സ്വാതന്ത്ര്യത്തിനുശേഷം കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടത് പ്രതിപക്ഷ രാഷ്ട്രീയ സംഘടനകളോ നേതാക്കളോ അല്ല. മഹാത്മാഗാന്ധി തന്നെയായിരുന്നു. അക്രമത്തിന്റെയും അരാജകത്വത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും താന്‍പോരിമയുടെയും പ്രസ്ഥാനമായി മാറിയ കോണ്‍ഗ്രസിന്റെ ഭാവിയും പ്രവര്‍ത്തനശൈലിയും സംബന്ധിച്ച് ഗാന്ധിജിക്കുപോലും ആശങ്കയുണ്ടായിരുന്നു. ഗാന്ധിജിയുടെ ആശങ്കകളും സന്ദേഹങ്ങളും ഒരിക്കലും അപ്രസക്തമായില്ല എന്നുമാത്രമല്ല, നൂറുശതമാനം ശരിയാവുകയും ചെയ്തു. ഭാരതത്തിന്റെ ഭരണഘടനയെ ഇരുളിലാഴ്ത്തി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പൗരസ്വാതന്ത്ര്യം നിഷേധിച്ച് നീതിപീഠങ്ങളെ നോക്കുകുത്തിയാക്കി ജനാധിപത്യ സംവിധാനത്തെ അഭിശപ്തമാക്കിയ കോണ്‍ഗ്രസ് കാട്ടിക്കൂട്ടിയ ഓരോ പ്രവൃത്തിയും പഠനവിധേയമാക്കേണ്ടതാണ്. ഇന്ന് കോണ്‍ഗ്രസിനെ നയിക്കുന്ന ദുര്‍ഭഗ ദുശ്ശാസനന്മാരുടെ പ്രവൃത്തിദോഷങ്ങള്‍ ഇന്ദ്രപ്രസ്ഥത്തില്‍ അരങ്ങുതകര്‍ക്കുകയാണ്.
ഒരുപക്ഷേ, ഗാന്ധിജി കോണ്‍ഗ്രസ് പിരിച്ചുവിടാന്‍ ആവശ്യപ്പെട്ടത് തന്റെ തന്നെ സ്വയംകൃതാനര്‍ത്ഥത്തിന് പ്രായശ്ചിത്തവും പരിഹാരവുമായിട്ടായിരിക്കണം. സ്വാതന്ത്ര്യത്തിനുശേഷം ഭാരതത്തിന്റെ പ്രധാനമന്ത്രിയായി രാജ്യത്തെ ആരു നയിക്കണം എന്ന വിഷയത്തില്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളോട് അഭിപ്രായം തേടിയിരുന്നു. 15 കമ്മിറ്റികളില്‍ 12 എണ്ണവും അന്ന് സര്‍ദാര്‍ വല്ലഭഭായി പട്ടേലിനെ തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെ പിന്തുണയ്ക്കാന്‍ ഒറ്റയാള്‍ പോലും ഉണ്ടായിരുന്നില്ല. ആ ജനകീയ ജനാധിപത്യ തീരുമാനത്തെ അട്ടിമറിച്ച് നെഹ്‌റുവിനെ പ്രധാനമന്ത്രിയാക്കിയത് മഹാത്മാഗാന്ധി തന്നെയായിരുന്നു. അത് തെറ്റായിപ്പോയി എന്ന് ഗാന്ധിജിക്ക് തോന്നിയത് കൊണ്ടാവണം കോണ്‍ഗ്രസിനെ പിരിച്ചുവിടാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചത്. ഇക്കാര്യത്തില്‍പോലും കൂടുതല്‍ ആഴത്തിലുള്ള പഠനം അനിവാര്യമാണ്. ഗാന്ധിജിയുടെ വധവുമായി ഈ സംഭവങ്ങള്‍ക്കുള്ള ബന്ധവും പഠനവിധേയമാകേണ്ടതാണ്.
