണെന്ന് അറിയില്ല. ആദ്യം അവര്‍ അതൊന്നു വായിച്ചു പഠിക്കട്ടെ. തൊഴിലാളികള്‍ വിശന്നിരിക്കുമ്പോഴും ദാഹിച്ചിരിക്കുമ്പോഴും അസന്തുഷ്ടരായിരിക്കും. അസന്തുഷ്ടരായ തൊഴിലാളികളെ ഉത്തേജിപ്പിക്കാനാണ് സഖാക്കള്‍ ശ്രമിക്കേണ്ടത്. എന്നാല്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഒരാളുടെ ഭൗതിക ആവശ്യം പൂര്‍ത്തീകരിക്കപ്പെട്ടാല്‍ അയാള്‍ വിപ്ലവത്തിനായി മരിക്കാന്‍ തയ്യാറാവില്ല. അതുകൊണ്ട് സംശുദ്ധമായ തൊഴിലാളിപ്രസ്ഥാനത്തെ മുന്നേറാന്‍ അനുവദിക്കരുത്. മാര്‍ക്‌സ് മാത്രമല്ല, ലെനിനും പറഞ്ഞിട്ടുണ്ട്; പാര്‍ട്ടിക്കുവേണ്ടി തൊഴിലാളി യൂനിയനില്‍ കയറിപ്പറ്റുക, കമ്മ്യൂണിസ്റ്റല്ലാത്തവര്‍ക്കെതിരെ പ്രചരണം നടത്തുക; കള്ളം പ്രചരിപ്പിക്കുക, ആളുകളെ തെറ്റിദ്ധരിപ്പിക്കുക. കേരളത്തിലെ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി മാര്‍ക്‌സിന്റെയും ലെനിന്റെയും ചിത്രം വരച്ചുവെക്കുക മാത്രമല്ല, അവരുടെ വാക്കുകള്‍ നടപ്പാക്കുന്ന പാര്‍ട്ടി കൂടിയാണെന്ന് മറക്കരുത് – യഥാര്‍ത്ഥ മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി. ഇതു വായിച്ചു നോക്കാത്തവരാണ് ആശാവര്‍ക്കര്‍മാരുടെ സമരത്തിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാരിന്റെ നിലപാടിനെയും പാര്‍ട്ടിയുടെ സമീപനത്തെയും വിമര്‍ശിക്കുന്നത്.
ആശാവര്‍ക്കര്‍മാര്‍ക്ക് ജീവിതം ഭദ്രമാക്കാനുള്ള ഓണറേറിയം യഥാസമയം നല്‍കിയാല്‍ പിന്നെ അവര്‍ വിപ്ലവത്തിനുവേണ്ടി മരിക്കാന്‍ തയ്യാറാകുമോ? ഇല്ല. അതാണ് ഇടത് പ്രകടനപത്രികയില്‍ വലിയ ഓഫര്‍ നല്ലിയിട്ടും ചുരുങ്ങിയ ഓണറേറിയം മാത്രം അവര്‍ക്ക് നല്‍കുന്നത്. ഇപ്പോള്‍ നല്‍കുന്നതുതന്നെ അവരുടെ വിപ്ലവ വീര്യം കുറയ്ക്കുമോ എന്നു കരുതിയാണ് കുറച്ചു മാസത്തെ തുക പിടിച്ചുവെച്ചത്. അപ്പോഴതാ പാട്ടകുലുക്കികള്‍ അവര്‍ക്കുവേണ്ടി സമരം നടത്തുന്നു; വലിയ ഓഫര്‍ വെക്കുന്നു. ഇത്തരക്കാരെ എങ്ങനെ കൈകാര്യംചെയ്യണമെന്ന് ലെനിന്‍ പറഞ്ഞുതന്നിട്ടുണ്ട്. അതാണ് സി.ഐ.ടി.യു നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. സമരം നടത്തുന്ന ആശാവര്‍ക്കര്‍മാരുടെ നേതാവ് മിനി കീടമാണ്; രോഗം പരത്തുന്ന കൊതുവാണ്; അവളോടൊപ്പം നിന്നാല്‍ എല്ലാ ആശാവര്‍ക്കര്‍മാരുടെയും പണി പോകും എന്നൊക്കെ പ്രസംഗിച്ചതിന് ലെനിനിസ്റ്റ് ലൈനുണ്ട്. ഇത്തരം മോശമായ പദപ്രയോഗങ്ങള്‍ നടത്തിയത് ശരിയാണോ എന്ന ചോദ്യത്തിന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ പറഞ്ഞത് അത്രക്ക് കടുപ്പം വേണ്ടായിരുന്നു എന്നു മാത്രമാണ്. സി.ഐ.ടി.യുവിനും പാര്‍ട്ടിക്കും സര്‍ക്കാരിനും തെറ്റുപറ്റിയിട്ടില്ല എന്ന് വ്യക്തമായില്ലേ. എങ്കില്‍ ഉറക്കെ വിളിച്ചോളൂ വിപ്ലവം വിജയിക്കട്ടെ! കമ്മ്യൂണിസ്റ്റ് പാലും തേനും ഒഴുകട്ടെ. അതോടെ റഷ്യയിലേയും ചൈനയിലേയും പോലെ കേരളത്തിലും ട്രേഡ് യൂനിയനിസം കാഴ്ചബംഗ്ലാവിലെ കാഴ്ചവസ്തുവാകട്ടെ!