ദേശീയ സ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന ആദ്യ സംഘടിത കലാപമായിരുന്നു, 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം. കലാപം അടിച്ചമര്‍ത്തപ്പെട്ടു എങ്കിലും, സായുധ കലാപത്തിലൂടെ ബ്രിട്ടീഷ് ഭരണത്തെ പുറത്താക്കുവാന്‍, പില്‍ക്കാലത്ത് ആരംഭിച്ച വിപ്ലവസംഘടനകളുടെ പ്രചോദനം, 1857 ലെ വിപ്ലവമായിരുന്നു.
സായുധവിപ്ലവം എന്ന പ്രത്യാശയോടെ നിരവധി രഹസ്യ സംഘടനകള്‍ 1880 കളില്‍ മഹാരാഷ്ട്രയില്‍ ഉദയം ചെയ്തു. കൊളോണിയല്‍ ഭരണത്തിനെതിരെ, ആദ്യമായി ഒരു പ്രസ്ഥാനം ആരംഭിക്കുന്നത്, വസുദേവ് ബല്‍വന്ത് ഫഡ്‌കെ എന്ന വിപ്ലവകാരിയാണ്. ബ്രിട്ടീഷ് വിരുദ്ധ സായുധ വിപ്ലവത്തിന് പിന്‍തുണ തേടി, ഭാരതത്തിന്റെ പല ഭാഗത്തേക്കും ഫഡ്‌കെ തന്റെ ദൂതന്മാരെ അയച്ചു.
പൂനയിലെ പല താലൂക്കുകളിലും ഫഡ്‌കെ നിരവധി ആക്രമണങ്ങള്‍ നടത്തി. ബ്രിട്ടീഷ് ട്രഷറി കൊള്ളയടിച്ച്, നിര്‍ദ്ധനരായ കര്‍ഷകര്‍ക്ക് ഭക്ഷണം കൊടുത്തു. ഒരു സ്വതന്ത്ര റിപ്പബ്ലിക്കിനായി ശ്രമിക്കുവാന്‍ ജനങ്ങളെ ആഹ്വാനം ചെയ്ത ആദ്യ വിപ്ലവകാരി ഫഡ്‌കെയാണ്. അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ യമനിലെ ഏഡന്‍നിലേക്കു നാടുകടത്തി. അവിടുത്തെ മരുഭൂമിയില്‍ നിരാഹാരം കിടന്ന് അദേഹം രക്തസാക്ഷിത്വം വരിച്ചു.
1896-97 കാലഘട്ടം ഭാരതം പ്ലേഗിന്റെ പിടിയിലമര്‍ന്നു. ബോംബെ പ്രവിശ്യയിലെ അടിയന്തര സാഹചര്യം നേരിടുവാന്‍, ബ്രിട്ടീഷ് ഭരണകൂടം വാള്‍ട്ടര്‍ ചാള്‍സ് റാന്‍ഡ് (Walter Charles Rand) എന്ന ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഒരു പ്രത്യേക പ്ലേഗ് കമ്മിറ്റി രൂപീകരിച്ചു. റാന്‍ഡും സംഘവും, പ്ലേഗ് ബാധിതരെ കണ്ടെത്തുവാന്‍ വീടു വീടാന്തരം നിര്‍ദ്ദയം തിരച്ചില്‍ നടത്തി. പ്രായമായവരോട് മോശമായി പെരുമാറി, സ്ത്രീകളെ പീഡിപ്പിച്ചു. പ്ലേഗുബാധിതരെ അവരുടെ വീടുകളില്‍ നിന്നും ഇറക്കിവിട്ടു. ആരാധനാലയങ്ങളോടുപോലും, റാന്‍ഡ് ബഹുമാനം കാണിച്ചില്ല. പീഡനങ്ങള്‍ അതിരുകടന്നതോടെ, 1897 ജൂണ്‍ 22 ന്, പൂനയിലെ ചപേക്കര്‍ സഹോദരന്മാര്‍ റാന്‍ഡിനെയും അയാളുടെ സഹായിയേയും വെടിവച്ചു കൊലപ്പെടുത്തി. തുടര്‍ന്ന് ചപേക്കര്‍ സഹോദരന്മാര്‍ മൂന്നുപേരും തൂക്കിലേറ്റപ്പെട്ടു. ഗീതയിലെ ശ്ലോകങ്ങള്‍ പാടിക്കൊണ്ട്, അവര്‍ കഴുമരത്തെ ആശ്ലേഷിച്ചു. ചപേക്കര്‍ സഹോദരന്മാരുടെ രക്തസാക്ഷിത്വമാണ്, സാവര്‍ക്കറെ ഒരു വിപ്ലവകാരിയാക്കിയത്. തന്റെ കുടുംബ ദേവതക്കു മുന്‍പില്‍ ‘ശത്രുവിനോട് അവസാന ശ്വാസം വരെ യുദ്ധം ചെയ്യും’ എന്നദ്ദേഹം പ്രതിജ്ഞ എടുത്തു. ഈ സംഭവം നടക്കുമ്പോള്‍ സാവര്‍ക്കര്‍ക്ക് കേവലം പതിനഞ്ചു വയസ്സുമാത്രമായിരുന്നു പ്രായം.
