ശ്രീഗുരുജിയുടെ ചിന്തകള്‍ വാസ്തവത്തില്‍ ദാര്‍ശനികങ്ങളായിരുന്നു. രാഷ്ട്രജീവിതത്തിന്റെ ഏറെക്കുറെ എല്ലാവശങ്ങളെയും കുറിച്ച് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയിരുന്നു. നമ്മുടെ രാഷ്ട്രത്തിന്റെ രാജനീതി, സാമൂഹ്യചിന്തകള്‍, അര്‍ത്ഥനീതി മുതലായ അനേകം വിഷയങ്ങളെ സംബന്ധിച്ചുള്ള തന്റെ മൗലികമായ ചിന്തകള്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ശ്രീഗുരുജിയുടെ ചിന്തകളുടെ സവിശേഷത നമുക്ക് ഇപ്രകാരം ക്രോഡീകരിക്കാനാകും:
1. അദ്ദേഹത്തിന്റെ ചിന്തകള്‍ എപ്പോഴും സമഗ്രമായിരുന്നു.
2. അദ്ദേഹത്തിന്റെ ചിന്തകളുടെ അടിസ്ഥാനം ശാശ്വതവും സനാതനവുമായിരുന്നതിനാല്‍ സത്യമായിരുന്നു.
3. അദ്ദേഹത്തിന്റെ ചിന്തകള്‍ ആദ്ധ്യാത്മികതയില്‍ അധിഷ്ഠിതമായിരുന്നു.
4. അദ്ദേഹം ചിന്തിച്ചത് ഹിന്ദുസമാജത്തെ കുറിച്ചായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ചിന്തകള്‍ക്ക് വൈശ്വിക മാനം ഉണ്ടായിരുന്നു. അതായത്, സമ്പൂര്‍ണ മാനവരാശിയെ സംബന്ധിക്കുന്നതു കൂടിയായിരുന്നു അദ്ദേഹത്തിന്റെ ചിന്തകള്‍. അനുഭൂതിയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം തന്റെ ചിന്തകള്‍ വ്യക്തമാക്കിയിരുന്നത് എന്നതിനാല്‍ അദ്ദേഹം ഒരിക്കലും പൊളളയായ വാക്കുകള്‍ ഉപയോഗിക്കുകയോ, ശുഷ്‌ക്കമായ തര്‍ക്കവാദങ്ങള്‍ ഉന്നയിക്കുകയോ, പ്രതിപക്ഷവാദങ്ങളെ ഖണ്ഡിക്കുന്നതില്‍ ആനന്ദം കണ്ടെത്തുകയോ ചെയ്തിരുന്നില്ല.
സത്യമായ കാര്യങ്ങള്‍ ഭയമോ വൈരമോ കൂടാതെ സമാജത്തിന്റെ മുമ്പില്‍ അവതരിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. അതുകൊണ്ട്, അദ്ദേഹത്തിന്റെ ഏതൊരു ചിന്തയെക്കുറിച്ചും പഠിക്കുമ്പോള്‍ ഈ സവിശേഷതകളെക്കുറിച്ച് ഓര്‍ക്കേണ്ടത് അനിവാര്യമാണ്; സാമാജിക സമരസതയെ സംബന്ധിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍, നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച് വിലയിരുത്തുമ്പോഴും ഇത് അനുപേക്ഷണീയമാണ്.
ശ്രീഗുരുജിയുടെ ജീവിതയജ്ഞം ”ഇത് ഹിന്ദുരാഷ്ട്രമാണ്” എന്ന മന്ത്രത്തിന്റെ വിസ്തൃതമായ പ്രകടീകരണമായിരുന്നു. ഭാരതം ഹിന്ദുരാഷ്ട്രമാണ്. ഹിന്ദുസമാജം ഈ രാഷ്ട്രത്തിന്റെ പുത്രരൂപത്തിലുള്ള സമാജമാണ്. ഹിന്ദുസമാജം പുരോഗമിക്കുമ്പോള്‍ ഈ രാഷ്ട്രവും പുരോഗമിക്കും, ഈ സമാജത്തിന്റെ പതനം ഈ രാഷ്ട്രത്തിന്റെ പതനത്തിന് കാരണമാകും എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ഹിന്ദുസമാജത്തിന്റെ പതനം കാരണമായാണ് ഈ രാഷ്ട്രത്തിന് പതനം സംഭവിച്ചത്. ഹിന്ദുസമാജത്തിന്റെ പതനത്തിനു കാരണം ആത്മവിസ്മൃതിയും തല്‍ഫലമായുണ്ടായ സ്വാര്‍ത്ഥചിന്തയും അതില്‍ നിന്നുടലെടുത്ത ഭേദഭാവവും, ഭേദഭാവത്തിന്റെ ഫലമായുണ്ടായ വിഘടനചിന്തയും അസംഘടിതാവസ്ഥയുമാണ്.
