കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ‘ശ്രീനാരായണഗുരു സനാതനധര്‍മ്മത്തിന്റെ വക്താവായിരുന്നില്ല’ എന്ന ശീര്‍ഷകത്തില്‍ എഴുതിയ ലേഖനം ഡിസംബര്‍ 31-ന് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടന വേളയില്‍ അദ്ദേഹം തന്നെ നടത്തിയ പ്രസംഗത്തില്‍ നിന്നും ഉദ്ധരിച്ച ചില ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഈ പ്രസംഗം വിവാദപരവും അപ്രസക്തവും ആണെന്ന കാരണത്താല്‍ പലരും തള്ളിക്കളഞ്ഞെങ്കിലും, ഇതിനു ഏറ്റവും ശക്തമായ തിരിച്ചടി നല്‍കിയത് ശ്രീനാരായണ ഗുരുദേവന്‍ സ്ഥാപിച്ച ശിവഗിരിമഠത്തിന്റെ തലവനായ സ്വാമി സച്ചിദാനന്ദയാണ്.
ഒരു മലയാള ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച തന്റെ നിഷേധത്തില്‍, സ്വാമി സച്ചിദാനന്ദ, ശ്രീനാരായണഗുരു, ഗുരുവിന്റെ അനുഗ്രഹത്തോടെ ഡോ. പി. പല്‍പു സ്ഥാപിച്ച ശ്രീനാരായണ ധര്‍മ്മ പരിപാലന (എസ്.എന്‍.ഡി.പി.) യോഗത്തിന് നല്‍കിയ സന്ദേശത്തില്‍ ‘ശുദ്ധ ഹിന്ദുമത സിദ്ധാന്തങ്ങളുടെ’ പ്രചാരണത്തിന് ഊന്നല്‍ നല്‍കിയിരുന്നതായി ചൂണ്ടിക്കാണിച്ചു. അങ്ങനെ, കേരളത്തില്‍ വിഭാഗീയതയുടെ വിത്ത് പാകാനുള്ള മുഖ്യമന്ത്രിയുടെ ശ്രമത്തെ, ഗുരുവിന്റെ യഥാര്‍ത്ഥ ദര്‍ശനങ്ങളും പ്രബോധനങ്ങളും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ശ്രീനാരായണ പ്രസ്ഥാനത്തിന്റെ നേതൃത്വം ശക്തിയുക്തമായി എതിര്‍ത്തു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ (മാര്‍ക്സിസ്റ്റ്) പ്രചാരണ യന്ത്രം, പലപ്പോഴും ഭരണകൂട സംവിധാനങ്ങളുടെ പിന്‍ബലത്തോടുകൂടി, ശ്രീനാരായണഗുരു സനാതനധര്‍മ്മത്തെ എതിര്‍ത്തിരുന്നു എന്ന തെറ്റായ വിവരണം ആവര്‍ത്തിച്ച് പ്രചരിപ്പിച്ചു. വാസ്തവത്തില്‍, സാമൂഹിക അസമത്വങ്ങള്‍, തൊട്ടുകൂടായ്മ, ജാതീയത എന്നിവയാല്‍ സനാതനധര്‍മ്മം അധഃപതിച്ചുകൊണ്ടിരുന്ന ഒരു കാലഘട്ടത്തില്‍, കേരളത്തില്‍ ഹൈന്ദവ നവോത്ഥാനത്തിന്റെ മാര്‍ഗദര്‍ശിയായി ഉദയം ചെയ്തത് ശ്രീനാരായണഗുരുവാണ്. അദ്ദേഹത്തിന്റെ സാഹിത്യ കൃതികള്‍ സനാതനധര്‍മ്മത്തില്‍ ആഴത്തില്‍ വേരൂന്നിയതും പരമശിവന്‍, ഗണപതി, കാര്‍ത്തികേയന്‍, കാളി മാതാ, ദുര്‍ഗ്ഗാ മാതാ എന്നീ ദേവീദേവന്മാര്‍ക്ക് സമര്‍പ്പിക്കപ്പെട്ടവയുമാണ്.