മരണമടഞ്ഞ നേതാക്കളുടെ സ്മാരകശിലകളുടെയോ സ്മൃതികുടീരത്തിന്റെയോ പേരില്‍ തലസ്ഥാനത്ത് പുതിയ പോര്‍മുഖം തുറന്നിരിക്കുകയാണ് കോണ്‍ഗ്രസ്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് സ്മാരകം ഒരുക്കുന്നതില്‍, വൈകുന്നതിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഖേദം. മന്‍മോഹന്‍സിംഗിന് രാഷ്ട്രപതിമാര്‍ക്കും ഉപരാഷ്ട്രപതിമാര്‍ക്കും പ്രധാനമന്ത്രിമാര്‍ക്കും സ്മാരകം ഒരുക്കുന്ന രാഷ്ട്രീയ സ്മൃതി സ്ഥലില്‍ സ്മാരകം ഒരുക്കുമെന്നും ഇതിനായി മൂന്നു സ്ഥലങ്ങള്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് കാട്ടി കൊടുത്തിട്ടുണ്ടെന്നും അവരുടെ നിര്‍ദ്ദേശം കിട്ടിയാല്‍ ഉടന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കേന്ദ്ര നഗരവികസന മന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ അറിയിച്ചിരുന്നു. പക്ഷേ, ഇക്കാര്യത്തില്‍ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകള്‍ മുന്നില്‍കണ്ട് രാഷ്ട്രീയം കളിക്കാനാണ് കോണ്‍ഗ്രസിന്റെയും ചില നേതാക്കളുടെയും ശ്രമം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നടത്തുന്ന ഇരട്ടത്താപ്പും കള്ളത്തരവും പൊളിച്ചു കാണിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാരിനും കഴിഞ്ഞു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
ഭാരതത്തിലെ ഓരോ രാഷ്ട്രീയനേതാക്കളോടും കോണ്‍ഗ്രസ് സര്‍ക്കാര്‍ എങ്ങനെ പെരുമാറി എന്നതിന്റെ ദൃഷ്ടാന്തം കൂടിയാണ് ഇപ്പോഴത്തെ വിവാദങ്ങള്‍. ദല്‍ഹിയില്‍ മരിക്കുന്ന ആദ്യത്തെ മുന്‍പ്രധാനമന്ത്രി അല്ല മന്‍മോഹന്‍ സിംഗ്. 2004 ഡിസംബര്‍ 23ന് രണ്ട് തവണ പ്രധാനമന്ത്രിയും അതിനുമുമ്പ് മന്ത്രിയും മുഖ്യമന്ത്രിയും ഒക്കെയായിരുന്ന പി.വി.നരസിംഹറാവു അന്തരിച്ചിരുന്നു. അന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ആയിരുന്നു. അന്ന് നരസിംഹറാവുവിന്റെ മൃതദേഹം കോണ്‍ഗ്രസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെക്കാന്‍പോലും അനുവാദം ഉണ്ടായില്ല. കോണ്‍ഗ്രസ് ആസ്ഥാനത്തിന്റെ ഗേറ്റ് താഴിട്ട് പൂട്ടിയ നിലയിലായിരുന്നു. ഭാരതം ഭരിച്ച ഒരു മുന്‍ പ്രധാനമന്ത്രിയുടെ മൃതദേഹം സ്വന്തം പാര്‍ട്ടി ആസ്ഥാനത്ത് കയറ്റാതെ വിമാനത്താവളത്തിലേക്ക് അയച്ചു. ജന്മനാട്ടില്‍ സംസ്‌കരിക്കാനായിരുന്നു കോണ്‍ഗ്രസിനെ നയിക്കുകയും അതിന്റെ സര്‍വാധിപതിയായി വിരാജിക്കുകയും ചെയ്ത മദാമ്മ സോണിയയുടെ നിര്‍ദ്ദേശം. മാഡം അഥവാ മദാമ്മയ്ക്ക് ഇഷ്ടമല്ലാത്തതുകൊണ്ട് മാത്രമാണ് നരസിംഹറാവുവിന്റെ മൃതദേഹത്തിന് അര്‍ഹിക്കുന്ന ആദരവ് നല്‍കുകയോ മുന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കുകയോ ചെയ്യാതിരുന്നത്. ആന്ധ്രയില്‍ രാജശേഖര റെഡ്ഡി മുന്‍കൈയെടുത്ത് നടത്തിയ സംസ്‌കാരത്തിനൊടുവില്‍ പകുതി കത്തിയ മൃതദേഹത്തില്‍നിന്ന് ശരീരഭാഗങ്ങള്‍ നായ കടിച്ചോടിയത് വലിയ വിവാദവും വാര്‍ത്തയും ആയതും ചരിത്രം.