ഹിന്ദുരാഷ്ട്രത്തിന്റെ ഉത്ഥാനം സാധ്യമാവണമെങ്കില്‍ ഹിന്ദുസമാജത്തിന്റെ ഉത്ഥാനം അനിവാര്യമാണ്. ആത്മഗ്ലാനിയകറ്റാന്‍ ആത്മബോധം ഉണര്‍ത്തേണ്ടിവരും. സ്വാര്‍ത്ഥചിന്തയുടെ സ്ഥാനത്ത് നിസ്വാര്‍ത്ഥഭാവം വളര്‍ത്തേണ്ടി വരും. എല്ലാ ഭേദഭാവങ്ങളും അകറ്റി ഏകാത്മതയുടെ ഭാവം ഉണര്‍ത്തി ഏകാത്മവും ഏകരസവും സമരസവുമായ ഹിന്ദുസമാജത്തെ സൃഷ്ടിക്കണം എന്നതായിരുന്നു ശ്രീഗുരുജിയുടെ കാഴ്ചപ്പാട്. മഹത്തായ ഈ ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തിന് വേണ്ടിയാണ് രാഷ്ട്രീയ സ്വയംസേവക സംഘം ജന്മമെടുത്തത്. ഈ ലക്ഷ്യപ്രാപ്തിക്കു വേണ്ടിയുള്ള സാധനയനുഷ്ഠിക്കാനുള്ള ഉപാധിയാണ് സംഘശാഖ. അതുകൊണ്ടാണ് ശാഖയുടെ കാര്യത്തില്‍ അദ്ദേഹം തന്റെ ശ്രദ്ധ പൂര്‍ണമായും കേന്ദ്രീകരിച്ചത്. ഈ മാധ്യമത്തിലൂടെയാണ് തന്റെ ജീവിതത്തിന്റെ അവസാന നിമിഷം വരെ ഹിന്ദു സമാജത്തെ സംഘടിപ്പിക്കുവാനും രാഷ്ട്രോത്ഥാനത്തിനു വേണ്ടിയുമുള്ള സാധന അനുഷ്ഠിച്ചത്. തന്റെ ഈ സാധനാ കാലത്ത് ശ്രീഗുരുജി, ആദര്‍ശ സമാജത്തിന്റെ ലക്ഷണങ്ങള്‍, വര്‍ണവ്യവസ്ഥ, ജാതിവ്യവസ്ഥ, അസ്പൃശ്യത, വനവാസി സഹോദരങ്ങളുടെ അവസ്ഥ, സമാജത്തെ ധാരണം ചെയ്യുന്നതില്‍ ധര്‍മ്മത്തിനുള്ള പങ്ക്, സമാജത്തെ ഉന്നമനത്തിലേക്ക് നയിക്കുന്നവരില്‍ ധര്‍മ്മാചാര്യന്മാരുടെ പങ്ക്, ജാതിവ്യത്യാസവും രാജനീതിയും, ഭേദങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ഉപായം, ദരിദ്രനാരായണനെ ഉപാസിക്കല്‍ മുതലായ വിഷയങ്ങളെ സംബന്ധിച്ചുള്ള തന്റെ കാഴ്ചപ്പാട് സ്പഷ്ടമായ വാക്കുകളില്‍ സമാജത്തിന്റെ മുമ്പാകെ വൃക്തമാക്കിയിട്ടുണ്ട്. ഈ കാര്യങ്ങളെ സംക്ഷിപ്തമായി അവതരിപ്പിക്കാനുള്ള ശ്രമമാണിത്.