ആത്മോപദേശശതകം, അദ്വൈതദീപിക, ദര്‍ശനമാല, ഈശാവാസ്യ ഉപനിഷത്ത് (വിവര്‍ത്തനം) എന്നിവ ഉള്‍പ്പെടെയുള്ള ഗുരുവിന്റെ ഏറ്റവും വലിയ സംഭാവനകള്‍, ആദിശങ്കരനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടുള്ള അദ്വൈത തത്ത്വചിന്തയുടെയും വേദാന്തത്തിന്റെയും അഗാധമായ വിവരണങ്ങളായിരുന്നു. അദ്ദേഹത്തെ സനാതനധര്‍മ്മത്തിന്റെ ശത്രുവായി മുദ്രകുത്തുന്നത് അജ്ഞതയും മതഭ്രാന്തും കൊണ്ട് മാത്രമാണ്. അടുത്ത കാലത്ത് തുടങ്ങിയ ഇത്തരം വികലമായ ചിത്രീകരണം ശ്രീനാരായണഗുരുവിനെ ഇ.വി. രാമസ്വാമി നായ്ക്കര്‍ മുതലായവരുമായി കോര്‍ത്തിണക്കാനുള്ള ഒരു ശ്രമമാണ്. സ്റ്റാലിന്‍, പിണറായി വിജയന്‍ എന്നിവര്‍ മുന്‍നിരയിലുള്ള ഇന്‍ഡി (കചഉക) സഖ്യവും അതിന്റെ അനുബന്ധ സംഘടനകളും നയിക്കുന്ന വിഭജന അജണ്ടയുടെ ഭാഗമാണിത്. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ സമൂഹത്തെ തകര്‍ക്കുക എന്നതാണ് അവരുടെ തന്ത്രം.
കേരളത്തിലെ ഹിന്ദുക്കള്‍ക്കിടയില്‍, പ്രത്യേകിച്ച് അവരുടെ ഐക്യബോധം പ്രകടമായി ശക്തിപ്പെടുന്ന ഈ സമയത്ത്, അനാവശ്യ വിവാദങ്ങള്‍ ഇളക്കിവിടാനും ഭിന്നതയുണ്ടാക്കാനുമുള്ള ആഗ്രഹമാണ് കേരള മുഖ്യമന്ത്രിയുടെ ഉദ്ദേശ്യങ്ങള്‍ക്ക് പിന്നിലെന്ന് വേണം കരുതാന്‍.
ശ്രീനാരായണഗുരുവിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍, ഇടതുപക്ഷം ബ്രാഹ്മണമതമായി ഇപ്പോള്‍ അവതരിപ്പിക്കുന്ന സനാതനധര്‍മ്മത്തിന്റെ വക്താവും പുനഃസ്ഥാപകനും ആയിരുന്നു അദ്ദേഹം എന്ന് വ്യക്തമാകും. അദ്ദേഹത്തിന്റെ പ്രശസ്ത ഗ്രന്ഥമായ ‘ശ്രീനാരായണ സ്മൃതി’, വേദങ്ങളെ അടിസ്ഥാനമാക്കി ഗുരുദേവന്‍ ക്രോഡീകരിച്ച ആധുനിക കാലത്തെ കൃതി, അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളെ അസന്ദിഗ്ധമായി അടിവരയിടുന്നു. ജാതിവ്യവസ്ഥയുടെ ഉന്മൂലനം, വേദങ്ങളുടെ പരമോന്നത സ്ഥാനം, മനുസ്മൃതിയെ നവീകരിക്കാനുള്ള ശ്രമങ്ങള്‍, പഞ്ചമഹായജ്ഞങ്ങള്‍ പോലുള്ള വൈദിക ആചാരങ്ങളുടെ പ്രോത്സാഹനം എന്നിവ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ ‘സത്യാര്‍ത്ഥ പ്രകാശ’വുമായി ഈ കൃതിക്ക് സാമ്യമുണ്ട്.
സനാതനധര്‍മ്മത്തിന്റെ വിമര്‍ശകര്‍, ഗുരുദേവനെ വേദങ്ങള്‍ക്കും അതിന്റെ തത്ത്വങ്ങള്‍ക്കും എതിരായി ചിത്രീകരിക്കാന്‍ അത്യധികം ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. പക്ഷെ അവരുടെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന ഒരു തെളിവും – അത് അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ നിന്നോ എഴുത്തുകളില്‍ നിന്നോ – കണ്ടുപിടിച്ചു അവതരിപ്പിക്കുന്നതില്‍ അവര്‍ തീര്‍ത്തും പരാജയപ്പെട്ടുകൊണ്ടിരിക്കുന്നതായാണ് നാം കാണുന്നത്. വാസ്തവത്തില്‍, വേദങ്ങള്‍ക്കോ സനാതനധര്‍മ്മത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കോ എതിരായി അദ്ദേഹം സംസാരിച്ചതായോ അല്ലെങ്കില്‍ എഴുതിയതായോ ഒരു രേഖകളും നിലവിലില്ല.
