സാഹിത്യ അക്കാദമിയുടെ സ്വന്തം പ്രസിദ്ധീകരണമായ സാഹിത്യ ചക്രവാളം ഇത്തവണ മുകുന്ദന്‍ പതിപ്പാണ്. മയ്യഴിയുടെ അന്‍പതാണ്ട് പ്രമാണിച്ചാണ് ഈ പതിപ്പ് ഇറക്കിയതെന്നു തോന്നുന്നു. ‘മയ്യഴി പുഴയുടെ തീരങ്ങളില്‍’ എന്ന അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് എന്നെപ്പോലുള്ള വായനക്കാരെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. കൃതി പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍ ഞാന്‍ തീരെ ചെറിയകുട്ടിയായിരുന്നു. ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ് നോവല്‍ വായിക്കുന്നത്. ആ പ്രായത്തില്‍ പോലും മനസ്സില്‍ അസ്വസ്ഥതയുണ്ടാക്കാന്‍ മുകുന്ദന്റെ നോവലിനു കഴിഞ്ഞു. പില്‍ക്കാലത്ത് നിരൂപകരൊന്നടങ്കം ഓ.വി. വിജയന്റെ ഖസാക്കിനും ആനന്ദിന്റെ ആള്‍ക്കൂട്ടത്തിനും പിറകെ പോയതിനാല്‍ ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ അവഗണിക്കപ്പെട്ടു. വിജയന്റെ നോവലിലെ ഭാഷയ്ക്കപ്പുറം അന്നും ഇന്നും ആ കൃതി എന്നില്‍ വലിയ കൗതുകമെന്നും ഉണര്‍ത്തിയിട്ടില്ല. ഗുരുസാഗരം മാത്രമാണ് വായനയെ കുറച്ചെങ്കിലും ഉത്തേജിപ്പിച്ചത്. ധര്‍മ്മപുരാണം, മധുരംഗായതി ഒന്നും എന്തെങ്കിലും മേന്മയുള്ള കൃതികളായി തോന്നിയതേയില്ല. എന്നാല്‍ മുകുന്ദന്‍ അങ്ങനെയായിരുന്നില്ല. അദ്ദേഹം മയ്യഴിയില്‍ നിന്നും മുകളിലേയ്ക്ക് വളരുകയായിരുന്നു പിന്നെ എത്രയോ ശ്രദ്ധേയമായ കൃതികള്‍ രചിച്ചു.
നിരൂപകര്‍ എന്തുകൊണ്ടോ മുകുന്ദനെ അവഗണിക്കുകയായിരുന്നു. ചില അഭിപ്രായങ്ങള്‍ രൂപീകരിക്കപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ അതുമാറ്റിയെഴുതുക എളുപ്പമല്ല. കാര്യമായ സാഹിത്യസംഭാവനകളൊന്നും നല്‍കാത്ത പലരേയും മഹാപ്രതിഭാശാലികളായി കേരളം കൊട്ടിഘോഷിക്കുന്നുണ്ട്. ഒരിക്കല്‍ ആഘോഷിക്കപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ ആരുവിചാരിച്ചാലും അത്തരം ബിംബങ്ങളെ ഉടച്ചുകളയാനാവില്ല. അതു സമൂഹത്തിന്റെ ജൈവഘടനയുടെ ഭാഗമാണ്. വലിയ ഒരളവുവരെ നമ്മുടെ സാംസ്‌കാരികജീവിതം ഒരുതരം ഗിമ്മിക്കാണ്. ചില പ്രത്യേക കാലങ്ങളില്‍ സമൂഹത്തിന്റെ സാംസ്‌കാരിക ഇടങ്ങളില്‍ വലിയ ഒരു വിടവ് സംജാതമാകും. ആ വിടവ് നികത്താന്‍ ഒരു രചനയെ പ്രതീക്ഷിച്ച് സമൂഹം നിലകൊള്ളുമ്പോള്‍ എത്തുന്ന കൃതി പെട്ടെന്ന് ആഘോഷിക്കപ്പെടും. അങ്ങനെ ആഘോഷിക്കപ്പെടുന്ന രചനകള്‍ എത്രമോശം കൃതികളാണെങ്കിലും മഹത്തെന്ന് കൊണ്ടാടപ്പെടും. അത്തരം വിടവുകളിലെത്തുന്ന ഭാഗ്യവാന്മാര്‍ സാംസ്‌കാരിക നായകന്മാരായി വാഴ്ത്തപ്പെടും.