ആദര്‍ശസമാജത്തിന്റെ സൃഷ്ടി
ഒരു ആദര്‍ശ സമാജത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള തങ്ങളുടെ സങ്കല്പം അനേകം തത്വചിന്തകരും, സാമൂഹ്യശാസ്ത്രജ്ഞരും, മനീഷികളും മുന്നോട്ടു വെച്ചിട്ടുണ്ട്. ആധുനിക കാലത്ത് കാള്‍ മാര്‍ക്‌സ് സമത്വത്തിലധിഷ്ഠിതവും, ചൂഷണമുക്തവും ഭരണകൂടരഹിതവുമായ തന്റെ സമാജ സങ്കല്പം ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ചിട്ടുണ്ട്. മഹാത്മാഗാന്ധിജി അഹിംസയിലും സത്യത്തിലും അധിഷ്ഠിതമായ ഒരു സര്‍വോദയ സമൂഹത്തെയാണ് സ്വപ്‌നം കണ്ടിരുന്നത്. ബാബാ സാഹബ് അംബേദ്കറാകട്ടെ, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, സാമൂഹ്യനീതി എന്നിവയില്‍ അധിഷ്ഠിതമായ സമൂഹത്തെയാണ് വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ ശ്രീഗുരുജി ഇത്തരം കാല്പനികമായ ആദര്‍ശ സമൂഹത്തെയല്ല അവതരിപ്പിച്ചത്. മറിച്ച്, നമ്മുടെ ഏറ്റവും പ്രാചീനമായ ചരിത്രത്തിന്റെ കണ്ണാടിയിലേക്ക് നോക്കിയാണ് ശ്രേഷ്ഠമായ സമാജത്തിന്റെ വാസ്തവികമായ ചിത്രം വരച്ചു കാട്ടിയത്.
അദ്ദേഹം പറയുന്നു: ”നമ്മുടെ ഹിന്ദുസംസ്‌കാരം, സമൂഹത്തെ കുറിച്ച് ഏതുതരത്തിലുള്ള ചിത്രമാണ് മുന്നോട്ട് വെച്ചത്? ഈ ചോദ്യത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മുടെ മുമ്പില്‍ തെളിഞ്ഞു വരുന്ന ചിത്രം കാണുമ്പോള്‍ നമ്മുടെ സാമൂഹ്യജീവിതത്തിന്റെ ഭാവമനുസരിച്ചാണ് യുഗത്തെ കുറിച്ചുള്ള സങ്കല്പം മുമ്പോട്ടു വെച്ചിട്ടുള്ളതെന്ന് കാണാം. സത്യയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവയാണവ. ഇവയോരോന്നിലും സമാജത്തിന്റെ സവിശേഷമായ അവസ്ഥയാണ് നമുക്ക് കാണാനാവുന്നത്. സത്യയുഗത്തില്‍ എല്ലാവരും സമന്മാരായിരുന്നു. സമ്പത്തും എല്ലാവരുടെയും പൊതുവായതായിരുന്നതുകൊണ്ട്, ആവശ്യകതക്കനുസരിച്ച് എടുത്ത് എല്ലാവരും സുഖമായി ജീവിച്ചുപോന്നു. ധര്‍മ്മം അതിന്റെ നാലംഗങ്ങളോടെ പൂര്‍ണരൂപത്തില്‍ സമാജത്തില്‍ വ്യാപിച്ചിരുന്നു. സമാജത്തെ ധരിക്കുന്നതും ഐഹികവും പാരത്രികവുമായ സുഖം പ്രദാനം ചെയ്യുകയും ചെയ്യുന്ന ശക്തിയെയാണ് ധര്‍മ്മമെന്ന സംജ്ഞകൊണ്ട് വിശേഷിപ്പിക്കുന്നത്. അഖണ്ഡമണ്ഡലാകാരമായ പ്രപഞ്ചത്തിന് ഏകാത്മതയുടെ സാക്ഷാത്കാരം നേടിക്കൊടുക്കുന്ന ധര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ വ്യക്തിയും തന്റെ പ്രകൃതിയെ അറിഞ്ഞുകൊണ്ട് മറ്റുള്ളവരുടെ സുഖത്തിനായി പ്രവര്‍ത്തിച്ചിരുന്നു. ഭരണകൂടം ഇല്ലാതിരുന്നിട്ടുകൂടി കേവല ധര്‍മ്മം കാരണം ജനങ്ങള്‍ പരസ്പരം ആക്രമിക്കുകയോ സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയോ ചെയ്തിരുന്നില്ല. സമസ്ത ചരാചരങ്ങളുമായും ഏകാത്മത അനുഭവിച്ചിരുന്നതിനാല്‍ യാതൊരു വിധത്തിലുള്ള ബാഹ്യനിയന്ത്രണം ഇല്ലാതിരുന്നിട്ടും മനുഷ്യന്‍ ”നായം ഹന്തി ന ഹന്യതേ” (ആരും കൊല്ലുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നില്ല) എന്ന ഭാവമനുസരിച്ച് പൂര്‍ണമായും ശാന്തിയുക്തമായാണ് പെരുമാറിയിരുന്നത്. ഇതാണ് സത്യയുഗത്തെക്കുറിച്ചുള്ള സങ്കല്പം (ശ്രീഗുരുജി സമഗ്ര: വാല്യം 2, പുറം 95).
