ബോബി ചെമ്മണ്ണൂരിന്റെ ദ്വയാര്‍ത്ഥപ്രയോഗം സംബന്ധിച്ച ചര്‍ച്ച അന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ കോഴിക്കോട്ട് ഒരു ഇസ്ലാമിക വിദ്യാഭ്യാസ സെമിനാറില്‍ എ.പി. വിഭാഗം സുന്നികളുടെ ഉസ്താദ് കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ അതിനെ കടത്തി വെട്ടുന്ന ദ്വയാര്‍ത്ഥപ്രയോഗം നടത്തിയിരിക്കുന്നു. ഇതില്‍ ലൈംഗികത ഇല്ലാത്തതിനാലാവാം ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും അതു കണ്ണില്‍പ്പിടിച്ചിട്ടില്ല. കാന്തപുരം പറഞ്ഞതിങ്ങനെയാണ്: പണ്ഡിതരും മതപഠനവും ഇല്ലായിരുന്നെങ്കില്‍ ഇന്ന് നാം കാണുന്ന സമാധാനം ഉണ്ടാവുമായിരുന്നില്ല. ഇന്ത്യയില്‍ ഏറ്റവും സമാധാനം ഉള്ള സംസ്ഥാനമാണ് കേരളം. പണ്ഡിതന്മാരുടെ പ്രസംഗവും പ്രവര്‍ത്തനവുമാണ് ഇതിന് കാരണം. അവര്‍ പഠിപ്പിക്കുന്നത് സമാധാനവും സൗഹൃദവുമാണ്. കാന്തപുരം പണ്ഡിതന്മാര്‍ എന്നതുകൊണ്ട് ഉദ്ദേശിച്ചത് മുസ്ലിം പണ്ഡിതന്മാരെയാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇക്കൂട്ടത്തില്‍പ്പെട്ട ചില മതപണ്ഡിതന്മാരുടെ വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോ എത്ര വേണമെങ്കിലും യൂട്യൂബില്‍ കിട്ടും. അവരുണ്ടാക്കുന്ന സമാധാനത്തിന്റെ കാര്യം പറയാനേയില്ല. അപ്പോള്‍ കാന്തപുരം ഇങ്ങനെ ഒരു പ്രയോഗം നടത്തിയത് വേറെ ഉദ്ദേശ്യത്തോടെ തന്നെ.
സമസ്ത എന്ന ഇ.കെ.സുന്നികളുടെ നേതൃത്വത്തിലുള്ള സുന്നി മതസംഘടനക്കകത്ത് കനത്ത പോര് നടക്കുകയാണ്. ലീഗ് അനുകൂലപക്ഷവും വിരുദ്ധപക്ഷവും തമ്മിലാണ് തുറന്ന യുദ്ധം. സമസ്തയെ ശുദ്ധീകരിക്കണമെന്ന് ഉമര്‍ ഫൈസി പറയുമ്പോള്‍ അദ്ദേഹത്തിനെതിരെ നടപടി വേണമെന്ന് മറുപക്ഷം. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മുശാവറ ഉപസമിതിയെ നിശ്ചയിച്ചിരിക്കയാണ്. കേരളത്തിലെ സുന്നികള്‍ക്കിടയില്‍ മാത്രമല്ല മറ്റുള്ളവര്‍ക്കിടയിലും സമാധാനം തകര്‍ക്കുന്നത് ഈ പണ്ഡിതരാണ്. ഇതെല്ലാം കണ്ടിട്ടും കാഴ്ചക്കാരനായി നില്ക്കുന്ന കാന്തപുരത്തിന് ദ്വയാര്‍ത്ഥപ്രയോഗത്തിലൂടെയല്ലേ തന്റെ പ്രതികരണം അറിയിക്കാനാവൂ. സംഗതി മനസ്സിലാവേണ്ടവര്‍ക്ക് മനസ്സിലാവും അല്ലാത്തവര്‍ നട്ടം തിരിയും എന്ന് ഉസ്താദിന് നന്നായി അറിയാം.