തന്റെ പ്രതിജ്ഞയില്‍ ഉറച്ച് നില്‍ക്കുവാനുള്ള കരുത്ത് നല്‍കണമെന്ന് ദുര്‍ഗാദേവിയോടപേക്ഷിച്ചുകൊണ്ട്, ഒരു പ്രാര്‍ത്ഥനയും സാവര്‍ക്കര്‍ എഴുതുകയുണ്ടായി. ഇത്, പില്‍ക്കാലത്തു നടന്ന പോലീസ് റെയ്ഡുകളില്‍ നശിപ്പിക്കപ്പെട്ടുപോയി. (സാവര്‍ക്കറുടെ ആദ്യകാല രചനകളില്‍ ഒട്ടുമിക്കതും ഇപ്രകാരം നശിപ്പിക്കപ്പെട്ടു). വിപ്ലവത്തിന്റെ ആശയപ്രചരണാര്‍ത്ഥം, ചപേക്കര്‍ സഹോദരന്മാരെക്കുറിച്ച്, സാവര്‍ക്കര്‍ ഒരു നാടകവും എഴുതിയിട്ടുണ്ട്. ഈ നാടകം, മഹാരാഷ്ട്രയിലുടനീളം യുവാക്കള്‍ക്ക് പ്രചോദനമായിരുന്നു.

1899 ലാണ് സാവര്‍ക്കര്‍ കുടുംബം, നാസിക്കിലേക്കു താമസം മാറ്റുന്നത്. അവിടെ വച്ചാണ് സാവര്‍ക്കറുടെ നേതൃത്വത്തില്‍, ഭാരതത്തിലെ യുവ വിപ്ലവകാരികളുടെ ആദ്യത്തെ ആധുനിക രഹസ്യ വിപ്ലവ സംഘടന രൂപമെടുക്കുന്നത്. 1899 നവംബറില്‍ ‘രാഷ്ട്ര ഭക്ത സമൂഹം’ (‘Society of Patriote’)എന്ന വിപ്ലവ സംഘടന ആരംഭിക്കുമ്പോള്‍, സാവര്‍ക്കറിന് പതിനാറുവയസ്സായിരുന്നു പ്രായം. സാവര്‍ക്കറെ കൂടാതെ മറ്റു രണ്ടു യുവ വിപ്ലവകാരികളും സംഘടനയുടെ സ്ഥാപക നേതാക്കളായുണ്ടായിരുന്നു. സായുധ പോരാട്ടത്തിലൂടെ ഭാരതത്തെ മോചിപ്പിക്കുവാനുള്ള ലക്ഷ്യത്തിനായി ജീവന്‍ ത്യജിക്കും എന്ന് മൂവരും പ്രതിജ്ഞ എടുത്തുകൊണ്ടായിരുന്നു സംഘടനയുടെ തുടക്കം. സംഘടനയുടെ പല ആശയങ്ങളും തോമസ് ഫ്രോസ്റ്ററിന്റെ (Thomas Froster) ‘യൂറോപ്യന്‍ വിപ്ലവത്തിലെ രഹസ്യ സമൂഹങ്ങള്‍’ (Secret Societies of the European Revolution) എന്ന പുസ്തകത്തില്‍ നിന്നും കടമെടുത്തതായിരുന്നു.