നിരന്തരം എഴുതി മഹത്വം ആര്‍ജ്ജിച്ച യഥാര്‍ത്ഥ പ്രതിഭകളെപ്പോലും പിന്‍തള്ളി ചില ഭാഗ്യവാന്മാര്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ കയറിയിരിക്കുന്നത് പലപ്പോഴും കാണാറുണ്ട്. തകഴി, ദേവ്, പൊറ്റക്കാട്, ഉറൂബ്, മുകുന്ദന്‍, ആനന്ദ്, വിലാസിനി, വി.കെ.എന്‍ തുടങ്ങിയവരൊക്കെ നിരന്തരപരിശ്രമത്തിലൂടെ നമ്മുടെ സംസ്‌കാര മണ്ഡലത്തെ സമ്പന്നമാക്കിയപ്പോള്‍ വൈക്കം മുഹമ്മദ് ബഷീര്‍, മാധവിക്കുട്ടി എന്നിവരൊക്കെ പെട്ടെന്ന് വന്ന് ചില്ലറ പൊടിക്കൈകള്‍കൊണ്ട് വലിയ എഴുത്തുകാരോടൊപ്പം സ്ഥാനം പിടിച്ചു പറ്റിയവരാണ്. ചില തുറന്നെഴുത്തുകള്‍ മാത്രമാണ് അവരുടെ സാംസ്‌കാരിക സംഭാവനകള്‍. അതിനപ്പുറം വലിയ പ്രതിഭാവിലാസം ഇവരില്‍ കാണാനില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ഇവര്‍ വലിയ ബിംബവല്‍ക്കരണത്തിനു വിധേയരായിക്കഴിഞ്ഞതിനാല്‍ എതിരഭിപ്രായങ്ങള്‍ സ്വീകരിക്കപ്പെടില്ല എന്നതാണു വസ്തുത. വിജയന് ഒരു ഖസാക്കും മാധവിക്കുട്ടിക്ക് ‘നെയ്പായസം, പക്ഷിയുടെ മണം തുടങ്ങിയ രണ്ടു മൂന്നു ചെറുകഥകളെങ്കിലുമുണ്ട്. എന്നാല്‍ ബഷീറിന് എടുത്തുപറയത്തക്ക ഒരു കൃതിയും ഇല്ല എന്നതാണു യാഥാര്‍ത്ഥ്യം.
ജനുവരി ലക്കം ഭാഷാപോഷിണിയില്‍ 7 കവിതകളുണ്ട്. അതില്‍ ആദ്യകവിത കെ.ആര്‍. ടോണിയുടെ ‘ജിജി’ പ്രസിദ്ധീകരിച്ച പത്രാധിപരെ എന്നെന്നേയ്ക്കുമായി ഭാഷാപോഷിണി വിലക്കേണ്ടിയിരിക്കുന്നു. ഇങ്ങനെയൊരു കവിതയെഴുതി ഭാഷയെത്തന്നെ അപമാനിച്ച ആ കവിയോട് മലയാളം ഒരിക്കലും പൊറുക്കന്‍ സാധ്യതയില്ല. ജിജിയെന്ന വാക്കുകൊണ്ട് 58 വരികള്‍ നിറച്ചിരിക്കുന്ന ഈ കവിയുടെ ഉളുപ്പില്ലായ്മ സമ്മതിക്കപ്പെടേണ്ടതാണ്. 65 തവണയോ മറ്റോ ജിജിയെന്ന വാക്കു കവിതയില്‍ ഉപയോഗിച്ചിട്ടുണ്ട്. കവിതയിങ്ങനെ അവസാനിക്കുന്നു. ജിജിയിവിടെ ജിജിയവിടെ ജിജിയൊഴിവുതല്ലിവിടെ ജിജിയൊഴിഞ്ഞാരിവിടെ ജിജിയൊഴിഞ്ഞെന്തിവിടെ ജിജിയവിടെ ജിജിയിവിടെ ജിജിയിവിടെ ജിജിയവിടെ. കവിതയില്‍ വിഭവ ദാരിദ്ര്യം ഇത്രമാത്രമുണ്ടെന്ന് കെ.ആര്‍.ടോണിയുടെ കവിതവായിച്ചപ്പോഴാണ് മനസ്സിലായത് ആരാണാവോ ഈ ജിജി? ആര്‍ക്കറിയാം.