ഇപ്പോഴത്തെ സാമൂഹിക വ്യാഖ്യാനത്തിന്റെ ഭാഷയില്‍ പറയുകയാണെങ്കില്‍ ഈ വ്യവസ്ഥിതിയില്‍ എല്ലാവരും സമന്മാരാണെന്നും, എല്ലാ ജനങ്ങള്‍ക്കുമിടയില്‍ സാഹോദര്യഭാവം നിലനിന്നിരുന്നുവെന്നും, ആരും അനീതിയെ നേരിടേണ്ടി വന്നിരുന്നില്ലെന്നും, സമാജത്തിലെ സ്ത്രീ-പുരുഷന്മാര്‍ സാര്‍വത്രികമായി സമരസത അനുഭവിച്ചിരുന്നുവെന്നും കരുതാം.
മനുഷ്യയോനിയില്‍ ജന്മമെടുത്തു എന്ന കാരണത്താല്‍ എല്ലാ മനുഷ്യരും മനുഷ്യനെന്ന വിശേഷണത്തിന്റെ പശ്ചാത്തലത്തില്‍ സമന്മാരാണ് എങ്കിലും ഒരുപോലെയായിരിക്കില്ല. ചിലര്‍ ജന്മനാ ബുദ്ധിമാന്മാരായിരിക്കും, മറ്റ് ചിലര്‍ ബുദ്ധി കുറഞ്ഞവരായിരിക്കും, ചിലവരുടെ നിറം വെളുപ്പാണെങ്കില്‍, മറ്റ് ചിലരുടെ നിറം കറുപ്പായിരിക്കും, ചിലര്‍ ഉയരം കൂടിയവരാണെങ്കില്‍, മറ്റ് ചിലര്‍ ഉയരം കുറഞ്ഞവരായിരിക്കും. മാത്രമല്ല, സ്വഭാവത്തിലും ഗുണങ്ങളിലും വ്യത്യാസമുണ്ടാകും. മനുഷ്യരുടെ ഗുണങ്ങളിലും ക്ഷമതയിലും പ്രകൃതിജന്യമായ വ്യത്യാസങ്ങള്‍ ഉണ്ടാകും എന്നാണ് ഇതിന്നര്‍ത്ഥം. എന്നാല്‍ ശ്രീ ഗുരുജി ഇതിനെ അസമാനതയായി കരുതിയിരുന്നില്ല. ഏകമായ ചൈതന്യത്തിന്റെ വ്യത്യസ്തതയാര്‍ന്ന ആവിഷ്‌ക്കാരമാണിത് എന്നാണദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ ”ആത്മാവിന്റെ ആധാരമാണ് യഥാര്‍ത്ഥമായ ആധാരം. കാരണം, ആത്മാവ് സമമാണ്, എല്ലാവരിലും ഒരേ തരത്തില്‍ അത് സമാനമായി അഭിവ്യക്തമാണ്. എല്ലാവരിലും കുടികൊള്ളുന്ന ചൈതന്യം ഒന്നുതന്നെയാണ് എന്ന പൂര്‍ണതയുടെ ആധാരത്തില്‍ മാത്രമേ സ്‌നേഹപൂര്‍ണമായ പെരുമാറ്റം, വ്യക്തിയെ പരമാത്മാവിന്റെ അംഗമായി കരുതി നിതാന്തമായ സ്‌നേഹം, പ്രപഞ്ചത്തെ പരമേശ്വരന്റെ തനിരൂപമായി കണക്കാക്കി വിശുദ്ധമായ സ്‌നേഹം എന്നതാണ് ആ അവസ്ഥ” (ശ്രീഗുരുജി സമഗ്ര: വാല്യം 2, പുറം 98). ഇവിടെ ശ്രീഗുരുജി സമരസമായ സമാജ ജീവിതത്തിന്റെ ശ്രേഷ്ഠമായ ഒരു ദാര്‍ശനിക അടിസ്ഥാനം അവതരിപ്പിക്കുന്നു.