‘രാഷ്ട്ര ഭക്ത സമൂഹം’ എന്ന സംഘടനക്ക,് ‘മിത്രമേള’ എന്ന പേരില്‍ ഒരനുബന്ധ സംഘടനകൂടി സാവര്‍ക്കര്‍ ആരംഭിച്ചു. ആദ്യത്തേത് ഒരു രഹസ്യ വിപ്ലവ സംഘടനയായിരുന്നു എങ്കില്‍, ‘മിത്രമേള’ സമൂഹത്തിനിടയില്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു മുന്‍നിര (Front ending) സംഘടനയായിരുന്നു. ദേശീയബോധവും, സംഘടനാപാടവവുമുള്ള യുവാക്കളെ, ‘രാഷ്ട്ര ഭക്ത’ സമൂഹത്തിലേക്കാകര്‍ഷിച്ചിരുന്നത് ‘മിത്രമേള’യുടെ പ്രവര്‍ത്തനങ്ങളിലൂടെയായിരുന്നു.
വിദ്യാര്‍ത്ഥികള്‍ക്കും യുവതികള്‍ക്കുമിടയില്‍ പ്രവര്‍ത്തിക്കുവാന്‍, ‘മിത്രമേള’ മറ്റു രണ്ട് അനുബന്ധ സംഘടനകള്‍ കൂട്ടായി ആരംഭിച്ചു. 1903 ല്‍, വിദ്യാര്‍ത്ഥികള്‍ക്കായി ആരംഭിച്ച ‘മിത്രസമാജ്’ ഉം, 1905 ല്‍ സാവര്‍ക്കറുടെ പത്‌നി യമുനാഭായി സാവര്‍ക്കര്‍ യുവതികള്‍ക്കായി ആരംഭിച്ച ‘ആത്മ നിഷ്ഠ യുവതി സംഘ’വും ആയിരുന്നു ആ രണ്ടു സംഘടനകള്‍. ലോകമാന്യ തിലകന്റെ പത്‌നിയും, മകളും ‘ആത്മനിഷ്ഠയുവതി സംഘ’ത്തിന്റെ ഭാഗമായിരുന്നു. സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം എന്ന ആവശ്യം, രാജ്യത്ത് ഇല്ലാതിരുന്നപ്പോള്‍, ഭാരതത്തിന്റെ പൂര്‍ണ്ണ സ്വാതന്ത്ര്യം ആദ്യമായി ആവശ്യപ്പെട്ടത് ‘മിത്രമേളയും’ അനുബന്ധ സംഘടനകളും ആയിരുന്നു.
1903 മുതല്‍ ‘മിത്രമേള’ യുടെ വാര്‍ഷിക സമ്മേളനങ്ങള്‍ നടത്തുവാന്‍ സാവര്‍ക്കര്‍ ആരംഭിച്ചിരുന്നു. അപ്പോഴേക്കും ‘മിത്രമേള’ മഹാരാഷ്ട്രയിലുടനീളം, വേരുകളുള്ള ഒരു സംഘടനയായി മാറിക്കഴിഞ്ഞിരുന്നു. 1904 ലെ വാര്‍ഷിക സമ്മേളനത്തിലാണ്. ‘മിത്രമേള’ക്ക് അഭിനവ ഭാരത് എന്ന പുതിയപേര് സാവര്‍ക്കര്‍ നിര്‍ദ്ദേശിക്കുന്നത്. ഛത്രപതി ശിവാജിയുടെ ഛായാചിത്രത്തിന്റെ മുന്നില്‍, വാര്‍ഷിക സമ്മേളനത്തിനെത്തിയ ഇരുന്നൂറു പ്രതിനിധികള്‍ക്ക്, സാവര്‍ക്കര്‍ അഭിനവ് ഭാരതത്തിന്റെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആ പ്രതിജ്ഞയുടെ പൂര്‍ണ രൂപം താഴെ ചേര്‍ക്കുന്നു.