2004 ല്‍ അന്തരിച്ച നരസിംഹറാവുവിന് പിന്നീട് 10 വര്‍ഷം ഭരിച്ച കോണ്‍ഗ്രസ് നേതൃത്വം എന്തുകൊണ്ടാണ് സ്മാരകം പോയിട്ട് ഒരു സ്മാരകശില പോലും സ്ഥാപിക്കാതിരുന്നത്? ഇന്ന് മന്‍മോഹന്‍സിംഗിന്റെ പേരില്‍ വിവാദം സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനു മറുപടി പറയാനുള്ള ബാധ്യത മാഡത്തിനും മക്കള്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇല്ലേ? രണ്ടുതവണയും കേന്ദ്രത്തില്‍ മന്ത്രിയായി ഉണ്ടായിരുന്ന മുതിര്‍ന്ന നേതാവ് ഏ.കെ.ആന്റണിക്ക് ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളത്? നരസിംഹറാവുവിന് മാത്രമല്ല, ചൗധരി ചരണ്‍സിംഗിനും പ്രണബ് മുഖര്‍ജിക്കും കര്‍പ്പൂരി താക്കൂറിനും ഒക്കെ ഭാരതരത്‌നം നല്‍കിയത് ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരായിരുന്നു.
ഭരണഘടനാശില്പിയും ഭരണഘടനാ നിര്‍മ്മാണസമിതി അധ്യക്ഷനും ആദ്യ നിയമ മന്ത്രിയും പിന്നാക്ക ജാതിക്കാരനുമായ ബി.ആര്‍.അംബേദ്കര്‍ക്ക് ഭാരതരത്‌നംനല്‍കാന്‍ 1990 വരെ കാത്തിരിക്കേണ്ടി വന്നു. അതിനുമുമ്പുതന്നെ പ്രധാനമന്ത്രിയായിരിക്കെ ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയും ഒക്കെ സ്വയം ഭാരതരത്‌നം നേടിയത് ചരിത്രം. വി.പി.സിംഗ് പുറത്തുവിട്ട മണ്ഡല്‍ കമ്മീഷന്‍ വിവാദത്തില്‍നിന്ന് തലയൂരാനുള്ള ശ്രമമായിരുന്നു അന്ന് വൈകി ഗതികെട്ട് അംബേദ്കര്‍ക്ക് ഭാരതരത്‌നം നല്‍കാനുള്ള തീരുമാനം. അംബേദ്ക്കറെ അപമാനിക്കാനും തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാനും അദ്ദേഹത്തെ രാഷ്ട്രീയമായി ഇല്ലാതാക്കാനും ഒക്കെ ജവഹര്‍ലാല്‍ നെഹ്‌റു നടത്തിയ ശ്രമങ്ങള്‍ ഇന്ന് തെ ളിവുകള്‍സഹിതം പുറത്തു വന്നുകൊണ്ടിരിക്കുന്നു. അംബേദ്കര്‍ പ്രധാനമന്ത്രിയായിരുന്നില്ല എന്ന് വേണമെങ്കില്‍ പറയാം. പക്ഷേ, പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിനും മൊറാര്‍ജി ദേശായിക്കും ചരണ്‍സിംഗിനും ഒന്നും സ്മാരകം ഒരുക്കാന്‍ തയ്യാറാ കാത്ത കോണ്‍ഗ്രസ് എന്തുകൊണ്ടാണ് മന്‍മോഹന്‍സിംഗിന്റെ കാര്യത്തില്‍ മാത്രം തിടുക്കം കൂട്ടുന്നതും പ്രസ്താവനകള്‍ ഇറക്കുന്നതും എന്ന് പരിശോധിച്ചാല്‍ ഇതിന്റെ പിന്നിലെ രാഷ്ട്രീയവും കള്ളക്കളിയും മനസ്സിലാവും.