സുനീഷ് കൃഷ്ണന്റെ ഭാഷാപോഷിണി കവിത ‘ചുരം’ ടോണിയുടേതില്‍ നിന്നും നേരേ വിപരീതമാണ്. അത് ഭ്രമാത്മകമെങ്കിലും ഗദ്യമെങ്കിലും മനോഹരമായ കവിതയാണ്. ‘എന്റെ കുഞ്ഞിന്റെ പ്രാണന്‍ ഒന്‍പതാം വളവില്‍ നിന്നു കയറും’ എന്ന് വായിക്കുമ്പോള്‍ കവി സൂചിപ്പിക്കുന്നതുപോലെ ‘സ്റ്റേറ്റ് ബസ്’ മാത്രമല്ല നമ്മുടെ മനസ്സും വിറച്ചുപോകും. കെ.ആര്‍.ടോണി എന്ന കവി സുനീഷ് കൃഷ്ണന്റെ ചുരം എന്ന കവിത ഒന്നു വായിച്ചുനോക്കുന്നതു നല്ലതായിരിക്കും. എങ്ങനെ വ്യത്യസ്തമായ ചില ഇതിവൃത്തങ്ങളെ കവിതയിലവതരിപ്പിക്കാമെന്ന് അദ്ദേഹത്തിന് ഈ കവിതയില്‍ നിന്നും മനസ്സിലാകും. പി.എ. നാസിമുദീന്റെ ഭക്ഷണ കവിതകളും പുതുമയുള്ളതുതന്നെ; വലിയ ആവിഷ്‌ക്കാരഭംഗിയൊന്നുമില്ലെങ്കിലും പുതിയ ചില നിരീക്ഷണങ്ങളുണ്ട്. കഞ്ഞിയെക്കുറിച്ച് കവി എഴുതുന്നത് ഒരു വലിയനേരാണ് ”തവിയിട്ട് കോരിക്കുടിക്കുമ്പോള്‍ നാടിന്റെ വേരുകളില്‍ ചെന്നു മുട്ടുംപോലെ’ എന്നു കവി എഴുതുമ്പോള്‍ പ്ലാവിലക്കുമ്പിള്‍ കൂട്ടി കഞ്ഞികുടിച്ച ആ പഴയകാലത്തേയ്ക്ക് നമ്മള്‍ യാത്രയാകും. റസ്റ്ററന്റ് എന്ന കവിതയില്‍ കുഞ്ഞബ്ദുള്ള, വി.കെ. എന്‍ എന്നീ ഭക്ഷണപ്രിയന്മാരെ അവതരിപ്പിച്ചിരിക്കുന്നതും ഭംഗിയായി. പരലോകത്തെ റസ്റ്ററന്റില്‍ വച്ചാണ് ഈ രണ്ടു കഥാകാരന്മാര്‍ കണ്ടുമുട്ടുന്നത്.