‘വന്ദേമാതരം
ദൈവനാമത്തില്‍, ഭാരതമാതാവിന്റെ പേരില്‍, ഭാരതമാതാവിനുവേണ്ടി രക്തം ചിന്തിയ എല്ലാ രക്തസാക്ഷികളുടേയും പേരില്‍, എല്ലാ സ്ത്രീ, പുരുഷന്മാരിലും സഹജമായ സ്‌നേഹത്താല്‍, എന്റെ പൂര്‍വികരുടെ പുണ്യമായ ചിതാഭസ്മം കിടക്കുന്ന, എന്റെ മക്കളുടെ കളിത്തൊട്ടിലായ, ഞാന്‍ ജനിച്ച മണ്ണിനുവേണ്ടി ഞാന്‍ പോരാടും.
വിദേശികള്‍ അടിമകളാക്കി, തടവിലാക്കി, പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തവരുടെ എണ്ണമറ്റ കണ്ണീരിലൂടെ ഞാന്‍ മനസ്സിലാക്കുന്നു, സമ്പൂര്‍ണ രാഷ്ട്രീയ സ്വാതന്ത്ര്യമോ, സ്വരാജ്യമോ ഇല്ലാതെ, എന്റെ രാജ്യത്തിന് ഒരിക്കലും, ഭൂമിയിലെ രാജ്യങ്ങള്‍ക്കിടയില്‍ ഉന്നതമായ സ്ഥാനത്തേക്ക് ഉയരുവാന്‍ സാധിക്കില്ല എന്ന്. വിദേശികള്‍ക്കെതിരെ, രക്തരൂക്ഷിതവും, നിരന്തരവുമായ യുദ്ധത്തിലൂടെയല്ലാതെ, ഒരിക്കലും സ്വരാജ് നേടാനാവില്ലെന്നും ബോധ്യമുണ്ട്. ഈ നിമിഷം മുതല്‍ സ്വാതന്ത്ര്യത്തിനായി പോരാടാനും, സ്വരാജിന്റെ താമര കിരീടം എന്റെ അമ്മയുടെ ശിരസ്സില്‍ സ്ഥാപിക്കുവാനും, ഞാന്‍ എന്റെ കഴിവിന്റെ പരമാവധി പ്രവര്‍ത്തിക്കുമെന്ന് ആത്മാര്‍ഥമായി സത്യം ചെയ്യുന്നു. ഈ ലക്ഷ്യത്തിനായി, ഞാന്‍ ഹിന്ദുസ്ഥാനിലെ വിപ്ലവ സമൂഹമായ ‘അഭിനവ് ഭാരതില്‍’ ചേരുന്നു. ഞാന്‍ എന്റെ പ്രതിജ്ഞയില്‍ സത്യസന്ധനും വിശ്വസ്തനുമായിരിക്കുമെന്നും, സംഘടനയുടെ കല്‍പ്പനകള്‍ അനുസരിക്കുമെന്നും പ്രതിജ്ഞ ചെയ്യുന്നു. ഈ മഹത്തായ പ്രതിജ്ഞയെ മുഴുവനായോ, ഭാഗികമായോ, ഒറ്റിക്കൊടുക്കുകയോ, അല്ലെങ്കില്‍ ഈ സംഘടനയെയോ, സമാന രീതിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റേതെങ്കിലും സംഘടനയേയോ ഒറ്റിക്കൊടുത്താല്‍, എന്നെ ഒരു കള്ള സാക്ഷിക്കാരനായി വിധിക്കപ്പെടട്ടെ.’