പ്രകൃതി സൃഷ്ടിച്ച അസമത്വത്തെ വിവേചനമെന്ന് കണക്കാക്കുന്നത്, അസമാനതയായി കാണുന്നത് തെറ്റാണ്. ഇതിനെ കൂടുതല്‍ വ്യക്തമാക്കുന്നതിന് വൃക്ഷത്തിന്റെ ഉദാഹരണം നല്‍കിക്കൊണ്ട് അദ്ദേഹം പറയുന്നു: ”ഉദാഹരണത്തിന് നമുക്ക് ഒരു വൃക്ഷത്തെയെടുക്കാം. അതിന്റെ ശാഖകള്‍, ഇലകള്‍, പൂക്കള്‍, ഫലങ്ങള്‍ എല്ലാം പരസ്പരം തികച്ചും ഭിന്നങ്ങളാണ്. എന്നാല്‍ നാം കാണുന്ന ഈ വൈവിധ്യങ്ങളെല്ലാം ആ വൃക്ഷത്തിന്റെ തന്നെ പലതരത്തിലുള്ള അഭിവ്യക്തിയാണെന്ന് നമുക്കറിയാം. സഹസ്രാബ്ദങ്ങളിലൂടെ വികസിച്ചുവന്ന നമ്മുടെ സാമാജിക ജീവിതത്തിലെ വൈവിധ്യങ്ങളുടെ വിഷയത്തിലും നാം കാണുന്നത് ഇതേ കാര്യമാണ് (അഖില ഭാരതീയ ജില്ലാ പ്രചാരക് വര്‍ഗ്, സിന്ദി, വിദര്‍ഭ -1954).
ആദര്‍ശ സമാജം എങ്ങനെ നിര്‍മ്മിക്കാം
യുഗത്തിന്റെ നിര്‍വചനമനുസരിച്ച് പറഞ്ഞാല്‍ നാം ജീവിക്കുന്നത് കലിയുഗത്തിലാണ്. ഈര്‍ഷ്യ, സ്പര്‍ദ്ധ, ദ്വേഷം, അവിശ്വാസം, ഭോഗലാലസത എന്നിവയെല്ലാം ഈ യുഗത്തിന്റെ സവിശേഷതകളാണ്. എല്ലാ തരത്തിലുള്ള അസമത്വം, ചൂഷണം, അനീതി ഇവയെല്ലാം ഈ യുഗത്തിന്റെ മുഖമുദ്രയാണ്. ”സാമ്പത്തിക കാര്യങ്ങള്‍, രാജനീതി, വൈചാരിക വിഷയങ്ങള്‍ മുതലായവയുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ സംഘര്‍ഷത്തിനുവേണ്ടി തയ്യാറെടുക്കുകയാണ്. ആത്മൗപമ്യ (എല്ലാവരിലും കുടികൊള്ളുന്നത് ഒരേ ആത്മചൈതന്യം തന്നെയാണെന്ന ചിന്ത) ബുദ്ധി കുറഞ്ഞിരിക്കുന്നു. ധര്‍മ്മത്തിന്റെ കുറവുമൂലം ഉണ്ടായ ഇപ്പോഴത്തെ ദുഃഖം, ദൈന്യം, അശാന്തി എന്നിവ നിറഞ്ഞതായിത്തീര്‍ന്നിരിക്കുന്നു മുഴുവന്‍ ജീവിതവും (ശ്രീഗുരുജി സമഗ്ര: വാല്യം 2, പുറം 95).
ആദര്‍ശസമാജം എന്ന് വെറുതെ ഉരുവിട്ടതുകൊണ്ടൊന്നും ആദര്‍ശ സമാജം ഉണ്ടാവില്ല. നിരന്തരം കഷ്ടപ്പാടുകളെ നേരിട്ടുകൊണ്ടു മാത്രമേ ആ ലക്ഷ്യം നേടാനാകൂ. അതിന് ശ്രീഗുരുജി നിര്‍ദ്ദേശിച്ച മാര്‍ഗ്ഗങ്ങള്‍ ഇവയാണ്.
1. സമ്പൂര്‍ണ സമാജത്തിലും ഏകാത്മത അനുഭവപ്പെടണം.
2. പൂര്‍ണരൂപത്തിലുള്ള രാഷ്ട്രസേവനം
3. അവനവന്റെ സുഖദുഃഖങ്ങള്‍ മറന്ന് നമ്മുടെ സഹോദരങ്ങള്‍ക്കുവേണ്ടി സര്‍വ്വസമര്‍പ്പണം ചെയ്യുന്ന സ്വഭാവം.
4. ഇതില്‍ നിന്നും സമ്പൂര്‍ണ മാനവസമൂഹവുമായി സമാനമായ സുഖദുഃഖത്തിന്റെ ഭാവമുണരും.
5. ധര്‍മ്മബോധം ഉണര്‍ന്നാല്‍ മാത്രമേ ഇതെല്ലാം സാധ്യമാകൂ.