ബ്രിട്ടനും അമേരിക്കയും പ്രൊട്ടസ്റ്റന്റുകള്‍ക്കു ഭൂരിപക്ഷമുള്ള ക്രിസ്ത്യന്‍ ഭൂരിപക്ഷരാജ്യങ്ങളാണ്. കത്തോലിക്കരും ജനസംഖ്യയില്‍ നിര്‍ണ്ണായക വിഭാഗമാണ്. ഹിറ്റ്‌ലറും ഒരു പ്രൊട്ടസ്റ്റന്റ് വിശ്വാസിയായിരുന്നു. താന്‍ കത്തോലിക്കനോ പ്രൊട്ടസ്റ്റന്റോ അല്ലെന്ന് ഭംഗിവാക്കു പറയുമായിരുന്നെങ്കിലും നാസിഭരണാധിപന്‍ മാര്‍ട്ടിന്‍ലൂഥറുടെ ആരാധകനായിരുന്ന കടുത്തപ്രൊട്ടസ്റ്റന്റ് വിശ്വാസിയായിരുന്നു. തന്റെ പ്രൊട്ടസ്റ്റന്റ് ഭ്രാന്താണ് ഹിറ്റ്‌ലറെ ജൂതന്മാര്‍ക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത്. പ്രൊട്ടസ്റ്റന്റുകള്‍ക്കു പ്രാമുഖ്യമുള്ള രാജ്യങ്ങളായിരുന്നാലും പ്രൊട്ടസ്റ്റന്റ് ഫണ്ടമെന്റലിസ്റ്റായിരുന്ന ഹിറ്റ്‌ലറോടൊപ്പം അമേരിക്കയും ബ്രിട്ടനും ചേര്‍ന്നില്ല. അങ്ങനെ ചേര്‍ന്നിരുന്നുവെങ്കില്‍ ലോകത്തിന്റെ സ്ഥിതി ഭീകരമാകുമായിരുന്നു. നൊബേല്‍സമ്മാനം നേടിയ ജര്‍മ്മന്‍ എഴുത്തുകാരനും ജൂതനുമായിരുന്ന തോമസ്മാന്‍ (Tomas Mann) ബിബിസി റേഡിയോയിലൂടെ ഇങ്ങനെ പറഞ്ഞു”The war is horrible, But it has the advantage of keeping Hitler from making speech about Culture” പ്രൊട്ടസ്റ്റന്റുകളുടെ രാജ്യത്തിരുന്നുകൊണ്ടാണ് ജൂതനായ കടുത്ത പ്രൊട്ടസ്റ്റന്റ് മതഭ്രാന്തനായിരുന്ന ഹിറ്റ്‌ലര്‍ക്കെതിരെ പ്രഭാഷണം നടത്തിയത്. തോമസ് മന്നിനെക്കുറിച്ചും അദ്ദേഹത്തിന്റെ രചനകളെക്കുറിച്ചും ഭാഷാപോഷിണിയില്‍ ഒരു ലേഖനം ഫസല്‍ റഹ്മാന്‍ എഴുതിയിരിക്കുന്നു. തോമസ് മന്നിന്റെ ഇന്ത്യന്‍ പശ്ചാത്തലത്തിലെഴുതിയ മാറ്റിവച്ച തലകള്‍ (Transpose Heads) എന്ന നോവല്‍ മാത്രമേ എനിക്ക് സമ്പൂര്‍ണ്ണമായി വായിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. എന്നാല്‍ വലിയ നോവലുകളായ ബൂഡന്‍ ബ്രൂക്‌സ്, മാജിക് മൗണ്ടന്‍ എന്നിവയെക്കുറിച്ച് ധാരാളം വായിച്ചിട്ടുണ്ട്. കൃതികള്‍ നേരിട്ടു വായിക്കാന്‍ ഇതുവരേയ്ക്കും കഴിഞ്ഞിട്ടില്ലാത്തതിനാല്‍ അവയെക്കുറിച്ച് ഒരു അഭിപ്രായം പറയാന്‍ വയ്യ. മനസ്സിലാക്കാന്‍ കഴിഞ്ഞിടത്തോളം ആ കൃതികള്‍ വലിയ തത്വചിന്താപരമായ ഉള്ളടക്കം ഉള്ളവയാണ്. മാറ്റിവച്ച തലകള്‍ക്ക് മലയാളം പരിഭാഷയുള്ളതിനാല്‍ പലരും വായിച്ചിട്ടുണ്ടാകുമെന്നതിനാല്‍ ഉള്ളടക്കം പറയുന്നില്ല.