1903 മുതല്‍ ‘അഭിനവ് ഭാരത്’ന്റെ വാര്‍ഷിക സമ്മേളനങ്ങള്‍ പതിവായി നടന്നിരുന്നു (1903 ലെ വാര്‍ഷിക സമ്മേളനം, സ്ഥാപക സംഘടനയായ ‘മിത്രമേള’യുടെ പേരിലായിരുന്നു). 1906ല്‍ കല്‍ക്കത്തയില്‍ നടന്ന കോണ്‍ഗ്രസിന്റെ വാര്‍ഷിക സമ്മേളനത്തില്‍, അഭിനവ് ഭാരതിന്റെ രണ്ടു പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. സമാന ചിന്താഗതിയുള്ള വിപ്ലവകാരികളുമായി സഖ്യമുണ്ടാക്കുവാന്‍ ‘അഭിനവ് ഭാരത്’ ഇത്തരം വേദികളെ ഉപയോഗിച്ചു. 1907 ല്‍ സൂറത്തില്‍ നടന്ന കോണ്‍ഗ്രസ് വാര്‍ഷിക സമ്മേളനത്തില്‍, ഗണേശ് ദാമോദര്‍ സാവര്‍ക്കറുടെ (വിനായക ദാമോദര സാവര്‍ക്കറുടെ മൂത്തജ്യേഷ്ഠന്‍) നേതൃത്വത്തില്‍, അഭിനവ് ഭാരതിലെ ഒരു നൂറംഗ സംഘം പങ്കെടുത്തിരുന്നു. അവിടെവച്ചാണ് വി.ഒ. ചിദംബരം പിള്ള എന്ന യുവ വിപ്ലവകാരിയെ ഗണേശ് സാവര്‍ക്കര്‍ കാണുന്നതും, അദ്ദേഹം അഭിനവ് ഭാരതിന്റെ പ്രതിജ്ഞ സ്വീകരിക്കുന്നതും. പിള്ള പിന്നീട് മദ്രാസിലെ ഒരു പ്രധാന വിപ്ലവകാരിയായി മാറുകയും, തിരുനെല്‍വേലിയിലും, തൂത്തുക്കുടിയിലും, ധാരാളം കലാപങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു.
സൂറത്ത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ വച്ച്, വിപ്ലവകാരികളുടെ ഒരു രഹസ്യയോഗം, ഗണേശ് സാവര്‍ക്കര്‍ സംഘടിപ്പിച്ചിരുന്നു. ആ യോഗത്തില്‍ വച്ചാണ്, ‘അഭിനവ് ഭാരത്’ വിപ്ലവകാരികള്‍, ബംഗാളി വിപ്ലവകാരി അരവിന്ദോഘോഷുമായും, അദ്ദേഹത്തിന്റെ സഹോദരന്‍ ബരിന്ദ്രഘോഷുമായും, കോണ്‍ഗ്രസ് നേതാവ് സുരേന്ദ്ര നാഥ ബാനര്‍ജിയുമായും അടുക്കുന്നത്. അതിനുശേഷം അഭിനവ് ഭാരത്, വിപ്ലവകാരികള്‍, ബംഗാളിലെ വിപ്ലവകാരികളുമായി നിരന്തരം സമ്പര്‍ക്കത്തിലായിരുന്നു. പില്‍ക്കാലത്ത് ഭാരതത്തില്‍ നടന്ന പല വിപ്ലവ പ്രവര്‍ത്തനങ്ങളുടെയും തുടക്കമായിരുന്നു അത്.
ഭാരതത്തിലെ വിപ്ലവസംഘടനകളെ ഏകോപിപ്പിക്കുവാനുള്ള ആദ്യ ശ്രമങ്ങള്‍ നടത്തുന്നത് ലോകമാന്യ തിലകനാണ്. 1904 ല്‍ തിലകന്റെ നിര്‍ദ്ദേശ പ്രകാരം അദ്ദേഹത്തിന്റെ അടുത്ത അനുയായി ദാമു കക്ക ബിഡെ, വിവിധ വിപ്ലവ സംഘടനകളുടെ ഒരു രഹസ്യയോഗം വിളിച്ചുചേര്‍ത്തു. അഭിനവ് ഭാരതിനെ പ്രതിനിധീകരിച്ച് സാവര്‍ക്കര്‍ ഉള്‍പ്പെടെ 8 പേര്‍ ആ യോഗത്തില്‍ പങ്കെടുത്തു. പൂര്‍ണ സ്വരാജ് എന്ന സാവര്‍ക്കറുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടു കാരണം, ആ യോഗം അനിശ്ചിതത്വത്തില്‍ അവസാനിക്കുകയാണുണ്ടായത്.
1906 കാലഘട്ടമായപ്പോഴേക്കും, മഹാരാഷ്ട്രയിലും പുറത്തും, ധാരാളം ശാഖകളുള്ള ഒരു വിപ്ലവ സംഘടനയായി ‘അഭിനവ് ഭാരത്’ വളര്‍ന്നു. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തിന് നൂറുകണക്കിന് വിപ്ലവകാരികളെ സംഭാവന ചെയ്ത സംഘടനയാണ് ‘അഭിനവ് ഭാരത്’. പില്‍ക്കാലത്ത് പ്രശസ്തരായ പല ദേശീയനേതാക്കളും, ആദ്യകാല അഭിനവ് ഭാരതിലെ അംഗങ്ങളായിരുന്നു.