നേരെമറിച്ച്, ഗുരുദേവന്റെ ശ്രമങ്ങള്‍ പ്രാദേശിക മതസമൂഹങ്ങളെ സനാതനധര്‍മ്മത്തിന്റെ വിശാലമായ മടിത്തട്ടിലേക്ക് സമന്വയിപ്പിക്കുന്നതിനും സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ ജീവിതത്തിലേക്ക് വൈദിക ആചാരങ്ങള്‍ പ്രചരിപ്പിക്കുന്നതിനുമായിരുന്നു. 1925-ല്‍ ആര്യസമാജ ഗുരു സ്വാമി ശ്രദ്ധാനന്ദയുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ച ഈ സന്ദര്‍ഭത്തില്‍ പ്രത്യേകം ശ്രദ്ധേയമാണ്.
അവരുടെ ആശയവിനിമയത്തിനിടയില്‍, ഗുരുദേവന്‍ ഒരു വേദസ്തുതിയുടെ ശൈലിയില്‍ ‘ഹോമമന്ത്രം’ എന്നറിയപ്പെടുന്ന ഒരു മന്ത്രം രചിക്കുകയും, തന്റെ ശിവഗിരി മഠത്തില്‍ നടന്ന അഗ്‌നിഹോത്ര ചടങ്ങുകളില്‍ അത് ഉള്‍പ്പെടുത്താന്‍ ആര്യസമാജ സന്ന്യാസിമാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. 1924-ല്‍ ആലുവയിലെ തന്റെ അദ്വൈതാശ്രമത്തില്‍ നടന്ന സര്‍വമത സമ്മേളനത്തില്‍ മഹര്‍ഷി ദയാനന്ദ എല്ലാ മതനേതാക്കള്‍ക്കും പിന്തുടരാന്‍ ഒരു മാനദണ്ഡത്തിനു രൂപ കല്പന നല്‍കിയിട്ടുണ്ടെന്ന് ഉല്ലേഖനം ചെയ്തിരുന്നു. അദ്ദേഹം തന്റെ പ്രസംഗങ്ങളിലും സംഭാഷണങ്ങളിലും മഹര്‍ഷി ദയാനന്ദയോടുള്ള ആദരവ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ശ്രീനാരായണ സ്മൃതിയിലേക്ക് തിരിയുമ്പോള്‍, ഗുരുദേവനെതിരെ പിണറായി വിജയന്‍ ഉന്നയിക്കുന്ന എല്ലാ ആരോപണങ്ങളെയും പൊളിച്ചെഴുതാന്‍ അതിലെ ഒരു വാചകം മാത്രം മതി. സനാതനധര്‍മ്മത്തോടും അതിന്റെ കാലാതീതമായ മൂല്യങ്ങളോടുമുള്ള ഗുരുദേവന്റെ അചഞ്ചലമായ സമര്‍പ്പണത്തിന്റെ അഗാധമായ സ്ഥിരീകരണമായി ഇത് നിലകൊള്ളുന്നു. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം’, ‘എല്ലാ മതങ്ങളുടെയും സാരാംശം ഒന്നുതന്നെയാണ്’ എന്നീ ശ്രീനാരായണഗുരുവിന്റെ പ്രസിദ്ധ പാഠങ്ങളെ പിണറായി വിജയന്‍ തെറ്റായി ചിത്രീകരിച്ച് ഗുരുവിന് ഒരു മതവുമായും ബന്ധമില്ലെന്ന് വാദിച്ചു. എന്നാല്‍ ഈ പാഠങ്ങള്‍ പുതിയതല്ലെന്നും ഭഗവാന്‍ കൃഷ്ണന്‍ ഭഗവദ്ഗീതയില്‍ പറഞ്ഞ വാക്കുകളുമായി സാദൃശ്യമുള്ളവയാണെന്നും ഗുരുദേവന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്: ‘മമ വര്‍ത്മാനുവര്‍ത്തന്തേ മനുഷ്യാഃപാര്‍ത്ഥ സര്‍വശാഃ’ (പാര്‍ത്ഥ, എല്ലാവരും അറിഞ്ഞോ അറിയാതെയോ എന്റെ പാത പിന്തുടരുന്നു), ഈ വാക്യം സനാതന ധര്‍മ്മത്തിന്റെ അടിത്തറയാണ്.