ഈ മഹത്തായ ലക്ഷ്യത്തെ കുറിച്ചാണ് 33 വര്‍ഷത്തെ സര്‍സംഘചാലകനെന്ന നിലയിലുള്ള തന്റെ സംഘസപര്യയില്‍ ശ്രീഗുരുജി ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്. എല്ലാവരിലും കുടികൊള്ളുന്ന ആത്മചൈതന്യം ഒന്നു തന്നെയാണെന്ന ദൃഷ്ടിയില്‍ എല്ലാവരെയും ഒരുപോലെ കണ്ട് നിരപേക്ഷമായി സമാജത്തിലെ എല്ലാ അംഗപ്രത്യംഗങ്ങളുമായി ഏകാത്മഭാവമുണര്‍ത്താനുള്ള പ്രയത്‌നമാണ് അദ്ദേഹം നിരന്തരം നടത്തിക്കൊണ്ടിരുന്നത്. അദ്ദേഹത്തെ സംബന്ധിച്ച് ‘സമരസത’ കേവലം ഉച്ചരിക്കാനുള്ള വാക്കായിരുന്നില്ല, മറിച്ച് ജീവിത വ്യവഹാരത്തെ സംബന്ധിക്കുന്ന ദര്‍ശനമായിരുന്നു.
ഹിന്ദുസമാജത്തിന്റെ അവസ്ഥ
ഇപ്പോഴത്തെ ഹിന്ദുസമാജം നാല് വര്‍ണങ്ങളായും ആയിരക്കണക്കിന് ജാതികളായും വിഭജിച്ചു കിടക്കുകയാണെന്ന് നമുക്കെല്ലാം അറിയാം. ഹിന്ദു സമാജത്തില്‍ ഏതെങ്കിലും വ്യക്തിയെ തിരിച്ചറിയുന്നത് ഹിന്ദുവെന്നതിലുപരി അയാളുടെ ജാതിയുടെ അടിസ്ഥാനത്തിലാണ്. ഇപ്പോഴത്തെ ജാതിസമ്പ്രദായവും വര്‍ണസമ്പ്രദായവും ജനനവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. അസമത്വമാണതിന്റെ അടിവേര്. തരംതിരിക്കല്‍ അതിന്റെ സവിശേഷതയാണ്. ഒരു ജാതിയില്‍ നിന്ന് മറ്റൊരു ജാതിയിലേക്ക് മാറുക എന്നത് ഏറെക്കുറെ അസാധ്യമാണ്. തരംതിരിക്കുന്ന സംവിധാനമാണെന്നതിനാല്‍ മതപരവും സാമൂഹ്യവും രാജനൈതകികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അധികാരത്തിന്റെ വിഭജനം അസമത്വം സൃഷ്ടിക്കുന്നതാണ്. പല ജാതിയില്‍പ്പെട്ടവരും ജന്മനാ അശുദ്ധരെന്നും അസ്പൃശ്യരെന്നും കരുതപ്പെടുന്നു. ബ്രാഹ്മണ ജാതിയില്‍ പിറന്നവര്‍ ജന്മനാ പവിത്രരെന്ന് പരിഗണിക്കപ്പെടുന്നു. വര്‍ണം, ജാതി, അസ്പൃശ്യത ഇവയെല്ലാം ഹിന്ദുധര്‍മ്മത്തിന്റെ ഭാഗമായി കരുതുന്നു. മതപരമായ അംഗീകാരം ഉള്ളതിനാല്‍ വര്‍ണവും ജാതിയും അസ്പൃശ്യതയും അപരിഹാര്യമെന്ന് കരുതപ്പെടുന്നു. നൂറ്റാണ്ടുകളായി സമൂഹത്തിലെ വലിയൊരു വിഭാഗം ആളുകള്‍ അജ്ഞാനത്തിലും ദാരിദ്ര്യത്തിലും കഴിയുന്നു. ഇതേ കാരണത്താല്‍ സമാജത്തിലെ പല വര്‍ഗ്ഗങ്ങളും ജാതികളും എല്ലാതരത്തിലുമുള്ള പിന്നാക്കാവസ്ഥയില്‍ ജീവിക്കുന്നു. സമരസമായ സമാജത്തിന്റെ സൃഷ്ടിക്ക് അഥവാ സമാജത്തില്‍ സ്ഥിതിസമത്വം നടപ്പാക്കുന്നതിന് ഏറ്റവും വലിയ വിലങ്ങുതടിയായി നില്‍ക്കുന്നത് ഇപ്പോള്‍ നിലനില്‍ക്കുന്ന ജാതിവ്യത്യാസവും വര്‍ണവ്യത്യാസവുമാണ്. വര്‍ണം, ജാതി, അസ്പൃശ്യത എന്നിവയെ സംബന്ധിച്ച് ശ്രീഗുരുജിയുടെ കാഴ്ചപ്പാട് എന്തായിരുന്നു?