ബോംബെ പ്രവിശ്യയുടെ പ്രിമിയര്‍ ആയിരുന്ന ബാലാ സാഹേബ് ഖേറും, കോണ്‍ഗ്രസ് നേതാവും ഗാന്ധിയനുമായിരുന്ന ആചാര്യ കൃപലാനിയും, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായ എം.പി.ടി. ആചാര്യയുമൊക്കെ ആദ്യകാലത്ത് അഭിനവ് ഭാരതിലെ അംഗങ്ങളായിരുന്നു. ഭാരതത്തിനു പുറത്തു വച്ച് തൂക്കിലേറ്റപ്പെട്ട ആദ്യ സ്വാതന്ത്ര്യസമര സേനാനി, മദന്‍ലാല്‍ ധിംഗ്ര, സാവര്‍ക്കറുടെ അടുത്ത അനുയായിയും അഭിനവ് ഭാരതിലെ വിപ്ലവകാരിയുമായിരുന്നു. അഭിനവ് ഭാരതിന്റെ ഏറ്റവും വലിയ വഴികാട്ടി ലോകമാന്യ തിലകന്‍ തന്നെയായിരുന്നു. 1906 ആഗസ്റ്റ് 25നും 26നും, നാസിക്കില്‍ നടന്ന അഭിനവ് ഭാരതിന്റെ രഹസ്യയോഗത്തില്‍ തിലകന്‍ പങ്കെടുത്തിരുന്നു.
അഭിനവ് ഭാരതിന്റെയും ബംഗാളി വിപ്ലവകാരികളുടേയും വീരകൃത്യങ്ങളാണ്, ഭാരതീയരില്‍ ദേശീയബോധത്തിന്റെ ആദ്യ ഉണര്‍വുകള്‍കൊണ്ടു വന്നത്. സ്വതന്ത്രഭാരതത്തിനുവേണ്ടി ആദ്യമായൊരു ദേശീയ പതാക രൂപകല്‍പ്പന ചെയ്തത് അഭിനവ് ഭാരത് ആണ് (സാവര്‍ക്കര്‍, 1907ല്‍). ബ്രിട്ടീഷുകാര്‍ കാലാകാലങ്ങളില്‍ നടപ്പാക്കിയ എല്ലാ ഭരണ പരിഷ്‌ക്കാരങ്ങളും, അഭിനവ് ഭാരത് ഉള്‍പ്പെടെയുള്ള വിപ്ലവകാരികളുടെ പ്രവര്‍ത്തനഫലമായിരുന്നു.
1857 ലെ ആദ്യ വിപ്ലവം മുതല്‍, 1947ല്‍ സ്വാതന്ത്ര്യം ലഭിക്കും വരെ ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച വിപ്ലവകാരികളെ ആദരിക്കുവാന്‍, 1952 മെയ് മാസത്തില്‍ പൂനയില്‍ വച്ച്, മൂന്ന് ദിവസത്തെ ഒരു യോഗം സംഘടിപ്പിച്ചിരുന്നു. ആ യോഗത്തില്‍ വച്ചാണ്, അഭിനവ് ഭാരത് പിരിച്ചുവിടുന്നതായി സാവര്‍ക്കര്‍ പ്രഖ്യാപിക്കുന്നത്. ഭാരതത്തിന്റെ സ്വാതന്ത്ര്യമായിരുന്നു, അഭിനവ് ഭാരതിന്റെ ലക്ഷ്യം. അതു സാക്ഷാത്ക്കരിച്ചതോടെ അതിനുവേണ്ടി ഒരു സംഘടനയുടെ ആവശ്യവും ഇല്ലാതായി. മാത്രവുമല്ല, സായുധ വിപ്ലവത്തിനു വേണ്ടിയുണ്ടാക്കിയ ഒരു സംഘടനക്ക് സ്വതന്ത്ര ജനാധിപത്യ രാജ്യത്ത് സ്ഥാനമില്ല എന്നതായിരുന്നു സാവര്‍ക്കറുടെ വീക്ഷണം.
അവലംബം:
‘Savarkar: Echos from a forgotten Past’ – By Dr. Vikram Sampath