‘ഒരു ജാതി, ഒരു മതം, ഒരു ദൈവം’ എന്ന ആശയം ഉള്‍ക്കൊള്ളുന്ന മതമാണ് സനാതന ധര്‍മ്മമെന്ന് പള്ളാത്തുരുത്തിയില്‍ എസ്.എന്‍.ഡി.പി.യുടെ 25-ാം വാര്‍ഷികാഘോഷത്തില്‍ നടത്തിയ പ്രസംഗത്തില്‍ ഗുരുദേവന്‍ വിശദീകരിച്ചതായി കാണാം. പിണറായിയുടെ ദുര്‍വ്യാഖ്യാനത്തിന് വിരുദ്ധമായ സനാതനധര്‍മ്മത്തിന്റെ അടിസ്ഥാന തത്വങ്ങളുമായി അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ അസന്ദിഗ്ധമായി ബന്ധിപ്പിക്കുന്നു.
ശ്രീനാരായണഗുരു ആശ്രമധര്‍മ്മത്തെ എതിര്‍ത്തിരുന്നതായും പിണറായി വിജയന്‍ അവകാശപ്പെട്ടു. ഗുരുവിന്റെ ശ്രീനാരായണ സ്മൃതിയില്‍, ആശ്രമധര്‍മ്മം അനുഷ്ഠിക്കേണ്ടതിന്റെ പ്രാധാന്യം പഠിപ്പിക്കുന്നതിന് നീക്കിവച്ചിരിക്കുന്ന നാല് അധ്യായങ്ങള്‍ അദ്ദേഹം വായിക്കുന്നത് നന്നായിരിക്കും. പഞ്ചമഹായജ്ഞങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന ഈ അധ്യായങ്ങളിലൊന്നില്‍, അനിവാര്യമായ വൈദിക ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരുന്നതില്‍ പരാജയപ്പെടുന്നവരെ കാത്തിരിക്കുന്ന ആത്മീയ തകര്‍ച്ചയെക്കുറിച്ച് ഗുരുദേവന്‍ മനുഷ്യരാശിക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
സനാതനധര്‍മ്മമല്ലെങ്കില്‍ ഇതിനെ മറ്റെന്തു വിളിക്കും? ശ്രീനാരായണ സ്മൃതിയിലെ ഉപദേശങ്ങള്‍ സനാതനധര്‍മ്മത്തിന്റെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നില്ലെന്ന് പിണറായി ഇപ്പോഴും വിശ്വസിക്കുന്നുവെങ്കില്‍, എന്തുകൊണ്ടാണ് അദ്ദേഹം അത് ഉള്‍ക്കൊള്ളാന്‍ തന്റെ അനുയായികളെ പ്രോത്സാഹിപ്പിക്കാത്തത്? എന്തുകൊണ്ടാണ് അദ്ദേഹം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ അത് ഉള്‍പ്പെടുത്താന്‍ ശ്രമിക്കാത്തത്? മാര്‍ത്താണ്ഡവര്‍മ്മ രാജാവ് പഴയ തിരുവിതാംകൂറില്‍ ‘വര്‍ഗീയ’ ധര്‍മ്മ രാഷ്ട്രം സ്ഥാപിച്ചുവെന്നും പിണറായി കുറ്റപ്പെടുത്തി. പിണറായിക്കുള്ള നിശിത മറുപടിയെന്നപോലെ ശ്രീനാരായണ സ്മൃതി ആരംഭിക്കുന്നത് കേരളത്തെ ധര്‍മ്മരാജ്യമായും ധര്‍മ്മ സംസ്ഥാനമായും പ്രകീര്‍ത്തിച്ചുകൊണ്ടാണ്.
