ലോകത്തെ ഏറ്റവും സംഘര്‍ഷഭരിതമായ മേഖല ഏതെന്ന ചോദ്യത്തിന് ഇന്ന് ഒറ്റ ഉത്തരമേ ഉള്ളു ‘പശ്ചിമേഷ്യ’. ഭീകരവാദവും അധികാര വടംവലിയും തുടര്‍ന്നുള്ള ഏറ്റുമുട്ടലുകളും മേഖലയിലെ രാജ്യങ്ങളുടെ അതിര്‍ത്തി തന്നെ മാറ്റി വരയ്ക്കാന്‍ കാരണമായി. ഇസ്രായേല്‍ – ഹമാസ് (ഗാസ) യുദ്ധവും ഇസ്രായേല്‍ – ഹിസ്ബുള്ള (ലബനന്‍) യുദ്ധവും ഇന്നും അവസാനിച്ചിട്ടില്ല. ഹിസ്ബുള്ളയും ഇസ്രായേലും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും അതിന് മണിക്കൂറുകള്‍ മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളു. ഗാസയില്‍ ഹമാസും തെക്കന്‍ ലബനനില്‍ ഹിസ്ബുള്ളയുമാണ് ഭരണം നടത്തുന്നത്. രണ്ടും ഭീകര സംഘടനകളാണ്. ഇതിന് പിന്നാലെയാണ് സിറിയയുടെ ഭരണം ഹയാത് തെഹ്‌രിര്‍ അല്‍ ഷാം (HTS) എന്ന ഭീകര സംഘടന പിടിച്ചെടുത്തത്.
അല്പം ചരിത്രത്തിലേക്ക്
അരനൂറ്റാണ്ടിലേെറയായി സിറിയ ഭരിച്ചിരുന്നത് അസദ് കുടുംബമായിരുന്നു. 1971 മുതല്‍ 2000 വരെ ഹാഫിസ് അല്‍ അസാദ് ആയിരുന്നു സിറിയയുടെ പ്രസിഡന്റ്. ഇദ്ദേഹത്തിന്റെ മരണശേഷം മകന്‍ ബാഷര്‍ അല്‍ അസദ് പ്രസിഡന്റായി. (2000 ജൂലായ് മുതല്‍ 2024 ഡിസംബര്‍ വരെ) തുടക്കത്തില്‍ രാഷ്ട്രീയത്തില്‍ താല്പര്യം ഇല്ലായിരുന്നുവെങ്കിലും അധികാരത്തിന്റെ ലഹരി അദ്ദേഹത്തിനെയും അന്ധനാക്കി. വിയോജിപ്പുകളെ ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമര്‍ത്തി.
2011 ല്‍ ടൂണിഷ്യയില്‍ തുടങ്ങിയ ഭരണവിരുദ്ധ വികാരം സിറിയയിലേയ്ക്കും വ്യാപിച്ചു. പ്രസിഡന്റ് അസദിന്റെ രാജി ആയിരുന്നു ആവശ്യം. പ്രതിപക്ഷവും മതമൗലികവാദികളും പ്രതിഷേധം ആളിക്കത്തിച്ചതോടെ രാജ്യം ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലമര്‍ന്നു. രാജ്യത്ത് ചെറുതും വലുതുമായ നിരവധി ഭീകര സംഘടനകള്‍ തലപൊക്കി. ഇതിന് മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. സിറിയയിലെ ജനസംഖ്യയുടെ 74 ശതമാനം സുന്നി മുസ്ലിങ്ങളും 13 ശതമാനം ഷിയാ മുസ്ലിങ്ങളുമാണ്. ബാക്കി 13 ശതമാനം ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള മറ്റു വിഭാഗക്കാരും. പ്രസിഡന്റ് അസദാകട്ടെ ഷിയാ വിഭാഗവും. സുന്നി ഭൂരിപക്ഷ രാജ്യത്ത് ഷിയ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നത് സുന്നികളെ ചൊടിപ്പിച്ചു. അസദിനെ താഴെയിറക്കാന്‍ തുര്‍ക്കി ഭീകര സംഘടനകള്‍ക്ക് പിന്തുണ നല്‍കി. ഫ്രീ സിറിയന്‍ ആര്‍മിയും HTS ന്റെ പഴയ രൂപമായ ജബാത് അല്‍ നുസ്രയും ആയിരുന്നു ഇതില്‍ പ്രധാനം. അതേസമയം അസദിനെ അധികാരത്തില്‍ നിലനിര്‍ത്തേണ്ടത് ഇറാന്റെ ആവശ്യമായിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ഷിയാ മുസ്ലിങ്ങളുള്ള രാജ്യം