മാറ്റിവച്ച തലകളുടെ ഉള്ളടക്കം ഒരിന്ത്യന്‍ നാടോടിക്കഥയെ ആസ്പദമാക്കിയുള്ളതാണെന്നു പറയപ്പെടുന്നു. കഥാപാത്രങ്ങള്‍ക്ക് ശ്രീദാമന്‍, നന്ദ, സീത, കാമദമനന്‍ എന്നൊക്കെയാണ് പേരുകള്‍. ആ ചെറിയ നോവലില്‍ത്തന്നെ വലിയ ചില ദാര്‍ശനിക സമസ്യകളാണ് ചര്‍ച്ച ചെയ്യുന്നത്. തോമസ് മന്നിനെപ്പോലെയുള്ള ഒരു നോവലിസ്റ്റ് നമുക്കില്ല. പ്രാചീന ഭാരത തത്വചിന്തയെ നോവലിന് ഇതിവൃത്തമാക്കാന്‍ മാടമ്പ് കുഞ്ഞിക്കുട്ടനും വൈക്കം ചന്ദ്രശേഖരന്‍ നായരുമൊക്കെ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ അവരെ വേണ്ടത്ര അംഗീകരിക്കാന്‍ കേരള സമൂഹം തയ്യാറായിട്ടില്ല. തത്വചിന്തയെ ആഴത്തില്‍ സമീപിക്കുന്ന കൃതികള്‍ നമുക്കില്ല എന്നുവേണം പറയാന്‍. ഉണ്ടാകാത്തതിനു പ്രധാനകാരണം അത്തരം കൃതികളെ ഗൗരവമായെടുക്കുന്ന വായനാസമൂഹം ഇവിടെയില്ലാത്തതുകൊണ്ടാണ്.
കാല്‍ക്കുലസിന്റെ (Calculus) ആരംഭം കേരളത്തിലാണെന്ന് ഡോക്ടര്‍ ഉണ്ണികൃഷ്ണന്‍ തെക്കേപ്പാട്ട് ഭാഷാപോഷിണിയില്‍ എഴുതിയിരിക്കുന്നു. എത്രമലയാളികള്‍ക്ക് ഇക്കാര്യം അറിയാം. നീലകണ്ഠ സോമയാജിപ്പാടിനെയും അദ്ദേഹത്തിന്റെ ശിഷ്യനായ സംഗമഗ്രാമ മാധവനേയും കേരളീയരില്‍ എത്രപേര്‍ക്ക് പരിചയമുണ്ടാവും. മലയാളത്തിലെഴുതപ്പെട്ട് പിന്നീട് സംസ്‌കൃതത്തിലേക്ക് മൊഴിമാറ്റം നടത്തിയ ‘യുക്തിഭാഷ’ എന്ന ഗണിത ഗ്രന്ഥത്തെ ഏതെങ്കിലും ഗണിത വിദ്യാഭ്യാസ പദ്ധതിയില്‍ പാഠപുസ്തകമായി ഉള്‍പ്പെടുത്തുന്നുണ്ടോ? ലോകത്തിന്റെ നെറുകയില്‍ കേരളത്തെ പ്രതിഷ്ഠിക്കാന്‍ കഴിയുന്ന ഇത്തരം സംഗതികളെ വേണ്ടത്ര ഗൗരവത്തോടെ നമ്മള്‍ ഇതുവരേയ്ക്കും ഏറ്റെടുത്തിട്ടില്ല എന്നതാണു യാഥാര്‍ത്ഥ്യം. ഈ ലേഖനവും സമഗ്രമാണെന്നു പറയാനാവില്ല. ലേഖകന്‍ പ്രസ്തുത കൃതികള്‍ നേരിട്ടു പഠിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല ഉള്ളൂരും മറ്റും കേരള സാഹിത്യ ചരിത്രത്തില്‍ ഈ ഗണിതജ്ഞന്മാരെക്കുറിച്ചു പറയുന്നുണ്ട്. ഇതുപോലെ ഒറ്റപ്പെട്ട ലേഖനങ്ങളും പലയിടത്തും കണ്ടിട്ടുണ്ട്. അതുമതിയോ? ഗണിതശാസ്ത്രത്തിന്റെ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെങ്കിലും