ദ്രാവിഡ ശൈലിയിലുള്ള സനാതനധര്‍മ്മവിരുദ്ധ പ്രസ്ഥാനം കേരളത്തില്‍ പ്രചരിപ്പിക്കാന്‍ സി.പി.ഐ.(എം) നടത്തുന്ന പരിശ്രമങ്ങളുടെ ഭാഗമാണ് ഈ പരസ്പരവിരുദ്ധമായ പ്രസ്താവനകളും നഗ്‌നമായ നുണകളും കെട്ടിച്ചമച്ച അവകാശവാദങ്ങളും. എങ്കിലും, ശ്രീനാരായണ ഗുരുവിനെ രാമസാമി നായ്ക്കരുടെ (ഇ.വി.ആര്‍.) കേരള തുല്യനായി പുനരാഖ്യാനം ചെയ്യാന്‍ കഴിയുമെന്ന് അവര്‍ വിശ്വസിക്കുന്നുവെങ്കില്‍ അവര്‍ സ്വയം വഞ്ചിക്കുകയാണ്.
ശ്രീനാരായണ സംഘടനകളുടെ നേതൃത്വത്തില്‍ സനാതന ധര്‍മ്മത്തിന്റെ ആഗോള പ്രസ്ഥാനമാണ് ഗുരുദേവന്‍ യഥാര്‍ത്ഥത്തില്‍ വിഭാവനം ചെയ്തത്. ‘ശ്രീനാരായണ സ്മൃതി’ ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ പ്രശസ്ത കൃതികള്‍ ആ ദര്‍ശനത്തിന് സാക്ഷ്യം വഹിക്കുന്നു. അദ്ദേഹം ഒരിക്കല്‍ പറഞ്ഞു, ”സനാതന ധര്‍മ്മത്തിന്റെ തത്വങ്ങള്‍ വിശ്വസിക്കുന്ന എല്ലാവരുമായും സാധ്യമായ സമന്വയവും സഹകരണവും പര്യവേക്ഷണം ചെയ്യുന്നത് സംഘടനയ്ക്ക് (ശ്രീനാരായണ പ്രസ്ഥാനത്തിന്) പ്രയോജനകരമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.” (ശ്രീനാരായണഗുരു വൈഖരി).
ഈ പശ്ചാത്തലത്തില്‍ ശ്രീനാരായണഗുരുവിനെ മുന്‍കാലങ്ങളില്‍ കമ്മ്യൂണിസ്റ്റുകാര്‍ എങ്ങനെ കണ്ടിരുന്നുവെന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. സി.പി.ഐ. (എം)ന്റെ മുന്‍ ജനറല്‍ സെക്രട്ടറിയും സൈദ്ധാന്തികനുമായ ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട്, ശ്രീനാരായണ ഗുരുവിനെയും അദ്ദേഹത്തിന്റെ സനാതനധര്‍മ്മ പ്രസ്ഥാനത്തെയും ബൂര്‍ഷ്വാ ആദര്‍ശങ്ങളല്ലാതെ മറ്റൊന്നുമല്ലെന്ന് പലപ്പോഴും അവഹേളിച്ചു. ‘നാരായണഗുരു-ഇന്ന്’ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍, ഇ.എം.എസ്. ഗുരുവിന്റെ ഉപദേശങ്ങള്‍ അപ്രസക്തമാണെന്നു പറഞ്ഞു തള്ളിക്കളഞ്ഞു, ‘സ്വാമിയുടെ സന്ദേശങ്ങള്‍ കൊണ്ട് മാത്രം ഇന്നത്തെ കേരളത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.’ അദ്ദേഹത്തെ ‘ഗുരുദേവ്’ എന്ന് അഭിസംബോധന ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയും ശ്രീനാരായണ പ്രസ്ഥാനത്തിന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി അണിനിരക്കുന്നതിലൂടെ മാത്രമേ അതിന്റെ പ്രസക്തി നിലനിര്‍ത്താനാകൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടത് ശ്രദ്ധേയമാണ്.