ഇറാനാണ്. മാത്രമല്ല ഗാസയിലെ ഹമാസിനും ലബനനിലെ ഹിസ്ബുള്ളയ്ക്കും സിറിയ വഴിയായിരുന്നു ഇറാന്‍ ആയുധങ്ങള്‍ എത്തിച്ചിരുന്നത്. യുദ്ധം ശക്തമായപ്പോള്‍ 2015ല്‍ സര്‍ക്കാര്‍ സൈന്യത്തിന് റഷ്യ പിന്തുണ പ്രഖ്യാപിച്ചു. അപ്പോഴേക്കും രാജ്യത്തിന്റെ വലിയൊരു ഭാഗം വിവിധ ഭീകര സംഘടനകളുടെ കൈയ്യിലായി. പക്ഷെ റഷ്യയുടെ സഹായത്തോടെ നഷ്ടപ്പെട്ട ഭൂപ്രദേശങ്ങള്‍ ഒന്നൊന്നായി സര്‍ക്കാര്‍ സേന തിരിച്ചുപിടിച്ചു. ഇതിനിടയ്ക്ക് ഐ എസ് ഭീകരരും ശക്തി പ്രാപിച്ചിരുന്നു. ഐഎസിനെ അമര്‍ച്ചചെയ്യാന്‍ കുര്‍ദിഷ് സേനയോടൊപ്പം അമേരിക്കയും കളത്തിലിറങ്ങി. അമേരിക്കയുടെയും സഖ്യ കക്ഷികളുടെയും ആക്രമണത്തില്‍ ഐഎസിന്റെ ശക്തി ക്ഷയിച്ചു. 2016ല്‍ യുദ്ധം അവസാനിച്ചപ്പോള്‍ ഭീകരര്‍ സിറിയയുടെ വടക്ക് പടിഞ്ഞാറന്‍ പ്രദേശമായ ഇഡ്‌ലിബിലായി ഒതുങ്ങി. ഇഡ്‌ലിബില്‍ ആക്രമണം നടത്തിയാല്‍ തുര്‍ക്കിയിലേക്ക് അഭയാര്‍ത്ഥി പ്രവാഹം ഉണ്ടാകുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്‍ റഷ്യന്‍ പ്രസിഡന്റിനെ അറിയിച്ചു. തുര്‍ക്കി നാറ്റോ അംഗമാണെങ്കിലും റഷ്യയുമായി അടുത്ത ബന്ധമാണ്. ഇതിനെ തുടര്‍ന്ന് ഇഡലിബ് ഭീകരര്‍ക്ക് വിട്ടുകൊടുത്ത് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.
തക്കം പാര്‍ത്തിരുന്ന് ആക്രമണം
നേരത്തെ സൂചിപ്പിച്ചത് പോലെ അസദ് ഭരണകൂടത്തെ താങ്ങിനിര്‍ത്തിയിരുന്നത് ഇറാനും റഷ്യയുമായിരുന്നു. പക്ഷെ യുക്രൈന്‍ യുദ്ധം ആരംഭിച്ചതോടെ റഷ്യയുടെ ശ്രദ്ധ അങ്ങോട്ടായി. ഇസ്രായേലുമായി ഹിസ്ബുള്ള നേരിട്ട് ഏറ്റുമുട്ടിയത് ഇറാന് വിനയായി. ഇസ്രായേല്‍ സൈന്യം ലബനനില്‍ കരയാക്രമണം ആരംഭിച്ചതോടെ ഹിസ്ബുള്ള അംഗങ്ങള്‍ ഇസ്രായേലിനെതിരെ നിലയുറപ്പിച്ചു. സിറിയന്‍ ആഭ്യന്തരയുദ്ധ സമയത്ത് പതിനായിരത്തിലധികം ഹിസ്ബുള്ള അംഗങ്ങളാണ് അസദിന് പിന്തുണയുമായി എത്തിയത്. ഇതിനെല്ലാം പുറമേ ഇറാന്‍ റെവലുഷനറി ഗാര്‍ഡ് കോര്‍പ്‌സിന്റെ (IRGC) ഉന്നത ഉദ്യോഗസ്ഥരെ ഇസ്രായേല്‍ വധിച്ചത് ഇറാന് കനത്ത പ്രഹരമേല്‍പിച്ചു. സിറിയയിലെ ഇറാന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചിരുന്നത് കഞഏഇ ആണ്. എല്ലാം കൊണ്ടും അസദിനെ പുറത്താക്കാന്‍ അനുയോജ്യമായ സമയമായിരുന്നു ഭീകരര്‍ക്ക് വീണുകിട്ടിയത്. നവംബര്‍ 27 ന് ഇഡ്‌ലിബില്‍ നിന്ന് ആരംഭിച്ച വിമത മുന്നേറ്റം വെറും 11 ദിവസം കൊണ്ട് ലക്ഷ്യത്തിലെത്തി. പട്ടാളത്തിന്റെ ഭാഗത്ത് നിന്ന് കാര്യമായ ചെറുത്തുനില്‍പ്പ് പോലുമുണ്ടായില്ല എന്നുവേണം ഇതില്‍ നിന്ന് മനസ്സിലാക്കാന്‍. തലസ്ഥാനമായ ദമാസ്‌കസ് വിമതര്‍ പിടിച്ചടക്കിയതോടെ പ്രസിഡന്റ് അസദും കുടുംബവും റഷ്യയില്‍ രാഷ്ട്രീയ അഭയം തേടി. സൈനികര്‍ ഇറാഖിലേക്കും പലായനം ചെയ്തു.