ഈ കൃതികളെക്കുറിച്ച് വേണ്ടത്ര അറിവുനേടേണ്ടതല്ലേ. നമ്മുടെ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ കുറച്ചുകാര്യങ്ങളെങ്കിലും ഉള്‍പ്പെടുത്തേണ്ടതല്ലേ. ഗണിതശാസ്ത്രം സാധാരണക്കാര്‍ക്കു വഴങ്ങാത്ത ഒന്നാകയാല്‍ ജനങ്ങള്‍ മുഴുവന്‍ ഇക്കാര്യം തിരിച്ചറിയണം എന്നു ശഠിക്കാന്‍ പറ്റില്ല. ഗണിതജ്ഞരെങ്കിലും അറിയണം.
റീന പി.ജി. പച്ചക്കുതിരയുടെ ജനുവരി ലക്കത്തില്‍ എഴുതിയിരിക്കുന്ന കഥയാണ് ചൂണ്ടക്കാരിത്തി’. ചൂണ്ടയിട്ടു മീന്‍ പിടിക്കുന്ന മറിയയെന്ന താന്തോന്നിപ്പെണ്ണിന്റെ കഥയിലൂടെ സ്ത്രീ മനസ്സിന്റെ ചില നിഗൂഢ വഴികളെ തുറന്നു കാണിക്കാന്‍ കഥാകാരി ശ്രമിക്കുന്നു. കള്ളു ചെത്തുകാരന്‍ ആന്റപ്പനും മീന്‍കറിയും തെറിയും നാടന്‍ പാട്ടും ഒക്കെ നിറഞ്ഞ കഥ പ്രത്യേകിച്ച് ആനന്ദമൊന്നും പകരുന്നില്ലെങ്കിലും ഒറ്റപ്പെട്ടുപോയ ഒരു പെണ്ണിന്റെ ആത്മഹത്യയുടെ കവാടങ്ങള്‍ തുറന്നു തരാന്‍ പര്യാപ്തമാണ്. നേര്‍വായനയ്ക്കപ്പുറം ചിലതുകൂടി പറയാന്‍ കാഥിക ആഗ്രഹിക്കുന്നുണ്ട്. അത് ഒളിപ്പിച്ചു പറഞ്ഞ് എഴുത്തുകാരി സംതൃപ്തിയടയുന്നു.
പച്ചക്കുതിരയിലെ സജിന്റെ കവിത ‘ക്ലാരിനെറ്റ് തെമ്മി’ റീന പി.ജിയുടെ കവിതയുടെ രണ്ടാം ഭാഗമാണോയെന്നു തോന്നിപ്പോകും. ഏകദേശം കഥപോലെയൊക്കെതന്നെയാണ് സജിന്‍ പി.ജെയുടെ കവിതയുടെ എഴുത്തും. കഥയില്‍ ചൂണ്ടക്കാരത്തി മറിയയാണെങ്കില്‍ കവിതയില്‍ ക്ലാര്‍ നെറ്റ് തൊമ്മി എന്നൊരു വ്യത്യാസമേയുള്ളൂ കവിതയെ കഥയില്‍ നിന്നും വേര്‍തിരിക്കുന്ന ഒന്നും കവിതയുടെ ഭാഷാരീതിയിലുമില്ല. ഗദ്യത്തിലെഴുതുന്നു എന്നതുകൊണ്ട് കവിതയ്ക്ക് കഥപോലെ നിലനില്‍ക്കാനാവുമോ? ഗദ്യത്തിലായാലും പദ്യത്തിലായാലും കവിതയ്ക്ക് കൂടുതല്‍ സാന്ദ്രതയുള്ള ഭാഷയുണ്ടായേ പറ്റൂ. കഥപോലെയങ്ങു നീട്ടിപ്പരത്തിയെഴുതാന്‍ പറ്റില്ല. സജിന്‍ പി.ജെയുടെ കവിതയില്‍. കവിതയെ കഥയില്‍ നിന്നുംവ്യതിരിക്തമാക്കാന്‍ പോന്ന ഒന്നും കാണാനില്ല. അതുകൊണ്ടു തന്നെ അതിനെ കവിതയെന്നു വിളിക്കാനും വയ്യ.