വര്‍ണവ്യവസ്ഥ
വിവേചനത്തിലും അസമത്വത്തിലും അധിഷ്ഠിതമായ ചാതുര്‍വര്‍ണ്യത്തിന്റെ പക്ഷക്കാരനാണ് ശ്രീഗുരുജി എന്ന് തെറ്റിദ്ധാരണ പരത്താനുള്ള ശ്രമം ബോധപൂര്‍വ്വം നടക്കുന്നുണ്ട്. ചാതുര്‍വര്‍ണ്യം ഹിന്ദു സമാജത്തില്‍ വീണ്ടും നടപ്പാക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം; സമാജത്തെ നാലു വര്‍ണങ്ങളിലും ആയിരക്കണക്കിന് ജാതികളിലുമായി വിഭജിച്ചു നിര്‍ത്തുക എന്നതാണ് അദ്ദേഹത്തിന്റെ ഉദ്ദേശ്യം. ഇങ്ങനെ പോകുന്നു അവരുടെ വാദഗതി. ഇത്തരം വാദങ്ങള്‍ തികച്ചും വാസ്തവവിരുദ്ധമാണ് എന്നതിനാല്‍ വാസ്തവമെന്താണെന്ന് മനസ്സിലാക്കേണ്ടത് അനിവാര്യമാണ്.
സമാജം ഒരു ജീവല്‍സത്തയാണ് എന്നായിരുന്നു ശ്രീഗുരുജിയുടെ വിശ്വാസം. സ്വയം ഒരു ശാസ്ത്രവിദ്യാര്‍ത്ഥിയായിരുന്ന അദ്ദേഹം ഏകകോശ ജീവിയായ അമീബയുടെ ഉദാഹരണം ചൂണ്ടിക്കാണിക്കുന്നു. ഏകകോശ ജീവിയായ അമീബയുടെ വികാസത്തിലൂടെ ജീവികളുടെ മറ്റ് വര്‍ഗ്ഗങ്ങള്‍ ഉണ്ടാവുകയും വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ അവയ്ക്ക് വിവിധ അവയവങ്ങള്‍ ഉണ്ടാവുകയും ചെയ്തു. അവസാനം മനുഷ്യശരീരം ഉണ്ടായപ്പോള്‍ അത് അനേകം അവയവങ്ങളുടെ സംഘടിതവും അത്യന്തം സങ്കീര്‍ണവുമായ ഒരു യന്ത്രമായിത്തീര്‍ന്നു. (അഖില ഭാരതീയ ജില്ലാ പ്രചാരക് വര്‍ഗ്, സിന്ദി, വിദര്‍ഭ-1948). മനുഷ്യശരീരത്തില്‍ വിവിധ അവയവങ്ങളുണ്ട്. അവയുടെ രൂപവും പ്രവര്‍ത്തനവും വ്യത്യസ്തങ്ങളാണ്. എന്നാല്‍, ഒരവയവവും ശരീരത്തിന്റെ തിന്മക്കുവേണ്ടി പ്രവര്‍ത്തിക്കില്ല. മറിച്ച്, അവയുടെ പ്രവര്‍ത്തനം പരസ്പരപൂരകവും പരസ്പര അനുകൂലവുമായിരിക്കും. ശരീരത്തിന്റെ ഘടനയിലും അതിന്റെ വ്യത്യസ്ത അവയവങ്ങളിലും കുടികൊള്ളുന്ന സാമരസ്യത്തിന്റെ ഭാവം സമാജത്തിലും സൃഷ്ടിക്കാനാവും എന്നായിരുന്നു ഗുരുജിയുടെ വിശ്വാസം.