1975 ല്‍ ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജി ഇന്ത്യ കണ്ട ഏറ്റവും മികച്ച രാഷ്ട്രീയ നേതാക്കളില്‍ ഒരാളായിരുന്നു എന്ന കാര്യത്തില്‍ കോണ്‍ഗ്രസുകാര്‍ക്ക് ഒഴികെ മറ്റാര്‍ക്കും സംശയം ഉണ്ടാകുമെന്ന് തോന്നുന്നില്ല. മന്‍മോഹന്‍സിംഗിന്റെ പേരില്‍ കോണ്‍ഗ്രസ് ബഹളം ഉണ്ടാക്കുന്നതിനിടെയാണ് ആരും അപേക്ഷ നല്‍കാതെ തന്നെ മുന്‍ രാഷ്ട്രപതി കൂടിയായ മുതിര്‍ന്ന നേതാവ് പ്രണബ് മുഖര്‍ജിക്ക് സ്മാരകത്തിന് സ്ഥലം അനുവദിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് വന്നത്. ദല്‍ഹിയില്‍ സ്മാരകം നിര്‍മ്മിക്കാന്‍ സ്ഥലമനുവദിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ പരസ്യമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്തുവന്നു. ജനതാദളിലൂടെ സമാജ്‌വാദി പാര്‍ട്ടി വഴി കോണ്‍ഗ്രസില്‍ എത്തിയ ഡാനിഷ് അലി എന്ന കോണ്‍ഗ്രസ് എം.പി മുഖര്‍ജിയുടെ സ്മാരകത്തിന് സ്ഥലമനുവദിച്ചത് കേന്ദ്രസര്‍ക്കാരിന്റെ വൃത്തികെട്ട രാഷ്ട്രീയ കളിയാണെന്നാണ് ആരോപിച്ചത്. മാത്രമല്ല, മുഖര്‍ജിയുടെ ആര്‍എസ്എസ് സ്‌നേഹത്തിന് ലഭിച്ച സമ്മാനമാണിതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയെ നേരില്‍ സന്ദര്‍ശിച്ച് നന്ദിപറഞ്ഞ പ്രണബ് മുഖര്‍ജിയുടെ മകളും കോണ്‍ഗ്രസ് നേതാവുമായ ശര്‍മ്മിഷ്ഠ മുഖര്‍ജി തന്നെയാണ് കോണ്‍ഗ്രസ് ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞത്. കോണ്‍ഗ്രസിന്റെയും പ്രണബ് മുഖര്‍ജിയുടെയും ചരിത്രം അറിയാത്തവരാണ് ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത് എന്നായിരുന്നു ശര്‍മ്മിഷ്ഠയുടെ പ്രതികരണം. പ്രണബ് മുഖര്‍ജിക്കെതിരെ ഇത്തരം വിലകുറഞ്ഞ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ രാഹുല്‍ ഗാന്ധിയെ പ്രീണിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ രാഹുല്‍ തന്റെ മുന്‍ഗാമികളായ ഇന്ദിരയെയും സോണിയെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയുമാണ് അപമാനിക്കുന്നത്. പ്രണബ് മുഖര്‍ജിക്ക് ആര്‍എസ്എസ് ബന്ധം ഉണ്ടായിരുന്നെങ്കില്‍ അത് ഇന്ദിരാഗാന്ധിക്ക് മനസ്സിലാക്കാന്‍ ആയില്ലേ. സോണിയക്ക് ഇക്കാര്യം അറിയുമായിരുന്നില്ലേ? മുഖര്‍ജി ആര്‍എസ്എസ് ആയിരുന്നെങ്കില്‍ എന്തിനാണ് 45 വര്‍ഷം അദ്ദേഹത്തിന് സുപ്രധാന ചുമതലകള്‍ നല്‍കിയത്. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്ന നേതാക്കള്‍ പാര്‍ട്ടിയുടെ ചരിത്രവും പാര്‍ലമെന്ററി ജനാധിപത്യവും എന്താണെന്ന് അറിയാത്തവരാണ് എന്ന് ശര്‍മ്മിഷ്ഠ കുറ്റപ്പെടുത്തി. വിവിധ രാഷ്ട്രീയ ചിന്താഗതി ഉള്ളവര്‍ തമ്മില്‍ പരസ്പരം ചര്‍ച്ച നടത്തുന്നതും സഹകരിക്കുന്നതും ജനാധിപത്യ സമ്പ്രദായത്തിന്റെ പ്രത്യേകതയാണ്. അത് മനസ്സിലാക്കാത്തവര്‍ ഇത്തരം വിവാദങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും ശര്‍മ്മിഷ്ഠ പറഞ്ഞു.