ജൊലാനി സിറിയയുടെ അമീര്‍
അബു മുഹമ്മദ് അല്‍ ജൊലാനിയാണ് ഹയാത് തഹ് രീര്‍ അല്‍ ഷാമിന്റെ (HTS) തലവന്‍. 2016ല്‍ ഇഡ്‌ലിബ് HTS ന് വിട്ടുകൊടുത്ത് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചപ്പോള്‍ ജൊലാനി ഇഡ്‌ലിബിന്റ അമീറായി. സിറിയയുടെ പുതിയ അമീര്‍ ജൊലാനിയും നടപ്പിലാക്കാന്‍ പോകുന്ന നിയമം ശരിയത്തും ആയിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മതന്യൂനപക്ഷങ്ങള്‍ ഭയപ്പെടേണ്ടതില്ലന്നാണ് ജൊലാനി പറയുന്നത്. പക്ഷെ എല്ലാ അധികാരവും ഒരാളില്‍ കേന്ദ്രീകരിക്കുമ്പോള്‍ വാഗ്ദാനങ്ങള്‍ പാഴാകും.
HTS അധികാരം പിടിച്ചെങ്കിലും സിറിയയുടെ മുഴുവന്‍ നിയന്ത്രണവും അവരുടെ കൈയ്യിലല്ല. സിറിയയുടെ മൊത്തം വിസ്തീര്‍ണ്ണത്തിന്റെ നാലില്‍ ഒന്നുമാത്രമാണ് HTS പിടിച്ചെടുത്തത്. ബാക്കിയുള്ളവ കുര്‍ദിസ്ഥാന്‍ വാദികളുടെയും മറ്റ് ജിഹാദി ഗ്രൂപ്പുകളുടെയും നിയന്ത്രണത്തിലാണ്. സിറിയയിലും തുര്‍ക്കിയിലുമായി ചിതറി കിടക്കുന്ന കുര്‍ദുകളുടെ പതിറ്റാണ്ടുകളായുള്ള സ്വതന്ത്ര രാജ്യമെന്ന ആവശ്യവും അതിനുള്ള പോരാട്ടവും ഇനി ശക്തി പ്രാപിക്കും. അധികാരത്തിന് വേണ്ടി വിവിധ ജിഹാദി ഗ്രൂപ്പുകളും തമ്മിലടിക്കും. കുര്‍ദുകള്‍ ശക്തിപ്രാപിക്കുന്നത് തുര്‍ക്കിയ്ക്ക് ആയിരിക്കും സുരക്ഷാഭീഷണിയാവുക. പതിറ്റാണ്ടുകള്‍ രാജ്യം ഭരിച്ച ഏകാധിപതികള്‍ പുറത്താക്കപ്പെടുമ്പോള്‍ ആ രാജ്യം അസ്ഥിരതയിലേക്ക് വഴുതി വീഴുന്നതാണ് ചരിത്രം. ലിബിയയില്‍ ഗദ്ദാഫിയും ഇറാഖില്‍ സദ്ദാം ഹുസൈനും ഉദാഹരണം. ഇനി സിറിയയില്‍ എന്താകുമെന്ന് കണ്ടറിയണം.