പച്ചക്കുതിരയില്‍ രാജന്‍ സി.എച്ച് എഴുതിയ കവിത ‘സെല്‍ഫിയാകും സെല്‍ഫ്’ നല്ല നിരീക്ഷണങ്ങള്‍ അടങ്ങിയ ഒരു ഗദ്യകവനമാണ്. എന്നാല്‍ അതൊന്നും പുതുമയുള്ളതാണെന്ന് പറയാന്‍ കഴിയില്ല. അഹംബോധം തന്നെയാണ് മനുഷ്യനെ നിലനിര്‍ത്തുന്നത്. അത് നഷ്ടപ്പെട്ടാല്‍ മനുഷ്യന് നിലനില്‍ക്കാനാവില്ല. നിസ്വാര്‍ത്ഥത എന്നൊക്കെ പറയാറുണ്ടെങ്കിലും പലപ്പോഴും നിസ്വാര്‍ത്ഥതയ്ക്കു പിറകിലും ഒരു സ്വാര്‍തഥതയുണ്ടാവും. മറ്റുള്ളവര്‍ക്കു വേണ്ടിയോ രാജ്യത്തിനുവേണ്ടിയോ ഒക്കെ ജീവിച്ച പലരുടെയും ത്യാഗത്തിനു പിറകിലും തന്റെ യശസ്സ് ശാശ്വതമായി നിലനില്‍ക്കണമെന്ന സ്വാര്‍ത്ഥതയുണ്ടാവാം. ഭഗത്‌സിങ്ങിനെക്കുറിച്ച് അക്കാലത്തെ സഹപ്രവര്‍ത്തകര്‍ പറഞ്ഞതായി വായിച്ച ഒരു കാര്യം രാജ്യത്തിന്റെ സ്വാതന്ത്ര്യം, അതിനുവേണ്ടിയുള്ള ചിട്ടയായ പ്രവര്‍ത്തനം എന്നിവയിലൊന്നും അദ്ദേഹത്തിനു താല്പര്യമില്ലായിരുന്നു. പകരം എത്രയും പെട്ടെന്ന് രക്തസാക്ഷിയായി ശാശ്വതയശസ്സ് കൈവരിക്കണമെന്ന തിടുക്കം ഭഗത്തിന്റെ പ്രവര്‍ത്തനത്തിലുടനീളം ഉണ്ടായിരുന്നുവെന്നാണ്. ഈ മനോഭാവവും തിടുക്കവുമാണ് പെട്ടെന്ന് പോലീസില്‍ അകപ്പെടാനും വധശിക്ഷയ്ക്കു വിധേയനാകാനും കാരണമെന്നാണ്. ഇതിന് മറുപുറവും ഉണ്ടാകാം. തന്റെ രക്തസാക്ഷിത്വം പുതിയ തലമുറയെ ഉത്തേജിപ്പിച്ച് സ്വാതന്ത്ര്യസമരത്തിലേയ്ക്ക് ആകര്‍ഷിക്കട്ടെ എന്ന ചിന്തയും ഉണ്ടായിരുന്നിരിക്കാം. മനുഷ്യന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കു പിറകിലും സ്വാര്‍ത്ഥയുടെ ഒരംശം ഉണ്ടാകും എന്നത് സത്യം.