മുതിര്‍ന്ന നേതാക്കള്‍ക്ക് രാഷ്ട്രീയ പരിഗണന കൂടാതെ അര്‍ഹിക്കുന്ന ആദരവ് നല്‍കുന്ന ബിജെപിയുടെയും നരേന്ദ്രമോദിയുടെയും നയത്തെപോലും രാഷ്ട്രീയവല്‍ക്കരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. നേരത്തെ ശരത് പവാര്‍, മുലായം സിംഗ് യാദവ്, തരുണ്‍ ഗോഗോയ് തുടങ്ങി പല പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കും ഉന്നത ബഹുമതികള്‍ നല്‍കിയത് ബിജെപിയായിരുന്നു. പാവപ്പെട്ടവര്‍ക്കുള്ള പാര്‍പ്പിടവും ഭക്ഷണവും കുടിവെള്ളവും പാചകവാതകവും മുതല്‍ റോഡും റെയിലും അടക്കമുള്ള വികസനകാര്യങ്ങളിലും യാതൊരു രാഷ്ട്രീയ പരിഗണനയും ഇല്ലാതെ വികസനത്തിന്റെ ദൃഷ്ടിയില്‍ മാത്രം പോകുന്ന കേന്ദ്രസര്‍ക്കാര്‍ പത്മ അടക്കമുള്ള ബഹുമതികളിലും ഒരു പുതിയ നയമാണ് സ്വീകരിച്ചിട്ടുള്ളത്. നേരത്തെ അഴിമതിക്കാര്‍ക്കും വന്‍കിട വ്യാപാരി വ്യവസായികള്‍ക്കും പണം നല്‍കി വാങ്ങാന്‍ കഴിഞ്ഞിരുന്ന പ്രാഞ്ചിയേട്ടന്‍ സംസ്‌കാരം ബഹുമതികളില്‍നിന്ന് മാറ്റി നിര്‍ത്തിയത് നരേന്ദ്രമോദി സര്‍ക്കാര്‍ ആണ്. ഭാരതം കണ്ട ഏറ്റവും മികച്ച ധന-പ്രതിരോധ-വിദേശകാര്യ മന്ത്രിമാരില്‍ ഒരാളായ, ഏറ്റവും കൂടുതല്‍ കോണ്‍ഗ്രസിനെ നയിച്ച പ്രണബ് മുഖര്‍ജിക്കെതിരെ കോണ്‍ഗ്രസ് നേതാവായ ഡാനിഷ് അലി ഉയര്‍ത്തിയ ആരോപണങ്ങള്‍ ദേശീയ നേതാക്കളെ പോലും ഞെട്ടിക്കുന്നതായിരുന്നു.
പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തിനുശേഷം പ്രവര്‍ത്തകസമിതി വിളിച്ചുകൂട്ടി ഒരു അനുശോചന പ്രമേയം അവതരിപ്പിക്കാനുള്ള മാന്യത പോലും കോണ്‍ഗ്രസ് നേതൃത്വം കാട്ടിയില്ല എന്ന് ശര്‍മ്മിഷ്ഠ ആരോപിക്കുമ്പോഴാണ് കോണ്‍ഗ്രസിലെ ഇരട്ടത്താപ്പ് മറനീക്കി പുറത്തുവരുന്നത്. രാഷ്ട്രപതിമാരുടെ നിര്യാണത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അനുശോചിക്കാറില്ലായിരുന്നു എന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മറുപടിക്ക് കെ. ആര്‍. നാരായണന്‍ അന്തരിച്ചപ്പോള്‍ പ്രവര്‍ത്തകസമിതിയില്‍ പ്രമേയം അവതരിപ്പിച്ചത് പ്രണബ് മുഖര്‍ജി ആയിരുന്നു എന്ന് അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകള്‍ ഉദ്ധരിച്ച് ശര്‍മ്മിഷ്ഠ മറുപടി പറഞ്ഞതോടെ കോണ്‍ഗ്രസ് നേതൃത്വം വീണ്ടും പ്രതിരോധത്തിലായി. സ്മാരകങ്ങളുടെയും മരണത്തിന്റെയും കാര്യത്തിലെങ്കിലും രാഷ്ട്രീയം കളിക്കാതെ കളവ് പറയാതെ അഴിമതി നടത്താതെ പോകാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെങ്കില്‍ ഗാന്ധിജി പറഞ്ഞത് പോലെ പാര്‍ട്ടി പിരിച്ചുവിടാനെങ്കിലും അവര്‍ സന്മനസ്സ് കാണിക്കണം. ഗാന്ധിജി കോണ്‍ഗ്രസുകാരുടെ ഹൃദയത്തില്‍ അല്ല പോക്കറ്റില്‍ ആണ് എന്ന പഴയ പരാമര്‍ശം മറക്കുന്നില്ല.