1950-കളിലെ ഇ.എം.എസി ന്റെ വീക്ഷണം ഗുരുദേവന്റെ ഉപദേശങ്ങളിലെ ആഴമേറിയ സനാതനധര്‍മ്മ വേരുകളെ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നുവെന്നതിന് അടിവരയിടുന്നു, അത് ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിന് പകരം വയ്ക്കാന്‍ അദ്ദേഹം ശ്രമിച്ചു. ഗുരുവിന്റെ സൃഷ്ടിയുടെ ആത്മീയവും ദാര്‍ശനികവുമായ അടിത്തറയെ ആദരിക്കുന്നതിനുപകരം, രാഷ്ട്രീയ ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണത്തിനായി ഗുരുവിന്റെ പൈതൃകത്തെ പുനര്‍വ്യാഖ്യാനിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇത് വെളിപ്പെടുത്തുന്നത്.
പിണറായി വിജയന്‍ ശ്രീനാരായണഗുരുവിനോടുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുമ്പോള്‍, തികച്ചും വൈരുദ്ധ്യം വെളിപ്പെടുത്തുന്ന അനാദരവുള്ള പ്രവര്‍ത്തനങ്ങളുടെ പരമ്പരയെ ആര്‍ക്കും കാണാതിരിക്കാനാവില്ല. 2023-ല്‍ കണ്ണൂര്‍ ശ്രീനാരായണ കോളേജില്‍ ഗുരുദേവ പ്രാര്‍ഥനയ്ക്കിടെ വേദിയിലും സദസ്സിലുമുള്ള എല്ലാവരും ആദരവോടെ എഴുന്നേറ്റു നിന്നപ്പോള്‍ അദ്ദേഹം എഴുന്നേറ്റു നില്‍ക്കാന്‍ വിസമ്മതിച്ചു. കൂടാതെ, ശ്രീനാരായണ ഗുരുവിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ തീരുമാനിച്ച ഒരു എം.എല്‍.എ.യെ അദ്ദേഹം പരസ്യമായി പരിഹസിച്ചു.
കമ്മ്യൂണിസ്റ്റ് നേതാക്കള്‍ അദ്ദേഹത്തിന്റെ പൈതൃകത്തോട് കാണിക്കുന്ന അവഗണനയുടെ ഉദാഹരണങ്ങള്‍ പോലെ തന്നെ കേരളത്തില്‍ ഹിന്ദു ഐക്യം വളര്‍ത്തിയെടുക്കുന്നതിന് ഗുരു നല്‍കിയ സംഭാവനകളുടെ പട്ടികയും വളരെ വലുതാണ്. ഈ പ്രകോപനങ്ങളും അത്തരം വിഭജന പ്രചാരണങ്ങളോടുള്ള ശക്തമായ എതിര്‍പ്പുകളും ഉണ്ടായിരുന്നിട്ടും, ഹിന്ദു ദേവതകള്‍, വേദങ്ങള്‍, ദാര്‍ശനിക ഉപദേശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഗുരുദേവന്റെ അഗാധമായ കൃതികളിലേക്ക് ആഴത്തില്‍ കടക്കാനുള്ള ക്ഷണമായാണ് കേരളത്തിലെ ജനങ്ങള്‍ ഈ വിവാദങ്ങളെ പലപ്പോഴും കാണുന്നത്.
വിരോധാഭാസമെന്നു പറയട്ടെ, ഇടതുപക്ഷ വിഭാഗങ്ങള്‍ പ്രചരിപ്പിക്കുന്ന രാഷ്ട്രീയ പ്രേരിതവും ദീര്‍ഘവീക്ഷണമില്ലാത്തതുമായ ഈ വിവാദങ്ങള്‍ അവര്‍ക്കുതന്നെ തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്. ശ്രീനാരായണഗുരുവിന്റെ കാലാതീതമായ ഉപദേശങ്ങളെക്കുറിച്ചും ദര്‍ശനങ്ങളെക്കുറിച്ചും കൂടുതല്‍ മനസ്സിലാക്കാനും വിലമതിക്കാനും പ്രചോദനം നല്‍കിക്കൊണ്ട് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഹിന്ദു ഐക്യം ശക്തിപ്പെടുത്താന്‍ അവ തീര്‍ച്ചയായും സഹായിക്കും എന്നതില്‍ സംശയമില്ല.
(പ്രജ്ഞാപ്രവാഹിന്റെ ദേശീയ സംയോജകനാണ് ലേഖകന്‍)
കടപ്പാട് :- ഓര്‍ഗനൈസര്‍ വാരിക.
വിവര്‍ത്തനം :- കെ.പ്രഭാകരന്‍.