”സമാജം ഒരു ജീവസ്സുറ്റ ഏകകമാണ്; മനുഷ്യന്‍ ജീവസൃഷ്ടികളിലെ ഏറ്റവും അധികം വികസിച്ച രൂപമാണ്. മനുഷ്യന്റെ ശരീരഘടന ജീവവികാസത്തിന്റെ സര്‍വോത്തമരൂപമാണ്. അതിനാല്‍ ഒരു ജീവസ്സുറ്റ സമാജം സൃഷ്ടിക്കണമെങ്കില്‍ അത് അവന് അനുരൂപമായിരിക്കണം. സമാജരചന ജീവനുള്ള മനുഷ്യന് അനുരൂപമാണെങ്കില്‍, അത് പ്രകൃതിക്ക് അനുകൂലമായിരിക്കും എന്നതുകൊണ്ട് കൂടുതല്‍ ഉപയുക്തമായിരിക്കും (ശ്രീഗുരുജി സമഗ്ര, വാല്യം2, പുറം 125). ജീവനുള്ള മനുഷ്യന് അനുരൂപമായ രീതിയില്‍ സമാജരചന നടത്തുക എന്നത് ജടിലമായ ഒരു പ്രശ്‌നമാണ്. മനുഷ്യന്‍ ഒറ്റക്കാണ്, അയാളുടെ ജീവനോടെയുള്ള സ്വരൂപം നമുക്ക് കാണുവാനാകും, അനുഭവിക്കാനാകും. സമാജമാകട്ടെ മനുഷ്യരുടെ ഒരു സമൂഹമാണ്. സമാജപുരുഷന്‍ എന്ന പേരില്‍ ജീവനുള്ള ഒരു ഏകകത്തെ കാണുകയോ അനുഭവിക്കുകയോ ചെയ്യുന്നത് അത്ര എളുപ്പമായ കാര്യമല്ല. ഇത്തരം അനേകം സമസ്യകള്‍ ഉണ്ടെന്നിരിക്കിലും, സമാജത്തെ ജീവസ്സുറ്റ ഒരു സത്തയാക്കി മാറ്റാന്‍ വേണ്ടിയുള്ള പരിശ്രമം നമ്മുടെ പൂര്‍വ്വികര്‍ നടത്തിയിട്ടുണ്ട്. ഈ കാര്യത്തില്‍ ശ്രീഗുരുജി പറയുന്നത് ഇപ്രകാരമാണ്: ‘സമാനമായ ഗുണങ്ങള്‍, സമാനമായ അന്തഃകരണം എന്നിവയോടു കൂടിയ വ്യക്തികള്‍ ഒരുമിച്ച് വരുകയും വികസിക്കുകയും ചെയ്തുകൊണ്ട് ജീവിതയാപനത്തിന് വേണ്ടി ഏത് മാര്‍ഗ്ഗമാണോ കൂടുതല്‍ ഉപയുക്തമായിട്ടുള്ളത്, അതനുസരിച്ച് മുന്നോട്ടു നീങ്ങുവാന്‍ പാകത്തില്‍ എങ്ങനെ സമാജരചന നിര്‍വ്വഹിക്കാമെന്നതിനെക്കുറിച്ചും നമ്മുടെ പൂര്‍വ്വികര്‍ ചിന്തിച്ചിട്ടുണ്ട്. ജീവനുള്ള മനുഷ്യനെപ്പോലെ ജീവസ്സുറ്റ സമാജസൃഷ്ടിക്കുള്ള ഉപാധിയാണ് ചാതുര്‍വര്‍ണ്യം. ചാതുര്‍വര്‍ണ്യത്തെ നമ്മുടെ സമാജരചനയുടെ സവിശേഷതയായാണ് ശ്രീഗുരുജി കണ്ടത്. ചാതുര്‍വര്‍ണ്യത്തെ അപലപിച്ച് സംസാരിക്കുന്നതും എഴുതുന്നതും ഇപ്പോഴൊരു പരിഷ്‌ക്കാരമായി മാറിയിരിക്കയാണ്. ശ്രീഗുരുജി ഈ ജനകീയവാദപരമായ മാര്‍ഗ്ഗത്തെ സ്വീകരിച്ചിരുന്നില്ല. വിഷയത്തെ ശാസ്ത്രീയമായി ചികിത്സിക്കുന്ന അവസരത്തില്‍ അദ്ദേഹം ഒരിക്കലും ക്ഷമാപണസ്വരം സ്വീകരിച്ചിരുന്നില്ല. ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ഇപ്പോള്‍ കാണിക്കുന്ന ഭേദഭാവത്തെ അദ്ദേഹം കടുത്തഭാഷയില്‍ അപലപിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് ഇപ്രകാരമായിരുന്നു: ”ഈ സാമൂഹ്യവ്യവസ്ഥയുടെ ആദ്യരൂപത്തില്‍ അതിന്റെ ഘടകങ്ങള്‍ക്കിടയില്‍ വലിപ്പച്ചെറുപ്പത്തിന്റെയോ ഉച്ചനീച്ചത്വത്തിന്റെയോ ഭേദഭാവങ്ങള്‍ക്ക് സ്ഥാനമുണ്ടായിരുന്നില്ല.”
(തുടരും)